Main News

ഇന്ന് രാവിലെ എം1ല്‍ ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി ഉയർന്നു. മിനിബസ് ഓടിച്ചിരുന്ന നോട്ടിങ്ഹാമിലുള്ള മലയാളിയായ ബെന്നിയും മരിച്ചവരിൽ പെടുന്നു. കൂടുതൽ വിവരങ്ങൾ വെളിവായിട്ടില്ല.  രണ്ട് ലോറിയും ഒരു മിനി ബസും ഉള്‍പ്പെട്ട അപകടമാണ് ഉണ്ടായത്. ജംഗ്ഷൻ പതിനഞ്ചിനും പതിനാലിനും മദ്ധ്യേ ഒരേ ദിശയിൽ സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനങ്ങൾ ആണ് അപകടത്തിൽപ്പെട്ടത്. മിനി ബസ് നോട്ടിംഗ്ഹാം നിന്നും ആണ് പുറപ്പെട്ടതായി ബിബിസി റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌.  ഇന്ന് വെളുപ്പിന് മൂന്നേകാൽ മണിയോടെ ആയിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ പരിക്കുപറ്റിയവരെ ആംബുലന്‍സ് എത്തി ആശുപത്രിയിലേക്ക് മാറ്റി.

അപകടകരമായ ഡ്രൈവിംഗിലൂടെ ആക്സിഡന്റ് ഉണ്ടാക്കിയതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി തെംസ് വാലി പോലീസ് അധികൃതര്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് എം1 അടച്ചിരിക്കുകയാണ്. ഇത് വഴി യാത്ര പ്ലാന്‍ ചെയ്തിരുന്നവര്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്ന് പോലീസ് അറിയിക്കുന്നു. ബ്രിട്ടീഷ് മോട്ടോ ജിപി കാണുവാനായി സിൽവർ സ്റ്റോണിലേക്കു സഞ്ചരിക്കുന്നവർ എം വൺ ഒഴിവാക്കി സഞ്ചരിക്കണമെന്ന് ഹൈവേ ഏജൻസി അറിയിച്ചതായി റിപ്പോർട്ട് ചെയ്യുന്നു.

ഇന്ന് രാവിലെ എം1ല്‍ ഉണ്ടായ അപകടത്തില്‍ നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. രണ്ട് ലോറിയും ഒരു മിനി ബസും ഉള്‍പ്പെട്ട അപകടമാണ് ഉണ്ടായത്. അപകടത്തില്‍ മിനി ബസില്‍ ഉണ്ടായിരുന്ന മൂന്നിലധികം ആളുകള്‍ മരണപ്പെട്ടതായാണ്‌ പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ന് വെളുപ്പിന് മൂന്ന് മണിയോടെ ആയിരുന്നു അപകടം സംഭവിച്ചത്. മിനി ബസില്‍ ഉണ്ടായിരുന്നവരെ ആംബുലന്‍സ് എത്തി ആശുപത്രിയിലേക്ക് മാറ്റി.

അപകടകരമായ ഡ്രൈവിംഗിലൂടെ ആക്സിഡന്റ് ഉണ്ടാക്കിയതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി തെംസ് വാലി പോലീസ് അധികൃതര്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് എം1 അടച്ചിരിക്കുകയാണ്. ഇത് വഴി യാത്ര പ്ലാന്‍ ചെയ്തിരുന്നവര്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്ന് പോലീസ് അറിയിക്കുന്നു.

ന്യൂഡല്‍ഹി: കോടിക്കണക്കിന് ഇന്ത്യന്‍ പൗരന്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ അടങ്ങിയ ആധാര്‍ വിവരങ്ങള്‍ അമേരിക്കന്‍ ചാരസംഘടനയായ സിഐഎ ചോര്‍ത്തിയെന്ന് വിക്കിലീക്ക്‌സ്. ക്രോസ് മാച്ചിംഗ് ടെക്‌നോളജി എന്ന കമ്പനിയുടെ സഹായത്തോടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയെടുത്തു എന്ന ആരോപണമാണ് വിക്കിലീക്ക്‌സ് ഉന്നയിക്കുന്നത്. സിഐഎയ്ക്ക് സാങ്കേതിക സഹായം നല്‍കുന്ന കമ്പനിയാണ് ഇത്.

