ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബെഡ്ഫോർഡ് ഷെയറിലെ ഒരു വീട്ടിൽ നടന്ന ഉഗ്ര സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മറ്റൊരാൾ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഇന്നലെ പുലർച്ചെ നടന്ന സ്ഫോടനത്തിന്റെ കാരണം എന്താണെന്ന വിവരങ്ങൾ പുറത്തു വന്നിട്ടില്ല. സംഭവത്തെ തുടർന്ന് അടിയന്തിരമായി സമീപ സമീപവാസികളെ വീടുകളിൽ നിന്ന് പോലീസ് ഒഴിപ്പിച്ചു. മാരകമെന്ന് വിലയിരുത്തിയ സ്ഫോടനത്തിന്റെ കാരണങ്ങളെ കുറിച്ച് എമർജൻസി സർവീസുകൾ അന്വേഷണം നടത്തി വരുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിന്റെ ഒളിമ്പിക്സ് ഇതിഹാസമായ സർ ക്രിസ് ഹോയ് തനിക്ക് മാരകമായ രീതിയിൽ ക്യാൻസർ രോഗം ബാധിച്ചതായി വെളിപ്പെടുത്തി. തനിക്ക് രണ്ട് മുതൽ നാലു വരെ വർഷം മാത്രമേ ജീവിക്കാൻ സാധിക്കുകയുള്ളൂവെന്ന് ഡോക്ടർമാർ അറിയിച്ചതായി അദ്ദേഹം പറഞ്ഞത് കടുത്ത ഞെട്ടലാണ് ആരാധകരിലും കായിക ലോകത്തും സൃഷ്ടിച്ചത്. ഒളിമ്പിക്സിൽ 6 തവണ സൈക്ലിങ്ങിൽ ലോക കിരീടം ചൂടിയ സർ ക്രിസ് ഹോയ് ഇതിഹാസ കായികതാരമായാണ് കണക്കാക്കപ്പെടുന്നത്.
48 വയസ്സ് പ്രായമുള്ള അദ്ദേഹം ഈ വർഷമാദ്യം തനിക്ക് ക്യാൻസർ ബാധിച്ചതായി വെളിപ്പെടുത്തിയിരുന്നു. 2004 നും 2012 നും ഇടയിലാണ് അദ്ദേഹം 6 ഒളിമ്പിക്സ് മെഡലുകൾ നേടിയത്. 7 ഒളിമ്പിക്സ് സ്വർണ്ണം നേടിയ സർ ജോസൺ കെന്നിയുടെ നേട്ടത്തിന് തൊട്ടുപിന്നിൽ എത്തിയ അദ്ദേഹത്തിൻറെ നേട്ടം ഒരു ബ്രിട്ടീഷ് ഒളിമ്പ്യന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറർ ആണ് . 2013ൽ നിന്ന് വിരമിച്ച അദ്ദേഹം സൈക്ലിംഗ് മത്സരങ്ങളുടെ കമൻ്റേറ്റർ ആയും കായികതാരങ്ങളുടെ പരിശീലനത്തിൽ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിലും സജീവമായിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തെറ്റായ വിവരങ്ങൾ നൽകി ജോലിയിൽ പ്രവേശിച്ച നേഴ്സിൽ നിന്ന് നൽകിയ ശമ്പളം തിരിച്ചുപിടിക്കാനുള്ള നടപടികൾ എൻഎച്ച്എസ് ആരംഭിച്ചതായുള്ള വാർത്തകൾ പുറത്തുവന്നു. 2019 ൽ ബ്രിഡ്ജൻഡിലെ ദി പ്രിൻസസ് ഓഫ് വെയിൽസ് ഹോസ്പിറ്റലിൽ നിയോനേറ്റൽ വാർഡ് മാനേജരായി 45 കാരിയായ തന്യാ നസീറിനെ നിയമിച്ചിരുന്നു . എന്നാൽ അവരുടെ യോഗ്യതയെ കുറിച്ചും പ്രവർത്തി പരിചയത്തെ കുറിച്ചും തെറ്റായ വിവരങ്ങൾ ആണ് നൽകിയത് എന്നതാണ് പിരിച്ചുവിടലിനും തുടർനടപടിക്കും കാരണമായിരിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച തെറ്റായ വിവരങ്ങൾ നൽകി ജോലിയിൽ പ്രവേശിച്ചതിന് തന്യാ നസീറിനെ അഞ്ചുവർഷം തടവിന് ശിക്ഷിച്ചിരുന്നു. റെഗുലേറ്ററി ബോഡിയായ നേഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ നേഴ്‌സുമാരുടെ രജിസ്റ്ററിൽ നിന്ന് നസീറിനെ നീക്കം ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കണ്ടുപിടിക്കപ്പെടുന്നതിനു മുമ്പ് 5 മാസത്തോളം ഇവർ ജോലി ചെയ്തിരുന്നു. പിന്നീട് ഇവരെ സസ്പെൻഡ് ചെയ്യുകയും ജോലിയിൽ നിന്ന് പുറത്താക്കുകയും ആയിരുന്നു.
