ഇന്നലെ നോര്‍ത്താംപ്ടനില്‍ മരണമടഞ്ഞ ജിന്‍സണ്‍ ഫിലിപ്പിന്റെ നിര്യാണം വിശ്വസിക്കാനാവാതെ ഞെട്ടിത്തരിച്ചിരിക്കുകയാണ് നോര്‍ത്താംപ്ടന്‍ മലയാളി സമൂഹവും യുകെയിലെമ്പാടുമുള്ള ജിന്‍സന്റെ സുഹൃത്തുക്കളും. കേവലം 38 വയസ്സ് മാത്രം പ്രായമുള്ള ഊര്‍ജ്ജസ്വലനായ ചെറുപ്പക്കാരന്റെ പെട്ടെന്നുള്ള വിയോഗ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ യുകെയിലെ മലയാളി സമൂഹം ഇപ്പോഴും മടിച്ച് നില്‍ക്കുകയാണ്. കേട്ട വാര്‍ത്ത സത്യമാവരുതേ എന്ന പ്രാര്‍ത്ഥനയുമായി ആയിരുന്നു യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇന്നലെ നിരവധി മലയാളികള്‍ നോര്‍ത്താംപ്ടന്‍ ജനറല്‍ ഹോസ്പിറ്റലിലേക്ക് ഓടിയെത്തിയത്.
തീര്‍ത്തും അപ്രതീക്ഷിതമായാണ് ഇന്നലെ ഉച്ചയോടെ ജിന്‍സണ്‍ മരണത്തിന് കീഴടങ്ങിയത്. വീടിന്‍റെ ചില ചെറിയ അറ്റകുറ്റപ്പണികള്‍ക്കായി വരുന്ന തൊഴിലാളികളെ പ്രതീക്ഷിച്ച് വീട്ടില്‍ കാത്തിരിക്കെയാണ് മരണം ഹൃദയാഘാതത്തിന്‍റെ രൂപത്തില്‍ ജിന്‍സന്‍റെ ജീവന്‍ കവര്‍ന്നെടുത്തത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞെത്തി തൊട്ടടുത്ത മുറിയില്‍ ഉറങ്ങി കിടന്ന ഭാര്യ വിനീത പോലും ഒന്നും അറിഞ്ഞില്ല. വീടിന്‍റെ പണികള്‍ക്കെത്തിയവര്‍ കതകില്‍ തട്ടുന്നത് കേട്ട് ഉണര്‍ന്ന ഭാര്യ ജിന്‍സണ്‍ എവിടെയെന്ന് നോക്കിയപ്പോഴാണ് തൊട്ടടുത്ത ബെഡ്റൂമില്‍ അനക്കമില്ലാതെ ജിന്‍സനെ കാണുന്നത്. ഉടന്‍ തന്നെ ആംബുലന്‍സ് വിളിക്കുകയും പാരാമെഡിക്സ് ടീം എത്തി കിണഞ്ഞു പരിശ്രമിക്കുകയും ചെയ്തെങ്കിലും വിലപ്പെട്ട ആ ജീവന്‍ മാത്രം രക്ഷിക്കാന്‍ കഴിഞ്ഞില്ല.
നോര്‍ത്താംപ്ടന്‍ ജനറല്‍ ഹോസ്പിറ്റലില്‍ എത്തിച്ച ജിന്‍സന്‍ ഈ ലോകത്തോട് യാത്ര പറഞ്ഞതായി ഏറെയു താമസിക്കാതെ തന്നെ അറിയുകയായിരുന്നു. ഏകമകള്‍ കെസിയയുടെ ആദ്യകുര്‍ബാന ചടങ്ങുകള്‍ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ഗംഭീരമായി ആഘോഷിക്കുന്നതിനായി ഓടി നടന്നിരുന്ന ജിന്‍സന് പറയത്തക്ക അസുഖങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. ആദ്യകുര്‍ബാന സ്വീകരണ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികളെ സ്വീകരിക്കുന്നതിനും അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതിനും ഒക്കെയായി പ്രസന്ന വദനനായി എല്ലായിടത്തും എത്തിയിരുന്ന ജിന്‍സണ്‍ മരണത്തിന് കീഴടങ്ങി എന്നത് അത് കൊണ്ട് തന്നെ ആര്‍ക്കും വിശ്വസനീയമായിരുന്നില്ല.