ആധാര്‍ അനുവദിക്കുന്ന യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ എന്ന യുഐഡിഎഐക്ക് ഈ അമേരിക്കന്‍ കമ്പനി സാങ്കേതിക സഹായം നല്‍കുന്നുണ്ട്. ബയോമെട്രിക് സൊല്യൂഷനിലാണ് സാങ്കേതിക സഹായം. 115 കോടി പൗരന്‍മാര്‍ക്കാണ് ഇന്ത്യയില്‍ ആധാര്‍ കാര്‍ഡ് ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് വിക്കിലീക്ക്‌സ് ഈ ആരോപണം ഉന്നയിച്ചത്. എന്നാല്‍ യുഐഡിഎഐ ഇത് നിഷേധിച്ചു. സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വിധിക്കുകയും ആധാറും സ്വകാര്യതയും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ പൗരന്‍മാരുടെ ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടെ സിഐഎ ചോര്‍ത്തിയെന്ന ആരോപണം ഉയരുന്നത്.

ലണ്ടന്‍: ബജറ്റ് സൂപ്പര്‍മാര്‍ക്കറ്റായ അല്‍ഡിയില്‍ ഷോപ്പിംഗിനെത്തിയവരില്‍ നിന്ന് ഇരട്ടിത്തുക ഈടാക്കിയതായി സൂചന. ആഗസ്റ്റ് 4നും 7നുമിടയില്‍ ഇവിടെനിന്ന് ഷോപ്പിംഗ് നടത്തിയവരുടെ അക്കൗണ്ടില്‍ നിന്ന് ഈടാക്കിയ തുക ആഗസ്റ്റ് 24ന് വീണ്ടും ഈടാക്കിയതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. അതായത് ഒരു ഷോപ്പിംഗിന് രണ്ട് തവണ തുക ഈടാക്കിയിരുക്കുന്നു. സാങ്കേതികപ്പിഴവാണ് ഇതിനു കാരണമെന്നാണ് അല്‍ഡി നല്‍കുന്ന വിശദീകരണം. മിഡ്‌ലാന്‍ഡ്‌സിലെ ചില സ്റ്റോറുകളില്‍ നിന്ന് പര്‍ച്ചേസുകള്‍ നടത്തിയവരുടെ പണമാണ് കൂടുതലായി നഷ്ടമായത്. എല്ലാവര്‍ക്കും പണം 24 മണിക്കൂറിനുള്ളില്‍ തിരികെ നല്‍കിയതായി കമ്പനി വക്താവ് പറഞ്ഞു.

ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നതായും പ്രശ്‌നം പരിഹരിക്കപ്പെട്ടതായും വക്താവ് അറിയിച്ചു. കൂടുതല്‍ സഹായം ആവശ്യമുള്ളവര്‍ക്ക് തങ്ങളുടെ കസ്റ്റമര്‍ സര്‍വീസ് ടീമിനെ സമീപിക്കാമെന്നും അല്‍ഡി അറിയിക്കുന്നു. പണം തിരികെ നല്‍കിയെങ്കിലും ചിലര്‍ക്ക് അത് ലഭിച്ചില്ലെന്ന പരാതികളും ഉയരുന്നുണ്ട്. അത്തരക്കാര്‍ സൂപ്പര്‍മാര്‍ക്കറ്റിനെ നേരിട്ട് സമീപിക്കണം. ഓവര്‍ഡ്രാഫ്‌റ്റോ മറ്റു വിധത്തിലുള്ള ബാങ്കിംഗ് ഫീസുകളോ മൂലമാണോ പണം ലഭിക്കാത്തതെന്ന് വ്യക്തമാകണമെങ്കില്‍ അവയുടെ വിവരങ്ങളും നല്‍കേണ്ടി വരും.

എന്നാല്‍ ഇവയ്ക്ക് അധിക ട്രാന്‍സാക്ഷന്‍ ചാര്‍ജുകള്‍ ഈടാക്കുന്നതല്ല. പ്രശ്‌നമുണ്ടായത് ചില സ്റ്റോറുകളില്‍ മാത്രമാണ്. ദേശവ്യാപകമായി ഈ പ്രശ്‌നം ഉണ്ടായിട്ടില്ലെന്നും വക്താവ് വെളിപ്പെടുത്തി. ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ പരിശോധിക്കണമെന്നും കൂടുതല്‍ പണം ഈടാക്കിയതായി സംശയമുണ്ടെങ്കില്‍ സൂപ്പര്‍മാര്‍ക്കറ്റിനെ സമീപിക്കണമെന്നും അല്‍ഡി ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കി.

ലണ്ടന്‍: അമിതവേഗത, മദ്യപിച്ചുള്ള ഡ്രൈവിംഗ്, ഡ്രൈവിംഗിനിടെയുള്ള ഫോണ്‍ ഉപയോഗം എന്നിവ നിയമവിരുദ്ധമാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇവ കൂടാതെ ഡ്രൈവിംഗിനിടെ ചെയ്യാന്‍ പാടില്ലെന്ന് നിയമം നിഷ്‌കര്‍ഷിച്ചിരിക്കുന്ന മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ട്. പിടിക്കപ്പെട്ടാല്‍ അവയേക്കുറിച്ചുള്ള അജ്ഞാനം ശിക്ഷ ലഭിക്കാതിരിക്കുന്നതിന് ന്യായീകരണം ആകുകയുമില്ല. അത്തരത്തിലുള്ള ആറ് കാര്യങ്ങള്‍ പരിചയപ്പെടാം. അവധി ദിവസങ്ങള്‍ വരുന്നതിനാല്‍ ഇക്കാര്യങ്ങള്‍ ഒന്നുകൂടി മനസില്‍ വെക്കുന്നത് നന്നായിരിക്കും.

സാറ്റ്‌നാവ് ഉപയോഗം

മൊബൈല്‍ ഫോണ്‍ ഡ്രൈവിംഗിനിടെ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ആര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ കോളുകള്‍ ചെയ്യാനും മെസേജുകള്‍ നോക്കാനും മാത്രമല്ല നിരോധനമുള്ളത്. ഡ്രൈവിംഗില്‍ സാറ്റ്‌നാവ് ആയി ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്. വാഹനമോടിക്കുമ്പോള്‍ ഫോണില്‍ തൊടാന്‍ ശ്രമിക്കുന്നത് പോലും നിയമവിരുദ്ധമാണ്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ പുതിയ ഐഒഎസ് വേര്‍ഷനില്‍ ഒരു ഡുനോട്ട് ഡിസ്‌റ്റേര്‍ബ് വൈല്‍ ഡ്രൈവിംഗ് മോഡ് ഏര്‍പ്പെടുത്താന്‍ ആപ്പിള്‍ തയ്യാറെടുക്കുന്നതായി വിവരമുണ്ട്. നിശ്ചിത വേഗതയില്‍ കൂടുതല്‍ സഞ്ചരിച്ചാല്‍ ഫോണ്‍ സ്വയം ലോക്ക് ആകുന്ന സംവിധാനമാണ് ഇത്. ഡ്രൈവ് ചെയ്യുകയല്ലെന്ന് സ്ഥിരീകരിച്ചുകൊണ്ട് മാനുവലായി മാത്രമേ ഫോണ്‍ പിന്നീട് അണ്‍ലോക്ക് ചെയ്യാന്‍ സാധിക്കൂ.

മൊബൈല്‍ വാലറ്റുകളുടെ ഉപയോഗം

ആപ്പിള്‍ പേ പോലെയുള്ള മൊബൈല്‍ വാലറ്റുകളുടെ ഉപയോഗം ഇപ്പോള്‍ വര്‍ദ്ധിച്ചു വരികയാണല്ലോ. എന്നാല്‍ വാഹനമോടിക്കുന്നതിനിടെ ഇവ ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. ഫാസ്റ്റ്ഫുഡുകള്‍ വാങ്ങുന്നതിനായി ഡ്രൈവ് ത്രൂകളില്‍ നിര്‍ത്തുമ്പോളായിരിക്കും മൊബൈല്‍ വാലറ്റുകള്‍ സാധാരണ ഉപയോഗിക്കാറുള്ളത്. എന്നാല്‍ എന്‍ജിന്‍ ഓണ്‍ ആണെങ്കില്‍ ഇത് നിയമവിരുദ്ധമാണ്. എന്‍ജിന്‍ ഓഫ് ആണെങ്കില്‍, പാര്‍ക്കിംഗ് ബ്രേക്ക് ഇട്ടിട്ടുണ്ടെങ്കില്‍, പാര്‍ക്ക് ചെയ്തിട്ടുണ്ടെങ്കില്‍ മൊബൈല്‍ വാലറ്റ് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് ജിഎംപി ട്രാഫിക് ഒരു ചോദ്യത്തിന് മറുപടിയായി ട്വീറ്റ് ചെയ്തിട്ടുണ്ട്.

നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തിലെ മൊബൈല്‍ ഉപയോഗം

ഡ്രൈവിംഗ് സീറ്റിലെ മൊബൈല്‍ ഉപയോഗത്തെക്കുറിച്ചുള്ള നിയമങ്ങള്‍ വ്യക്തമാണ്. എന്നാല്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തില്‍ മൊബൈല്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണങ്ങള്‍ ഉണ്ട്. നിങ്ങള്‍ ഒരു ട്രാഫിക് ബ്ലോക്കില്‍ പെട്ടിരിക്കുകയാണെങ്കിലോ, നിങ്ങളുടെ മുന്നിലെ റോഡ് തല്‍ക്കാലത്തേക്ക് അടച്ചിരിക്കുകയാണെങ്കിലോ മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ല. എന്‍ജിന്‍ ഓണ്‍ ആണെങ്കില്‍ നിങ്ങളുടെ കയ്യെത്തുന്ന ഇടങ്ങളില്‍ ഫോണ്‍ ഉണ്ടാകരുതെന്നാണ് നിയമം.

ഹാങ്ങോവറിലുള്ള ഡ്രൈവിംഗ്

തലേരാത്രിയിലെ മദ്യത്തിന്റെ ലഹരി വിട്ടുമാറുന്നതിനു മുമ്പായുള്ള ഡ്രൈവിംഗ് നിങ്ങളെ കുഴപ്പത്തില്‍ ചാടിച്ചേക്കാം. ഒരു ഗ്ലാസ് വൈന്‍ കഴിച്ചാല്‍ പോലും ബ്രത്തലൈസര്‍ പരിശോധനയില്‍ പിടിക്കപ്പെടാന്‍ ഇടയുണ്ട്. അതേപോലെ തന്നെയാണ് ഹാങ്ങോവറിലുള്ള ഡ്രൈവിംഗും. ക്ഷീണവും തലവേദനയും ഡ്രൈവിംഗിനെ ബാധിച്ചേക്കാമെന്നതിനാല്‍ ഇതും ശിക്ഷാര്‍ഹമായ കുറ്റമാണ്.

ആപ്പിള്‍ വാച്ചിന്റെ ഉപയോഗം

വാച്ചുകള്‍ സാധാരണമാണെങ്കിലും സ്മാര്‍ട്ട് വാച്ചുകള്‍ നിങ്ങളുടെ ശ്രദ്ധയെ മാറ്റിയേക്കാം. അതുകൊണ്ടുതന്നെ ഡ്രൈവിംഗിനിടെ ആപ്പിള്‍ വാച്ചുകള്‍ പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്. ഈ വര്‍ഷം അവതരിപ്പിച്ച പുതിയ നിയമം അനുസരിച്ച് 200 പൗണ്ട് പിഴയും 6 പെനാല്‍റ്റി പോയിന്റുകളുമാണ് ഇതിനുള്ള ശിക്ഷ.

ഉയര്‍ന്ന ശബ്ദത്തില്‍ മ്യൂസിക് വെക്കുന്നത്

ഉയര്‍ന്ന ശബ്ദത്തില്‍ കാറിനുള്ളില്‍ മ്യൂസിക് വെക്കുന്നത് പിഴ ലഭിക്കാവുന്ന കുറ്റമാണ്. രാത്രി 10 മണിക്ക് തന്റെ കാറിനുള്ളില്‍ ഉച്ചത്തില്‍ പാട്ട് വെച്ചതിന് മെഴ്‌സിസൈഡ് സ്വദേശിക്ക് 2009ല്‍ ലഭിച്ച ശിക്ഷ വിചിത്രമാണ്. വാഹനത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തി എന്ന ഫിക്‌സഡ് പെനാല്‍റ്റി നോട്ടീസ് ആണ് ഇയാള്‍ക്ക് ലഭിച്ചത്.

ഇവ കൂടാതെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെയുള്ള ഫോണ്‍ ഉപയോഗത്തിനും വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്. ഇന്‍സ്ട്രക്ടര്‍മാരും ഫോണ്‍ ഉപയോഗിക്കരുതെന്നാണ് നിബന്ധന. ഡ്രൈവിംഗിനിടെയുള്ള ഫോണ്‍ ഉപയോഗത്തിന് പിടിക്കപ്പെട്ടാല്‍ ഡ്രൈവ് ചെയ്യുന്നതില്‍് നിന്ന് വിലക്കപ്പെടുകയോ, രണ്ടു വര്‍ഷത്തിനുള്ളിലാണ് ലൈസന്‍സ് ലഭിച്ചതെങ്കില്‍ അത് റദ്ദാക്കപ്പെടുകയോ, 1000 പൗണ്ട് വരെ പിഴ ശിക്ഷ ലഭിക്കുകയോ ചെയ്‌തേക്കാം.

ഇന്നലെ മാഞ്ചസ്റ്ററിലെ വിഥിന്‍ഷായില്‍ നിര്യാതനായ ജോംലാല്‍ ടൈറ്റസിന്‍റെ മരണവാര്‍ത്ത വിശ്വസിക്കാനാവാതെ ഞെട്ടി തരിച്ചിരിക്കുകയാണ് മാഞ്ചസ്റ്റര്‍ മലയാളി സമൂഹം. മരണ കാരണമായേക്കാവുന്ന മാരക അസുഖങ്ങള്‍ ഒന്നുമുണ്ടായിരുന്ന ആളായിരുന്നില്ല 39 വയസ്സ് മാത്രം പ്രായമുള്ള ജോംലാല്‍. ശാരീരികമായി നല്ല സുഖമില്ലാതിരുന്നതിനാല്‍ ഒരാഴ്ചയായി ജോലിക്ക് പോകുന്നുണ്ടായിരുന്നില്ല. അതിന് ഡോക്ടറെ കാണുകയും ചെയ്തിരുന്നു. ഇന്നലെയും ജിപി സര്‍ജറിയില്‍ പോയി ഡോക്ടറെ കാണുകയും ജോലിസ്ഥലത്ത് കൊടുക്കാനുള്ള സിക്ക് നോട്ട് ഡോക്ടറുടെ അടുത്ത് നിന്ന് വാങ്ങുകയും ചെയ്ത ശേഷം തിരികെ വീട്ടിലെത്തിയതായിരുന്നു.

വൈകുന്നേരം നാല് മണിയോടെ ചായ കുടിച്ച ശേഷം കുറച്ച് നേരം കിടക്കാനായി പോയ ജോംലാല്‍ ആറു മണിയായിട്ടും എഴുന്നേല്‍ക്കാതിരുന്നതിനെ തുടര്‍ന്ന് ഭാര്യ ട്രീസ വിളിക്കുമ്പോള്‍ അനക്കമുണ്ടായിരുന്നില്ല. ഉടന്‍ തന്നെ ആംബുലന്‍സ് വിളിക്കുകയും എമര്‍ജന്‍സി സര്‍വീസ് സ്ഥലത്തെത്തുകയും ചെയ്തു. എന്നാല്‍ ഇതിനകം തന്നെ ജോംലാല്‍ മരണമടഞ്ഞിരുന്നു എന്നാണ് വിവരം.

തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം ജോംലാലിന്‍റെ മൃതദേഹം മാഞ്ചസ്റ്റര്‍ ഹോസ്പിറ്റലിലേക്ക് മാറ്റി. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ മരണകാരണം പറയാനാവൂ എന്നാണ് അറിയുന്നത്. ഉറക്കത്തില്‍ ഉണ്ടായ ഹൃദയസ്തംഭനം ആവാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.

വിവരമറിഞ്ഞ് മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ ചാപ്ലയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശ്ശേരി ജോംലാലിന്‍റെ വീട്ടില്‍ എത്തി പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. ജോംലാലിന്‍റെ മരണത്തെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ മലയാളികള്‍ ഒന്നടങ്കം ഇന്നലെ വിഥിന്‍ഷോയലെ വീട്ടില്‍ തടിച്ചു കൂടിയിരുന്നു.

കോതമംഗലം, എലവുപറമ്പ്, പെരുമ്പള്ളിച്ചിറ കുടുംബാംഗമാണ് മരണമടഞ്ഞ ജോംലാല്‍ ടൈറ്റസ്. കഴിഞ്ഞ 14 വര്‍ഷമായി മാഞ്ചസ്റ്ററില്‍ താമസിക്കുന്നു. ഭാര്യ ത്രേസ്യാമ്മ വര്‍ഗ്ഗീസ് (ട്രീസ) ചങ്ങനാശ്ശേരി പുളിങ്കുന്ന് മനയ്ക്കല്‍ കുടുംബാംഗമാണ്. മൂന്ന് വയസ്സുകാരി ട്രീസയാണ് ഏകമകള്‍. മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടിലെ ആല്‍ഫ എല്‍എസ്ജി സകൈ ഷെഫ് കമ്പനിയിലെ ജീവനക്കാരനായിരുന്നു ബോബന്‍. മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോബി കരിങ്കുന്നം, മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് ജയ്സണ്‍ ജോബ്, സെക്രട്ടറി ജിനോ ജോസഫ് എന്നിവരുള്‍പ്പെടെ മാഞ്ചസ്റ്ററിലെ മലയാളി സമൂഹം ഒന്നടങ്കം ആശ്വാസ വാക്കുകളുമായി ബോബന്റെ വീട്ടിലുണ്ട്.

ലണ്ടന്‍: ഡ്രൈവര്‍ലെസ് വാഹനങ്ങളുടെ യുഗമാണ് ഇനി വരാനിരിക്കുന്നത്. ഡ്രൈവറില്ലാതെ ഓടുന്ന കാറുകളുടെ പരീക്ഷണങ്ങള്‍ ലോകത്ത് വിവിധയിടങ്ങളില്‍ നടന്നു വരുന്നു. ഡ്രൈവറില്ലാതെയോടുന്ന ട്രക്കുകളും പരീക്ഷിക്കപ്പെടുന്നുണ്ട്. ഡ്രൈവര്‍ലെസ് ലോറികളുടെ പരീക്ഷണത്തിന് യുകെയിലും കളമൊരുങ്ങുകയാണ്. അടുത്ത വര്‍ഷം മുതല്‍ ഇത്തരം ലോറികളുടെ പരീക്ഷണ ഓട്ടം ആരംഭിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് അനുമതി നല്‍കി. വയര്‍ലെസായി ബന്ധിപ്പിക്കപ്പെട്ട മൂന്ന് ലോറികളുടെ കോണ്‍വോയ്കള്‍ ആയിരിക്കും പരീക്ഷിക്കപ്പെടുക. ഇവയില്‍ മുന്നില്‍ സഞ്ചരിക്കുന്ന ലോറിയുടെ നിയന്ത്രണത്തിലായിരിക്കും മറ്റു ലോറികള്‍.

അടുത്തടുത്തായാണ് ഇവ സഞ്ചരിക്കുക. മുന്നിലുള്ള ലോറി വായുപ്രതിരോധത്തെ ഇല്ലാതാക്കുന്നതിനാല്‍ പിന്നാലെ വരുന്നവയ്ക്ക് അത്രയും ഇന്ധനക്ഷമത ലഭിക്കുകയും വായു മലിനീകരണം കുറയുകയും ചെയ്യും. യൂറോപ്പിലും അമേരിക്കയിലും ഇത്തരം പരീക്ഷണങ്ങള്‍ ഒട്ടേറെ നടന്നിട്ടുണ്ടെങ്കിലും യുകെയിലെ മോട്ടോര്‍വേകളില്‍ സെല്‍ഫ് ഡ്രൈവിംഗ് ലോറികള്‍ പ്രായോഗികമാകുമോ എന്ന സംശയം വിദഗ്ദ്ധര്‍ ഉന്നയിച്ചിരുന്നു. അടുത്ത വര്‍ഷം അവസാനത്തോടെ ട്രയലുകള്‍ ആരംഭിക്കാനാണ് പദ്ധതി. ഇതിനായി 8.1 ദശലക്ഷം പൗണ്ട് സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്.

പരീക്ഷണത്തില്‍ പങ്കെടുക്കുന്ന ലോറികളില്‍ ഒരു ഡ്രൈവറുടെ സാന്നിധ്യം എല്ലായ്‌പോഴും നിലനിര്‍ത്തും. അടിയന്തര സാഹചര്യങ്ങളില്‍ നിയന്ത്രണം ഏറ്റെടുക്കുന്നതിനായാണ് ഇത്. ജീവിതനിലവാരത്തിന് പുരോഗതിയുണ്ടാക്കുന്ന സാങ്കേതികവിദ്യ എന്ന നിലയ്ക്കാണ് ഇതില്‍ നിക്ഷേപം നടത്തുന്നതെന്ന് ഗതാഗത മന്ത്രി പോള്‍ മാന്‍യാര്‍ഡ് പറഞ്ഞു. ഇത് സുരക്ഷിതമാണോ എന്നും നമ്മുടെ റോഡുകള്‍ക്ക് അനുയോജ്യമാണോ എന്നും അറിയേണ്ടതുണ്ട്. അതിനാണ് ട്രയലുകള്‍ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ലണ്ടന്‍: നിരവധി തവണ ബലാല്‍സംഗത്തിന് ഇരയായിട്ടുണ്ടെന്ന് തെറ്റായ അവകാശവാദം ഉന്നയിച്ച യുവതിക്ക് 10 വര്‍ഷം തടവ്. ജെമ്മ ബീല്‍ എന്ന യുവതിയെയാണ് കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് സൗത്ത്‌വാര്‍ക്ക് ക്രൗണ്‍ കോടതി തടവുശിക്ഷ നല്‍കിയത്. നാല് സംഭവങ്ങളിലായി അപരിചിതരായ ആറ് പേര്‍ തന്നെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും 9 പേര്‍ ബലാല്‍സംഗം ചെയ്തിട്ടുണ്ടെന്നുമാണ് ഇവര്‍ പരാതി നല്‍കിയത്. മൂന്നു വര്‍ഷത്തിനിടെ നടന്നുവെന്ന് ആരോപിക്കപ്പെട്ട സംഭവങ്ങളില്‍ പ്രതിസ്ഥാനത്തുള്ളവരെല്ലാവരും അപരിചിതരായിരുന്നു.

കോടതിയില്‍ കള്ളസാക്ഷ്യം പറഞ്ഞതിനും കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനും ജെമ്മ ബീല്‍ കുറ്റക്കാരിയാണെന്ന് ജൂലൈയില്‍ കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ കള്ളം പറയുന്നതില്‍ വിദഗ്ദ്ധയാണെന്നും ഇരയാണെന്ന് അവകാശപ്പെടുന്നതില്‍ ആനന്ദം കണ്ടെത്തുകയാണെന്നും കോടതി പറഞ്ഞു. വ്യാജമായ ഇരവാദമാണ് ഇവര്‍ ഉന്നയിക്കുന്നതെന്ന് പ്രോസിക്യൂഷന്‍ വിശദീകരിച്ചിട്ടുണ്ടെന്നും വിധിന്യായത്തില്‍ ജഡ്ജി നിക്കോളാസ് ലോറെയ്ന്‍ സ്മിത്ത് പറഞ്ഞു. ഇവരുടെ കേസില്‍ അന്വേഷണത്തിനു മാത്രം രണ്ടര ലക്ഷം പൗണ്ട് ചെലവായി. വിചാരണയ്ക്ക് 1,09,000 പൗണ്ട് ചെലവായിട്ടുണ്ടെന്നും പ്രോസിക്യൂട്ടര്‍ മാഡലിന്‍ മൂര്‍ പറഞ്ഞു.

ഇപ്പോളും താന്‍ നിരപരാധിയാണെന്ന നിലപാടാണ് ബീല്‍ സ്വീകരിച്ചിരിക്കുന്നത്. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഇവരുടെ അഭിഭാഷകന്‍ അറിയിച്ചു. ഇത്തരത്തില്‍ വ്യാജ അവകാശവാദങ്ങള്‍ ബലാല്‍സംഗക്കേസുകളില്‍ ഉന്നയിക്കുന്നത് ചിലപ്പോള്‍ പിന്നീട് വരുന്ന കേസുകളെ ബാധിക്കാനിടയുണ്ടെന്നും അതുവഴി കുറ്റക്കാര്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നും കോടതി ഓര്‍മിപ്പിച്ചു.

അജിത് പാലിയത്ത്

നോര്‍ത്താംപ്റ്റന്‍ഷയറിലെ കെറ്ററിങില്‍ നിന്നും ഒരു ജിസിഎസ്ഇ വിജയഗാഥ. കെറ്ററിംഗ് സയന്‍സ് അക്കാഡമിയില്‍ പഠിച്ച പ്രണവ് സുധീഷ് എന്ന കൊച്ചുമിടുക്കനാണ് ‘ഏഴ് എ സ്റ്റാറും, മൂന്ന് എ ഗ്രേഡും രണ്ടു ഗ്രേഡ് 9 ഉം, ഒരു ഗ്രേഡ് 8 ഉം നേടി ഇക്കുറി നടന്ന ജിസിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം കൊയ്തത്. യുകെയിലെ അറിയപ്പെടുന്ന കലാ സാംസ്‌കാരിക സംഗീത കൂട്ടായ്മയായ ട്യൂണ്‍ ഓഫ് ആര്‍ട്‌സ് യൂകെയ്ക്ക് ഇത് തികച്ചും അഭിമാനത്തിന്റെ നിമിഷം കൂടിയാണ്. ഈ കൂട്ടായമയിലെ അംഗമായ സുധീഷ് വാസുദേവന്റെയും ബിന്ദുവിന്റെയും മകനാണ് ഈ മിടുക്കന്‍.

ചെറുപ്പം മുതല്‍ പഠനത്തിലും മറ്റ് കലാസാംസ്‌കാരിക പരിപാടികളിലും മികച്ച വിജയങ്ങള്‍ നേടുവാന്‍ പ്രണവിന് സാധിച്ചിട്ടുണ്ട്. കോട്ടയം കറുകച്ചാല്‍ സ്വദേശിയായ അച്ഛന്‍ സുധീഷ് മോറിസണ്‍ കമ്പനിയില്‍ ജോലിനോക്കുന്നു. പാലാ ചേര്‍പ്പുങ്കല്‍ സ്വദേശിയായ ബിന്ദു കെറ്ററിങ് ജനറല്‍ ഹോസ്പിറ്റലില്‍ നേഴ്‌സ് ആയി ജോലി ചെയ്യുന്നു. സഹോദരന്‍ രോഹിത് സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്നു. തുടര്‍ന്നുള്ള എ ലെവല്‍ പഠനത്തിന് ശേഷം ഡോക്ടറാകുവാനാണ് പ്രണവിന് താല്‍പ്പര്യം.

ചോദ്യങ്ങള്‍ കൂടുതല്‍ കഠിനമാക്കി പുതിയ രീതിയില്‍ ഈ പ്രാവശ്യം നടന്ന ജിസിഎസ്ഇ പരീക്ഷയില്‍ താന്‍ സംതൃപ്തനാണെന്ന് പ്രണവ് പറഞ്ഞു. പരീക്ഷയിലെ ഈ ഉന്നത വിജയത്തില്‍ തന്റെ ഗുരുക്കന്മാരോടും മാതാപിതാക്കളോടും ഈശ്വരനോടും കടപ്പെട്ടിരിക്കുന്നുവെന്ന് പ്രണവ് പറയുന്നു.

ലണ്ടന്‍: പരീക്ഷാ സമ്പ്രദായത്തില്‍ വരുത്തിയ മാറ്റം മൂലം ജിസിഎസ്ഇയില്‍ മികച്ച സ്‌കോര്‍ കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കാര്യമായ കുറവ്. ഇംഗ്ലീഷ്, കണക്ക് എന്നീ വിഷയങ്ങളിലാണ് ഇത്തവണ മാറ്റങ്ങള്‍ വരുത്തിയിരുന്നത്. കുറഞ്ഞത് സി അല്ലെങ്കില്‍ 9 ഗ്രേഡ് നേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇംഗ്ലണ്ടില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഗ്രേഡ് നേടിയവര്‍ 66.1 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം 66.5 ശതമാനമായിരുന്നു നിരക്ക്. എന്നാല്‍ പരീക്ഷയില്‍ പങ്കെടുക്കുന്ന മുതിര്‍വരും പ്രായം കുറഞ്ഞവരുമായ വിദ്യാര്‍ത്ഥികളുടെ പ്രകടനം ദേശീയതലത്തിലുള്ള ചിത്രത്തെ മാറ്റിമറിക്കുന്നതാണെന്ന വിശദീകരണമാണ് പരീക്ഷാ ബോര്‍ഡ് നല്‍കുന്നത്.

ഹിസ്റ്ററി, കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മോശം റിസല്‍ട്ടാണ് ഈ വര്‍ഷം ഉണ്ടായത്. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഇത്തവണ പരീക്ഷയില്‍ പങ്കെടുത്തതും വിജയശതമാനത്തില്‍ ഇടിവുണ്ടാകാന്‍ കാരണമായെന്ന വിശദീകരണവും അധികൃതര്‍ നല്‍കുന്നു. ഇംഗ്ലീഷ് ലാംഗ്വേജ്, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, കണക്ക് എന്നീ വിഷയങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ഗ്രേഡായ 9 നേടിയവര്‍ ഇംഗ്ലണ്ടില്‍ മാത്രം 51,000 വിദ്യാര്‍ത്ഥികളുണ്ട്. പരീക്ഷ എഴുതിയവരില്‍ 3.5 ശതമാനത്തിനു മാത്രമാണ് കണക്കില്‍ 9 ഗ്രേഡ് ലഭിച്ചത്.

3.2 ശതമാനത്തിന് ഇംഗ്ലീഷ് ലിറ്ററേച്ചറിലും 2.2 ശതമാനത്തിന് ഇംഗ്ലീഷ് ലാംഗ്വേജിലും ഉയര്‍ന്ന ഗ്രേഡ് ലഭിച്ചു. എല്ലാ വിഷയങ്ങള്‍ക്കും 9 ഗ്രേഡ് ലഭിച്ചത് 2000 വിദ്യാര്‍ത്ഥികള്‍ക്കാണ്. മുന്‍ രീതിയിലെ എ സ്റ്റാര്‍ ഗ്രേഡിനേക്കാള്‍ ഉയര്‍ന്നചതാണ് പുതുതായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഗ്രേഡ് 9. പുതിയ സമ്പ്രദായം കുട്ടികള്‍ക്കു മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ടെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.

RECENT POSTS
Copyright © . All rights reserved