Cwm Taf Morgannwg യൂണിവേഴ്സിറ്റി ഹെൽത്ത് ബോർഡിൽ നിന്ന് 94941 പൗണ്ടും ലണ്ടനിലെ ഹില്ലിംഗ്ഡൺ ഹോസ്പിറ്റൽസ് എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ നിന്ന് 115, 000 പൗണ്ടും ശമ്പളമായി അവർ കൈപ്പറ്റിയതായാണ് കണക്കുകൾ കാണിക്കുന്നത്. അഫ്ഗാനിസ്ഥാൻ, സിറിയ, കെനിയ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിരുന്നു എന്നാണ് തന്യാ നസീർ അവകാശപ്പെട്ടത്. എന്നാൽ ഈ അവകാശവാദങ്ങളെല്ലാം നുണകളായിരുന്നു എന്നാണ് കണ്ടെത്തിയത്. എൻഎച്ച്എസ് നടത്തിയ അന്വേഷണത്തിൽ തൻറെ അവകാശവാദങ്ങൾ തന്യാ നസീർ ആവർത്തിച്ചെങ്കിലും അവിടങ്ങളിൽ ജോലി ചെയ്തതിന് നികുതി അടച്ചതിന്റെ രേഖകൾ നൽകാൻ അവൾ പരാജയപ്പെട്ടിരുന്നു. എന്നാൽ 5 വർഷത്തോളം അവിടെ സന്നദ്ധ സേവനം നടത്തിയെന്ന അവളുടെ വാദം അന്വേഷണ കമ്മിറ്റി തള്ളി കളഞ്ഞു. ഇതു കൂടാതെ അവളുടെ വീട്ടിൽ നിന്ന് തെറ്റായ യോഗ്യത തെളിയിക്കുന്ന നിരവധി വ്യാജ സർട്ടിഫിക്കറ്റുകളും രേഖകളും കണ്ടെടുക്കുകയും ചെയ്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വൂസ്റ്ററിൽ നേഴ്സിംഗിന് പഠിക്കുന്ന മലയാളി വിദ്യാർത്ഥിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പുതുപ്പള്ളി സ്വദേശിയായ നൈതിക് അതുൽ ഗാലയാണ് മരണമടഞ്ഞത്. പുതുപ്പള്ളി സ്വദേശിയായ നൈതികിന് 20 വയസ്സായിരുന്നു പ്രായം. നൈതികനെ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
യൂണിവേഴ്സിറ്റി ഓഫ് വൂസ്റ്ററിലെ രണ്ടാം വർഷം നേഴ്സിംഗ് വിദ്യാർത്ഥിയായിരുന്നു നൈതിക്. യുവാവിൻറെ മാതാവ് മുംബൈയിൽ ജോലി ചെയ്യുന്ന പുതുപ്പള്ളി സ്വദേശിനിയാണ്. മരണ കാരണത്തെ കുറിച്ച് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്കാരത്തിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
നൈതിക് അതുൽ ഗാലയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജൂലൈ നാലിന് നടന്ന പൊതു തിരഞ്ഞെടുപ്പിലെ ഒരു മുഖ്യ ചർച്ചാവിഷയമായിരുന്നു എൻഎച്ച്എസ്സിന്റെ കെടുകാര്യസ്ഥത. കോവിഡും പണിമുടക്കും മൂലം എൻ എച്ച് എസിൻ്റെ പ്രവർത്തനം താളം തെറ്റിയത് മാത്രമല്ല പ്രശ്നങ്ങൾക്ക് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. മതിയായ ജീവനക്കാരുടെ അഭാവം എൻഎച്ച്എസ്സിന്റെ പ്രവർത്തനങ്ങളുടെ താളം തെറ്റിക്കുന്ന മുഖ്യ ഘടകമാണ്. എൻഎച്ച്എസ്സിന്റെ പ്രവർത്തനങ്ങൾ സാധാരണ ഗതിയിൽ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ലേബർ പാർട്ടി തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ അവകാശപ്പെട്ടിരുന്നു.