കോട്ടയം കൈപ്പുഴ പാലത്തുരുത്ത് ഇടവകാംഗമായ ജിന്‍സണ്‍ കിഴക്കേകാട്ടില്‍ കുടുംബാംഗമാണ്. കൈപ്പുഴ സംഗമത്തിലും മറ്റ് സാമൂഹിക കൂട്ടായ്മകളിലും ഒക്കെ സജീവ സാന്നിദ്ധ്യമായിരുന്നു ജിന്‍സണ്‍. യുകെകെസിഎ ഉള്‍പ്പെടെയുള്ള സംഘടനകളിലും സജീവമായിരുന്നു. യുകെകെസിഎ പ്രസിഡണ്ട് ബിജു മടുക്കക്കുഴി, ജോയിന്‍റ് സെക്രട്ടറി സക്കറിയ പുത്തന്‍കളം തുടങ്ങിയവര്‍ വിവരമറിഞ്ഞ ഉടന്‍ തന്നെ നോര്‍ത്താംപ്ടനില്‍ എത്തിയിരുന്നു.
ജിന്‍സന്‍റെ സംസ്കാര ചടങ്ങുകള്‍ നാട്ടില ആയിരിക്കും നടത്തുക എന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. ജിന്‍സന്‍റെ പിതാവ് രണ്ട് വര്‍ഷം മുന്‍പ് മരണമടഞ്ഞിരുന്നു. ജിന്‍സന്റെ ആത്മശാന്തിക്കായി ഇന്നും ബുധനാഴ്ചയും പ്രത്യേക പ്രാര്‍ത്ഥനകള്‍ ഉണ്ടായിരിക്കും. വൈകുന്നേരം ഏഴ് മണിക്കായിരിക്കും ഇന്നും നാളെയും ഡസറ്റന്‍ സെന്റ് പാട്രിക് പള്ളിയില്‍ പ്രാര്‍ത്ഥനകള്‍ നടക്കുക. കൂടാതെ ഞായറാഴ്ച നാല് മണിക്കും പ്രത്യേക പ്രാര്‍ത്ഥനകള്‍ ഉണ്ടായിരിക്കും
ലണ്ടന്‍: സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ ക്വീന്‍സ് സ്പീച്ച് വൈകിയേക്കും. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനാല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുമായി ചേര്‍ന്ന് തൂക്ക് പാര്‍ലമെന്റ് രൂപീകരിക്കാനുള്ള കണ്‍സര്‍വേറ്റീവ് പദ്ധതി അനന്തമായി നീളുന്നതാണ് പ്രതിസന്ധിക്ക് കാരണം.ഡിയുപിയുമായി നടക്കുന്ന ചര്‍ച്ചകളില്‍ ഇതുവരെ തീരുമാനം ആയിട്ടില്ലെന്നാണ് വിവരം. അതേസമയം പാര്‍ലമെന്റ് യോഗത്തിന് ആരംഭം കുറിക്കുന്ന ക്വീന്‍സ് സ്പീച്ച് ജൂണ്‍ 19നാണ് തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ ഇത് വൈകുമെന്ന ഡൗണിംഗ് സ്ട്രീറ്റ് സൂചന നല്‍കുന്നു.
ഇക്കാര്യത്തില്‍ വിശദ വിവരങ്ങള്‍ ഇന്ന് അറിയാമെന്നാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വക്താവ് അറിയിക്കുന്നത്. എന്നാല്‍ ക്വീന്‍സ് സ്പീച്ച് വൈകുന്നതിന് മറ്റൊരു വിചിത്രമായ കാരണം കൂടി കേള്‍ക്കുന്നുണ്ട്. ഗോട്ട്‌സ്‌കിന്‍ പാര്‍ച്ച്‌മെന്റ് പേപ്പറിലാണ് ക്വീന്‍സ് സ്പീച്ച് എന്നപ്രധാനമന്ത്രിയുടെ ഒരു വര്‍ഷത്തെ നയപരിപാടികള്‍ എഴുതുന്നത്. ഇതിലെ മഷിയുണങ്ങാന്‍ താമസമുണ്ടെന്നാണ് പുതിയ വിവരം. മുമ്പ് ആട്ടിന്‍ തോല്‍ കൊണ്ടായിരുന്നു ഇത് തയ്യാറാക്കിയിരുന്നത്. ഇപ്പോള്‍ കട്ടിയുള്ള പേപ്പറാണ് ഉപയോഗിക്കുന്നതെങ്കിലും പേര് അതേവിധത്തില്‍ നിലനിര്‍ത്തിയിരിക്കുകയാണ്.
