ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്ന് യുകെയില്‍ ജോലിക്കെത്തുന്ന നഴ്‌സുമാരുടെ എണ്ണത്തില്‍ കാര്യമായ ഇടിവ്. കഴിഞ്ഞ വര്‍ഷം 10,000ത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്ത് ഈ വര്‍ഷം 1000 പേര്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്ക് ശേഷമാണ് ഈ ഇടിവ് രേഖപ്പെടുത്തിയത്. ഒരു വര്‍ഷത്തിനുള്ളില്‍ 89 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായതെന്ന് നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സിലിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ഗുരുതരമായ സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് എന്‍എച്ച്എസ് നേതൃത്വം വിലയിരുത്തുന്നു.

നിലവിലുള്ള ജീവനക്കാര്‍ക്ക് മേല്‍ ഈ പ്രതിസന്ധി സൃഷ്ടിക്കുന്ന സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് എന്‍എച്ച്എസ് മേധാവികളും നഴ്‌സിംഗ് നേതാക്കളും ആവശ്യപ്പെട്ടു. പുതുതായുള്ള രജിസ്‌ട്രേഷനില്‍ കുറവുണ്ടാകുന്നതിനു പുറമേ നിലവിലുള്ള യൂറോപ്യന്‍ യൂണിയന്‍ നഴ്‌സുമാര്‍ ജോലിയുപേക്ഷിച്ച് പോകുന്നതിന്റെ നിരക്കിലും വര്‍ദ്ധനയുണ്ടായിട്ടുണ്ട്. സെപ്റ്റംബറില്‍ അവസാനിച്ച 12 മാസങ്ങള്‍ക്കിടെ 67 ശതമാനത്തോളം പേര്‍ യുകെ വിട്ടുവെന്നാണ് കണക്ക്. ഇപ്പോള്‍ എന്‍എംസിയില്‍ രജിസ്റ്റര്‍ ചെയ്യുന്നവരേക്കാള്‍ കൂടുതലാണ് വിട്ടു പോകുന്നവരുടെ എണ്ണമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇംഗ്ലീഷ് ഭാഷാ പരീക്ഷയുടെ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതും ഈ പ്രവണതയ്ക്ക് ആക്കം കൂട്ടിയെന്ന് എന്‍എംസി പറയുന്നു. കഴിഞ്ഞ 12 മാസത്തെ കാലയളവില്‍ 1107 നഴ്‌സുമാര്‍ മാത്രമാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് യുകെയില്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇത് 10,178 ആയിരുന്നു. യുകെയില്‍ നഴ്‌സിംഗ് വിദ്യാഭ്യാസം നേടിയവര്‍ ആ പ്രൊഫഷന്‍ തന്നെ ഉപേക്ഷിക്കുന്നതിന്റെ നിരക്ക് 9 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. 40,000 നഴ്‌സുമാരുടെയെങ്കിലും കുറവ് എന്‍എച്ച്എസിന് ഇപ്പോള്‍ ഉണ്ട്. അതിനിടെയാണ് കൊഴിഞ്ഞുപോക്ക് തുടരുന്നത്.