മാഞ്ചസ്റ്റർ എയർപോർട്ടിലെ പവർകട്ട് മൂലം തകരാറിലായ പ്രവർത്തനം ഇന്ന് പൂർവസ്ഥിതിയിലാകുമെന്ന് അധികൃതർ അറിയിച്ചു. എയർപോർട്ടിന്റെ പ്രവർത്തനം തകരാറിലായത് ഏകദേശം 90000 യാത്രക്കാരെ ബാധിച്ചതായുള്ള റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്. യാത്രക്കാർക്ക് നേരിട്ട അസൗകര്യത്തിൽ വിമാനത്താവള അധികൃതർ ക്ഷമാപണം നടത്തി.
ഞായറാഴ്ച പുലർച്ചെ മുതൽ മാഞ്ചസ്റ്റർ എയർപോർട്ടിൽ നിന്ന് പുറപ്പെട്ട വിമാനങ്ങളിൽ പലതും റദ്ദാക്കിയിരുന്നു. പ്രധാനമായും 1, 2 എന്നീ ടെര്‍മിനുകളെയാണ് പ്രശ്നങ്ങൾ ബാധിച്ചത്. ഇവിടേയ്ക്ക് ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ മറ്റ് എയർപോർട്ടിലേയ്ക്ക് തിരിച്ചു വിട്ടു. യാത്രക്കാർക്കും അവരെ കൊണ്ടുപോകാൻ എത്തിയവർക്കും വളരെയേറെ ബുദ്ധിമുട്ടുകളാണ് ഇതുമൂലം സംഭവിച്ചത്. ഒട്ടേറെ യാത്രക്കാരാണ് വിമാനത്താവളത്തിലെ നീണ്ട ക്യൂവിന്റെ ചിത്രങ്ങൾ കടുത്ത രോഷത്തോടെ സോഷ്യൽ മീഡിയയിൽ പങ്കിട്ടത്.
ഏറ്റവും കൂടുതൽ റദ്ദാക്കലുകൾ ബാധിച്ചത് ഈസി ജെറ്റ് വിമാനങ്ങളെയാണ്. തങ്ങളുടെ നിയന്ത്രണത്തിലല്ല ഒന്നും നടക്കുന്നതെന്നും യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടുകളുടെ പ്രയാസം കുറയ്ക്കാൻ സാധ്യമായത് എല്ലാം ചെയ്യുമെന്നും ഈസി ജെറ്റിന്റെ വക്താവ് പറഞ്ഞു. അബുദാബിയിൽ നിന്നുള്ള എത്തിഹാദ് എയർവെയ്സ് വിമാനം മാഞ്ചസ്റ്ററിൽ ഇറക്കുന്നതിന് പകരം ബർമിംഗ്ഹാമിൽ ആണ് ലാൻഡ് ചെയ്തത്. ഒട്ടേറെ മലയാളികൾ ആ ഫ്ലൈറ്റിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. യോർക്ക്ഷെയർ, വെയിക്ക് ഫീൽഡ്, ഷെഫീൽഡ് തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്ന മലയാളികൾ കേരളത്തിലേക്ക് വരാൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന എയർപോർട്ട് ആണ് മാഞ്ചസ്റ്റർ. കൊച്ചിയിൽ നിന്ന് മാഞ്ചസ്റ്ററിലേയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തു പോകുന്നതിനും തിരിച്ചുമുള്ള ഒട്ടേറെ മലയാളികളെയാണ് എയർപോർട്ടിലെ പ്രശ്നങ്ങൾ ബാധിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മയക്കുമരുന്നിന്റെ ഉത്പാദനവും വിപണനവും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ രാജ്യത്ത് വർദ്ധിച്ചു വരുന്നതായുള്ള ഞെട്ടിക്കുന്ന സംഭവങ്ങൾ ദിനംപ്രതി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. മയക്കുമരുന്ന് മാഫിയയുടെ നടപടിമൂലം തൃശങ്കുവിലായ ഒരു വീട്ടുടമസ്ഥന്റെ ദയനീയാവസ്ഥ വാർത്തയാക്കിയിരിക്കുകയാണ് ബിബിസി. നോർത്ത് ലണ്ടനിലെ വീട്ടു ഉടമസ്ഥനായ റീവ്സ് ദീർഘകാലത്തേയ്ക്ക് വിദേശത്ത് ജോലിക്കായി പോകുന്നതിന്റെ ഭാഗമായാണ് തൻറെ വീട് വാടകയ്ക്ക് കൊടുക്കാൻ തീരുമാനിച്ചത്. അതോടെ അദ്ദേഹത്തിൻറെ കഷ്ടകാലവും ആരംഭിച്ചു.
