Main News

ലോകത്ത് പ്രചുര പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ നിയമത്തിനും നികുതിക്കും വിധേയമാക്കുവനുള്ള ശ്രമങ്ങള്‍ വിവിധ രാജ്യങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ക്ക് മാത്രമായി പ്രത്യേക നിയമ നിര്‍മ്മാണം നടത്താന്‍ സൗത്ത് കൊറിയ തീരുമാനിച്ചു. ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ എങ്ങനെ നികുതി വിധേയമാക്കും എന്ന് വിശദീകരിച്ച് കൊണ്ടുള്ള നിയമ നിര്‍മ്മാണം ഈ വര്‍ഷം പകുതിയോടെ പൂര്‍ത്തിയാകും എന്ന് സൗത്ത് കൊറിയന്‍ ഗവണ്മെന്റ് അറിയിച്ചു.

ക്രിപ്റ്റോ കറന്‍സി ട്രാന്‍സാക്ഷനുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്ന കാര്യം തങ്ങള്‍ ചര്‍ച്ച ചെയ്തു വരികയാണെന്നും എന്നാല്‍ ഇതല്‍പ്പം സങ്കീര്‍ണ്ണമായ പ്രക്രിയ ആയതിനാല്‍ സമയം എടുക്കുമെന്നും ഇത് സംബന്ധിച്ച് നടത്തിയ പ്രഖ്യാപനത്തില്‍ സൗത്ത് കൊറിയന്‍ ടാക്സ് ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ ചോ യുംഗ് റാക് പ്രസ്താവിച്ചു. നിലവിലെ നിയമം അനുസരിച്ച് ക്യാപ്പിറ്റല്‍ ഗെയിന്‍ ടാക്സ് മാത്രമേ ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ക്ക് ഏര്‍പ്പെടുത്താന്‍ സാധിക്കൂ എന്നതിനാലാണ് ഇത് സംബന്ധിച്ച് പുതിയൊരു നിയമ നിര്‍മ്മാണം ആവ്ശ്യമാക്കിയത് എന്നും വിശദീകരിച്ച ചോ യുംഗ് അടുത്തിടെ രൂപീകരിച്ച വിര്‍ച്വല്‍ കറന്‍സി ടാക്സേഷന്‍ ടാസ്ക് ഫോഴ്സിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്നും വിശദീകരിച്ചു.

അടുത്തിടെ നടന്ന നാഷണല്‍ ഇക്കണോമിക് അഡ്വൈസറി കൗണ്‍സില്‍ മീറ്റിംഗില്‍ സംസാരിക്കവേ സൗത്ത് കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജോയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

ലണ്ടന്‍: ഫിറ്റ്‌നസില്‍ ശ്രദ്ധാലുക്കളാണ് ബ്രിട്ടീഷുകാരെന്നാണ് വയ്‌പെങ്കിലും ജിമ്മിലെ ഉപകരണങ്ങള്‍ എന്തിനാണ് ഉപയോഗിക്കുന്നതെന്ന കാര്യത്തില്‍ വലിയ ധാരണയില്ലാത്തവരാണെന്ന് പഠനം. നുഫീല്‍ഡ് ഹെല്‍ത്ത് നടത്തിയ പുതിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 2000 പേരിലാണ് പഠനം നടത്തിയത്. ചെസ്റ്റ് പ്രസ് മെഷീന്‍, സ്റ്റെയര്‍ ക്ലൈംബേഴ്‌സ്, ട്രെഡ്മില്‍ തുടങ്ങിയവയുടെ ഉപയോഗം ഇവരെ ഭയപ്പെടുത്താറുണ്ടെന്നും പഠനം പറയുന്നു. 23 ശതമാനം പേര്‍ക്കാണ് ഉപകരണങ്ങളെ പേടിയുള്ളത്!

ഇവയേക്കുറിച്ച് വേണ്ടത്ര ധാരണയില്ലെങ്കിലും ആരോടെങ്കിലും സഹായം തേടാനും ബ്രിട്ടീഷുകാര്‍ക്ക് ബുദ്ധിമുട്ടാണത്രേ. 18 ശതമാനം പേര്‍ അത്യാവശ്യം ‘കഴിഞ്ഞുകൂടി’ പോകുകയാണ്. മറ്റുള്ളവര്‍ ചെയ്യുന്നത് കണ്ട് ചെയ്യാന്‍ ശ്രമിക്കുകയാണ് രീതിയെന്ന് അഞ്ചിലൊന്ന് പേര്‍ പറയുന്നു. എന്നാല്‍ എല്ലാം അറിയാമെന്ന് ഭാവത്തിലായിരിക്കും തങ്ങള്‍ മെഷീനുകളില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതെന്നാണ് ചിലര്‍ പറഞ്ഞത്.

