Main News

കൊച്ചി: കോടതിയലക്ഷ്യ നടപടി നേരിടുന്ന മന്ത്രി കെസി ജോസഫ് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. ഈ മാസം 29ന് മന്ത്രി ഹാജരാകണം. അതിന് ശേഷമാകാം മാപ്പപേക്ഷ പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് പോസ്റ്റ് കുട്ടിക്കളിയല്ലെന്നും മന്ത്രി ബാലിശമായി പെരുമാറരുതെന്നും കോടതി വിമര്‍ശിച്ചു. ജഡ്ജിയെ വിമര്‍ശിച്ചതുമായ ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ മന്ത്രി കെ.സി ജോസഫ് മാപ്പുപറഞ്ഞുകൊണ്ട് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. നിയമസഭാ ചേരുന്നതിനാല്‍ ഇന്ന് ഹാജരാകാനാകില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.
തെറ്റ് ബോധ്യപ്പെട്ടപ്പോള്‍ ജഡ്ജിക്കെതിരായ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചുവെന്ന് അദ്ദേഹം സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. കോടതിയെ ബഹുമാനിക്കുന്ന വ്യക്തിയാണ് താന്‍. സത്യവാങ്മൂലം പരിഗണിച്ച് കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ പ്രത്യേക ബഞ്ച് ചേര്‍ന്ന് സത്യവാങ്മൂലം പരിശോധിച്ചശേഷം മന്ത്രി കേസി ജോസഫിനെതിരായ കോടതിയലക്ഷ്യ നടപടി സംബന്ധിച്ച തീരുമാനമെടുക്കും.

മന്ത്രിക്കെതിരെ വി. ശിവന്‍കുട്ടി എം.എല്‍.എയാണ് ഹൈകോടതിയെ സമീപിച്ചത്. മന്ത്രിക്കെതിരെ കോടതിയലക്ഷ്യ  നടപടി സ്വീകരിക്കാന്‍ അഡ്വക്കറ്റ് ജനറല്‍ അനുമതി നല്‍കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ശിവന്‍കുട്ടി ഹൈകോടതിയില്‍ നേരിട്ട് കോടതിയലക്ഷ്യ ഹരജി നല്‍കിയത്. ഹരജിയില്‍ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി ചുമത്തി  ഇന്ന് മൂന്ന് മണിക്ക് ഹാജരായി വിശദീകരണം നല്‍കാനായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.

കഴിഞ്ഞ ജൂണ്‍ 24ന് സാമൂഹിക മാധ്യമങ്ങളിലൂടെ മന്ത്രി ജഡ്ജിക്കെതിരെ നടത്തിയ പ്രസ്താവന കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഭരണവിഭാഗം രജിസ്ട്രാര്‍ മുഖേനയാണ് ശിവന്‍കുട്ടി എം.എല്‍.എ കോടതിയുടെ പരിഗണനക്കായി ഹര്‍ജി സമര്‍പ്പിച്ചത്. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സിനുവേണ്ടി അഡ്വ. ജയശങ്കറും ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയിരുന്നു. ഇതില്‍ എജി നടപടിയൊന്നും സ്വീകരിക്കാത്തതിലാണ് കോടതി സ്വമേധയാ നടപടി സ്വീകരിച്ചത്.

ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ‘ചായത്തൊട്ടിയില്‍ വീണ കുറുക്കന്‍’ ആണെന്ന് മന്ത്രി കെ.സി. ജോസഫ് ഫെയ്‌സ്ബുക്കില്‍ നടത്തിയ പരാമര്‍ശമാണ് ക്രിമിനല്‍ കോടതിയലക്ഷ്യ നടപടിക്ക് കാരണമായത്. അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് കാര്യക്ഷമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് നടത്തിയ വിമര്‍ശനത്തെ തുടര്‍ന്നായിരുന്നു മന്ത്രി കെസി ജോസഫിന്റെ അവഹേളനാത്മക പരാമര്‍ശം. സ്വന്തം ഫെയ്‌സ് ബുക്കില്‍ പോസ്റ്റു ചെയ്ത പരാമര്‍ശം പിന്നീട് എല്ലാ മാധ്യമങ്ങളും വാര്‍ത്ത നല്‍കുകയും ചെയ്തു. മാധ്യമ വാര്‍ത്തയായ ശേഷവും പ്രസ്താവന പിന്‍വലിക്കാനോ  തിരുത്താനോ മന്ത്രി തയ്യാറായിരുന്നില്ല.

