ലിവര്‍പൂളില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന്‍ പോലീസ് ആളുകളെ ഒഴിപ്പിച്ചു. ലിവര്‍പൂള്‍ മേഴ്സിസൈഡിലെ ഒരു അഞ്ചു നില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സോളിസിറ്റര്‍ സ്ഥാപനത്തില്‍ എത്തിയ ഒരാളെ പോലീസ് സംശയാസ്പദമായി തടഞ്ഞു വച്ച് ചോദ്യം ചെയ്തു വരുന്നു. ഈ കെട്ടിടത്തില്‍ നിന്നും സമീപ സ്ഥലങ്ങളില്‍ നിന്നും പോലീസ് ആളുകളെ ഒഴിപ്പിച്ചിരിക്കുകയാണ്. പോലീസും ബോംബ് സ്ക്വാഡും ഈ സ്ഥലങ്ങളില്‍ തെരച്ചില്‍ നടത്തി കൊണ്ടിരിക്കുന്നു.
നിരവധി സ്ട്രീറ്റുകള്‍ കനത്ത പോലീസ് ബന്തവസ്സില്‍ സീല്‍ ചെയ്തിരിക്കുകയാണ്. ടിതെബാന്‍ സ്ട്രീറ്റ്, ഓള്‍ഡ് ഹാള്‍ സ്ട്രീറ്റ്, യൂണിയന്‍ സ്ട്രീറ്റ് ജംക്ഷന്‍ ഇവിടങ്ങളില്‍ നിന്നെല്ലാം പോലീസ് ആളുകളെ ഒഴിപ്പിച്ചിരിക്കുകയാണ്. ചാപ്പല്‍ സ്ട്രീറ്റ്, ജോര്‍ജ്ജ് സ്ട്രീറ്റ്, എക്സ്ചേഞ്ച് സ്ട്രീറ്റ് എന്നിവിടങ്ങളിലൂടെ യാത്ര ഒഴിവാക്കാന്‍ പോലീസ് ആളുകളോട് ആവശ്യപ്പെടുന്നുണ്ട്.
ലണ്ടന്‍: റെഡ് വൈന്‍ ആരോഗ്യപ്രദമാണെന്ന വാദം വാസ്തവ വിരുദ്ധമെന്ന് ആരോഗ്യവിദഗ്ദ്ധര്‍. ചുവന്ന വൈന്‍ അര്‍ബുദസാധ്യത കുറയ്ക്കുമെന്നും ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണെന്നുമുളള ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വിശ്വാസങ്ങളെ കാറ്റില്‍ പറത്തുകയാണ് ബ്രിട്ടീഷ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡെയിം സാലി ഡേവിസ് കഴിഞ്ഞ ദിവസം പുറത്ത് വിട്ട റിപ്പോര്‍ട്ട്. മിതമായ അളവില്‍ ചുവന്ന വൈന്‍ കഴിക്കുന്നതിലൂടെ ഓര്‍മക്കുറവ് പോലെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നും ആളുകള്‍ വിശ്വസിച്ചിരുന്നു. ദിവസം ഒരു ഗ്ലാസ് ചുവന്ന വൈന്‍ കഴിയ്ക്കുന്നത് സ്തനാര്‍ബുദ സാധ്യത പതിമൂന്ന് ശതമാനം കൂട്ടുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍.
ചുവന്ന വൈനിലെ ആന്റി ഓക്‌സിഡന്റുകള്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്നും മറവിരോഗത്തെ പ്രതിരോധിക്കുമെന്നുമായിരുന്നു നേരത്തെയുളള കണ്ടെത്തലുകള്‍. എന്നാല്‍ ചുവന്ന വൈന്‍ കുടിയ്ക്കുന്നതിലൂടെ ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷങ്ങളാണ് ഉളളതെന്നും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ആവശ്യത്തിലും കുറവ് ഭക്ഷണം കഴിയ്ക്കുന്നത് പോലെയും അമിത വ്യായാമം ചെയ്യുന്നത് പോലെയുമാണ് റെഡ് വൈന്‍ കഴിയ്ക്കുന്നത് എന്നാണ് പുതിയ പഠനം പറയുന്നത്. ആഴ്ചയില്‍ കുറച്ച് ദിവസം മദ്യപാനം ഒഴിവാക്കണമെന്നും പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്.
