ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഹാൻഡ്‌ഫോർത്തിൽ സൈക്കിൾ യാത്രക്കാരി വാഹനമിടിച്ച് കൊല്ലപ്പെട്ട സംഭവത്തിൽ മലയാളി യുവതി അറസ്റ്റിലായി. ഹാൻഡ്‌ഫോർത്ത് ടേബ്ലി റോഡിൽ താമസിക്കുന്ന 42 വയസ്സുകാരിയായ സീന ചാക്കോയ്ക്ക് എതിരെയാണ് ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്. ശനിയാഴ്ച ബുൾസ് ഹെഡ് പബ്ബിന് സമീപമുണ്ടായ അപകടത്തെ തുടർന്ന് 62 കാരിയായ സ്ത്രീ ചൊവ്വാഴ്ച ആശുപത്രിയിൽ മരിച്ചു. വിൽംസ്‌ലോ റോഡിലൂടെ നീല സിട്രോൺ സി 4 ഗ്രാൻഡ് പിക്കാസോ ഓടിക്കുകയായിരുന്ന സീനയുടെ വാഹനം ഒരു സൈക്കിൾ യാത്രക്കാരിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് സൈക്കിൾ യാത്രക്കാരിയെ റോഡിലൂടെ മീറ്ററുകളോളം വലിച്ചിഴയ്ക്കുകയും ചെയ്തു.
സെപ്റ്റംബർ 17 ചൊവ്വാഴ്ച ചെസ്റ്റർ ക്രൗൺ കോടതിയിൽ ഹാജരായ സീന ചാക്കോ അപകടകരമായ ഡ്രൈവിംഗ് നടത്തിയതായുള്ള കുറ്റം സമ്മതിച്ചു. അപകടകരമായ ഡ്രൈവിംഗ്, റോഡ് അപകടത്തിന് ശേഷം വാഹനം നിർത്താതിരിക്കുക, ലൈസൻസും ഇൻഷുറൻസും ഇല്ലാതെ വാഹനം ഓടിക്കുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് സീന ചാക്കോ നേരിടുന്നത്. കോടതി നടപടികൾക്കായി സീന ഒക്ടോബർ 21-ാം തീയതി ചെസ്റ്റർ ക്രൗൺ കോടതിയിൽ ഹാജരാകണം.
യുകെയിൽ ലൈസൻസും ഇൻഷുറൻസും ഇല്ലാതെ വാഹനം ഓടിക്കുന്നത് ഗുരുതരമായ നിയമ പ്രത്യാഘാതങ്ങൾ വിളിച്ചു വരുത്തും. ലൈസൻസില്ലാതെ വാഹനമോടിച്ച് സംഭവിക്കുന്ന അപകടങ്ങളുടെ ഗുരുതരാവസ്ഥ അനുസരിച്ച് ശിക്ഷയിലും ഏറ്റക്കുറച്ചിലുണ്ടാവും. ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നത് പിടിക്കപ്പെട്ടാൽ വാഹനം പിടിച്ചെടുക്കാൻ പോലീസിന് അധികാരമുണ്ട് . വാഹനത്തിന് ഇൻഷുറൻസ് ഇല്ലാത്ത സമയത്ത് അപകടം ഉണ്ടാവുകയാണെങ്കിൽ സംഭവിക്കുന്ന നാശനഷ്ടങ്ങൾക്ക് വാഹനം ഓടിക്കുന്നയാൾ ബാധ്യസ്ഥനാകും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലെ നേഴ്‌സിംഗ് മേഖലയിലെ ജീവനക്കാരുടെ പ്രമുഖ യൂണിയനായ ആർസിഎൻ (റോയൽ കോളജ് ഓഫ് നേഴ്‌സിംഗ്) യൂണിയന്റെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാൻ ഒരുങ്ങി മലയാളി നേഴ്‌സ്. ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളജ് ലണ്ടൻ ഹോസ്പിറ്റലിൽ സീനിയർ ക്രിട്ടിക്കൽ കെയർ നേഴ്സായ ബിജോയ് സെബാസ്റ്റ്യൻ ആണ് മത്സരിക്കാൻ ഒരുങ്ങുന്നത്. ബിജോയ് ഉൾപ്പെടെ 6 പേരാണ് മത്സരിക്കുന്നത്. ഇവരുടെ പേരുകൾ റോയൽ കോളജ് ഓഫ് നേഴ്‌സിംഗിൻെറ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പോസ്റ്റൽ ബാലറ്റിലൂടെയാണ് വോട്ടുകൾ രേഖപ്പെടുത്തേണ്ടത്. ഒക്ടോബർ 14 മുതലായിരിക്കും ഇത് അംഗങ്ങൾക്ക് ലഭിക്കാൻ തുടങ്ങുക. പ്രസിഡന്റ്, ഡപ്യൂട്ടി പ്രസിഡന്റ് സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
2025 ജനുവരി 1 മുതൽ 2026 ഡിസംബർ 31 വരെ രണ്ട് വർഷമാണ് പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റിന്റെ കാലാവധി. 34 അംഗങ്ങളുമായി 1916 ൽ യുകെയിൽ പ്രവർത്തനം ആരംഭിച്ച യൂണിയനായ ആർസിഎന്നിന് ഇപ്പോൾ അഞ്ച് ലക്ഷത്തിൽപ്പരം അംഗങ്ങളാണുള്ളത്. ഇതിൽ മലയാളി നേഴ്‌സുമാർ ഉണ്ടെങ്കിലും പ്രസിഡന്റ് സ്‌ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ മലയാളിയാണ് ബിജോയ് സെബാസ്റ്റ്യൻ. കോട്ടയം മെഡിക്കൽ കോളജിലെ നേഴ്‌സിംഗ് പഠനത്തിനും ഒരു വർഷത്തെ സേവനത്തിനും ശേഷം 2011 ൽ ബാൻഡ് 5 നേഴ്സായി ഇംപീരിയൽ കോളജ് എൻഎച്ച്എസ് ട്രസ്റ്റിൽ ജോലിയിൽ പ്രവേശിച്ച ബിജോയ് 2015 ൽ ബാൻഡ് 6 ആയും 2016 ൽ ബാൻഡ് 7 ആയും തന്റെ കരിയർ മികച്ച നിലയിൽ എത്തിച്ചു. 2021 ലാണ് ബാൻഡ് 8 എ തസ്തികയിൽ ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളജ് ലണ്ടൻ ഹോസ്പിറ്റലിൽ എത്തുന്നത്. ഈ തിരഞ്ഞെടുപ്പിൽ ജയിക്കുകയാണെങ്കിൽ ചരിത്രത്തിലെ തന്നെ ആർസിഎൻ പ്രസിഡന്റ് ആകുന്ന ആദ്യ മലയാളി ആയിരിക്കും ബിജോയ്.
കൃഷി വകുപ്പിലെ റിട്ടയേർഡ് സൂപ്രണ്ട് വണ്ടാനം പുത്തൻപറമ്പിൽ സെബാസ്റ്റ്യൻ ജോസഫിന്റെയും വീട്ടമ്മയായ സോഫിയയുടെയും മകനാണ് ബിജോയ്. ഇംപീരിയൽ കോളജ് എൻഎച്ച്എസ് ട്രസ്റ്റിന്റെ ഹാമർസ്മിത്ത് ആശുപത്രിയിലെ ഹെമറ്റോളജി വിഭാഗം ബാൻഡ് 5 നേഴ്‌സായ ദിവ്യയാണ് ഭാര്യ. അഞ്ചാം ക്ലാസ് വിദ്യാർഥിയായ ഇമ്മാനുവേലാണ് മകൻ. ബിജോയിയുടെ സഹോദരി ബ്ലസിയും ഭർത്താവ് ജിതിനും ലണ്ടനിൽ തന്നെ ബാൻഡ് 6 നേഴ്സുമാരായി ജോലി ചെയ്യുന്നു. ആലപ്പുഴ ജില്ലയിലെ പുന്നപ്ര സ്വദേശിയായ ബിജോയ്.
