ലണ്ടന്‍: മൊബൈല്‍ ഫോണുകള്‍ സ്മാര്‍ട്ട് ആയിത്തുടങ്ങിയതിനു ശേഷം ഫോണില്‍ മാത്രമാണ് മനുഷ്യന്‍ ജീവിക്കുന്നതെന്ന് പറയാറുണ്ടല്ലോ. സോഷ്യല്‍ മീഡിയ വ്യാപകമായതും ഏതു സമയത്തും പരസ്പരം ബന്ധപ്പെടാനുള്ള ഉപാധിയെന്ന നിലയിലും മനുഷ്യന് ഫോണ്‍ ഒഴിച്ചുകൂടാനാകാത്ത അവശ്യവസ്തുവാക്കി മാറ്റി. കണ്ണുകള്‍ ഫോണുകളില്‍ ഉറപ്പിച്ചാണ് മിക്കയാളുകളും നടക്കുന്നതും കിടക്കുന്നതും എന്തിന് ആഹാരം കഴിക്കുന്നതും പ്രാഥമികാവശ്യങ്ങള്‍ക്ക് പോകുന്നത് പോലും! ഇത്തരത്തിലുള്ള ഫോണ്‍ അഡിക്ഷന്‍ ഏതു തലം വരെ പോയിട്ടുണ്ടെന്ന് പരിശോധിച്ചപ്പോള്‍ പുറത്തു വന്നത് ഞെട്ടിക്കുന്ന ഫലങ്ങളാണ്.

ബ്രിട്ടീഷുകാര്‍ ഒരു ദിവസം ശരാശരി 28 തവണ ഫോണ്‍ നോക്കാറുണ്ടെന്നാണ് ഒരു സര്‍വേ വെൡപ്പെടുത്തുന്നത്. അതായത് മണിക്കൂറില്‍ കുറഞ്ഞത് ഒരു തവണയെങ്കിലും ഫോണ്‍ നോക്കുന്നു. ഈ അളവില്‍ ഫോണ്‍ നോക്കിയാല്‍ വര്‍ഷം ശരാശരി 10,000 തവണയെങ്കിലും ഒരാള്‍ തന്റെ ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. ഒരു സ്മാര്‍ട്ട് ഫോണില്ലാതെ ജീവിക്കാന്‍ കഴിയില്ല എന്ന അവസ്ഥയിലാണ് നാം എന്നതാണ് വ്യക്തമാകുന്നത്. കോസ്‌മോ ഡോട്ട്‌കോം എന്ന വെബ്‌സൈറ്റാണ് സര്‍വേ നടത്തിയത്.

സ്മാര്‍ട്ട് ഡിവൈസുകള്‍ ആധുനിക ജീവിതത്തില്‍ മനുഷ്യന് ഒഴിച്ചുകൂടാനാകാത്ത വസ്തുക്കളായി മാറി. അവ പരിശോധിക്കുക എന്നത് മനുഷ്യന്റെ സ്വഭാവത്തിന്റെ ഭാഗമായെന്നും സൈറ്റ് വക്താവ് ഗ്രെഗ് ടാണ്‍ ബ്രൗണ്‍ പറഞ്ഞു. സ്മാര്‍ട്ട് ഫോണ്‍ ഉടമകളില്‍ മൂന്നിലൊന്ന് പേരും തങ്ങള്‍ ഫോണ്‍ അടിമകളാണെന്നും വെളിപ്പെടുത്തി.