മദ്യപിക്കാന്‍ തോന്നുന്ന സമയത്ത് വെളളം കുടിയ്ക്കാനും ഭക്ഷണം കഴിക്കാനും നിര്‍ദേശമുണ്ട്. ബ്രിട്ടനില്‍ മദ്യപാനം മൂന്നിലൊന്നായി കുറഞ്ഞിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രായ പൂര്‍ത്തിയായ അഞ്ചിലൊരാള്‍ മദ്യപിക്കുന്നില്ലെന്ന് പുതിയൊരു പഠനം പറയുന്നു. ഉപയോഗിക്കുന്ന മദ്യത്തിന്റെ അളവില്‍ സ്ത്രീപുരുഷ വ്യത്യാസമില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ പുരുഷന്‍മാര്‍ക്ക് ഒരുദിവസം രണ്ട് മുതല്‍ മൂന്ന് യൂണിറ്റ് മദ്യം വരെ കുടിയ്ക്കാന്‍ രാജ്യത്ത് അനുമതിയുണ്ട്. അല്ലെങ്കില്‍ ഒന്നും ഹാഫ് വൈനും ഉപയോഗിക്കാം. സ്ത്രീകള്‍ക്ക് രണ്ട് മുതല്‍ മൂന്ന് യൂണിറ്റ് വരെ മദ്യമാകാം. അല്ലെങ്കില്‍ ഒരു ഗ്ലാസ് വൈന്‍ എന്നതാണ് രാജ്യത്തെ മദ്യപാനത്തോത്.
ദമാസ്‌കസ്: ബാഷര്‍ അല്‍ അസദിന്റെ ഭരണത്തിലുള്ള സിറിയയില്‍ ജനങ്ങള്‍ ദുരിതത്തിലെന്ന് റിപ്പോര്‍ട്ട്. ഭക്ഷ്യവസ്തുക്കള്‍ ലഭ്യമല്ലാത്തതിനാല്‍ മഡയയില്‍ അകപ്പെട്ടുപോയ 40,000ത്തോളെ പേര്‍ ഇപ്പോള്‍ പച്ചിലകളും പൂവുകളും വേവിച്ച് ഭക്ഷിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്ന് അവിടെ നിന്നുള്ള ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ഇടയ്ക്ക് ഹെലികോപ്റ്ററുകളില്‍ നിന്ന് താഴേക്ക് എറിഞ്ഞുകൊടുക്കുന്ന ആഹാരപ്പൊതികളാണ് ഇവര്‍ക്ക് ആശ്വാസം. പ്രദേശത്തെ തെരുവു നായ്ക്കളും പൂച്ചകളും വരെ ഇവരുടെ ഭക്ഷണമായിക്കഴിഞ്ഞു. ഇനിയൊന്നും അവശേഷിക്കാത്തതിനാലാണ് ഇവര്‍ പച്ചിലകളെ അഭയം പ്രാപിച്ചിരിക്കുന്നതെന്നാണ് വിവരം.
ആറു മാസത്തിലേറെയായി ഇവിടെ കഴിയുന്ന ആളുകളില്‍ പലരും കടുത്ത പട്ടിണി മൂലം മരിച്ചു. ഇവിടെ നിന്നുള്ള ദൃശ്യങ്ങളില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാണ്. മുമ്പ് ഒരു ഹോളിഡേ റിസോര്‍ട്ട് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം തടഞ്ഞുവെയ്ക്കപ്പെട്ട ഇവര്‍ക്ക് താവളമായി ലഭിച്ചിരുന്നു. ഇവിടെ നിന്നുള്ള ഏറ്റവും പുതിയ ദൃശ്യങ്ങളില്‍ പട്ടിണി മൂലം മരിച്ച സ്ത്രീകളുടേയും കുട്ടിുകളുടേയുമൊക്കെ മൃതശരീരങ്ങള്‍ ചിതറിക്കിടക്കുന്നതു കാണാം. മഞ്ഞുകാലം എത്തിയതോടെ വൈദ്യുതിക്ഷാമവും രൂക്ഷമാണ്. ഭക്ഷ്യവസ്തുക്കള്‍ ഒരിടത്തും ലഭ്യമല്ല എന്നതാണ് സ്ഥിതി.
അസദിന്റെ നിയന്ത്രണത്തിലുള്ള സേനയും ലെബനീസ് തീവ്രവാദി സംഘടനയായ ഹെസ്‌ബോള്ളയും ചേര്‍ന്നാണ് ഈ പ്രദേശത്തെ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിട്ടത്. സൈന്യങ്ങള്‍ ഇപ്പോഴും പട്ടണം വളഞ്ഞിരിക്കുകയാണ്. പ്രദേശവാസികള്‍ പുറത്തേ്ക്ക് പോകാതിരിക്കാന്‍ ലാന്‍ഡ് മൈനുകളും പാകിയിട്ടുണ്ട്. ഭക്ഷണവും വെള്ളവും പുറത്തു നിന്ന് എത്തിക്കാനുള്ള മാര്‍ഗങ്ങളും ഇവര്‍ അടച്ചിരിക്കുന്നതായാണ് വിവരങ്ങള്‍.