കോട്ടയം മെഡിക്കൽ കോളജിലെ കാർഡിയോതൊറാസിക് നേഴ്‌സിംഗ് പ്രാക്ടീസ് ആൻഡ് നേഴ്‌സിംഗ് അഡ്മിനിസ്ട്രേഷൻ ട്രാൻസ്ഫോർമേഷൻ പ്രൊജക്ടിനായി ബിജോയ് ഉൾപ്പടെയുള്ള നേഴ്സുമാരുടെ സംഘം പ്രവർത്തിച്ചിരുന്നു. കോട്ടയം പാലാ സ്വദേശിനി മിനിജ ജോസഫ്, മുംബൈ സ്വദേശിനിയും മലയാളിയുമായ മേരി എബ്രഹാം എന്നിവർ ഉൾപ്പടെയുള്ള യുകെ നേഴ്സുമാരാണ് ബിജോയ്ക്ക് ഒപ്പം പ്രവർത്തിച്ച യുകെ നേഴ്സുമാർ. റോയൽ കോളജ് ഓഫ് നേഴ്‌സിങിൻെറ നേതൃത്വവുമായി എല്ലാ ആർസിഎൻ അംഗങ്ങൾക്കും സംവദിക്കാനുള്ള അവസരം ഒരുക്കുക, യൂണിറ്റുകൾ ഇല്ലാത്ത ഹോസ്പിറ്റലുകൾ കണ്ടെത്തി ആർസിഎൻ സാന്നിധ്യം ഉറപ്പാക്കുക, നേഴ്സിങ് മേഖലയിലെ ജീവനക്കാർക്ക് സേവനത്തിന് അനുസൃതമായ മികച്ച വേതനം ഉറപ്പു വരുത്തുക, അംഗങ്ങളുടെ കരിയർ ഡെവലപ്പ്മെന്റിന് ആവശ്യമായ സഹായങ്ങൾ നൽകുക എന്നിവയാണ് തന്റെ മത്സരത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് ബിജോയ് സെബാസ്റ്റ്യൻ മത്സര പ്രഖ്യാപനത്തിന് ശേഷം മനോരമ ഓൺലൈനോട് പറഞ്ഞു. [email protected] എന്ന മെയിൽ ഐഡി വഴി തിരഞ്ഞെടുപ്പ് പ്രചരണങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ താല്പര്യമുള്ള ആർസിഎൻ അംഗങ്ങൾക്ക് ബന്ധപ്പെടാമെന്ന് ബിജോയ് സെബാസ്റ്റ്യൻ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നിലവിലെ പലിശ നിരക്കായ 5 ശതമാനത്തിൽ നിന്ന് കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യേണ്ടെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) തീരുമാനിച്ചു. കഴിഞ്ഞ പ്രാവശ്യത്തെ ബാങ്കിൻറെ മോണിറ്ററി പോളിസി കമ്മിറ്റി പലിശ നിരക്ക് 5.25 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചിരുന്നു. അവലോകന യോഗത്തിൽ തീരുമാനത്തെ എട്ടു പേർ അനുകൂലിച്ചപ്പോൾ ഒരാൾ എതിർത്തതായാണ് റിപ്പോർട്ടുകൾ.
പലിശ നിരക്ക് ഇനിയും കുറയ്ക്കുന്നതിനുള്ള അനുകൂല സാഹചര്യം നിലവിലില്ല എന്ന അഭിപ്രായമാണ് മോണിറ്ററി പോളിസി കമ്മിറ്റിയിൽ ഉരുത്തിരിഞ്ഞിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. വാർഷിക പണപെരുപ്പ നിരക്ക് മാറ്റമില്ലാതെ 2.2 ശതമാനത്തിൽ തുടരുന്നതാണ് ഇതിന് കാരണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്. നിലവിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത പണപ്പെരുപ്പ നിരക്ക് ലക്ഷ്യം 2 ശതമാനമാണ്.
പ്രതീക്ഷിച്ച പോലെ സമ്പദ് വ്യവസ്ഥയുടെ വളർച്ച മുന്നോട്ടാണെങ്കിൽ കാലക്രമേണ പലിശ നിരക്ക് വീണ്ടും കുറയ്ക്കാൻ സാധിക്കും എന്നും, എന്നാൽ പണപ്പെരുപ്പം പ്രഖ്യാപിത ലക്ഷ്യത്തിലെത്തേണ്ടത് അത്യന്താപേക്ഷിതമാണന്നും മോണിറ്ററി കമ്മിറ്റിയുടെ അവലോകനത്തിനു ശേഷം പലിശ നിരക്ക് കുറയുന്ന വിഷയത്തെ പരാമർശിച്ച് ബെയ്‌ലി അഭിപ്രായപ്പെട്ടു . യുഎസ് ഫെഡറൽ റിസർവ് കഴിഞ്ഞ ബുധനാഴ്ച പലിശ നിരക്കുകൾ അര ശതമാനം കുറച്ചിരുന്നു. അടുത്ത നവംബറിൽ നടക്കുന്ന പോളിസി മീറ്റിങ്ങിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് അരശതമാനം കുറയ്ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നത്
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ മറ്റേർണിറ്റി സർവീസുകളിലെ ഗുരുതര വീഴ്ച എടുത്ത് കാട്ടിയുള്ള കെയർ ക്വാളിറ്റി കമ്മീഷൻ്റെ (CQC) റിപ്പോർട്ട് പുറത്ത്. ആശുപത്രികളിൽ നിന്ന് പ്രസവസമയത്ത് നേരിടുന്ന മോശമായ പരിചരണങ്ങൾ നിത്യ സംഭങ്ങളിൽ ഒന്നായി മാറാൻ തുടങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു. 131 മെറ്റേണിറ്റി യൂണിറ്റുകളെ പഠിച്ചതിന് ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഓരോ വർഷവും 600,000 സ്ത്രീകളെ വരെ പരിചരിക്കുന്ന എൻഎച്ച്എസ് മെറ്റേണിറ്റി കെയറിലെ നിരവധി പ്രശ്‌നങ്ങൾ റിപ്പോർട്ടിൽ പറയുന്നുണ്ട്. എൻഎച്ച്എസ് ഇംഗ്ലണ്ടിലെ മറ്റേർണിറ്റി യൂണിറ്റുകളുടെ ഭാവിയെ കുറിച്ച് തൻെറ ആശങ്ക അറിയിച്ച ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്, സംഭവത്തിൻെറ പ്രാധാന്യം മനസിലാക്കി ഉടൻ തന്നെ നടപടി എടുക്കണം എന്നും കൂട്ടിച്ചേർത്തു.