തെരഞ്ഞെടുപ്പില്‍ തിരിച്ചടി കിട്ടിയതോടെ പ്രകടനപത്രികയേക്കുറിച്ച്
ടോറി നേതാക്കള്‍ അഭിപ്രായവ്യത്യാസം അറിയിച്ചിട്ടുണ്ട്. ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസും പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങളില്‍ മാറ്റം വരുത്തേണ്ടതായിരുന്നു എന്ന അഭിപ്രായം അറിയിച്ചു. ക്വീന്‍സ് സ്പീച്ച് 19ന് തന്നെ നടക്കുമോ എന്ന കാര്യം പ്രധാനന്ത്രിയുടെ വക്താവും സ്ഥിരീകരിച്ചിട്ടില്ല.
ലണ്ടന്‍: പാര്‍ലമെന്റില്‍ നിലവിലുണ്ടായിരുന്ന ഭൂരിപക്ഷം കൂടി നഷ്ടപ്പെടുത്തിയ തെരഞ്ഞെടുപ്പ് ഫലത്തില്‍ കണ്‍സര്‍വേറ്റീവ് എംപിമാരോട് മാപ്പ് അപേക്ഷിച്ച് തെരേസ മേയ്. ടോറി എംപിമാരുടെ യോഗത്തിലാണ് മേയുടെ ഖേദപ്രകടനം. താനാണ് ഈ അവസ്ഥയിലേക്ക് വലിച്ചിഴച്ചതെന്ന് അവര്‍ പറഞ്ഞു. അധികാരത്തില്‍ പാര്‍ട്ടിക്കുണ്ടായിരുന്ന പിടി അയയാന്‍ കാരണമായ പിഴവുകളുടെ ഉത്തരവാദിത്തം മേയ് ഈ യോഗത്തില്‍ വെച്ച് ഏറ്റെടുത്തു. സര്‍ക്കാര്‍ രൂപീകരണം താമസിക്കുന്നത് മൂലം ക്വീന്‍സ് സ്പീച്ച് വൈകിയാല്‍ അത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മേയ് നടത്തിയ വന്‍ ചൂതാട്ടത്തിന്റെ പരാജയമാകും.
ഇത് മേയുടെ നേതൃപാടവമില്ലായ്മയായിപ്പോലും വിലയിരുത്തപ്പെടും. സര്‍ക്കാരിന്റെ വിശ്വാസ്യതയുടെ ഏറ്റവും അടിസ്ഥാന പരീക്ഷയാണ് ക്വീന്‍സ് സ്പീച്ച് പാസാക്കുക എന്നത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് പാര്‍ട്ടിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുമായി ധാരണയിലെത്തി സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചില്ലെങ്കില്‍ ക്വീന്‍സ് സ്പീച്ച് വൈകുമെന്ന് ക്യാബിനറ്റിലെ മുതിര്‍ന്ന അംഗങ്ങള്‍ അറിയിച്ചു. ബ്രിട്ടനിലെ ഭരണ പ്രതിസന്ധി ബ്രെക്‌സിറ്റ് ചര്‍ച്ചകളെയും ബാധിക്കും. ബ്രെക്‌സിറ്റ് നടപടികള്‍ 2019 വരെ നീളാനും ഇത് കാരണമായേക്കും.
1922 കമ്മിറ്റിയിലാണ് മേയ് തന്റെ പരാജയം സമ്മതിച്ചത്. താനാണ് ഈ അവസ്ഥയ്ക്ക് ഉത്തരവാദിയെന്നും താന്‍ തന്നെ ഈ വിഷമസന്ധിയില്‍ നിന്ന് പാര്‍ട്ടിയെ പുറത്തെത്തിക്കുമെന്നും അവര്‍ പറഞ്ഞു. യോഗത്തില്‍ ബാക്ക് ബെഞ്ചേഴ്‌സ് തെരേസ മേയെ ഏറെ സമയം ചോദ്യം ചെയ്തതായാണ് വിവരം. യോഗം പതിവിന് വിപരീതമായി ഒരു മണിക്കൂറിലേറെ നേരം നീണ്ടു. യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനും മേയ് തയ്യാറായില്ല.
ലണ്ടന്‍: ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ കടുംപിടിത്തം ലക്ഷ്യമിട്ട് തയ്യാറാക്കിയ പദ്ധതികള്‍ അമിത ആത്മവിശ്വാസം മൂലം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തകര്‍ത്തു കളഞ്ഞ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ബ്രെക്‌സിറ്റ് വിഷയത്തില്‍ ലേബറുമായി ചര്‍ച്ച നടത്തി. തൂക്ക് പാര്‍ലമെന്റ് നിലവില്‍ വരാനുള്ള സാധ്യത നിലനില്‍ക്കെ സോഫ്റ്റ് ബ്രെക്‌സിറ്റിനായി തെരേസ മേയ്ക്കു മേല്‍ സമ്മര്‍ദ്ദം പെരുകുകയാണ്. ഈ പശ്ചാത്തലത്തിലാണ് ചര്‍ച്ച. സോഫ്റ്റ് ബ്രെക്‌സിറ്റ് ലേബറിന്റെ പ്രഖ്യാപിത നയമാണ്. അതേസമയം ടോറികളില്‍ ഒരു പക്ഷവും ഈ നിലപാടുള്ളവരാണെന്നതാണ് മേയ്ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നത്. സിംഗിള്‍ മാര്‍ക്കറ്റില്‍ തുടരുന്നത് അടക്കമുള്ള കാര്യങ്ങളില്‍ മേയ്ക്ക് വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നാണ് സൂചന.
തെരഞ്ഞെടുപ്പോടെ സ്‌കോട്ടിഷ് കണ്‍സര്‍വേറ്റീവ് നേതാവ് റൂത്ത് ഡേവിഡ്‌സണിന്റെ സ്വാധീനം വര്‍ദ്ധിച്ചിട്ടുണ്ട്. 13 ടോറി എംപിമാരാണ് ഡേവിഡ്‌സണിന്റെ ഒപ്പമുള്ളത്. ഒരു ടോറി ബ്രെക്‌സിറ്റ് ആയിരിക്കില്ല വരുന്നതെന്ന് ഇവര്‍ പ്രഖ്യാപനവും നടത്തിക്കഴിഞ്ഞു. പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ സ്വീകരിക്കാന്‍ ഉദ്ദേശിച്ച കടുത്ത നിലപാടുകലില്‍ നിന്ന് കണ്‍സര്‍വേറ്റീവ് പിന്നോട്ട് പോകും എന്നു തന്നെയാണ് നിഗമനം.
മുന്‍ ചാന്‍സലറും ടോറി നേതാവുമായ ജോര്‍ജ് ഓസ്‌ബോണ്‍ പത്രാധിപരായ ദി ഈവനിംഗ് സ്റ്റാന്‍ഡാര്‍ഡ്, ഡെയ്‌ലി ടെലിഗ്രാഫ് എന്നീ പത്രങ്ങള്‍ കണ്‍സര്‍വേറ്റീവ് മന്ത്രിമാര്‍ ലേബറുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ വ്യാപാര താല്‍പര്യങ്ങള്‍ ബലികഴിക്കാത്ത വിധത്തിലുള്ള ഒരു സോഫ്റ്റ് ബ്രെക്‌സിറ്റിനെ പിന്തുണയ്ക്കണമെന്ന അഭ്യര്‍ത്ഥനയുമായാണ് ചര്‍ച്ചകള്‍ എന്നാണ് വിവരം.
അപ്രതീക്ഷിതമായി മറ്റൊരു മരണ വാര്‍ത്ത കൂടി യുകെ മലയാളികളെ തേടിയെത്തിയത് വിശ്വസിക്കാനാവാതെ യുകെ മലയാളി സമൂഹം. നോര്‍ത്താംപ്ടനില്‍ താമസിക്കുന്ന മലയാളിയായ ജിന്‍സണ്‍ ഫിലിപ്പ് (38) ആണ് ആകസ്മികമായി നിര്യാതനായത്. ഹൃദയാഘാതം ആണ് മരണകാരണം എന്നറിയുന്നു.
കോട്ടയം കൈപ്പുഴ പാലതുരുത്ത് ഇടവകാംഗമാണ് ജിന്‍സന്‍ ഫിലിപ്പ്. കിഴക്കേകാട്ടില്‍ കുടുംബാംഗമാണ്. ജിന്‍സന്റെ മരണവാര്‍ത്ത അറിഞ്ഞ് നോര്‍ത്താംപ്ടന്‍ ഹോസ്പിറ്റലിലേക്ക് നിരവധി മലയാളികള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതനുസരിച്ച് ഈ വാര്‍ത്തയില്‍ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
ജിന്‍സണ്‍ ഫിലിപ്പിന്‍റെ നിര്യാണത്തില്‍ മലയാളംയുകെ ന്യൂസ് ടീമിന്‍റെ അഗാധമായ ദുഃഖം അറിയിക്കുന്നു.
ബിനോയി ജോസഫ്
മലയാളികൾക്ക് അഭിമാനമായി ഗ്രിംസ് ബിയിലെ മലയാളി സമൂഹം.. ലോകത്തിന്റെ വേദനകളും ആവശ്യങ്ങളും അവരറിയുന്നു.. അത് സ്വന്തം ജീവിതത്തിരക്കിനിടയിൽ അവർ മറക്കുന്നില്ല.. അവരുടെ മനസുകൾ ഉരുവിടുന്നത് സ്നേഹത്തിന്റെ മന്ത്രങ്ങൾ.. ഐക്യത്തോടെ, ലക്ഷ്യം നേടാനായി കഠിനാദ്ധ്വാനം ചെയ്യാനുള്ള ആത്മാർത്ഥത ഇവർക്ക് എന്നും മുതൽകൂട്ട് .. നിസ്വാർത്ഥമായ സേവന പ്രവർത്തനത്തിന് അവർ എന്നും തയ്യാർ.. ജീവകാരുണ്യ പ്രവർത്തനങ്ങൾ ഗ്രിംസ് ബിയിലെ മലയാളികൾക്ക് എന്നും സന്തോഷത്തിന്റെ നിമിഷങ്ങളാണ് സമ്മാനിക്കുന്നത്.. തങ്ങൾ ജീവിക്കുന്ന സംസ്കാരത്തിൽ അലിഞ്ഞു ചേരാനുള്ള അപൂർവ്വ അവസരങ്ങൾ ഇവർ പാഴാക്കാറേയില്ല.. നേതൃത്വം നല്കാൻ ഡോ. പ്രീതാ തോമസ്.. പൂർണ പിന്തുണയുമായി മറ്റു മലയാളി കുടുംബങ്ങളും..
ചാരിറ്റി വിഭാഗത്തിൽ ഈ വർഷം മലയാളം യുകെയുടെ എക്സൽ അവാർഡ് നേടിയ ഡോ. പ്രീതാ തോമസിന്റെ നേതൃത്വത്തിലാണ് ഇത്തവണ ഗ്രിംസ് ബിയിൽ ചാരിറ്റി ഇവൻറ് സംഘടിപ്പിച്ചത്. മലയാളം യുകെ യംഗ് അംബാസഡർ ഓഫ് ചാരിറ്റിയായി തെരഞ്ഞെടുക്കപ്പെട്ട നിത്യാ ബാലചന്ദ്രയും പൂർണ പിന്തുണയുമായി ഇവൻറിലുണ്ടായിരുന്നു. ഡോ. സുചിത്ര മേനോനായിരുന്നു മാസ്റ്റർ ഓഫ് സെറമണീസ്. ആഫ്റ്റർ നൂൺ ടീ വിത്ത് ഇൻഡ്യൻ ഫ്യൂഷൻ എന്നു പേരിട്ട ഇവൻറിൽ നിന്ന് ലഭിക്കുന്ന ഫണ്ട് യുണിസെഫിന് കൈമാറും. സിറിയയിൽ ദുരിതമനുഭവിക്കുന്ന കുട്ടികൾക്കായി ഈ തുക വിനിയോഗിക്കും. മലയാളി കുടുംബങ്ങളോടൊപ്പം മറ്റ് ഇന്ത്യൻ കുടുംബങ്ങളും ഇവൻറിന് പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. ലോക്കൽ ഇംഗ്ലീഷ് കമ്യൂണിറ്റിയിൽ നിന്നുള്ളവരായിരുന്നു പങ്കെടുത്തവരിൽ ഭൂരിപക്ഷവും. യുകെയിലേക്ക് കുടിയേറിയവരുടെ ഈ ജീവകാരുണ്യ പ്രവർത്തനം ഇംഗ്ലീഷ് സമൂഹത്തിന്റെ മുക്തകണ്ഠ പ്രശംസയ്ക്ക് പാത്രമായി. വൈവിധ്യമാർന്ന സംസ്കാരങ്ങളുടെ ഐക്യം കാലത്തിന്റെ ആവശ്യമാണെന്ന് ഇതിൽ പങ്കെടുത്തവർ പറഞ്ഞു.
മൂന്നു മണിക്കൂർ നീണ്ടചാരിറ്റി ഇവന്റ് ഗ്രിംസ് ബിയിലെ ഹംബർ റോയൽ ഹോട്ടലിൽ ഇന്നലെ ജൂൺ 11 ഞായറാഴ്ച ഉച്ചയ്ക്കുശേഷം 3.30 മുതൽ 6.30 വരെ ആണ് നടന്നത്. സംഗീതവും നൃത്തവുമായി കലാകാരികളും കലാകാരന്മാരും സ്റ്റേജിൽ നിറഞ്ഞു. ഭരതനാട്യവും മോഹിനിയാട്ടവും കേരളത്തനിമയിൽ സദസിൽ അവതരിപ്പിക്കപ്പെട്ടു. ബോളിവുഡ് ഡാൻസും മലയാളം, ഹിന്ദി ഗാനങ്ങളും സദസ് കരഘോഷത്തോടെയാണ് സ്വീകരിച്ചത്.
അബ്രാഹാം എൻ. അബ്രാഹാം, അമ്പിളി സെബാസ്റ്റ്യൻ, പൂജാ ബാലചന്ദ്ര, കവിതാ തര്യൻ, നക്ഷത്ര ബാലചന്ദ്ര, മെറീന ലിയോ, റൂത്ത് മാത്യൂസ്, റെബേക്കാ മാത്യൂസ്, റിച്ചി മാത്യൂസ്, ഷാരോൺ തോമസ്, ഈവാ മരിയ കുരിയാക്കോസ്, മുരളികൃഷ്ണൻ, നിഷാ ചന്ദ്രശേഖർ, സുവിദ്യാ രാജേന്ദ്രൻ, അഭിഷേക് രാംപാൽ, നെൽസൺ ബിജു എന്നിവർ വിവിധ പരിപാടികൾ സ്റ്റേജിൽ അവതരിപ്പിച്ചു. ഇംഗ്ലീഷ് ട്രൂപ്പായ ദി ഫാമിലി ടൈസ് ഗാനങ്ങൾ ആലപിച്ചു. ജെയ്ൻ ഫോസ്റ്റർ സ്മിത്ത് യൂണിസെഫിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
ലണ്ടന്‍: വന്‍ പ്രതിഷേധത്തിന് സാധ്യതയുള്ളതിനാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യുകെ സന്ദര്‍ശനം മാറ്റി വെക്കുന്നു. ബ്രിട്ടീഷ് ജനത തന്റെ വരവിനെ സ്വാഗതം ചെയ്യുന്നില്ലെങ്കില്‍ വരുന്നില്ലെന്ന് ട്രംപ് തെരേസ മേയെ ഫോണില്‍ അറിയിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കില്‍ വരവ് ഒഴിവാക്കുകയാണെന്ന് ട്രംപ് അറിയിച്ചു. കഴിഞ്ഞ ആഴ്ചകളില്‍ ട്രംപ് ഇക്കാര്യം ബ്രിട്ടീഷ് പ്രധാനമന്ത്രിയെ അറിയിച്ചതായാണ് സൂചന. ഡൗണ്ിംഗ്‌സട്രീറ്റ് വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.
അധികാരത്തിലേറി ഒരാഴ്ചക്കുള്ളില്‍ ട്രംപിന് ബ്രിട്ടീഷ് സന്ദര്‍ശനത്തിനുള്ള ക്ഷണം ലഭിച്ചതാണ്. പ്രഡിഡന്റ് എന്ന നിലയില്‍ മേയ് ആയിരുന്ന ട്രംപിനെ സന്ദര്‍ശിച്ച ആദ്യ രാഷ്ട്ര നേതാവ്. ഇരുവരും ഒരുമിച്ചുള്ള വാര്‍ത്താസമ്മേളനത്തിലാണ് യുകെ സന്ദര്‍ശിക്കാന്‍ ട്രംപിനെ ബ്രിട്ടീഷ് രാജ്ഞി ക്ഷണിക്കുന്നതായി മേയ് അറിയിച്ചത്. ക്ഷണം ട്രംപ് സ്വീകരിച്ചതാും മേയ് പറഞ്ഞിരുന്നു. മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ലോര്‍ഡ് റിക്കറ്റ്‌സ് ഉള്‍പ്പെടെ നിരവധി നയതന്ത്ര വിദഗ്ദ്ധര്‍ ഈ ക്ഷണത്തെ അപക്വമെന്നായിരുന്നു വിശേഷിപ്പിച്ചത്.
എന്നാല്‍ ഈ ക്ഷണം പിന്‍വലിക്കാന്‍ കഴിയുമായിരുന്നില്ല. സമീപകാലത്ത് നയതന്ത്ര തലത്തിലുണ്ടായ ചില സംഭവവികാസങ്ങളും ട്രംപിന്റെ പിന്‍മാറ്റത്തിന് കാരണമായിട്ടുണ്ടെന്ന് സൂചനയുണ്ട്. ലോകമൊട്ടാകെ അമേരിക്കന്‍ അംബാസഡര്‍മാരെ നിയമിക്കുന്നതില്‍ ഭരണകൂടം പൂര്‍ണമായി വിജയിച്ചിട്ടില്ല. ന്യൂയോര്‍ക്ക് ജെറ്റ്‌സ് ഉടമയും റിപ്പബ്ലിക്കന്‍ ഡോണറുമായ വൂഡി ജോണ്‍സണെ യുകെയിലെ അമേരിക്കന്‍ അംബാസഡറായി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നിലവിലുള്ള അംബാസഡര്‍ ലൂയിസ് ലൂക്കന്‍സ് ലണ്ടന്‍ മേയര്‍ സാദിഖ് ഖാനെ പ്രശംസിച്ചുകൊണ്ട് ട്രംപുമായി കോര്‍ക്കുകയും ചെയ്തു.
ലണ്ടന്‍: തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ തന്നെ പിന്തുണയ്ക്കണമെന്ന ആവശ്യവുമായി തെരേസ മേയ് എംപിമാരെ സമീപിച്ചു. ഇന്ന് ചേരുന്ന യോഗത്തില്‍ മേയ് എംപിമാരോട് ഈ ആവശ്യം നേരിട്ട് ഉന്നയിക്കു. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട് തന്റെ ഭാവി തുലാസിലായതോടെയാണ് മേയ് ഈ നീക്കം നടത്തുന്നത്. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത് വരെ നിലവിലുള്ള ക്യാബിനറ്റില്‍ ചെറിയ മാറ്റം വരുത്തിക്കൊണ്ട് കുറഞ്ഞ അധികാരങ്ങളുള്ള സര്‍ക്കാര്‍ നിലനിര്‍ത്താനാണ് മേയ് ശ്രമിക്കുന്നത്.
മൈക്കിള്‍ ഗോവിനെ പരിസ്ഥിതി സെക്രട്ടറി സ്ഥാനത്ത് തിരികെ കൊണ്ടുവന്നതാണ് ഞായറാഴ്ച ക്യാബിനറ്റില്‍ വരുത്തിയ മാറ്റം. ആന്‍ഡ്രിയ ലീഡ്‌സമിനെ മാറ്റിക്കൊണ്ട് ഈ അവസാനഘട്ടത്തില്‍ വരുത്തിയ മാറ്റം ടോറി നേതൃസ്ഥാനത്തേക്ക് ബോറിസ് ജോണ്‍സണ്‍ വരുന്നത് തടയാനാണെന്ന് വിലയിരുത്തപ്പെടുന്നു. തെരേസ മേയ്‌ക്കെതിരെ നേതൃ്ത്വ മത്സരത്തില്‍ രംഗത്തെത്തിയതോടെയാണ് മൈക്കിള്‍ ഗോവ് മന്ത്രിസഭയില്‍ നിന്ന് പുറത്തായത്.
പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിക്ക് മേയ് ഉത്തരവാദിത്വമേല്‍ക്കണമെന്ന് ബാക്ക്‌ബെഞ്ചേഴ്‌സ് പറയുന്നുണ്ടെങ്കിലും ചില മുതിര്‍ന്ന നേതാക്കള്‍ക്ക് അവര്‍ തുടരണമെന്ന അഭിപ്രായമാണ് ഉള്ളത്. എന്നാല്‍ ടോറികള്‍ക്കുള്ളില്‍ മേയ്‌ക്കെതിരെയുള്ള വികാരം പടരുന്നതായും സൂചനയുണ്ട്. മുന്‍ ചാന്‍സലറായിരുന്ന ജോര്‍ജ് ഓസ്‌ബോണ്‍ അവരെ ഇപ്പോഴും നടക്കുന്ന മരിച്ച സ്ത്രീ എന്ന് ബിബിസി അഭിമുഖത്തില്‍ വിശേഷിപ്പിച്ചത് വന്‍ തലക്കെട്ടുകളാണ് മാധ്യമങ്ങളില്‍ സൃഷ്ടിച്ചത്.
ലണ്ടന്‍: ലേബര്‍ നേതാവ് ജെറമി കോര്‍ബിനെതിരെ ഫേസ്ബുക്കില്‍ നെഗറ്റീവ് ക്യാംപെയിന്‍ നടത്താന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 1 മില്യന്‍ പൗണ്ടിലേറെ ചെലവഴിച്ചുവെന്ന് റിപ്പോര്‍ട്ട്. വിവിധ വിഷയങ്ങളില്‍ കോര്‍ബിന്‍ മുമ്പ് പറഞ്ഞിട്ടുള്ള കാര്യങ്ങളുടെ വീഡിയോയും മറ്റും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചായിരുന്നു കണ്‍സര്‍വേറ്റീവ് ഈ തന്ത്രം നടപ്പാക്കിയത്. കടം, തീവ്രവാദ വിരുദ്ധ നിയമങ്ങള്‍, ഐആര്‍എ എന്നീ വിഷയങ്ങളില്‍ ലേബര്‍ നേതാവ് പറഞ്ഞിട്ടുള്ള കാര്യങ്ങളുടെ വീഡിയോ പ്രചരിപ്പിക്കപ്പെട്ടത് ടോറി അനുകൂല അക്കൗണ്ടുകളില്‍ നിന്നായിരുന്നു.
എന്നാല്‍ ഇതിനു വിപരീതമായി വികസന അജണ്ടകള്‍ ഉള്‍പ്പെടുത്തിയുള്ള ലേബര്‍ പ്രചാരണം തെരഞ്ഞെടുപ്പില്‍ അവക്ക് നേട്ടം സമ്മാനിക്കുകയും ചെയ്തു. കണ്‍സര്‍വേറ്റീവുകളേക്കാള്‍ ഇപ്പോളും സീറ്റ് നിലയില്‍ താഴെയാണെങ്കിലും മുമ്പുണ്ടായിരുന്ന ദയനീയാവസ്ഥയില്‍ നിന്ന് കരകയറാന്‍ ഈ തന്ത്രത്തിലൂടെ സാധിച്ചു. പ്രധാനമന്ത്രി പദത്തിന് തൊട്ടരികില്‍ വരെ കോര്‍ബിന് എത്താന്‍ സാധിച്ചത് തങ്ങളെ അനുകൂലിക്കുന്ന വലിയൊരു വിഭാഗത്തെ മുന്നില്‍കണ്ടുകൊണ്ടുള്ള ആ പ്രവര്‍ത്തന ശൈലിയാണെന്ന് വിലയിരുത്തപ്പെടുന്നു.
വളരെ നേരത്തേ തന്നെ ഓണ്‍ലൈന്‍ പ്രചാരണം ആരംഭിക്കാന്‍ ലേബറിന് കഴിഞ്ഞു. വോട്ടര്‍മാരെ, പ്രത്യേകിച്ച് യുവാക്കളെ പോളിംഗ് ബൂത്തിലെത്തിക്കാന്‍ ഈ പരിശ്രമങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പിന് 24 മണിക്കൂര്‍ മുമ്പ് 6,22,000 പുതിയ വോട്ടര്‍മാര്‍ ഇലക്ടറല്‍ റോളില്‍ എത്തിയെന്നത് ഈ പരിശ്രമത്തിന്റെ ഫലമാണ്. ഇത് റെക്കോര്‍ഡാണ്. ഇവരില്‍ വലിയൊരു ഭൂരിപക്ഷവും ലേബര്‍ പാര്‍ട്ടിയാലും നേതാവ് കോര്‍ബിനാലും പ്രചോദിതരായാണ് എത്തിയതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സ്ലൊവാനിയയിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട യാത്രാ വിമാനത്തിനുള്ളിൽ നിന്ന് ‘സംശയകരമായ സംഭാഷണം’ ഉണ്ടായതിനെ തുടർന്ന് ജർമനിയിൽ അടിയന്തിരമായി ഇറക്കി. യാത്രക്കാരെ മുഴുവൻ ഒഴിപ്പിക്കുകയും മൂന്നു യാത്രക്കാരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരാണ്, മൂന്നു പേർ ഭീകര പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്ന കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
ഇതേതുടർന്ന് വിമാനം ജർമനിയിലെ കൊളോണിൽ അടിയന്തരമായി ഇറക്കാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. എന്തു സംഭാഷണമാണ് യാത്രക്കാർ സംശയകരമായി നടത്തിയതെന്ന് പൊലീസ് അറിയിച്ചില്ല. കൊളോണിൽ വിമാനം ഇറക്കിയ ശേഷം 151 യാത്രക്കാരെയും പൊലീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ടാണ് സംഭവം.
വിമാനത്തിനുള്ളിൽ സംശയകരമായി പെരുമാറിയ മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരുടെ ബാഗുകൾ ബോംബ് സ്ക്വാഡ് പ്രത്യേകം പരിശോധിക്കുകയും ചെയ്തു. ഇതിൽ നിന്നും സംശയകരമായി ഒന്നും കണ്ടെത്തിയില്ല. സംഭവത്തെ തുടർന്ന് ഏഴു മണിക്കും 10 മണിക്കും ഇടയിൽ വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ താളം തെറ്റി. ഏതാണ്ട് ഇരുപതോളം വിമാനങ്ങള്‍ വൈകിയാണ് പുറപ്പെട്ടത്.
യൂറോപ്യൻ രാജ്യങ്ങളിലുണ്ടാകുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജർമ്മനിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.