Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നിൽക്കുകയാണ് . യുകെയിലെ പ്രധാന രാഷ്ട്രീയ പാർട്ടികൾ അവസാന വോട്ടും തങ്ങൾക്ക് അനുകൂലമാക്കാനുള്ള നെട്ടോട്ടത്തിലാണ്. അഭിപ്രായ സർവേയിൽ ലേബർ പാർട്ടി വളരെ മുന്നിലാണെങ്കിലും ഒട്ടും വിട്ടുകൊടുക്കാതെ നിലവിലെ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയും മറ്റ് ചെറിയ പാർട്ടികളും ജന പിന്തുണയ്ക്കായി വീറോടെയുള്ള പ്രചാരണം കൊഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

കൺസവേറ്റീവ് പാർട്ടിയെ സമർദ്ധത്തിലാഴ്ത്തി കൊണ്ടുള്ള മുന്നേറ്റമാണ് റീഫോം യുകെ നടത്തിയതായുള്ള വിവരങ്ങൾ കഴിഞ്ഞയാഴ്ച വാർത്തയായിരുന്നു. അഭിപ്രായ സർവേയിൽ അവർ മുന്നേറിയതായുള്ള വാർത്തകൾ വൻ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങൾ വാർത്തയാക്കിയത്. എന്നാൽ റീഫോം യുകെയുടെ സ്ഥാനാർത്ഥികൾ നടത്തിയതായി പറയുന്ന അപകടകരമായ പരാമർശങ്ങൾ അവരുടെ ജനപ്രീതി ഇടിയുന്നതിന് വലിയ പങ്കുവഹിക്കും എന്നാണ് തിരഞ്ഞെടുപ്പ് നിരീക്ഷകർ വിലയിരുത്തുന്നത്. റീഫോം യുകെയുടെ തിരഞ്ഞെടുപ്പ് പ്രചാരകരായ ആൻഡ്രൂ പോബ്സ് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനകിനെതിരെ നടത്തിയ വംശീയ അധിക്ഷേപം അവർക്ക് വൻ തിരിച്ചടിയാകുമെന്ന റിപോർട്ടുകൾ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് . ഇത് കൂടാതെ അദ്ദേഹം നടത്തിയ ചില പരാമർശങ്ങൾ ഇസ്ലാമോ ഫോബിയ , അശ്ലീല ചുവയുള്ള സ്വഭാവങ്ങൾ ഉള്ളതാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റീഫോം യുകെയുമായി ബന്ധമുള്ള മറ്റൊരാൾ പോലീസ് വാഹനത്തിലെ പ്രൈഡ് ഫ്ലാഗിനെ ജീർണിച്ച പതാക എന്ന് വിളിച്ചതും മാധ്യമങ്ങളിൽ വൻ ചർച്ചയായിരുന്നു.