റീവ്സിന്റെ വീട് വാടകയ്ക്ക് എടുത്തത് കഞ്ചാവ് മാഫിയയുടെ ആൾക്കാരായിരുന്നു. കുറ്റവാളികളായ അവർ അദ്ദേഹത്തിൻറെ വസ്തുവിൽ വൻ നാശനഷ്ടങ്ങൾ ആണ് വരുത്തിയത്. കഞ്ചാവ് വളർത്തുന്നതിനും അത് ഉപയോഗിച്ച് മറ്റ് ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനും തൻറെ വസ്തു അവർ ഉപയോഗിച്ചു എന്ന് മാത്രമല്ല അതിനുവേണ്ടി വീടിനു തന്നെ ഒട്ടേറെ മാറ്റങ്ങൾ വരുത്തി. തന്റെ ബെഡ്റൂമിൽ പ്രവേശിച്ച റീവ്സിൻ്റെ കണ്ണു തള്ളി പോയി. പത്ത് ടണ്ണിലധികം മണ്ണാണ് കഞ്ചാവ് കൃഷിക്കാർ അദ്ദേഹത്തിൻറെ ബെഡ്റൂമിൽ നിക്ഷേപിച്ചിരുന്നത്. വീടിനുള്ളിൽ കഞ്ചാവ് വളർത്തുന്നതിന് വേണ്ടിയായിരുന്നു ഈ പ്രവർത്തി. ഇത് കൂടാതെ വീടിൻറെ വെന്റിലേഷനിലും ഒട്ടേറെ മാറ്റങ്ങൾ കുറ്റവാളികൾ വരുത്തിയിരുന്നു.
ഏറെക്കാലത്തേയ്ക്ക് ദൂരദേശത്ത് ജോലി സംബന്ധമായ ആവശ്യങ്ങളിൽ പോകുന്നവർ വാടകയ്ക്ക് വസ്തുക്കൾ കൊടുക്കുന്ന സമയത്ത് കഞ്ചാവ് ഫാമുകളുമായി ബന്ധമുള്ള കുറ്റവാളികൾ ഇത്തരം തട്ടിപ്പുകൾ നടത്തുന്നത് വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. സംഭവം പുറത്തായതിനെ തുടർന്ന് ലക്ഷ കണക്കിന് പൗണ്ട് വിലമതിക്കുന്ന 400 കഞ്ചാവ് ചെടികളാണ് റീവ്സിൻ്റെ വീട്ടിൽ നിന്ന് പോലീസ് പിടിച്ചെടുത്തത്. വിദേശത്ത് ജോലി ചെയ്യാൻ തയ്യാറെടുക്കുന്നതിനിടെ റീവ്സിന്റെ കുടുംബം വീട് വാടകയ്ക്ക് നൽകാനായി ഓൺലൈനിൽ പരസ്യം ചെയ്തിരുന്നു. ദീർഘകാലത്തേയ്ക്ക് റീവ്സിൻ്റെ കുടുംബം സ്ഥലത്തില്ലെന്ന് മനസ്സിലാക്കി ഒരു ഏജൻറ് സമീപിക്കുകയായിരുന്നു. ലണ്ടനിൽ ജോലിയുള്ള ഒരു കുടുംബത്തിന് വാടകയ്ക്ക് നൽകാനാണ് വീട് എന്നാണ് ഏജൻറ് റീവ്സിനെ തെറ്റിദ്ധരിപ്പിച്ചത്. പിന്നീട് വാടകയ്ക്ക് എടുത്തവർ ഒരിക്കലും വാടക നൽകാത്ത തട്ടിപ്പുകാരായി മാറി. പകരം അവർ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് വീട് ഉപയോഗിക്കുകയായിരുന്നു. ഏജൻ്റും വാടകക്കാരും എല്ലാം നൽകിയ വിലാസം വ്യാജമാണെന്ന് പിന്നീട് പോലീസ് കണ്ടെത്തി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാഞ്ചസ്റ്റർ എയർപോർട്ടിൽ നിന്ന് പുറപ്പെടുന്ന നിരവധി ഫ്ലൈറ്റുകൾ റദ്ദാക്കി. പല ഫ്ലൈറ്റുകളും പുറപ്പെടുന്നതിൽ താമസം നേരിടുകയും ചെയ്യുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. എയർപോർട്ട് ഉൾപ്പെടെയുള്ള സ്ഥലത്ത് വൈദ്യുതി വിതരണത്തിൽ നേരിട്ട തടസ്സമാണ് വിമാനങ്ങൾ വൈകുന്നതിലേയ്ക്കും റദ്ദാക്കപ്പെടുന്നതിലേയ്ക്കും വഴി വെച്ചിരിക്കുന്നത്.
വൈദ്യുതി ബന്ധം പുന:സ്ഥാപിച്ച് എയർപോർട്ടിന്റെ പ്രവർത്തനം സാധാരണഗതിയിലാക്കാൻ പരിശ്രമിക്കുകയാണെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. പലരുടെയും ലഗേജുകൾ അതാത് വിമാനത്തിൽ തന്നെ ഇല്ലാത്ത സ്ഥിതി ഉണ്ടായേക്കാമെന്ന മുന്നറിയിപ്പും നൽകപ്പെട്ടിട്ടുണ്ട്. എയർപോർട്ടിന്റെ പ്രവർത്തനം ആകെ താളം തെറ്റിയതിനെ തുടർന്ന് രാവിലെ മുതൽ ആളുകളുടെ വലിയ ക്യൂ രൂപപ്പെട്ടതിൻ്റെ ചിത്രങ്ങൾ ഒട്ടേറെ പേരാണ് സമൂഹ മാധ്യമങ്ങളിൽ കൂടി പങ്കുവെച്ചത്.
