സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് വാങ്ങുന്ന കുപ്പിവെള്ളത്തില്‍ വന്‍തോതില്‍ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍. ഒമ്പത് രാജ്യങ്ങലില്‍ നടന്ന പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഓര്‍ബ് മീഡിയ എന്ന മാധ്യമപ്രവര്‍ത്തകരുടെ സംഘടനയാണ് പഠനം നടത്തിയത്. ഒരു ലിറ്ററില്‍ കുറഞ്ഞത് 10 പ്ലാസ്റ്റിക് കണങ്ങളെങ്കിലും അടങ്ങിയിട്ടുണ്ടെന്ന് തെളിഞ്ഞു. മനുഷ്യരുടെ തലമുടിയേക്കാള്‍ വലിപ്പമുള്ള പ്ലാസ്റ്റിക് തരികളാണ് മിനറല്‍ വാട്ടര്‍ കുപ്പികളില്‍ നിന്ന് കണ്ടെത്തിയത്. 250 കുപ്പി വെള്ളമായിരുന്നു പഠനത്തിന് ഉപയോഗിച്ചത്.

ന്യയോര്‍ക്ക് സ്‌റ്റേറ്റ് യൂണിവേഴിസിറ്റിയിലാണ് പഠനം നടന്നത്. എല്ലാ ബ്രാന്‍ഡുകളിലും പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയെന്ന് യൂണിവേഴ്‌സിറ്റിയിലെ കെമിസ്ട്രി വിഭാഗം പ്രൊഫസര്‍ ഷെറി മേസണ്‍ പറഞ്ഞു. പ്ലാസ്റ്റിക് ഒരു സര്‍വ്വവ്യാപിയായ വസ്തുവായി മാറിയിരിക്കുകയാണ്. കുടിവെള്ളത്തിലും ഇതിന്റെ സാന്നിധ്യം പ്രകടമാണെന്ന് അദ്ദേഹം പറഞ്ഞു. ഏവിയന്‍. അക്വാഫീന, ദസാനി, നെസ്ലെ പ്യുവര്‍ ലൈഫ്, സാന്‍ പല്ലേഗ്രീനോ തുടങ്ങിയ അന്താരാഷ്ട്ര ബ്രാന്‍ഡുകളും ഇന്തോനേഷ്യയിലെ അക്വാ, ഇന്ത്യയിലെ ബിസ്ലേരി, മെക്‌സിക്കോയിലെ ഇപ്യൂര, ജര്‍മനിയിലെ ജെറോള്‍സ്‌റ്റെയിനര്‍, ബ്രസീലിലെ മിനല്‍ബ, ചൈനയിലെ വഹാഹ തുടങ്ങിയ ബ്രാന്‍ഡുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

കുപ്പികള്‍ വാങ്ങിയതിനു ശേഷം മാലിന്യം കലര്‍ത്തിയതാണെന്ന ആരോപണം ഒഴിവാക്കാന്‍ കടകളില്‍ നിന്ന് ഇവ വാങ്ങുന്നത് വീഡിയോയില്‍ പകര്‍ത്തി. അമേരിക്കയില്‍ ചില പര്‍ച്ചേസുകള്‍ ഓണ്‍ലൈനായാണ് നടത്തിയത്. നൈല്‍ റെഡ് എന്ന ഏജന്റ് കുപ്പികളില്‍ ചേര്‍ത്താണ് പരിശോധന നടത്തിയത്. കടല്‍ വെള്ളത്തില്‍ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്താന്‍ അടുത്തിടെ ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ സാങ്കേതികതയാണ് ഇത്. പ്ലാസ്റ്റിക് കണങ്ങളെ കൂട്ടിയോജിപ്പിക്കുകയാണ് ഈ ഏജന്റ് ചെയ്യുന്നത്. ഇപ്രകാരമാണ് വെള്ളത്തിലടങ്ങിയ പ്ലാസ്റ്റിക് ശാസ്ത്രജ്ഞന്‍മാര്‍ അരിച്ചെടുത്തത്. അതേസമയം തങ്ങളുടെ ബോട്ട്‌ലിംഗ് പ്ലാന്റുകള്‍ ആധുനിക സാങ്കേതികവിദ്യയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കമ്പികള്‍ അവകാശപ്പെടുന്നു.

പോളി പ്രോപ്പിലീന്‍. നൈലോണ്‍, പോളി എത്തിലീന്‍ ട്രെപ്താലെറ്റ് തുടങ്ങിയവയാണ് വെള്ളത്തില്‍ കണ്ടെത്തിയത്. ഇവ വെള്ളക്കുപ്പികളുടെ അടപ്പുകള്‍ നിര്‍മിക്കാനാണ് സാധാരണയായി ഉപയോഗിക്കുന്നത്. കുപ്പികളില്‍ വെള്ളം നിറച്ചശേഷം മൂടുന്ന ഘട്ടത്തിലാണ് ഈ പ്ലാസ്റ്റിക് കണങ്ങള്‍ കലരുന്നതെന്നാണ് മനസിലാക്കുന്നതെന്നും മേസണ്‍ പറഞ്ഞു. പ്ലാസ്റ്റിക് കണങ്ങള്‍ കലര്‍ന്ന വെള്ളം കുടിക്കുന്നത് ക്യാന്‍സര്‍, പുരുഷന്‍മാരിലെ വന്ധ്യത, ഓട്ടിസം തുടങ്ങിയവയ്ക്ക് കാരണമാകാമെന്നാണ് വിശദീകരിക്കപ്പെടുന്നത്.