ലണ്ടന്‍: ബ്രിട്ടന്‍ സാക്ഷിയാകുന്നത് കനത്ത മഞ്ഞുവീഴ്ചക്ക്. 10 ഇഞ്ച് വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്നായിരുന്നു കഴിഞ്ഞ രാത്രിയിലെ പ്രവചനം. താപനില മൈനസ് 12 വരെ താഴാനിടയുള്ളതിനാല്‍ വാഹനങ്ങള്‍ നിരത്തിലിറക്കുന്നത് സൂക്ഷിച്ചു വേണമെന്ന് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്നലെ രാത്രി 8 മണിക്ക് സ്‌കോട്ട്‌ലന്‍ഡിലെ ഡാല്‍വിന്നിയില്‍ രേഖപ്പെടുത്തിയ മൈനസ് 9 ഈ വര്‍ഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാണെന്ന് മെറ്റ് ഓഫീസ് അറിയിക്കുന്നു.
ചില ഭാഗങ്ങളില്‍ വൈദ്യുതി ബന്ധം തകരാറിലായി. കനത്ത മഞ്ഞുവീഴ്ച മൂലം ചില പ്രദേശങ്ങള്‍ രാത്രിയില്‍ ഒറ്റപ്പെടാന്‍ സാധ്യതയുണ്ടെന്നും ആശങ്കയുണ്ടായിരുന്നു. ഇന്ന്, ഞായറാഴ്ച വൈകുന്നേരം 4 മണി മുതല്‍ മഞ്ഞു വീഴ്ചയില്‍ ആംബര്‍ വാണിംഗ് പുറപ്പെടുവിച്ചിരിക്കുകയാണ്. വെയില്‍സ്, നോര്‍ത്ത് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, ഇംഗ്ലണ്ടിന്റെ കിഴക്കന്‍ പ്രദേശങ്ങള്‍, യോര്‍ക്ക് ഷയര്‍ ആന്‍ഡ് ഹംബര്‍, സൗത്ത് ഈസ്റ്റ് എന്നിവിടങ്ങളിലാണ് കനത്ത ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ രാത്രി 10 മുതല്‍ 20 സെന്റിമീറ്റര്‍ വരെ മഞ്ഞ് വീഴുമെന്നായിരുന്നു പ്രവചനം. ചിലയിടങ്ങളില്‍ ഇത് 10 ഇഞ്ച് വരെയാകാമെന്നും മെറ്റ് ഓഫീസ് അറിയിച്ചിരുന്നു. മിഡ്‌ലാന്‍ഡ്‌സിലെ മോട്ടോര്‍വേകള്‍ മഞ്ഞ് പുതച്ചുകിടക്കുകയാണെന്നാണ് വിവരം. ലെയിന്‍ മാര്‍ക്കിംഗുകള്‍ കാണാന്‍ കഴിയില്ലെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. അത്യാവശ്യമുണ്ടെങ്കില്‍ മാത്രമേ യാത്രകള്‍ക്ക് തയ്യാറാകാവൂ എന്നും നിര്‍ദേശിക്കപ്പെടുന്നു. ട്രാഫിക് ക്യാമറകളില്‍ നിന്നുള്ള വിവരമനുസരിച്ച് കനത്ത മഞ്ഞുവീഴ്ചയാണ് ഉണ്ടായിരിക്കുന്നത്.
ലണ്ടന്‍: ബ്രെക്‌സിറ്റ് മൂലം പ്രധാനപ്പെട്ട മേഖലകളില്‍ സര്‍ക്കാരിന് ശ്രദ്ധ കുറയുന്നുവെന്ന് പൊതുജനം. ഒരു സര്‍വേയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്‍എച്ച്എസ് പോലെ ആഭ്യന്തരമായി ഏറ്റവും പ്രധാനപ്പെട്ട മേഖലകളില്‍ വേണ്ടത്ര ശ്രദ്ധ നല്‍കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെന്നാണ് ജനങ്ങള്‍ കരുതുന്നത്. ബ്രിട്ടന്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ പാര്‍പ്പിട പ്രശ്‌നത്തില്‍ പോലും വേണ്ട വിധത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. ബ്രെക്‌സിറ്റ് നടപ്പിലാക്കുമ്പോളുണ്ടാകാനിടയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കാനുള്ള കഠിന ശ്രമത്തിലാണ് വൈറ്റ്ഹാള്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍.
ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയില്‍ നിന്ന് പുറത്തേക്ക് പോകുമ്പോള്‍ ഉണ്ടാകാനിടയുള്ള സാമ്പത്തിക പ്രതിസന്ധിയേക്കുറിച്ചുള്ള ഇംപാക്ട് വിശകലനം നടത്തിയതായി കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ അറിയിച്ചിരുന്നു. കഴിഞ്ഞയാഴ്ചയുണ്ടായ ബ്രെക്‌സിറ്റ് ചര്‍ച്ചകളുടെ സൂചനകളുടെ അടിസ്ഥാനത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലും തെരേസ മേയിലുമുള്ള ജനങ്ങളുടെ സംതൃപ്തി കുറയുന്നു എന്നാണ് വിവരം. ലേബറും ജെറമി കോര്‍ബിനും മൂന്ന് പോയിന്റ് മുന്നില്‍ എത്തിയിട്ടുണ്ട്.
ചര്‍ച്ചകളുടെ ആദ്യ ഘട്ടത്തിന്റെ അവസാനം കുറിച്ചു കൊണ്ട് കഴിഞ്ഞയാഴ്ച പിന്മാറ്റക്കരാറിന് മെയ് അംഗീകാരം നല്‍കിയിരുന്നു. ഇതോടെ മേയുടെ മേലുള്ള സമ്മര്‍ദ്ദങ്ങളും ഒരു പരിധി വരെ ഇല്ലാതായിട്ടുണ്ട്. എന്നാല്‍ ബ്രെക്‌സിറ്റ് വിഷയങ്ങളേക്കാള്‍ കോമണ്‍സിലും ബ്രസല്‍സിലും നടന്ന ചര്‍ച്ചകളില്‍ മുഴച്ചു നിന്നത് മേയുടെ രാഷ്ട്രീയ അജണ്ടയാണെന്ന ആരോപണവും ശക്തമാണ്.
ഫാ. ഹാപ്പി ജേക്കബ്
സര്‍വ്വ ജനത്തിനും ഉണ്ടാകുവാനുള്ളോരു മഹാ സന്തോഷം ഇന്ന് നിങ്ങളോട് അറിയിക്കുന്നു. കര്‍ത്താവ് നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു. ഈ മഹാ സന്തോഷം ദര്‍ശിക്കുവാനായി നാം ഒരുങ്ങുകയാണല്ലോ, തലമുറ തലമുറയായി കാത്തിരുന്ന ദൈവ പുത്രന്റെ ജനനം. ഈ ജനനത്തിന്റെ മുന്‍കുറിയായി ഈ ആഴ്ച നാം ഓര്‍ക്കുന്നത് യോഹന്നാന്‍ സ്‌നാപകന്റെ ജനനമാണ്. ദൈവപുത്രന് വഴിയൊരുക്കുവാന്‍ മരുഭൂമിയില്‍ മാനസാന്തരം പ്രസംഗിച്ച യോഹന്നാന്റെ ജനനം.
അരുളപ്പാട് ലഭിച്ച ഉടന്‍ മൗനിയായിരുന്ന സഖറിയ പുരോഹിതന്‍ നാവെടുത്ത് സംസാരിക്കുന്നു. ആത്മീയ അനുഗ്രഹം പ്രാപിച്ച ദൈവാത്മാവില്‍ നിന്ന് ദൈവത്തെ മഹത്വപ്പെടുത്തുന്ന സഖറിയയുടെ വാക്കുകള്‍ ശ്രദ്ധേയമാണ്. നീയോ പൈതലേ, അത്യുന്നന്റെ പ്രവാചകന്‍ എന്ന് വിളിക്കപ്പെടും. കര്‍ത്താവിന്റെ വഴി ഒരുക്കുവാനും നമ്മുടെ ദൈവത്തിന്റെ അതേ കരുണയാല്‍ അവന്റെ ജനത്തിന് പാപമോചനത്തില്‍ രക്ഷാപരിജ്ഞാനം കൊടുക്കുവാനുമായി നീ അവന് മുമ്പായി നടക്കും.