മാഞ്ചസ്റ്റർ എയർപോർട്ടിലെ ടെർമിനലിൽ ഒന്നിന്റെയും രണ്ടിന്റെയും പ്രവർത്തനങ്ങളെ പവർകട്ട് കാര്യമായി ബാധിച്ചിട്ടുണ്ട്. ടെർമിനൽ മൂന്നിൽ നിന്നുള്ള വിമാനങ്ങൾക്കും കാലതാമസം നേരിടുന്നതായാണ് റിപ്പോർട്ടുകൾ. ടെർമിനലുകൾ 1 അല്ലെങ്കിൽ 2 ൽ നിന്ന് യാത്ര ചെയ്യേണ്ട യാത്രക്കാർ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിമാനത്താവളത്തിൽ വരരുതെന്നും ഏറ്റവും പുതിയ വിവരങ്ങൾക്ക് അവരുടെ എയർലൈനുകളുമായി ബന്ധപ്പെടണമെന്നും മാഞ്ചസ്റ്റർ എയർപോർട്ട് അറിയിച്ചു. നിരവധി ഫ്ലൈറ്റുകൾ മറ്റ് എയർപോർട്ടുകളിലേയ്ക്ക് തിരിച്ചുവിടുന്നതു മൂലം യാത്രക്കാരെ കൊണ്ടുപോകുവാൻ എയർപോർട്ടിൽ വരുന്നതും ഏറ്റവും പുതിയ വിവരങ്ങൾ പരിശോധിക്കണമെന്ന് അറിയിച്ചിട്ടുണ്ട് .
യോർക്ക്ഷെയർ, വെയിക്ക് ഫീൽഡ്, ഷെഫീൽഡ് തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്ന മലയാളികൾ കേരളത്തിലേക്ക് വരാൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന എയർപോർട്ട് ആണ് മാഞ്ചസ്റ്റർ. കൊച്ചിയിൽ നിന്ന് മാഞ്ചസ്റ്ററിലേയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തു പോകുന്നതിനും തിരിച്ചുമുള്ള ഒട്ടേറെ മലയാളികളെയാണ് എയർപോർട്ടിലെ പ്രശ്നങ്ങൾ ബാധിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജൂലൈ നാലിന് പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ റഷ്യൻ അനുകൂല പരാമർശം നടത്തിയ റീഫോം യുകെ നേതാവ് നൈജൽ ഫരാഗ് കുഴപ്പത്തിൽ ചാടി. റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന് പ്രധാനകാരണം അമേരിക്കയും യു കെയും ഉൾപ്പെടെയുള്ള പാശ്ചാത്യ ശക്തികളുടെ പ്രകോപനമാണെന്ന് റീഫോം യുകെ നേതാവ് പറഞ്ഞ പരാമർശം കനത്ത തോതിൽ വിമർശനമാണ് വിളിച്ചുവരുത്തിയത്.
ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ റഷ്യയുടെ ഉക്രൈൻ ആക്രമണത്തിന് പ്രധാന കാരണമായി നൈജൽ ഫരാഗ് ചൂണ്ടി കാട്ടിയത് യൂറോപ്യൻ യൂണിയന്റെയും ഞാറ്റോയുടെയും നയ സമീപനങ്ങളെയാണ്. നൈജൽ ഫരാഗിന്റെ പരാമർശങ്ങൾക്ക് എതിരെ ശക്തമായി പ്രതികരിച്ച് പ്രധാനമന്ത്രി ഋഷി സുനകും ലേബർ പാർട്ടി നേതാവ് സർ കെയർ സ്റ്റാർമറും രംഗത്തുവന്നു. ബ്രിട്ടന്റെ സുരക്ഷയ്ക്ക് അപകടകരമായ ആശയങ്ങളാണ് നൈജൽ ഫരാഗിന്റെതെന്നാണ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞത് . അപമാനകരം എന്നാണ് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പ്രതികരിച്ചത്.
എന്നാൽ തന്റെ പ്രസ്താവനയിൽ നിന്ന് അണുവിട പിന്മാറാൻ റീഫോം യുകെ നേതാവ് തയ്യാറായില്ല. സത്യം പറഞ്ഞതിൽ തന്നെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പൊതുവെ റഷ്യയുടെ നയ സമീപനങ്ങളെ എതിർക്കുന്നവരാണ് ഭൂരിപക്ഷം ബ്രിട്ടീഷുകാരും . അതിൻറെ വെളിച്ചത്തിൽ റീഫോം യുകെ നേതാവിന്റെ റഷ്യൻ അനുകൂല പരാമർശം തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
അടുത്തിടെ നടന്ന അഭിപ്രായ സർവേകളിൽ റീഫോം യുകെ യ്ക്ക് ലഭിച്ച വൻ ജനപിന്തുണ മറ്റ് രാഷ്ട്രീയ പാർട്ടികൾക്കിടയിൽ കടുത്ത ആശങ്കകൾക്ക് വഴിവെച്ചിരുന്നു. കൺസർവേറ്റീവ് പാർട്ടിക്ക് ഒപ്പത്തിനൊപ്പം ജനപിന്തുണ അവസാനം നടന്ന ചില അഭിപ്രായ സർവേകളിൽ അവർക്കുണ്ടായിരുന്നു . ഒരുവേള തങ്ങളായിരിക്കും അടുത്ത പ്രതിപക്ഷം എന്ന അവകാശവാദം വരെ നൈജൽ ഫരാഗ് നടത്തിയിരുന്നു.
തീവ്ര ബ്രെക്സിറ്റ് വാദിയായ നൈജൽ ഫരാഗ് സ്ഥാപിച്ച റീഫോം പാർട്ടി പാർലമെൻറ് തിരഞ്ഞെടുപ്പിൽ എന്ത് സ്വാധീനം ചെലുത്തുമെന്നത് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്ന കാര്യമാണ്. കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടിലൂടെ അഭിപ്രായ വോട്ടെടുപ്പുകളിൽ അവർ പൊങ്ങി വരുന്നുണ്ട്. കൺസർവേറ്റീവ് പാർട്ടിയും ലേബർ പാർട്ടിയും മാത്രമുള്ള ദിക്ഷി സമ്പ്രദായമാണ് ദീർഘകാലമായി ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ആധിപത്യം സ്ഥാപിച്ചിരുന്നതെങ്കിലും സമീപകാലത്ത് അവരുടെ കോട്ടകളിൽ ചില ചെറു പാർട്ടികൾ വിള്ളലുണ്ടാക്കുന്നുണ്ട്. ഗ്രീൻ പാർട്ടി, എസ്എൻ പി , ലിബറൽ ഡെമോക്രാറ്റുകളും കളം പിടിച്ചു തുടങ്ങിയിരിക്കുന്നതിൻ്റെ സൂചനകൾ അഭിപ്രായ സർവേകളിൽ പ്രതിഫലിക്കുന്നുണ്ട്. ഏതെങ്കിലും കാരണവശാൽ തൂക്കു പാർലമെൻ്റാണ് ഉണ്ടാകുന്നതെങ്കിൽ വിലപേശൽ ശക്തിയായി ഈ ചെറു പാർട്ടികൾ മാറും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഉഷ്‌ണ തരംഗത്തിന് സാധ്യത ഉള്ളതിനാൽ രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പല സ്ഥലങ്ങളിലേയും താപനില 30 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് മുന്നറിയിപ്പ്. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയും (യുകെഎച്ച്എസ്എ) മെറ്റ് ഓഫീസും സംയുക്തമായി പ്രഖ്യാപിച്ച യെല്ലോ ഹീറ്റ് ഹെൽത്ത് അലർട്ട് തിങ്കളാഴ്ച രാവിലെ മുതൽ വ്യാഴാഴ്ച വരെയാണ് പ്രാബല്യത്തിൽ ഉള്ളത്. ഈ കാലയളവിൽ ചർമ്മ സംരക്ഷണത്തിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.
യുകെയിലെ ഏറ്റവും ജനപ്രിയമായ സൺസ്‌ക്രീനുകളിൽ പലതും സുരക്ഷാ പരിശോധനകളിൽ പരാജയപ്പെട്ടു. പരിശോധനയിൽ വാഗ്ദാനം ചെയ്തതിനേക്കാൾ കുറഞ്ഞ പരിരക്ഷയാണ് ഇവ നൽകുന്നതെന്ന് കണ്ടെത്തി. ഈ സന്ദർഭത്തിൽ സൺസ്‌ക്രീൻ പാക്കേജുകളിലെ ചുരുക്കെഴുത്ത് മനസ്സിലാക്കുന്നത് ഫലപ്രദമായ ചർമ്മ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണ്.
1. UVA (അൾട്രാവയലറ്റ് എ): ഈ കിരണങ്ങൾ ചർമ്മത്തിലേക്ക് ആഴത്തിൽ തുളച്ചുകയറുകയും വാർദ്ധക്യത്തിനും ദീർഘകാല ചർമ്മത്തിന്റെ കേടുപാടുകൾക്കും കാരണമാവും.
2. UVB (അൾട്രാവയലറ്റ് ബി): ഈ രശ്മികൾ ചർമ്മത്തിൻ്റെ ഉപരിതലത്തെ ബാധിക്കുന്നു. സൂര്യതാപത്തിൻ്റെ പ്രധാന കാരണവുമാണ്.
3. SPF (സൺ പ്രൊട്ടക്ഷൻ ഫാക്ടർ): UVB കിരണങ്ങളിൽ നിന്ന് സൺസ്‌ക്രീൻ എത്ര നന്നായി സംരക്ഷിക്കുന്നു എന്ന് ഇത് അളക്കുന്നു. ഉയർന്ന സംഖ്യകൾ കൂടുതൽ സംരക്ഷണത്തെ സൂചിപ്പിക്കുന്നു.
UVA, UVB സംരക്ഷണം നൽകുന്ന ഒരു സൺസ്ക്രീൻ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്.
SPF 15 93% UVB രശ്മികളെ തടയുമ്പോൾ, SPF 30 96.7% UVB രശ്മികളെ തടയുന്നു. SPF 50 98% UVB രശ്മികളെ തടയുന്നു. UVB സംരക്ഷണത്തെ സൂചിപ്പിക്കുന്ന SPF റേറ്റിംഗിന് പുറമേ, സൺസ്ക്രീൻ ബോട്ടിലുകളിലെ സ്റ്റാർ റേറ്റിംഗ് സൺസ്‌ക്രീൻ UVA രശ്മികളിൽ നിന്ന് എത്രത്തോളം സംരക്ഷിക്കുന്നു എന്നതിനെ കാണിക്കുന്നു. നാലോ അഞ്ചോ സ്റ്റാറുകൾ ഉള്ള സൺസ്‌ക്രീൻ ഉപയോഗിക്കണമെന്ന് ക്യാൻസർ റിസർച്ച് യുകെ ശുപാർശ ചെയ്യുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെറും ആറുമാസം മുമ്പ് മാത്രം യുകെയിലെത്തിയ മലയാളി യുവാവ് മരണമടഞ്ഞു. യുകെയിലെ കുംബ്രിയയിലെ വൈറ്റ്ഹാവനിൽ കുടുംബവുമായി താമസിച്ചിരുന്ന നോബിൾ ജോസാണ് 42 -ാം മത്തെ വയസ്സിൽ അകാലത്തിൽ നിര്യാതനായത്. കോഴിക്കോട് മറുതോക്കര വള്ളിക്കുന്നേൽ കുടുംബാംഗമാണ് നോബിൾ ജോസ്.
ഉറക്കത്തിൽ ഹൃദയസ്തംഭനം മൂലം നോബിൾ മരിക്കുകയായിരുന്നു. രാവിലെ ഭാര്യ അജിന വിളിച്ചിട്ടും ഉണരാതെ കിടന്നതിനെ തുടർന്ന് എമർജൻസി സർവീസുകളെ വരുത്തിയിരുന്നു. തുടർന്നുള്ള പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു.
നോബിളിന് രണ്ട് വർഷം മുമ്പ് വൃക്ക മാറ്റി വയ്ക്കൽ നടത്തിയിരുന്നു. അതുൾപ്പെടെയുള്ള കടബാധ്യതകൾ തീർക്കുന്നതിനായാണ് നോബിളും ഭാര്യ അജിനയും യുകെയിലെത്തിയത്. മറ്റ് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെയില്ലായിരുന്നു എന്നാണ് അറിയാൻ സാധിച്ചത്. കഴിഞ്ഞദിവസം പതിവായുള്ള ആരോഗ്യ പരിശോധനയ്ക്കായി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മറ്റ് പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നതിനാൽ ഡിസ്ചാർജ് ചെയ്യുകയായിരുന്നു.
മാനന്തവാടി തുടിയൻ പറമ്പിൽ കുടുംബാംഗമായ ഭാര്യ അജിന ജോസ് വെസ്റ്റ് കുംബ്രിയ ലാൻഡിലെ ഹോസ്പിറ്റലിൽ നേഴ്സാണ്. ജോഹാൻ ( 12 ) അലിഷ (10) എന്നിവരാണ് മക്കൾ. വൈറ്റ് ഹാവാനിൽ ചർച്ച് വ്യൂ നേഴ്സിംഗ് ഹോസ്പിറ്റലിൽ ആയിരുന്നു നോബിൾ ജോലി ചെയ്തിരുന്നത്. 8 മാസം മുമ്പാണ് അജിന യുകെയിലെത്തിയത്. തുടർന്നാണ് നോബിളും മക്കളും യുകെയിലെത്തിയത്.
യുകെയിലെത്തി ചുരുങ്ങിയ കാലയളവിൽ തന്നെ ഇവിടുത്തെ മലയാളി സമൂഹത്തിൽ നോബിൾ ചിരപരിചിതനായിരുന്നു. വൈറ്റ് ഹാവനിലെ കെൻസ് സെന്റ് മേരീസ് സീറോ മലബാർ കമ്മ്യൂണിറ്റിയിൽ സജീവമായി പ്രവർത്തിച്ചിരുന്ന നോബിൾ സൺഡേ സ്കൂളിൽ പഠിപ്പിക്കുന്നതിനും പ്രാർത്ഥനാ കൂട്ടായ്മകളിലും സജീവമായി പ്രവർത്തിക്കുന്നതിനും സമയം കണ്ടെത്തിയിരുന്നു. സിറോ മലബാർ മിഷൻ വൈദികനായ ഫാ. അജീഷ് കുമ്പുക്കൽ ഇന്ന് നോബിളിന്‍റെ ഭവനത്തിൽ ഒപ്പീസ് ചൊല്ലുകയും പ്രാർഥനകൾക്കു നേതൃത്വം നല്കുകയും ചെയ്യും. കേരളത്തിൽ തന്റെ മാതൃ ഇടവകയായ മരുതോക്കര സെന്റ് മേരീസ് ഫൊറോന പള്ളിയുടെ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തിരുന്ന നോബിളിനെ കുറിച്ച് എല്ലാവർക്കും നല്ലതു മാത്രമേ പറയാനുള്ളൂ.
നോബിൾ ജോസിന്റെ അകാല നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഓരോ വർഷവും നിരവധി പേർക്കാണ് യുകെയിൽ ഗർഭാശയമുഖ ക്യാൻസർ തിരിച്ചറിയുന്നത്. അതുകൊണ്ട് തന്നെ 50 വയസ്സിൽ താഴെയുള്ളവർക്ക് ഗർഭാശയ ക്യാൻസർ തിരിച്ചറിയുന്നതിനുള്ള പരിശോധനകൾ നടത്തുന്നത് പ്രാരംഭഘട്ടത്തിൽ തന്നെ രോഗം തിരിച്ചറിയുന്നതിനും ചികിത്സ ആരംഭിക്കുന്നതിനും സഹായിക്കും. എന്നാൽ എൻഎച്ച്എസ് തുടർച്ചയായി നടത്തുന്ന ഇത്തരം പരിശോധനകളോട് സ്ത്രീകൾ മുഖം തിരിഞ്ഞു നിൽക്കുന്നതായുള്ള വിവരങ്ങൾ കടുത്ത ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്.
50 വയസ്സിൽ താഴെ പ്രായമുള്ള മൂന്നിലൊന്നു പേരും സെർവിക്കൽ ക്യാൻസർ പരിശോധനകളിൽ പങ്കെടുത്തിട്ടില്ലെന്നാണ് എൻഎച്ച്എസ് അറിയിച്ചിരിക്കുന്നത്. ഓരോ വർഷവും 3200 സ്ത്രീകൾക്കാണ് സെർവിക്കൽ ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തുന്നത്. രോഗം സ്ഥിരീകരിക്കുന്നവരിൽ 850 പേരെങ്കിലും പ്രതിവർഷം മരണത്തിന് കീഴടങ്ങുന്ന ഗുരുതര സാഹചര്യവും രാജ്യത്തുണ്ട്. ബ്രിട്ടനിലെ സ്ത്രീകളെ ബാധിക്കുന്ന ക്യാൻസർ രോഗങ്ങളിൽ 14 -ാം മത്തെ സ്ഥാനമാണ് സെർവിക്കൽ ക്യാൻസറിനുള്ളത്. 30 നും 34 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ഇത് വരാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
ഗർഭാശയമുഖത്ത് അർബുദ കോശങ്ങൾ ഉണ്ടാകുകയും വളരുകയും ചെയ്യുന്നതിലൂടെയാണ് സെർവിക്കൽ ക്യാൻസർ അപകടകരമായി മാറുന്നത്. അർബുദ കോശങ്ങളെ നേരത്തെ കണ്ടെത്തിയില്ലെങ്കിൽ ഇത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് വ്യാപിക്കും. 25നും 49 നും ഇടയിൽ പ്രായമുള്ള 11 ദശലക്ഷം സ്ത്രീകളിൽ 65.8 ശതമാനം പേരും എൻഎച്ച്എസ്സിന്റെ പരിശോധനകളിൽ പങ്കെടുത്തിരുന്നു. 50 മുതൽ 64 വയസ്സ് വരെ പ്രായമുള്ളവരിൽ 74.1 ശതമാനം പേരാണ് പരിശോധനകളിൽ പങ്കെടുത്തത്. പ്രായമായവരുമായി താരതമ്യം ചെയ്യുമ്പോൾ പരിശോധനയിൽ പങ്കെടുക്കാത്തവരുടെ എണ്ണത്തിൽ കുറവുള്ളത് 50 വയസ്സിൽ താഴെയുള്ളവരിലാണെന്നത് ഗുരുതരമായി കാണണമെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്. കാരണം ഈ പ്രായത്തിലുള്ളവരിലാണ് രോഗം വരാൻ സാധ്യത കൂടുതലുള്ളത്. 2040-ഓടെ ഗർഭാശയ അർബുദം തുടച്ചുനീക്കുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ടിൻ്റെ മേധാവി അമൻഡ പ്രിച്ചാർഡ് കഴിഞ്ഞ വർഷം പറഞ്ഞിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ വരും ദിവസങ്ങളിൽ അന്തരീക്ഷത്തിൽ ഉയർന്ന നിലയിൽ പൂമ്പൊടിയുടെ സാന്നിധ്യം ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത അഞ്ചുദിവസത്തേക്ക് ഇത് ഉണ്ടാകുമെന്നാണ് മെറ്റ് ഓഫീസിന്റെ പ്രവചനം. ശനിയാഴ്ചയോടെ ഇത് വെയിൽസിലേക്കും നോർത്തേൺ അയർലണ്ടിലേക്കും വ്യാപിക്കും എന്നും അധികൃതർ പറയുന്നു. ഇതിനുപുറമെ അടുത്ത ആഴ്ചയിൽ ഉയർന്ന ഉഷ്ണ തരംഗത്തിന് സാധ്യതയുള്ളതായും മെറ്റ് ഓഫീസ് പറഞ്ഞു.