ഒക്ടോബർ മുപ്പതിന് അവതരിപ്പിക്കുന്ന ബഡ്ജറ്റിൽ എൻഎച്ച്എസ്സിന്റെ പ്രവർത്തനങ്ങൾക്ക് എത്രമാത്രം തുക വകയിരുത്തുമെന്നത് യുകെ മലയാളികൾ ഉൾപ്പെടെയുള്ള എൻഎച്ച്എസ് ജീവനക്കാർ ഉറ്റു നോക്കുന്നത് . ബഡ്ജറ്റിൽ 4 ശതമാനം വർദ്ധനവ് ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ ആണ് നിലവിൽ പുറത്തു വന്നിരിക്കുന്നത്. എന്നാൽ 18 മാസം വരെ നീണ്ടുനിൽക്കുന്ന വെയിറ്റിംഗ് ലിസ്റ്റ് കുറയ്ക്കാൻ ഈ തുക അപര്യാപ്തമാണെന്ന വിമർശനം ശക്തമാണ്. എന്നാൽ കഴിഞ്ഞ സർക്കാരിൻറെ കാലത്ത് 0.2 ശതമാനം വർദ്ധനവ് മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് ഗവൺമെൻറ് അനുകൂലികൾ വിമർശനത്തിന് മറുപടിയായി പറയുന്നത്.
യുകെയിലെ ബഹുഭൂരിപക്ഷം മലയാളികളും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. അവരിൽ തന്നെ ഭൂരിപക്ഷം പേരും എൻഎച്ച്എസ്സിന്റെ കുടക്കീഴിലാണ് ജോലി ചെയ്യുന്നത്. അതുകൊണ്ട് തന്നെ എൻഎച്ച്എസിനെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളും യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായ കാര്യമാണ്. നിലവിൽ സർക്കാർ മുന്നോട്ട് വച്ച 5.5 ശതമാനം ശമ്പള വർദ്ധനവ് നേഴ്സുമാർ ഉൾപ്പെടെയുള്ള എൻഎച്ച്എസ് ജീവനക്കാർ നിരാകരിച്ചിരുന്നു. ജൂനിയർ ഡോക്ടർമാരുടെ സമരം അവസാനിപ്പിക്കാൻ ശമ്പള വർദ്ധനവ് സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. പണിമുടക്കുകളിലേയ്ക്ക് ജീവനക്കാർ പോകാതെ ന്യായമായ ശമ്പള വർദ്ധനവ് നടപ്പാക്കാൻ എൻഎച്ച്എസിന് കഴിയണമെങ്കിൽ ഭേദപ്പെട്ട തുക സർക്കാർ ബഡ്ജറ്റിൽ വകയിരുത്തേണ്ടതായി വരും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൗത്ത് ഈസ്റ്റ് ലണ്ടനിൽ പോലീസ് വാഹനമിടിച്ച് ഗർഭിണിയായ സ്ത്രീ ദാരുണമായി കൊല്ലപ്പെട്ടു. യുവതി സഞ്ചരിച്ചിരുന്ന വാഹനത്തിൽ പോലീസിന്റെ വാഹനം ഇടിക്കുകയായിരുന്നു എന്ന് മെട്രോപോളിറ്റൻ പോലീസ് പറഞ്ഞു .