മുഖ്യധാരാ പാർട്ടികളിൽ നിന്ന് വ്യത്യസ്തമായ നയങ്ങൾ അവതരിപ്പിച്ച ചെറു പാർട്ടികൾക്ക് സാധാരണക്കാരുടെ ഇടയിൽ പെട്ടെന്ന് സ്വീകാര്യത വർദ്ധിക്കുന്നതായാണ് തിരഞ്ഞെടുപ്പ് സർവേകളിൽ വ്യക്തമാകുന്നത്. കൺസർവേറ്റീവ് പാർട്ടിയും ലേബർ പാർട്ടിയും മാത്രമുള്ള ദിക്ഷി സമ്പ്രദായമാണ് ദീർഘകാലമായി ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ആധിപത്യം സ്ഥാപിച്ചിരുന്നതെങ്കിലും സമീപകാലത്ത് അവരുടെ കോട്ടകളിൽ ചില ചെറു പാർട്ടികൾ വിള്ളലുണ്ടാക്കുന്നുണ്ട്. ഗ്രീൻ പാർട്ടി, എസ്എൻ പി , ലിബറൽ ഡെമോക്രാറ്റുകളും കളം പിടിച്ചു തുടങ്ങിയിരിക്കുന്നതിൻ്റെ സൂചനകൾ അഭിപ്രായ സർവേകളിൽ പ്രതിഫലിക്കുന്നുണ്ട്. തീവ്ര ബ്രെക്സിറ്റ് വാദിയായ നൈജൻ ഫരാഗ് സ്ഥാപിച്ച റീഫോം പാർട്ടി പാർലമെൻറ് തിരഞ്ഞെടുപ്പിൽ എന്ത് സ്വാധീനം ചെലുത്തുമെന്നും രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്ന കാര്യമാണ്. ഏതെങ്കിലും രീതിയിൽ തൂക്കു മന്ത്രിസഭ വരുകയാണെങ്കിൽ ചെറു പാർട്ടികൾ ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ നിർണ്ണായക ശക്തികളായി മാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ സ്വകാര്യ കാർ പാർക്കിങ്ങുകളിൽ നിരക്ക് ഈടാക്കുന്നതിൽ മാറ്റം. ശരത്കാലം മുതൽ പുതിയ പരിശീലന കോഡിൻ്റെ ഭാഗമായി, വാഹനമോടിക്കുന്നവരിൽ നിന്ന് അധിക സമയം പാർക്ക് ചെയ്‌താൽ നിരക്ക് ഈടാക്കുന്നതിന് മുമ്പ് 10 മിനിറ്റ് “ഗ്രേസ് പിരീഡ്” ഉണ്ടായിരിക്കും. എന്നാൽ നിലവിലെ ചാർജുകളെക്കാൾ ഉയർന്ന ചാർജുകളായിരിക്കും ഈടാക്കുന്നത്.

അതേസമയം സ്വകാര്യ കാർ പാർക്കിങ്ങിൽ വരുത്തിയ പുതിയ മാറ്റത്തിന് വൻ വിമർശനവുമായി മോട്ടോറിംഗ് ഓർഗനൈസേഷനുകൾ രംഗത്ത് വന്നു. ഡ്രൈവർമാരെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള നടപടിയാണ് ഇതെന്ന് അധികൃതർ പറയുന്നു. ഡ്രൈവർമാരുടെ സംരക്ഷണത്തിന് സർക്കാർ നിയമനിർമ്മാണം ആവശ്യമാണെന്നും ഇവർ പറഞ്ഞു.

സ്വകാര്യ കാർ പാർക്കിങ്ങ് ഓപ്പറേറ്റർമാരെ പ്രതിനിധീകരിക്കുന്ന ബ്രിട്ടീഷ് പാർക്കിംഗ് അസോസിയേഷനും ഇൻ്റർനാഷണൽ പാർക്കിംഗ് കമ്മ്യൂണിറ്റിയും ചേർന്നാണ് പുതിയ പ്രാക്ടീസ് കോഡ് കൊണ്ടുവന്നിരിക്കുന്നത്. പുതിയ പ്രാക്ടീസ് കോഡിലെ 10 മിനിറ്റ് ഗ്രേസ് പിരീഡ് അനുസരിച്ച് അടച്ച തുകയ്ക്കുള്ള സമയം കഴിഞ്ഞ് പത്ത് മിനിറ്റ് കഴിഞ്ഞ് മാത്രമേ പാർക്കിംഗ് ചാർജ് നോട്ടീസ് നൽകുകയുള്ളൂ. ഒക്ടോബറിൽ പുതിയ കോഡ് നടപ്പിലാക്കാനാണ് വ്യവസായ സ്ഥാപനങ്ങൾ ലക്ഷ്യമിടുന്നത്. സൂപ്പർ മാർക്കറ്റുകൾക്ക് സമീപവും ഷോപ്പിംഗ് കോംപ്ലക്സുകൾക്ക് സമീപവും സ്വകാര്യ കാർ പാർക്കിങ്ങുകൾ ഉണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാർ വീണ്ടും സമരം ആരംഭിച്ചു. ഇന്ന് മുതൽ ആരംഭിച്ച സമരം 5 ദിവസം നീണ്ടു നിൽക്കും. ശമ്പള വർദ്ധനവിനായി 11 -ാം മത്തെ പ്രാവശ്യമാണ് ജൂനിയർ ഡോക്ടർമാർ സമരത്തിനിറങ്ങുന്നത്. ഇന്ന് രാവിലെ 7 മണി മുതലാണ് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ഡോക്ടർമാർ സമരം നടത്തുന്നത്.