എന്നാല്‍ മറ്റുള്ളവര്‍ ചെയ്യുന്നത് അതേപടി പകര്‍ത്തുന്നത് ജിമ്മില്‍ ചിലപ്പോള്‍ അപകടകരമാകാമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഓരോരുത്തരുടെയും ശരീരം വ്യത്യസ്തമാണ്. അതിന് അനുസൃതമായ വ്യായാമങ്ങളും ഉപകരണങ്ങളുമായിരിക്കണം ഉപയോഗിക്കേണ്ടത്. ശരീരത്തെക്കുറിച്ച് വ്യക്തമായ ബോധ്യം പോലും സര്‍വേയില്‍ പങ്കെടുത്തവര്‍ക്ക് ഇല്ലായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.

ലണ്ടന്‍: യുകെയിലെ ആകെ ഉപഭോക്തൃ വിനിയോഗ നിരക്ക് അഞ്ച് വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ നിലയില്‍. 2017ലെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ഡിസംബറില്‍ നിരക്കുകള്‍ ഏറ്റവും കുറവായിരുന്നെന്നും വിസ തയ്യാറാക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. കുടുംബങ്ങളുടെ ചെലവാക്കലില്‍ ഡിസംബറില്‍ ഒരു ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയത്. നവംബറില്‍ 0.9 ശതമാനം ഇടിവ് രേഖപ്പെടുത്തിയതിന് ശേഷമാണ് ഡിസംബറില്‍ ഇത്രയും കുറവുണ്ടായത്.

2017ലെ വാര്‍ഷിക ഉപഭോക്തൃ വിനിയോഗത്തില്‍ 0.3 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്നും വിസയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2012ന് ശേഷം ആദ്യമായാണ് ഇത്രയും ഇടിവുണ്ടാകുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേ സമയം ഇ കൊമേഴ്‌സില്‍ ജനങ്ങള്‍ ചെലവാക്കുന്നതില്‍ കഴിഞ്ഞ മാസം 2 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. ക്രിസ്തുമസ് കാലത്ത് ചില വന്‍കിടക്കാര്‍ ചിലര്‍ ലാഭമുണ്ടായെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഹൈസ്ട്രീറ്റ് ഷോപ്പുകള്‍ക്ക് തിരിച്ചടിയാണ് ലഭിച്ചത്.

ഷോപ്പുകൡലെ ഫേസ് റ്റു ഫേസ് വിനിമയത്തെ ഇ കൊമേഴ്‌സ് കീഴടക്കുന്നതാണ് കഴിഞ്ഞ വര്‍ഷം ദര്‍ശിക്കാനായത്. 2017ല്‍ 11 മാസങ്ങളിലും ഇതായിരുന്നു ട്രെന്‍ഡ്. ഉപഭോക്തൃസസേവനങ്ങളിലെ എട്ടില്‍ അഞ്ച് ഇനങ്ങളിലും നേരിട്ടുള്ള വിനിയോഗം ഉപഭോക്താക്കള്‍ കുറച്ചുവെന്നാണ് വ്യക്തമാകുന്നത്. ഗതാഗത മേഖലയില്‍ 4.4 ശതമാനം ഇടിവാണ് ഉണ്ടായത്. ഗാര്‍ഹിക ഉല്‍പ്പന്നങ്ങളില്‍ 3.4 ശതമാനവും ടെക്‌സ്റ്റൈല്‍ ഫുട്ട്‌വെയര്‍ എന്നിവയില്‍ 2.4 ശതമാനവും ഉപഭോക്തൃ വിനിയോഗം കുറഞ്ഞതായി വിസ വ്യക്തമാക്കുന്നു.

വത്തിക്കാന്‍: പൊതുസ്ഥലത്ത് വെച്ച് കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കകുന്നത് എന്തോ വലിയ കുറ്റമെന്ന് കരുതുന്ന പാശ്ചാത്യ ജനതയ്ക്ക് വ്യക്തമായ സന്ദേശം നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പ. സിസ്റ്റൈന്‍ ചാപ്പലില്‍ കുട്ടികള്‍ക്ക് മാമോദീസ നല്‍കാനെത്തിയ അമ്മമാരോട് മുലപ്പാല്‍ നല്‍കുന്നതില്‍ മടി കാട്ടേണ്ടതില്ലെന്ന് മാര്‍പാപ്പ പറഞ്ഞു. ഞായറാഴ്ച മാമോദീസക്കായി 34 കുഞ്ഞുങ്ങളാണ് സിസ്‌റ്റൈന്‍ ചാപ്പലില്‍ എത്തിയത്. രണ്ട് മണിക്കൂര്‍ നീണ്ട ചടങ്ങുകള്‍ക്കിടയില്‍ കുഞ്ഞുങ്ങള്‍ക്ക് വിശക്കുകയാണെങ്കില്‍ മുലയൂട്ടാന്‍ മടിക്കരുതെന്നാണ് അമ്മമാരോട് പോപ്പ് പറഞ്ഞത്.

വിശന്നിട്ടോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും അസ്വസ്ഥത കൊണ്ടോ അവര്‍ കച്ചേരി (കരച്ചില്‍) ആരംഭിച്ചാല്‍ അവര്‍ക്ക് മുലയൂട്ടാന്‍ മടിക്കുകയോ പേടിക്കുകയോ ചെയ്യേണ്ടതില്ല. സ്‌നേഹത്തിന്റെ ഭാഷയാണ് അതെന്നും പോപ്പ് പറഞ്ഞു. 18 പെണ്‍കുഞ്ഞുങ്ങളെയും 16 ആണ്‍കുഞ്ഞുങ്ങളെയുമാണ് രണ്ട് മണിക്കൂറിലേറെ നീണ്ടുനിന്ന ചടങ്ങില്‍ മാര്‍പാപ്പ മാമോദീസ നല്‍കിയത്. ഇവരില്‍ രണ്ട് ഇരട്ടക്കുട്ടികളും ഉണ്ടായിരുന്നു. 2017 ജനുവരിയില്‍ നടന്ന മാമോദീസ ചടങ്ങിലും സമാനമായ പരാമര്‍ശം മാര്‍പാപ്പ നടത്തിയിരുന്നു.

ചടങ്ങുകള്‍ക്കിടയില്‍ ഒരു മാതാവ് കുഞ്ഞിന് കുപ്പിപ്പാല്‍ നല്‍കുന്നത് ടെലിവിഷന്‍ ദൃശ്യങ്ങളില്‍ കാണാമായിരുന്നു. ഇപ്പോഴും പല രാജ്യങ്ങളിലും വിശന്നു കരയുന്ന കുഞ്ഞുങ്ങള്‍ക്ക് പൊതുസ്ഥലത്ത് വെച്ച് മുലപ്പാല്‍ നല്‍കിയാല്‍ സ്ത്രീകള്‍ അധിക്ഷേപങ്ങള്‍ക്ക് വിധേയരാകാറുണ്ട്. വത്തിക്കാന്‍ ജീവനക്കാരുടെ കുട്ടികള്‍ക്കും റോം രൂപതയുടെ കീഴിലുള്ളവരുടെ കുട്ടികള്‍ക്കും മാത്രമാണ് പോപ്പ് മാമോദീസ നല്‍കാറുള്ളത്. ഇറ്റാലിയന്‍ തലസ്ഥാനമായ റോമിന്റെ ബിഷപ്പ് കൂടിയാണ് മാര്‍പാപ്പ.