സ്വാന്‍സി: കഴിഞ്ഞ വര്‍ഷം സ്വാന്‍സിയില്‍ നിര്യാതനായ ബിനോയ്‌ തോമസിന്‍റെ ഒന്നാം ചരമ വാര്‍ഷികം സ്വാന്‍സിയില്‍ ആചരിച്ചു. ബിനോയ്‌ തോമസിനെ ഓര്‍മ്മിച്ച് കൊണ്ടുള്ള പ്രത്യേകം കുര്‍ബാനയും പ്രാര്‍ത്ഥനകളും ചരമ വാര്‍ഷികത്തോടനുബന്ധിച്ച് സ്വാന്‍സിയിലെ ജെന്‍ഡ്രോസ് ഹോളി ക്രോസ്സ് ചര്‍ച്ചില്‍ നടത്തി. ഫെബ്രുവരി 14 ഞായറാഴ്ച ആയിരുന്നു കരിങ്കുന്നം മുളയാനിക്കല്‍ ബിനോയ്‌ തോമസിന് വേണ്ടി അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിച്ചത്. വി. കുര്‍ബാനയ്ക്ക് ശേഷം ഒപ്പീസും, മന്ത്രയും സഹിതം സ്വാന്‍സി മലയാളികള്‍ തങ്ങള്‍ക്ക് പ്രിയങ്കരനായിരുന്ന ബിനോയിയെ സ്മരിച്ചു.
ബ്രെയിന്‍ ട്യൂമര്‍ ബാധിതനായി മൂന്ന്‍ വര്‍ഷക്കാലം ചികിത്സയില്‍ കഴിഞ്ഞതിന് ശേഷമായിരുന്നു കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 27ന് ബിനോയ്‌ തോമസ്‌ ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ച് യാത്രയാവുകയായിരുന്നു.

സ്വാന്‍സിയിലെയും, ബിനോയ്‌ തോമസ്‌ മുന്‍പ് താമസിച്ചിരുന്ന ലിവര്‍പൂളിലെയും മലയാളികള്‍ അനുസ്മരണ ചടങ്ങുകള്‍ക്കെത്തിയിരുന്നു. പള്ളിയിലും തുടര്‍ന്ന്‍ ഹാളിലും നടന്ന ചടങ്ങുകള്‍ക്ക് വൈദികരായ റവ. ഫാ. സിറില്‍ തടത്തില്‍, റവ. ഫാ. സജി അപ്പൊഴിപറമ്പില്‍, റവ. ഫാ. പയസ് അഗസ്റ്റിന്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.

IMG_0814

ബിനോയ്‌ തോമസിന്‍റെ വേര്‍പാടിന്റെ സമയത്തും തുടര്‍ന്നുള്ള ഒരു വര്‍ഷക്കാലവും തങ്ങള്‍ക്ക് എല്ലാ വിധ സഹായങ്ങളും നല്‍കിയ മുഴുവന്‍ ആളുകള്‍ക്കും കൃതജ്ഞത അര്‍പ്പിക്കുന്നതായി ബിനോയിയുടെ ഭാര്യ ശാലിനിയും മകന്‍ ഇമ്മാനുവേലും പറഞ്ഞു. കുര്‍ബാനയ്ക്ക് ശേഷം ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കെല്ലാം ലഘുഭക്ഷണവും ചായയും ഏര്‍പ്പെടുത്തിയിരുന്നു. ചരമ വാര്‍ഷിക ദിനമായ ഫെബ്രുവരി 27ന് ഇടവകയായ കരിങ്കുന്നം സെന്റ്‌. അഗസ്റ്റിന്‍സ് പള്ളിയില്‍ പ്രത്യേകം കുര്‍ബാനയും പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കുന്നതാണ്.

IMG_0817

IMG_0816

IMG_0818

ലണ്ടന്‍: ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്ക് വിവാഹിതയായ സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന കത്തുകള്‍ ബിബിസി പുറത്തു വിട്ടു. പോളിഷ് ചിന്തകയും എഴുത്തുകാരിയുമായ അന്ന തെരേസ ടിമിനിക്ക എന്ന സ്ത്രീയുമായി മാര്‍പാപ്പയ്ക്ക് 32 വര്‍ഷക്കാലം നീണ്ടുനിന്ന ബന്ധമുണ്ടായിരുന്നു എന്നാണ് വാര്‍ത്ത. ബന്ധം തെളിയിക്കുന്ന കത്തുകളും ചിത്രങ്ങളുമാണ് ബിബിസി പുറത്തു വിട്ട ഡോക്യുമെന്ററിയില്‍ വെളിപ്പെടുത്തുന്നത്.
11

1973ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ ക്രാക്കോവ് ആര്‍ച്ച് ബിഷപ്പായിരിക്കെ തത്ത്വചിന്തയെക്കുറിച്ച് ഒരു പുസ്തകം രചിച്ചിരുന്നു. ഇതേക്കുറിച്ചുള്ള ചര്‍ച്ചയിലാണ് ഇവര്‍ തമ്മിലുള്ള ബന്ധം ആരംഭിച്ചത്. ഈ പുസ്തകം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത് ടിമിനിക്കയാണ്. ഇവുടെ മരണശേഷമാണ് പോപ്പുമൊത്തുള്ള ചിത്രങ്ങളും കത്തുകളും ലഭിച്ചത്. പോളണ്ട് നാഷണല്‍ ലൈബ്രറിക്ക് ഇവര്‍ 2008ല്‍ വിറ്റ 350ഓളം കത്തുകളാണ് ബിബിസിക്ക് ലഭിച്ചത്.