സി ക്യു സി യുടെ സെക്കൻഡറി കെയർ ഡയറക്ടർ നിക്കോള വൈസ്, മെറ്റേണിറ്റി സേവനങ്ങളുടെ നിലവാരം ഉയർത്തേണ്ടതിന്റെ ആവശ്യകതയെ പറ്റി ഊന്നിപ്പറഞ്ഞു. കൂടാതെ ഉയർന്ന നിലവാരമുള്ള പരിചരണം നൽകുന്നതിന് സ്റ്റാഫിനെ പിന്തുണയ്ക്കാൻ എൻഎച്ച്എസിനോട് ആവശ്യപ്പെടുകയും ചെയ്‌തു. പ്രസവ പരിപാലന പ്രതിസന്ധിയെ ഉടൻ തന്നെ അഭിസംബോധന ചെയ്യുമെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പ്രതികരിച്ചു.
നിലവിൽ കുട്ടികളുടെ ഇടയിൽ പൊതുവെ കാണുന്ന പട്ടിണിയും പൊണ്ണത്തടിയും പരിഹരിക്കാൻ പ്രധാന ഗ്രൂപ്പുകൾ ആവശ്യപ്പെട്ടിട്ടും പൊതു ധനകാര്യത്തിലുള്ള കുറവ് മൂലം ഇംഗ്ലണ്ടിലെ പ്രൈമറി സ്കൂൾ കുട്ടികൾക്ക് സൗജന്യ സ്കൂൾ ഭക്ഷണം നൽകാനായി സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ലെന്നും വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയുള്ള നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് സർക്കാർ ഇപ്പോൾ. അതേസമയം, നീണ്ട വെയ്റ്റിംഗ് ലിസ്റ്റുകളും കാലഹരണപ്പെട്ട സൗകര്യങ്ങളും ഉൾപ്പെടെയുള്ള വെല്ലുവിളികൾക്കിടയിലും യുഎസ് ആസ്ഥാനമായുള്ള കോമൺവെൽത്ത് ഫണ്ട് തയ്യാറാക്കിയ പട്ടിക അനുസരിച്ച് സൗജന്യമായ പരിചരണം നൽകുന്ന മികച്ച ആരോഗ്യ സംവിധാനങ്ങളിൽ മൂന്നാം സ്‌ഥാനം ആണ് എൻഎച്ച്എസ് ഇംഗ്ലണ്ടിന്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജോലിയുടെ സമ്മർദ്ദം കുറയ്ക്കാൻ ഇംഗ്ലണ്ടിലെ അധ്യാപകർക്ക് ഒട്ടേറെ പുതിയ ആനുകൂല്യങ്ങൾ നടപ്പിലാകും. ആഴ്ചയിൽ കൂടുതലായി രണ്ട് ഫ്രീ പീരിയഡുകൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അധ്യാപക വൃത്തിയിലേയ്ക്ക് കൂടുതൽ ആളുകളെ ആകർഷിക്കാൻ ഉപകരിക്കും എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. അധ്യാപകരിൽ പലരും തങ്ങളുടെ അസൈൻമെന്റുകളും ആൻസർ ഷീറ്റുകളും നോക്കുന്നതിന് വീട്ടിലെ സ്വകാര്യ സമയം ഉപയോഗിച്ചാണെന്ന പരാതി നേരത്തെ ഉണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പുതിയ ആനുകൂല്യങ്ങൾ നടപ്പിൽ വരുത്താൻ സർക്കാർ തലത്തിൽ പദ്ധതി തയ്യാറാക്കുന്നത്.
ഇംഗ്ലണ്ടിൽ 6500 പുതിയ അധ്യാപകരെ റിക്രൂട്ട് ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ അധ്യാപക ജോലി കൂടുതൽ ആകർഷകമാണെങ്കിൽ മാത്രമെ നല്ല ഉദ്യോഗാർത്ഥികളെ ഈ മേഖലയിലേയ്ക്ക് ആകർഷിക്കാൻ സാധിക്കുകയുള്ളൂ. എല്ലാ അധ്യാപകർക്കും ഫ്ലെക്സിബിലിറ്റി അവകാശം വേണമെന്ന് വിദ്യാഭ്യാസ ചാരിറ്റിയുടെ ടീച്ച് ഫസ്റ്റ് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. സ്കൂളിൽനിന്ന് ശമ്പളമില്ലാതെ അവധിയെടുത്ത് മറ്റ് മേഖലകളിൽ ജോലി ചെയ്യാനുള്ള അവകാശം വേണമെന്ന ആവശ്യവും ശക്തമാണ്.
