ടൊറന്റോ: ടൊറന്റോയിലെ പിയേഴ്‌സണ്‍ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മില്‍ കുട്ടിമുട്ടി തീ പടര്‍ന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. മെക്‌സിക്കോയിലെ കാന്‍കൂണില്‍ നിന്ന് എത്തിയ വെസ്റ്റ്‌ജെറ്റ് വിമാനം ഗേറ്റിലെക്കെത്താന്‍ തുടങ്ങുമ്പോള്‍ പിന്നിലേക്ക് എടുക്കുകയായിരുന്ന സണ്‍വിംഗ് വിമാനം ഉരസുകയും തീ പടരുകയുമായിരുന്നു. 168 യാത്രക്കാരും 6 ജീവനക്കാരുമുണ്ടായിരുന്ന വെസ്റ്റ്‌ജെറ്റ് വിമാനത്തിന്റെ പൈലറ്റ് ഇതോടെ അപായ സന്ദേശം നല്‍കുകയും കടുത്ത മഞ്ഞില്‍ യാത്രക്കാരെ എമര്‍ജന്‍സി വാതിലുകള്‍ തുറന്ന് രക്ഷപ്പെടുത്തുകയും ചെയ്തു.
ഒരു വിമാനത്തിന്റെ ചിറകില്‍ നിന്ന് തീ ഉയരുന്നതിന്റെയും യാത്രക്കാര്‍ ഭയന്ന് നിലവിളിക്കുന്നതിന്റെയും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. സണ്‍വിംഗ് വിമാനത്തില്‍ യാത്രക്കാരോ ജീവനക്കാരോ ഉണ്ടായിരുന്നില്ല. ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് സര്‍വീസ് ജീവനക്കാര്‍ വിമാനം പുറത്തേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. കാനഡയുടെ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബോര്‍ഡ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
വൈകിട്ട് 6.19നാണ് സംഭവമുണ്ടായതെന്ന്‌ന ഗ്രേറ്റര്‍ ടൊറന്റോ എയര്‍പോര്‍ട്ട് അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. എന്നാല്‍ ചിലര്‍ക്ക് രക്ഷാ പ്രവര്‍ത്തനത്തിനിടെ നിസാര പരിക്കുകള്‍ പറ്റിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍
ട്ടുകളുണ്ട്. വെസ്റ്റ് ജെറ്റിന്റെ ബോയിംഗ് 737-800 വിമാനമാണ് അപകടത്തില്‍ പെട്ടത്.
വീഡിയോ കാണാം
ന്യൂസ് ഡെസ്ക്
ഓസീ ഫ്ളൂ കില്ലർ വൈറസ് യുകെയുടെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ അടിയന്തിര നടപടികളുമായി എൻ എച്ച് എസ് രംഗത്തെത്തി. നിരവധി ഡോക്ടർമാർ അവധി ക്യാൻസൽ ചെയ്ത് ഡ്യൂട്ടിയിൽ പ്രവേശിച്ചു. മിക്ക ഡോക്ടർമാരും നഴ്സുമാരും നിശ്ചിത ഡ്യൂട്ടി സമയം കഴിഞ്ഞും രോഗികൾക്കായി വാർഡുകളിൽ സമയം ചിലവഴിക്കുന്നുണ്ട്. അടിയന്തിരമല്ലാത്ത 55,000 ഓപ്പറേഷനുകൾ NHS ക്യാൻസൽ ചെയ്തു. പ്ളിമൗത്തിൽ 14 ഉം ഡോൺകാസ്റ്ററിൽ എട്ടും ഓസീ ഫ്ളൂ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡുറം 5, സട്ടൺ 2, ഡംഫ്രൈ 3 എന്നിങ്ങനെ മറ്റു സ്ഥലങ്ങളിലും രോഗബാധ കണ്ടെത്തിയിട്ടുണ്ട്. നിയന്ത്രിക്കാനായില്ലെങ്കിൽ കഴിഞ്ഞ 50 വർഷങ്ങളിൽ യുകെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ഫ്ളൂ ബാധയാണ് വരാൻ പോകുന്നതെന്ന് വിദഗ്ദർ മുന്നറിയിപ്പു നല്കിയിട്ടുണ്ട്. ഓസ്ട്രേലിയയിൽ നിരവധി പേർ കഴിഞ്ഞ ശൈത്യകാലത്ത് ഓസീ ഫ്ളൂ മൂലം മരണമടഞ്ഞിരുന്നു.

എന്താണ് ഓസീ ഫ്ളൂ?
H3 N2 എന്ന ഒരു ശൈത്യകാല രോഗാണു മൂലമുണ്ടാകുന്ന രോഗാവസ്ഥയാണ് ഓസീ ഫ്ളൂ. ഓസ്ട്രേലിയയിൽ കഴിഞ്ഞ ശൈത്യകാലത്ത് ഉണ്ടായ ഫ്ളൂവിന്റെ ഒരു വകഭേദമാണ് യുകെയിലും എത്തിയിരിക്കുന്നത്. ഈ വൈറസ് ബാധിച്ചവരിൽ കനത്ത ഫ്ളൂ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്.
