Main News

സ്വന്തം ലേഖകന്‍
ബര്‍മിംഗ്ഹാം: യുകെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യൂണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷന്‍ (യുക്മ) അര്‍ദ്ധ വാര്‍ഷിക ജനറല്‍ ബോഡി യോഗം ജനുവരി പതിനാറ് ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍ വച്ച് നടക്കും. നിലവിലെ ഭരണ സമിതി നേതൃത്വം ഏറ്റെടുത്തതിന് ശേഷം നടക്കുന്ന ആദ്യ പൊതുയോഗം എന്ന പ്രത്യേകത കൂടി ബര്‍മിംഗ്ഹാമില്‍ നടക്കാന്‍ പോകുന്ന മീറ്റിംഗിന് ഉണ്ട്. കഴിഞ്ഞ ആറു മാസക്കാലത്തെ യുക്മ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും, മുന്‍പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും ഒക്കെ ഈ ജനറല്‍ ബോഡി യോഗത്തിലാണ്.

യുക്മ അംഗ അസോസിയേഷനുകള്‍ക്ക് നേതൃത്വവുമായി നേരിട്ട് സംവദിക്കാനുള്ള അവസരം കൂടിയാണ് യുക്മ ജനറല്‍ ബോഡി യോഗം. അംഗ അസോസിയേഷനുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന്‍ വീതം യുക്മ പ്രതിനിധികള്‍ക്കും അംഗ അസോസിയേഷനുകളുടെ പ്രസിഡണ്ട്, സെക്രട്ടറി എന്നിവര്‍ക്കുമാണ് യുക്മ ജനറല്‍ ബോഡി യോഗങ്ങളില്‍ സംബന്ധിക്കാനുള്ള അവകാശം. യുക്മ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നിര്‍ണ്ണായക തീരുമാനങ്ങള്‍ക്ക് അംഗീകാരം നേടുന്നതും, പ്രവര്‍ത്തന ശൈലി ചര്‍ച്ച ചെയ്യപ്പെടുന്നതും ഒക്കെ ജനറല്‍ ബോഡി യോഗങ്ങലിലാണ്.

പ്രധാനപ്പെട്ട ചില ഭരണഘടനാ ഭേദഗതികള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യപ്പെടുമെന്നതിനാല്‍ ഈ ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍ നടക്കുന്ന അര്‍ദ്ധ വാര്‍ഷിക പൊതുയോഗം വളരെ പ്രധാനപ്പെട്ടതാണ് എന്നും എല്ലാ അംഗ അസോസിയെഷനുകളും തങ്ങളുടെ പ്രതിനിധികളെ അയച്ച് ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കണമെന്നും യുക്മ ഭാരവാഹികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ദേശീയ ജനറല്‍ ബോഡി യോഗം നടക്കുന്ന വേദിയുടെ വിലാസം ഉടന്‍ തന്നെ എല്ലാവരെയും അറിയിക്കുന്നതാണ് എന്നും യുക്മ സെക്രട്ടറി സജീഷ് ടോം പറഞ്ഞു.

ഇന്ത്യാന: ഇരുപത്തി മൂന്ന്‍ വയസ്സ് മാത്രം പ്രായമുള്ള മലയാളി ഡോക്ടര്‍ അമേരിക്കയില്‍ നിര്യാതയായി. കളപ്പുരയ്ക്കല്‍ ഡോ. റെജി ജോസഫ്, ഡോ. ബീന ജോസഫ് ദമ്പതികളുടെ മകളായ ഡോ. ആശ സാറ ജോസഫ് ആണ് നിര്യാതയായത്. ഇന്ത്യാനയിലെ മന്‍സിയിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഹൃദയാഘാതം ആണ് മരണകാരണം. കേരളത്തില്‍ കുമളി സ്വദേശികളായ ഇവര്‍ കഴിഞ്ഞ ഇരുപത് വര്‍ഷക്കാലമായി അമേരിക്കയില്‍ ആണ് താമസം. മാര്‍ത്തോമാ സഭാംഗം ആണ്.
കരീബിയന്‍ അയലന്റില്‍ റോസ് മെഡിക്കല്‍ സ്കൂളില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്നു ആശ. ക്രിസ്തുമസ് അവധിക്ക് വീട്ടില്‍ വന്ന ആശ നാളെ തിരികെ പോകാനിരിക്കെയായിരുന്നു മരണം സംഭവിച്ചത്. സഹോദരന്‍ നെവിന്‍ ജോസഫ്.