ജൂനിയർ ഡോക്ടർമാരുടെ സമരം മൂലം ആശുപത്രികളിലെ സേവനങ്ങൾക്ക് കാര്യമായ തടസ്സമുണ്ടാകുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകി. എൻഎച്ച്എസ്സിന്റെ ഭാഗത്തുനിന്ന് ശമ്പള വർദ്ധനവിന് പുതിയ ഓഫർ ഒന്നും ഇല്ലാത്തതിനാൽ സമരം നടത്തുകയാണെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു. എന്നാൽ അടുത്ത ആഴ്ച പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡോക്ടർമാർ സമരം നടത്തുന്നതിനെ കടുത്ത ഭാഷയിലാണ് എൻഎച്ച്എസ് വിമർശിക്കുന്നത്.

സർക്കാരും ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനും മെയ് മാസത്തിൽ ചർച്ചകൾ നടത്താൻ തയ്യാറെടുത്തിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ശമ്പള വർദ്ധനവിനായുള്ള ചർച്ചകൾ ഒന്നും നടന്നില്ല. ഇതാണ് പണിമുടക്കുമായി മുന്നോട്ടു പോകാൻ യൂണിയനെ പ്രേരിപ്പിച്ചിരിക്കുന്നത് . ജൂനിയർ ഡോക്ടർമാർക്ക് കഴിഞ്ഞ സാമ്പത്തിക വർഷം ശരാശരി 9% ശമ്പള വർദ്ധനവ് ലഭിച്ചു. എന്നാൽ പണപ്പെരുപ്പത്തിന് ആനുപാതികമായി 35% ശമ്പള വർദ്ധനവ് ആണ് ഡോക്ടർമാർ ആവശ്യപ്പെടുന്നത്. എൻ എച്ച് എസിലെ ഡോക്ടർമാരിൽ പകുതിയോളം പേരും ജൂനിയർ ഡോക്ടർമാരാണ്. അവരിൽ മൂന്നിൽ രണ്ടുപേരും ബിഎംഎ അംഗങ്ങളാണ്. അതുകൊണ്ട് തന്നെ ബി എം എ നടത്തുന്ന സമരം ആരോഗ്യ മേഖലയെ സ്തംഭിപ്പിക്കുമെന്ന് ഉറപ്പാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അടുത്ത വ്യാഴാഴ്ച്ച നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന ചർച്ചയിൽ റിഷി സുനകും സർ കെയർ സ്റ്റാർമറും. സംവാദത്തിൽ നികുതി, കുടിയേറ്റം, ലിംഗഭേദം, ബ്രെക്സിറ്റ് തുടങ്ങിയ പ്രധാന വിഷയങ്ങളും ഉൾപ്പെട്ടിരുന്നു. ബിബിസി സംഘടിപ്പിച്ച 75 മിനിറ്റ് നീണ്ടുനിന്ന സംവാദത്തിൽ ഋഷി സുനക്, സർ കെയർ നികുതി വർദ്ധന ആസൂത്രണം ചെയ്തതായി ആവർത്തിച്ച് കുറ്റപ്പെടുത്തുകയും അനധികൃത കുടിയേറ്റം പരിഹരിക്കാൻ ഒരു പദ്ധതിയും ഇല്ലെന്ന് അദ്ദേഹത്തെ വിമർശിക്കുകയും ചെയ്തു.

അതേസമയം സർ കെയർ സ്റ്റാർമർ ഋഷി സുനകിനെതിരെ ഫണ്ടില്ലാത്ത നികുതി വാഗ്‌ദാനം ചെയ്യുന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ചു. നോട്ടിംഗ്‌ഹാം ട്രെൻ്റ് യൂണിവേഴ്‌സിറ്റിയിലെ പൊതുജനങ്ങൾ ഉന്നയിച്ച ചോദ്യങ്ങളെക്കുറിച്ച് ഇരുവർക്കും നേരത്തെ ധാരണയുണ്ടായിരുന്നില്ല. പൊതുതിരഞ്ഞെടുപ്പ് സമയത്തെ കുറിച്ച് വാതുവെപ്പ് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ടോറി സ്ഥാനാർത്ഥികളെ കുറിച്ച് പ്രതികരിക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് സർ കെയർ സ്റ്റാർമർ സംവാദത്തിന് തുടക്കമിട്ടത്. കാര്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത് അവ ശരിയായി കൈകാര്യം ചെയ്തുവെന്ന് പ്രധാനമന്ത്രി ഋഷി സുനക് ഇതിനോട് പ്രതികരിച്ചു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വിജയിക്കുമെന്ന് അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ അഭിപ്രായം പാർട്ടിക്ക് അനുകൂലമാക്കാനുള്ള റിഷി സുനകിൻെറ അവസാന അവസരമായ ഈ സംവാദത്തെ കാണാം. ക്യാമ്പെയ്‌നിൻ്റെ തുടക്കത്തിൽ ഉണ്ടായത് പോലെ നികുതി വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആക്രമണാത്മക നിലപാടാണ് റിഷി സുനക് സ്വീകരിച്ചത്. മുൻപുള്ള സംവാദങ്ങളേക്കാൾ പോരാട്ട വീര്യം പ്രകടിപ്പിച്ചുകൊണ്ടാണ് കെയർ സ്റ്റാർമർ ഇത്തവണ പ്രതികരിച്ചത്. ബ്രെക്‌സിറ്റിനെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയും നേതാക്കൾ നൽകി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വിവരസാങ്കേതിക വിദ്യയാണ് ഇനി ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതയുള്ള മേഖല. ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ കടന്നുവരവും എല്ലാവരുടെയും കൈകളിൽ സ്മാർട്ട്ഫോൺ എത്തിയതും എല്ലാ മേഖലയിലും ഇൻഫർമേഷൻ ടെക്നോളജിയുടെ കടന്നു വരവിന് വഴിവച്ചു. യുകെയിൽ ജിസിഎസ്ഇ ഉൾപ്പെടെയുള്ള കോഴ്സുകളുടെ സിലബസ് പരിഷ്കരിച്ചപ്പോൾ കമ്പ്യൂട്ടർ സയൻസ് അടിസ്ഥാനമാക്കിയുള്ള വിഷയങ്ങളുടെ സിലബസ് പരിഷ്കരിച്ചത് ഇത്തരം വസ്തുതകൾ കണക്കിലെടുത്താണ്.


പഴയ സിലബസിൽ ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ടെക്നോളജി (ഐസിടി) ആയിരുന്നത് മാറ്റി പുതിയ കമ്പ്യൂട്ടർ സയൻസ് സിലബസ് കൊണ്ടു വന്നതിലെ അപാകതയാണ് ഈ വിഷയത്തിൽ പെൺകുട്ടികളുടെ പങ്കാളിത്തം കുറയുന്നതിന് കാരണമായതായി വിദ്യാഭ്യാസ വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്. കമ്പ്യൂട്ടർ സയൻസ് പഠിക്കുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ പകുതിയിലധികം കുറവ് വന്നതായാണ് കണക്കുകൾ കാണിക്കുന്നത് . 2015 -ൽ ജി സി എസ് ഇയിൽ ഐസിടിക്ക് പഠിക്കുന്നതിൽ 43 ശതമാനവും പെൺകുട്ടികളായിരുന്നു. എന്നാൽ നിലവിൽ കമ്പ്യൂട്ടർ സയൻസ് എടുക്കുന്നവരിൽ 21 ശതമാനം മാത്രമാണ് പെൺകുട്ടികൾ.