13

കത്തുകളില്‍ ചിലത് അവര്‍ക്കിടയിലുണ്ടായിരുന്ന ആഴത്തിലുള്ള ബന്ധത്തിലേക്ക് വിരല്‍ചൂണ്ടുന്നതായി ഡോക്യുമെന്ററി സ്ഥാപിക്കുന്നു. 1976 സെപ്റ്റംബറിലെഴുതിയ ഒരു കത്തില്‍ തെരേസയെ ‘ദൈവം തനിക്കു തന്ന സമ്മാനമെന്ന്’ വിശേഷിപ്പിക്കുന്നുണ്ട്. ‘പരസ്പരം പിരിയുന്നതിനെക്കുറിച്ച് നീ പറയുന്നുണ്ട്, എന്നാല്‍ എനിക്കതിന് മറുപടിയില്ല’ എന്നാണ് മറ്റൊരു കത്തിലെ വാക്കുകള്‍. ബി.ബി.സിയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ എഡ്വേഡ് സ്റ്റുവര്‍ട്ടനാണ് ഡോക്യുമെന്ററി തയാറാക്കിയിരിക്കുന്നത്.

14

മാര്‍പാപ്പ തെരേസയ്ക്ക് സമ്മാനിച്ച വെന്തിങ്ങ അടക്കമുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 1978 മുതല്‍ 2005 വരെയാണ് ഇദ്ദേഹം റോമന്‍ കാത്തലിക് സഭയുടെ തലവനായിരുന്നത്. 2005ലാണ് ജോണ്‍ പോള്‍ മാര്‍പ്പാപ്പ അന്തരിച്ചത്. 2014ല്‍ മരിച്ച അന്ന തെരേസയുടെ ഭാഗത്തുനിന്നുള്ള കത്തുകള്‍ വീണ്ടെടുക്കാന്‍ ബി.ബി.സിക്ക് കഴിഞ്ഞിട്ടില്ല.

12

പോളണ്ടു കാരിയായ ടിമിനിക്ക രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി അധിനിവേശത്തിന്റെ കഷ്ടതകള്‍ അനുഭവിച്ച സ്ത്രീയാണ്. യുദ്ധത്തിനു ശേഷം വിദേശത്ത് പഠനത്തിനായി എത്തിയ അവര്‍ അമേരിക്കയില്‍ ഒരു തത്വചിന്തകയായി അറിയപ്പെട്ടു തുടങ്ങി. അമേരിക്കയിലാണ് ഇവര്‍ വിവാഹിതയായതും മൂന്നു കുട്ടികളുടെ മാതാവായതും.

കഴിഞ്ഞ ദിവസം മരണമടഞ്ഞ ബെല്‍ഫാസ്റ്റിലെ മലയാളിയായ സാബുവിന്റെ സംസ്‌കാരം വ്യാഴാഴ്ച ബെല്‍ഫാസ്റ്റില്‍ നടക്കും. ഒരു പതിറ്റാണ്ടോളം ജീവിച്ച് മലയാളികള്‍ക്ക് മുഴുവന്‍ പ്രിയപ്പെട്ടവനായി തീര്‍ന്ന സാബു ഭാര്യയും മക്കളും കഴിയുന്ന നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ മണ്ണില്‍ തന്നെ അന്തിമ വിശ്രമത്തിനുള്ള തീരമാനം നേരത്തെ തന്നെ എടുത്തിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ ഇന്നും നാളെയുമായി എത്തിചേരുമെന്ന് ഉറപ്പായതോടെ മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച സംസ്‌കാരം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. രാവിലെ 11 മണിക്ക് ബെല്‍ഫാസ്റ്റിലെ സ്വവസതിയില്‍ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് ഗ്ലെന്‍ഗോര്‍മലി സെന്റ് ബെര്‍ണാട്സ് ചര്‍ച്ചില്‍ വച്ച് സംസ്‌കാരം നടക്കുന്നതുമാണ്.
സാബുവിന്റെ കുടുംബ സുഹൃത്തും ബന്ധുവും നാട്ടില്‍ ഒരേ ഇടവകാംഗവും (ലിറ്റില്‍ ഫ്ളവര്‍ ചര്‍ച്ച്, സംക്രാന്തി) നോര്‍ത്തേന്‍ അയര്‍ലന്റ് ആര്‍മ കത്തിഡ്രലിലെ അസി. വികാരിയുമായ റവ. ഫാ: ബിജു മാളിയേക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതാണ്. വ്യാഴാഴ്ച രാവിലെ നടക്കുന്ന വി. കുര്‍ബ്ബാനയിലും മറ്റു ചടങ്ങുകളിലും മോണ്‍സിഞ്ഞോര്‍ റവ. ഫാ: ആന്റണി പെരുമായന്‍, റവ. ഫാ: ജോസഫ് കറുകയില്‍ റവ. ഫാ: പോള്‍ മോറെയില്‍ തുടങ്ങിയ വൈദികരും കാര്‍മികത്വം വഹിക്കും. നാളെ വൈകുന്നേരം സ്വവസതിയില്‍ കൊണ്ടുവരുന്ന മൃതദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സാബുവിന്റെ ബന്ധുക്കള്‍ അറിയിച്ചു.

