താം ലുവാങ് ഗുഹയില്‍നിന്നു ആദ്യം പുറത്തിറങ്ങുന്ന ഭാഗ്യവാനെ നിശ്ചയിക്കുന്നതില്‍ തായ് സര്‍ക്കാരും രക്ഷാപ്രവര്‍ത്തകരും ആശയക്കുഴപ്പത്തിലായിരുന്നു.കുട്ടികള്‍ ഇരുട്ടിനെ മടുത്തു തുടങ്ങിയിരുന്നു, അവര്‍ക്കായി കാത്തിരിക്കുന്ന മാതാപിതാക്കളും അക്ഷമരായിരുന്നു. ഗുഹയിലെ പ്രതികൂല സാഹചര്യം അതിജീവിക്കാന്‍ അധികനാള്‍ കുട്ടികള്‍ക്ക് കഴിയില്ലെന്നായിരുന്നു ഒരു വിഭാഗം രക്ഷാപ്രവര്‍ത്തകരുടെ നിലപാട്. ആശയക്കുഴപ്പം നീക്കിയത് മുങ്ങല്‍ വിദഗ്ധനായ ഓസ്‌ട്രേലിയന്‍ ഡോക്ടര്‍ ഡോ. റിച്ചാര്‍ഡ് ഹാരിസ്. ഏറ്റവും ആരോഗ്യമുള്ള കുട്ടികളെ ആദ്യം പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കിടയില്‍ അനൗദ്യോഗിക ധാരണയുണ്ടായിരുന്നു. എന്നാല്‍, ഞായറാഴ്ച ഉച്ചയ്ക്ക് ഡോ. ഹാരിസ് കുട്ടികള്‍ക്ക് സമീപമെത്തിയതോടെ പുതിയ രക്ഷാമാര്‍ഗം രൂപപ്പെടുകയായിരുന്നു.

കുട്ടികളെ പുറത്തെത്തിക്കാന്‍ വെള്ളം ഇറങ്ങുംവരെ കാത്തിരിക്കണമെന്ന ഉപദേശം തള്ളാനുള്ള കാരണം ഡോക്ടര്‍ പകര്‍ന്ന ധൈര്യമാണ്. ഓസ്ട്രേലിയയിലെ അഡലെഡ് സ്വദേശിയാണ് ഹാരിസ്(53). അനസ്‌ത്യേഷ്യാ വിദഗ്ധനെന്ന പേരും പെരുമയുമുണ്ട്. 30 വര്‍ഷം മുമ്പാണ് അദ്ദേഹം സാഹസിക നീന്തലിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. കുട്ടികളെയും കോച്ചിനെയും പരിശോധിച്ചശേഷം അദ്ദേഹമാണ് പുറത്തിറങ്ങാനുള്ള ക്രമം നിശ്ചയിച്ചത്. കൂട്ടത്തില്‍ ഏറ്റവും ഉയരം കുറഞ്ഞ മോണ്‍ഖാലോ ബൂണ്‍പിയാനി (മാര്‍ക്ക് 13) ലാണ് ആദ്യം ഹാരിസിന്റെ കണ്ണു പതിഞ്ഞത്. പ്രജാക് സുതാം, നട്ടാവൂട്ട് തകാസായി(14)… അങ്ങനെ ക്രമം നിശ്ചയിക്കപ്പെട്ടു. പിന്നാലെ പ്രജാക് സുതാമും (നോട്ട് ) വെളിച്ചം കണ്ടു. ആസ്ത്മ മൂലം വലയുന്ന നട്ടാവൂട്ട് തകാസായി (14) ആയിരുന്നു മൂന്നാമന്‍. തകാസായിയുടെ മാതാപിതാക്കള്‍ക്ക് നേരത്തെ അര്‍ബുദം മൂലം മകളെ നഷ്ടപ്പെട്ടിരുന്നു. പിപാത് ബോധു(നിക്ക്15)വാണ് ഏറ്റവുമൊടുവില്‍ പുറത്തെത്തിയത്.
ഫെയിസ്ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയ വമ്പന്‍മാര്‍ ചെറുപ്പക്കാരെ നിഗൂഢ കരവലയത്തില്‍ ഒതുക്കിയിരിക്കുകയാണെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് മേധാവി സൈമണ്‍ സ്റ്റീവന്‍സ്. ഇത്തരം കമ്പനികള്‍ കുറച്ച് ഉത്തരവാദിത്തം പുലര്‍ത്തണമെന്നും സ്റ്റീവന്‍സ് പറഞ്ഞു. ടെലഗ്രാഫിന്റെ ഡ്യൂട്ടി ഓഫ് കെയര്‍ എന്ന ക്യാംപെയിനെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു സ്റ്റീവന്‍സ്. സോഷ്യല്‍ മീഡിയ അടിമത്വത്തിനെതിരെ മെന്റല്‍ ഹെല്‍ത്ത് സര്‍വീസിനെ സജ്ജമാക്കുമെന്ന് കഴിഞ്ഞ മാസം സ്റ്റീവന്‍സ് വ്യക്തമാക്കിയിരുന്നു. കുട്ടികളെ അടിമകളാക്കുന്ന അപകടകരമായ ഉള്ളടക്കങ്ങള്‍ ഒഴിവാക്കാനുള്ള ഉത്തരവാദിത്തം സോഷ്യല്‍ മീഡിയ കമ്പനികള്‍ കാട്ടണമെന്നാണ് സ്റ്റീവന്‍സ് ആവശ്യപ്പെടുന്നത്.

കൗമാരക്കാരിലും ചെറുപ്പക്കാരിലും അടിമത്വവും അവരില്‍ സ്വാധീനവുമുണ്ടാക്കുന്ന ഓണ്‍ലൈന്‍ ആക്ടിവിറ്റികള്‍ ഉണ്ടെന്നതിന് തെളിവുകള്‍ ഏറെയാണ്. ഇത് മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്കാണ് നയിക്കുന്നത്. ഇക്കാര്യത്തില്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ കുറച്ചുകൂടി ഇത്തരവാദിത്തബോധത്തോടെയുള്ള സമീപനം സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയയുടെ കുരുക്കുകളെക്കുറിച്ച് മാതാപിതാക്കള്‍ അറിവുള്ളവരും ആശങ്കാകുലരുമാണെന്നും അദ്ദേഹം വിശദീകരിച്ചു.