മലയാളംയുകെ ന്യൂസ് ടീം

ലോകത്തിലെ തന്നെ പ്രമുഖ വിമാനകമ്പനികളിൽ ഒന്ന്… എമിറേറ്റ്സ് വിമാനകമ്പനിയുടെ ഏറ്റവും വലിയ എതിരാളി… കസ്റ്റമർ സർവീസിൽ മുൻപന്തിയിൽ എത്താൻ നിരന്തരം ശ്രമിക്കുന്ന എത്തിഹാദ്… സാമൂഹികമായും സാമ്പത്തികമായും മുൻനിരയിൽ നിൽക്കുന്നവരുടെ യാത്രോപാധിയിൽ പെടുന്ന വിമാനയാത്ര. വിമാനത്തിൽ വച്ച് ഒരു കുഞ്ഞു ജനിച്ചാൽ ആജീവനാന്തം ഫ്രീ വിമാന യാത്ര..  ഇത്തരത്തിൽ നോക്കിയാൽ എത്തിഹാദ് വിമാനത്തിൽ ജനിച്ച കുട്ടി ഭാഗ്യം ചെയ്തതാണ്. നിർഭാഗ്യവശാൽ കുട്ടിയെ അമ്മതന്നെ ടോയ്‌ലറ്റ് റ്റിഷ്യുവിൽ പൊതിഞ്ഞു ഉപേക്ഷിച്ചപ്പോൾ ഇന്നുവരെ കേട്ടുകേൾവി ഇല്ലാത്ത ലോകത്തെ തന്നെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്ത.

അബുദാബിയിൽ നിന്ന് ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് പറന്ന എത്തിഹാദ് വിമാനത്തിലാണ് ലോകത്തെ തന്നെ നടുക്കിയ സംഭവ വികാസങ്ങൾ ഉണ്ടായത്.  സ്വന്തം കുഞ്ഞിനെ  യാത്രക്കാരി തന്നെ ടോയ്‌ലറ്റ് റ്റിഷ്യുവിൽ പൊതിഞ്ഞു വിമാനത്തിന്റെ ടോയ്‌ലെറ്റിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് അനുമാനിക്കുന്നത്. നവജാത ശിശുവിന്റെ ശവശരീരം വിമാനത്തിന്റെ ടോയ്‌ലെറ്റിൽ നിന്നും ലഭിച്ചതിനെത്തുടർന്ന് കുട്ടിയുടെ മരണത്തിനു കാരണക്കാരിയെന്നു സംശയിക്കുന്ന  യുവതിയായ അമ്മ ഹാനിയെ ഇന്തോനേഷ്യൻ പോലീസ് അറസ്റ്റ് ചെയ്‌തു. അമ്മയുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ ചോദ്യം ചെയ്യൽ ഇപ്പോൾ ഉണ്ടാവില്ല എന്ന് എയർപോർട്ട് പോലീസ് വ്യക്തമാക്കി.

ഗർഭിണിയായ ഹാനിക്ക് പ്രസവസംബന്ധമായ അസ്വസ്ഥകളും രക്തസ്രാവവും ഉണ്ടായതിനെത്തുടർന്ന് ജക്കാർത്തക്കു പറക്കുകയായിരുന്ന വിമാനം പൈലറ്റ് അടിയന്തിരമായി തായ്‌ലണ്ടിന്റെ തലസ്ഥാനമായ ബാങ്കോക്കിലേക്ക് വിമാനം തിരിച്ചുവിടുകയായിരുന്നു. അബുദാബിയിൽ നിന്ന് കഴിഞ്ഞ ശനിയാഴ്ച്ച യാത്ര തിരിച്ച ഹാനി ഏകദേശം നാലു മണിക്കൂറിനു ശേഷമാണ് പ്രസവസംബന്ധമായ അസ്വസ്ഥതകൾ കാണിച്ചുതുടങ്ങിയത്. ബാങ്കോക്കിൽ വൈദ്യസഹായം ലഭിച്ച ഹാനി പിന്നീട് അധികൃതർ നൽകിയ ബിസിനസ് ക്ലാസ്സിൽ ജക്കാർത്തക്ക് യാത്രചെയ്തു. എന്നാൽ ജക്കാർത്തയിൽ എത്തുന്നത് വരെ നവജാത ശിശുവിന്റെ ജഡം ആരുടേയും ശ്രദ്ധയിൽ പെട്ടിരുന്നില്ല. സാധാരണ വിമാനത്തിൽ ജനിക്കുന്ന കുട്ടികൾക്ക് വിമാന കമ്പനി അധികൃതർ ധാരാളം ആനുകൂല്യങ്ങളും സമ്മാനങ്ങളും നൽകുമ്പോൾ ആണ് ഒരു ചോര കുഞ്ഞിന്, ജനിച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽ ഇത്തരത്തിൽ ദാരുണമായ ഒരു അന്ത്യം ഉണ്ടായിരിക്കുന്നത് എന്നത് ലോക മസാക്ഷിയെ ഞെട്ടിക്കുന്നതാണ്.

ലണ്ടന്‍: യുകെയിലെ വിമാനത്താവളങ്ങളിലെ മദ്യവില്‍പനയ്ക്ക് നിയന്ത്രണം വന്നേക്കും. വിമാനയാത്രകളില്‍ മദ്യപിച്ച് എത്തുന്നവര്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്. യാത്രക്ക് മുമ്പ് മദ്യപിച്ച ശേഷം എത്തുന്ന യാത്രക്കാരുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ മിക്കപ്പോഴും യാത്രയെത്തന്നെ ബാധിക്കുന്ന വിധത്തിലേക്ക് വളരുകയാണെന്ന് 2017ല്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സ് വിലയിരുത്തിയിരുന്നു. മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കി അറസ്റ്റിലാകുന്നവരുടെ എണ്ണം 50 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് ബിബിസി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്.

ലോര്‍ഡ്‌സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളങ്ങളിലും പരിസരങ്ങളിലുമുള്ള മദ്യവില്‍പനശാലകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനാണ് പദ്ധതി. 2003ലെ ലൈസന്‍സിംഗ് ആക്ട് നടപ്പാക്കാനുള്ള സാധ്യതകള്‍ തേടും. എയര്‍പോര്‍ട്ട് പബ്ബുകളും ബാറുകളും ഇപ്പോള്‍ ഏതു സമയത്തും തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ട് പ്രവര്‍ത്തന സമയം നിശ്ചയിക്കും. ഹൈസ്ട്രീറ്റ് മദ്യവില്‍പന ശാലകളുടെ പ്രവര്‍ത്തന സമയത്തിനൊപ്പമായിരിക്കും ആ നിയമം നടപ്പായാല്‍ എയര്‍പോര്‍ട്ട് മദ്യശാലകളുടെയും പ്രവര്‍ത്തനം. നിയമം നടപ്പാക്കാനുള്ള ചുമതല കൗണ്‍സിലുകള്‍ക്ക് നല്‍കും.

നിയമ ലംഘനം നടത്തുന്ന മദ്യശാലകള്‍ അടച്ചുപൂട്ടാനുള്ള അധികാരവും കൗണ്‍സിലുകള്‍ക്ക് ലഭ്യമാക്കും. ഈ നീക്കത്തെ സ്വാഗതം ചെയ്യുകാണെന്ന് വിമാനക്കമ്പനികളുടെ പ്രതിനിധികള്‍ പറഞ്ഞു. മദ്യപാനികള്‍ വിമാനങ്ങളില്‍ ബഹളമുണ്ടാക്കുന്ന സംഭവങ്ങള്‍ ഓരോ വര്‍ഷവും വര്‍ദ്ധിച്ചു വരികയാണ്. ഈ പ്രശ്‌നം പരിഹരിക്കാനുള്ള നീക്കങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും എയര്‍ലൈന്‍ യുകെ ചീഫ് എക്‌സിക്യൂട്ടീവ് ടിം ഓള്‍ഡര്‍സ്ലേഡ് പറഞ്ഞു.

യോര്‍ക്ക്ഷയര്‍: വിന്റര്‍ ക്രൈസിസില്‍ രോഗികളാല്‍ നിറഞ്ഞു കവിഞ്ഞ എന്‍എച്ച്എസ് ആശുപത്രികള്‍ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളെ അനുസ്മരിപ്പിക്കുന്നു. കിടക്കകള്‍ ലഭിക്കാത്തതിനാല്‍ രോഗികളെ നിലത്ത് കിടത്തി ചികിത്സിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നു. വെസ്റ്റ് യോര്‍ക്ക്ഷയറിലെ വേക്ക്ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന പിന്‍ഡര്‍ഫീല്‍ഡ്‌സ് ഹോസ്പിറ്റലിലാണ് രോഗിയെ നിലത്ത് കിടത്തി ചികിത്സിച്ചത്. ഒരു വീല്‍ ചെയറിന് സമീപം രോഗികള്‍ക്ക് നല്‍കുന്ന ഗൗണ്‍ ധരിച്ചയാള്‍ നിലത്ത് കിടക്കുന്നതാണ് ഒരു ചിത്രം. മറ്റൊന്നില്‍ നിലത്ത് കിടക്കുന്ന ഒരാള്‍ക്ക് ഡ്രിപ്പ് നല്‍കിയിരിക്കുന്നതും കാണാം. തന്റെ കോട്ട് മടക്കിയാണ് ഇയാള്‍ തല ഉയര്‍ത്തിവെച്ചിരിക്കുന്നത്. വിന്റര്‍ ക്രൈസിസിന്റെ രൂക്ഷത വ്യക്തമാക്കുന്ന ചിത്രങ്ങളാണ് പുറത്തു വന്നത്.

57കാരിയായ ഒരു സ്ത്രീ പകര്‍ത്തിയ ഈ ചിത്രങ്ങള്‍ ബേറ്റ്‌ലി ആന്‍ഡ് സ്‌പെന്‍ എംപിയായ ട്രേസി ബാര്‍ബിന് അയച്ചു നല്‍കുകയായിരുന്നു. ജയിലുകളേക്കാള്‍ മോശമാണ് ആശുപത്രികളുടെ അവസ്ഥയെന്നാണ് പേര് വെളിപ്പെടുത്താത്ത ഈ സ്ത്രീ പറഞ്ഞത്. ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സിയിലും ക്രിസ്തുമസ് കാലത്തും മാത്രമല്ല, ആശുപത്രിയില്‍ ഇത് സ്ഥിരം സംഭവമാണെന്നും അവര്‍ പറഞ്ഞു. കസേരകളില്‍ പോലും രോഗികള്‍ വിറച്ചുകൊണ്ട് ഇരിക്കുന്നത് കാണാം. ജയിലുകളില്‍ പോലും നിങ്ങള്‍ക്ക് ഒരു പുതപ്പും തലയണയും ലഭിക്കും. 2018ലെങ്കിലും ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെന്നും അവര്‍ പറഞ്ഞു.

ഡോക്ടര്‍മാരെയും നഴ്‌സുമാരെയും എത്ര അഭിനന്ദിച്ചാലും മതിയാകില്ല. അവര്‍ വിശ്രമമില്ലാതെയാണ് ജോലി ചെയ്യുന്നത്. എന്നാല്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ഉള്ളവര്‍ ക്ഷീണിതരായിരിക്കുകയാണ്. തന്റെ ഭര്‍ത്താവിന്റെ ബെഡിന് സമീപം കിടക്കുകയായിരുന്നയാള്‍ക്ക് തണുപ്പ് സഹിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഒരു ട്രോളിയെങ്കിലും കിട്ടുമോയെന്ന് അയാള്‍ ചോദിച്ചെങ്കിലും ഉണ്ടായിരുന്നില്ല. കുറച്ചു മണിക്കൂറുകള്‍ കൂടി അയാള്‍ക്ക് നിലത്തി കിടക്കേണ്ടി വന്നു. ആളുകള്‍ അയാള്‍ക്ക് മുകളിലൂടെയാണ് നടന്നു പോയിക്കൊണ്ടിരുന്നതെന്നും അവര്‍ വ്യക്തമാക്കി. ആശുപത്രി ഇടനാഴികളില്‍ ട്രോളി ബെഡുകളില്‍ രോഗികളെ കിടത്തിയിരിക്കുന്നതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്.

ലണ്ടന്‍: മുട്ടയും ബേക്കണും അടങ്ങിയ ബ്രിട്ടീഷ് ബ്രേക്ക്ഫാസ്റ്റ് ഗര്‍ഭിണികള്‍ സ്ഥിരമായി കഴിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കുമെന്ന് പഠനം. 24 കുട്ടികളില്‍ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്. മുട്ടയിലും ബേക്കണിലും സമൃദ്ധമായി കാണപ്പെടുന്ന കോളിന്‍ എന്ന പ്രോട്ടീനാണ് കുട്ടികളുടെ ഐക്യു വര്‍ദ്ധിപ്പിക്കുന്നത്. ഗര്‍ഭത്തിന്റെ അവസാന മൂന്ന് മാസങ്ങളില്‍ ഈ ബ്രേക്ക്ഫാസ്റ്റ് കഴിച്ചവരുടെ കുട്ടികളിലെ ഐക്യു നിരക്ക് ഉയര്‍ന്നതാണെന്ന് കണ്ടെത്തി. വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിലെ വേഗത ഇവരില്‍ മികച്ചതാണ്. ഉയര്‍ന്ന ബുദ്ധിശക്തിയുടെ സൂചകമാണ് ഇത്.

എലികളില്‍ ഈ സവിഷേത നേരത്തേ തന്നെ കണ്ടെത്തിയിരുന്നു. മനുഷ്യരില്‍ ആദ്യമായാണ് കോളിന്‍ ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കുമെന്ന കാര്യം സ്ഥിരീകരിക്കുന്നത്. ഈ പഠനത്തിന്റെ പശ്ചാത്തലത്തില്‍ ദൈനംദിന ഭക്ഷണത്തില്‍ എത്രമാത്രം കോളിന്‍ ഉള്‍പ്പെടുത്താമെന്നത് സംബന്ധിച്ച് മാനദണ്ഡങ്ങള്‍ പുതുക്കണമെന്ന് ന്യൂയോര്‍ക്ക്, കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ.മാരി കോഡില്‍ പറഞ്ഞു. ഈ പോഷകത്തിന് ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഗുണഫലങ്ങളുണ്ട്. ഫ്രൈ അപ്പുകള്‍ ആരോഗ്യകരമായ ഭക്ഷണമല്ലെന്നാണ് പൊതുവെ പറയാറുള്ളത്. അതേസമയം, ബേക്കണിലും മുട്ടയുടെ മഞ്ഞയിലും കോളീന്‍ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്.

ചിക്കന്‍, മീന്‍, പാല്‍, അണ്ടിപ്പരിപ്പുകള്‍, പച്ചക്കറികള്‍ എന്നിവയില്‍ വളരെ കുറഞ്ഞ തോതിലേ ഇത് അടങ്ങിയിട്ടുള്ളൂ. ഗര്‍ഭകാലത്ത് കോളിന്‍ അത്യാവശ്യ പോഷകമാണെങ്കിലും ദിവസവും നിര്‍ദേശിക്കപ്പെട്ടിട്ടുള്ള 450 മില്ലിഗ്രാമില്‍ കൂടുതല്‍ ആരും കഴിക്കാറില്ല. കൊഴുപ്പും കൊളസ്‌ട്രോളും അധികമാണെന്നതിനാല്‍ മുട്ടയും ബേക്കണ്‍ പോലെയുള്ള റെഡ് മീറ്റും അധികം കഴിക്കാത്തതാണ് കാരണം. കോളിന്‍ അധികമടങ്ങിയ ഭക്ഷണങ്ങള്‍ക്ക് ഇപ്പോള്‍ മോശം പേരാണ് ഉള്ളതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

ന്യൂസ് ഡെസ്ക്

യുകെയിലെ ഹോളിഡേ ഇൻ ഹോട്ടൽ  ഗ്രൂപ്പ് ഹിന്ദു മതവികാരം വ്രണപ്പെടുത്തിയതായി ആരോപണം. ഹോളിഡേ ഇന്നിന്റെ മെനുവിലാണ് ഹോളി കൗ കറി പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ വില 15.75 പൗണ്ടാണ്. റൈസും നാൻ ബ്രെഡും ചട്നിയും ഹോളി കൗ കറിയോടൊപ്പം സേർവ് ചെയ്യുമെന്നു മെനുവിൽ പറയുന്നു. ഹോളി കൗ എന്ന ബ്രാൻഡ് നെയിമുള്ള കമ്പനിയാണ് ഹോളിഡേ ഇന്നിന് കറി സോസ് സപ്ളെ ചെയ്യുന്നത്.

പശുവിനെ പരിശുദ്ധമായി ആരാധിക്കുന്ന ഹിന്ദുക്കളെ അപമാനിക്കുന്നതാണ് കറിയുടെ പേരെന്ന് പരാതി ഉന്നയിച്ച ഹിന്ദു മത പുരോഹിതനായ ദിൽപേഷ് കൊട്ടേച്ച പറയുന്നു. കറി സോസ് പായ്ക്കറ്റിന്റെ പുറത്ത് പശുവിന്റെ തലയുടെ പടവും കൊടുത്തിട്ടുണ്ട്. ഇത് കമ്പനിയുടെ ട്രേഡ് മാർക്ക് സിംബൽ ആണ്. ലെസ്റ്ററിലെ ഒരു ഹോളിഡേ ഇന്നിലാണ് താൻ ഹോളി കൗ കറി കണ്ടത് എന്ന് 44 കാരനായ ദിൽപേഷ് പറഞ്ഞു.  ഹോളിഡേ ഇൻ സ്റ്റാഫിനോട് പരാതി പറഞ്ഞെങ്കിലും അവർ അതിനെ തമാശയായി കണ്ട് ചിരിച്ചു തള്ളുകയായിരുന്നു എന്ന് അദ്ദേഹം പറയുന്നു. ഹോളിഡേ ഇൻ ഈ കറി മെനുവിൽ നിന്ന് നീക്കം ചെയ്യണമെന്നും ക്ഷമാപണം നടത്തണമെന്നും ദിൽപേഷ് ആവശ്യപ്പെട്ടു.