ആഹാരത്തിനായി വളര്‍ത്തു പൂച്ചയെ കൊല്ലുന്നതിന്റേയും ഒലിവിലയും വെള്ളവും ഉപയോഗിച്ച് നിര്‍മിച്ച സൂപ്പ് കുട്ടികള്‍ കുടിക്കുന്നതിന്റേയും ചിത്രങ്ങള്‍ ഇവിടെ നിന്ന് സോഷ്യല്‍മീഡിയയില്‍ പ്രചരിത്തുന്നുണ്ട്. ഈ പച്ചിലകള്‍ പോലും ഉടന്‍ തീര്‍ന്നു പോയേക്കാമെന്ന ഭീതിയാണ് ഇവര്‍ക്കുള്ളതെന്ന് അല്‍ ജസീറയോട് സംസാരിച്ച ഒരാളുടെ വാക്കുകള്‍ വ്യക്തമാക്കുന്നു. സാമ്പത്തികമായി ഉയര്‍ന്നവര്‍ക്കു പോലും ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് പട്ടണത്തിലുള്ളത്. ഒരു കിലോഗ്രാം അരിയുടെ വില 170 പൗണ്ടിനു തുല്യമാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പട്ടിണി മൂലമാണ് ജനങ്ങള്‍ ഏറെയും മരിക്കുന്നത്. പ്രായമായവരും കുട്ടികളും സ്ത്രീകളുമാണ് ഏറെയും മരണത്തിനിരയാകുന്നതെന്ന് മെഡിക്കല്‍ രംഗത്തുള്ളവര്‍ വ്യക്തമാക്കി. ഇരുപത്തിനാലു മണിക്കൂറും സജ്ജമായി തങ്ങള്‍ രംഗത്തുണ്ട്. ഭക്ഷണം ലഭിക്കാതെ കുഴഞ്ഞു വീഴുന്നവരും അവശ നിലയിലുള്ളവരുമായി നിരവധി പേരാണ് എല്ലാ സമയത്തും തങ്ങള്‍തക്കരികിലെത്തുന്നതെന്നും ഇവര്‍ പറയുന്നു. അസദ് ഭരണകൂടത്തിന്റെ ആസ്ഥാനമായ ദമാസ്‌കസിന് പതിനഞ്ച് മൈല്‍ മാത്രം അകലെയാണ് മഡയ പട്ടണം സ്ഥിതി ചെയ്യുന്നത്.
ലണ്ടന്‍: വര്‍ഷങ്ങളായി അമേരിക്കയും ബ്രിട്ടനും ശത്രുവായി പ്രഖ്യാപിച്ച് പോരാട്ടം നടത്തുന്ന താലിബാനെ ഐസിസിനെതിരെയുളള പോരാട്ടത്തില്‍ സഖ്യകക്ഷിയാക്കാന്‍ റഷ്യയും ചൈനയും ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പതിനഞ്ച് വര്‍ഷത്തിലേറെയായി അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ താലിബാനെതിരെ പോരാടുകയാണ്. ഇപ്പോള്‍ രാജ്യാന്തര ശക്തികളുടെ ഏറ്റവും വിലയേറിയ സഖ്യകക്ഷിയായി താലിബാന്‍ മാറിയിരിക്കുന്നു. താലിബാന്റെ മുഖ്യശത്രുവായി ഐസിസ് മാറിയിരിക്കുന്നു എന്നതാണ് ഇവരെ സ്വന്തം പക്ഷത്തെത്തിക്കാന്‍ റഷ്യ ശ്രമിക്കുന്നതിന്റെ കാരണമെന്ന് ഇന്‍ഡിപ്രപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അഫ്ഗാനില്‍ തങ്ങളുടെ അപ്രമാദിത്വം ഉറപ്പാക്കുന്നതിന് ഐസിസിനെ ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണെന്ന് ഇവര്‍ കരുതുന്നതായാണ് റിപ്പോര്‍ട്ട് വാദിക്കുന്നത്.