sabu1

ഡയബെറ്റിക് രോഗത്തെ തുടര്‍ന്ന് മരണത്തെ പ്രതീക്ഷിച്ച് കഴിയുകയായിരുന്നു ഏതാനും മാസങ്ങളായി സാബു. താന്‍ മരിച്ചാല്‍ വയ്‌ക്കേണ്ട പുഷ്പങ്ങളെ കുറിച്ചും പാടേണ്ട പാട്ടുകളെ കുറിച്ചും വരെ സാബു ഭാര്യയെ പറഞ്ഞ് ഏല്‍പിച്ചിരുന്നു. രോഗം ഇടയ്ക്ക് ഭേദമായതായി തോന്നിയപ്പോഴും ജീവിതത്തെ ശാന്തമായി നേരിടാന്‍ സാബു ഏറെ ശ്രദ്ധിച്ചിരുന്നു.

കഴിഞ്ഞ ഒരു മാസമായി ബെല്‍ഫാസ്റ്റ് റോയല്‍ വിക്ടോറിയ ആശുപത്രിയില്‍ സാബു ചികിത്സയിലായിരുന്നു സാബു മരണത്തിന് ഒരാഴ്ച മുമ്പാണ് ആശുപത്രി അധികൃതരുടെ അനുവാദത്തോടെ വീട്ടിലേക്ക് വന്നത്. എന്നാല്‍ രോഗം മൂര്‍ച്ഛിക്കുകയും തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയും ആയിരുന്നു. അസുഖം കിഡ്‌നിയേയും കരളിനേയും ബാധിച്ചു രോഗം മൂര്‍ച്ഛിച്ചതോടെയാണ് സാബു മരണത്തിന് കീഴടങ്ങിയത്.

മസ്‌കറ്റില്‍ നിന്നും 10 വര്‍ഷം മുന്‍പാണ് സാബു യുകെയിലെത്തിയത്. ആദ്യം യുകെയിലെ ലിങ്കണ്‍ഷെയറിലായിരുന്ന സാബുവും കുടുംബവും പിന്നീട് ഭാര്യയുടെ ജോലിയുടെ സൗകര്യാര്‍ത്ഥം ബെല്‍ഫാസ്റ്റിലേക്ക് താമസം മാറുകയായിരുന്നു. കഴിഞ്ഞ ഏഴുവര്‍ഷമായി ബെല്‍ഫാസ്റ്റിലാണ് താമസം. കോട്ടയം പൈനാമൂട്ടില്‍ എച്ച്എസ് മൗണ്ട് സ്വദേശിനിയായ ദീപയാണ് ഭാര്യ. ജിസിഎസ്ഇ സെക്കന്റ് ഇയറിന് പഠിക്കുന്ന അലന്‍ ഏക മകനാണ്.

സാബുവിന്റെ വീടിന്‍റെയും പള്ളിയുടെയും അഡ്രസ്സ് ചുവടെ ചേര്‍ക്കുന്നു

Residence:
7 Elmfield Crescent,
Glengormley BT36 6EB

Church
St. Bernards Church,
Glengormley BT36 6HF

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ജയിംസ് : 07882639702
ടോമി : 07846255468