നേരത്തെയുണ്ടായിരുന്ന സിലബസ് മൈക്രോസോഫ്റ്റ് ഓഫീസ് അതായത് എം എസ് വേർഡ്, എക്സൽ, പവർ പോയിൻറ് തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ ആയിരുന്നു പഠിപ്പിച്ചിരുന്നത്. എന്നാൽ പുതിയ സിലബസ് കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്, കോഡിങ്ങ് തുടങ്ങി കൂടുതൽ ആഴത്തിലുള്ള വിഷയങ്ങൾ ഉൾപ്പെടുത്തിയതാണ് പെൺകുട്ടികളെ ഈ വിഷയത്തിൽ നിന്ന് പിന്തിരിപ്പിച്ചത് എന്നാണ് പൊതുവെ വിലയിരുത്തുന്നത് . ഇത് അപകടകരമായ പ്രവണതയ്ക്ക് കാരണമാകുമെന്ന് ലണ്ടനിലെ കിംഗ്സ് കോളേജിലെ കംപ്യൂട്ടിംഗ് വിദ്യാഭ്യാസത്തിലെ സീനിയർ ലക്ചറർ ഡോ. പീറ്റർ കെംപ് പറഞ്ഞു. ആധുനിക ലോകത്തെ രൂപപ്പെടുത്തുമ്പോൾ പുരുഷന്മാരുടെ ആധിപത്യത്തിന് ഇത് കാരണമാകുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെസ്റ്റ് മിനിസ്റ്റർ ഹണി ട്രാപ്പിൽ ആരോപണ വിധേയനായതിനെ തുടർന്ന് ലേബർ പാർട്ടി അംഗത്തെ സസ്പെൻഡ് ചെയ്തു . സംഭവത്തിൽ അറസ്റ്റിലായ ലേബർ പാർട്ടി അംഗത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല . 30 വയസ്സിനടുത്ത് പ്രായമുള്ള ഒരാളെ സംഭവത്തോട് അനുബന്ധിച്ച് അറസ്റ്റ് ചെയ്തു എന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓൺലൈൻ സുരക്ഷാ നിയമപ്രകാരമുള്ള പീഡനങ്ങളും കുറ്റകൃത്യങ്ങളും ചുമത്തിയാണ് അറസ്റ്റ് നടന്നിരിക്കുന്നത്. എന്നാൽ പാർട്ടി അംഗത്തെ കുറിച്ചുള്ള ആരോപണത്തെ കുറിച്ച് തങ്ങൾ അറിയുന്നത് ബുധനാഴ്ച മാത്രമാണെന്നും അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായും ലേബർ പാർട്ടി വക്താവ് പറഞ്ഞു.

രാജ്യത്തെ നടുക്കിയ ഹണി ട്രാപ്പിൽ ഇരകൾക്ക് നഗ്ന ദൃശ്യങ്ങളും സന്ദേശങ്ങളും അയക്കുകയും രഹസ്യ വിവരങ്ങൾ ഹണി ട്രാപ്പിലൂടെ കൈക്കലാക്കാനുമാണ് ശ്രമം നടന്നത്. ആക്രമണം നടത്തിയവർ ഇരകളായവരെ കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു . ആക്രമണത്തിന് പിന്നിൽ ശക്തമായ ആസൂത്രണം നടന്നിട്ടുണ്ട്. ഇതിനു പിന്നിൽ ഒരു വിദേശ രാജ്യം ഉൾപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഹണി ട്രാപ്പ് നടത്തി രഹസ്യ വിവരങ്ങൾ വെളിപ്പെടുത്താൻ പ്രേരിപ്പിക്കുകയായിരുന്നു സൈബർ അറ്റാക്കിന്റെ ലക്ഷ്യമെന്നാണ് കരുതപ്പെടുന്നത്. അബി , ചാർലി എന്നീ അപരനാമങ്ങളിൽ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നത് . കൺസർവേറ്റീവ് നേതാവ് സർ ഇയൻ ഡങ്കൻ സ്മിത്ത് സംഭവത്തെ ജനാധിപത്യത്തിനെതിരായ ആക്രമണമാണെന്നാണ് അപലപിച്ചത്.