ഇത്തരം മാനസിക പ്രശ്‌നങ്ങളില്‍ സഹായം നല്‍കാന്‍ എന്‍എച്ച്എസ് സജ്ജമാകുകയാണ്. ഇക്കാര്യത്തില്‍ ഇനി സമൂഹമാണ് മുന്നോട്ടു പോകേണ്ടത്. പ്രതിരോധവും അതിനൊപ്പമുള്ള പരിഹാരമാര്‍ഗ്ഗങ്ങളുമാണ് എന്‍എച്ച്എസ് ലക്ഷ്യമിടുന്നത്. അപകടകരമായ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുക മാത്രമല്ല, അവയെക്കുറിച്ചുള്ള അവബോധമുണ്ടാക്കേണ്ടതും സോഷ്യല്‍ മീഡിയ കമ്പനികളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ലക്ഷക്കണക്കിന് പൗണ്ടിന്റെ കള്ളപ്പണവുമായി പിടിയിലായ പാകിസ്ഥാന്‍ വംശജരുടെ സംഘത്തിന് 26 വര്‍ഷം തടവുശിക്ഷ നല്‍കാന്‍ വിധി. ചൗധരി യഹ്യ, സഹോദരന്‍ ഷഹബാസ് അലി, ആബിദ് ഹസ്സന്‍, ബോസ്താസ് എന്നിവര്‍ക്കാണ് തടവുശിക്ഷ ലഭിച്ചത്. യഹ്യയുടെ നേതൃത്വത്തിലാണ് സംഘം പ്രവര്‍ത്തിച്ചത്. സൗത്ത് മാഞ്ചസ്റ്ററിലെ ലോംഗ്‌സൈറ്റില്‍ ഒരു പഴയ പോസ്റ്റ് ഓഫീസില്‍ ഇയാള്‍ ആരംഭിച്ച മണി സര്‍വീസ് ബ്യൂറോയിലൂടെയായിരുന്നു കള്ളപ്പണം വെളുപ്പിച്ചിരുന്നത്. സങ്കീര്‍ണ്ണമായ മാര്‍ഗ്ഗങ്ങളിലൂടെ കോടിക്കണക്കിന് പൗണ്ടിന്റെ കള്ളപ്പണം ഇവിടെ വെളുപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു..

ഇയാള്‍ ആഡംബര ജീവിതമായിരുന്നു നയിച്ചിരുന്നത്. കുട്ടികള്‍ക്ക് പ്രൈവറ്റ് വിദ്യാഭ്യാസമായിരുന്നു നല്‍കിയിരുന്നത്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രഹസ്യമായി നടത്തിയ അന്വേഷണങ്ങളിലാണ് സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമായത്. ഈസ്റ്റ് മാഞ്ചസ്റ്ററിലെ ഓഡന്‍ഷോയിലുള്ള ആരോ ട്രേഡിംഗ് എസ്‌റ്റേറ്റിലാണ് സംഘത്തിന്റെ രഹസ്യനീക്കങ്ങള്‍ നടന്നിരുന്നതെന്ന് വ്യക്തമായി. 2014 സെപ്റ്റംബറില്‍ ഇവിടേക്ക് നിരവധി വലിയ ബാഗുകള്‍ എത്തിച്ചിരുന്നതിന് പോലീസ് ദൃക്‌സാക്ഷിയായി. പിന്നീട് നാടകീയമായ ഒരു നീക്കത്തില്‍ മാഞ്ചസ്റ്ററില്‍ വെച്ച് യഹ്യയുടെ കാര്‍ പോലീസ് തടഞ്ഞു. എന്നാല്‍ ഉള്ളില്‍ നിന്ന് ഡോറുകള്‍ ലോക്ക് ചെയ്തതിനാല്‍ പോലീസിന് വിന്‍ഡോകള്‍ തകര്‍ക്കേണ്ടി വന്നു.

കാറിന്റെ പിന്‍സീറ്റില്‍ ബിന്‍ ബാഗുകളിലാക്കിയ നിലയില്‍ 2.5 ലക്ഷം പൗണ്ടിന്റെ കറന്‍സി കണ്ടെത്തുകയും ചെയ്തു. ആബിദ് ഹസ്സന്‍ എന്നയാളുടെ കാറിന്റെ ഹോള്‍ഡോളില്‍ നിന്ന് 3 ലക്ഷം പൗണ്ടിന്റെ നോട്ടുകളാണ് പിടികൂടിയത്. ട്രാഫോര്‍ഡില്‍ നിന്ന് സംഘത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു കാര്‍ പിടികൂടിയിരുന്നു. ഇതില്‍ നിന്ന് 2.7 ലക്ഷം പൗണ്ടാണ് ലഭിച്ചത്. സംഘത്തിലെ നാലു പേരില്‍ നിന്നായി 818,000 പൗണ്ടാണ് ആകെ പിടികൂടിയത്. ഇവരുടെ കേന്ദ്രത്തില്‍നിന്ന് 29,604 പൗണ്ടും പിടികൂടി. യഹ്യക്ക് 12 വര്‍ഷവും ഷഹബാസ് അലിക്ക് ഒമ്പതര വര്‍ഷവും ബോസ്താസിന് രണ്ടു വര്‍ഷവും എട്ടു മാസലും ഹസ്സന് രണ്ടു വര്‍ഷവും 11 മാസവുമാണ് തടവ് വിധിച്ചിരിക്കുന്നത്.
ബ്രിട്ടീഷ് മന്ത്രിസഭയിലെ പ്രമുഖരുള്‍പ്പെടെ രാജിവെച്ച സാഹചര്യത്തില്‍ പുനഃസംഘടനയ്ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി തെരേസ മേയ്. ബ്രെക്‌സിറ്റ് നയത്തില് പ്രതിഷേധിച്ചാണ് ബ്രെക്‌സിറ്റ് സെക്രട്ടറിയായിരുന്ന ഡേവിഡ് ഡേവിസും ഫോറിന്‍ സെക്രട്ടറിയായിരുന്ന ബോറിസ് ജോണ്‍സണും രാജിവെച്ചത്. ഇവരെക്കൂടാതെ ജൂനിയര്‍ മന്ത്രിമാരും രാജി നല്‍കിയിട്ടുണ്ട്. ഹെല്‍ത്ത് സെക്രട്ടറിയായിരുന്ന ജെറമി ഹണ്ടിനാണ് ഫോറിന്‍ സെക്രട്ടറിയുടെ ചുമതല നല്‍കിയിരിക്കുന്നത്. കള്‍ച്ചര്‍ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് ഹെല്‍ത്ത് സെക്രട്ടറി സ്ഥാനത്തേക്ക് നിയമിതനായി.

2019 മാര്‍ച്ച് 29നാണ് ഔദ്യോഗികമായി യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യുകെ പിന്‍മാറേണ്ടത്. എന്നാല്‍ ബ്രെക്‌സിറ്റ് കരാര്‍ സംബന്ധിച്ച് ഇരു പക്ഷങ്ങളും നടത്തി വരുന്ന ചര്‍ച്ചകള്‍ എങ്ങുമെത്തിയിട്ടില്ല. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവില്‍ പോലും ഇക്കാര്യത്തില്‍ കടുത്ത ആശയവ്യത്യാസങ്ങള്‍ നിലവിലുണ്ട്. വെള്ളിയാഴ്ച ചെക്കേഴ്‌സില്‍ നടന്ന പ്രധാനമന്ത്രിയുടെ കണ്‍ട്രി റിട്രീറ്റില്‍ യൂറോപ്യന്‍ യൂണിയനും യുകെയും തമ്മിലുള്ള ഭാവി ബന്ധങ്ങളെക്കുറിച്ച് ഒരു രൂപരേഖ ക്യാബിനറ്റ് തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിവരം. ഇതനുസരിച്ച് പ്രധാനമന്ത്രിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നാണ് ഫോറിന്‍ സെക്രട്ടറി ചുമതലയിലെത്തിയതിനു പിന്നാലെ ജെറമി ഹണ്ട് പ്രഖ്യാപിച്ചത്.

എന്നാല്‍ ക്യാബിനറ്റ് അംഗീകരിച്ച ഈ പോസ്റ്റ് ബ്രെക്‌സിറ്റ് ട്രേഡ് പ്രൊപ്പോസലുകള്‍ രാജ്യത്തെ യൂറോപ്യന്‍ യൂണിയന്റെ കോളനിയായി മാറ്റുമെന്നാണ് രാജിക്കത്തില്‍ ബോറിസ് ജോണ്‍സണ്‍ ചൂണ്ടിക്കാണിക്കുന്നത്. ആവശ്യമില്ലാത്ത സംശയങ്ങളുടെ പേരില്‍ ബ്രെക്‌സിറ്റ് സ്വപ്‌നം മരിക്കുകയാണെന്നും ഒരു സെമി ബ്രെക്‌സിറ്റിലേക്കാണ് യുകെ നീങ്ങുന്നതെന്നുമാണ് ജോണ്‍സണ്‍ പരിഭവിക്കുന്നത്. യുകെ സമ്പദ് വ്യവസ്ഥയുടെ വലിയൊരു ഭാഗം യൂറോപ്യന്‍ യൂണിയന്‍ സംവിധാനത്തിനു കീഴില്‍ യുകെയുടെ നിയന്ത്രണമില്ലാതെ പ്രവര്‍ത്തിക്കുന്ന അവസ്ഥ ഇതോടെ സംജാതമാകുമെന്നും ജോണ്‍സണ്‍ പറയുന്നു.
കോട്ടയം: ജലന്തര്‍ ബിഷപ്പ് കുറവിലങ്ങാട് നാടുക്കുന്ന് മഠത്തിലെ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. വൈദ്യപരിശോധന നടത്തിയ ഡോക്ടറുടെ മൊഴി അടക്കം തെളിവുകള്‍ ലഭിച്ചു. ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം തുടങ്ങി. അന്വേഷണ സംഘം ഉടന്‍ ജലന്തറിലേക്ക് പോകും. കന്യാസ്ത്രീക്കെതിരായ ബിഷപ്പിന്റെ പരാതി വ്യാജമെന്നതിനും പൊലീസിന് തെളിവുകള്‍ ലഭിച്ചതായാണ് വിവരം. പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയ ശേഷമായിരിക്കും അന്വേഷണ സംഘത്തിന്റെ തുടര്‍ നടപടികള്‍.
കുറവിലങ്ങാട് നടുക്കുന്നിലെ മഠത്തില്‍വെച്ച് ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ പീഡിപ്പിച്ചുവെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി. 2014നും 16നും ഇടയില്‍ കന്യാസ്ത്രീ പീഡനത്തിനിരയായ 13 ദിവസങ്ങളിലും ബിഷപ്പ് മഠത്തില്‍ താമസിച്ചതായി സന്ദര്‍ശക രജിസ്റ്ററില്‍ നിന്ന് വ്യക്തമായി. ഈ കാലയളവില്‍ പരാതിക്കാരിയോടൊപ്പം മഠത്തിലുണ്ടായിരുന്ന കന്യാസ്ത്രീകളുടെ മൊഴിയും നിര്‍ണായകമായി. കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലും പീഡനം നടന്ന വിവരം കന്യാസ്ത്രീ ആവര്‍ത്തിച്ചിരുന്നു. പൊലീസിന് നൽകിയ പരാതി 150 പേജുള്ള രഹസ്യമൊഴിയിലും ആവർത്തിച്ചുവെന്നാണ് സൂചന.
വൈദ്യപരിശോധന നടത്തിയ ഡോക്ടറും പീഡനം സ്ഥിരീകരിച്ചതോടെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാനുള്ള അന്വേഷണ സംഘത്തിന്‍റെ നീക്കം. ജില്ലാ പൊലീസ് മേധാവിക്ക് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറിയ ശേഷം അന്വേഷണ സംഘം ജലന്തറിലേക്ക് തിരിക്കും. ബിഷപ്പ് കന്യാസ്ത്രീയെ ഫോണില്‍ വിളിച്ചും ശല്യപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന്‍റെ തെളിവുകള്‍ ഉള്‍പ്പെടുന്ന കന്യാസ്ത്രീയുടെ ഫോണ്‍ ജലന്തറില്‍വെച്ച് നഷ്ടമായി. ഇത് കണ്ടെത്താനും നടപടികള്‍ ഊര്‍ജിതമാക്കി. അതേസമയം കന്യാസ്തീക്കെതിരെയും ബന്ധുക്കള്‍ക്കെതിരെയും ബിഷപ്പ് നല്‍കിയ പരാതി വ്യാജമാണെന്ന് അന്വേഷണ സംഘത്തിന്റെ പരിശോധനയില്‍ വ്യക്തമായി. കാര്യമായ സമ്മര്‍ദങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ഈ ആഴ്ചതന്നെ ജലന്തര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.
ടോം ജോസ് തടിയംപാട്
യുകെയിലെ തൃശൂര്‍പൂരം എന്നറിയപ്പെടുന്ന ക്നാനായ കണ്‍വെന്‍ഷന്‍ ഈ വര്‍ഷവും അതിഗംഭീരമായി നടത്തപ്പെട്ടു. മുത്തുക്കുടകളും നാടന്‍ ഡ്രസ്സുകളും ചെണ്ടമേളവുമായി ചെല്‍ട്ടന്‍ഹാമിനെ ഒരു മിനി തൃശൂര്‍പൂരമാക്കി ക്‌നാനായ സമൂഹം മാറ്റി എന്നതു പറയാതിരിക്കാന്‍ കഴിയില്ല. ഏകദേശം നാലായിരത്തില്‍ അധികം ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു. ഈ വര്‍ഷം കണ്ട ഏറ്റവും വലിയ ഒരു പ്രത്യേകത റാലിയില്‍ കൂടുതല്‍ പാറിക്കളിച്ച പതാക ബ്രിട്ടീഷ് ദേശീയ പതാകയായിരുന്നു. ഇന്ത്യന്‍ ദേശിയ പതാകയും കാണാമായിരുന്നു

ഒരു കുടിയേറ്റ സമൂഹം എന്നനിലയില്‍ എത്തപ്പെട്ടു നില്‍ക്കുന്ന സമൂഹത്തില്‍ ലയിച്ചു ചേരുന്നതിന്റെ തുടക്കമായി ബ്രിട്ടിഷ് ദേശീയ പതാകയുടെ എണ്ണകൂടുതലിനെ നമുക്ക് നോക്കിക്കാണാം. ശനിയാഴ്ച രാവിലെ 9 മണിക്ക് UKKCA പ്രസിഡന്റ് തോമസ് ജോസഫ് തൊണ്ണമാക്കില്‍ പതാക ഉയര്‍ത്തിയതോടെ വര്‍ണ്ണശബളമായ കണ്‍വെന്‍ഷനു തുടക്കമായി. പിന്നീട് പത്തുമണിക്ക് കോട്ടയം സഹായ മെത്രാന്‍ ജോസഫ് പണ്ടാരശേരിയുടെ നേതൃത്വത്തില്‍ കുര്‍ബാന നടന്നു. തുടര്‍ന്നു നടന്ന നാലിയില്‍ UKKCA യുടെ 50 യൂണിറ്റില്‍ നിന്നുമുള്ള അംഗങ്ങള്‍ മനോഹരമായ ഉടയാടകള്‍ അണിഞ്ഞു പങ്കെടുത്തു. റാലിയുടെ മുന്‍നിരയില്‍ ബിഷപ്പ് ജോസഫ് പണ്ടാരശേരി, ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന്‍ UKKCA സെന്‍ട്രല്‍ കമ്മറ്റി അംഗങ്ങള്‍, വിശിഷ്ടാതിഥികള്‍ എന്നിവര്‍ അണിനിരന്നു.

റാലിയില്‍ ഒരു കര്‍ഷക സമൂഹം എന്ന നിലയില്‍നിന്നും ക്‌നാനായ സമൂഹം വളര്‍ന്നതിന്റെ ഗതിവിഗതികളില്‍ കുടിയേറ്റം മുതല്‍ അവസാനത്തെ കുടിയേറ്റത്തിന്റെ പ്രതീകമായ നഴ്‌സിംഗ് വരെ അവതരിപ്പിച്ചിരുന്നു. കൂടതെ സമകാലീന സംഭവമായ അഗളിയിലെ മധുവിന്റെ കൊലപാതകം, കൂടാതെ ക്രിസ്തുവിന്റെ ക്രൂശുമരണവും ഭംഗിയായി നിശ്ചലദൃശൃമായി പ്രദര്‍ശിപ്പിച്ചിരുന്നു. റാലിക്കു മുന്‍പ് UKKCA വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ നടന്ന ഫളാഷ് മൊബ് സ്ത്രീശാക്തീകരണം വിളിച്ചോതുന്നതായിരുന്നു. കടുത്ത ചൂടില്‍ അവര്‍ നടത്തിയ ഫ്‌ളാഷ് മൊബ് അഭിനന്ദനമര്‍ഹിക്കുന്നു.

റാലിക്കു ശേഷം നിലവിളക്കു കൊളുത്തികൊണ്ട് ബിഷപ്പ് പണ്ടാരശ്ശേരി സാംസ്‌കാരിക സമ്മേളനത്തിന് തുടക്കം കുറിച്ചു. ഒരു കുടിയേറ്റ സമൂഹം എന്നനിലയില്‍ കുടിയേറിചെല്ലുന്ന സമൂഹത്തില്‍ ഇഴുകിച്ചേര്‍ന്നു ക്‌നാനായ സംസ്‌കാരവും കുടുംബപാരമ്പരൃവും നിലനിര്‍ത്തിപോകാന്‍ ക്‌നാനായ സമൂഹം ശ്രമിക്കണമെന്നു ബിഷപ്പ് ഓര്‍മിപ്പിച്ചു. കുടുംബമാണ് സമൂഹത്തിന്റെ അടിത്തറ കുടുംബം നന്നായാല്‍ സമൂഹം നന്നാകും. അതുകൊണ്ട് കുടുംബത്തെ വിശ്വാസത്തില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
40 രാജ്യങ്ങളിലായി 18000 യുവാക്കള്‍ ഈ സമൂഹത്തിനുണ്ട്. അവരിലൂടെയാണ് ഈ സമൂഹം വളരേണ്ടതെന്നു ബിഷപ്പ് പറഞ്ഞു. ക്‌നാനായ സമൂഹം ലോകത്തു മുഴുവന്‍ നമ്മൂടെ സംസ്‌ക്കാരവും പാരമ്പര്യവും നിലനിര്‍ത്തുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നതെന്നു ഇടുക്കി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
സമുദായത്തിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്നും വ്യതിചലിക്കാന്‍ ഞങ്ങള്‍ ഒരിക്കലും അനുവദിക്കില്ലെന്നു UKKCA പ്രസിഡണ്ട് തോമസ് ജോസഫ് തൊണ്ണമാക്കല്‍, സെക്രട്ടറി സജു ലൂക്കോസ്, പാണപറമ്പില്‍ എന്നിവര്‍ അര്‍ത്ഥശങ്കക്കിടയില്ലാതെ പ്രഖ്യാപിച്ചു.
യുകെയില്‍ പുതിയതായി രൂപികരിച്ച ക്‌നാനായ മിഷനുകള്‍ ക്‌നാനായ സമൂഹത്തിന്റെ വളര്‍ച്ചക്ക് ഉപകരിക്കുമെന്നും അവര്‍ പറഞ്ഞു.

പിന്നീട് കലാഭവന്‍ നൈസിന്റെ നേതൃത്വത്തില്‍ നടന്ന വെല്‍ക്കം ഡാന്‍സ് നിറഞ്ഞ കൈയടിയോടെയാണ് സദസ് ഏറ്റുവാങ്ങിയത്. ജോണ്‍ മുളയുങ്കല്‍ സംവിധാനം ചെയ്ത മാതൃത്വത്തിന്റെ മഹത്വം വിളിച്ചറിയുന്ന സ്‌കിറ്റ് കാണികളുടെ കണ്ണുനിറയിച്ചു. ലിവര്‍പൂള്‍ കുട്ടികള്‍ അവതരിപ്പിച്ച ഡാന്‍സും കാണികളുടെ ശ്രദ്ധയാകര്‍ഷിച്ചു.
മികച്ച കലാപരിപാടികളാണ് മറ്റു യൂണിറ്റുകളും അവതരിപ്പിച്ചത്. വാശിയേറിയ റാലിയില്‍ ബെര്‍മിങ്ങാം ഒന്നാം സമ്മാനവും ലിവര്‍പൂള്‍ രണ്ടാം സമ്മാനവും നേടി. പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നല്ലരീതിയില്‍ ഭക്ഷണവും ക്രമീകരിച്ചിരുന്നു അങ്ങനെ പതിനേഴാമാതു UKKCA കണ്‍വെന്‍ഷന്‍ അതുക്കും മീതെ എന്നുപറയാം.
ബ്രിട്ടീഷ് ദേശീയഗാനത്തോടുകൂടി ആരംഭിച്ച സമ്മേളനം ഇന്ത്യന്‍ ദേശീയഗാനത്തോടുകൂടി രാത്രി പത്തരയോടെ അവസാനിച്ചപ്പോള്‍ അടുത്തവര്‍ഷത്തെ കണ്‍വെന്‍ഷനുവരുമെന്ന് മനസ്സില്‍ പറഞ്ഞു എല്ലാവരും പിരിഞ്ഞു. സംഘാടനമികവുകൊണ്ട് സമ്പന്നമായിരുന്നു 17-ാമതു കണ്‍വെന്‍ഷന്‍.
തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനങ്ങളില്‍ രണ്ടാം ഘട്ടം ആരംഭിച്ചു. ഇന്ത്യന്‍ സമയം രാവിലെ 8.30നാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ഇന്നലെ നാല് കുട്ടികളെ ഗുഹയ്ക്ക് വെളിയില്‍ എത്തിച്ചിരുന്നു. ബഡ്ഡി ഡൈവിംഗ് രീതിയിലാണ് കുട്ടികളെ പുറത്തെത്തിച്ചത്. പ്രദേശത്ത് പെയ്യുന്ന കനത്ത മഴ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുമെന്ന ആശങ്കയുണ്ട്. ഗുഹയ്ക്കുള്ളിലെ വെള്ളക്കെട്ടാണ് ഭീഷണി.

മഴ തുടരുകയും ഗുഹയ്ക്കുള്ളിലെ ഓക്‌സിജന്റെ അളവ് കുറയുകയും ചെയ്തതിനാലാണ് കുട്ടികളെ പുറത്തെത്തിക്കാന്‍ ആരംഭിച്ചത്. അടിയന്തര രക്ഷാപ്രവര്‍ത്തനത്തിലൂടെ നാലുപേരെ പുറത്തെത്തിച്ചു. ബാക്കിയുള്ള 9 പേരും സുരക്ഷിതരാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. ഇന്നു തന്നെ എല്ലാവരെയും പുറത്തെത്തിക്കാനാണ് പദ്ധതി. ഇതിനായി കുറഞ്ഞത് 20 മണിക്കൂറെങ്കിലും വേണ്ടി വരുമെന്നാണ് കരുതുന്നത്.

മഴ ശക്തമാകുന്നതിനു മുമ്പായി ഇവരെ എല്ലാവരെയും പുറത്തെത്തിക്കാനായില്ലെങ്കില്‍ വലിയ ദുരന്തത്തിനായിരിക്കും ലോകം സാക്ഷിയാകേണ്ടി വരിക. മഴ ശക്തമായാല്‍ ഗുഹയക്കുള്ളില്‍ 16 അടി വരെയെങ്കിലും ജലനിരപ്പ് ഉയരും. ബാക്കിയുള്ളവരെ രണ്ട് സംഘങ്ങളായി പുറത്തെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. 18 വിദഗ്ദ്ധരാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
ഗര്‍ഭത്തിന്റെ ആദ്യ മാസങ്ങളില്‍ വെറും ഒരു പൗണ്ട് മാത്രം ചെലവാകുന്ന ഈ കുത്തിവെയ്‌പ്പെടുത്താല്‍ അത് നിങ്ങളുടെ കുഞ്ഞിന് ജീവിതകാലം മുഴുവന്‍ ഉപകാരപ്പെടും. ശാരീരികവും മാനസികവുമായ വൈകല്യമുണ്ടാകാകുന്ന സെറിബ്രല്‍ പാള്‍സി എന്ന അവസ്ഥയില്‍ സുരക്ഷ നല്‍കുന്ന മഗ്നീഷ്യം സള്‍ഫേറ്റ് കുത്തിവെയ്പ്പാണ് ഇത്. ഗര്‍ഭം 32 ആഴ്ചയിലെത്തുന്നതിനു മുമ്പാണ് ഇത് നല്‍കേണ്ടത്. എന്‍എച്ച്എസ് ഇംഗ്ലണ്ടിലും ഇനി മുതല്‍ ഈ കുത്തിവെയ്പ്പ് ലഭ്യമാകും. ബ്രിസ്റ്റോളിലെ സെന്റ് മൈക്കിള്‍സ് ഹോസ്പിറ്റലില്‍ നടത്തിയ ഒരു പൈലറ്റ് സ്റ്റഡിക്കു ശേഷമാണ് പദ്ധതി വ്യാപകമാക്കുന്നത്.

ഗര്‍ഭസ്ഥ ശിശുവിനുണ്ടാകുന്ന മസ്തിഷ്‌ക തകരാറുകളാണ് ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ശാരീരിക, മാനസിക വൈകല്യങ്ങള്‍ സൃഷ്ടിക്കുന്നത്. മഗ്നീഷ്യം സള്‍ഫേറ്റ് കുത്തിവെയ്പ്പ് മസ്തിഷ്‌ക തകരാറുകള്‍ ഉണ്ടാകാനുള്ള സാധ്യത 40 ശതമാനത്തോളം കുറയ്ക്കുന്നു. ഏറ്റവും മോശം അവസ്ഥയിലുള്ള സെറിബ്രല്‍ പാള്‍സിയെപ്പോലും ഇത് ചെറുക്കുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പേശികളുടെയും അസ്ഥികളുടെയും വികസനത്തിന് മഗ്നീഷ്യം അത്യന്താപേക്ഷിതമാണ്.

അമ്മയുടെ രക്തചംക്രമണ വ്യവ്സ്ഥയിലേക്ക് എത്തുന്ന മഗ്നീഷ്യം പ്ലാസന്റയിലൂടെ കുട്ടിയിലെത്തുകയും ഓക്‌സിജന്‍ കുറയുന്നതു മൂലം തലച്ചോറില്‍ രൂപപ്പെടാന്‍ ഇടയുള്ള വിഷവസ്തുക്കളുടെ രൂപീകരണം തടയുകയും ചെയ്യുന്നുവെന്നാണ് ഗവേഷകര്‍ വിശദീകരിക്കുന്നത്. സെറിബ്രല്‍ പാള്‍സിക്കെതിരെയുള്ള ഏക പ്രതിരോധ മാര്‍ഗം ഇതു മാത്രമാണെന്ന് വിദഗ്ദ്ധരും സാക്ഷ്യപ്പെടുത്തുന്നു.
എയിംസ്ബറിയില്‍ വെച്ച് നെര്‍വ് ഏജന്റ് ആക്രമണത്തിനിരയായ രണ്ടു പേരിലെ സത്രീ മരിച്ചു. റഷ്യന്‍ നിര്‍മിത നെര്‍വ് ഏജന്റായ നോവിചോക്ക് വിഷബാധയാണ് ഇവര്‍ക്ക് ഏറ്റത്. ഡോണ്‍ സറ്റര്‍ഗസ് എന്ന 44 കാരിയാണ് മരണത്തിന് കീഴടങ്ങിയത്. മരണത്തില്‍ നടുക്കം രേഖപ്പെടുത്തുന്നതായി പ്രധാനമന്ത്രി തെരേസ മേയ് അറിയിച്ചു. ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ട് ആശുപത്രിയില്‍ വെച്ചാണ് ഇവര്‍ മരിച്ചത്. ഇവര്‍ക്കൊപ്പം വിഷബാധയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ചാര്‍ലി റൗളി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. മരണത്തെത്തുടര്‍ന്ന് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് കൊലക്കുറ്റം രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

മുന്‍ റഷ്യന്‍ ഡബിള്‍ ഏജന്റായിരുന്ന സെര്‍ജി സ്‌ക്രിപല്‍, മകള്‍ യൂലിയ എന്നിവര്‍ക്കു നേരെ സാലിസ്ബറിയില്‍ വെച്ചുണ്ടായതിനു സമാനമായ ആക്രമണമാണ് ഇവര്‍ക്കു നേരെയും ഉണ്ടായത്. ജൂണ്‍ 30നാണ് ഇവരെ വിഷബാധയേറ്റ നിലയില്‍ കണ്ടെത്തിയത്. സ്‌ക്രിപലിന് നേരെ പ്രയോഗിക്കാന്‍ എത്തിച്ച രാസായുധത്തില്‍ ബാക്കി വന്ന വസ്തുവില്‍ നിന്നായിരിക്കാം ഇവര്‍ക്ക് വിഷബാധയേറ്റതെന്നാണ് പോലീസ് സംശയിക്കുന്നത്. ആദ്യ ആക്രമണത്തില്‍ ബ്രിട്ടന്‍ റഷ്യയെയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത്.

സ്റ്റര്‍ഗസിന്റെ മരണത്തില്‍ നടുക്കവും ഭയവും രേഖപ്പെടുത്തുന്നുവെന്നാണ് പ്രധാനമന്ത്രി പ്രസ്താവനയില്‍ പറഞ്ഞത്. പോലീസും സുരക്ഷാ ഏജന്‍സികളും സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണ്. ഇനി കൊലപാതകത്തിലാണ് അന്വേഷണം നടക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗ പരാതിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയെടുക്കും. പാലാ ബിഷപ്പ്, കുറവിലങ്ങാട് പള്ളി വികാരി എന്നിവരുടെയും മൊഴിയെടുക്കും. പീഡന വിവരം കര്‍ദിനാള്‍ ആലഞ്ചേരിയെ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ നടപടികളൊന്നും ഉണ്ടായില്ലെന്ന് കന്യാസ്ത്രീ പറഞ്ഞിരുന്നു. കര്‍ദിനാളിന് നല്‍കിയ പരാതിയുടെ പകര്‍പ്പ് പൊലീസിന് കൈമാറിയിട്ടുണ്ട്.
അതേസമയം, പരാതി അറിയിച്ചിട്ടും കേസില്‍ ഇടപെടാതെ ഒഴിഞ്ഞ് മാറാനാണ് കര്‍ദിനാള്‍ ആലഞ്ചേരി ശ്രമിച്ചതെന്ന് കന്യാസ്ത്രീയുടെ ബന്ധുവായ ജലന്ധര്‍ വൈദികന്‍ ആരോപിച്ചിരുന്നു. സംഭവം മാര്‍പ്പാപ്പയെ അറിയിക്കാനുള്ള ബാധ്യത ആലഞ്ചേരിക്ക് ഉണ്ടായിരുന്നുന്നെന്നും വൈദികന്‍ പറഞ്ഞു. കര്‍ദിനാളിനെ കാണാന്‍ പോയ സമയത്ത് 15 മിനുട്ട് മറ്റ് കന്യാസ്ത്രീകളെ ഒഴിവാക്കി കര്‍ദിനാള്‍ ആലഞ്ചേരിയുമായി പീഡനത്തിനിരയായ കന്യാസ്ത്രീ സംസാരിച്ചത് എന്താണെന്ന് വെളിപ്പെടുത്തണം. പരാതിയുടെ ഗൗരവം സഭ ഇതുവരെ പരിഗണിച്ചില്ലെന്നും സഭാ അധ്യക്ഷമാര്‍ ആരോപണ വിധേയനായ ബിഷപ്പിനെ പിന്തുണയ്ക്കുന്നെന്നും വൈദികന്‍ ആരോപിച്ചു.
ബിഷപ്പിന്റെ പെരുമാറ്റത്തെക്കുറിച്ച് ഒട്ടേറെ കന്യാസ്ത്രീകള്‍ പരാതി പറഞ്ഞിട്ടുണ്ടെന്നും രാത്രിയില്‍ അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുന്നതായി പരാതിയുണ്ടെന്നും വൈദികന്‍ വെളിപ്പെടുത്തി. പരാതികള്‍ പുറത്തു വരാത്തത് അധികാരികളോടുളള പേടിമൂലമാണ്. കുറവിലങ്ങാട്ടെ കന്യാസ്ത്രീയുടെ പരാതി ഒന്‍പത് വൈദികര്‍ക്കൊപ്പം രൂപതയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ രൂപതയില്‍ നിന്നോ സഭയില്‍ നിന്നോ നടപടി ഉണ്ടായില്ലെന്നും വൈദികന്‍ പറയുന്നു.
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറവിലങ്ങാടുള്ള ഗസ്റ്റ് ഹൗസില്‍ രണ്ടുവര്‍ഷത്തിനിടെ പലതവണ തന്നെ ബലാത്സംഗം ചെയ്തതെന്നാണ് കന്യാസ്ത്രീ പൊലീസിന് മൊഴി നല്‍കിയത്. 2014 മെയില്‍ ബിഷപ്പ് താമസത്തിനായി ഗസ്റ്റ് ഹൗസിലെത്തിയപ്പോഴാണ് ആദ്യമായി പീഡിപ്പിച്ചത്. തുടര്‍ന്ന് രണ്ടുവര്‍ഷത്തിനിടെ 13 തവണ ബലാത്സംഗം ചെയ്‌തെന്നും കന്യാസ്ത്രീയുടെ മൊഴിയിലുണ്ട്.
ഫ്രാങ്കോ മുളയ്ക്കല്‍ മകളെ ഭീഷണിപ്പെടുത്തിയെന്നു സഭയിലെ മറ്റൊരു കന്യാസ്ത്രീയുടെ പിതാവ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. മാനഭംഗത്തിനിരയായ കന്യാസ്ത്രീയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാതി ഭീഷണിപ്പെടുത്തി എഴുതിവാങ്ങി എന്നായിരുന്നു ആരോപണം. ഇക്കാര്യം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഇക്കാര്യങ്ങള്‍ പറഞ്ഞ് മകള്‍ ജലന്ധറില്‍ നിന്ന് 2017 നവംബറില്‍ തനിക്ക് കത്തെഴുതിയെന്നും ആലപ്പുഴ സ്വദേശിയായ കന്യാസ്ത്രീയുടെ പിതാവ് പറഞ്ഞു.
ഇതിനിടെ, ബിഷപ്പ് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും സ്ഥലംമാറ്റവും അവധിയുമൊക്കെ തീരുമാനിച്ചിരുന്നത് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ആയിരുന്നുവെന്നും ചൂണ്ടിക്കാട്ടി നിരവധിപ്പേര്‍ രംഗത്തെത്തി. ബിഷപ്പ് ഉള്‍പ്പെടെയുള്ളവരുടെ പീഡനത്തെ തുടര്‍ന്ന് ഫോര്‍മേറ്റര്‍ (കന്യാസ്ത്രീ ആകുന്നതുവരെ ഓരോ ഘട്ടത്തിലും അവരെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍) ഉള്‍പ്പെടെ 18 പേരാണ് സഭ വിട്ടുപോയതെന്നും പരാതിയില്‍ പറയുന്നു.
ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നിരവധി കന്യാസ്ത്രീകളാണ് മിഷനറീസ് ഓഫ് ജീസസ് (എംജെ) സന്യാസ സമൂഹത്തിന്റെ മദര്‍ ജനറലിന് പരാതി നല്‍കിയിരുന്നത്. പുരോഹിതന്‍ എന്നതിനെക്കാള്‍ ഒരു രാഷ്ട്രീയക്കാരനും ബിസിനസ്സുകാരനുമാണ് ബിഷപ്പ് ഫ്രാങ്കോയെന്നാണ് ഒരു കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ പറയുന്നത്. തങ്ങളുടെ സന്യാസ സമൂഹത്തെ നശിപ്പിക്കുന്നതിനാണ് ബിഷപ്പിന്റെ ശ്രമം. സഭാ നേതൃത്വവും അതിന് കൂട്ടുനില്‍ക്കുന്നു. തനിക്ക് എതിരായി ശബ്ദമുയര്‍ത്തുന്നവരെ ബിഷപ്പ് മാനസികമായി പീഡിപ്പിക്കുകയാണ്. സന്യാസസഭയുടെ രക്ഷാധികാരി എന്ന അധികാരം മാത്രമുള്ള ബിഷപ്പ് കന്യാസ്ത്രീമാരുടെ വാര്‍ഷികാവധി നിശ്ചയിക്കുന്നതിലും സ്ഥലംമാറ്റം പോലുള്ള ചെറിയകാര്യങ്ങളില്‍ വരെ ഇടപെടുന്നുവെന്നും പരാതിയിലുണ്ട്.
ബിഷപ്പിന്റെയും സഭാ നേതൃത്വത്തിന്റെയും തെറ്റായ നടപടികള്‍ മൂലം സഭയിലെ ഫോര്‍മേറ്റര്‍ അടക്കമുള്ള 18 കന്യാസ്ത്രീകള്‍ സഭ വിട്ടുപോയി. സന്യാസസഭ മുങ്ങുന്ന കപ്പലാണെന്നാണെന്നും അത് മുക്കുന്നതിന് പിന്നില്‍ ബിഷപ്പ് ഫ്രാങ്കോയാണെന്നുമാണ് അന്നു ഫോര്‍മേറ്ററായിരുന്ന കന്യാസ്ത്രീ മദര്‍ ജനറലിന് നല്‍കിയ കത്തിലുള്ളത്. ബിഷപ്പിന്റെ താത്പര്യത്തിന് വഴങ്ങുന്ന കന്യാസ്ത്രീകള്‍ക്ക് എല്ലാ പരിഗണനയും നല്‍കും. എതിര്‍പ്പുയര്‍ത്തുന്നവരെ ശത്രുവിനെപ്പോലെയാണ് ബിഷപ്പ് കാണുന്നതെന്നും ഈ കത്തിലുണ്ട്.
മറ്റൊരു കന്യാസ്ത്രീ എഴുതിയ കത്തിലാകട്ടെ ബിഷപ്പിനെതിരെയോ, സഭാ നേതൃത്വത്തിനെതിരെയോ ശബ്ദിക്കാന്‍ പോലും ആരുമില്ലെന്നാണ് പറയുന്നത്. ബിഷപ്പ് ഫ്രാങ്കോയെ സന്തോഷിപ്പിക്കുന്ന നടപടികള്‍ക്ക് മാത്രമാണ് മദര്‍ ജനറല്‍ അടക്കമുള്ളവരുടെ അധികാരം വിനിയോഗിക്കുന്നത്. തനിക്കെതിരായ ശബ്ദങ്ങളെ ബിഷപ്പ് അടിച്ചമര്‍ത്തുന്നത് പോലെയാണ് മദര്‍ ജനറലും പെരുമാറുന്നത്. ബിഷപ്പിന്റെ സ്വാര്‍ത്ഥതയ്ക്കും അനീതിക്കും സഭാ നേതൃത്വം കൂട്ടു നില്‍ക്കുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ മുതിര്‍ന്ന കന്യാസ്ത്രീകളടക്കം 18 പേരാണ് സഭ വിട്ടുപോയത്. സഭ വിട്ടുപോയ ഓരോ കന്യാസ്ത്രീയുടെയും പേരും അവര്‍ വിട്ടുപോകാനിടയായ സഹചര്യങ്ങളും കത്തില്‍ വിവരിക്കുന്നുണ്ട്.
ബിഷപ്പിന് താത്പര്യമുള്ള ചില കന്യാസ്ത്രീകള്‍ അവര്‍ പല വിഷയങ്ങളില്‍ ആരോപണങ്ങളില്‍പെട്ടിട്ടും നേതൃസ്ഥാനങ്ങളില്‍ തുടരുന്നതിനെയും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ ലൈംഗിക പീഡനത്തിന് പരാതി നല്‍കിയ കന്യാസ്ത്രീയുടെ കാര്യങ്ങളടക്കം വിശദമായി കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഈ വിഷയങ്ങളില്‍ കൃത്യമായി നടപടി സ്വീകരിച്ചില്ലെങ്കില്‍ മിഷനറീസ് ഓഫ് ജീസസ് സന്യാസസഭതന്നെ ഇല്ലാതാകുമെന്നും കത്തിലൂടെ കന്യാസ്ത്രീകള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഈ കത്തുകളുടെ പകര്‍പ്പ് അടക്കം ലൈംഗിക പീഡനം അന്വേഷിക്കുന്ന ഡിവൈഎസ്പിക്ക് തെളിവായി നല്‍കിയിട്ടുണ്ട്.
പരാതി ഉന്നയിച്ചപ്പോള്‍ തന്നെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി സഭ ശ്രമിച്ചുവെന്നും ജലന്ധര്‍ രൂപത കന്യാസ്ത്രിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയെന്നും വൈദികന്‍ പറഞ്ഞു.