ഐസിസിനെതിരെയുളള പോരാട്ടം ശക്തമാക്കിയതിന്റെ കാരണങ്ങളില്‍ ഒന്നായി പുടിന്‍ എടുത്ത് കാട്ടുന്നത് മുന്‍ സോവിയറ്റ് മധ്യ ഏഷ്യയിലേക്ക് തിരികെ വരുന്ന ഭീകരര്‍ ആക്രമണം നടത്തുന്നു എന്നുളളതാണ്. ഐസിസും കിഴക്കന്‍ തുര്‍ക്ക്‌മെനിസ്ഥാനിലെ സ്വതന്ത്ര പ്രസ്ഥാനങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നതാണ് ചൈനയ്ക്ക് താലിബാനോട് പ്രതിപത്തിയുണ്ടാകാന്‍ കാരണം. ഏതായാലും താലിബാനുമായി റഷ്യ സഖ്യസംഭാഷണങ്ങള്‍ ആരംഭിച്ച് കഴിഞ്ഞതായാണ് സൂചന. താലിബാന്റെ താത്പര്യങ്ങള്‍ തങ്ങളുടേതിന് സമാനമാണെന്ന് കഴിഞ്ഞദിവസം റഷ്യന്‍ പ്രത്യേക ദൂതന്‍ സമിര്‍ കുബുലോവ് പറഞ്ഞിരുന്നു.
പാക് അഫ്ഗാന്‍ താലിബാനുകള്‍ ഐസിസിനെയോ ഐസിസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയെയോ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവരങ്ങള്‍ കൈമാറാനായി താലിബാനും തങ്ങള്‍ക്കുമിടയില്‍ ഒരു ചാനലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സോവിയറ്റ് ഉസ്‌ബെക്കിസ്ഥാനില്‍ ജനിച്ച കാബുലോവിന് താലിബാനുമായുളള ഇടപാടുകള്‍ പുത്തരിയല്ല. 1995ല്‍ അന്നത്തെ താലിബാന്‍ നേതാവായിരുന്ന മുല്ല മുഹമ്മദ് ഒമറുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. കാണ്ഡഹാര്‍ വിമാനത്താവളത്തില്‍ ഇറക്കിയ റഷ്യന്‍ വിമാനത്തിലെ ജീവനക്കാരെ വിട്ട് കിട്ടാന്‍ വേണ്ടി ആയിരുന്നു ആ ചര്‍ച്ചകള്‍. പാകിസ്ഥാന്‍ അംബാസഡറായിരുന്ന കാലത്തും അവരുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.
ലണ്ടന്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനും ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലയറും തമ്മിലുളള അപൂര്‍വ്വ സൗഹൃദത്തെക്കുറിച്ച് വെളിപ്പെടുത്തല്‍. ഇരുനേതാക്കളും തമ്മിലുളള സ്വകാര്യ സംഭാഷണങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. രണ്ട് ലോകനേതാക്കളും തമ്മിലുളള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന സംഭാഷണ ശകലങ്ങള്‍ ബിബിസി പുറത്ത് വിട്ടു. 1997മുതല്‍ 2000 വരെ ഇരുവരും ടെലിഫോണിലും നേരിട്ടും നടത്തിയ സംഭാഷണങ്ങളാണ് പ്രസിദ്ധീകരിച്ചത്. ബിബിസി വിവരാവകാശ നിയമപ്രകാരം ക്ലിന്റന്റെ പ്രസിഡന്‍ഷ്യല്‍ ലൈബ്രറിയില്‍ നിന്നാണ് ഇവ ശേഖരിച്ചത്. ബ്ലെയറിന്റെ ചില സംഭാഷണങ്ങള്‍ എഡിറ്റ് ചെയ്താണ് പ്രസിദ്ധീകരിച്ചിട്ടുളളത്. എന്നാല്‍ അല്ലാതെയെുളളവയില്‍ ഇരുനേതാക്കളും തമ്മിലുളള തമാശകളും സ്വന്തം രാജ്യങ്ങളിലെയും വിദേശ രാജ്യങ്ങളിലെയും രാഷ്ട്രീയ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്നു. അമേരിക്കയുടെ നാല്‍പ്പത്തിരണ്ടാമത് പ്രസിഡന്റിന്റെയും മുന്‍ ലേബര്‍ പ്രധാനമന്ത്രിയുടെയും ജീവിതത്തിന്റെ പരിച്ഛേദമായാണ് ഈ സംഭാഷണശകലങ്ങളെ വിലയിരുത്തുന്നത്.
ഡയാനയുടെ മരണം ഒരു താരത്തിന്റെ പതനമാണെന്നാണ് നേതാക്കള്‍ അവരുടെ സംഭാഷണത്തിനിടെ വിലയിരുത്തുന്നത്. 1997ല്‍ ഒരു കാറപകടത്തില്‍ ഡയാന പാരീസില്‍ വച്ച് കൊല്ലപ്പെട്ടമ്പോള്‍ ക്ലിന്റന്‍ ബ്ലെയറിനെ ഫോണില്‍ വിളിച്ച് അനുശോചനം അറിയിച്ചു. അവധിക്കാല വസതിയായ മാര്‍ത്താസ് വൈന്‍യാര്‍ഡില്‍ നിന്നാണ് ക്ലിന്റണ്‍ വിളിച്ചത്. നിങ്ങളെക്കുറിച്ച് എനിക്ക് ഏറെ കരുതലുണ്ടെന്ന് അറിയിക്കുവാനാണ് താന്‍ വിളിച്ചതെന്ന് ക്ലിന്റണ്‍ വ്യക്തമാക്കി. ഡയാനയുടെ ജീവിത രീതിയാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്നും ബ്ലെയര്‍ തന്റെ സംഭാഷണത്തില്‍ തുടര്‍ന്ന് പറയുന്നു. അത് വിവരണാതീതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
1999ല്‍ വൈസ്പ്രസിഡന്റ് അല്‍ഗോറിന്റെ ബ്രിട്ടീഷ് സന്ദര്‍ശനശേഷവും ഇരുനേതാക്കളും തമ്മില്‍ ഫോണില്‍ സംസാരിക്കുന്നുണ്ട്. അന്നത്തെ ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി ജോണ്‍പ്രസ്‌കോട്ടിന്റെ ഓഫീസില്‍ ഉണ്ടായിരുന്ന ഒരേ ഒരു അലങ്കാരം ഒരു പാത്രം പഴം മാത്രമായിരുന്നെന്നും ആ സംഭാഷണത്തിനിടെ തമാശയായി ചൂണ്ടിക്കാട്ടുന്നു. ആ സ്വീകരണം അല്‍ഗോറിനെ ഏറെ സന്തോഷിപ്പിച്ചെന്നും പ്രസിഡന്റ് പറഞ്ഞു. ഇപ്പോള്‍ പഴമില്ലാതെ താങ്കളോട് സംസാരിക്കാന്‍ തന്റെ ജീവനക്കാര്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വടക്കന്‍ അയര്‍ലന്റിലെ സമാധാന പ്രക്രിയകളും ഇരുനേതാക്കളുടെയും ചര്‍ച്ചയില്‍ കടന്ന് വന്നിരുന്നു. 2000ത്തില്‍ ചെറി ബ്ലെയര്‍ നാലാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയായപ്പോഴും ഇരുനേതാക്കളും തമ്മില്‍ സന്തോഷം പങ്കിടുന്നുണ്ട്. 2001ല്‍ അധികാരം ഒഴിയുമ്പോള്‍ ഇനി തനിക്ക് കുഞ്ഞിനെ നോക്കല്‍ പണിയാണെന്നും ടോണി ബ്ലെയര്‍ ക്ലിന്റനോട് പറയുന്നുണ്ട്. 2000ല്‍ വഌഡിമിര്‍ പുടിന്‍ റഷ്യന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും ഇരുനേതാക്കളും ശുഭാപ്തി വിശ്വാസത്തോടെ ആശംസകള്‍ അര്‍പ്പിക്കുന്നു. പുടിന്‍ സ്മാര്‍ട്ടും ചിന്താശേഷിയുളളയാളുമാണെന്നും ആവശ്യത്തിന് കഴിവുണ്ടെന്നും ക്ലിന്റണ്‍ വിലയിരുത്തുന്നു. എന്നാല്‍ ബ്ലെയറിന് അത്ര അഭിപ്രായം ഉണ്ടായിരുന്നില്ല. രാജ്യം നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളെക്കുറിച്ച് പുടിന്‍ മനസിലാക്കിയിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.
അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ ബ്ലയറിനെ വൈറ്റ്ഹൗസില്‍ ഉറങ്ങാന്‍ ക്ലിന്റന്‍ ക്ഷണിക്കുന്നുണ്ട്. ചര്‍ച്ചില്‍ ഉറങ്ങിയ കിടക്കയില്‍ കിടക്കാമെന്ന വാഗ്ദാനവും നല്‍കുന്നുണ്ട്. എന്നാല്‍ ഈ ക്ഷണം ബ്ലയര്‍ സ്വീകരിച്ചില്ല. ഇത് ശരിയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. പിന്നീടൊരിക്കല്‍ ബ്ലയര്‍ ഡര്‍ഹാമില്‍ വന്നിട്ടുണ്ടോയെന്ന് ക്ലിന്റണ്‍ ചോദിക്കുന്നുണ്ട്. ഡര്‍ഹാം പളളിയെക്കുറിച്ച് ക്ലിന്റണ്‍ വാചാലനാകുന്നതോടെ ബ്ലെയര്‍ താന്‍ ഈ പളളിയിലെ ക്വയര്‍ ബോയ് ആയിരുന്നുവെന്ന രഹസ്യവും വെളിപ്പെടുത്തുന്നുണ്ട്. ബ്ലെയര്‍ ഇപ്പോഴും ഒരു ക്വയര്‍ ബോയിയെ പോലെ തന്നെ തോന്നിക്കുന്നു എന്നായിരുന്നു ക്ലിന്റന്റെ പ്രതികരണം. 1997ലെ വന്‍ വിജയത്തില്‍ ബ്ലെയറിനെ വിളിച്ച് ക്ലിന്‍ന്‍ അഭിനന്ദനമറിയിക്കുകയും ചെയ്തു. ക്ലിന്റനാണ് തന്റെ വഴികാട്ടിയെന്നാണ് ബ്ലെയര്‍ ഇതിനോട് പ്രതികരിച്ചത്.
ന്യൂഡല്‍ഹി: കേന്ദ്ര പ്രവാസി കാര്യമന്ത്രാലയം വിദേശമന്ത്രാലയത്തില്‍ ലയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. വകുപ്പുകളുടെ എണ്ണം കുറച്ച് ഭരണകാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണ് രണ്ടു വകുപ്പുകളും ലയിപ്പിക്കുന്നതെന്നാണ് വിശദീകരണം.വിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. തീരുമാനത്തിന് പ്രധാനമന്ത്രി അംഗീകാരം നല്‍കിയതായും മന്ത്രി തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു.
പ്രവാസി മന്ത്രാലയത്തിന്റെ ചുമതലയിലുള്ള എല്ലാ കാര്യങ്ങളും വിദേശകാര്യമന്ത്രാലയം മുഖേന ചെയ്യാവുന്നതേയുള്ളൂ. ഇതാണ് മന്ത്രി എന്ന നിലയില്‍ തന്റെ അനുഭവം., ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് മന്ത്രാലയങ്ങള്‍ തമ്മില്‍ ലയിപ്പിക്കണമെന്ന ആവശ്യം പ്രധാനമന്ത്രിയുടെ മുന്നില്‍ അവതരിപ്പിച്ചതെന്ന് മന്ത്രി ട്വിറ്ററില്‍ പറഞ്ഞു. നിര്‍ദേശത്തിന് പ്രധാനമന്ത്രി അംഗീകാരം നല്‍കിയതോടെ പ്രവാസികാര്യമന്ത്രാലയം വിദേശമന്ത്രാലയത്തിന്റെ ഭാഗമായെന്നും മന്ത്രി വ്യക്തമാക്കി.
പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 2004ലാണ് മന്ത്രാലയം രൂപീകരിച്ചത്. കഴിഞ്ഞ യുപിഎ സര്‍ക്കാരില്‍ വയലാര്‍ രവിക്കായിരുന്നു മന്ത്രാലയത്തിന്റെ ചുമതല. തീരുമാനം കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള പ്രവാസികളെ സാരമായി ബാധിക്കുമെന്ന് മന്ത്രി കെ.സി. ജോസഫ് വ്യക്തമാക്കി. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ നടപടി പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.
സാജന്‍ സത്യന്‍
കേരളത്തില്‍ മികച്ച രീതിയില്‍ നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ഇടനിലക്കാരുടെ കൊള്ളയും ചതിക്കുഴികളും ഇല്ലാതെ യുകെയിലേക്കും ക്യാനഡയിലേക്കും പോകാന്‍ അവസരം ഒരുങ്ങി. ബി.എസ്. സി നേഴ്‌സിംഗ് കഴിഞ്ഞ് രണ്ടു വര്‍ഷം പ്രവര്‍ത്തിപരിചയവും IELTSന് ആവശ്യമായ സ്കോറും ഉണ്ടെങ്കില്‍ യുകെയിലും കാനഡയിലും നെഴ്‌സായി ജോലി ചെയ്യുവാന്‍ കേരള സര്‍ക്കാര്‍ നേരിട്ട് അവസരമൊരുക്കുന്നു. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് വഴിയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. മറ്റു സ്വകാര്യ ഏജന്‍സികളുടെ ഇടപെടല്‍ ഇല്ലാതെ ഓവര്‍സീസ് റിക്രൂട്ട്‌മെന്റിന് കേരള സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഒഡെപെക് യുകെയിലെയ്ക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നത്.
