ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇറാനിൽ തടവിലാക്കപ്പെട്ട ബ്രിട്ടീഷ് ദമ്പതികളുടെ കാര്യത്തിൽ ആശങ്കകൾ ശക്തമാകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 52 വയസ്സുള്ള ലിൻഡ്‌സെയും ക്രെയ്ഗ് ഫോർമാനും ജനുവരി ആദ്യം മധ്യ ഇറാനിലെ കെർമാനിൽ ഒരു മോട്ടോർ ബൈക്ക് യാത്രയ്ക്കിടെ ആണ് ഇറാൻ കസ്റ്റഡിയിൽ എടുത്തത് . ചാരവൃത്തി ആരോപിച്ചാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത് . ഇവരെ ടെഹറസ് സമീപമുള്ള ഒരു പ്രത്യേക ജയിലിലേയ്ക്ക് മാറ്റിയതായി അവരുടെ മകൻ ജോ ബെന്നറ്റ് പറഞ്ഞതാണ് വിവരം പൊതുസമൂഹത്തിൽ ചർച്ചയാകാൻ കാരണമായത്.

ലോകത്തിലെ ഏറ്റവും മോശം ജയിലുകളിൽ ആണ് തന്റെ മാതാപിതാക്കൾ ഇപ്പോഴുള്ളതെന്ന് ജോ മാധ്യമങ്ങളോട് വെളിപ്പെടുത്തി. 200 ദിവസങ്ങൾക്കു മുമ്പാണ് ദമ്പതികൾ കസ്റ്റഡിയിലായത്. എന്നാൽ ഇതുവരെ തനിക്ക് അവരോട് സംസാരിക്കാൻ സാധിച്ചിട്ടില്ലെന്ന് ജോ വെളിപ്പെടുത്തി. ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക് ദമ്പതികളെ പുതുതായി കാണാൻ അനുവദിക്കാനും മാതാപിതാക്കളെ വീട്ടിലേക്ക് വിളിക്കാൻ അനുവദിക്കാനും ഇറാനിയൻ അധികൃതരോട് ബ്രിട്ടൻ ആവശ്യപ്പെട്ടു. ലോകം ചുറ്റി സഞ്ചരിക്കുന്നതിനിടെയാണ് ദമ്പതികൾ അറസ്റ്റിലായത്.

അർമേനിയിൽ നിന്നാണ് ഇവർ ഇറാനിൽ പ്രവേശിച്ചത്. പാക്കിസ്ഥാനിൽ പ്രവേശിക്കുന്നതിന് നാല് ദിവസം മുമ്പ് മാത്രമാണ് ദമ്പതികൾ അറസ്റ്റിലായത്. ദമ്പതികൾ ആശയവിനിമയം നിർത്തിയപ്പോൾ തന്നെ എന്തോ കുഴപ്പമുണ്ടെന്ന് ബന്ധുക്കൾക്ക് മനസ്സിലായി. എന്നാൽ ഇവർ വിദേശ സഞ്ചാരി വേഷത്തിൽ വിവരങ്ങൾ ശേഖരിക്കാൻ രാജ്യത്ത് പ്രവേശിച്ചു എന്നാണ് ഇറാനിയൻ അധികൃതർ പറഞ്ഞത്. ഇറാന്റെ ചാരവൃത്തി ആരോപണങ്ങളിൽ അഗാധമായ ആശങ്കയുണ്ടെന്നും നേരിട്ട് ഇറാനിയൻ അധികാരികളുമായി ഈ വിഷയം ഉന്നയിക്കുന്നത് തുടരുമെന്നും വിദേശകാര്യ ഓഫീസ് വക്താവ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്റ്റോക്ക്-ഓൺ-ട്രെന്റിലെ ഫാമിലി പാർക്കിൽ 4 വയസുള്ള പെൺകുട്ടി ദാരുണമായി കൊല്ലപ്പെട്ടു. വാട്ടർ വേൾഡ് എന്ന ഫാമിലി പാർക്കിലെ സ്വിമ്മിങ് പൂളിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് പെൺകുട്ടി ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോർട്ടുകൾ ലഭിച്ചതിനെ തുടർന്ന് പോലീസിനെ വിളിക്കുകയായിരുന്നു. ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനുമുമ്പ് അവിടത്തെ ജീവനക്കാരും പാരാമെഡിക്കുകളും സംഭവസ്ഥലത്ത് തന്നെ പെൺകുട്ടിയെ ചികിത്സിച്ചതായും കുറച്ച് സമയത്തിന് ശേഷം അവൾ മരിച്ചതായും സ്റ്റാഫോർഡ്ഷെയർ പോലീസ് പറഞ്ഞു.