ലണ്ടന്‍: രാജ്യത്തെ എക്കാലത്തെയും ഏറ്റവും വെറുക്കപ്പെട്ട മുന്‍ നിര രാഷ്ട്രീയ നേതാവ് ജെറെമി ഹണ്ടെന്ന് വെളിപ്പെടുത്തല്‍. ജോര്‍ജ് ഓസ്‌ബോണിനെയും ജെറമി കോര്‍ബിനെയും ഡേവിഡ് കാമറൂണിനെയും അപേക്ഷിച്ച് ജനപ്രീതി ഏറെ കുറഞ്ഞ നേതാവാണ് ഹണ്ടെന്നും യുഗോവ് സര്‍വേ കണ്ടെത്തി. സര്‍വേയില്‍ 48 പോയിന്റാണ് ഹണ്ട് നേടിയിട്ടുളളത്. ലേബര്‍ പാര്‍ട്ടി നേതാവ് ജെറെമി കോര്‍ബിനെക്കാള്‍ ആറ് പോയിന്റെ താഴെയാണ് ഹണ്ടിന്റെ സ്ഥാനം.
പതിനേഴ് ശതമാനം പേര്‍ക്ക് ഹണ്ടിനെക്കുറിച്ച് നല്ല അഭിപ്രായമാണ്. എന്നാല്‍ ആരോഗ്യവകുപ്പ് സെക്രട്ടറി എന്ന നിലയില്‍ മോശം പ്രകടനമാണ് ഹണ്ടിന്റേതെന്ന് 65 ശതമാനവും അഭിപ്രായപ്പെടുന്നു. ജൂനിയര്‍ ഡോക്ടര്‍മാരും ഹണ്ടും തമ്മിലുളള തര്‍ക്കം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി നില്‍ക്കുന്ന സമയത്താണ് ഈ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഹണ്ട് കൊണ്ടുവന്ന പുതിയ കരാര്‍വ്യവസ്ഥകളാണ് ഇരുപക്ഷവും തമ്മിലുളള തര്‍ക്കം മൂര്‍ച്ഛിപ്പിച്ചത്. ജൂനിയര്‍ ഡോക്ടര്‍മാരെ ഒഴിവാക്കാന്‍ അവര്‍ ടിക്കറ്റെടുത്ത ഫണ്ട് റെയ്‌സിംഗ് പരിപാടി കഴിഞ്ഞ ദിവസം ഹണ്ടിന്റെ ആവശ്യത്തേത്തുടര്‍ന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിരുന്നു.

ജൂനിയര്‍ ഡോക്ടര്‍മാരുടെ അംഗീകാരം ഇല്ലെങ്കിലും കരാര്‍ നടപ്പാക്കുമെന്ന് കഴിഞ്ഞാഴ്ച ഹണ്ട് വ്യക്തമാക്കിക്കഴിഞ്ഞു. പുതിയ കരാര്‍ പ്രകാരം വാരാന്ത്യങ്ങളില്‍ രോഗികള്‍ക്ക് മികച്ച പരിചരണം ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ ഇത് രോഗികള്‍ക്ക് വെല്ലുവിളിയാകുമെന്നാണ് ഡോക്ടര്‍മാരുടെ പക്ഷം.

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാറിനെതിരേയുള്ള കേസ് എന്‍ഐഎ അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഡല്‍ഹി പോലീസ് അന്വേഷിക്കുന്ന സാഹചര്യത്തില്‍ എന്‍ഐഎക്കു കൈമാറേണ്ട സാഹചര്യമില്ലെന്നു കാട്ടിയാണ് ഹര്‍ജി കോടതി തള്ളിയത്. വിഷയത്തില്‍ എന്‍ഐഎയുടേയും കേന്ദ്ര സര്‍ക്കാരിന്റേയും അഭിപ്രായങ്ങള്‍ കോടതി ആരാഞ്ഞില്ല.
കന്‍ഹയ്യ കുമാറിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ബിജെപി എംഎല്‍എ ഒ.പി. ശര്‍മ്മയുടെ നേതൃത്വത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരും പൊലീസും വിദ്യാര്‍ത്ഥികളെയും മാധ്യമപ്രവര്‍ത്തകരെയും അഭിഭാഷകരെയും മര്‍ദിച്ചതിന്റെ പശ്ചാത്തലത്തില്‍ പ്രക്ഷോഭത്തിന് ശക്തിയേറിയിട്ടുണ്ട്. ഇടതുപക്ഷ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവിനെയാണ് ഒ.പി. ശര്‍മ്മ മര്‍ദ്ദിച്ചത്.

രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചാല്‍ ഇനിയും താന്‍ മര്‍ദ്ദിക്കുമെന്നും ശര്‍മ ഭീഷണി മുഴക്കി. കോടതിക്കുള്ളിലും പരിസരത്തും നടന്ന മര്‍ദ്ദനത്തില്‍ അന്വേഷണം വേണമെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്.