ഈ കാലാവസ്ഥയിൽ ശ്വാസകോശ സംബന്ധമായ രോഗമുള്ളവർ വരും ദിവസങ്ങളിൽ മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. ആസ്മ, ക്രോണിക് ഒബ്സ്ട്രാക്ടറി പൾമനറി ഡിസീസ് തുടങ്ങിയ രോഗമുള്ളവർ പൂമ്പൊടി ശ്വസിച്ചാൽ രോഗാവസ്ഥ മോശമാകാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് ഇതിൻറെ രോഗലക്ഷണങ്ങൾ. വരും ദിവസങ്ങളിൽ ആസ്മാബാധിതർ നിർദ്ദേശിച്ച പ്രകാരം എല്ലാദിവസവും പ്രിവന്റ്റെർ ഇൻഹെയിലർ എടുക്കണം കൂടാതെ തങ്ങളുടെ പക്കൽ എപ്പോഴും ഒരു റിലീവർ ഇൻഹെയിലർ കൊണ്ടുനടക്കാനും ശ്രദ്ധിക്കണമെന്ന് അധികൃതർ പറയുന്നു.
ഹേ ഫീവർ ബാധിച്ചവർക്ക് ആൻറി ഹിസ്റ്റമിനുകൾ എടുക്കാം. കൂടാതെ സ്റ്റിറോയ്ഡ് നേസൽ സ്പ്രേ ഉപയോഗിക്കുന്നതിനെപ്പറ്റി അവരുടെ ജിപിയോട് നിർദ്ദേശം തേടാം. ഇത്തരം ആളുകൾ ഉയർന്ന പൂമ്പൊടിയുള്ള സമയത്ത് പുറത്തിറങ്ങാത്തതായിരിക്കും നല്ലത്. അലർജി ഉള്ളവർ വരും ദിവസങ്ങളിൽ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:
1. അലക്കിയ തുണികൾ പുറത്ത് വിരിച്ച് ഇടാതെ ഇരിക്കുക – പൂമ്പൊടി വസ്ത്രങ്ങളിൽ പറ്റിപ്പിടിക്കാം
2. പുറത്തിറങ്ങിയാൽ വീട്ടിൽ വന്നതിനുശേഷം ഉടനെ തന്നെ കുളിക്കുക – ഇത് മുടിയിൽ നിന്നും ചർമ്മത്തിൽ നിന്നും പൂമ്പൊടിയെ നീക്കം ചെയ്യുന്നു.
3. ജനലുകളും വാതിലുകളും അടച്ചിടാൻ ശ്രദ്ധിക്കുക.
4. ആന്റി ഹിസ്റ്റാമിനുകൾ നേരത്തെ തന്നെ കഴിക്കാൻ ശ്രദ്ധിക്കുക.
5. ഫെയ്സ് മാസ്കുകൾ ഉപയോഗിക്കുക.
6. ആപ്പിളും സവാളയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്ത ഈ കാര്യങ്ങൾ റിയാക്ഷനുകൾ ഒരു പരിധിവരെ നിയന്ത്രിക്കാൻ സഹായിക്കും. അതേസമയം അടുത്ത ആഴ്ച രാജ്യത്തെ പല സ്ഥലങ്ങളിലും താപനില 30 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത ഉണ്ടെന്ന് മെറ്റ് ഓഫീസ് അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തൊഴിലാളികളെ പിരിച്ചുവിടാനുള്ള ടാറ്റാ സ്റ്റീൽ കമ്പനിയുടെ നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി തൊഴിലാളി യൂണിയനുകൾ രംഗത്തു വന്നു. അടുത്തമാസം 1500 തൊഴിലാളികൾ പണിമുടക്കുമെന്ന് ട്രേഡ് യൂണിയനുകൾ അറിയിച്ചു. 40 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് യുകെയിലെ ടാറ്റാ സ്റ്റീൽ തൊഴിലാളികൾ പണിമുടക്കുന്നത്.
സെപ്റ്റംബർ അവസാനത്തോടെ പോർട്ട് ടാൽബോട്ടിലെ രണ്ട് ചൂളകൾ പ്രവർത്തനം നിർത്തുമ്പോൾ ഏകദേശം 2,800 ടാറ്റ സ്റ്റീൽ തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടും. എന്നാൽ തൊഴിലാളികൾ നടത്തുന്ന പണിമുടക്ക് കമ്പനിയുടെ പ്രവർത്തനത്തെ ബാധിച്ചാൽ അടച്ചുപൂട്ടൽ നടപടികൾ വേഗത്തിലാക്കുമെന്ന ഭീഷണിയുടെ സ്വരമാണ് കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. എങ്ങനെയൊക്കെയായാലും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജൂലൈ 8 – ന് സമരവുമായി മുന്നോട്ടു പോകുമെന്ന നിലപാടിലാണ് തൊഴിലാളി യൂണിയനുകൾ.
വളരെ നാളുകളായി ടാറ്റാ സ്റ്റീലിന്റെ പോർട്ട് ടാൽബോട്ടിലെ ഉരുക്ക് നിർമ്മാണശാലയിൽ പ്രതിസന്ധി കനക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ് . ആധുനികവൽക്കരണത്തിന്റെ ഭാഗമായാണ് തൊഴിലാളികൾക്ക് ഇവിടെ ജോലി നഷ്ടമാകുന്നത്. സമരത്തിൽ തൊഴിലാളികൾ പങ്കെടുത്ത് കമ്പനിയുടെ പ്രവർത്തനങ്ങൾ തടസ്സം നേരിട്ടാൽ നിലവിൽ വാഗ്ദാനം ചെയ്തിരിക്കുന്ന വിരമിക്കൽ പാക്കേജിൽ നിന്ന് ടാറ്റാ സ്റ്റീൽ പുറകോട്ട് പോകുമെന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് രാജേഷ് നായർ പറഞ്ഞത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
സൗത്ത് വെയിൽസിലെ ടാറ്റാ സ്റ്റീൽ ബ്രിട്ടനിലെ ഏറ്റവും വലിയ സ്റ്റീൽ ഉല്പാദകരാണ് ടിൻ ക്യാനുകൾ മുതൽ കാറുകൾ വരെ ഉപയോഗിക്കുന്ന ഉരുക്ക് ഉൽപ്പാദിപ്പിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ട് ബ്ലാസ്റ്റ് ഫർണസുകൾ ഈ സ്റ്റീൽ വർക്കിന്റെ സവിശേഷതയാണ്. എന്നാൽ യുകെയിൽ ഏറ്റവും കൂടുതൽ മലിനീകരണം സൃഷ്ടിക്കുന്നതും ഈ സ്റ്റീൽ കമ്പനിയാണ്. ഇതിന് പിന്നാലെയാണ് സ്റ്റീൽ നിർമ്മാണത്തിനായി പുതിയ ഇലക്ട്രിക് ആർക്ക് ഫർണസുകൾ സ്ഥാപിക്കുന്നതിന് ഫണ്ട് നൽകാൻ യുകെ സർക്കാർ തീരുമാനിച്ചത്. എന്നാൽ കമ്പനി പുതിയ ഫർണസുകൾ ഉപയോഗിക്കാൻ തുടങ്ങുമ്പോൾ ആയിരക്കണക്കിന് ജീവനക്കാർക്ക് തങ്ങളുടെ തൊഴിൽ നഷ്ടമാകുമെന്നതാണ് സമരത്തിന് കാരണമായിരിക്കുന്നത്. പുതിയ ഫർണസുകൾ ഉപയോഗിക്കുമ്പോൾ യുകെയുടെ മുഴുവൻ ബിസിനസ്, വ്യാവസായിക കാർബൺ ഉദ്‌വമനം 7% കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കളിചിരിയുമായി എല്ലാവരുടെയും പൊന്നോമനയായ ടിയാന പറന്നകന്നു. റെഡിച്ചിൽ താമസിക്കുന്ന യുകെ മലയാളികളായ ജോസഫ് തോമസ് ( ടിജോ) തെക്കേടത്തിന്റെയും അഞ്ചുവിന്റെയും മകളായ ടിയാനയുടെ മരണം ഉൾക്കൊള്ളാൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല . നാല് വയസ്സ് മാത്രം പ്രായമുള്ള ടിയാന ഇനി മറ്റ് പലരിലൂടെയും ഈ ലോകത്ത് ജീവിക്കും. മരണമടഞ്ഞ ടിയാനയുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള സമ്മതപത്രം മാതാപിതാക്കൾ നൽകി.
ടിയാനയുടെ മാതാപിതാക്കളായ ടിജോയും അഞ്ചുവും ചങ്ങനാശ്ശേരി സ്വദേശികളാണ്. കുട്ടിയ്ക്ക് ചർദ്ദിയായിട്ടായിരുന്നു അസുഖം ആരംഭിച്ചത്. റെഡിച്ചിൽ തന്നെ സെൻട്രൽ ഹോസ്പിറ്റലിൽ ആണ് ആദ്യം ചികിത്സ തേടിയത്. സ്ഥിതി മോശമായിരുന്നതിനെ തുടർന്ന് ഉസ്റ്റർ ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഇവിടെവച്ച് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് അടിയന്തിരമായി ബർമിംഗ്‌ഹാം ചിൽഡ്രൻ ഹോസ്പിറ്റലിലേയ്ക്ക് മാറ്റുകയായിരുന്നു. അവിടെ ചികിത്സയിൽ ഇരിക്കയാണ് മരണം സംഭവിച്ചത്.
ടിയാനയുടെ മൂത്ത സഹോദരൻ എഡ്വിൻ ഒന്നാം ക്ലാസിലാണ് പഠിക്കുന്നത്. റെഡിച്ച് തന്നെയുള്ള ടിജോയുടെ സഹോദരി ടിഷയും ഭർത്താവ് ഷിബിനും മറ്റ് സുഹൃത്തുക്കളും കുടുംബത്തിന് താങ്ങായി ഒപ്പമുണ്ട്.
കുഞ്ഞ് ടിയാനയുടെ പൊതു ദർശനവും മൃത സംസ്കാരവും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
ടിയാനയുടെ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.