സംസ്കാര ചടങ്ങുകള്‍ നാളെ (12/01/2016) ന് എട്ടു മുതല്‍ ആരംഭിക്കും. ഇന്ന്‍ വൈകുന്നേരം ആറു മണി മുതല്‍ ഒന്‍പത് മണി വരെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്നതായിരിക്കും.

സംസ്കാരം നടക്കുന്ന സ്ഥലത്തിന്‍റെ അഡ്രസ്സ്:

Gardens of Memory Cemetery,
10703, North State Road 3 Muncie,
IN 47303 

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസ ഒഴിവാക്കി സമാന്തര പാതയിലൂടെ യാത്ര ചെയ്ത എം.വി. ഹരിറാമിനെയും കുടുംബത്തെയും വഴിയില്‍ തടഞ്ഞു നിര്‍ത്തി അപമാനിക്കുകയും വാഹനത്തിന്റെ രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്ത ചാലക്കുടി ഡിവൈഎസ്പി കെ.കെ. രവീന്ദ്രന്റെ നടപടികള്‍ തെറ്റായിരുന്നുവെന്ന് റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ട്. ഹരിറാം ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് റൂറല്‍ എസ്പിയോട് അന്വേഷിക്കാന്‍ ഡിജിപി ആവശ്യപ്പെട്ടത്. അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.
സമാന്തരപാതയിലൂടെ യാത്ര ചെയ്ത കാര്‍ തടഞ്ഞു നിര്‍ത്തി രേഖകള്‍ പിടിച്ചെടുക്കുകയും ഭാര്യയെയും മകനെയും പരിഗണിക്കാതെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയത് തെറ്റാണെന്നും റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ടിലുണ്ട്. ഹരിറാമും കുടുംബവും യാത്ര ചെയ്യുകയായിരുന്ന പഞ്ചായത്ത് റോഡ് ആ പരിസരപ്രദേശത്തുള്ളവര്‍ക്ക് വേണ്ടി മാത്രമുള്ളതാണെന്ന തെറ്റായ നിയമവാദമാണ് ഡിവൈഎസ്പി ഉന്നയിച്ചതെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് പരിശോധിച്ചശേഷം ഡിജിപിയായിരിക്കും കുറ്റക്കാരനായ പൊലീസ് ഉദ്യോഗസ്ഥന് എതിരെ എന്ത് നടപടി എടുക്കണമെന്ന് തീരുമാനിക്കുക.

ഇന്നലെ തൃശൂര്‍ എസ്പിയുടെ നിര്‍ദ്ദേശ പ്രകാരം സ്‌പെഷ്യല്‍ ബ്രാഞ്ച് ഹരിറാമിനെ നേരിട്ട് കണ്ട് മൊഴി എടുക്കുകയും ചെയ്തിരുന്നു. ജനുവരി ഏഴിന് എറണാകുളത്ത് നിന്നും പാലക്കാട്ടേക്ക് പോകുകയായിരുന്ന ഹരിറാമിനും കുടുംബത്തിനും ചാലക്കുടി ഡിവൈഎസ്പിയില്‍നിന്ന് ദുരനുഭവം നേരിടേണ്ടി വന്നത്. ഡിവൈഎസ്പി അറിയാതെ ഹരിറാം മൊബൈലില്‍ ചിത്രീകരിച്ച രംഗങ്ങള്‍ ഫെയ്‌സ്ബുക്കില്‍ തരംഗമായതോടെയാണ് സംഭവം വിവാദമായത്. പാലിയേക്കര ടോള്‍ പ്ലാസയില്‍ അമിത ടോള്‍ ഈടാക്കുന്ന കമ്പനിയെ സഹായിക്കാനാണ് ഡിവൈഎസ്പി മഫ്തിയിലെത്തി ഹരിറാമിനെയും കുടുംബത്തെയും ഉപദ്രവിച്ചതെന്നാണ് സോഷ്യല്‍മീഡിയ ആക്ഷേപം.