സംഭവത്തിലേയ്ക്ക് നയിച്ച കാരണങ്ങളെ കുറിച്ച് അന്വേഷണം നടത്തി കൊണ്ടിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഈ പ്രാരംഭ ഘട്ടത്തിൽ ഊഹാപോഹങ്ങൾ ഒഴിവാക്കണമെന്ന് ഡിറ്റക്ട് ചീഫ് ഇൻസ്പെക്ടർ ലൂസി മാസ്ക്യൂ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. വാട്ടർ വേൾഡ് അക്വാ പാർക്കിലെ ലഗൂൺ പ്രദേശത്താണ് സംഭവം നടന്നത് . പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയ ഉടനെ ലൈഫ് ഗാർഡും മാനേജ്മെന്റ് ടീമുകളും കുളത്തിന്റെ അരികിൽ ചികിത്സ നൽകിയതായി സോഷ്യൽ മീഡിയയിൽ പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിന് സാക്ഷിയായവരോ ഇതിനെ കുറിച്ച് അറിവുള്ളവരോ 101 എന്ന നമ്പറിൽ വിളിക്കാൻ സ്റ്റാഫോർഡ്ഷെയർ പോലീസ് ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ന്യൂണീറ്റണിൽ 12 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ട് പുരുഷന്മാരെ കോടതിയിൽ ഹാജരാക്കി. പ്രധാന പ്രതിയായ അഹമ്മദ് മുലഖിൽ രണ്ട് ബലാത്സംഗ കുറ്റങ്ങൾ ആണ് നേരിടുന്നുത് . അതേസമയം രണ്ടാം പ്രതിയായ മുഹമ്മദ് കബീറിന്റെ മേൽ 13 വയസ്സിന് താഴെയുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകൽ, കഴുത്ത് ഞെരിച്ച് കൊല്ലൽ, ബലാത്സംഗത്തിന് സഹായിക്കൽ എന്നീ കുറ്റങ്ങൾ ആണ് ചുമത്തിയിയിരിക്കുന്നത്. പ്രതികളായ രണ്ടുപേരും അനധികൃത കുടിയേറ്റക്കാരാണെന്ന ആരോപണം വാർവിക്ഷയർ കൗണ്ടി കൗൺസിൽ നേതാവ് ജോർജ് ഫിഞ്ച് ഉന്നയിച്ചിട്ടുണ്ട്. ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല . വാർവിക്ഷയർ പോലീസും ഹോം ഓഫീസും അവരുടെ ഇമിഗ്രേഷൻ സ്റ്റാറ്റസ് മറച്ചുവെച്ചതായി ആരോപണങ്ങളും ഉയർന്നുവന്നിട്ടുണ്ട്.

സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ പോലീസ് വിസമ്മതിച്ചു. കുറ്റകൃത്യങ്ങൾക്ക് എതിരെ നടപടി സ്വീകരിക്കുന്നത് രാജ്യത്തെ നിയമങ്ങൾക്ക് അനുസരിച്ചായിരിക്കും. ഇതിൽ വംശീയതയോ കുടിയേറ്റം തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുന്നില്ലെന്ന് പോലീസ് കൂട്ടി ചേർത്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഫ്രാൻസുമായുള്ള കരാർ ഉൾപ്പെടെ ചാനൽ വഴിയുള്ള കടന്നുകയറ്റം തടയുന്നതിനുള്ള നടപടികൾക്കായി 100 മില്യൺ പൗണ്ട് കൂടി ചെലവഴിക്കുമെന്ന് ആഭ്യന്തര ഓഫീസ് അറിയിച്ചു. അനധികൃത കുടിയേറ്റം തടയുന്നതിനായി നാഷണൽ ക്രൈം ഏജൻസി ഉദ്യോഗസ്ഥർക്ക് പണം നൽകുമെന്ന് ആളുകളെ കള്ളക്കടത്ത് നടത്തുന്ന സംഘങ്ങളെ കുറിച്ചുള്ള രഹസ്യാന്വേഷണ ശേഖരണം വർദ്ധിപ്പിക്കുന്നതിന് പുതിയ സാങ്കേതികവിദ്യയും ഉപകരണങ്ങളും നൽകുമെന്നും ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു. അനധികൃത കുടിയേറ്റം തടയുന്നതിന് കാര്യക്ഷമമായ നടപടികൾ സ്വീകരിക്കുന്നതിന് കടുത്ത സമ്മർദ്ദമാണ് സർക്കാർ നേരിടുന്നത്. അഭയാർത്ഥികളെ പാർപ്പിക്കുന്ന ഹോട്ടലുകൾക്ക് പുറത്ത് പ്രതിഷേധം ഈ വാരാന്ത്യത്തിൽ വ്യാപിച്ചിരുന്നു . ശനിയാഴ്ച വടക്കൻ ലണ്ടനിലെ ഇസ്ലിംഗ്ടണിൽ തിസിൽ സിറ്റി ബാർബിക്കൻ ഹോട്ടലിന് പുറത്ത് പ്രതിഷേധക്കാരും എതിർ പ്രതിഷേധക്കാരും തമ്മിൽ നടന്ന ചെറിയ ഏറ്റുമുട്ടലിനുശേഷം ഒമ്പത് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .

ഇംഗ്ലീഷ് ചാനൽ കടന്നുള്ള അനധികൃത കുടിയേറ്റം തടയാൻ ഫ്രാൻസുമായി ദീർഘകാല കരാർ സർക്കാർ ഒപ്പുവെച്ചിരുന്നു. പുതിയ കരാറിന്റെ ഭാഗമായി ഫ്രഞ്ച് പോലീസിന് കൂടുതൽ അധികാരങ്ങൾ കൈമാറും. യുകെയിൽ കുടുംബ ബന്ധമുള്ള അഭയാർത്ഥികളെ സ്വീകരിക്കുന്നതിന് പകരമായി ചെറിയ ബോട്ടുകളിൽ എത്തുന്ന കുടിയേറ്റക്കാരെ ഫ്രാൻസിലേക്ക് തിരിച്ചയക്കാൻ പുതിയ കരാർ ബ്രിട്ടന് സഹായകമാവും. കാലാവസ്ഥ അനുകൂലമാകുന്നതും കൂടുതൽ മനുഷ്യ കള്ളക്കടത്തുകാർ സജീവമാകുന്നതുമാണ് അനധികൃത കുടിയേറ്റത്തിന്റെ വർദ്ധനവിന് കാരണമാകുന്നതെന്നാണ് സർക്കാർ പക്ഷം. മനുഷ്യ കടത്തുകാർക്കെതിരെ ഭീകരവിരുദ്ധ നിയമം പ്രയോഗിക്കുന്നതിനുള്ള നിയമ നിർമ്മാണവുമായി ലേബർ സർക്കാർ മുന്നോട്ടു പോകുകയാണ്.