ഡിപ്പാർട്ട്മെൻറ് ഫോർ എഡ്യൂക്കേഷൻ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞവർഷം ഇംഗ്ലണ്ടിൽ ജോലിയിൽ പ്രവേശിച്ചതിന്റെ അത്രയും അധ്യാപകരും ജോലി ഉപേക്ഷിച്ചു . 2023 നവംബർ വരെയുള്ള കാലയളവിൽ 44,002 അധ്യാപകർ ആണ് ജോലിയിൽ പ്രവേശിച്ചത്. അതേസമയം 43,522 അധ്യാപകർ ജോലി ഉപേക്ഷിച്ചു. അധ്യാപക ജോലിയിലുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളുടെയും കുറവാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് ടീച്ച് ഫസ്റ്റ് പറയുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്ന് നടക്കുന്ന അവലോകന യോഗത്തിൽ നിലവിലെ പലിശ നിരക്കുകളുടെ കാര്യത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്തായിരിക്കും തീരുമാനിക്കുക? കഴിഞ്ഞ പ്രാവശ്യമാണ് വളരെ നാളുകൾക്ക് ശേഷം ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ 5.25 % നിന്ന് 5 ശതമാനമായി കുറച്ചത്. നിലവിൽ പണപ്പെരുപ്പം 2.2 ശതമാനമാണ് . ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത ലക്ഷ്യമായ 2 ശതമാനത്തിലേയ്ക്ക് പണപ്പെരുപ്പം എത്താത്ത സാഹചര്യത്തിൽ പലിശ നിരക്കുകളിൽ എന്ത് തീരുമാനം കൈക്കൊള്ളും എന്നാണ് സാമ്പത്തിക വിദഗ്ധർ ഉറ്റുനോക്കുന്നത്.
പണപ്പെരുപ്പം 2.2 ശതമാനമായി തുടരുന്ന സാഹചര്യത്തിൽ നിലവിലെ 5% പലിശ നിരക്ക് അതേപടി നിലനിർത്തുമെന്നാണ് പല സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നത്. പണപ്പെരുപ്പം വീണ്ടും കുറയുകയാണെങ്കിൽ ഒരുപക്ഷേ അടുത്ത അവലോകന യോഗത്തിൽ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയും നിലവിലുണ്ട്. ലോൺ ഉടമകൾക്ക് കൂടുതൽ സഹായകരമാകുന്ന പലിശ നിരക്ക് കുറയ്കൽ അടുത്ത നവംബറിലെ അവലോകന യോഗത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവരാണ് ഏറെയും.
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കൂട്ടുമോ കുറയ്ക്കുമോ എന്നത് വീട് വാങ്ങാനും വാഹനം മേടിക്കുവാനും ആഗ്രഹിക്കുന്ന യു കെ മലയാളികളുടെ മനസ്സിൽ ഉയർന്ന് വരുന്ന ചോദ്യമാണ് . പലിശ നിരക്കുകൾ കുറയുന്നത് കാരണം മോർട്ട്ഗേജുകളുടെയും സേവിംഗുകളുടെയും നിരക്കുകളിലും മാറ്റം വരുത്തും . ഇത് വീടുകൾ ഉൾപ്പെടെ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്രദമാവും എന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്. എന്നിരുന്നാലും പലിശ നിരക്കുകൾ കുറയുകയും കൂടുതൽ പേർ വിപണിയിൽ പ്രവേശിക്കുകയും ചെയ്യുന്നത് ഡിമാൻഡ് ഉയർത്തുന്നതിനും അതുവഴി ഭവന വില ഉയരുന്നതിനും കാരണമായേക്കാമെന്നുമുള്ള അഭിപ്രായവും ഉയർന്നു വരുന്നുണ്ട്. കഴിഞ്ഞ പ്രാവശ്യം പലിശ നിരക്ക് 0.25% വെട്ടി കുറച്ചത് അര ദശലക്ഷത്തിലധികം ഭവന ഉടമകൾക്കെങ്കിലും പ്രതിമാസ തിരിച്ചടവിൽ 28 പൗണ്ട് കുറവ് ഉണ്ടാകാൻ സഹായകരമാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൗത്ത് പോർട്ടിൽ മൂന്നു കുട്ടികളെ കൊലപ്പെടുത്തിയ 17 കാരന്റെ പേര് തെറ്റായി സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്ത 55 വയസ്സുകാരിക്കെതിരെയുള്ള തുടർ നടപടികൾ നിർത്തിവച്ചു. ചെസ്റ്ററിൽ നിന്നുള്ള 55 കാരിയായ ബെർണാഡെറ്റ് സ്‌ഫോർത്ത് ആണ് ആഗസ്റ്റ് 8-ാം തീയതി തൻറെ സമൂഹമാധ്യമത്തിലെ പോസ്റ്റിന്റെ പേരിൽ അറസ്റ്റിലായത്. പോലീസ് തന്നെ വീട്ടിൽ നിന്ന് വലിച്ചിഴച്ച് 36 മണിക്കൂർ സെല്ലിൽ പാർപ്പിച്ചതായി ബെർണാഡെറ്റ് സ്‌ഫോർത്ത് പറഞ്ഞു.