അപകടത്തെ തുടർന്ന് ഗർഭിണിയായ സ്ത്രീയും ഗർഭസ്ഥ ശിശുവും മരിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ ലണ്ടൻ ആംബുലൻസ് സർവീസ്, ലണ്ടൻ ഫയർ ബ്രിഗേഡ്, ലണ്ടനിലെ എയർ ആംബുലൻസ് എന്നിവയെല്ലാം സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു. വ്യാഴാഴ്ച വൈകുന്നേരം നടന്ന അപകടത്തെ കുറിച്ച് പോലീസ് വാച്ച് ഡോഗ് അന്വേഷണം നടത്തി വരുകയാണ്. പോലീസ് വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർക്ക് നിസ്സാര പരിക്കുകളെ പറ്റിയുള്ളൂ. അവരെ ആശുപത്രിയിൽ കൊണ്ടു പോയെങ്കിലും പരിശോധനയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മരണങ്ങളുടെ പരമ്പരയിൽ ഞെട്ടി യുകെ മലയാളികൾ. ഏതാനും ദിവസങ്ങൾക്ക് മുൻപ് കാര്‍ഡിഫിന് അടുത്ത് ന്യുപോര്‍ട്ടില്‍ മലയാളി യുവാവിനെ താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മകളെ കാണാൻ ലിങ്കണ്‍ഷെയറിൽ എത്തിയ കോട്ടയം മുക്കൂട്ടുതറ സ്വദേശിയായ സിസിലി മാത്യു കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിൽ ആയിരിക്കെ മരിക്കുകയായിരുന്നു. ഇതാ ഏറ്റവും ഒടുവിലായി വൂസ്റ്റര്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുകയാണ്.
ന്യുപോര്‍ട്ടില്‍ താമസിച്ചിരുന്ന തൃശൂര്‍ മാള വടമ സ്വദേശിയായ ബൈജു കൊടിയനെ ഏതാനും ദിവസം മുൻപ് താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേരള കാത്തലിക് അസോസിയേഷനിലും മറ്റും സജീവമായിരുന്ന ബൈജു ആദ്യ കാലങ്ങളില്‍ സാമൂഹ്യ രംഗങ്ങളിലും മറ്റും സ്‌ഥിരം സാന്നിധ്യമായിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളിലായി വ്യക്തിപരമായ കാരണങ്ങള്‍ മൂലം അദ്ദേഹം സാമൂഹ്യ രംഗങ്ങളിൽ നിന്ന് ഒറ്റപ്പെട്ട് നിൽക്കുകയായിരുന്നു. മരണത്തെ തുടർന്നുള്ള നിയമ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. സംസ്‌കാരം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ ലഭ്യമല്ല.
കോട്ടയം മുക്കൂട്ടുതറ സ്വദേശിയായ സിസിലി മാത്യു മകളോടൊപ്പം താമസിക്കാൻ നോര്‍ത്ത് ലിങ്കണ്‍ഷെയറിൽ എത്തിയപ്പോഴാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്. സിസിലി മാത്യുവിൻെറ ആക്‌സമിക മരണത്തിൻെറ ഞെട്ടലിലാണ് സിസിലിയുടെ കുടുംബാംഗങ്ങൾ. ഹൃദ്‌രോഗത്തെ തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിൽ ഇരിക്കവേ സിസിലി മരണത്തിന് കീഴടങ്ങുകയായിരുന്നു. സിസിലിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും ഇപ്പോൾ. രണ്ടു വര്‍ഷം മുന്‍പ് നേഴ്സിംഗ് പഠനത്തിന് എത്തിയ കോട്ടയം പുതുപ്പള്ളി സ്വദേശിയായ നൈതിക് അതുല്‍ ഗാലാ (20) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നൈതികിൻെറ അമ്മ മുംബൈയില്‍ ജോലി ചെയ്യുകയാണ്. മലയാളി വിദ്യാര്‍ത്ഥികള്‍ നേഴ്സിംഗ് പഠനത്തിന് എത്തുന്ന യൂണിവേഴ്സിറ്റികളിൽ ഒന്നാണ് വൂസ്റ്റര്‍.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ക്യാൻസർ രോഗം ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. എൻഎച്ച്എസ്സിന്റെ കണക്കുകൾ പ്രകാരം പ്രതിദിനം ഏകദേശം 1000 പേർക്ക് രോഗനിർണ്ണയം നടത്തുന്നതായുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പ്രധാനമായും പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിക്കുന്നവരുടെ എണ്ണത്തിലുള്ള കൂടുതലാണ് കണക്കുകൾ ഇത്രയും കൂടുന്നതിന് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.