ഏതൊരു ക്രിസ്ത്യാനിയുടേയും ജീവിത ലക്ഷ്യമാണ് പ്രത്യാശയോടെ ദൈവ സന്നിധിയില്‍ ആയിത്തീരുക എന്നത്. ഇന്ന് അന്ധകാരം നയിക്കപ്പെടുവാന്‍ അത് നമ്മുടെ മുന്‍പില്‍ ഉണ്ട്. ഒരു യഥാര്‍ത്ഥ ഗുരു, നമ്മുടെ കൈ പിടിച്ച് നടത്തുവാന്‍ ഒരു നായകന്‍ ആയി നാം വളര്‍ന്ന് വരേണ്ടതാണ്. എപ്രകാരം ജീവിച്ച് ഒരു മാതൃക കാട്ടിക്കൊടുക്കുവാന്‍ നമുക്ക് കഴിയും. പ്രസംഗകരും ഉപദേശകരും ധാരാളം നമുക്കുണ്ട്. എന്നാല്‍ അതനുസരിച്ച് ജീവിത മാതൃക തരുവാന്‍, കൊടുക്കുവാന്‍ ആരുണ്ട്, അധരം കൊണ്ട് മഹത്വപ്പെടുത്തുകയും അന്തരംഗം കൊണ്ട് ത്യജിക്കുകയും ചെയ്യുന്നവരായ നാം യഥാര്‍ത്ഥ ജീവിത ലക്ഷ്യത്തിന് പാത്രമായി ഭവിക്കേണ്ടതാണ്.
മൂന്ന് ഘടകങ്ങള്‍ ഈ വിശുദ്ധ ദിവസങ്ങളില്‍ നാം പാലിക്കേണ്ടതുണ്ട്. ഒന്നാമതായി പരിജ്ഞാനത്തില്‍ വളരുക. അറിവും ജ്ഞാനവും വ്യത്യസ്തമാണ്. ബിരുദങ്ങളുടെ പട്ടിക നിരത്തുമ്പോഴും മനുഷ്യനായി ജീവിക്കുവാന്‍ മറക്കുന്ന നാം ഇന്ന് മനസിലാക്കി ജീവിത മാര്‍ഗ്ഗം പരിശീലിക്കുക.
രണ്ടാമതായി നമ്മുടെ ഇടയില്‍ തന്നെ സൂക്ഷിക്കുക. ഈ വായനാ ഭാഗങ്ങളെല്ലാം കുടുംബ പശ്ചാത്തലത്തിലാണ് നാം മനസിലാക്കുന്നത്. ഏറ്റവും അടുത്ത ഗുണഭോക്താക്കളാണ് നമ്മുടെ കുടുംബാംഗങ്ങള്‍. അവരുടെ മുന്‍പില്‍ ദൈവ ജീവിതം സാക്ഷിക്കുവാന്‍ നമുക്ക് കഴിയണം.
മൂന്നാമതായി വഴികാട്ടുക. നാം പരിശീലിച്ച, സാക്ഷിച്ച ദൈവീകത അനേകര്‍ക്ക് ദൈവത്തെ കാട്ടിക്കൊടുക്കുവാന്‍ ഉതകുന്നതായിരിക്കണം. യോഹന്നാനെ പോലെ തന്റെ പിന്നാലെ വരുന്നവന്റെ രക്ഷാദൗത്യം കാട്ടി കൊടുക്കുവാന്‍ ദൈവ സമൂഹത്തെ ഒരുക്കുന്ന ശുശ്രൂശഷകരായി നാം രൂപാന്തരപ്പെടുക. യേശുക്രിസ്തുവിന്റെ ജനനത്തില്‍ അനേകം ദൃഷ്ടാന്തങ്ങള്‍ ഈ വഴികാട്ടലുമായി ബന്ധപ്പെട്ട് നാം ധ്യാനിക്കാറുണ്ട്. യോഹന്നാന്‍ സ്ഥാപകന്റെ ജനനത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുന്ന സഖറിയാവിനോടും ആ വെളിപാട് ശ്രവിക്കുന്ന അവന്റെ കുടുംബത്തോടും നമുക്ക് അനുരൂപപ്പെടാം. ദൈവം അനുഗ്രഹിക്കട്ടെ.