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും എഐഎസ്എഫ് നേതാവുമായ കന്നയ്യ കുമാറിനെ കോടതിയില്‍ ഹാജരാക്കുന്നതിന് തൊട്ടുമുമ്പ് ഡല്‍ഹി പാട്യാല ഹൗസ് കോടതിയില്‍ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ സിപിഐ നേതാവും മുന്‍ മന്ത്രിയുമായ ബിനോയ് വിശ്വത്തിന് മര്‍ദ്ദനമേറ്റു. മാധ്യമപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. പട്യാല കോടതിയിലേക്കു കടന്നുകയറിയ ബിജെപി അനുകൂല അഭിഭാഷകര്‍ അധ്യാപകരെയും വിദ്യാര്‍ത്ഥികളേയും കയ്യേറ്റം ചെയ്യുകയായിരുന്നു. പോലീസ് നോക്കി നില്‍ക്കെ അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും കോടതിയില്‍ നിന്നും വലിച്ചിറക്കി അഭിഭാഷകര്‍ മര്‍ദിക്കുയായിരുന്നു.
കന്നയ്യയെ കോടതിയില്‍ ഹാജരാക്കുന്നതറിഞ്ഞ് ജെഎന്‍യുവിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും കോടതിയില്‍ എത്തിയിരുന്നു. എന്നാല്‍, ഇവരെ കോടതി പരിസരത്ത് പ്രവേശിക്കാന്‍ അഭിഭാഷകര്‍ അനുവദിച്ചില്ല. അധ്യാപകരും അഭിഭാഷകരുമായി വാക്കേറ്റമുണ്ടായി. ഇതിനിടെ അമ്പതോളം പേരടങ്ങിയ സംഘം അധ്യപകരേയും മാധ്യമ പ്രവര്‍ത്തകരേയും മര്‍ദ്ദിക്കുകയായിരുന്നു. സംഘര്‍ഷം നടക്കുമ്പോള്‍ പൊലീസ് കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നെന്ന് ആരോപണമുണ്ട്.

Local residents of Munirka area protest outside the gates of the JNU, against a function that was allegedly anti national in nature praising Afzal Guru on campus, in the capital New Delhi on friday. Delhi Police security was provided at the entrance to the JNU during the protest. Express Photo by Tashi Tobgyal New Delhi 120216

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ കോടതിയില്‍ ഹാജരാക്കുന്നതിനിടെ സംഘര്‍ഷം. ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ കനയ്യ കുമാറിനെ ഹാജരാക്കിയപ്പോള്‍ ബിജെപി അനുകൂല അഭിഭാഷകരാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. കോടതിയിലെത്തിയ അധ്യാപകരെയും മാധ്യമപ്രവര്‍ത്തകരെയും അഭിഭാഷക സംഘം ക്രൂരമായി മര്‍ദ്ദിച്ചു. ഇതിനിടെ കോടതി പരിസരത്ത് വിദ്യാര്‍ത്ഥികളും അഭിഭാഷകരും തമ്മില്‍ ഏറ്റുമുട്ടി. അക്രമ സംഭവങ്ങളെ തുടര്‍ന്നു കോടതി നടപടികള്‍ തടസപ്പെട്ടു. ഇതേതുടര്‍ന്നു ജില്ലാ ജഡ്ജി മുതിര്‍ന്ന ജഡ്ജിമാരുടെ യോഗം വിളിച്ചു.

ലോംഗ് ലീവ് ഇന്ത്യ’, ‘ജെഎന്‍യു അടച്ചു പൂട്ടുക’ എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു അഭിഭാഷകര്‍ സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചത്. മാധ്യമപ്രവര്‍ത്തക സംഘത്തിനു നേരെയും ആക്രമണമുണ്ടായി. വനിതാ മാധ്യമ പ്രവര്‍ത്തകരെയടക്കം തടഞ്ഞുവെച്ച് ശേഷം തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആവശ്യപ്പെടുകയും ദൃശ്യങ്ങള്‍ പകര്‍ത്തിയത് ചോദ്യം ചെയ്യുകയും ചെയ്തു. കോടതി പരിസരത്ത് സംഘര്‍ഷാന്തരീക്ഷം നിലനില്‍ക്കുകയാണ്. പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ അനുസ്മരണച്ചടങ്ങു സംഘടിപ്പിച്ചതിനു വെള്ളിയാഴ്ചയാണ് കനയ്യ കുമാറിനെ കസ്റ്റഡിയിലെടുത്തത്. രാജ്യദ്യോഹക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ കനയ്യയെ കസ്റ്റഡിയില്‍ വിടുകയായിരുന്നു. കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് കനയ്യകുമാറിനെ കോടതിയില്‍ ഹാജരാക്കിയത്.

ഹീത്രോവില്‍ നിന്ന്‍ ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട വിര്‍ജിന്‍ അറ്റ്ലാന്റിക് വിമാനം ആണ് കോക്ക്പിറ്റില്‍ ലേസര്‍ രശ്മി കണ്ടതിനെ തുടര്‍ന്ന്‍ തിരിച്ചിറക്കിയത്. ലേസര്‍ രശ്മി അടിച്ചതിനെ തുടര്‍ന്ന്‍ പൈലറ്റ്‌മാരില്‍ ഒരാള്‍ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനാല്‍ ആണ് വിമാനം തിരികെ ഇറക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹീത്രോവില്‍ നിന്നും ഏഴോളം മൈല്‍ ദൂരം എത്തിയപ്പോള്‍ ആയിരുന്നു സംഭവം ഉണ്ടായത്.
ലേസര്‍ രശ്മി അടിച്ചതിനെ തുടര്‍ന്ന്‍ പൈലറ്റ്‌മാരില്‍ ഒരാള്‍ക്ക് കാഴ്ച തകരാര്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ്‌ വിമാനം തിരിച്ച് പറത്താന്‍ തീരുമാനിച്ചത്. രണ്ടാമത്തെ പൈലറ്റിന് കുഴപ്പം ഒന്നും ഉണ്ടായില്ല. തങ്ങളുടെ ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷയാണ് പരമ പ്രധാനം എന്നാണ് ഇത് സംബന്ധിച്ച് വിര്‍ജിന്‍ അറ്റ്‌ലാന്റിക് കമ്പനി വക്താവ് പ്രതികരിച്ചത്. സംഭവത്തില്‍ യാത്രക്കാര്‍ക്ക് ഉണ്ടായ അസൌകര്യത്തില്‍ കമ്പനി ഖേദം പ്രകടിപ്പിച്ചു.

സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. വിമാനത്തിലേക്ക് ലേസര്‍ രശ്മി അടിച്ചയാള്‍ക്ക്  വേണ്ടിയാണ് പോലീസ് അന്വേഷിക്കുന്നത്.

കൊച്ചി: മന്ത്രി ഷിബു ബേബി ജോണിനും സരിത എസ്. നായര്‍ക്കും സോളാര്‍ കമ്മീഷന്റെ വിമര്‍ശനം. കമ്മീഷനെതിരായി നടത്തിയ പരാമര്‍ശങ്ങളിലാണ് മന്ത്രിക്കെതിരേ കമ്മീഷന്‍ വിമര്‍ശനമുന്നയിച്ചത്. പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ഷിബു ബേബി ജോണ്‍ സത്യവാങമൂലം സമര്‍പ്പിച്ചിരുന്നു. ബോധപൂര്‍വം അവഹളിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. എന്നാല്‍ മന്ത്രി സ്ഥാനത്തിരുന്ന് ഇത്തരം മോശം പരാമര്‍ശങ്ങള്‍ പാടില്ലെന്നും, സമൂഹത്തിന് ഇത് മോശം സന്ദേശം നല്‍കുമെന്നും കമ്മീഷന്‍ മറുപടി നല്‍കി. സത്യവാങ്മൂലത്തില്‍ പൂര്‍ണ സംതൃപ്തിയില്ലെന്നും എങ്കിലും ഖേദപ്രകടനം അംഗീകരിക്കുന്നതായും കമ്മീഷന്‍ പറഞ്ഞു
കമ്മീഷനു മുന്നില്‍ ഹാജരാകാതിരുന്നതിനാണ് സരിതയെ കമ്മീഷന്‍ വിമര്‍ശിച്ചത്. ഹാജരാകാതെ കോയമ്പത്തൂരില്‍ പോകണം എന്നു പറഞ്ഞാല്‍ നടക്കില്ലെന്നും, ഇതിനു പിന്നില്‍ വേറെ എന്തെങ്കിലും ഉണ്ടോയെന്ന് സംശയമുണ്ടെന്നും കമ്മീഷന്‍ പറഞ്ഞു. എന്നാല്‍ ആരോഗ്യകാരണങ്ങള്‍ മൂലമാണ് സരിത ഹാജരാകാതിരുന്നത് എന്ന് സരിതയുടെ അഭിഭാഷകന്‍ അറിയിച്ചു.18-ാം തിയതി സരിത ഹാജരാകണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. സരിതയ്ക്ക് എതിരായ കമ്മീഷന്റെ വിമര്‍ശനത്തെ സര്‍ക്കാര്‍ അഭിഭാഷകന്‍ പിന്തുണച്ചു.

അതേ സമയം ഷിബു ബേബിജോണിനെതിരായ സോളാര്‍ കമ്മീഷന്റെ പരാമര്‍ശിനെതിരേ യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ രംഗത്തെത്തി. ജഡ്ജിമാര്‍ക്ക് പരിധിവിടാം, ജനപ്രതിനിധികള്‍ക്ക് പാടില്ലേ എന്ന് തങ്കച്ചന്‍ ചോദിച്ചു. ജഡ്ജിമാര്‍ മുന്‍വിധിയോടെ പെരുമാറുന്നുവെന്നും തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കമ്മീഷന്‍ പലപ്പോഴും പരിധികള്‍ ലംഘിക്കുകയാണെന്നും തങ്കച്ചന്‍ ആരോപിച്ചു.