താൻ സമൂഹമാധ്യമങ്ങളിൽ പങ്കിട്ട വിവരം തെറ്റാണെന്ന് മനസ്സിലാക്കിയ ബെർണാഡെറ്റ് സ്‌ഫോർത്ത് പിന്നീട് തൻറെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും മാപ്പ് പറയുകയും ചെയ്തിരുന്നു. ഇപ്പോൾ ഇവരുടെ പേര് പറയാതെ ചെസ്റ്ററിൽ നിന്നുള്ള 55 വയസ്സുകാരി കേസിൽ കൂടുതൽ നടപടികൾ നേരിടേണ്ടി വരില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. തന്റെ പോസ്റ്റ് സമൂഹത്തിൽ അസ്വസ്ഥത ഉണ്ടാക്കിയതായി പറയുന്നതിൽ വസ്തുതയില്ലെന്ന് ബെർണാഡെറ്റ് സ്‌ഫോർത്ത് പറഞ്ഞു.
സൗത്ത് പോർട്ടിലെ ഒരു അവധിക്കാല യോഗ, ഡാൻസ് ക്ലാസിൽ മൂന്നു പെൺകുട്ടികൾ കൊല്ലപ്പെട്ട സംഭവം തുടർന്ന് ബ്രിട്ടനിലാകെ വൻ കുടിയേറ്റ വിരുദ്ധ കലാപം ആളി പടരുന്നതിന് കാരണമായിരുന്നു. 17 വയസ്സുകാരനായ പ്രതി ബ്രിട്ടനിലേയ്ക്ക് കൂടിയേറിയ ഒരു പ്രത്യേക മതവിഭാഗത്തിൽ പെട്ട ആളാണെന്ന വിവരങ്ങളെ തുടർന്നാണ് വലതുപക്ഷ തീവ്രവാദികൾ കലാപവുമായി തെരുവിലിറങ്ങിയത്. ഇതേ തുടർന്ന് തെറ്റായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കു വെച്ചതിന്റെ പേരിൽ ഒട്ടേറെ പേർ അറസ്റ്റിലായിരുന്നു. ഇങ്ങനെയാണ് ബെർണാഡെറ്റ് സ്‌ഫോർത്ത് പോലീസ് പിടിയിലായത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാഞ്ചസ്റ്ററിൽ അകാലത്തിൽ മരണമടഞ്ഞ പ്രദീപ് നായർക്ക് സെപ്റ്റംബർ 20-ാം തീയതി വെള്ളിയാഴ്ച യുകെ മലയാളികൾ വിട നൽകും. വെള്ളിയാഴ്ച രാവിലെ 10 .45 മുതൽ 11 .45 വരെ M23 1LX സെൻ്റ് മാർട്ടിൻസ് ചർച്ച് ഹാളിൽ ആണ് പൊതുദർശനം ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന് ആൾട്രിഞ്ചം ക്രിമിറ്റോറിയത്തിൽ മൃതസംസ്കാരം നടക്കും. ആദരാഞ്ജലികൾ അർപ്പിക്കാൻ പൂക്കൾ കൊണ്ടു വരുന്നതിന് പകരം ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റിലേയ്ക്ക് ഉദാരമായി സംഭാവനകൾ നൽകാൻ പ്രദീപിന്റെ ബന്ധുക്കളും സുഹൃത്തുക്കളും അഭ്യർത്ഥിച്ചിട്ടുണ്ട്.