ഹാപ്പി ജേക്കബ് അച്ചന്‍
മലയാളം യുകെ സ്‌പെഷ്യല്‍ റിപ്പോര്‍ട്ട്
ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ ഇന്ന് പോളിംഗ് ബൂത്തിലേയ്ക്ക് പോകുമ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ ഭരണകക്ഷിയായ ബിജെപിക്ക് അത്ര ശുഭകരമല്ല. ബിജെപി അധികാരത്തിലെത്തിയാലും നേരിയ ഭൂരിപക്ഷം മാത്രമേ ലഭിക്കുകയുള്ളൂ എന്നാണ് വിലയിരുത്തല്‍. ദേശീയ രാഷ്ട്രീയത്തെ നയിക്കുന്ന രണ്ട് പ്രമുഖരുടെ സംസ്ഥാനമായ ഗുജറാത്തില്‍ നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയാല്‍ പോലും നരേന്ദ്രമോദിയേയും അമിത് ഷായെയും സംബന്ധിച്ചിടത്തോളം അത് തിരിച്ചടിയാണ്. ഗുജറാത്ത് പോലെ ചെറിയൊരു സംസ്ഥാനത്തു നിന്ന് പ്രധാനമന്ത്രിയും ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനേയും നിശ്ചയിച്ച അപ്രമാദിത്വത്തിന് ലഭിക്കുന്ന ക്ഷതമാകും ഗുജറാത്തിലെ തിരിച്ചടി.
നോട്ട് നിരോധനവും ജിഎസ്റ്റിയും സൃഷ്ടിച്ച ഭരണവിരുദ്ധ വികാരത്തിനു പുറമേ നരേന്ദ്രമോദിയുടെ വര്‍ഗ്ഗീയ രാഷ്ട്രീയവും രാഹുല്‍ഗാന്ധിയുടെ ജാതി രാഷ്ട്രീയവും തമ്മിലുള്ള പേരായി ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് മാറി. ഗുജറാത്ത് കലാപത്തിനുശേഷം ഉണ്ടായ വര്‍ഗ്ഗീയ ധ്രുവീകരണത്തെ ബിജെപി അനുകൂലമാക്കി ഭരണം നിലനിര്‍ത്താന്‍ നരേന്ദ്രമോദി കാട്ടിയ മിടുക്കിനെ ജാതി കാര്‍ഡ് ഇറക്കി പരാജയപ്പെടുത്താനാണ് രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും ശ്രമം. എന്തായാലും കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പ് കാലത്ത് പതിമൂന്നോളം എംഎല്‍എമാരെ നഷ്ടപ്പെട്ട് ദയനീയാവസ്ഥയിലായിരുന്ന കോണ്‍ഗ്രസിനെ ശക്തമായ മത്സരത്തിന്റെ പാതയിലേയ്ക്ക് തിരിച്ച് കൊണ്ടുവരാന്‍ രാഹുല്‍ ഗാന്ധിക്കായി.
പ്രധാനമന്ത്രി നരേന്ദ്രമോദി രാഹുല്‍ ഗാന്ധിയുമായുള്ള നേരിട്ടുള്ള പോരാട്ടമായാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. ബിജെപിയുടെ ബുദ്ധികേന്ദ്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പതിച്ചു നല്‍കിയ വിഡ്ഢിയായ രാജകുമാരന്റെ ഇമേജില്‍ നിന്ന് രാഹുല്‍ ഗാന്ധിക്ക് പുറത്തു കടക്കാനായി എന്നതാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ മറ്റൊരു അനന്തരഫലം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ പാര്‍ട്ടികളുടെ നേതാക്കള്‍ നേര്‍ക്കുനേര്‍ വരുന്നത്. ഇതിനുമുമ്പ് തെരഞ്ഞെുപ്പ് നടന്ന ഡല്‍ഹിയില്‍ കെജ്‌രിവാളും ബിഹാറില്‍ നികേഷ് കുമാറും ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവുമായിരുന്നു പ്രതിപക്ഷത്തെ നയിച്ചിരുന്നത്. എന്തായാലും ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ഫലം ഒരു സംസ്ഥാനത്ത് ഒതുങ്ങാതെ ദേശീയ രാഷ്ട്രീയത്തില്‍ വളരെയധികം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനാണ് സാധ്യത.
ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനങ്ങളില്‍ വ്യാപകമായി പ്രത്യക്ഷപ്പെടുന്ന എന്‍ജിന്‍ തകരാര്‍ വ്യോമയാന വ്യവസായ മേഖലയില്‍ പ്രതിസന്ധിയുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്. ഈ വിമാനങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന റോള്‍സ് റോയ്‌സ് എന്‍ജിനുകളിലാണ് തകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. 200ഓളം വിമാനങ്ങള്‍ക്ക് ഈ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതായാണ് വിവരം. നിരവധി വിമാനക്കമ്പനികള്‍ക്ക് ഇതു മൂലം സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നു. ക്രിസ്തുമസ് പുതുവത്സര സീസണില്‍ യാത്രക്കാരേറെയുള്ള സമയമായതിനാല്‍ ഈ പ്രശ്‌നം യാത്രാക്ലേശം രൂക്ഷമാക്കുമെന്ന് കരുതുന്നു.