ബ്രിട്ടീഷ് രാഷ്ട്രീയ ചരിത്രത്തിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ സൈബർ ഹണി ട്രാപ്പിന്റെ കൂടുതൽ വിവരങ്ങൾ ആണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഒരു ഡേറ്റിംഗ് ആപ്പിൽ കണ്ടുമുട്ടിയ ഒരാൾക്ക് സഹ എംപിമാരുടെ വിവരങ്ങൾ പങ്കുവെച്ചതായി ഒരു ടോറി എംപിയായ വില്യം വാഗ് വെളിപ്പെടുത്തിയതാണ് സംഭവത്തിന് വഴിത്തിരിവായിരിക്കുന്നത്. ഹണി ട്രാപ്പിനായി ലക്ഷ്യം വച്ചവർ തന്നെ കരുവാക്കുകയായിരുന്നു എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. ഗ്രേറ്റ് മാഞ്ചസ്റ്റർ നിയോജകമണ്ഡലത്തിലെ എംപിയാണ് ഇദ്ദേഹം . കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ് പാർലമെൻറ് അംഗങ്ങളെയും അവരുടെ സ്റ്റാഫിനെയും ലക്ഷ്യം വെച്ച് സൈബർ ഹണി ട്രാപ്പ് ആക്രമണം നടന്നതായുള്ള വിവരങ്ങൾ പുറത്തുവന്നത് . നിലവിലെ ഒരു മന്ത്രിയും12 ഓളം എംപിമാരും മുതിർന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവർത്തകരുമാണ് ഹണി ട്രാപ്പിന് ഇരയായതെന്നാണ് റിപ്പോർട്ടുകൾ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രണ്ടായിരമാണ്ടിന്റെ തുടക്കത്തിലാണ് യുകെയിലേയ്ക്ക് വൻ തോതിൽ മലയാളി കുടിയേറ്റം നടന്നത്. പ്രധാനമായും ആരോഗ്യമേഖലയിൽ ജോലിക്കായി ഇവിടെ എത്തിയ മലയാളികളുടെ പുതുതലമുറ രാഷ്ട്രീയം ഉൾപ്പെടെ സമസ്ത മേഖലകളിലും തങ്ങളുടെ കൈയ്യൊപ്പ് ചാർത്തുന്ന അഭിമാനകരമായ നേട്ടങ്ങൾക്കാണ് യുകെ സാക്ഷ്യം വഹിക്കുന്നത്. അത്തരം ഒരു നേട്ടത്തിന്റെ ഉടമയാകാൻ ഒരുങ്ങുകയാണ് ഏറിക് സുകുമാരൻ എന്ന മലയാളി. സൗത്ത് ഗേറ്റ് ആൻറ് വുഡ് ഗ്രീൻ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുകയാണ് അദ്ദേഹം.

ജൂലൈ 4- ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ജനവിധി അനുകൂലമാകുകയാണെങ്കിൽ ഹൗസ് ഓഫ് കോൺസിൽ എത്തുന്ന ആദ്യ മലയാളിയായിരിക്കും എറിക് സുകുമാരൻ. 38 വയസ്സുകാരനായ എറിക് ജനിച്ചതും വളർന്നതും യുകെയിലാണ്. ആറ്റിങ്ങൽ സ്വദേശിയായ ജോണി – അനിത ദമ്പതികളുടെ മകനാണ് എറിക് . യുകെയിൽ നിന്ന് ബിരുദവും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി, പെൻസിൽ വാനിയ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്ന് ഉന്നത ബിരുദവും കരസ്ഥമാക്കിയ എറിക് നിലവിൽ വേൾഡ് ബാങ്കിൽ കൺസൾട്ടന്റ് കൂടിയാണ് .

ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് മേഖലയിൽ ജോലി ചെയ്തിരുന്ന എറികിന് പ്രധാനമന്ത്രി ഋഷി സുനകുമായി വളരെ അടുത്ത ബന്ധമാണുള്ളത് . മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ലണ്ടൻ മേയർ ആയിരുന്നപ്പോൾ അദ്ദേഹത്തിനോടൊപ്പം പ്രവർത്തിച്ചിട്ടുള്ള അനുഭവ പരിചയവും എറികിനുണ്ട്. അമേരിക്കയിലെ കോളറാഡോ സ്വദേശിയായ ലിന്‍ഡ്‌സെയാണ് എറികിൻ്റെ ഭാര്യ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പ്രധാനമന്ത്രി ഋഷി സുനകിൻ്റെ വസതിയിൽ അതിക്രമിച്ചു കടന്നതിന് 4 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു. ജപ്പാൻ്റെ നയതന്ത്ര പ്രതിനിധികളുടെ സന്ദർശനത്തെ തുടർന്ന് പ്രധാനമന്ത്രി ലണ്ടനിൽ ആയിരുന്നപ്പോഴാണ് സംഭവം നടന്നത്. നോർത്ത് യോർക്ക് ഷെയറിലെ കിർബി സിഗ്സ്റ്റണിലെ പ്രധാനമന്ത്രിയുടെ വസതിയിലാണ് 4 പേർ അതിക്രമിച്ച് കയറിയത്. വീടിനുള്ളിൽ പ്രവേശിച്ച് അധികം താമസിയാതെ തന്നെ ഇവരെ കസ്റ്റഡിയിൽ എടുത്തതായാണ് പോലീസ് അറിയിച്ചത്.