2022 ൽ മാത്രം ഇംഗ്ലണ്ടിൽ 346, 217 ക്യാൻസർ രോഗ നിർണ്ണയങ്ങൾ നടന്നതായാണ് കണക്കുകൾ കാണിക്കുന്നത്. ഇത് 2021ൽ രേഖപ്പെടുത്തിയ 329,664 രോഗ നിർണ്ണയങ്ങളേക്കാൾ 5 ശതമാനം കൂടുതലാണ്. പുരുഷന്മാർക്കിടയിൽ ക്യാൻസർ കേസുകളുടെ എണ്ണത്തിൽ 7 ശതമാനം വർദ്ധനവ് ഉണ്ടായപ്പോൾ സ്ത്രീകളുടെ വർദ്ധനവിന്റെ നിരക്ക് 2 ശതമാനം ആയിരുന്നു.
2022 ൽ ഏറ്റവും കൂടുതൽ പേർക്ക് കണ്ടെത്തിയ ക്യാൻസർ പ്രോസ്റ്റേറ്റ് ക്യാൻസർ ആയിരുന്നു. രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുമ്പോഴും ആശ്വാസകരമായ വാർത്ത മരണനിരക്ക് കുറയുന്നു എന്നതാണ്. 2021 -ൽ ക്യാൻസർ ബാധിതരായ ഒരുലക്ഷം പുരുഷൻമാരിൽ 345 പേർ മരണത്തിന് കീഴടങ്ങിയിരുന്നു. എന്നാൽ 2022 – ൽ മരണനിരക്ക് 299 ആയി കുറയ്ക്കാൻ സാധിച്ചത് നേട്ടമായാണ് വിലയിരുത്തുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മയക്കുമരുന്ന് ഉപയോഗിക്കുന്നത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ യുകെയിൽ വർദ്ധിച്ചു വരുന്നതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു. കഴിഞ്ഞ വർഷം യുകെയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം ഏറ്റവും കൂടിയ നിലയിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ കാണിക്കുന്നത്. ചെറുതും വലുതുമായി 191,623 മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളാണ് കഴിഞ്ഞ വർഷം മാത്രം പോലീസും ബോർഡർ ഫോഴ്സും ചേർന്ന് രാജ്യത്ത് രജിസ്റ്റർ ചെയ്തത്.
വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഭീഷണിയുടെ വെളിച്ചത്തിൽ മയക്കുമരുന്നുകൾക്ക് അടിമകളാകുന്നവരെ പുനരധിവസിപ്പിക്കാനും ചികിത്സിക്കുന്നതും വളരെ പ്രധാനപ്പെട്ടതാണ്. ഏറ്റവും അപകടകാരിയായ മയക്കു മരുന്നായ കൊക്കെയ്ൻ ഉപയോഗിക്കുന്നവരുടെ ചികിത്സയ്ക്കായി ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള പുതിയ മാർഗ്ഗങ്ങൾ രാജ്യത്ത് നടപ്പിലാക്കാൻ ആരംഭിക്കുന്നതായുള്ള വാർത്തകൾ വളരെ ആശ്വാസത്തോടെയാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യ വിദഗ്ധർ നോക്കി കാണുന്നത്. മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളുകൾക്ക് ആസക്തി ജനിപ്പിക്കുന്ന സാഹചര്യം സാങ്കേതികവിദ്യയുടെ സഹായത്തോടെ മറികടക്കാനുള്ള മാർഗങ്ങൾ ആണ് ലണ്ടനിലെ കിംഗ്സ് കോളേജിലെ ഗവേഷകർ വികസിപ്പിച്ചത്.