ലക്ഷങ്ങള്‍ മുടക്കി ഇടനിലക്കാര്‍ വഴി വിദേശത്ത് ജോലി സമ്പാദിക്കുന്ന നേഴ്‌സുമാര്‍ക്ക് സര്‍ക്കാരിന്റെ ഈ പുതിയ നയം ആശ്വാസമാകുമെന്നതില്‍ സംശയമില്ല. മേല്‍പ്പറഞ്ഞ യോഗ്യതകള്‍ ഉള്ളവര്‍ ബയോഡേറ്റാ നേരിട്ട് ഒഡെപെകിന് നേരിട്ട് ഇ മെയില്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റിലും ലഭ്യമാണ്.
ഒഡെപെക് സൈറ്റില്‍ കൊടുത്തിരിക്കുന്ന ഇ മെയില്‍ വിലാസത്തിലേക്ക് നിങ്ങളുടെ സിവി (curriculum vitae ) എത്രയും വേഗം തയ്യാറാക്കി അയച്ച് കൊടുക്കുക. സീനിയോറിറ്റി അനുസരിച്ച് ആയിരിക്കും ഒഡെപെക് ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂവിനും മറ്റും വിളിക്കുക.
1977 ല്‍ കേരള ഗവണ്മെന്റിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സ്ഥാപിതമായതാണ് ഒഡെപെക്. വിദേശ രാജ്യങ്ങളിലേക്ക് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ മറ്റ് കബളിപ്പിക്കലുകള്‍ക്ക് ഇരയാകാതെ കേരളത്തിലെ തൊഴിലന്വേഷകര്‍ക്ക് സഹായവും മാര്‍ഗ്ഗ നിര്‍ദ്ദേശവും നല്‍കുന്നതിനായി ആയിരുന്നു ഒഡെപെക് രൂപീകൃതമായത്.
ഇന്ന്‍ ലോകവ്യാപകമായി തൊഴിലന്വേഷകര്‍ക്കിടയിലും തൊഴിലുടമാകല്‍ക്കിടയിലും ഒരേ പോലെ വിശ്വാസ്യത പുലര്‍ത്തുന്ന സ്ഥാപനമാണ് കേരള ഗവണ്മെന്റിനു കീഴിലുള്ള ഒഡെപെക്.
.
Email. [email protected]
Website. www.odepc.kerala.gov.in
ന്യൂഡല്‍ഹി: തലസ്ഥാനം വീണ്ടും രക്തത്തില്‍ മുങ്ങുന്നു. കൊലപാതകങ്ങളുടെ പരമ്പര തുടരുകയാണ്. ഇക്കുറി ആപ്പിള്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് യുവാവിനെ മര്‍ദിച്ച് കൊന്നു. ഡല്‍ഹിയിലെ ആസാദ്പൂരിലെ മൊത്തക്കച്ചവട ചന്തയിലെ കാവല്‍ക്കാരാണ് ആക്രമണത്തിന് പിന്നില്‍. സംഭവത്തില്‍ 38കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ചന്തയിലെ ചുമട്ട് തൊഴിലാളികളായ സഞ്ജയ്(25)ആണ് കൊല്ലപ്പെട്ടത്. സഞ്ജയും സുഹൃത്തായ റൗനക്കും ആപ്പിള്‍ മോഷ്ടിച്ചു എന്ന് ആരോപിച്ച് കാവല്‍ക്കാര്‍ ഇവരെ മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ സഞ്ചു(38) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം ഉണ്ടാകുന്നത്. സഞ്ജയിയും സുഹൃത്തായ റൗനക്കും രാത്രി ആപ്പിള്‍ കൊണ്ടു പോകുന്ന ഒരു പെട്ടിയുമായി ചന്തയ്ക്ക് പുറത്തേക്ക് പോവുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട കാവല്‍ക്കാര്‍ ഇവരെ മര്‍ദിക്കുകയായിരുന്നു. ആപ്പിള്‍ മോഷ്ടിച്ച കള്ളന്മാരാണ് ഇവര്‍ എന്ന് തെറ്റിദ്ധരിച്ചായിരുന്നു മര്‍ദനം.
തുടര്‍ന്ന് അവശരായ ഇരുവരെയും സഞ്ചു കസേരയില്‍ കെട്ടിയിട്ട് വീണ്ടും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തങ്ങള്‍ തൊഴിലാളികളാണെന്ന് പറഞ്ഞിട്ടും അത് കേള്‍ക്കാന്‍ സഞ്ചു തയ്യാറായില്ല. പിന്നീട് പ്രദേശവാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് എത്തി ഇവരെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.