എന്‍ജിനുകളുടെ ടര്‍ബൈന്‍ ബ്ലേഡുകള്‍ വിചാരിച്ചതിനേക്കാള്‍ നേരത്തേ തേഞ്ഞുതീരുന്നതായാണ് ശ്രദ്ധയില്‍പ്പെട്ടത്. ടര്‍ബൈന്‍ ബ്ലേഡുകളുടെ പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടതോടെ എയര്‍ ന്യൂസിലന്‍ഡിന് അടുത്തടുത്ത ദിവസങ്ങളില്‍ തങ്ങളുടെ രണ്ട് ബോയിംഗ് 787-9 വിമാനങ്ങള്‍ നിലത്തിറക്കിയിരുന്നു. ഓക്ക്‌ലന്‍ഡില്‍ നിന്ന് ടോക്യോ, ബ്യൂണസ് അയേഴ്‌സ് എന്നിവിടങ്ങളിലേക്ക് പുറപ്പെട്ട വിമാനങ്ങളാണ് സമാനമായ പ്രശ്‌നങ്ങളേത്തുടര്‍ന്ന് തിരിച്ചിറക്കിയത്. യാത്രക്കാര്‍ അസാധാരണ ശബ്ദങ്ങള്‍ കേള്‍ക്കുകയും വിമാനത്തിന് വിറയല്‍ അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മറ്റ് രണ്ട് വിമാനങ്ങള്‍ക്ക് കൂടി ഇതേ പ്രശ്‌നങ്ങള്‍ ഉള്ളതായി കണ്ടെത്തി. ഇത് സര്‍വീസുകള്‍ റദ്ദാക്കുന്നതിലേക്കും വിമാനങ്ങള്‍ വൈകുന്നതിലേക്കുമാണ് നയിച്ചത്. വെള്ളിയാഴ്ച മാത്രം മൂന്ന് ദീര്‍ഘദൂര വിമാനങ്ങളാണ് റദ്ദാക്കിയത്. മറ്റു ചില സര്‍വീസുകള്‍ 8 മണിക്കൂര്‍ വരെ വൈകുകയും ചെയ്തു. തകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ മിക്ക വിമാനക്കമ്പനികളും റോള്‍സ് റോയ്‌സ് ട്രെന്റ് 1000 എന്‍ജിന്‍ ഘടിപ്പിച്ച വിമാനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.
വിമാനങ്ങളില്‍ യാത്രക്കാരെക്കുറിച്ച് പരസ്യമായി പറയാന്‍ ക്യാബിന്‍ ക്രൂവിന് ചില കോഡ് ഭാഷകള്‍ ഉണ്ടത്രേ! ഔദ്യോഗികമായി ഉപയോഗിക്കുന്നവയല്ല ഈ കോഡുകള്‍. കാണാന്‍ സൗന്ദര്യമുള്ള യാത്രക്കാരെക്കുറിച്ചും ഇഷ്ടപ്പെടാത്ത യാത്രക്കാരെക്കുറിച്ചും വിവരങ്ങള്‍ കൈമാറാന്‍ തങ്ങള്‍ ചില കോഡുകള്‍ ഉപയോഗിക്കാറുണ്ടെന്ന് മുന്‍ ഫ്‌ളൈറ്റ് അറ്റന്‍ഡന്റായ ജെയിംസ് എന്നയാളാണ് വെളിപ്പെടുത്തിയത്. ഓസ്‌ട്രേലിയന്‍ റേഡിയോ ഷോ ആയ കൈല്‍ ആന്‍ഡ് ജാക്കി ഒ യില്‍ സംസാരിക്കുന്നതിനിടെയാണ് ജെയിംസിന്റെ വെളിപ്പെടുത്തല്‍.