ലണ്ടന്‍: ദി റെവനന്റ് ഇക്കൊല്ലത്തെ ഗോള്‍ഡന്‍ ഗ്ലോബ്‌സ് പുരസ്‌കാരം സ്വന്തമാക്കി. സംവിധായകന്‍, അഭിനേതാവ് തുടങ്ങി ഒരു പറ്റം പുരസ്‌കാരങ്ങളാണ് ദി റെവനന്റ് സ്വന്തം പേരില്‍ എഴുതി ചേര്‍ത്തിരിക്കുന്നത്. റെവനന്റിന്റെ സംവിധായകന്‍ അലെജാന്ദ്രോ ഗോണ്‍സാലസ് ഇനാരിറ്റിു മികച്ച സംവിധായകനുളള പുരസ്‌കാരം സ്വന്തമാക്കിയപ്പോള്‍ ഈ ചിത്രത്തിലെ അഭിനയത്തിന് ലിയണാര്‍ഡോ ഡികാപ്രിയോ മികച്ച നടനുളള പുരസ്‌കാരം നേടി. ഡേവിഡ് ഒ റസലിന്റെ ജോയ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ജെന്നിഫര്‍ ലോറന്‍സ് മികച്ച നടിയായി. ഗോള്‍ഡന്‍ ഗ്ലോബ് ലഭിക്കുമെന്ന് പ്രതാക്ഷിക്കപ്പെട്ടിരുന്ന സ്‌പോട്ട്‌ലൈറ്റിന് പക്ഷേ പുരസ്‌കാരങ്ങളൊന്നും ലഭിച്ചില്ലെന്നതും ശ്രദ്ധേയമായി.
ബേര്‍ഡ്മാന്‍ എന്ന ചിത്രത്തിന് കഴിഞ്ഞ വര്‍ഷവും ഇനാരിറ്റു മികച്ച സംവിധായകനുള്ള ഗോള്‍ഡന്‍ ഗ്ലോബ് നേടിയിരുന്നു. മികച്ച ചിത്രങ്ങളും കഥാപാത്രങ്ങളും ലഭിച്ചിട്ടും, താനഭിനയിച്ച ചിത്രങ്ങള്‍ക്കു പോലും ഓസ്‌കാര്‍ ലഭിച്ചിട്ടും ലഭിക്കാതെ പോയ ഓസ്‌കാറിലേക്കുള്ള ചവിട്ടുപടിയാണ് ലിയൊനാര്‍ഡോ ഡികാപ്രിയോക്ക് ഈ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരമെന്നാണ് വിലയിരുത്തല്‍. വളരെയേറെ വെല്ലുവിളികള്‍ നിറഞ്ഞ വേഷമായിരുന്നു റെവനന്റില്‍ ഡികാപ്രിയോയ്ക്ക് ഇനാരിറ്റു നല്‍കിയത്. വനത്തിനുള്ളില്‍ കടുത്ത തണുപ്പില്‍ ചത്ത മൃഗങ്ങള്‍ക്കൊപ്പം കഴിയേണ്ടി വന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഡികാരപ്രിയോ പങ്കു വച്ചിരുന്നു.

റിഡ്‌ലി സ്‌കോട്ടിന്റെ ദി മാര്‍ഷ്യന്‍ കോമഡി വിഭാഗത്തിലുള്ള മികച്ച ചിത്രത്തിനും മാറ്റ് ഡാമന് കോമഡി വിഭാഗത്തിലെ മികച്ച നടനുള്ള പുരസ്‌കാരവും നേടി. ദി ബിഗ് ഷോര്‍ട്ടിനോട് പോരാടിയാണ് മാര്‍ഷ്യന്‍ പുരസ്‌കാരം നേടിയത്. റൂം എന്ന ചിത്രത്തിലെ അഭിനയത്തിന് ഡ്രാമാ വിഭാഗത്തില്‍ മികച്ച നടിയായി ബ്രൈ ലാര്‍സനും തെരഞ്ഞെടുക്കപ്പെട്ടു. ഡാനി ബോയ്‌ലിന്റെ സ്റ്റീവ് ജോബ്‌സിനും രണ്ട് അവാര്‍ഡുകള്‍ ലഭിച്ചു. രണ്ടാമത്തെ മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് ആരോണ്‍ സോര്‍ക്കിനും മികച്ച സഹനടിക്കുള്ള അവാര്‍ഡ് കേറ്റ് വിന്‍സ്‌ലെറ്റുമാണ് ഈ ചിത്രത്തിലൂടെ നേടിയത്.