മുൻ വർഷങ്ങളെ അപേക്ഷിച്ച് അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമായി കൂടിയതായുള്ള റിപ്പോർട്ടുകൾ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 2025 ൽ ഇതുവരെ 25,000 ത്തിലധികം കുടിയേറ്റക്കാർ ഇംഗ്ലീഷ് ചാനൽ കടന്നിട്ടുണ്ട്. ഡോവറിൽ ബുധനാഴ്ച 13 ബോട്ടുകളിലായി 898 പേരെ കരയിലേക്ക് കൊണ്ടുവന്നതായി ഹോം ഓഫീസ് അറിയിച്ചു. ഇതോടെ ഈ വർഷം യുകെയിൽ എത്തിയ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 25436 ആയി. ഈ വർഷം മുൻ വർഷങ്ങളെ അപേക്ഷിച്ച് 25000 എന്ന സംഖ്യ വളരെ നേരത്തെ കടന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. 2022 ഓഗസ്റ്റ് 27-ാം തീയതിയാണ് 25000 അനധികൃത കുടിയേറ്റക്കാർ യുകെയിൽ എത്തിയത്. മനുഷ്യക്കടത്ത് നടത്തുന്ന സംഘങ്ങളെ നേരിടാൻ നിർണ്ണായകമായ നീക്കങ്ങൾ യുകെ നടത്തുമ്പോഴാണ് ഒരു വശത്ത് അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമായി ഉയരുന്നത്. അനധികൃത കുടിയേറ്റം തടയും എന്നത് ലേബർ പാർട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. പുറത്തുവന്ന കണക്കുകളെ കുറിച്ച് കടുത്ത വിമർശനമാണ് പ്രതിപക്ഷം നടത്തിയിരിക്കുന്നത്. ദേശീയ അടിയന്തിരാവസ്ഥ എന്നാണ് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിൽപ്പ് എംപി പുറത്തുവന്ന കണക്കുകളോട് പ്രതികരിച്ചത്. ഇതുകൂടാതെ ക്രോസിംഗുകൾ തടയാൻ ലേബർ പാർട്ടി ഒന്നും ചെയ്യുന്നില്ല എന്ന് അദ്ദേഹം ആരോപിക്കുകയും ചെയ്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗാസയിലെ കൂടുതൽ കുട്ടികൾക്ക് വൈദ്യസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ യുകെ ആരംഭിച്ചു. ഇതിൻറെ ഭാഗമായി ഗുരുതരമായി രോഗബാധിതരായ അല്ലെങ്കിൽ പരിക്കേറ്റ കുട്ടികളെ ഗാസയിൽ നിന്ന് മാറ്റി വൈദ്യചികിത്സയ്ക്കായി യുകെയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കുമെന്ന് സർക്കാർ അറിയിച്ചു. എത്ര കുട്ടികൾക്ക് വൈദ്യസഹായം ലഭ്യമാകും എന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. എന്നിരുന്നാലും 300 യുവാക്കൾക്ക് വരെ സൗജന്യ വൈദ്യചികിത്സ ലഭിക്കാനായി യുകെയിൽ പ്രവേശിക്കാൻ സർക്കാർ അനുമതി നൽകുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രൊജക്റ്റ് പ്യുവർ ഹോപ്പിന്റെ ഒരു സംരംഭത്തിലൂടെ ഗാസായിലെ ചില കുട്ടികളെ ഇതിനകം സ്വകാര്യമായി യുകെയിലേക്ക് വൈദ്യചികിത്സയ്ക്കായി കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ സംഘർഷത്തിനിടയിൽ സർക്കാർ ഇതുവരെ സ്വന്തം പദ്ധതിയിലൂടെ ആരെയും ഒഴിപ്പിച്ചിട്ടില്ല. അടിയന്തര വൈദ്യസഹായം ആവശ്യമുള്ള കുട്ടികളെ ഗാസയിൽ നിന്ന് ഒഴിപ്പിക്കുക എന്നതാണ് പദ്ധതിയെന്ന് ഞായറാഴ്ച ഒരു സർക്കാർ വക്താവ് പറഞ്ഞു. കഴിയുന്നത്ര വേഗത്തിൽ അത് ചെയ്യാൻ ഞങ്ങൾ വേഗത്തിൽ പ്രവർത്തിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2023 ഒക്ടോബറിൽ ഗാസയിൽ യുദ്ധം ആരംഭിച്ചതിനുശേഷം 50,000-ത്തിലധികം കുട്ടികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട് എന്നാണ് യുഎൻ ചാരിറ്റിയായ യൂണിസെഫ് പുറത്തുവിട്ട കണക്കുകൾ കാണിക്കുന്നത് .