അറസ്റ്റിലായവർ പാലസ്തീൻ അനുകൂല യൂത്ത് ഡിമാൻഡ് എന്ന സംഘടനയുടെ പ്രവർത്തകരാണ്. കൺസർവേറ്റീവ് പാർട്ടിയും ലേബർ പാർട്ടിയും ഇസ്രയേൽ അനുകൂല പ്രവർത്തനങ്ങൾ നിർത്തണമെന്ന ആവശ്യമാണ് സംഘടന പ്രധാനമായും ഉന്നയിക്കുന്നത്. അറസ്റ്റിലായ മൂന്ന് പേർ സംഘടനയുടെ സജീവ പ്രവർത്തകരും നാലാമൻ ഫോട്ടോഗ്രാഫറും ആണ്. ലണ്ടൻ, ബോൾട്ടൺ, മാഞ്ചസ്റ്റർ, ചീചെസ്റ്റർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്. കഴിഞ്ഞവർഷം സമാനമായ ഒരു സംഭവത്തിൽ പ്രധാനമന്ത്രിയും കുടുംബവും അവധി ആഘോഷിക്കാൻ കാലിഫോർണിയയിൽ ആയിരുന്ന സമയത്ത് പ്രതിഷേധക്കാർ വസതിയിൽ കയറി ബാനർ ഉയർത്തിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്പെയിനിൽ കാണാതായ 19 വയസ്സുകാരനായ ബ്രിട്ടീഷ് യുവാവിനു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ഒരാഴ്ച പിന്നിട്ടിട്ടും പോലീസിന്റെ അന്വേഷണത്തിൽ എന്തെങ്കിലും പുരോഗതി ഉണ്ടായതായുള്ള സൂചനകൾ ഒന്നുമില്ലാത്തത് കടുത്ത ആശങ്ക ഉളവാക്കിയിട്ടുണ്ട്. ജെയ് സ്ലേറ്ററിനായുള്ള തിരച്ചിൽ പത്താം ദിവസം പിന്നിടുകയാണ്. നിലവിലെ അന്വേഷണത്തിന് പുരോഗതി ഇല്ലാത്തതു കൊണ്ട് പരിശീലനം ലഭിച്ച പ്രത്യേക നായ്ക്കളെ സ്ഥലത്തെത്തിച്ച് തിരച്ചിൽ നടത്തുമെന്ന് പോലീസ് അറിയിച്ചു.


യുവാവിന്റെ മൊബൈലിലെ സിഗ്നലുകൾ അവസാനം കണ്ട സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത് എന്ന് പോലീസ് അറിയിച്ചു. ഇവിടേയ്ക്ക് പരിശീലനം ലഭിച്ച പ്രത്യേക നായ്ക്കളെ മാഡ്രിഡിൽ നിന്ന് എത്തിച്ച് തിരച്ചിൽ നടത്താനാണ് പോലീസ് പദ്ധതി തയ്യാറാക്കുന്നത്. ജെയ് യെ കണ്ടെത്താൻ എല്ലാ വിഭവങ്ങളും ഉപയോഗിക്കുന്നുണ്ടെന്ന് സാൻ്റിഗോ ഡെൽ ടെയ്‌ഡിലെ മേയർ എമിലിയോ നവാരോ പറഞ്ഞു. തൻറെ ഫോൺ 1% മാത്രം ബാറ്ററി ബായ്ക് അപ്പ് ഉള്ളുവെന്നും തനിക്ക് വെള്ളത്തിൻറെ ആവശ്യമുണ്ടെന്നും ജെയ് സ്ലേറ്റർ അവസാനമായി തൻറെ കൂട്ടുകാരിക്ക് അയച്ച സന്ദേശമാണ് പോലീസിന് അവന്റെ തിരോധാനത്തെ കുറിച്ചുള്ള അവസാന സൂചന.


19 വയസ്സ് പ്രായമുള്ള ജെയ് സ്ലേറ്ററിനെ ജൂൺ 17 തിങ്കളാഴ്ച മുതൽ ആണ് സ്പെയിനിലെ ടെനറൈഫിൽ നിന്ന് കാണാതായത്. ലങ്ക ഷെറിൽ നിന്നുള്ള ജെയ് സ്പാനിഷ് ദ്വീപിൽ അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു. ഷോർട്ട്സും വെള്ള ടീഷർട്ടും ആണ് ജെയ് ധരിച്ചിരുന്നത്. ഒരു കറുത്ത ബാഗും ഇയാളുടെ കൈയ്യിൽ ഉണ്ടായിരുന്നതായാണ് കരുതപ്പെടുന്നത് . സംഭവം അറിഞ്ഞതിനെ തുടർന്ന് ജെയിയുടെ അമ്മ യുകെയിൽ നിന്ന് ടെനറൈഫിലേയ്ക്ക് പോയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെല്ലുവിളി നിറഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് കൺസർവേറ്റീവ് പാർട്ടിക്കെതിരെ ചൂതാട്ട ആരോപണവും. അഞ്ചാഴ്ച മുമ്പ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചപ്പോൾ പാർട്ടി വോട്ടെടുപ്പിൽ 20 പോയിന്റിന് പിന്നിലായിരുന്നു. അഞ്ച് വർഷത്തിനുള്ളിൽ പാർട്ടിയുടെ നാലാമത്തെ പ്രധാനമന്ത്രിയാണ് നിലവിലുള്ളത്. ഇത്രയും ചീത്തപ്പേരുള്ള സാഹചര്യത്തിലാണ് ചൂതാട്ട വിവാദവും പാർട്ടിക്കെതിരെ ആരോപിച്ചിരിക്കുന്നത്. ജൂലായിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ഇതിനെച്ചൊല്ലി ഋഷി സുനകിൻ്റെ അടുത്ത സഹായിയായ ക്രെയ്ഗ് വില്യംസ് വാതുവെപ്പ് നടത്തിയതിനെ പറ്റിയുള്ള അന്വേഷണത്തിലാണ് ഗാംബ്ലിങ് കമ്മീഷൻ ഇപ്പോൾ.

 

വിവാദത്തിൽ നാല് ടോറി പാർട്ടി അംഗങ്ങളും ആറ് പോലീസ് ഓഫീസർമാരും ഒരു ലേബർ സ്ഥാനാർത്ഥിയും ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പുറത്ത് വന്നിരിക്കുന്ന ഈ വിവാദം കൺസർവേറ്റീവ്, ലേബർ പാർട്ടികളെ ദോഷകരമായി ബാധിക്കും. ഇത് രാഷ്ട്രീയക്കാർക്ക് ഒരു നിയമവും പൊതുജനങ്ങൾക്ക് മറ്റൊരു നിയമവുമാണ് എന്ന് ജനങ്ങളിൽ തോന്നിപ്പിച്ചിരിക്കുകയാണ്.

 

ബോറിസ് ജോൺസൺ സർക്കാരിൻെറ പതനത്തിന് കാരണമായത് ഇത്തരത്തിയിൽ ഉരുത്തിരിഞ്ഞ പാർട്ടിഗേറ്റ് വിവാദമാണ്. ഇത്തരം പ്രശ്‌നങ്ങൾ രാഷ്ട്രീയക്കാർ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുന്ന നിയമങ്ങൾ അവർ പാലിക്കുന്നില്ല എന്നൊരു തോന്നൽ ജനങ്ങളിൽ എത്തിക്കുമെന്നും ഇത് പാർട്ടിയെ ദോഷകരമായി ബാധിക്കുമെന്നും സ്ഥാനമൊഴിയുന്ന ലെവലിംഗ് അപ്പ് സെക്രട്ടറി മൈക്കൽ ഗോവ് പറഞ്ഞു. രാഷ്ട്രീയക്കാർ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിച്ച നിയമങ്ങൾ പാലിക്കുന്നില്ലെന്ന് വോട്ടർമാരുടെ മനസ്സിൽ സ്ഥാപിച്ച് പൊതുജന വിശ്വാസത്തെ സാരമായി ബാധിച്ച വിവാദങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved