ലണ്ടന്‍: അവയവമാറ്റ ശസ്ത്രക്രിയകളെ ബ്രെക്‌സിറ്റ് ദോഷകരമായി ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പ്. വിമാനത്താവളങ്ങളിലും അതിര്‍ത്തികളിലും വരാനിടയുള്ള കാലതാമസം രോഗികളിലേക്ക് ദാനമായി ലഭിച്ച അവയവങ്ങള്‍ എത്തിക്കാന്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. അവയവങ്ങള്‍ ലഭിച്ചാല്‍ അവ എത്രയും വേഗം ശസ്ത്രക്രിയകള്‍ നടക്കുന്നയിടങ്ങളിലേക്ക് എത്തിക്കുകയാണ് വേണ്ടത്. സമയബന്ധിതമായി നടക്കുന്ന ഇത്തരം ശസ്ത്രക്രിയകളെ കാലതാമസം ബാധിച്ചേക്കുമെന്നാണ് എംപിമാരും എംഇപിമാരും മുന്നറിയിപ്പ് നല്‍കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടെ നടന്ന ആയിരത്തോളം ജീവന്‍രക്ഷാ അവയവ മാറ്റ ശസ്ത്രക്രിയകളില്‍ അവയവങ്ങള്‍ എത്തിയത് അയര്‍ലന്‍ഡ് യുകെ അതിര്‍ത്തി കടന്നാണെന്ന് വിവരാവകാശ നിയമം വഴി ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു.

അതേസമയം ബ്രെക്‌സിറ്റിലെ രാഷ്ട്രീയ ഒത്തുതീര്‍പ്പുകള്‍ എന്താണെങ്കിലും അവയവങ്ങള്‍ കൈമാറ്റം ചെയ്യുന്നതില്‍ നിലവിലുള്ള അതേ വ്യവസ്ഥകള്‍ തുടരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നാണ് കൈമാറ്റങ്ങളുടെ ചുമതലയുള്ള എന്‍എച്ച്എസ് സമിതി പറയുന്നത്. ഇത്തരം കൈമാറ്റങ്ങള്‍ ലളിതമാക്കാനുള്ള വ്യവസ്ഥകള്‍ ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ ഇനിയും ഉരുത്തിരിയേണ്ടിയിരിക്കുന്നു. അയര്‍ലന്‍ഡിലെ 692 ദാതാക്കളില്‍ നിന്നുള്ള 1068 അവയവങ്ങളാണ് ബ്രിട്ടനിലുള്ളവര്‍ക്ക് കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കിടെ മാറ്റിവെച്ചത്. ഇതിലൂടെ യുകെയിലേക്കുള്ള ഏറ്റവും വലിയ ദാതാവായി അയര്‍ലന്‍ഡ് മാറിയിരിക്കുകയാണ്. അവയവ കൈമാറ്റങ്ങള്‍ വളരെ സൂക്ഷിച്ച് ചെയ്യേണ്ടവയായതിനാല്‍ വിമാനത്താവളങ്ങള്‍ വഴി പോലീസ് അകമ്പടിയോടെയാണ് ഇവ നടന്നു വരുന്നത്.

സിംഗിള്‍ മാര്‍ക്കറ്റ് എന്നത് വ്യാപാരത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ജീവരക്ഷയ്ക്കായുള്ള രക്തം, അവയവങ്ങള്‍ എന്നിവ സുരക്ഷിതമായും വേഗത്തിലും എത്തിക്കാനുള്ള സംവിധാനം കൂടിയാണെന്ന് ലിബറല്‍ ഡെമോക്രാറ്റ് എംഇപി കാതറീന്‍ ബിയേര്‍ഡര്‍ പറയുന്നു. ബ്രെക്‌സിറ്റും ദൈര്‍ഘ്യമേറുന്ന കസ്റ്റംസ് പരിശോധനകളും അവയവ കൈമാറ്റങ്ങളെ അപകടത്തിലാക്കുമെന്നും അവര്‍ പറഞ്ഞു. പുതിയ സംവിധാനം നിലവില്‍ വരുമ്പോള്‍ അവയവ കൈമാറ്റങ്ങളെ അവ ബാധിക്കാത്ത വിധത്തില്‍ സജ്ജീകരിക്കണമെന്ന് കോമണ്‍സ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ സെലക്റ്റ് കമ്മിറ്റിയംഗം ബെന്‍ ബ്രാഡ്‌ഷോയും ആവശ്യപ്പെട്ടു.