ജൂലൈ അവസാനം പ്രസിദ്ധീകരിച്ച ഒരു വിദേശകാര്യ കമ്മിറ്റി റിപ്പോർട്ടിലാണ് ഗാസയിലെ കുട്ടികൾക്ക് വൈദ്യസഹായം എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സർക്കാർ വിശദമാക്കിയത്. യാത്രാ പെർമിറ്റുകൾ, മെഡിക്കൽ വിസകൾ, യുകെയിലേക്കുള്ള സുരക്ഷിത ഗതാഗതം എന്നിവ ഏകോപിപ്പിക്കുക, കുട്ടികൾക്ക് ഗാസയിൽ ലഭ്യമല്ലാത്ത പ്രത്യേക പരിചരണം നൽകുക എന്നിവയൊക്കെയാണ് നടപ്പിലാക്കുമെന്ന് റിപ്പോർട്ടിൽ പറയുന്ന പ്രധാന കാര്യങ്ങൾ . ഗുരുതരമായ വൈദ്യസഹായം ആവശ്യമുള്ള കുട്ടികളെ ഒഴിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ വേഗത്തിലാക്കാനുള്ള നടപടി സ്വീകരിച്ചതായി ഈ വിഷയത്തിൽ പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ പറഞ്ഞു. സർക്കാർ പദ്ധതിയുടെ ഭാഗമായി ഓരോ കുട്ടിക്കും ഒരു രക്ഷിതാവ് അനുഗമിക്കേണ്ടതുണ്ട്. അവർ യാത്ര ചെയ്യുന്നതിന് മുമ്പ് ഹോം ഓഫീസ് ബയോമെട്രിക്, സുരക്ഷാ പരിശോധനകൾ നടത്തും. സ്വമേധയാ സേവനം നൽകുന്ന മെഡിക്കൽ പ്രൊഫഷണലുകൾ ഉൾപ്പെടുന്ന ബ്രിട്ടീഷ് സംഘടനയായ പ്രോജക്റ്റ് പ്യുർ ഹോപ്പ് ഇതുവരെ മൂന്ന് കുട്ടികളെ ചികിത്സയ്ക്കായി യുകെയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജൂണിൽ ഉണ്ടായ എയർ ഇന്ത്യ വിമാന ദുരന്തം അത്രപെട്ടെന്ന് ആർക്കും മറക്കാൻ സാധിക്കാത്ത ഒന്നാണ്. ഗുജറാത്തിലെ അഹമ്മദാബാദ് സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ 171 വിമാനം പറന്നുയർന്ന ഉടൻ തകർന്നു വീഴുകയായിരുന്നു. ബോയിങ് 787-8 ഡ്രീംലൈനർ വിഭാഗത്തിൽ പെട്ട വിമാനത്തിൽ 130 യാത്രക്കാരും 12 ജീവനക്കാരുമായി 242 യാത്രക്കാരുണ്ടായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഒരാൾ ഒഴികെ ബാക്കി ഉള്ളവർക്ക് ജീവൻ നഷ്‌ടമാവുകയും ചെയ്‌തു.

കഴിഞ്ഞ ദിവസം വിമാനം തകർന്ന് വീണതിനെ തുടർന്ന് ജീവൻ നഷ്ടമായവരെ അനുസ്മരിക്കാൻ വെംബ്ലിയിൽ ഒരു അനുസ്‌മരണ ചടങ്ങ് നടത്തപ്പെട്ടു. 130-ലധികം പേർ ചടങ്ങിൽ പങ്കെടുത്തു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഒരുമിച്ച് കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് ചടങ്ങുകൾ നടത്തപ്പെട്ടത്. അപകടത്തിൽ മരിച്ച തന്റെ മാതാപിതാക്കളായ അശോകിനെയും ശോഭന പട്ടേലിനെയും ആദരിക്കുന്നതിനായി മിതൻ പട്ടേൽ സത്താവിസ് പട്ടീദാർ സെന്ററിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.

യുകെയിലും ഇന്ത്യയിലുമുള്ള നിരവധി കുടുംബങ്ങളുടെ ജീവിതത്തിൽ എയർ ഇന്ത്യ ദുരന്തം വലിയൊരു ശൂന്യതായാണ് കൊണ്ടുവന്നിരിക്കുന്നത്. തങ്ങളുടെ പ്രിയപെട്ടവരെ നഷ്‌ടമായ വേദനയിൽ നിന്ന് പലരും കരകയറിയിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തരത്തിൽ നടത്തപ്പെടുന്ന അനുസ്‌മരണ ചടങ്ങുകൾ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒത്തുചേരാനും, മരിച്ചവരുടെ ഓർമ്മകളെ ആദരിക്കാനും, തമ്മിൽ ആശ്വാസം തേടാനും ഏറെ സഹായകരമാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലേക്ക് അടുത്ത് ഫ്ലോറിസ് കൊടുങ്കാറ്റ്. 2024-25 കാലയളവിലെ യുകെയിൽ ആഞ്ഞടിക്കുന്ന ആറാമത്തെ കൊടുങ്കാറ്റാണിത്. മോശം കാലാവസ്ഥയെ തുടർന്ന് സ്‌കോട്ട് ലൻഡിന്റെ മിക്ക ഭാഗങ്ങളിലും ആംബർ വാണിംഗുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ രാവിലെ 10 മുതൽ രാത്രി 10 വരെ ആംബർ വാണിംഗ് നിലവിലുണ്ട്. ശക്തമായ കാറ്റുള്ളതിനാൽ കെട്ടിടങ്ങൾക്കും മരങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

നോർത്തേൺ ഇംഗ്ലണ്ട്, നോർത്ത് വെയിൽസ്, നോർത്തേൺ അയർലൻഡ് സ്കോട്ട് ലൻഡ് തുടങ്ങിയ പ്രദേശങ്ങളിൽ ഇന്ന് രാവിലെ ആറു മണി മുതൽ യെല്ലോ വാണിംഗ് പ്രാബല്യത്തിൽ ഉണ്ട്. ഇന്ന് രാത്രിയോടെ കൊടുങ്കാറ്റ് കൂടുതൽ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചിട്ടുണ്ട്. സ്കോട്ട് ലൻഡിലെ ഉൾനാടൻ പ്രദേശങ്ങളിൽ മണിക്കൂറിൽ 50 മുതൽ 70 മൈൽ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. അതേസമയം തുറന്ന തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 80 മുതൽ 90 മൈൽ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട് എന്നും അധികൃതർ അറിയിച്ചു.

നാളെ ഉച്ചകഴിഞ്ഞ് സ്കോട്ട് ലൻഡിന്റെ പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റ് വീശുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈകിട്ടോടെ കാറ്റ് അബർഡീൻഷെയറിലേക്ക് നീങ്ങും. കൊടുങ്കാറ്റ് വീശുന്ന പ്രദേശങ്ങളിൽ വൈദ്യുതി തടസ്സം, കനത്ത മഴ, വെള്ളപ്പൊക്കം എന്നിവയ്ക്കും സാധ്യതയുണ്ട്. വേഗത നിയന്ത്രണങ്ങൾ, കാലതാമസം, ട്രെയിൻ സർവീസുകളുടെ റദ്ദാക്കലുകൾ എന്നിവയെ കുറിച്ച് നാഷണൽ റെയിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതുവരെ യുകെയിൽ ഓഗസ്റ്റ് മാസം ആഞ്ഞടിച്ചിട്ടുള്ള കൊടുങ്കാറ്റുകൾ എല്ലാം തന്നെ വൻ തോതിലുള്ള നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. സ്റ്റോം ലിലിയൻ (ഓഗസ്റ്റ് 2024), സ്റ്റോം ആന്റണി, സ്റ്റോം ബെറ്റി (ഓഗസ്റ്റ് 2023), സ്റ്റോം എല്ലെൻ, ഫ്രാൻസിസ് (ഓഗസ്റ്റ് 2020) എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ സോഷ്യൽ മീഡിയയിൽ നിയമവിരുദ്ധമായി ചാനൽ കടക്കുന്നതിനെയോ വ്യാജ പാസ്പോർട്ടുകൾ എടുക്കുന്നതിനെയോ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ നൽകുന്നവർക്ക് പുതിയ നിയമപ്രകാരം 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കും. ചെറിയ ബോട്ടുകൾ വഴി അനധികൃതമായി യുകെയിൽ കുടിയേറുന്ന 80 % കുടിയേറ്റക്കാരും ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി നിയമവിരുദ്ധ സംഘങ്ങളുമായി ബന്ധപ്പെട്ടുവെന്ന വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് സർക്കാരിൻറെ പുതിയ നീക്കം.

അനധികൃത കുടിയേറ്റത്തെ സഹായിക്കുക എന്നത് കുറ്റകരമാണ്. അതുകൊണ്ട് ഓൺലൈൻ വഴി ഇതിനെ പ്രോത്സാഹിപ്പിക്കുന്ന പ്രമോഷനുകൾ നൽകുന്നവരെ ലക്ഷ്യമിട്ടാണ് സർക്കാർ പുതിയ നിയമം അവതരിപ്പിച്ചിരിക്കുന്നത്. കള്ളക്കടത്ത് തുടങ്ങി അനധികൃത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘങ്ങളെ പിടികൂടാനും പോലീസിന് കൂടുതൽ അധികാരം നൽകാനുമാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്.

2025 – ൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം, 25,000 ൽ അധികം ആളുകൾ ചെറിയ ബോട്ടുകളിലായി രാജ്യത്ത് അനധികൃതമായി പ്രവേശിച്ചിട്ടുണ്ട്. പുതിയ നിയമം പാർലമെൻറ് തയ്യാറാക്കുന്ന അതിർത്തി, സുരക്ഷ, കുടിയേറ്റ ബില്ലിൽ ഉൾപ്പെടുത്തും. കഴിഞ്ഞ വർഷം മാത്രം, ടെക്ക് കമ്പനികളുമായി ചേർന്ന് സർക്കാർ 8000 – ലധികം നിയമവിരുദ്ധ പോസ്റ്റുകളാണ് നീക്കം ചെയ്തത്. സർക്കാർ പുതിയ നിയമ നടപടികൾ സ്വീകരിച്ചപ്പോഴും ഈ ശ്രമങ്ങൾ എല്ലാം വൈകിപ്പോയതായുള്ള വിമർശനങ്ങളും പൊങ്ങി വരുന്നുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബറിയിലെ മാർക്കറ്റ് സ്ട്രീറ്റിലെ പവർ ലിഗ് ഫുട്ബോൾ കോമ്പൗണ്ടിൽ 19 വയസ്സുകാരൻ കുത്തേറ്റു മരിച്ചു. ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് നൽകിയ വിവരങ്ങൾ അനുസരിച്ച് വെള്ളിയാഴ്ച രാത്രി 9 മണിക്കാണ് കൊലപാതകം നടന്നത്. ഒന്നിലധികം കുത്തേറ്റതിനെ തുടർന്നുള്ള പരിക്കുകൾക്ക് പിന്നാലെയാണ് ഇരയ്ക്ക് ജീവൻ നഷ്ടമായത്. ആക്രമണത്തിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ആക്രമണം 19 കാരനായ ഇരയെ ലക്ഷ്യമിട്ടു നടന്നതാണെന്നും പൊതുജനങ്ങൾക്ക് ഭീഷണിയില്ലെന്നും പോലീസ് അറിയിച്ചു. അന്വേഷണത്തിന് സഹായകരമാകുന്ന വിവരങ്ങൾ അറിയാവുന്നവർ പോലീസ് സേനയുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

ജി എം പി മേജർ ഇൻസിഡന്റ് ടീമിലെ ഡിറ്റക്റ്റീവ് ചീഫ് ഇൻസ്പെക്ടർ ജോൺ ചാൾട്ടൺ ഇരയുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം രേഖപ്പെടുത്തി. അന്വേഷണത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ പോലീസ് പ്രദേശത്ത് ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സിഖു വംശജരെ അടിച്ചമർത്തുന്നതായുള്ള യുകെ പാർലമെൻററി പാനലിന്റെ റിപ്പോർട്ട് ഇന്ത്യൻ സർക്കാർ തള്ളി. അടിച്ചമർത്തലിൽ ഏർപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ആണ് ബ്രിട്ടീഷ് പാർലമെൻററി പാനൽ ഇന്ത്യയെ ഉൾപ്പെടുത്തിയത്. ആരോപണങ്ങൾ സംശയാസ്പദമായ ഉറവിടങ്ങളിൽ നിന്നാണെന്ന് ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. ബ്രിട്ടീഷ് പാർലമെന്റിന്റെ മനുഷ്യാവകാശങ്ങൾക്കായുള്ള സംയുക്ത സമിതിയുടെ റിപ്പോർട്ട് ജൂലൈ 30 – നാണ് പ്രസിദ്ധീകരിച്ചത്.

യുകെയിൽ അന്തർദേശീയ അടിച്ചമർത്തലിൽ ഏർപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ബഹ്‌റൈൻ, ചൈന, ഈജിപ്ത്, എറിത്രിയ, ഇറാൻ, പാകിസ്ഥാൻ, റഷ്യ, റുവാണ്ട, സൗദി അറേബ്യ, തുർക്കി, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയ്‌ക്കൊപ്പം ആണ് ഇന്ത്യയെ ഉൾപ്പെടുത്തിയത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം ഇന്ത്യയിൽ നിരോധിച്ച ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്‌എഫ്‌ജെ)യും യുകെ ആസ്ഥാനമായുള്ള മറ്റ് സിഖ് ഗ്രൂപ്പുകളും റിപ്പോർട്ടിൽ ഇന്ത്യയുമായി ബന്ധപ്പെട്ട തെളിവുകൾ നൽകിയിരുന്നു. ഒളിച്ചോടിയവർക്കായി റെഡ് നോട്ടീസ് പുറപ്പെടുവിക്കുന്ന ഇന്റർപോളിന്റെ സംവിധാനം രാഷ്ട്രീയ കാരണങ്ങളാൽ ഇന്ത്യ ദുരുപയോഗം ചെയ്യുന്നതായി ആരോപിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.