ഹോളിഡേ ഇന്നിന് കറി സപ്ളെ ചെയ്യുന്ന ഹോളി കൗ കമ്പനി ഉടമ ബ്രിട്ടനിലെ ഹിന്ദു സമുദായത്തിൽ പെട്ട ആളാണ്. ഫാമിലി ബിസിനസായി നടത്തുന്ന ഹോളി കൗ കമ്പനിയുടെ ഉടമ അനു ശർമ്മയാണ്. കമ്പനിയുടെ ബ്രാൻഡ് നെയിം ആർക്കെങ്കിലും ബുദ്ധിമുട്ട് സൃഷ്ടിച്ചതിൽ ഖേദിക്കുന്നതായി അവർ പറഞ്ഞു.

ലണ്ടന്‍: വിന്ററില്‍ നിറഞ്ഞു കവിയുന്ന ആശുപത്രികള്‍ കുട്ടികളുടെ വാര്‍ഡുകളിലും മുതിര്‍ന്ന രോഗികളെ പ്രവേശിപ്പിക്കുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വിന്റര്‍ പ്രതസന്ധിയാണ് എന്‍എച്ച്എസ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. മൂന്ന് ആശുപത്രികള്‍ കുട്ടികളുടെ വാര്‍ഡുകള്‍ മുതിര്‍ന്നവര്‍ക്കായി തുറന്നു കൊടുത്തുവെന്നാണ് ഇന്‍ഡിപ്പെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വാര്‍ഡുകളില്‍ മുതിര്‍ന്നവരെ പ്രവേശിപ്പിക്കുന്നത് കുട്ടികള്‍ക്ക് ദോഷകരമാകുമോ എന്ന് മാനേജര്‍മാര്‍ ചോദിച്ചത് പീഡിയാട്രിക് അതിശയത്തോടെയാണ് കേട്ടതെന്ന് ഒരു പീഡിയാട്രിക് കണ്‍സള്‍ട്ടന്റ് പറഞ്ഞു.

വരും ദിവസങ്ങളിലും തുടരാനിടയുള്ള ശീതകാലാവസ്ഥ എന്‍എച്ച്എസിന്റെ സ്ഥിതി കൂടുതല്‍ മോശമാക്കുമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കുന്നു. സറേയിലെ എപ്‌സം ആന്‍ഡ് സെന്റ് ഹേലിയര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ട്രസ്റ്റാണ് കുട്ടികള്‍ക്കുള്ള വാര്‍ഡുകള്‍ മുതിര്‍ന്നവര്‍ക്കായി തുറന്നുകൊടുത്ത ട്രസ്റ്റുകളില്‍ ഒന്ന്. ക്വീന്‍ മേരീസ് കുട്ടികളുടെ ആശുപത്രിയിലെ ഡേ സര്‍ജറി ഏരിയയാണ് ട്രസ്റ്റ് മുതിര്‍ന്നവര്‍ക്കായി തുറന്നുകൊടുത്തത്.

രോഗികള്‍ നിറഞ്ഞു കവിഞ്ഞതിനാല്‍ ഈ ആശുപത്രി ബ്ലാക്ക അലര്‍ട്ട് നല്‍കുകയും ചെയ്തു. എന്നാല്‍ കുട്ടികളെയും മുതിര്‍ന്നവരെയും വ്യത്യസ്ത സ്ഥലങ്ങളിലാണ് ചികിത്സിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. ഇവക്കിടയില്‍ സുരക്ഷാ വാതിലുകളും ക്രമീകരിച്ചിട്ടുണ്ട്. ബ്ലാക്ക്പൂള്‍ വിക്ടോറിയ ഹോസ്പിറ്റലിലെ മുതിര്‍ന്ന കുട്ടികളുടെ വാര്‍ഡ് മുതിര്‍ന്നവര്‍ക്കായി തുറന്നു നല്‍കിയിരിക്കുകയാണ്.

RECENT POSTS
Copyright © . All rights reserved