വെർച്വൽ റിയാലിറ്റി, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, വെയറബിൾ ടെക്‌നോളജി എന്നിവയിലൂടെ മയക്കു മരുന്നിന് അടിമകളായവർക്ക് മോചനം ലഭിക്കാനുള്ള പദ്ധതിക്കായി 12 മില്യൺ പൗണ്ട് ആണ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രിട്ടനിലുടനീളം, ഓരോ വർഷവും മയക്കുമരുന്ന് അമിതമായി കഴിക്കുന്നത് ഏകദേശം 5,000 ജീവൻ ആണ് അപഹരിക്കുന്നത് . ഇത്തരം പദ്ധതികൾ സജീവമാകുന്നത് മദ്യവും മയക്കുമരുന്നും മൂലം കൂടുതൽ ആളുകൾ ആശുപത്രികളിൽ പ്രവേശിക്കുന്നത് തടയുന്നതിന് സഹായകരമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
യുകെയിൽ അടുത്തവർഷം ആദ്യം മുതൽ സമൂഹമാധ്യമങ്ങൾക്ക് കൂടുതൽ സുരക്ഷാ നിയമങ്ങൾ ബാധകമാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഫെയ്സ് ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് പോലുള്ള സോഷ്യൽ നെറ്റ്‌വർക്ക് സേവനങ്ങൾ നൽകുന്ന കമ്പനികൾ സുരക്ഷാ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ പിഴ ഒടുക്കേണ്ടി വരുമെന്ന് ഓഫ്‌കോമിൻ്റെ ചീഫ് എക്‌സിക്യൂട്ടീവ് ഡാം മെലാനി ഡേവ്സ് പറഞ്ഞു. നിഷ്കർഷിച്ചിരിക്കുന്ന സുരക്ഷാ നയങ്ങൾ നടപ്പിലാക്കാൻ കമ്പനികൾക്ക് ഇനി ഏകദേശം മൂന്നുമാസം സമയമുണ്ട്.
സുരക്ഷാ നിയന്ത്രണങ്ങളുടെ അടിസ്ഥാനതത്വം ഉപയോഗിക്കുന്നവരുടെ സുരക്ഷയാണന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഓൺലൈൻ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവർ സുരക്ഷിതരാണെന്ന് ഉറപ്പാക്കേണ്ടത് മാതാപിതാക്കളോ മുതിർന്നവരോ അല്ല ഓൺലൈൻ സ്ഥാപനങ്ങൾ തന്നെയാണെന്ന് ഡാം മെലാനി പറഞ്ഞു. ഗ്രൂപ്പ് ചാറ്റുകളിൽ നിന്ന് സ്വയം പുറത്ത് കടക്കാൻ ആളുകളെ അനുവദിക്കുന്ന നയം ഉൾപ്പെടെ സുരക്ഷാ മാറ്റങ്ങൾ ഉണ്ടാകും എന്നാണ് അറിയാൻ സാധിച്ചത്.
ദോഷകരമായ ഉള്ളടക്കത്തിൽ നിന്ന് കുട്ടികളെ ഉൾപ്പെടെ സുരക്ഷിതരാക്കുന്നതിനായി ഒരു വർഷം മുമ്പാണ് സുരക്ഷാ നിയമങ്ങൾ നിലവിൽ വന്നത്. 2025 ജനുവരി മുതൽ ഈ നിയമങ്ങൾ നടപ്പിൽ വരുത്താൻ കമ്പനികൾ ബാധ്യസ്ഥരാണ്. ഇതിന്റെ ഭാഗമായി കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യൽ, സ്വയം ഉപദ്രവിക്കൽ, മൃഗ പീഡനം എന്നിവ ഉൾപ്പെടെയുള്ള നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് പ്ലാറ്റ്‌ഫോമുകൾ കാണിക്കേണ്ടതുണ്ട്. നിയമങ്ങൾ നിലവിൽ വരുന്നതോടെ കമ്പനിയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത നിലവിൽ വരുമെന്നാണ് ഈ രംഗത്ത് വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്.