ഓസീ ഫ്ളൂവിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
ചുമ, തൊണ്ടവേദന, തലവേദന, പനി, സന്ധികൾക്ക് വേദന, വിറയൽ, ശരീരവേദന, ഛർദ്ദിൽ, ഡയറിയ എന്നിവ ഓസീ ഫ്ളൂ ബാധിച്ചവരിൽ കണ്ടു വരുന്നു. ഫ്ളൂ കലശലായാൽ ന്യൂമോണിയ ആയി മാറാനും സാധ്യതയുണ്ട്. കുട്ടികളിൽ ചെവി വേദനയും കാണാറുണ്ട്.
ഓസീ ഫ്ളൂവിനെ പ്രതിരോധിക്കാൻ വാക്സിനേഷൻ ലഭ്യമാണോ?.
ഓസീ ഫ്ളൂവിനെ പ്രതിരോധിക്കാൻ യുകെയിൽ കഴിഞ്ഞ മാർച്ച് മാസത്തിൽ ഒരു വാക്സിൻ വികസിപ്പിച്ചിരുന്നു. ഇത് എത്രമാത്രം ഫലപ്രദമാണ് എന്ന് വിലയിരുത്താൻ കഴിഞ്ഞിട്ടില്ല. 65 വയസിൽ മുകളിൽ പ്രായമുള്ളവരും ഗർഭിണികളും ഈ ഫ്ളൂ വാക്സിനേഷൻ എടുക്കുന്നത് നല്ലതാണ്. കുട്ടികൾക്ക് സ്പ്രേ വാക്സിനും ലഭ്യമാണ്. വാക്സിനേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ജി.പി പ്രാക്ടീസുകളിലും ഫാർമസികളിലും ലഭ്യമാണ്. വാക്സിൻ എടുത്ത് 10 മുതൽ14 ദിവസങ്ങൾക്കുള്ളിൽ ശരീരത്തിന് പ്രതിരോധശേഷി ലഭിച്ചു തുടങ്ങും.
ഓസീ ഫ്ളൂവിനെ പ്രതിരോധിക്കാൻ നമുക്ക് എന്തു ചെയ്യാൻ കഴിയും.
വ്യക്തി ശുചിത്വമാണ് ഏറ്റവും പ്രധാന പ്രതിരോധ മാർഗം. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക. തുമ്മുമ്പോൾ വായ് ടിഷ്യൂ ഉപയോഗിച്ച് കവർ ചെയ്യുക അതിനു ശേഷം ടിഷ്യൂ ഉടൻ ബിന്നിൽ നിക്ഷേപിക്കുക. ഫോൺ, കീബോർഡുകൾ, ഡോർ ഹാൻഡിലുകൾ എന്നിവ ഇടയ്ക്കിടെ വൃത്തിയാക്കുക.
ഫ്ളൂ ഉള്ളപ്പോൾ ജോലിക്ക് പോകാമോ?
ഫ്ളൂ ഉള്ളപ്പോൾ ജോലിക്ക് പോവാതിരിക്കുന്നതാണ് അഭികാമ്യമെന്ന് NHS ഗൈഡ് ലൈൻ പറയുന്നു. ഫ്ളൂ മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും ഇത് സഹായിക്കും.
ഫ്ളൂ വന്നാൽ എന്തു ചെയ്യണം.
ഓസീ ഫ്ളൂ ബാധിച്ചു കഴിഞ്ഞാൽ രോഗിക്ക് തളർച്ചയും ക്ഷീണവും അനുഭവപ്പെടും. ഈ അവസരത്തിൽ ബെഡ് റെസ്റ്റ് അനിവാര്യമാണ്. നല്ല ആരോഗ്യമുള്ളവർ നേരിയ ഫ്ളൂ ലക്ഷണങ്ങൾ മാത്രമേ ഉള്ളു എങ്കിൽ ഡോക്ടറെ കാണേണ്ട ആവശ്യമില്ല. അല്ലാത്തവർ ഡോക്ടറുടെ ഉപദേശം നിർബന്ധമായും തേടിയിരിക്കണം. ഫ്ളൂ ബാധിച്ചാൽ നല്ല വിശ്രമം ആവശ്യമാണ്. ധാരാളം വെള്ളം കുടിക്കണം. ഡീ ഹൈഡ്രേഷൻ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പനി നിയന്ത്രിക്കാൻ പാരസെറ്റമോളും ഐബുപ്രൊഫിനും ഉപയോഗിക്കാം. ഫ്ളൂവിൽ നിന്ന് മുക്തി പ്രാപിക്കാൻ ഒരാഴ്ച എങ്കിലും എടുക്കും.
ന്യൂഡല്‍ഹി: 2017ല്‍ ലോകത്ത് ഏറ്റവും സമയ നിഷ്ഠ പാലിച്ച വിമാനക്കമ്പനികളില്‍ ജപ്പാന്‍ എയര്‍ലൈന്‍സാണ് മുന്നില്‍. 85 ശതമാനം സമയനിഷ്ഠ പാലിച്ചാണ് ജപ്പാന്‍ എയര്‍ലൈന്‍സ് മുന്നിലെത്തിയത്. തൊട്ടുപിന്നില്‍ 84 ശതമാനവുമായി ഓള്‍ നിപ്പോണ്‍ എയര്‍വെയ്‌സ് ആണ്. ഇതും ജപ്പാന്‍ വിമാനക്കമ്പനി തന്നെയാണ്.
യു.കെ.ആസ്ഥാനായുള്ള വിമാന വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒ.എ.ജി എന്ന കമ്പനിയുടേതാണ് കണക്കുകള്‍. കൃത്യ നിഷ്ഠയില്‍ ആദ്യ അഞ്ചില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് കമ്പനിയായ ഇന്‍ഡിഗോയും ഇടംപിടിച്ചിട്ടുണ്ട്. നാലാം സ്ഥാനത്താണ് ഇന്‍ഡിഗോ. അമേരിക്കന്‍ കമ്പനിയായ ഡെല്‍റ്റ എയര്‍ലൈന്‍സാണ് മൂന്നാമത്.
ലിസ്റ്റിലുള്ള ആദ്യ 20 കമ്പനികളില്‍ ഉത്തര അമേരിക്കയില്‍ നിന്ന് ഏഴ് എയര്‍ലൈന്‍സുകള്‍, യൂറോപ്പില്‍ നിന്ന് ആറ്, ഏഷ്യ പസഫിക്കില്‍ നിന്ന് ആറ്, ലാറ്റിനമേരിക്കയില്‍ നിന്ന് ഒരു എയര്‍ലൈന്‍സുമാണ് ഇടംപിടിച്ചത്.
ശരീരത്തിന്റെ സ്വാഭാവിക ചലനങ്ങള്‍ തടയുകയും കടുത്ത വേദനയുളവാക്കുകയും ചെയ്യുന്ന എഹ്ലേഴ്‌സ്-ഡാന്‍ലോസ് രോഗത്തിന് അടിമയായ യുവതിയെ വിമാനത്തില്‍ കയറാന്‍ വിമാനത്താവള ജീവനക്കാര്‍ സഹായിച്ചില്ലെന്ന് പരാതി. വീല്‍ ചെയറിന്റെ സഹായത്തോടെ മാത്രം സഞ്ചരിക്കുന്ന തനിക്ക് സഹായം ആവശ്യമായ വിധത്തിലുള്ള ശാരീരിക പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് വിമാനത്താവള ജീവനക്കാര്‍ പറഞ്ഞതെന്ന് നതാലി ഓള്‍പോര്‍ട്ട് ഗ്രാന്‍ഥാം എന്ന 23കാരി വിശദീകരിക്കുന്നു. പ്രത്യേക സഹായം ബുക്ക് ചെയ്തിരുന്നെങ്കിലും തന്നെ സഹായിക്കുന്നത് സമയം മെനക്കെടുത്തലാണെന്ന് ജീവനക്കാര്‍ പറഞ്ഞതായി നതാലി പറഞ്ഞു.
ഫ്രാന്‍സിലെ വിനോദസഞ്ചാര കേന്ദ്രമായ നീസിലേക്ക് പോകാനാണ് ഇവര്‍ സ്റ്റാന്‍സ്റ്റെഡ് വിമാനത്താവളത്തിലെത്തിയത്. വീല്‍ചെയറിലാണെങ്കിലും പ്രത്യക്ഷത്തില്‍ അംഗവൈകല്യങ്ങളൊന്നും ദൃശ്യമല്ലാത്തതിനാലാകും ഗേറ്റിലുണ്ടായിരുന്ന ജീവനക്കാര്‍ വളരെ മോശമായാണ് തന്നോട് പെരുമാറിയതെന്നും താന്‍ ആവശ്യപ്പെട്ട സേവനം നിഷേധിച്ചുവെന്നും നതാലി പറഞ്ഞു. നിങ്ങളെപ്പോലുള്ളവരെയല്ല, വൈകല്യങ്ങളുള്ളവരെ സഹായിക്കാനാണ് താന്‍ ഇവിടെ നില്‍ക്കുന്നതെന്നായിരുന്നു ഗേറ്റിലുണ്ടായിരുന്ന ജീവനക്കാരി പറഞ്ഞത്.
തന്റെ പേര് പോലും നോക്കാതെയായിരുന്നു ജീവനക്കാരിയുടെ രോഷപ്രകടനം. അത് പരിശോധിച്ചിരുന്നെങ്കില്‍ താനാണ് സഹായം ആവശ്യപ്പെട്ടിരുന്നതെന്നും അതിനായാണ് ജീവനക്കാരിയെ നിയോഗിച്ചതെന്നും മനസിലാകുമായിരുന്നു. അല്പദൂരം നടന്നാല്‍ പോലും ഹൃദയമിടിപ്പ് വര്‍ദ്ധിക്കുന്ന രോഗവും തനിക്കുണ്ടെന്ന് നതാലി പറഞ്ഞു. കുറച്ചു സമയത്തിനു ശേഷം തനിക്ക് സഹായം ലഭിച്ചെങ്കിലും ജീവനക്കാരിയുടെ പെരുമാറ്റം വളരെ പ്രയാസമുണ്ടാക്കുന്നതായിരുന്നെന്നും അവര്‍ വ്യക്തമാക്കി. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി അറിയിച്ച വിമാനത്താവളം അധികൃതര്‍ അന്വേഷണം ആരംഭിച്ചതായും വ്യക്തമാക്കി.
ഫേസ്ബുക്ക് മുതലാളി മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ 2018ലെ പ്രതിജ്ഞ കേട്ടാല്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതുപോലെയുണ്ട്. ഈ വര്‍ഷം ഫേസ്ബുക്കിനെ ശരിയാക്കും എന്നാണ് സുക്കര്‍ബര്‍ഗിന്റെ പ്രതിജ്ഞ. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം എന്ന നിലയില്‍ ജനങ്ങളില്‍ ഫേസ്ബുക്കിന്റെ സ്വാധീനം ഏറെയാണ്. അതുകൊണ്ടുതന്നെ വ്യാജ വാര്‍ത്തകള്‍ ഫേസ്ബുക്ക് വഴി പ്രചരിക്കുന്നത് ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
അമേരിക്കന്‍ തെരഞ്ഞെടുപ്പിലും മറ്റു പല രാജ്യങ്ങളിലെയും തെരഞ്ഞെടുപ്പുകളിലും ഫേസ്ബുക്ക് സൃഷ്ടിച്ച സ്വാധീനം ചെറുതല്ല. 2016ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ബന്ധമുള്ള ഗ്രൂപ്പുകള്‍ നടത്തിയ സോഷ്യല്‍ മീഡിയ ക്യാംപെയിനുകള്‍ സൃഷ്ടിച്ച സ്വാധീനം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങള്‍ക്കാണ് തുടക്കമിടുന്നതെന്നാണ് വിശദീകരണം. ദുരുപയോഗത്തില്‍ നിന്നും വിദ്വേഷത്തില്‍ നിന്നും സമൂഹത്തെ രക്ഷിക്കുക, രാഷ്ട്രങ്ങള്‍ക്കിടയില്‍ അനാവശ്യ ഇടപെടലുകള്‍ പ്രതിരോധിക്കുക, ഫേസ്ബുക്കില്‍ ഉപയോഗിക്കുന്ന സമയം ഏറ്റവും ഫലപ്രദമാക്കുക എന്നിവയാണ് ലക്ഷ്യമാക്കുന്നത്.
എല്ലാ തെറ്റുകളും തിരുത്താന്‍ സാധിച്ചെന്ന് വരില്ല. എന്നാല്‍ ഫേസ്ബുക്കിന്റെ നയങ്ങളെയും സൗകര്യങ്ങളെയും ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും സുക്കര്‍ബര്‍ഗ് അറിയിക്കുന്നു. 2009 മുതല്‍ എല്ലാ പുതുവര്‍ഷത്തിലും ഒരു പ്രതിജ്ഞയുമായി സുക്കര്‍ബര്‍ഗ് രംഗത്തെത്താറുണ്ട്.
https://www.facebook.com/zuck/posts/10104380170714571?pnref=story
റിയാദ്: പിഞ്ചു കുഞ്ഞിന്റെ തലയും മുഖവും പിടിച്ച് ഞെരിച്ച് വീഡിയോ പകര്‍ത്തി നഴ്‌സുമാര്‍. സൗദി അറേബ്യയിലെ തൈഫിലെ ആശുപത്രിയിലാണ് സംഭവം. മൂത്രനാളിയിലെ അണുബാധയെത്തുടര്‍ന്ന് ചികിത്സക്ക് പ്രവേശിപ്പിച്ച നവജാത ശിശുവിനെയാണ് നഴ്‌സുമാര്‍ ഉപദ്രവിച്ചത്. കുഞ്ഞിന്റെ കഴുത്തിലും തലയിലും പിടിച്ച് മുഖം അമര്‍ത്തുന്ന വീഡിയോ ഇവര്‍ പകര്‍ത്തുകയും ചെയ്തു. കുഞ്ഞിനെ ഉപദ്രവിച്ചുകൊണ്ട് ഇവര്‍ ചിരിക്കുന്ന ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം.
സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് രോഷപ്രകടനവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ആശുപത്രി ഏതാണെന്ന് തിരിച്ചറിയുകയും നഴ്‌സുമാരെ പുറത്താക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്തതോടെയാണ് കുട്ടിയുടെ മാതാപിതാക്കള്‍ പോലും തങ്ങളുടെ കുഞ്ഞിന് ലഭിച്ച ‘ചികിത്സ’യെക്കുറിച്ച് അറിഞ്ഞത്.
തൈഫിലെ മെറ്റേണിറ്റി ആശുപത്രിയിലെ മൂന്ന് നഴ്‌സുമാരെയാണ് പുറത്താക്കിയതെന്ന് തൈഫ് ഹെല്‍ത്ത് അഫയേഴ്‌സ് വക്താവ് അബ്ദുള്‍ഹാദി അല്‍ റബീ പറഞ്ഞു. ഇവരുടെ മെഡിക്കല്‍ ലൈസന്‍സ് റദ്ദാക്കുകയും ആരോഗ്യ മേഖലയിലെ മറ്റ് വിഭാഗങ്ങളിലും പ്രാക്ടീസ് ചെയ്യാനാകാത്ത വിധത്തില്‍ ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പത്ത് ദിവസത്തോളമാണ് കുഞ്ഞ് ചികിത്സക്കായി ആശുപത്രിയിലുണ്ടായിരുന്നത്. ഈ വീഡിയോ തങ്ങളെ ഞെട്ടിച്ചെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.
മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍
ഇന്ത്യയില്‍ നിന്ന് നഴ്‌സിങ്ങ് പഠനം മികച്ച രീതിയില്‍ പൂര്‍ത്തീകരിച്ചതിനുശേഷം പാശ്ചാത്യലോകത്ത് നഴ്‌സിങ്ങ് മേഖലയില്‍ ജോലി ചെയ്യുക എന്ന സ്വപ്‌നവുമായി ബ്രിട്ടണില്‍ കുടിയേറിയതിനുശേഷം നഴ്‌സിങ്ങ് അസിസ്റ്റന്റായും, കെയറിങ്ങ് ജോലിയിലും ഒതുങ്ങിപ്പോകുന്ന ധാരാളം മലയാളികളുണ്ട്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദവും നിയമത്തിന്റെ നൂലാമാലകളുമാണ് നഴ്‌സിങ്ങ് പഠനം ഉന്നത വിജയത്തോടെ പൂര്‍ത്തീകരിച്ച പലര്‍ക്കും ബ്രിട്ടണില്‍ നഴ്‌സായി ജോലി ചെയ്യുക എന്നത് ഒരു സ്വപ്‌നമായി മാറ്റുന്നത്. റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ വാഗ്ദാനങ്ങളിലും, ഏതുവിധേനയും ബ്രിട്ടണില്‍ എത്തപ്പെട്ടു കഴിഞ്ഞാല്‍ നഴ്‌സിങ്ങ് മേഖലയില്‍ ജോലി സമ്പാദിക്കാമെന്ന പ്രതീക്ഷയിലും യുകെയില്‍ എത്തപ്പെട്ടതിനുശേഷം നഴ്‌സിങ്ങ് പ്രൊഫഷന്‍ ഒരു മരീചികയായി മാത്രം അവശേഷിക്കുന്ന നൂറുകണക്കിന് മലയാളികള്‍ ഉണ്ട് നമ്മുടെ ഇടയില്‍. ഇവര്‍ക്കെല്ലാം മാതൃകയാകുകയാണ് സ്റ്റോക്ക് – ഓണ്‍ – ട്രെന്റില്‍ നിന്നുള്ള ജ്യോതി കുര്യന്‍.
കൊല്ലം ബിഷപ്പ് ബെന്‍സിങ്ങര്‍ ഹോസ്പിറ്റലില്‍ നിന്ന് നഴ്‌സിങ്ങ് പഠനം ഉയര്‍ന്ന രീതിയില്‍ പാസായ ജ്യോതി കുര്യന്‍ മറ്റു പലരേയും പോലെ നഴ്‌സിങ്ങ് പ്രൊഫഷന്‍ സ്വപ്‌നം കണ്ടാണ് യുകെയിലേയ്ക്ക് വന്നത്. എന്നാല്‍ നിയമങ്ങളിലും ചട്ടങ്ങളിലും വന്ന ഭേദഗതികള്‍ ജോതിയുടെ സ്വപ്‌നങ്ങളില്‍ മാര്‍ഗ്ഗതടസമായി മാറി. അതുകൊണ്ട് കഴിഞ്ഞ കുറേക്കാലമായി റോയല്‍ സ്‌റ്റോക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നഴ്‌സിങ്ങ് അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിരുന്നു ജ്യോതി. എന്നാല്‍ നഴ്‌സിങ്ങ് മേഖലയില്‍ അനുഭവപ്പെടുന്ന കടുത്ത തൊഴില്‍ ക്ഷാമം വിദേശ രാജ്യങ്ങളില്‍ നഴ്‌സിങ്ങ് യോഗ്യത നേടിയതിനുശേഷം യുകെയില്‍ എന്‍എംസി രജിസ്‌ട്രേഷന്‍ ലഭിക്കാത്തതിനാല്‍ നഴ്‌സായി ജോലി ചെയ്യാന്‍ സാധിക്കാത്തവരെ ട്രാന്‍ഫര്‍മേഷന്‍ പ്രോസസിലൂടെ എന്‍.എം.സി രജിസ്‌ട്രേഷന് യോഗ്യരാക്കുന്ന പ്രക്രിയയെക്കുറിച്ച് ചിന്തിപ്പിക്കാന്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിലെ ഉന്നതരെ നിര്‍ബന്ധിതരാക്കി. ഇത്തരത്തില്‍ ട്രാന്‍ഫര്‍മേഷന്‍ പ്രക്രിയയിലൂടെ യുകെയില്‍ എന്‍എംസി രജിസ്‌ട്രേഷന്‍ കരസ്ഥമാക്കിയ ആദ്യ നഴ്‌സിങ്ങ് സമൂഹത്തിലെ ഒരാളാണ് ജ്യോതി കുര്യന്‍ എന്നത് എല്ലാ മലയാളികള്‍ക്കും അഭിമാനകരമാണ്.
നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് വിവിധ ഹോസ്പിറ്റലുകളില്‍ നടപ്പാക്കിയ ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രോസസില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് നഴ്‌സിങ്ങ് യോഗ്യത നേടിയതിനുശേഷം യുകെയില്‍ നഴ്‌സിങ്ങ് അസിസ്റ്റന്റായും, കെയറിങ്ങ് മേഖലയിലും മറ്റു ജോലി ചെയ്യുന്നവര്‍ക്ക് ചേരാവുന്നതാണ്. IELTS പാസായി കഴിഞ്ഞാല്‍ CBT (Computer Base Theory Test), OSCE (Objective Structure Clinical Education) എന്നിവ പഠിക്കുന്നതിനും നിശ്ചിത മാനദണ്ഡങ്ങളോടെ വിജയിക്കുന്നതിനും ഹോസ്പിറ്റലിന്റെ എല്ലാവിധ സഹായവും ഉണ്ടാകും. OSCE ടെസ്റ്റ് പാസായതിന്റെ പിറ്റേദിവസം തന്നെ എന്‍.എം.സി. രജിസ്‌ട്രേഷന്‍ ലഭിച്ച കാര്യം സന്തോഷപൂര്‍വ്വം ജ്യോതി കുര്യന്‍ മലയാളം യുകെയോട് പങ്കുവെച്ചു. തിരുവല്ല കവിയൂര്‍ സ്വദേശിയാണ് ജ്യോതികുര്യന്‍. പുള്ളിയില്‍ പി ജെ കുര്യനും തങ്കമ്മയുമാണ് ജ്യോതിയുടെ മാതാപിതാക്കള്‍. ഭര്‍ത്താവ് ജോമോന്‍ പള്ളിക്കുന്നേല്‍ കോട്ടയം മണര്‍കാട് സ്വദേശിയാണ്. ജര്‍മിയാ, നോയല്‍ എന്നീ കുട്ടികളാണ് ജോമോന്‍ – ജ്യോതിതി ദമ്പതികള്‍ക്കുള്ളത്. ഇരട്ട സഹോദരി ജോസി ജെയിംസ് സ്‌റ്റോക്ക് ഹോസ്പിറ്റലില്‍ തന്നെ നഴ്‌സായി ജോലി ചെയ്യുകയാണ്. ജോതിയുടെ വിജയം നഴ്‌സിങ്ങ് പ്രൊഫഷന്‍ സ്വപ്‌നം കണ്ട് കഴിയുന്ന പല മലയാളികള്‍ക്കും മാതൃകയും ആവേശവുമാണ്. ഇന്ന് വിവാഹവാർഷികം ആഘോഷിക്കുന്ന ജോമോനും ജ്യോതിക്കും ഒരായിരം ആശംസകൾ നേർന്നുകൊള്ളുന്നു.
ലണ്ടന്‍: മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന ഹാരി രാജകുമാരന്റെയും മെഗാന്‍ മാര്‍ക്കലിന്റെയും വിവാഹത്തിനു മുന്നോടിയായി തെരുവുകളില്‍ നിന്ന് യാചകരെ പൂര്‍ണ്ണമായും നീക്കം ചെയ്യണമെന്ന് വിന്‍ഡ്‌സര്‍ ആന്‍ഡ് മെയ്ഡന്‍ഹെഡ് റോയല്‍ ബോറോ നേതൃത്വം. വിന്‍ഡ്‌സര്‍ കാസില്‍, ഏറ്റണ്‍ കോളേജ്, ആസ്‌കോട്ട് റേസ് കോഴ്‌സ് എന്നിവ ഈ ബോറോയിലാണ് ഉള്ളത്. തെരുവുകളില്‍ കഴിയുന്നവരെ നീക്കം ചെയ്യണമെന്ന് തെംസ് വാലി പോലീസിനോടാണ് കൗണ്‍സില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയാണ് കൗണ്‍സില്‍ ഭരിക്കുന്നത്.
ഭിക്ഷ യാചിക്കുന്നവരെയും ജനങ്ങളെ ഭയപ്പെടുത്തുന്നവരെയും ഉള്‍പ്പെടെ നീക്കം ചെയ്യണമെന്നാണ് കൗണ്‍സില്‍ അധ്യക്ഷന്‍ സൈമണ്‍ ഡൂഡ്‌ലി ആവശ്യപ്പെട്ടിരിക്കുന്നത്. വിന്‍ഡ്‌സറില്‍ ജനങ്ങള്‍ തെരുവുകളില്‍ അഭയം തേടുന്നതും അലഞ്ഞു തിരിയുന്നതും ഒരു പകര്‍ച്ചവ്യാധിയായി മാറിയിരിക്കുകയാണെന്നായിരുന്നു ക്രിസ്തുമസ് സമയത്തി ഡൂഡ്‌ലി ട്വീറ്റ് ചെയ്തത്. കൗണ്‍സിലിലെ ജനങ്ങള്‍ക്കും 6 മില്യനോളം വരുന്ന ടൂറിസ്റ്റുകള്‍ക്കും ഇവര്‍ ശല്യമുണ്ടാക്കുകയാണെന്നും ഡൂഡ്‌ലി പറയുന്നു.
അലഞ്ഞുതിരിയുന്നവരെ പിടികൂടാനുള്ള 1824ലെ വാഗ്രന്‍സി ആക്ട് ഉപയോഗിക്കാനാണ് നിര്‍ദേശം. എന്നാല്‍ തനിക്ക് നേരിട്ട് അയക്കുന്നതിന് പകരം കത്ത് പരസ്യപ്പെടുത്തിയത് ആശ്ചര്യപ്പെടുത്തിയെന്നായിരുന്നു തെംസ് വാലി പോലീസ് ആന്‍ഡ് ക്രൈം കമ്മീഷണര്‍ ആന്തണി സ്റ്റാന്‍സ്‌ഫെല്‍ഡ് പറഞ്ഞത്. വാഗ്രന്‍സി ആക്ട് മനുഷ്യത്വ രഹിതമാണെന്നായിരുന്നു വിന്‍ഡ്‌സര്‍ ഹോംലെസ്‌നസ് പ്രോജക്ടിലെ മര്‍ഫി ജെയിംസ് അഭിപ്രായപ്പെട്ടത്.
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ ഭീകരാക്രമണത്തില്‍ പരിക്കേറ്റവരെ സഹായിക്കാന്‍ മുന്നിലുണ്ടായിരുന്ന ക്രിസ് പാര്‍ക്കര്‍ എന്ന യുവാവിനെ ഓര്‍മയില്ലേ? മാഞ്ചസ്റ്ററിലെ ഹീറോ എന്നായിരുന്നു ഭവനരഹിതനായ ഇയാള്‍ പിന്നീട് അറിയപ്പെട്ടത്. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഇയാള്‍ ആക്രമണത്തിനിരയായവരുടെ ഫോണും പേഴ്‌സും മോഷ്ടിച്ചെന്ന് വെളിപ്പെടുത്തല്‍. സ്‌ഫോടന സമയത്ത് മാഞ്ചസ്റ്റര്‍ അറീനയുടെ ഫോയറിലുണ്ടായിരുന്ന ഇയാള്‍ പരിക്കേറ്റവരെ കൊള്ളയടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. മാധ്യമങ്ങളില്‍ വളരെ വികാര നിര്‍ഭരമായ അഭിമുഖങ്ങള്‍ ഇയാള്‍ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ക്രൗഡ് ഫണ്ടിംഗിലൂടെ 50,000 പൗണ്ട് സമാഹരിക്കുകയും ചെയ്തു.
മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ച സിസിടിവി ദൃശ്യങ്ങളില്‍ പരിക്കേറ്റ് രക്തത്തില്‍ കുളിച്ചു കിടക്കുന്നവരെ കൊള്ളയടിക്കുന്നത് വ്യക്തമായിരുന്നു. സ്‌ഫോടനത്തില്‍ പരിക്കേറ്റ പോളിന്‍ ഹീലി എന്ന സ്ത്രീയുടെ സമീപത്തേക്ക് ഇയാള്‍ ഒന്നിലേറെത്തവണ എത്തുന്നുണ്ട്. ഹീലിയുടെ ഹാന്‍ഡ് ബാഗ് മോഷ്ടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഈ സ്ത്രീയുടെ പേരക്കുട്ടി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റ ഒരു കൗമാരക്കാരിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതിനും തെളിവുകള്‍ ലഭിച്ചു.
വിചാരണയുടെ ആദ്യ ദിനത്തില്‍ തന്നെ ഇപ്പോള്‍ ഹാലിഫാക്‌സില്‍ താമസിക്കുന്ന 33 കാരനായ ക്രിസ് പാര്‍ക്കര്‍ രണ്ട് കുറ്റങ്ങളും സമ്മതിച്ചു. അതേസമയം കോട്ട് മോഷ്ടിച്ചുവെന്നതുള്‍പ്പെടെയുള്ള മൂന്ന് ആരോപണങ്ങള്‍ ഇയാള്‍ നിഷേധിച്ചു. 2000 മുതല്‍ മോഷണമുള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങളില്‍ ഇയാള്‍ പ്രതിയാക്കപ്പെട്ടിട്ടുണ്ട്.
ലണ്ടന്‍: പതിനായിരക്കണക്കിന് ശസ്ത്രക്രിയകള്‍ മാറ്റി വെക്കേണ്ടി വന്ന സംഭവത്തില്‍ ക്ഷമാപണവുമായി ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട്. എന്‍എച്ച്എസ് നാഷണല്‍ എമര്‍ജന്‍സി പ്രഷര്‍ പാനലിന്റെ നിര്‍ദേശമനുസരിച്ചാണ് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ ജനുവരി അവസാനം വരെ നടത്തേണ്ടെന്ന് തീരുമാനിച്ചത്. ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളിലേക്ക് ആവശ്യത്തിന് ഡോക്ടര്‍മാരെയും നഴ്‌സുമാരെയും തിരികെ എത്തിക്കുന്നത് വരെ ഔട്ട് പേഷ്യന്‍ കണ്‍സള്‍ട്ടേഷനുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
വിന്റര്‍ പ്രതിസന്ധി മൂര്‍ച്ഛിച്ചതോടെയാണ് ഇത്തരത്തിലുള്ള കടുത്ത നടപടികളിലേക്ക് എന്‍എച്ച്എസിന് നീങ്ങേണ്ടി വന്നത്. എന്നാല്‍ ഹെല്‍ത്ത് സെക്രട്ടറിയും ഇംഗ്ലണ്ടിലെ അക്യൂട്ട് കെയര്‍ ഡറക്ടര്‍ കെയ്ത്ത് വില്ലറ്റും ഈ നിയന്ത്രണങ്ങള്‍ കടുത്ത പ്രതിസന്ധിയുടെ ചിഹ്നങ്ങളാണെന്ന് സമ്മതിക്കാന്‍ തയ്യാറായില്ല. പദ്ധതിയനുസരിച്ച് തന്നെയാണ് ഓപ്പറേഷനുകള്‍ റദ്ദാക്കപ്പെടുന്നതെന്ന് ഹണ്ട് സ്‌കൈ ന്യസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. പല ശസ്ത്രക്രിയകളും റദ്ദാക്കപ്പെട്ടത് അവസാന നിമിഷത്തിലാണ്. അതില്‍ ഖേദമുണ്ടെന്നും ഈ പ്രശ്‌നം അധികനാളുകള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷനുകള്‍ റദ്ദാക്കപ്പെട്ടവരോട് ക്ഷമ ചോദിക്കുന്നതായും ഹണ്ട് വ്യക്തമാക്കി. അതേസമയം ഈ വിന്ററില്‍ പ്രത്യേക തയ്യാറെടുപ്പുകള്‍ എന്‍എച്ച്എസ് നടത്തിയിരുന്നതായി പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു. ചികിത്സ അവസാന സമയം നിഷേധിക്കപ്പെടുന്നത് നിരാശാജനകമാണെങ്കിലും എത്രയും പെട്ടെന്ന് തന്നെ ഈ വിഷയം പരിഹരിക്കപ്പെടുമെന്നും അവര്‍ പറഞ്ഞു. ഇതിനായി അധിക ഫണ്ടും വകയിരുത്തിയിരുന്നുവെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ 15 ശതമാനം എന്‍എച്ച്എസ് അക്യൂട്ട് ഹോസ്പിറ്റല്‍ ട്രസ്റ്റുകളും ആംബുലന്‍സ് സര്‍വീസുകളും ബ്ലാക്ക് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.