കോട്ടയം ചിങ്ങവനം സ്വദേശിയായ പ്രദീപ് നായർ താമസിച്ചിരുന്ന കെട്ടിടത്തിന്റെ പടികൾ ഇറങ്ങവേ കാൽ തെറ്റി വീണാണ് മരണത്തിന് കീഴടങ്ങിയത്. 49 വയസായിരുന്നു പ്രായം.കേരള പോലീസിലെ ജോലി ഉപേക്ഷിച്ച് യുകെയിൽ എത്തിയ പ്രദീപ് മാഞ്ചസ്റ്റർ എയർപോർട്ടിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളായ പ്രദീപ് മാഞ്ചസ്റ്റർ ഹിന്ദു സമാജത്തിന്റെ സജീവ പ്രവർത്തകനായിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കോവിഡ് ഇൻക്വയറിയിൽ പകർച്ചവ്യാധിയുടെ സമയത്ത് നേഴ്‌സുമാർ നേരിട്ട വെല്ലുവിളികൾ എടുത്തുകാണിച്ചുകൊണ്ട് ഇംഗ്ലണ്ടിലെ മുൻ ചീഫ് നേഴ്‌സ് ഡാം റൂത്ത് മെയ്. വിദ്യാർത്ഥി നേഴ്‌സുമാർക്കുള്ള സാമ്പത്തിക സഹായം വെട്ടിക്കുറയ്ക്കാനുള്ള 2015-ലെ തീരുമാനത്തിന് പിന്നാലെ ഉണ്ടായ നേഴ്‌സുമാരുടെ എണ്ണത്തിലുള്ള കുറവ് ബുദ്ധിമുട്ടുകൾ ഇരട്ടിയാക്കിയതായും അവർ കൂട്ടിച്ചേർത്തു. കോവിഡ് കാലയളവിൽ ജീവനക്കാരുടെ കുറവ് ഏറ്റവും കൂടുതൽ ബാധിച്ചത് തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. കൂടാതെ, പ്ലാസ്റ്റിക് ഗൗണുകളുടെ കുറവ് ഉൾപ്പെടെയുള്ള വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (പിപിഇ) ലഭിക്കുന്നതിലും പ്രശ്നങ്ങൾ നേരിട്ടിരുന്നൂ. ഇത് 2020 മാർച്ചിൽ പകർച്ചവ്യാധിയുടെ പ്രാരംഭ ഘട്ടത്തിൽ നേഴ്‌സുമാർ നേരിട്ട വെല്ലുവിളികളെ ഇരട്ടിയാക്കി.
2019 മുതൽ 2024 ജൂലൈ വരെ ഇംഗ്ലണ്ടിലെ ചീഫ് നേഴ്‌സായിരുന്നു ഡാം റൂത്ത് മെയ്. പകർച്ചവ്യാധിയുടെ സമയങ്ങളിലുള്ള ഡൗണിങ് സ്ട്രീറ്റിലെ പത്രസമ്മേളനങ്ങളിൽ അവർ പ്രധാന പങ്ക് വഹിച്ചിരുന്നു. ഇംഗ്ലണ്ടിൽ ഏകദേശം 40,000 നേഴ്‌സിംഗ്, മിഡ്‌വൈഫറി ഒഴിവുകളുമായാണ് എൻഎച്ച്എസ് കോവിഡിനെ അഭിമുഖീകരിച്ചത്. പലപ്പോഴും തിരക്കുള്ള തീവ്രപരിചരണ വിഭാഗങ്ങളിൽ ക്രിട്ടിക്കൽ കെയർ നേഴ്‌സുമാർക്ക് സാധാരണ ഒരു രോഗിയെ പരിചരിക്കുന്ന സ്‌ഥാനത്ത് ആറ് രോഗികളെ വരെയാണ് പരിചരിക്കേണ്ടി വന്നത്.
കോവിഡ് കാലയളവിൽ സ്കാനിംഗ് സമയത്തും പ്രസവസമയത്തും ഗർഭിണികൾ പങ്കാളികളെ കൊണ്ടുവരുന്നത് തടയുന്ന ആശുപത്രികളുടെ തെറ്റായിരുന്നു എന്നും ഡാം റൂത്ത് മെയ് അഭിപ്രായപ്പെട്ടു. കൂടാതെ വേഗതയിലുള്ള പരിശോധനകൾ മെച്ചപ്പെട്ട സുരക്ഷ നൽകാനും കഴിയുമായിരുന്നുവെന്നും മുൻ ചീഫ് നേഴ്‌സ് അഭിപ്രായപ്പെട്ടു. നിലവിൽ യുകെയിലുടനീളമുള്ള എൻഎച്ച്എസിലും ഹെൽത്ത് കെയർ സിസ്റ്റങ്ങളിലുമാണ് കോവിഡ് ഇൻക്വയറി ശ്രദ്ധ കേന്ദ്രികരിക്കുന്നത്. നവംബർ അവസാനം വരെ നീണ്ടു നിൽക്കുന്ന ഇൻക്വയറിയിൽ 50 ഓളം പേരാണ് പങ്കെടുക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വ്യക്തികളിലും സമൂഹത്തിലും വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുന്ന ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നമാണ് അമിതമായ മദ്യപാനം. മദ്യത്തിന് ഒരു വ്യക്തി അടിമയാകുന്നത് മൂലം പൊതുവായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനൊപ്പം കരൾ സംബന്ധമായും ഹൃദയസംബന്ധമായ ഗുരുതരമായ രോഗങ്ങൾക്ക് ഇരയായി തീരുകയും ചെയ്യും . ശാരീരികമായി മാത്രമല്ല മാനസികമായ പ്രശ്നങ്ങളിലേയ്ക്കും മദ്യപാനശീലം വ്യക്തികളെ നയിക്കും. മദ്യപാനം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ നേരിടുന്നതിന് പ്രതിവർഷം 3.5 ബില്യൺ പൗണ്ട് എൻഎച്ച്എസിന് ചിലവാകുന്നുണ്ട് എന്നാണ് ഏകദേശ കണക്ക്. 2021- 2022 -ൽ 1.6 മില്യൺ ഹോസ്പിറ്റൽ അഡ്മിഷൻ മദ്യപാനത്തിനോട് അനുബന്ധിച്ചുള്ളവയായിരുന്നു.