സഞ്ജയ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. റൗനക്ക് ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
ഫേസ്‌ബുക്കില്‍ അപകീര്‍ത്തിപ്പെടുത്തി കമന്റിട്ടയാള്‍ക്കെതിരെ പരാതി നല്‍കിയത് അപമാനിക്കപ്പെടുന്ന സ്‌ത്രീത്വത്തിന് വേണ്ടിയാണെന്ന് മഞ്‌ജു വാര്യര്‍. മഞ്‌ജു വാര്യരെ സോഷ്യല്‍ മീഡിയയിലൂടെ വ്യക്‌തിപരമായ അധിക്ഷേപിച്ച പോലീസുകാരനെതിരെ നടപടിയുണ്ടായ പശ്‌ചാത്തലത്തിലാണ് മഞ്‌ജുവിന്റെ പ്രതികരണം. വ്യക്‌തിപരമായ പരാമര്‍ശത്തിന്റെ പേരിലുള്ള പരാതിയല്ല ഇത്.
സമൂഹത്തിന്റെ സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്‌ഥന്‍ തന്നെ സ്‌ത്രീകളെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയതുകൊണ്ടാണ് പരാതി നല്‍കിയത്. സ്‌ത്രീകളെ ആര്‍ക്കും എന്തും പറയാമെന്ന പൊതുധാരണയ്‌ക്കെതിരായ പ്രതിഷേധം കൂടിയാണിതെന്ന് മഞ്‌ജു പറഞ്ഞു. എന്റെ ഫേസ് ബുക്ക് പേജില്‍ മോശമായ കമന്റുകള്‍ കാണാറുണ്ട്. എന്ത് പോസ്‌റ്റ് ചെയ്‌താലും മോശം വാക്കുകളിലൂടെ വ്യക്‌തിപരമായി ആക്രമിക്കുന്നത് അവരുടെ സംസ്‌കാരവും മനോവൈകൃതവുമാണെന്നേ കരുതിയിട്ടുള്ളൂ. പോലീസുകാരന്റെ മനോഭാവം ഇതാണെങ്കില്‍ പിന്നെ സ്‌ത്രീകള്‍ക്ക് എവിടെയാണ് സുരക്ഷിതത്വമെന്നും മഞ്‌ജു ചോദിക്കുന്നു.
മഞ്‌ജു വാര്യരുടെ പരാതിയില്‍ എറണാകുളം എ ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ രഞ്‌ജിത്തിനെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. പൊതുചടങ്ങില്‍ നടന്‍ സുരാജ് വെഞ്ഞാറമ്മൂടിനൊപ്പം നില്‍ക്കുന്ന ചിത്രത്തിനാണ് രഞ്‌ജിത് മഞ്‌ജുവിനെ വ്യക്‌തിഹത്യ ചെയ്യുന്ന രീതിയില്‍ കമന്റിട്ടത്.
ദില്ലി: അമേരിക്കന്‍ സീരിയന്‍ ക്വാന്റിക്കോയയിലെ മികച്ച അഭിനയത്തിന് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്ക് പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡ്. ആദ്യമായാണ് ദക്ഷിണേന്ത്യയില്‍ നിന്ന് ഒരു നടി അവാര്‍ഡിന് അര്‍ഹത നേടുന്നത്. ഹോളിവുഡിലെ ഏറ്റവും നല്ല ജനപ്രിയ താരത്തിന് ലഭിക്കുന്ന അവാര്‍ഡാണ് പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡ്. ആദ്യമായാണ് ദക്ഷിണേന്ത്യയില്‍ നിന്ന് ഒരു നടി അവാര്‍ഡിന് അര്‍ഹത നേടുന്നത്.
എമ്മ റോബര്‍ട്ടസ്,ജാമിലീ കര്ട്ടസ്, ലീ മിഷേല്‍, മാര്‍ഷ്യ ഗേ ഹാര്‍ഡെന്‍ എന്നിവരെ പിന്തള്ളിയാണ് പ്രിയങ്ക അവാര്‍ഡ് കരസ്ഥമാക്കിയത്. ക്വാന്റിക്കോയില് എഫ്ബി ഐ ഏജന്റായാണ് പ്രിയ്യങ്ക ചോപ്ര അഭിനയിച്ചത്. അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷവതിയാണെന്ന് പ്രിയങ്ക പ്രതികരിച്ചു. ഭാഗ്യം തന്നെ എല്ലാ ആരാധകര്‍ക്കും നന്ദിയെന്നും പ്രിയങ്ക പറഞ്ഞു.