ലണ്ടന്‍: ആണവ വൈദ്യതി നിലയങ്ങളിലേക്ക് ഭീകരര്‍ ഡ്രോണ്‍ ബോംബാക്രമണം നടത്തിയേക്കുമെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ജി 7 ഉച്ചകോടി പോലുളള പ്രധാന പരിപാടികളും ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ കാറും എല്ലാം ഇത്തരത്തില്‍ ആക്രമിക്കപ്പെട്ടേക്കാമെന്നും മുന്നറിയിപ്പുണ്ട്. ഇരുനൂറോളം ഡ്രോണുകളെ നിരീക്ഷിച്ച ശേഷമാണ് ഓക്‌സ്‌ഫോര്‍ഡ് ഗവേഷക സംഘം ഈ മുന്നറിയിപ്പ് നല്‍കിയിട്ടുളളത്. വളരെ ലളിതവും ചെലവ് കുറഞ്ഞതുമായ ഒരു ആക്രമണ മാര്‍ഗമാണ് ഡ്രോണുകളെന്നും ഇവര്‍ പറയുന്നു.
ഡ്രോണുകളുപയോഗിച്ചുള്ള ആക്രമണങ്ങള്‍ നേരിടാനുളള സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരും പൊലീസും സൈന്യവും ശ്രദ്ധിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. സാധാരണക്കാര്‍ക്കും കടകളില്‍ നിന്ന് വാങ്ങാന്‍ കഴിയുന്ന ഡ്രോണുകള്‍ തീവ്രവാദികള്‍ ആക്രമണങ്ങള്‍ക്കായി ഉപയോഗിക്കാനുളള സാധ്യത വളരെക്കൂടുതലാണ്. സെപ്റ്റംബര്‍ പതിനൊന്ന് ആക്രമണത്തിന്റെ ഓര്‍മകള്‍ പുതുക്കാനായി ഐസിസ് ഇത്തരമൊരു ആക്രമണപദ്ധതിയ്ക്ക് തയാറെടുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

ഐസിസ് ഇത്തരം ഡ്രോണുകള്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടുന്നതായാണ് സൂചന. ഭീഷമി നിലനില്‍ക്കുന്നതുകൊമ്ടുതന്നെ ഡ്രോണുകള്‍ക്കും ലൈസന്‍സിംഗ് ഏര്‍പ്പെടുത്തണമെന്നാണ് വിദഗ്ദ്ധര്‍ നിര്‍ദേശിക്കുന്നത്. ലേസറുകളും റേഡിയോ ജാമറുകളുമുപയോഗിച്ച് ഇവയ്ക്ക് പ്രതിരോധമൊരുക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്. ഡ്രോണുകളെ വെടിവച്ച് വീഴ്്ത്തുന്നതിനുള ചില മാര്‍ഗനിര്‍ദേശങ്ങളും ഇവര്‍ നല്‍കി.
ഡ്രോണുകള്‍ ഉപയോഗിച്ച് നടത്തിയ പല പ്രതിഷേധങ്ങളെയും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അല്‍ബേനിയയും സെര്‍ബിയയും തമ്മിലുള്ള ഫുട്‌ബോള്‍ മത്സരം തടസപ്പെട്ടപ്പോള്‍ അല്‍ബനേയിന്‍ പതാകയുമായി പറന്ന ഒരു ഡ്രോണിന്റെ കാര്യവും ഇവര്‍ എടുത്ത് പറയുന്നു.

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മാല്‍ഡയില്‍ കലാപത്തേക്കുറിച്ച് അന്വേഷിക്കാനെത്തിയ ബിജെപി സംഘത്തെ തിരിച്ചയച്ചു. മാല്‍ഡയില്‍ ദിവസങ്ങളായി തുടരുന്ന കലാപത്തില്‍ വസ്തുതാന്വഷണത്തിന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ച മൂന്നംഗ സംഘമാണ് എത്തിയത്. ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത ശേഷം കൊല്‍ക്കത്തയിലേക്ക് തിരിച്ചയ്ക്കുകയായിരുന്നു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്രയാദവ്, എസ്.എസ്. അഹ്‌ലുവാലിയ, ബി.ജി. റാം എന്നിവരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നവര്‍.
സംഘര്‍ഷ ബാധിത മേഖലയായ കാലിയചക്കില്‍ സുരക്ഷ മുന്‍നിര്‍ത്തി നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുളളതിനാല്‍ അങ്ങോട്ട് പോകാനുളള ഇവരുടെ ശ്രമത്തെ തടയുമെന്ന് നേരത്തെ പൊലീസ് അറിയിച്ചിരുന്നു. മാള്‍ഡയില്‍ നടന്നത് വര്‍ഗീയ കലാപമല്ലെന്നും ബിഎസ്എഫും നാട്ടുകാരും തമ്മിലുളള സംഘര്‍ഷമാണെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ജനുവരി 18ന് മാള്‍ഡ സന്ദര്‍ശിക്കാനിരിക്കെയാണ് ബിജെപിയുടെ വസ്തുതാ പഠന സംഘത്തെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും അറസ്റ്റ് ചെയ്തത്.

സന്ദര്‍ശനം തടഞ്ഞ പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് സംഘത്തിലുണ്ടായിരുന്നവര്‍ പറഞ്ഞു. കലാപമുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാനായിരുന്നു അമിത് ഷാ ഇവര്‍ക്ക് നല്‍കിയ നിര്‍ദേശം. കഴിഞ്ഞ ഞായറാഴ്ചയാണ് അക്രമാസക്തരായ ജനക്കൂട്ടം പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയത്.

ലണ്ടന്‍: ഇന്റര്‍നെറ്റിലൂടെ വ്യാപകമായി ലഭിക്കുന്ന സോംബി കില്ലര്‍ കത്തിയുടെ വ്യാപാരം ബ്രിട്ടനി്ല്‍ നിരോധിച്ചു. ഗുണ്ടാ സംഘങ്ങള്‍ ഈ കത്തി വ്യാപകമായി ഉപയോഗിക്കുന്ന പശ്ചാത്തലത്തിലാണ് നിരോധനം. ഹൊറര്‍ സിനിമകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ച നീളമുളള കത്തികളാണിത്. രണ്ട് അടിയോളം നീളമുളള ഈ കത്തിയ്ക്ക് എട്ട് പൗണ്ടാണ് വില. ഗുണ്ടാസംഘങ്ങളിലെ ചെറുപ്പക്കാര്‍ ഈ കത്തിയുമേന്തി നില്‍ക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എതിര്‍ സംഘങ്ങളെ ഇത് പ്രകോപിപ്പിക്കുന്നു. ഇരുപത്തിനാല് ഇഞ്ച് നീളവും വളഞ്ഞ അഗ്രമുളള ഈ കത്തി തലവെട്ടാന്‍ വളരെ ഉത്തമമാണെന്ന മട്ടിലാണിതിന്റെ പരസ്യ പ്രചരണങ്ങള്‍.
ഈ കത്തി ഉപയോഗിച്ചുളള കൊലപാതകങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചിരിക്കുന്നുവെന്ന് സ്‌കോട്ട്‌ലന്റ് യാര്‍ഡ് വ്യക്തമാക്കുന്നു. തലസ്ഥാനത്ത് മാത്രം കത്തി ഉപയോഗിച്ചുള്ള കൊലപാതകങ്ങള്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടുതലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പതിനഞ്ചുപേരാണ് 2015ല്‍ കത്തിക്കിരയായത്. 2008നു ശേഷം ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. സ്വന്തം സുരക്ഷയ്‌ക്കെന്ന് കരുതിയാണ് ഇവരില്‍ പലരും ഈ കത്തിയുമായി നടക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പല ഗുണ്ടാസംഘങ്ങളും തങ്ങളുടെ അഭിമാന പ്രതീകമായാണ് ഈ കത്തി കൊണ്ട് നടക്കുന്നത്. അതേസമയം ഇവയുടെ വില്‍പ്പനയില്‍ കുറവുണ്ടായിട്ടുണ്ടെന്നും അധികൃതര്‍ വിലയിരുത്തുന്നു. ഇതിന്റെ കൂര്‍ത്ത ഭാഗങ്ങള്‍ കൊണ്ടുളള ചെറിയ മുറിവ് പോലും മാരകമായിത്തീരാമെന്നാണ് പൊലീസ് പറയുന്നത്. വ്യാപാരം വര്‍ദ്ധിക്കുന്നുവെന്നതിന് തെളിവുകള്‍ തങ്ങളുടെ പക്കലില്ല. എന്നാല്‍ ഇവ വിനാശകരമാണെന്നതിന് തെളിവുണ്ടെന്നും അത് കൊണ്ട് തന്നെ ഇവ നിരോധിക്കേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.

പതിമൂന്ന് ആയുധങ്ങളുടെ വില്‍പ്പന അധികൃതര്‍ നിരോധിച്ചിട്ടുണ്ട്. പലവിധ ബ്ലേഡുകളും കത്തികളും വാളുകളും കായികാഭ്യാസങ്ങളുമായി ബന്ധപ്പെട്ട പല ആയുധങ്ങളും നിരോധിച്ചവയുടെ കൂട്ടത്തിലുണ്ട്. കത്തിയുപയോഗിച്ചുളള മരണങ്ങള്‍ വര്‍ദ്ധിച്ചിട്ടും ഇതിനെതിരെ ഫലപ്രദമായ നടപടികള്‍ കൈക്കൊളളാന്‍ രാജ്യത്തെ അധികാരികള്‍ തയാറിയിട്ടില്ലെന്ന് ലിബറല്‍ ഡെമോക്രാറ്റിക് നേതാവ് കരോലിന്‍ പിഡ്ജിയന്‍ ആരോപിക്കുന്നു.

ഷിബു മാത്യൂകീത്തിലി. വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാല്‍ ബ്രിട്ടണില്‍ ശ്രദ്ധേയമായ കീത്തിലി മലയാളി അസ്സോസിയേഷന്‍ (KMA) 2016ലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. വെസ്റ്റ് യോര്‍ക്ഷയറിലെ സ്റ്റീറ്റന്‍ ഹബ്ബില്‍ നടന്ന ഭാരവാഹികളുടെ സമ്മേളനത്തില്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് ടോം ജോസഫ് അസ്സോസിയേഷന്റെ 2016ലെ അജണ്ട അവതരിപ്പിച്ചു.20160110_182814 സെക്രട്ടറി ഡേവിസ് പോള്‍, വൈസ് പ്രസിഡന്റ് ബിജി രന്ജു, ജോയിന്റ് സെക്രട്ടറി ആന്റോ പത്രോസ്, ട്രഷറര്‍ പൊന്നച്ചന്‍ പി തോമസ് എന്നിവര്‍ അടങ്ങിയ എക്‌സിക്യൂട്ടീവ് കമ്മറ്റി 2016ലെ പ്രവര്‍ത്തനങ്ങള്‍ കീത്തിലി മലയാളി അസ്സോസിയേഷനു സമര്‍പ്പിച്ചു. വരും കാലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിനും സഭയ്ക്കും സമുദായത്തിനും രാജ്യത്തിനും ഒരു പോലെ പ്രയോജനപ്പെടുന്ന വിധത്തിലാകുമെന്ന് അസ്സോസിയേഷന്‍ സെക്രട്ടറി ഡേവിസ് പോള്‍ പ്രത്യാശ പ്രകടിപ്പിച്ചു. പുതിയ തലമുറയ്ക്ക് മുന്‍തൂക്കം കൊടുക്കുന്ന പുത്തന്‍ പ്രവര്‍ത്തന രീതികളുമായി മുന്‍ പ്രസിഡന്റ് സോജന്‍ മാത്യുവും, എക്കാലത്തും കെ. എം. എ യുടെ താങ്ങും തണലുമായി നിലകൊള്ളുന്ന ആന്റോയും ജോജിയും ബിജു ജോസഫും 2016ലെ കെ എം എ യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. കലാ സാംസ്‌കാരീക രംഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ അസ്സോസിയേഷന്‍ വൈസ് പ്രസിഡന്റ് ബിജി രന്ജു ഇക്കുറി നയിക്കും. ഇവരെ കൂടാതെ കെ.എം.യു ടെ സ്ഥാപക പ്രസിഡന്റായ ഡോ: സുധിന്‍ ഡാനിയേല്‍, മലയാളം യു കെ ദിനപത്രത്തിന്റെ അസ്സോസിയേറ്റ് എഡിറ്റര്‍ ഷിബു മാത്യു, കെ.എം.എ യുടെ മുന്‍ പ്രസിഡന്റ് അലക്‌സ് എബാഹം, സാബി ജേക്കബ്, റോബിന്‍സണ്‍ എന്നിവര്‍കെ.എം. എ യുടെ വളര്‍ച്ചയില്‍ പങ്കാളികളാകും. 2016 കെ. എം. എ യെ സംബന്ധിച്ചിടത്തോളം ഒരു മാറ്റത്തിന്റെ തുടക്കമാണ്. അതില്‍ പങ്കാളികളാകുവാന്‍, ഊര്‍ജ്ജസ്വലതയുള്ള ഒരു കൂട്ടായ്മയാകുവാന്‍ അസ്സോസിയേഷനിലെ എല്ലാ കുടുംബങ്ങളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് അസ്സോസിയേഷന്‍ പ്രസിഡന്റ് ടോം ജോസഫ് അറിയിച്ചു.

ചെന്നൈ.മണിച്ചിത്രത്താഴ് എന്ന സിനിമ കാണാത്ത മലയാളികള്‍ ചുരുക്കം. കേരളം കണ്ടതിലെ മെഗാഹിറ്റുകളില്‍ ഒന്നായ മണിച്ചിത്രത്താഴിന്റെ ഏറ്റവും വലിയ ഹൈലറ്റ് നാഗവല്ലിയുടെ വിടമാട്ടേന്‍ ആണെന്ന് കൊച്ചു കുട്ടികള്‍ വരെ പറയും. ശോഭന അഭിനയിച്ചു ജന്മം കൊടുത്ത നാഗവല്ലിക്ക് ശബ്ദം നല്‍കിയത് ഭാഗ്യലക്ഷ്മി ആന്നെന്ന് സംവിധായകന്‍ ഫാസിലും കൂട്ടരും ആസ്വാദക ലോകത്തിനെ വിശ്വസിപ്പിച്ചു. പക്ഷെ യഥാര്‍ത്ഥ ശബ്ദം അപ്പോഴും പുറത്തായിരുന്നു. എന്നാല്‍ നാഗവല്ലിക്ക് ജന്മം കൊടുത്ത ഭീകരതയുടെ ആ ശബ്ദം തമിഴ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ദുര്‍ഗ്ഗയുടേതാണെന്ന് 23 വര്‍ഷങ്ങള്‍ക്കു ശേഷം സംവിധായകന്‍ ഫാസില്‍ വെളിപ്പെടുത്തി. 
durgaഫാസില്‍ ഇപ്പോഴെങ്കിലും സത്യം തുറന്നു പറഞ്ഞതില്‍ അതിയായി സന്തോഷിക്കുന്നുവെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ദുര്‍ഗ്ഗ പറഞ്ഞു. ഇത്രയും കാലം ഈ വിഷയത്തില്‍ താന്‍ നിരാശയായിരുന്നുവെന്നും ഫാസിലിനെപ്പൊലെ പ്രശസ്തനായ ഒരു സംവിധായകന് സത്യം തുറന്നു പറയാന്‍ 23 വര്‍ഷം വേണമായിരുന്നോ എന്നും ദുര്‍ഗ്ഗ ചോദിക്കുന്നു.

durga 1
ഫാസില്‍ തന്റെ അനുഭവക്കുറിപ്പില്‍ പറഞ്ഞതിങ്ങനെ…
ശോഭനയ്ക്കു വേണ്ടി നാഗവല്ലിയുടെ ഡയലോഗ് ഭാഗ്യലക്ഷ്മിയാണ് സ്വരം മാറ്റി തമിഴില്‍ ഡബ്ബു ചെയ്തത്. പക്ഷേ ഭാഗ്യലക്ഷ്മിയുടെ മലയാളം തമിഴ് സ്വരങ്ങള്‍ തമ്മില്‍ സാമ്യം തോന്നിച്ചു. അതു കൊണ്ട് തമിഴിലെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ദുര്‍ഗ്ഗയാണ് നാഗവല്ലിയുടെ പോര്‍ഷന്‍ ചെയതത്. അന്നത് ഭാഗ്യലക്ഷ്മിയോടും സിനിമാലോകത്തിനോടും പറയാന്‍ വിട്ടു പോയി.
മനപൂര്‍വ്വമായിരുന്നില്ല എന്നു വിശ്വസിക്കാമെങ്കിലും സത്യം തുറന്നു പറയാന്‍ ഫാസിലിന് 23 വര്‍ഷം വേണമായിരുന്നോ? പ്രേക്ഷകര്‍ ചോദിക്കുന്നു….

ലണ്ടന്‍ : 45000 ഓളം എന്‍എച്ച്എസ് ജൂനിയര്‍ ഡോക്ടര്‍മാരുടെ ആദ്യ 24 മണിക്കൂര്‍ വോക്കൌട്ട് സമരം നടക്കാനിരിക്കെ പതിനായിരക്കണക്കിനു രോഗികള്‍ വലയും. ചൊവ്വാഴ്ചത്തെ 4000 ഓപ്പറേഷനുകള്‍ മാറ്റിവച്ചു. കുട്ടികളെയും പ്രായമായവരെയും കാന്‍സര്‍ രോഗികളെയും സമരം ബാധിക്കും. ഔട്ട് പേഷ്യന്റ് വിഭാഗം സ്തംഭിക്കും. എങ്കിലും നിലപാട് മാറ്റത്തിന് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് തയാറായിട്ടില്ല.
ഇംഗ്ലണ്ടിലെ 160 ഹോസ്പിറ്റല്‍ ട്രസ്റ്റുകളെയും സമരം ബാധിക്കും. ചൊവ്വാഴ്ച രാവിലെ എട്ടിന് സമരം ബാധിക്കും. ഓപ്പറേഷനുകള്‍ മാറ്റിവച്ചത് രോഗികളെ അറിയിച്ചു കഴിഞ്ഞു. നാല് പതിറ്റാണ്ടിനു ശേഷം നടക്കുന്ന സമരം എന്‍എച്ച്എസിന്റെ താളം തെറ്റിക്കും. സമരത്തിനെതിരെ ഇന്‍ഡസ്ട്രിയല്‍ ആക്ഷന്‍ എടുക്കുമെന്ന് ആണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഭീഷണിക്ക് വഴങ്ങേണ്ടതില്ല എന്നാണു ജൂനിയര്‍ ഡോക്ടര്‍മാരുടെ നിലപാട്.

കഴിഞ്ഞമാസം നടക്കേണ്ട സമരം അവസാന മണിക്കൂറിലെ ചര്‍ച്ചയെ തുടര്‍ന്ന് മാറ്റി വയ്ക്കുകയായിരുന്നു. ചൊവ്വാഴ്ചയ്ക്ക് പുറമേ ജനുവരി 26, ഫെബ്രുവരി 10 തീയതികളിലും സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ 1, ഡിസംബര്‍ 8, ഡിസംബര്‍ 9 തീയതികളില്‍ ഡോക്റ്റര്‍മാര്‍ പ്രഖ്യാപിച്ച സമരമായിരുന്നു മാറ്റിയത്. ജൂനിയര്‍ ഡോക്ടര്‍മാരില്‍ 98 ശതമാനത്തിന്റെയും പിന്തുണ സമരത്തിനുണ്ടായിരുന്നു.

Student nurses and midwives staged a protest in central London

രാവിലെ എട്ട് മണി മുതല്‍ 24 മണിക്കൂര്‍ നേരത്തേക്ക് എമര്‍ജന്‍സി കെയര്‍ സേവനം ഒഴിച്ച് മറ്റുള്ളവയില്‍ നിന്ന് വിട്ടു നില്‍ക്കാനായിരുന്നു ഡോക്ടര്‍മാരുടെ തീരുമാനം. പുതിയ കോണ്‍ട്രാറ്റിലെ ദോഷകരമായ ശുപാര്‍ശകള്‍ ഒഴിവാക്കാന്‍ ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് തയാറാകാത്ത സാഹചര്യത്തില്‍ ജനുവരി 13 ന് സമരം നടത്തുമെന്നു ജൂനിയര്‍ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഇതുമായി മുന്നോട്ടു പോവുകയാണ് അവര്‍. സര്‍ക്കാരുമായി ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ചര്‍ച്ച നടത്തുന്നുണ്ട്.

ആഴ്ചയില്‍ 56 മണിക്കൂര്‍ സമയം ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്ന സര്‍ക്കാരിന്റെ പുതിയ കോണ്‍ട്രാറ്റിന്റെ വിവരങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിനും കൂട്ടത്തോടെ രാജ്യം വിടാനും തീരുമാനിച്ചത്. ആയിരക്കണക്കിന് ജൂനിയര്‍ ഡോക്ടര്‍മാര്‍ ആണ് വിദേശത്തേയ്ക്ക് പോകാന്‍ ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ മുമ്പാകെ ഇതിനോടകം അപേക്ഷിച്ചത്. ‘അപകടകരമായ ജോലി സമയം’ എന്ന് വിശേഷിപ്പിച്ചാണ് ശനിയാഴ്ചയും വീക്കെണ്ട് വൈകുന്നേരവും ജോലിചെയ്യാന്‍ നിര്‍ബന്ധിക്കുന്ന കോണ്‍ട്രാറ്റിനെതിരെ ഇവര്‍ രംഗത്തുവന്നത്.

തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ 7 മുതല്‍ വൈകിട്ട് ഏഴു വരെയുള്ള ഡ്യൂട്ടിക്ക് പകരം പുതിയ കോണ്‍ട്രാറ്റ് അനുസരിച്ച് തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ 7 മുതല്‍ രാത്രി 10 വരെ എന്നതാണ് നിര്‍ദ്ദേശം. അധിക വേതനമില്ലാതെ കൂടുതല്‍ സമയം ജോലിചെയ്യാന്‍ നിര്‍ബന്ധിക്കുകയാണ് എന്നാണ് പരാതി. വീക്കെണ്ടില്‍ 20 ശതമാനം കൂടുതല്‍ മരണം ഉണ്ടാകുന്നു എന്ന കണ്ടെത്തലിനു പിന്നാലെയാണ് ഡ്യൂട്ടി സമയം കൂട്ടി പുനക്രമീകരിച്ചത്.

RECENT POSTS
Copyright © . All rights reserved