യാത്രക്കാരില്‍ സൗന്ദര്യമുള്ളവരെ ക്യാബിന്‍ ജിവനക്കാര്‍ നോട്ടമിടും. പിന്നീട് ഒരുമിച്ച് ഇരിക്കുമ്പോള്‍ ഇവരെക്കുറിച്ച് സംസാരിക്കും. സീറ്റ് നമ്പറുകളിലായിരിക്കും കോഡ് ഉപയോഗിക്കുക. 7എ എന്ന സീറ്റ് നമ്പര്‍ സെവന്‍ ഡേയ്‌സ് ഇന്‍ അമേരിക്ക എന്നായിരിക്കും പറയുക. സിക്‌സ് ഡേയ്‌സ് ഇന്‍ ഡെന്‍മാര്‍ക്ക് 6 ഡി ആയിരിക്കും. യാത്രക്കാരെ അത്ര ഇഷ്ടമായില്ലെങ്കില്‍ ക്യാബിന്‍ ക്രൂ പറയുന്നത് ശ്രദ്ധിച്ചാല്‍ മതിയാകും. ഇപ്പോള്‍ തിരികെ വരാം എന്ന് ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് പറഞ്ഞാല്‍ അവര്‍ക്ക് നിങ്ങളെ ഇഷ്ടമായില്ലെന്നാണ് അര്‍ത്ഥമെന്ന് ജെയിംസ് പറയുന്നു.
ഭക്ഷണത്തിനായി പോകുമ്പോള്‍ യാത്രക്കാര്‍ ഓരോ ആവശ്യങ്ങള്‍ പറഞ്ഞ് ശല്യം ചെയ്യാതിരിക്കാന്‍ ഒരു മാര്‍ഗവും ജെയിംസ് കണ്ടുപിടിച്ചിട്ടുണ്ടത്രേ. വിമാനത്തില്‍ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് നടക്കുമ്പോള്‍ ഒരു ഗ്ലൗസ് ധരിക്കുകയും ഒരു സിക്ക് ബാഗില്‍ കോക്കകോള ക്യാന്‍ മറച്ചുവെച്ച് കയ്യില്‍ പിടിക്കുകയും ചെയ്യും. കയ്യിലിരിക്കുന്ന സിക്ക് ബാഗ് കാണുമ്പോള്‍ തന്നെ യാത്രക്കാര്‍ പിന്നെ ഒന്നും ചോദിക്കില്ലെന്നാണ് ജെയിംയ് വ്യക്തമാക്കുന്നത്. ഏഴ് വര്‍ഷം ഫ്‌ളൈറ്റ് അറ്റന്‍ഡന്റായി പ്രവര്‍ത്തിച്ചയാളാണ് ജെയിംസ്.
ബിഷ്‌കെക്ക്: മഞ്ഞ് വീണുകിടന്ന നടപ്പാതയിലൂടെ നടക്കാനാകാതെ വീണു പോയ ആണ്‍കുഞ്ഞിനെ തൊഴിച്ച പിതാവ് അറസ്റ്റില്‍. രണ്ട് വയസോളം പ്രായം തോന്നിക്കുന്ന കുഞ്ഞ് നടക്കാനാകാതെ വീണപ്പോള്‍ പിതാവ് എഴുന്നേല്‍ക്കാന്‍ നിര്‍ബന്ധിക്കുകയും അതിനു കഴിയാതെ കുഞ്ഞ് വീണ്ടും കിടന്നപ്പോള്‍ പിതാവ് കുട്ടിയെ തൊഴിക്കുകയുമായിരുന്നു. കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്‌കെക്കിലാണ് സംഭവമുണ്ടായത്.
സമീപത്തെ കെട്ടിടത്തില്‍ നിന്ന് ആരോ പകര്‍ത്തിയ ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലെത്തിയതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. മഞ്ഞില്‍ വീണുകിടക്കുന്ന കുട്ടി എഴുന്നേല്‍ക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നില്ല. ആദ്യം മുട്ടില്‍ കുത്തി എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കഴിയാതെ വരുന്നതോടെ മഞ്ഞ് മൂടിക്കിടക്കുന്ന വഴിയിലേക്ക് വീഴുന്നു.
എഴുന്നേല്‍ക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുന്ന പിതാവ് ഇതോടെ കുട്ടിയെ തൊഴിക്കുകയും കയ്യില്‍ പിടിച്ച് എഴുന്നേല്‍പ്പിച്ച് നടത്തുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്. കുഞ്ഞിന്റെ ഇടുപ്പിലാണ് തൊഴിയേല്‍ക്കുന്നത്. ഈ സംഭവം നടക്കുന്നതിനു മുമ്പ് കുട്ടി പിതാവിനോട് വഴക്കിടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 50കാരനായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ പേരിലുള്ള വിമാനവാഹിനിക്കപ്പല്‍ ഇന്നലെമുതല്‍ ബ്രിട്ടിഷ് റോയല്‍ നേവിയുടെ ഭാഗമായി. 40 യുദ്ധവിമാനങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ഈ പടുകൂറ്റന്‍ യുദ്ധക്കപ്പല്‍ ബ്രിട്ടീഷ് നാവികസേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിമാനവാഹിനിയാണ്. ഇന്നലെ പോര്‍ട്‌സ്‌മൌത്തിലെ നേവല്‍ ബേസില്‍ നടന്ന ചടങ്ങില്‍ എലിസബത്ത് രാജ്ഞിതന്നെയാണു സ്വന്തം പേരിലുള്ള വിമാനവാഹിനി രാജ്യത്തിനു സമര്‍പ്പിച്ചത്. 3.1 ബില്യണ്‍ പൗണ്ട് മുടക്കി എട്ടു വര്‍ഷംകൊണ്ടു നിര്‍മിച്ച കപ്പലിനു 280 മീറ്ററാണു നീളം. 65,000 ടണ്‍ ഭാരമുള്ള കപ്പലിന്റെ മുകള്‍പരപ്പിനു നാലേക്കറിലേറെയാണു വിസ്തൃതി.
ജനുവരി മുതല്‍ പുതിയ യുദ്ധക്കപ്പലിന്റെ കടലിലെ പരിശീലന പരിപാടികള്‍ ആരംഭിക്കും. പ്രതികൂല കാലാവസ്ഥയിലെ പ്രവര്‍ത്തനം വിലയിരുത്താന്‍ നോര്‍ത്ത് അറ്റ്‌ലാന്റിക്കിലും പിന്നീട് അടുത്ത വര്‍ഷം അവസാനത്തോടെ അമേരിക്കന്‍ നേവിയുമായുള്ള സംയുക്ത നാവിക പരിശീലനത്തിനും ഉപയോഗിക്കും. 2020ല്‍ എല്ലാ പരീക്ഷണങ്ങളും പൂര്‍ത്തിയാക്കി പൂര്‍ണതോതില്‍ കപ്പല്‍ പ്രവര്‍ത്തനസജ്ജമാകും. ബ്രിട്ടിഷ് നാവികസേനയുടെ ഫ്‌ലാഗ്ഷിപ്പായാകും ഇനി മുതല്‍ ‘എച്ച്എംഎസ് ക്യൂന്‍ എലിസബത്ത്’ അറിയപ്പെടുക.

ലണ്ടന്‍: വിന്റര്‍ തിരക്ക് മൂലം നിന്നു തിരിയാന്‍ സമയം കിട്ടാത്ത ആശുപത്രി ജീവനക്കാര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കാനുള്ള ചുമതല ആശുപത്രി നടത്തിപ്പുകാര്‍ ഏറ്റെടുക്കണമെന്ന് അക്കാഡമി ഓഫ് മെഡിക്കല്‍ റോയല്‍ കോളേജസ്. നിലവില്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും അനുഭവപ്പെടുന്ന സമ്മര്‍ദ്ദം ചെറിയ തോതിലെങ്കിലും കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് മുതിര്‍ന്ന ഡോക്ടര്‍മാര്‍ പറയുന്നു. ഇത്തരത്തിലുള്ള പ്രായോഗിക പിന്തുണ ഇവരുടെ ആത്മവീര്യം വര്‍ദ്ധിപ്പിക്കാന്‍ ഉതകുമെന്നും അക്കാഡമി വ്യക്തമാക്കി.
രോഗികളുടെ തിരക്ക് മൂലം ആഹാരം കഴിക്കാന്‍ പോലും സാധിക്കാത്ത ഡോക്ടര്‍മാര്‍ക്കോ നഴ്‌ലുമാര്‍ക്കോ ഒരു പിസ നല്‍കുന്നത് നിങ്ങള്‍ വിചാരിക്കാത്ത വിധത്തിലുള്ള ഫലങ്ങള്‍ ഉണ്ടാക്കുമെന്ന് ആശുപത്രികള്‍ക്ക് നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ അക്കാഡമി വ്യക്തമാക്കി. എല്ലാ മെഡിക്കല്‍ കോളേജുകളെയും പ്രതിനിധീകരിക്കുന്ന അക്കാഡമിയുടെ നിര്‍ദേശം പക്ഷേ എന്‍എച്ച്എസ് നേതൃത്വത്തിന്റെ നയത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആശുപത്രികളില്‍ ജങ്ക് ഫുഡ് ഒഴിവാക്കണമെന്നാണ് എന്‍എച്ച്എസ് നയം.
എന്നാല്‍ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ അനുവദനീയമാണെന്നും പറയുന്നുണ്ട്. എന്‍എച്ച്എസ് നഴ്‌സുമാരില്‍ 25 ശതമാനത്തിലേറെപ്പേര്‍ അമിത വണ്ണമുള്ളവരാണെന്ന് ഈയാഴ്ച ആദ്യം റിപ്പോര്‍ട്ട് വന്നിരുന്നു. ഈ വിധത്തില്‍ ഭക്ഷണം നല്‍കുന്നതിന്റെ സാമ്പത്തികഭാരം എന്‍എച്ച്എസ് ഏറ്റെടുക്കണമെന്നല്ല അക്കാഡമി പറയുന്നത്. ജീവനക്കാര്‍ അമിതജോലി ചെയ്യുമ്പോള്‍ ആശുപത്രി മാനേജര്‍മാര്‍ അതിനായുള്ള ഫണ്ട് സ്വന്തം നിലക്ക് കണ്ടെത്തണമെന്നാണ് ആവശ്യം.
കാര്‍മേഘങ്ങള്‍ നിറഞ്ഞ ആകാശത്ത് പ്രത്യക്ഷപ്പെട്ട വലിയ കൈകള്‍ ദൈവത്തിന്റെയാണെന്ന് സോഷ്യല്‍ മീഡിയ. അടുത്തിടെ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയിലാണ് ആകാശത്ത് വലിയ കരങ്ങള്‍ പ്രത്യക്ഷപ്പെട്ടതായി ചിത്രീകരിക്കപ്പെട്ടത്. എന്നാല്‍ കാറിനുള്ളില്‍ ഇരുന്ന് വലിയ പേമാരി ചിത്രീകരിച്ചപ്പോള്‍ വിന്‍ഡ്‌സ്‌ക്രീനില്‍ പതിഞ്ഞ കൈകളുടെ പ്രതിഫലനമാണ് ഇതെന്നതാണ് വാസ്തവം. മൊബൈല്‍ ഫോണില്‍ വീഡിയോ ചിത്രീകരിച്ച ആളുടെ കൈകള്‍ തന്നെയാണ് അവ!
ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡിലുളള്ള മക്കായില്‍ നിന്ന് ചിത്രീകരിച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കറുത്തിരുണ്ട മേഘങ്ങള്‍ ആകാശത്ത് കാണാമെങ്കിലും റോഡില്‍ സൂര്യപ്രകാശമുണ്ടായിരുന്നു. അതുകൊണ്ടാണ് ഗ്ലാസില്‍ പ്രതിഫലനമുണ്ടായത്. ഒരു ഒപ്റ്റിക്കല്‍ ഇല്യൂഷന്റെ പ്രതീതി ജനിപ്പിക്കാന്‍ വീഡിയോയ്ക്ക് കഴിഞ്ഞതും അതുകൊണ്ടുതന്നെ. റെഡ്ഡിറ്റില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയുടെ കമന്റുകളായാണ് ദൈവത്തിന്റെ കരങ്ങള്‍ പ്രത്യക്ഷപ്പെട്ടെന്ന് യൂസര്‍മാര്‍ എഴുതിയത്.
വലിയൊരു ക്യാമറയുമായി ദൈവം നേരിട്ട് പ്രത്യക്ഷപ്പെട്ടതാണോ എന്നായിരുന്നു ഒരാള്‍ കമന്റില്‍ ചോദിച്ചത്. ക്വീന്‍സ് ലാന്‍ഡിലെ കാലാവസ്ഥയും ചര്‍ച്ചാവിഷയമായെങ്കിലും ദൈവത്തിന്റെ കരങ്ങള്‍ക്ക് തന്നെയായിരുന്നു ചര്‍ച്ചയില്‍ മേല്‍ക്കൈ നേടാനായത്. ഭൂമിയില്‍ സന്ദര്‍ശനത്തിനായി ദൈവം എത്തിയതാണെന്ന് വരെ ചിലര്‍ പറഞ്ഞുകളഞ്ഞു.