ന്യൂഡല്‍ഹി: ഉഭയസമ്മത പ്രകാരം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന പ്രായപൂര്‍ത്തിയായ ലൈംഗികത്തൊഴിലാളികളുടെ കാര്യത്തില്‍ പൊലീസ് ഇടപെടരുതെന്ന് സുപ്രീം കോടതി. ഇത്തരക്കാരെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു. ലെംഗികത്തൊഴിലാളികളുടെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടിയുളള സുപ്രീം കോടതി സമിതിയാണ് ഈ ശുപാര്‍ശകള്‍ മുന്നോട്ട് വച്ചിരിക്കുന്നത്. 2011ല്‍ രൂപീകരിച്ച സമിതി അടുത്ത മാസം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. രാജ്യത്ത് ലൈംഗികത്തൊഴിലിന് നിയമാനുമതി ഉണ്ടെങ്കിലും പലപ്പോഴും പല നിയമക്കുരുക്കുകളിലും ലൈംഗികത്തൊഴിലാളികള്‍ അകപ്പെടുന്നു.
പലപ്പോഴും തെരുവുകളിലും വേശ്യാലയങ്ങളിലും നടക്കുന്ന ലൈംഗിക ബന്ധങ്ങളില്‍ പൊലീസ് കേസെടുക്കാറുണ്ട്. വേശ്യാലയങ്ങളില്‍ റെയ്ഡ് നടത്തി ലൈംഗികത്തൊഴിലാളികളെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്നും സമിതി നിര്‍ദേശിക്കുന്നു. ലൈംഗികത്തൊഴില്‍ കുറ്റകരമല്ല. എന്നാല്‍ വേശ്യാലയം നടത്തിപ്പ് നിയമവിധേയമല്ലെന്നും സമിതി നിരീക്ഷിച്ചു. ലൈംഗികത്തൊഴിലാളികെ അറസ്റ്റ് ചെയ്യാനോ പിഴയീടാക്കാനോ അധിക്ഷേപിക്കാനോ പാടില്ല. 1956 ഇമ്മോറല്‍ ട്രാഫിക് പ്രിവന്‍ഷന്‍ ആക്ടിന്റെ എട്ടാം വകുപ്പ് അന്വേഷണ ഏജന്‍സികള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി സമിതി കണ്ടെത്തിയിട്ടുണ്ട്.

മുതിര്‍ന്ന അഭിഭാഷകന്‍ പ്രദീപ് ഘോഷ് അധ്യക്ഷനായ സമിതിയാണ് ഇക്കാര്യങ്ങളെക്കുറിച്ച് സമഗ്രമായി പഠിച്ച് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുളളത്. ലൈംഗികത്തൊഴിലാളികള്‍ക്കായി പുനരധിവാസ കേന്ദ്രങ്ങള്‍ സൃഷ്ടിച്ചാല്‍ അവര്‍ക്ക് മാന്യമായി ജീവിക്കാനാകുമെന്നും സമിതി ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ 12 ലക്ഷം ലൈംഗികത്തൊഴിലാളികളില്‍ ഏറെയും ദാരിദ്ര്യം മൂലം ഈ തൊഴില്‍ തെരഞ്ഞെടുത്തവരാണ്. മുന്‍ ലൈംഗികത്തൊഴിലാളികള്‍ക്ക് പുനരധിവാസവും മറ്റ് തൊഴിലും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ ഇവരെ ഇതില്‍ നിന്ന് മോചിപ്പിക്കാനാകുമെന്നും സമിതി പറയുന്നു.

ലൈംഗികത്തൊഴിലാളികള്‍ക്ക് മറ്റുളള സ്ത്രീകളേപ്പോലെ തന്നെ അവകാശങ്ങളുണ്ട്. ഇവരുടെ നേരെയുണ്ടാകുന്ന ഏതൊരു ആക്രമണത്തെക്കുറിച്ചും പരാതി ലഭിച്ചാല്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണ്. പതിനെട്ട് വയസിന് മുകളിലുളള ലൈംഗികത്തൊഴിലാളികളെ പത്ത് വര്‍ഷം വരെ തടവിന് ശിക്ഷിക്കാനുളള നിയമം ഭേദഗതി ചെയ്യേണ്ടതുണ്ടെന്നും സമിതി ശുപാര്‍ശ ചെയ്തു.

ലൈംഗികത്തൊഴിലിലേക്ക് ഒരു സ്ത്രീയെ നയിച്ചത് അവരുടെ രക്ഷിതാക്കളോ മക്കളോ പങ്കാളിയോ അല്ലാത്ത സാഹചര്യത്തില്‍ അവരെ ശിക്ഷിക്കേണ്ട ആവശ്യമില്ലെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു. പൊതു ഇടങ്ങളില്‍ ലൈംഗിക വ്യാപാരം നടത്തുന്നവരെ ജയിലിലേക്ക് അയക്കുന്നതിന് പകരം കറക്ഷന്‍ ഹോമുകളിലേക്കാണ് അയക്കേണ്ടത്. ഇത്തരം കേന്ദ്രങ്ങളില്‍ ഇവരെ ഒരു കൊല്ലത്തില്‍ കൂടുതല്‍ പാര്‍പ്പിക്കാനും പാടില്ല. പൊതു ഇടങ്ങളിലെ ലൈംഗിക വ്യാപാരം കുറ്റകരമാണ്.

RECENT POSTS
Copyright © . All rights reserved