മധ്യവയസ്കരും ജോലിയിൽ നിന്ന് വിരമിച്ചവരും അമിതമായ അളവിൽ മദ്യം ഉപയോഗിക്കുന്നത് ഗുരുതരമായ പല രോഗങ്ങൾക്ക് കാരണമാകുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഏറ്റവും പുതിയ എൻഎച്ച്എസ് കണക്കുകൾ പ്രകാരം 55 നും 64 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ 23 ശതമാനവും ആഴ്ചയിൽ 14 യൂണിറ്റിൽ കൂടുതൽ മദ്യം കുടിക്കുന്നു. ഇത് ക്യാൻസർ വരാനുള്ള സാധ്യതയെ വളരെ അധികം കൂട്ടുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. തങ്ങളുടെ മദ്യപാനാസക്തിയെ പലരും ഡോക്ടർമാരിൽ നിന്ന് ഒളിപ്പിച്ച് വയ്ക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ ഡോക്ടർമാർ തയ്യാറാക്കിയിരിക്കുന്ന നാല് ചോദ്യാവലി 76 മുതൽ 93 ശതമാനം വരെ കൃത്യതയുള്ളതായാണ് വിലയിരുത്തപ്പെടുന്നത്.
നിങ്ങളുടെ മദ്യപാനം കുറയ്ക്കണമെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? നിങ്ങളുടെ മദ്യപാനത്തെ വിമർശിച്ച് ആളുകൾ നിങ്ങളെ ശല്യപ്പെടുത്തിയിട്ടുണ്ടോ? മദ്യപാനത്തെ കുറിച്ച് നിങ്ങൾക്ക് എപ്പോഴെങ്കിലും കുറ്റബോധം തോന്നിയിട്ടുണ്ടോ? നിങ്ങളുടെ ഞരമ്പുകളെ സ്ഥിരപ്പെടുത്തുന്നതിനോ അല്ലെങ്കിൽ ഒരു ഹാംഗ് ഓവർ കുറയ്ക്കുന്നതിനോ നിങ്ങൾ രാവിലെ ആദ്യം മദ്യം കുടിക്കേണ്ടതുണ്ടോ? ഇവയിൽ രണ്ടോ അതിലധികമോ ചോദ്യങ്ങൾക്ക് അതെ എന്നാണ് ഉത്തരമെങ്കിൽ നിങ്ങൾ മദ്യപാനശീലമുള്ളവരാണെന്ന് കണ്ടെത്താൻ ഡോക്ടർമാർക്ക് സാധിക്കും. പഠനങ്ങൾ പറയുന്നത് അനുസരിച്ച് ആഴ്ചയിൽ നാലോ അതിലധികമോ പ്രാവശ്യം അമിത അളവിൽ കുടിക്കുന്നവർക്ക് അകാല മരണത്തിനുള്ള സാധ്യത 20 ശതമാനം കൂടുതലാണെന്നാണ് പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. 2022 ഡിസംബറിൽ ആണ് മദ്യപാനം മൂലമുള്ള മരണങ്ങൾ എക്കാലത്തേതിലും ഉയർന്ന നിരക്കിൽ എത്തിയത്. മൊത്തത്തിൽ മദ്യപാനവുമായി ബന്ധപ്പെട്ട മരണങ്ങൾ പുരുഷന്മാരിൽ കൂടുതലാണെങ്കിലും 50- 54 വയസ് പ്രായമുള്ളവരിലെ മദ്യപാനവുമായി ബന്ധപ്പെട്ട മരണനിരക്ക് കുതിച്ച് കയറിയതും ആശങ്കപ്പെടുത്തുന്നതായി ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു.