ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറിയാലും ബ്രിട്ടന്‍ പണം നല്‍കേണ്ടി വരുമെന്ന് സ്ഥിരീകരിച്ച് കണ്‍സര്‍വേറ്റീവ് പ്രകടനപത്രിക. യൂറോപ്യന്‍ യൂണിയന്‍ വിട്ടാലും ചില കാര്യങ്ങൡ നമുക്ക് പങ്കാളികളാകേണ്ടി വരുമെന്നും അതിനായി സംഭാവനകള്‍ നല്‍കേണ്ടി വരുമെന്നുമാണ് ടോറി പ്രകടനപത്രികയില്‍ ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് പരാമര്‍ശമുള്ള ഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്ന് പിന്മാറുമെന്ന സൂചനയും പ്രകടനപത്രിക നല്‍കുന്നു.
വിട്ടുപോകുന്ന രാജ്യമെന്ന നിലയില്‍ യുകെയുടെ അവകാശങ്ങള്‍ ലംഘിക്കാത്ത വിധത്തിലുള്ള ധാരണയില്‍ എത്തുമെന്നാണ് വാഗ്ദാനം. ഇത് നിയമങ്ങള്‍ക്കനുസരിച്ചും ഭാവിയില്‍ യൂണിയനുമായുള്ള സഹകരണത്തിന്റെ അടിസ്ഥാനത്തിലുമായിരിക്കും. എന്നാല്‍ എല്ലാ വര്‍ഷവും വലിയൊരു തുക യൂറോപ്യന്‍ യൂണിയന് നല്‍കുന്ന സംവിധാനം ഇതോടെ ഇല്ലാതാകുകയാണെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. വലിയ തുകകള്‍ യൂണിയന് നല്‍കുന്നത് ഇല്ലാതാക്കുമെന്ന് തെരേസ മേയും ബോറിസ് ജോണ്‍സണും വ്യക്തമാക്കിയിരുന്നു. എന്നാല്‍ പൂര്‍ണ്ണമായും ഇത് ഒഴിവാക്കുന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിരുന്നില്ല.
മാര്‍ച്ചില്‍ ബ്രസല്‍സില്‍ നടന്ന ഉച്ചകോടിയിലും തെരേസ മേയ് ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. ജൂണ്‍ 23ന് ജനങ്ങള്‍ എടുത്ത തീരുമാനം അനുസരിച്ച് യൂണിയന്‍ വിടാന്‍ തന്നെയാണ് അന്തിമ തീരുമാനമെന്നും ഭാവിയില്‍ വലിയ തുകകള്‍ നല്‍കുന്നത് ഇല്ലാതാകുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ പ്രകടനപത്രികയില്‍ ഈ വാഗ്ദാനങ്ങളില്‍ നിന്ന് പാര്‍ട്ടി പിന്നോട്ടു പോകുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്.
ലണ്ടന്‍: ഭാവി തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാര്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് പദ്ധതി. വോട്ട് ചെയ്യണമെങ്കില്‍ ഇനി തിരിച്ചിയല്‍ രേഖയായി പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയില്‍ ഏതെങ്കിലും കയ്യില്‍ കരുതേണ്ടതായി വരും. ഇത് ലക്ഷക്കണക്കിന് ആളുകളെ വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള അജണ്ടയുടെ ഭാഗമാണെന്ന വിമര്‍ശനവും ഉയര്‍ന്നുകഴിഞ്ഞു. ഈ നിയമം നടപ്പാക്കിയാല്‍ 35 ലക്ഷം ജനങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയില്ല. മൊത്തം വോട്ടര്‍മാരില്‍ 7.5 ശതമാനം വരുന്നവരാണ് ഈ വിധത്തില്‍ ഒഴിവാക്കപ്പെടുക. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്.
നീതിപൂര്‍വകമായ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് വേണം സര്‍ക്കാര്‍ ഇത്തരം കാര്യങ്ങള്‍ നടപ്പാക്കാനെന്ന് ലേബര്‍ ഷാഡോ മിനിസ്റ്റര്‍ ക്യാറ്റ് സ്മിത്ത് ഇതിനോട് പ്രതികരിച്ചത്. ഡിസംബറില്‍ ഈ നിയമം അവതരിപ്പിച്ചപ്പോളായിരുന്നു ഈ പ്രതികരണം. എന്നാല്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിയമം ലക്ഷങ്ങള്‍ക്ക് വോട്ട് നിഷേധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ബ്രിട്ടീഷ് ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസം വര്‍ദ്ധിപ്പിക്കുന്ന നടപടികള്‍ എന്ന പ്രഖ്യാപനവുമായി ടോറി പ്രകടനപത്രികയിലാണ് ഇപ്പോള്‍ ഇത് അവതരിപ്പിച്ചിരിക്കുന്നത്.
രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തെ ഏറ്റവും സുരക്ഷിതവും കാര്യക്ഷമവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരിച്ചറിയല്‍ സംവിധാനവും പോസ്റ്റല്‍ വോട്ടിന്റെ പരിഷ്‌കരണവും പാര്‍ട്ടി മുന്നോട്ടു വെക്കുന്നതെന്ന് പ്രകടനപത്രിക വ്യക്തമാക്കുന്നു. വോട്ടിംഗില്‍ നിലവിലുള്ള രീതി തന്നെ തുടര്‍ന്നുകൊണ്ട് കൃത്രിമങ്ങള്‍ പരമാവധി ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇതിലൂടെ നടത്താന്‍ ലക്ഷ്യമിടുന്നതെന്നും കണ്‍സര്‍വേറ്റീവ് വ്യക്തമാക്കുന്നു.
ജോജി തോമസ്
മലയാളികളുള്‍പ്പെടുന്ന തൊഴില്‍ സമൂഹത്തിന് വാനോളം പ്രതീക്ഷകള്‍ നല്‍കി ലേബര്‍ പാര്‍ട്ടിയുടെ പ്രകടന പത്രിക പുറത്തിറങ്ങി. അടിസ്ഥാന വേതനം ഒരു മണിക്കൂറിന് പത്ത് പൗണ്ടായി നിജപ്പെടുത്തുമെന്നതാണ് പ്രകടന പത്രികയിലെ ഏറ്റവും ശ്രദ്ധേയമായ വാഗ്ദാനം. 25 വയസിന് മുകളിലുള്ളവരുടെ നിലവിലുള്ള അടിസ്ഥാന ശമ്പളം 7.50 പൗണ്ട് എന്ന നിരക്കിലാണ്. അടിസ്ഥാന ശമ്പളത്തില്‍ ലേബര്‍ പാര്‍ട്ടി വാഗ്ദാനം ചെയ്തിരിക്കുന്ന വര്‍ദ്ധനവ് മലയാളികളുള്‍പ്പെടുന്ന വിവിധ തരത്തിലുള്ള തൊഴിലെടുത്ത് ജീവിക്കുന്ന സമൂഹത്തിന് തികച്ചും പ്രതീക്ഷാജനകമാണ്. ലേബര്‍ പാര്‍ട്ടി വാഗ്ദാനം ചെയ്ത സൗജന്യ യൂണിവേഴ്സിറ്റി വിദ്യാഭ്യാസവും ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ലേബര്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ യോര്‍ക്ഷയറിലെ ബ്രാഡ്ഫോര്‍ഡ് യൂണിവേഴ്സിറ്റി ഹാളിലാണ് പ്രകടന പത്രികയുടെ പ്രകാശനം നടന്നത്.
നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ സംരക്ഷണവും നവീകരണവും ലേബര്‍ പാര്‍ട്ടി പ്രകടന പത്രികയിലൂടെ ഉറപ്പു തരുന്നുണ്ട്. അധികാരത്തിലെത്തുകയാണെങ്കില്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ മാതൃകയില്‍ നാഷണല്‍ എജ്യൂക്കേഷന്‍ സര്‍വ്വീസ് ആരംഭിക്കുന്നതിനും ലേബര്‍ പാര്‍ട്ടി ലക്ഷ്യമിടുന്നു. 1948-ല്‍ ആദ്യമായി നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് അന്നത്തെ ലേബര്‍ സര്‍ക്കാര്‍ ആരംഭിച്ചത് ലോകത്തിനു തന്നെ മാതൃകയാണ്.
റോയല്‍ മെയിലും ജലവിതരണവും ഊര്‍ജ്ജ മേഖലയും റെയില്‍വേയും ദേശസാത്കരിക്കുന്നതിനുള്ള ജെറമി കോര്‍ബിന്റെ ആശയം ബ്രിട്ടീഷ് ജനത കയ്യടിയോടെയാണ് സ്വീകരിക്കുന്നത്. ഊര്‍ജ്ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുത്തകകളുടെ ചൂഷണം ഒഴിവാക്കാനായാല്‍ സാധാരണക്കാരും ഇടത്തരക്കാരുമായ ബ്രിട്ടീഷ് ജനതയുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ സാധിക്കും.
ബാങ്ക് ഹോളിഡേകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും ലേബര്‍ പാര്‍ട്ടി ലക്ഷ്യമിടുന്നു. പ്രൈമറി സ്‌കൂള്‍ തലം വരെ സൗജന്യ ഭക്ഷണം, പത്ത് ലക്ഷം പുതിയ വീടുകള്‍, ആശുപത്രികളില്‍ രോഗികള്‍ക്ക് സൗജന്യ പാര്‍ക്കിംഗ് സൗകര്യം, നഴ്സുമാര്‍ക്ക് ശമ്പള വര്‍ധനവ് തുടങ്ങി സാധാരണക്കാരെ ആകര്‍ഷിക്കുന്ന നൂറുകണക്കിന് വാഗ്ദാനങ്ങളാണ് ലേബര്‍ പാര്‍ട്ടി നല്‍കുന്നത്.
ജനോപകാരമായ പദ്ധതികള്‍ക്ക് പണം കണ്ടെത്താന്‍ ഉയര്‍ന്ന വരുമാനമുള്ളവരില്‍ നിന്ന് കൂടുതല്‍ നികുതി ഈടാക്കാന്‍ ലേബര്‍ പാര്‍ട്ടി പദ്ധതിയിടുന്നു. 80,000ത്തിനു മുകളില്‍ വരുമാനമുള്ളവരില്‍ നിന്ന് പിന്നീടു വരുന്ന ഓരോ പൗണ്ടിനും 50% നികുതിയും ഏര്‍പ്പെടുത്താനാണ് ലേബര്‍ പാര്‍ട്ടിയുടെ നീക്കം. എന്തായാലും ലേബര്‍ പാര്‍ട്ടിയുടെ പ്രകടനപത്രികയിലെ ജനപ്രിയ വാഗ്ദാനങ്ങള്‍ സാധാരണക്കാരന് അനുകൂലമായ നിര്‍ദ്ദേശങ്ങളുമായി വരുവാന്‍ കണ്‍സര്‍വേറ്റീവുകളെയും പ്രേരിപ്പിക്കും.
ന്യൂഡല്‍ഹി: കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദാവേ അന്തരിച്ചു. എതാനും മാസങ്ങളായി ചികിത്സയിലായിരുന്നു അദ്ദഹം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ന് രാവിലെ ന്യൂഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മധ്യപ്രദേശില്‍നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കേന്ദ്ര മന്ത്രിസഭയില്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ട നിരവധി സമിതികളില്‍ അംഗമായിരുന്നു.
2009 മുതല്‍ രാജ്യസഭാംഗമാണ്. 2016 ജൂലൈയിലാണ് വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം എന്നീ വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി ചുമതലയേറ്റത്. ആര്‍എസ്എസിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തിയത്. തനിക്ക് വ്യക്തിപരമായ നഷ്ടമാണ് ദാവെയുടെ വേര്‍പാടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചിച്ചു. കഴിഞ്ഞ ദിവസങ്ങളിലും ദാവെയുമായി സുപ്രധാന വിഷയങ്ങള്‍ താന്‍ ചര്‍ച്ച ചെയ്തിരുന്നെന്ന് പ്രദാനമന്ത്രി ട്വീറ്റ് ചെയ്തു.
1956ല്‍ ഭട്‌നാഗറിലാണ് ദാവെ ജനിച്ചത്. കോളേജ് വിദ്യാഭ്യാസ കാലത്തും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ മുഴുകി. പിന്നീടാണ് ആര്‍എസ്എസില്‍ ചേര്‍ന്നത്. നര്‍മദാ നദീ സംരക്ഷണ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു ദാവെ.
ലണ്ടന്‍: സ്വകാര്യ ആശുപത്രികളിലെ രോഗികളുടെ സുരക്ഷ വിലയിരുത്താന്‍ സര്‍ജന്‍മാര്‍ ഒരുങ്ങുന്നു. റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് ആണ് സുരക്ഷാ മാനദണ്ഡങ്ങള്‍ വിലയിരുത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അപ്രതീക്ഷിതമായുണ്ടാകുന്ന മരണങ്ങള്‍, സ്വകാര്യാശുപത്രികളിലെ സുരക്ഷ സംബന്ധിച്ച ഭീതികള്‍ എന്നിവ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നടപടി. അനാവശ്യ ശസ്ത്രക്രിയകള്‍ നടത്തിയ കുറ്റത്തിന് ഇയാന്‍ പാറ്റേഴ്‌സണ്‍ എന്ന സര്‍ജന്‍ അടുത്തിടെ ശിക്ഷിക്കപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടി.
പാറ്റേഴ്‌സണെതിരെ പരാതികള്‍ ഉയര്‍ന്നിട്ടും പത്ത് വര്‍ഷത്തിലേറെ ഇയാള്‍ സര്‍ജനായി ജോലി ചെയ്തു എന്നതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്. എന്‍എച്ച്എസ് ആശുപത്രികളിലേതിനേക്കാള്‍ സുരക്ഷാ കാര്യങ്ങളില്‍ യാതൊരു വിവരവും ലഭിക്കാതെയാണ് സ്വകാര്യ ആശുപത്രികളില്‍ രോഗികള്‍ ചികിത്സിക്കപ്പെടുന്നതെന്ന് ആര്‍സിഎസ് സര്‍ക്കാരിന് എഴുതിയ കത്തില്‍ വ്യക്തമാക്കുന്നു. പാറ്റേഴ്‌സണ്‍ ആയിരക്കണക്കിന് സ്ത്രീകളില്‍ മാറിടത്തിന് അനാവശ്യ ശസ്ത്രക്രിയകള്‍ നടത്തിയെന്ന് നോട്ടിംഗ്ഹാം ക്രൗണ്‍ കോടതി കഴിഞ്ഞ ഏപ്രിലില്‍ കണ്ടെത്തിയിരുന്നു.
മെഡിക്കല്‍ പ്രാക്ടീസിന്റെ നിലവാരം, രോഗികളുടെ സുരക്ഷ ചികിത്സക്ക് അവരുടെ സമ്മതം എന്നീ വിഷയങ്ങളില്‍ ഈ സംഭവം ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നാണ് ആര്‍സിഎസ് പറയുന്നത്. സ്വകാര്യാശുപത്രികളില്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച ചോദ്യങ്ങളും ഇതോടൊപ്പം ഉയരുന്നു. ഇത്രയും ദീര്‍ഘകാലം പാറ്റേഴ്‌സണ്‍ സര്‍ജനായി തുടര്‍ന്നത് എങ്ങനെയാണെന്ന് അന്വേഷിക്കണമെന്ന ജെറമി ഹണ്ടിന്റെ നിര്‍ദേശത്തെയും റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് സ്വാഗതം ചെയ്തു.
ലണ്ടന്‍: പണക്കാരായ പെന്‍ഷന്‍കാരുടെ വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ് എടുത്തുകളയുമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രകടനപത്രിക. 300 പൗണ്ട് വരെയാണ് ഈയിനത്തില്‍ നല്‍കിവന്നിരുന്നത്. ബ്രിട്ടനിലെ സോഷ്യല്‍ കെയര്‍ സിസ്റ്റത്തിലെ അടിസ്ഥാനപരമായ പിഴവുകള്‍ തിരുത്തുമെന്ന വാഗ്ദാനമാണ് ടോറി പ്രകടനപത്രിക മുന്നോട്ടു വെക്കുന്നത്. പാര്‍ട്ടിക്ക് പെന്‍ഷനേഴ്‌സില്‍ നിന്ന് ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചുകൊണ്ടിരുന്ന ഈ വാര്‍ഷിക പേയ്‌മെന്റ് സംവിധാനം എടുത്തുകളയാന്‍ കാമറൂണ്‍ പോലും ധൈര്യപ്പെട്ടിരുന്നില്ല എന്നാണ് വിവരം.
ഈ വിധത്തില്‍ മിച്ചം പിടിക്കുന്ന തുക സോഷ്യല്‍ കെയറിലേക്ക് വഴിതിരിച്ചു വിടാനാകുമെന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പറയുന്നത്. എന്നാല്‍ പ്രായമായവരുടെ ക്ഷേമത്തിനായി നടപ്പാക്കിയ പദ്ധതി ഇല്ലാതാക്കുന്നത് തെരേസ മേയ്ക്ക് തിരിച്ചടിയായേക്കുമെന്ന ആശങ്കയും ചിലര്‍ പങ്കുവെക്കുന്നുണ്ട്. 72,000 പൗണ്ടിന്റെ വെട്ടിക്കുറയ്ക്കലുകള്‍ വരുത്താന്‍ കാമറൂണ്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കിലും ഇത് നടപ്പാക്കുന്നത് 2020 വരെ മാറ്റിവെച്ചിരിക്കുകയാണ്.
ഈ പദ്ധതിക്കു പകരം സര്‍ക്കാര്‍ സഹായം ആവശ്യമുള്ളവരെ നിര്‍ണ്ണയിക്കുന്ന സ്വത്തിന്റെ പരിധി ഉയര്‍ത്താനാണ് മേയ് പദ്ധതിയിടുന്നത്. ഇത് നടപ്പാക്കിയാല്‍ പരമാവധി ദരിദ്രരായവര്‍ക്ക് ക്ഷേപദ്ധതികള്‍ എത്തിച്ചുകൊടുക്കാനാകുമെന്നാണ് പാര്‍ട്ടി കണക്ക് കൂട്ടുന്നത്. എന്നാല്‍ എന്ത് നടപടി സ്വീകരിച്ചാലും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് അത് തിരിച്ചടി സമ്മാനിക്കുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.
വാഷിംഗ്ടണ്‍: അമേരിക്കന്‍ ഭരണത്തില്‍ പ്രസിഡന്റിന്റെ കുടുംബത്തിന്റെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നു എന്ന ആരോപണം ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ എത്തി അധികകാലമെത്തുന്നതിനു മുമ്പ്തന്നെ കേട്ടു തുടങ്ങിയിരുന്നു. ഇപ്പോള്‍ ഇതാ പ്രസിഡന്റ് അധ്യക്ഷത വഹിക്കേണ്ട യോഗം നയിച്ച് മകള്‍ ഇവാന്‍ക അത് ആരോപണം മാത്രമല്ലെന്ന് തെളിയിച്ചിരിക്കുകയാണ്. വൈറ്റ് ഹൗസില്‍ നടന്ന അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ യോഗത്തിലാണ് ഇവാന്‍ക അധ്യക്ഷയായത്. ഡൊണാള്‍ഡ് ട്രംപ് കണക്ടിക്കട്ടില്‍ അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് കേഡറ്റുകളുടെ ബിരുദദാനത്തില്‍ പങ്കെടുക്കുന്ന സമയത്തായിരുന്നു മകള്‍ ഭരണം നടത്തിയത്.
മനുഷ്യക്കടത്ത് നിയന്ത്രിക്കുന്നത് സംബന്ധിച്ചുള്ള റൗണ്ട്‌ടേബിള്‍ യോഗത്തിലാണ് ഇവാന്‍ക കോണ്‍ഗ്രസ് അംഗങ്ങളെ അഭിസംബോധന ചെയ്തത്. നിരവധി ഡെമോക്രാറ്റ് അംഗങ്ങളും റിപ്പബ്ലിക്കന്‍ അംഗങ്ങളും ഈ യോഗത്തില്‍ പങ്കെടുത്തു. അമേരിക്കയിലും ലോകമൊട്ടാകെയും മനുഷ്യക്കടത്ത് ഇല്ലാതാക്കാന്‍ അമേരിക്കന്‍ ഭരണകൂടം നടത്തുന്ന ഇടപെടലുകളേക്കുറിച്ച് ട്രംപിന്റെ മൂത്ത മകള്‍ രണ്ട് മിനിറ്റ് സംസാരിച്ചുവെന്നാണ് വൈറ്റ് ഹൗസ് പൂള്‍ റിപ്പോര്‍ട്ട് പറയുന്നത്. അടുത്തയാഴ്ച കുട്ടികളുടെ സുരക്ഷ, മനുഷ്യക്കടത്ത് നിയന്ത്രണ വാരമായി കോണ്‍ഗ്രസ് ആചരിക്കുകയാണെന്നും ഈ വിഷയങ്ങളില്‍ സുപ്രധാന നിയമനിര്‍മാണങ്ങള്‍ക്ക് അംഗങ്ങള്‍ക്ക് അവസരമുണ്ടായിരിക്കുമെന്നും ഇവാന്‍ക യോഗത്തില്‍ പറഞ്ഞു.
എന്നാല്‍ പ്രസിഡന്റ് ട്രംപും ഇവാന്‍കയും മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനകളും തമ്മില്‍ ഫെബ്രുവരിയില്‍ നടന്ന ഇക്കാര്യത്തിലുള്ള ചര്‍ച്ചയുടെ തുടര്‍നടപടികളുടെ ഭാഗമായിരുന്നു യോഗമെന്നാണ് വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചത്. അക്കാഡമിക്, പൊതു, സ്വകാര്യ മേഖലകളില്‍ നിന്നുള്ളവരില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും അഭിപ്രായ രൂപീകരണകത്തിനുമാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും വക്താവ് അവകാശപ്പെട്ടു.
ശനിയാഴ്ച ലെസ്റ്റര്‍ മെഹര്‍ സെന്‍ററില്‍ നടന്ന മലയാളം യുകെ എക്സല്‍ അവാര്‍ഡ് നൈറ്റ് യുകെയിലെ നാനാഭാഗങ്ങളില്‍ നിന്നെത്തിയ മലയാളികള്‍ പങ്കെടുത്ത മികച്ച വേദിയായി മാറിയപ്പോള്‍ ഏവരുടെയും ആകാംക്ഷ ആരൊക്കെയാണ് അവാര്‍ഡ് വിജയികള്‍ എന്നതായിരുന്നു. വിവിധ വിഭാഗങ്ങളിലായി നിശ്ചയിക്കപ്പെട്ടിരുന്ന അവാര്‍ഡ് വിജയികളെ പ്രഖ്യാപിച്ചത് അവാര്‍ഡ് നൈറ്റ് വേദിയില്‍ വച്ചായിരുന്നു. പ്രശസ്ത സംവിധായകന്‍ വൈശാഖ് ഉദ്ഘാടനം ചെയ്ത അവാര്‍ഡ് നൈറ്റ് വേദിയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍. ജോസഫ് സ്രാമ്പിക്കല്‍ ആണ് മികച്ച അസോസിയേഷനുകള്‍ക്കുള്ള മലയാളം യുകെ എക്സല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തത്.
യുകെ മലയാളികള്‍ക്കിടയില്‍ ഇരുനൂറ്റി അന്‍പതിലധികം മലയാളി സംഘടനകള്‍ ആണ് പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ നിന്നും മികച്ച പ്രവര്‍ത്തനം നടത്തിയതിനുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കിയത് മൂന്ന് അസോസിയേഷനുകള്‍ ആയിരുന്നു. സ്റ്റഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന്‍ (സ്റ്റോക്ക് ഓണ്‍ ട്രെന്‍റ്), കേരള കമ്മ്യൂണിറ്റി ഫൌണ്ടേഷന്‍ വാറ്റ്ഫോര്‍ഡ്, കേരള ക്ലബ് നനീട്ടന്‍ എന്നീ സംഘടനകള്‍ അവാര്‍ഡിന് അര്‍ഹരായി എന്ന പ്രഖ്യാപനം നിറഞ്ഞ കയ്യടികള്‍ക്കിടയില്‍ ആയിരുന്നു അവാര്‍ഡ് നൈറ്റ് വേദിയില്‍ പ്രഖ്യാപിക്കപ്പെട്ടത്.
കഴിഞ്ഞ പത്തിലധികം വര്‍ഷങ്ങളായി സ്റ്റഫോര്‍ഡ്ഷയറിനും സമീപങ്ങളിലും ഉള്ള മലയാളി സമൂഹത്തെ കൂട്ടിയിണക്കി യുകെ മലയാളി സമൂഹത്തിന് തന്നെ അഭിമാനകരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് എസ്എംഎ സ്റ്റോക്ക് ഓണ്‍ ട്രെന്‍റ് അവാര്‍ഡ് നൈറ്റ് വേദിയില്‍ എത്തിച്ചേര്‍ന്നത്. കലാ, കായിക രംഗങ്ങളില്‍ നിരവധി നേട്ടങ്ങള്‍ക്ക് അര്‍ഹരായിട്ടുള്ള അസോസിയേഷന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയില്‍ തന്നെയാണ്. കഴിഞ്ഞ കാലങ്ങളില്‍ ഇവര്‍ ചെയ്തിട്ടുള്ള നിരവധിയായ പ്രവര്‍ത്തനങ്ങളുടെ അംഗീകാരമായാണ് എസ്എംഎ ഭാരവാഹികള്‍ അവാര്‍ഡ് ഏറ്റു വാങ്ങിയത്. അസോസിയേഷന്‍ പ്രസിഡണ്ട് റിജോ ജോണ്‍, സെക്രട്ടറി എബിന്‍ ജോസ്, ട്രഷറര്‍ സിറില്‍ മാഞ്ഞൂരാന്‍ എന്നിവര്‍ ചേര്‍ന്നാണ് അവാര്‍ഡ് അസോസിയേഷന് വേണ്ടി ഏറ്റുവാങ്ങിയത്.
രണ്ടു സംഘടനകളായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച ശേഷം രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒറ്റ സംഘടനയായി മാറുകയും ഐക്യത്തിന്‍റെ ശക്തി യുകെ മലയാളികളെ ബോദ്ധ്യപ്പെടുത്തുകയും ചെയ്ത കേരള കമ്മ്യൂണിറ്റി ഫൌണ്ടേഷന്‍ വാറ്റ്ഫോര്‍ഡ് ആണ് അവാര്‍ഡിനര്‍ഹരായ രണ്ടാമത്തെ അസോസിയേഷന്‍. ചാരിറ്റി മുഖ്യ ലക്ഷ്യമാക്കി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ആണ് കെസിഎഫ് വാറ്റ് ഫോര്‍ഡിനെ അവാര്‍ഡിന് അര്‍ഹരാക്കിയത്. ഒട്ടനവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ആണ് കഴിഞ്ഞ രണ്ട് വര്‍ഷക്കാലയളവില്‍ കെസിഎഫിന്റെ നേതൃത്വത്തില്‍ നടന്നത്. അസോസിയേഷന് വേണ്ടി ഭാരവാഹികളായ സണ്ണിമോന്‍ മത്തായി, ജോസ് തോമസ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
വൈവിധ്യം മുഖമുദ്രയാക്കി വേറിട്ട വഴികളിലൂടെ എന്നും സഞ്ചരിച്ചിട്ടുള്ള കേരള ക്ലബ് നനീട്ടന്‍ ആണ് അവാര്‍ഡ് നൈറ്റ് വേദിയില്‍ ആദരിക്കപ്പെട്ട മറ്റൊരു സംഘടന. അസോസിയേഷന്‍ അംഗങ്ങളുടെ മക്കള്‍ക്ക് സ്കൂളില്‍ പോകാന്‍ സ്വന്തമായി ബസ് ഉള്‍പ്പെടെ മറ്റ് അസോസിയേഷനുകള്‍ക്ക് ചിന്തിക്കാന്‍ പോലുമാകാത്ത പ്രവര്‍ത്തനങ്ങള്‍ കേരള ക്ലബ് കൈവരിച്ചത് അംഗങ്ങള്‍ക്കിടയിലെ മാനസിക ഐക്യത്തിന്‍റെ പിന്‍ബലത്തില്‍ കൂടിയാണ്. കേരള ക്ലബ്ബിന് വേണ്ടി അസോസിയേഷന്‍ ഭാരവാഹികള്‍ ആയ ജോബി ഐത്തിയാല്‍, സെന്‍സ് ജോസ് കൈതവേലില്‍, ബിന്‍സ് ജോര്‍ജ്ജ്, സജീവ് സെബാസ്റ്റ്യന്‍, ബെന്നി ജോസ്, ജിറ്റോ ജോണ്‍ തുടങ്ങിയവര്‍ അവാര്‍ഡ് സ്വീകരിച്ചു.
മലയാളം യുകെയുടെ പ്രഥമ അവാര്‍ഡ് നൈറ്റില്‍ ആദരിക്കപ്പെട്ട മലയാളി അസോസിയേഷനുകള്‍ യുകെയിലെ മലയാളി അസോസിയേഷനുകളില്‍ ഏറ്റവും അര്‍ഹമായവ തന്നെ ആയിരുന്നു എന്നതിന്‍റെ തെളിവായിരുന്നു ഓരോ അസോസിയേഷന്‍ പ്രതിനിധികളും അവാര്‍ഡ് സ്വീകരിക്കാന്‍ വേദിയില്‍ എത്തിയപ്പോള്‍ ഉണ്ടായ കയ്യടി. രണ്ടായിരത്തോളം യുകെ മലയാളികള്‍ ആണ് അവാര്‍ഡ് നൈറ്റ് നടന്ന വേദിയില്‍ എത്തിച്ചേര്‍ന്നത്.
സ്വന്തം ലേഖകന്‍
യുകെയിലെ മലയാളികള്‍ക്കിടയില്‍ അമിത പലിശയ്ക്ക് പണം കടം കൊടുത്തും ഗുണ്ടായിസം നടത്തിയും വിലസിയിരുന്ന സിജോ സെബാസ്റ്റ്യന് ജയില്‍ ശിക്ഷ. ബാസില്‍ഡനില്‍ താമസിക്കുന്ന കോട്ടയം അതിരമ്പുഴ സ്വദേശിയായ സിജോ സെബാസ്റ്റ്യന്‍ മണ്ണഞ്ചേരിലിനെ വെള്ളിയാഴ്ച ആണ് കോടതി കുറ്റക്കാരനായി കണ്ടെത്തി ജയില്‍ ശിക്ഷയ്ക്ക് വിധിച്ചത്. ഇതനുസരിച്ച് പോലീസ് സിജോയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുകയാണ്. നാലു മാസം ആണ് ശിക്ഷാ കാലാവധി. സൌത്തെന്‍ഡ് ക്രൌണ്‍ കോര്‍ട്ടില്‍ ആണ് സിജോയുടെ കേസ് വിചാരണയ്ക്ക് എടുത്തത്.
2009 ജൂലൈ മുതല്‍ 2016 ഏപ്രില്‍ വരെയുള്ള കാലയളവില്‍ അനധികൃത പലിശ ഇടപാടിലൂടെ 325000 പൌണ്ടിലധികം സിജോ സെബാസ്റ്റ്യന്‍ സമ്പാദിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. ബാസില്‍ഡന്‍ റാഫേല്‍സില്‍ ഉള്ള സിജോയുടെ വീട്ടിലും ലണ്ടന്‍ ഈസ്റ്റ്ഹാമിലെ ഓഫീസിലും പോലീസ് നടത്തിയ റെയ്ഡുകളില്‍ ആണ് അനധികൃത ഇടപാടുകളുടെ തെളിവുകള്‍ കണ്ടെടുത്തത്. ഇടപാടുകാരില്‍ നിന്നും 67% വരെ പലിശ ഈടാക്കിയിരുന്നതിന്റെ തെളിവുകള്‍ ഇയാളുടെ ഓഫീസ് കമ്പ്യൂട്ടറില്‍ നിന്നും പോലീസ് കണ്ടെടുത്തിരുന്നു.
എട്ട് ബാങ്ക് അക്കൌണ്ടുകളിലായി 2.1 മില്യണ്‍ പൗണ്ട് ആണ് ഷിജോയുടെ അക്കൌണ്ടുകളില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇത്രയും വരുമാനത്തിന് ആധാരമായ ഉറവിടം പക്ഷെ സിജോയ്ക്ക് കാണിക്കുവാന്‍ കഴിഞ്ഞില്ല. സിജോയെ സപ്പോര്‍ട്ട് ചെയ്യുന്ന ചില മലയാളി നേതാക്കന്മാരുടെ ബിനാമി പണമാണ് ഇതെന്നാണ് നിഗമനം.
നൂറു പൗണ്ട് കടമായി വാങ്ങിയാല്‍ മാസം ഏഴ് പൗണ്ട് വരെ പലിശ ഈടാക്കി ആയിരുന്നു സിജോയുടെ പലിശ വ്യാപാരം കൊഴുത്തത്. ഇതിനായി ഇടപാടുകാരില്‍ നിന്നും യുകെയിലെയും നാട്ടിലെയും ബാങ്കുകളിലെ ബ്ലാങ്ക് ചെക്കുകള്‍ ഉള്‍പ്പെടെ ഇയാള്‍ ഈടായി കൈവശപ്പെടുത്തിയിരുന്നു.
യുകെയിലെ മലയാളികളുടെ ഒരുമയ്ക്കും ഉന്നമനത്തിനും ആയി രൂപീകരിക്കപ്പെട്ട യുക്മ എന്ന സംഘടനയില്‍ ഇയാള്‍ക്ക് ഉള്ള സ്വാധീനം ആണ് ഇടപാടുകാരെ ഭീഷണിപ്പെടുത്താന്‍ ഇയാള്‍ ഉപയോഗിച്ചിരുന്നത്. യുകെ മലയാളികളെ ഇത് പോലെയുള്ള അപകടങ്ങളില്‍ നിന്നും രക്ഷപ്പെടുവാന്‍ പിന്തുണ നല്‍കേണ്ട സംഘടന അതിന്‍റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചത് സിജോ സെബാസ്റ്റ്യനെ സംരക്ഷിക്കാന്‍ ആയിരുന്നു. സിജോ സെബാസ്റ്റ്യന്‍ ഏറ്റവും അധികം സാമ്പത്തിക ഇടപാടുകള്‍ നടത്തിയത് ഇയാളുടെ സുഹൃത്ത് ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍ യുക്മ പ്രസിഡണ്ട് ആയിരുന്നപ്പോള്‍ ആണ്. ഇയാളെ രക്ഷിക്കാനായി യുക്മ പ്രസിഡണ്ട് എന്ന പദവി ദുരുപയോഗം ചെയ്ത് കോടതിയില്‍ കത്ത് നല്‍കുന്നിടം വരെയെത്തി നില്‍ക്കുന്നു ഇവര്‍ തമ്മിലുള്ള ബന്ധം. ഫ്രാന്‍സിസ് മാത്യുവിന്‍റെ പിന്‍ബലത്തില്‍ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ ഭാരവാഹി ആയിരുന്നു കൊണ്ടാണ് സിജോ തന്‍റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചത്.
സിജോയില്‍ നിന്നും പലിശയ്ക്ക് പണം വാങ്ങി കടക്കെണിയില്‍ പെട്ട നിരവധി ആളുകള്‍ ഉണ്ടെങ്കിലും യുക്മ നേതാക്കന്മാരുടെ സ്വാധീനം മൂലം ഇവരില്‍ ആരും തന്നെ കോടതിയില്‍ സാക്ഷി പറയാന്‍ എത്തിയില്ല എന്നത് തന്നെ ഇത്തരം സാമൂഹിക വിപത്തുകളുടെ കാര്യത്തില്‍ ഇപ്പോഴുള്ള യുക്മ നേതൃത്വം എടുക്കുന്ന നിലപാടുകള്‍ ആണ് തെളിയിക്കുന്നത്. ഇക്കഴിഞ്ഞ യുക്മ ഇലക്ഷനില്‍ സിജോയെ പോലുള്ളവരുടെ പണക്കൊഴുപ്പ് ആണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എന്ന് അന്ന് മലയാളം യുകെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പുതിയ ആളുകള്‍ക്ക് അവസരം നല്‍കണമെന്ന പേരില്‍ ഭരണഘടനയില്‍ വരെ കൃത്രിമം നടത്തി അധികാരത്തില്‍ എത്തിയ ഇപ്പോഴത്തെ നേതൃത്വം കഴിഞ്ഞ ഏഴ് വര്‍ഷക്കാലം യുക്മ നാഷണല്‍ കമ്മറ്റിയില്‍ വിവിധ ഭാരവാഹിത്വങ്ങള്‍ വഹിച്ച ഫ്രാന്‍സിസ് മാത്യുവിനെ വീണ്ടും യുക്മയുടെ ചാരിറ്റിയുടെ ചെയര്‍മാനായി അവരോധിച്ചത് ഈ ഇലക്ഷനില്‍ ലഭിച്ച വഴിവിട്ട സഹായങ്ങളുടെ പേരില്‍ ആണ്. ഇതു യുക്മയില്‍ പൊട്ടിത്തെറി ഉണ്ടാക്കിയെങ്കിലും പുറത്തറിയിക്കാതെ ഒതുക്കി തീര്‍ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഈസ്റ്റ് ആംഗ്ലിയ റീജിയന്‍റെ പ്രവര്‍ത്തനോദ്ഘാടനം ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ ഫ്രാന്‍സിസ് മാത്യു പങ്കെടുത്തിരുന്നില്ല.
എന്തായാലും പലിശ ബിസിനസ്സുകാരന്‍ ജയിലില്‍ എത്തിയത് സംരക്ഷകരുടെ മുഖം പൊതുസമൂഹത്തില്‍ വികൃതമാക്കിയിരിക്കുകയാണ്. മുന്‍കാല നേതാക്കന്മാര്‍ അവരുടെ ഒരുപാട് സമയവും അദ്ധ്വാനവും ചെലവഴിച്ച് കെട്ടിപ്പടുത്ത യുക്മയെന്ന പ്രസ്ഥാനം ഇത്തരം ആളുകളുടെ കയ്യില്‍ അകപ്പെട്ടല്ലോ എന്ന ഗതികേടില്‍ തലയില്‍ കൈ വച്ചിരിക്കുകയാണ് യുകെ മലയാളി സമൂഹം.
തിരുവനന്തപുരം: നിയമസഭയില്‍ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്ന സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. പ്രതിപക്ഷം നല്‍കിയ പരാതിയിലാണ് സ്പീക്കര്‍ റൂളിംഗ് നല്‍കിയത്. മന്ത്രിമാര്‍ ചോദ്യങ്ങള്‍ക്ക് കൃത്യസമയത്ത് ഉത്തരം നല്‍കാത്തത് നിര്‍ഭാഗ്യകരമാണെന്നും പരാതി വസ്തുതാപരമാണെന്നും സ്പീക്കര്‍ പറഞ്ഞു. ചട്ടം നിഷ്‌കര്‍ഷിക്കുന്ന രീതിയില്‍ മറുപടി പറയണം. നിരുത്തരവാദപരമായ സമീപനമാണ് ഇക്കാര്യത്തിലുളളതെന്നും സ്പീക്കര്‍ വ്യക്തമാക്കി.
ന്യായീകരണങ്ങള്‍ ഒന്നും നിലനില്‍ക്കുന്നതല്ലെന്നും എല്ലാ ചോദ്യങ്ങള്‍ക്കും ഈ മാസം 25നകം മറുപടി നല്‍കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. സ്വാശ്രയ ഫീസുമായി ബന്ധപ്പെട്ട് കെഎസ്യു നടത്തിയ മാര്‍ച്ചിനെ തുടര്‍ന്നുണ്ടായ ലാത്തിച്ചാര്‍ജും തുടര്‍ന്ന് പരുക്കേറ്റ പ്രവര്‍ത്തകര്‍ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ചികിത്സ നിഷേധിച്ചതും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരമആനുമതി നിഷേധിക്കുകയും ചെയ്തു. ഹൈബി ഈഡനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
കെഎസ്യു പ്രവര്‍ത്തകരുടെ ചോരപുരണ്ട വസ്ത്രങ്ങളും ലാത്തിച്ചാര്‍ജിന്റെ ഫോട്ടോകളുമായിട്ടായിരുന്നു പ്രതിപക്ഷം സഭയില്‍ എത്തിയത്. പ്രകോപനമില്ലാതെയാണ് ലാത്തിച്ചാര്‍ജ് ഉണ്ടായതെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. എന്നാല്‍ കല്ലുകളും വടികളുമായിട്ടാണ് കെഎസ്യു പ്രവര്‍ത്തകര്‍ എത്തിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. പ്രവര്‍ത്തകര്‍ പൊലീസിനെതിരെ മനപൂര്‍വം പ്രകോപനമുണ്ടാക്കുക ആയിരുന്നു. ലാത്തിച്ചാര്‍ജില്‍ ആര്‍ക്കും ഗുരുതര പരുക്കില്ല. ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ല. പൊലീസ് ആരുടെയും തലയ്ക്ക് അടിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.