Main News

ബിനോയ് പൊന്നാട്ട്

കേരള രാഷ്ട്രീയത്തില്‍ ഇന്നുവരെ യാതൊരുവിധ ആരോപണങ്ങളും കേള്‍ക്കാത്ത, അഴിമതിയുടെ കറപുരളാത്ത സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയാണ് ഫ്രാന്‍സിസ് ജോര്‍ജ്. അതുകൊണ്ട്തന്നെ സംശുദ്ധിയുടെ പ്രകാശഗോപുരത്തില്‍ നില്‍ക്കുന്ന അപൂര്‍വം നേതാക്കളില്‍ ഒരാളും, കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവര്‍ക്കും സുസ്സമ്മതനുമാണ് ഫ്രാന്‍സിസ് ജോര്‍ജ്. ഫ്രാന്‍സിസ് ജോര്‍ജിന്റെ പ്രസംഗങ്ങളില്‍ ആക്രോശമോ വെല്ലുവിളിയോ ഇല്ല. മുഖം തികച്ചും ശാന്തം തികഞ്ഞ മര്യദയും, മാന്യതയും പ്രസരിപ്പിക്കുന്ന രാഷ്ട്രീയ എതിരാളികള്‍ പോലും ബഹുമാനിക്കുന്ന ആകര്‍ഷകമായ വ്യക്തിത്വo.

പക്ഷേ വാചകങ്ങള്‍ക്ക് മൂര്‍ച്ചയും ശക്തിയുമുണ്ട് ശബത്ഥത്തിനു ദൃഢതയും ഇതാണ് ഫ്രാന്‍സിസ് ജോര്‍ജ്. കേരള കോണ്‍ഗ്രെസുകളില്‍ ഇന്നുള്ള നേതാക്കളെ ഫ്രാന്‍സിസ് ജോര്‍ജിന്റെ മികച്ച വ്യക്തിത്വവുമായി താരതമ്യം ചെയ്യാന്‍ ആവില്ല. അതുകൊണ്ടാണ് ഒരിക്കല്‍ പി ജെ ജോസഫ് പരസ്യമായി കെ എം മാണിയുടെ സാനിധ്യത്തില്‍ പ്രസംഗിച്ചത് ഫ്രാന്‍സിസ് ജോര്‍ജ് പൊതുപ്രവര്‍ത്തകര്‍ക്കു മാതൃകയാണെന്ന്. ഓണ്‍ ലൈന്‍ മാധ്യമ രംഗത്തു കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി നിറഞ്ഞു നില്‍ക്കുകയും, മികച്ച അവതരണത്തിലൂടെ സത്യ സന്ധമായി വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിക്കുകയും ചെയ്യുന്ന മലയാളം യു.കെ യ്ക്ക് ഫ്രാന്‍സിസ് ജോര്‍ജ് എല്ലാ ഭാവുകങ്ങളും ആശംസിച്ചു.

മലയാളം എന്ന പേരില്‍ തന്നെ ഒരു ഓണ്‍ ലൈന്‍ മാധ്യമo യു.കെയില്‍ പ്രവര്‍ത്തിക്കുന്നു എന്നത് മലയാളികള്‍ക്ക് ഏറെ സന്തോഷകരമാണ്. മലയാളികളായ നഴ്‌സുമാരുടെ ഒരു കൂട്ടായ്മ യു.കെയില്‍ മലയാളം യു.കെ സംഘടിപ്പിക്കുന്നത് അഭിനന്ദനാര്‍ഹമാണ്. മലയാളം യു.കെയുടെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന അവാര്‍ഡ് നൈറ്റിനും, നഴ്‌സിംഗ് ദിനാചരണത്തിനും വിജയാശംസകള്‍ നേരുന്നു. ഭാവിയിലും അവരുടെ പ്രവര്‍ത്തനങ്ങള്‍ ജനഹൃദയങ്ങളില്‍ എത്തട്ടെ എന്ന് ആശംസിക്കുന്നു ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.

മലയാളം യു കെ യുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ലെസ്റ്ററില്‍ നടക്കുന്ന അവാര്‍ഡ് നൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ധ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. മലയാളം യു കെ നേഴ്‌സിംഗ് പ്രൊഫഷണില്‍ ഉള്ളവര്‍ക്കായി നടത്തിയ ലേഖന മത്സരത്തിന് കിട്ടിയ മികച്ച പ്രതികരണം മലയാളം യു കെ എക്‌സല്‍ അവാര്‍ഡ് നൈറ്റ് യുകെ മലയാളി സമൂഹം നെഞ്ചിലേറ്റിയതിന് തെളിവാണ്.

മെയ് പതിമൂന്നിന് ലെസ്റ്റര്‍ കേരളാ കമ്യൂണിറ്റി ആതിഥേയത്വം വഹിക്കുന്ന മലയാളം യു കെ എക്‌സല്‍ അവാര്‍ഡ് നൈറ്റിന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍. ജോസഫ് സ്രാമ്പിക്കല്‍ മുഖ്യാതിഥി ആയിരിക്കും. ജോയിസ് ജോര്‍ജ് എംപി സ്‌പെഷ്യല്‍ ഗസ്റ്റായിരിക്കും. ലെസ്റ്ററില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.

ലണ്ടന്‍: ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് വിദേശരാജ്യങ്ങളില്‍ ഇപ്പോള്‍ ലഭ്യമായി വരുന്ന സൗജന്യ ചികിത്സാ സൗകര്യങ്ങള്‍ ബ്രെക്‌സിറ്റോടെ ഇല്ലാതാകുമെന്ന് എംപിമാരുടെ മുന്നറിയിപ്പ്. യൂറോപ്യന്‍ രാജ്യങ്ങളിലാണ് ഇപ്പോള്‍ ഈ സൗകര്യം ലഭിക്കുന്നത്. ബ്രെകസിറ്റ് നടപടികള്‍ പൂര്‍ണ്ണമായാല്‍ ക്യാന്‍സര്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ക്ക് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കണമെങ്കില്‍ ചെലവേറിയ പ്രൈവറ്റ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ചേരേണ്ടി വരും. ഹൗസ് ഓഫ് കോമണ്‍സ് ഹെല്‍ത്ത് സെലക്റ്റ് കമ്മിറ്റിയാണ് ഈ മുന്നറിയിപ്പ് നല്‍കിയത്.

യൂറോപ്യന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡ് പദ്ധതിയനുസരിച്ചാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് സൗജന്യ ചികിത്സ ലഭിക്കുന്നത്. ചികിത്സ നല്‍കുന്ന രാജ്യങ്ങള്‍ക്ക് രോഗിക്ക് പൗരത്വമുള്ള രാജ്യത്തു നിന്ന് ചികിത്സയ്ക്ക് ചെലവായ പണം ലഭിക്കുകയും ചെയ്യും. എന്നാല്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകുന്നതോടെ ഈ സൗകര്യവും സ്വാഭാവികമായി ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് നഷ്ടമാകും. എന്നാല്‍ ആരോഗ്യപരിപാലനരംഗത്തെ ഇത്തരം സൗകര്യങ്ങള്‍ തുടര്‍ന്നും ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ ഉണ്ടാകണമെന്ന നിര്‍ദേശമാണ് ഉയരുന്നത്.

വിദേശത്ത് താമസിക്കുന്ന ബ്രിട്ടീഷ് പൗരന്‍മാരില്‍ ഇത് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചെലവേറിയ പ്രൈവറ്റ് ഇന്‍ഷുറന്‍സ് പോളിസികള്‍ ഇവര്‍ക്ക് എടുക്കേണ്ടതായി വരും. രോഗചികിത്സക്കായി വിദേശത്തുള്ള ബ്രിട്ടീഷ് പൗരന്‍മാര്‍ രാജ്യത്തേക്ക് തിരിച്ചു വരുന്ന അവസ്ഥയും ഉണ്ടാകും. മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ബ്രിട്ടനില്‍ എത്തണമെങ്കിലും ഇതേ സാഹചര്യങ്ങള്‍ നേരിടേണ്ടതായി വരുമെന്നതിനാല്‍ ബ്രിട്ടന്റെ ടൂറിസം വ്യവസായത്തെയും ഇത് ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

ലണ്ടന്‍: ബാങ്കിംഗ് മേഖലയില്‍ പുതിയ ചലനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഡ്രൈവ് ത്രൂ ബാങ്കുകള്‍ അടുത്ത വര്‍ഷം മുതല്‍ ആരംഭിക്കുന്നു. രാജ്യത്തെ പ്രമുഖ ബാങ്കുകളെല്ലാം തങ്ങളുടെ ലോക്കല്‍ ബ്രാഞ്ചുകള്‍ക്ക് പകരം വീഡിയോ ടെല്ലര്‍മാരുമായി ഉപഭോക്താക്കള്‍ക്ക് സംവദിക്കാവുന്ന ഹൈടെക് വിര്‍ച്വല്‍ ബാങ്കുകള്‍ തുടങ്ങാനുള്ള ചര്‍ച്ചകളിലാണ്. ഇത്തരം ബാങ്കുകളില്‍ എല്ലാ ബാങ്കിംഗ് സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് സ്വന്തം കാറിലിരുന്നുകൊണ്ടു തന്നെ ചെയ്യാം. 2018ഓടെ ഡ്രൈവ് ത്രൂ ബാങ്കുകളും ബാങ്ക് ഇന്‍ ബോക്‌സ് എടിഎമ്മുകളും സ്ഥാപിക്കുന്നതിനായി പ്രമുഖ് ബാങ്കുകള്‍ തങ്ങളെ സമീപിച്ചതായി ഫിനാന്‍ഷ്യല്‍ ടെക്‌നോളജി സ്ഥാപനമായ എന്‍സിആര്‍ വ്യക്തമാക്കി.

ഫ്രാന്‍സിലും ജര്‍മനിയിലും അമേരിക്കയിലും ഡ്രൈവ് ത്രൂ ബാങ്കുകള്‍ ഇപ്പോള്‍ത്തന്നെയുണ്ട്. ഈ രാജ്യങ്ങളില്‍ ഇവ സാധാരണയായി മാറിക്കഴിഞ്ഞു. യുകെയില്‍ ബാങ്കുകള്‍ തങ്ങളുടെ ലോക്കല്‍ ബ്രാഞ്ചുകള്‍ മിക്കവയും അടച്ചുപൂട്ടുകയാണ്. ഈ വര്‍ഷം ബ്രാഞ്ചുകള്‍ അടക്കുന്നതില്‍ റെക്കോര്‍ഡ്തന്നെ ഉണ്ടാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടെ 1046 ബ്രാഞ്ചുകളാണ് രാജ്യത്ത് അടച്ചുപൂട്ടിയത്. ഇവയ്ക്ക് പകരം ഹൈടെക് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവ്ത്രൂ ബാങ്കുകള്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണ ബാങ്കുകളുടെ അതേ സേവനങ്ങള്‍ താരതമ്യേന കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാന്‍ ഇവയ്ക്ക് സാധിക്കുകയും ചെയ്യും.

എന്‍സിആര്‍ അവതരിപ്പിക്കുന്ന ബാങ്ക് ഇന്‍ എ ബോക്‌സ് സംവിധാനത്തില്‍ സൈ്വപ്പ് ചെയ്യാനും സൂം ചെയ്ത് കാണാനുമുള്ള സൗകര്യങ്ങള്‍ ഉണ്ട്. ടാബ്ലെറ്റിലെന്നതുപോലെയുള്ള 19 ഇഞ്ച് സ്‌ക്രീനില്‍ എല്ലാ സൗകര്യങ്ങളും ലഭ്യമാകും. ബാങ്ക് ഉദ്യോഗസ്ഥരുമായി സംസാരിക്കണമെങ്കില്‍ വീഡിയോ ബാങ്കിംഗ് ഓപ്ഷനും ലഭ്യമാണ്. സാധാരണ ബ്രാഞ്ചുകളില്‍ നടത്തുന്ന ഇടപാടുകളില്‍ 80 ശതമാനവും വീഡിയോ ടെല്ലര്‍ ബാങ്കുകളിലൂടെ നടത്താനാകും. എന്നാല്‍ സാധാരണ ബാങ്കിംഗ് രീതികളുമായി മാത്രം പരിചയമുള്ള പ്രായമായവര്‍ക്ക് ഈ പുതിയ സംവിധാനങ്ങള്‍ എത്രമാത്രം വഴങ്ങുമെന്ന കാര്യത്തില്‍ ചില കേന്ദ്രങ്ങള്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

ലണ്ടന്‍: നോര്‍ത്ത്, സൗത്ത് അയര്‍ലന്‍ഡുകള്‍ ഒരുമിച്ചാല്‍ അംഗത്വം നല്‍കാമെന്ന് യൂറോപ്യന്‍ യൂണിയന്‍. അയര്‍ലന്‍ഡുകള്‍ യോജിച്ചാല്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് സ്വാഭാവികമായും യൂണിയന്റെ ഭാഗമായി തുടരുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. ബ്രെക്‌സിറ്റിനോട് അനുബന്ധിച്ചുള്ള ചര്‍ച്ചകളിലാണ് ഈ നിര്‍ദേശം ഉയര്‍ന്നു വന്നത്. ഇത് പ്രാവര്‍ത്തികമായാണ് ഐറിഷ് സര്‍ക്കാരിന്റെ വിജയമായി കണക്കാക്കപ്പെടും. ബെര്‍ലിന്‍ മതില്‍ തകര്‍ക്കപ്പെട്ടതിനു ശേഷം മുന്‍ കിഴക്കന്‍ ജര്‍മന്‍ സ്‌റ്റേറ്റുകളെ യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറാക്കിയ ജിഡിആര്‍ ക്ലോസ് ഉപയോഗിക്കണമെന്ന് അയര്‍ലന്‍ഡ് ആവശ്യപ്പെട്ട് വരികയാണ്.

എന്നാല്‍ അയര്‍ലന്‍ഡ് സംയോജനം സാധ്യമാകണമെങ്കില്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ജനങ്ങളുടെ താല്‍പര്യം കൂടി പരിഗണിക്കണം. യുകെയില്‍ തുടരാനാണ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നത്. അതുകൊണ്ടുന്നെ അയര്‍ലന്‍ഡ് സംയോജനം നടപ്പാകുന്നത് അത്ര എളുപ്പമാവില്ല. ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ അയര്‍ലന്‍ഡിനെ വിഘടിപ്പിക്കാനുള്ള ശ്രമമായി ഇത് വ്യാഖ്യാനിക്കപ്പെടാനും ഇടയുണ്ട്.

ജിബ്രാള്‍ട്ടര്‍ വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്റെ നിലപാട് എന്താണെന്ന് യുകെയില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ വീണ്ടും അയര്‍ലന്‍ഡ് സംയോജനത്തേക്കുറിച്ചുള്ള ചര്‍ത്തകള്‍ വീണ്ടും സജീവമാക്കിയിരിക്കുകയാണ്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ 62 ശതമാനം ജനങ്ങളും യുകെയില്‍ തുടരുന്നതിനെ അനുകൂലിക്കുന്നുവെന്നാണ് അടുത്തിടെ നടന്ന സര്‍വേ വ്യക്തമാക്കുന്നത്.

ലണ്ടന്‍: കോള ഉല്‍പ്പന്നങ്ങളോടുള്ള ജനപ്രീതി ഇടിയുകയും വിപണി തകരുകയും ചെയ്ത സാഹചര്യത്തില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ കോക്കകോള ഒരുങ്ങുന്നു. തങ്ങളുടെ ജീവനക്കാരുടെ എണ്ണത്തില്‍ 20 ശതമാനം കുറവ് വരുത്താനാണ് തയ്യാറെടുക്കുന്നതെന്ന് അമേരിക്കന്‍ ശീതള പാനീയ ഭീമന്‍ വ്യക്തമാക്കി. ഈ വര്‍ഷം അവസാനത്തോടെ 1200 കോര്‍പറേറ്റ് തസ്തികകള്‍ ഇല്ലാതാക്കും. 800 മില്യന്‍ ഡോളറിന്റെ ചെലവ് ഈ നടപടിയിലൂടെ കുറയ്ക്കാനാകുമെന്നാണ് കമ്പനി കണക്ക്കൂട്ടുന്നത്.

2019ഓടെ 3.8 ബില്യന്‍ ഡോളറിന്റെ ചെലവ്ചുരുക്കല്‍ നടപടികളാണ് കോക്കകോള നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നത്. 5500 കോര്‍പറേറ്റ് ജീവനക്കാരെ ഒഴിവാക്കാനാണ് അടുത്ത പടിയായി ഉദ്ദേശിക്കുന്നത്. കോര്‍പറേറ്റ് ജീവനക്കാരുടെ 22 ശതമാനം വരും ഇത്. മൊത്തം ജീവനക്കാരില്‍ ഒരു ശതമാനം മാത്രമാണ് ഇത്. 100,300 ജീവനക്കാരാണ് കമ്പനിക്ക് ആകെയുള്ളത്. ആഗോളതലത്തില്‍ പഞ്ചസാരയടങ്ങിയ പാനീയങ്ങള്‍ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്. അതിന്റെ ഫലമായാണ് കോക്കകോളയുടെ വിപണി വിഹിതത്തിലും കുറവുണ്ടായത്.

2017ന്റെ ആദ്യ മൂന്നു മാസങ്ങളില്‍ ആഗോള വിപണിയില്‍ കോക്കകോളയുടെ വിപണിവിഹിതം ഒരു ശതമാനം ഇടിഞ്ഞതായാണ് കണക്ക്. അമേരിക്കയിലും യൂറോപ്പിലും ജനങ്ങള്‍ പഞ്ചസാരയുടെ അളവ് ഉയര്‍ന്ന തോതിലുള്ള ഇത്തരം പാനീയങ്ങള്‍ ഒഴിവാക്കുകയാണ്. ഇങ്ങനെയാണെങ്കില്‍ ഈ വര്‍ഷത്തെ ലാഭത്തില്‍ ഒന്ന് മുതല്‍ മൂന്ന് ശതമാനം വരെ ഇടിവ് ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നെസ്ലെ പോലുള്ള കമ്പനികള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കാനുള്ള ഗവേഷണങ്ങളിലാണ്.

ലണ്ടന്‍: വായു മലിനീകരണം നിയന്ത്രിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന് മുമ്പായി ഇക്കാര്യത്തില്‍ വിധി പുറപ്പെടുവിക്കുന്നത് ഒഴിവാക്കണമെന്ന സര്‍ക്കാര്‍ ആവശ്യം നിരസിച്ചുകൊണ്ടാണ് ഹൈക്കോടതി നിര്‍ണ്ണായകമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രതിവര്‍ഷം 40,000 അകാല മരണങ്ങള്‍ക്ക് കാരണമാകുന്ന വായു മലിനീകരണം നിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ക്ക് സാധിച്ചിരുന്നില്ല. നടപടിയെടുക്കാത്തതിന് പരിസ്ഥിതി സ്റ്റേറ്റ് സെക്രട്ടറി ആന്‍ഡ്രിയ ലീഡ്‌സമിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കാനും കോടതി നിര്‍ദേശിച്ചു.

ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ വായുമലിനീകരണം നിയന്ത്രിക്കാനുള്ള നടപടികള്‍ പ്രഖ്യാപിക്കാനാണ് നിര്‍ദേശം. ഇല്ലെങ്കില്‍ കൂടുതല്‍ നടപടികള്‍ നേരിടേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി. പൊതുജനാരോഗ്യം സംരക്ഷിക്കാനുള്ള നടപടികളുടെ കരട് പ്രഖ്യാപിക്കേണ്ടത് അത്യാവശ്യമാണെന്ന് ജസ്റ്റിസ് ഗാണ്‍ഹാം പറഞ്ഞു. അപ്പീല്‍ നല്‍കാനുള്ള സര്‍ക്കാര്‍ നീക്കവും അദ്ദേഹം നിരസിച്ചു. പൊതു തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ നയങ്ങള്‍ പ്രഖ്യാപിക്കുന്നത് നീട്ടിവെക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിമാര്‍ കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് കോടതി നിര്‍ണ്ണായകമായ വിധി പുറപ്പെടുവിച്ചത്.

മലിനീകരണ നിയന്ത്രണത്തിനായി നയങ്ങള്‍ നടപ്പാക്കിയാല്‍ മലിനീകരണ മുക്ത സോണുകള്‍ രാജ്യത്ത് സ്ഥാപിക്കേണ്ടതായി വരും. മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരില്‍ നിന്ന് ഈ സോണുകളില്‍ കനത്ത പിഴയായിരിക്കും ഈടാക്കുക. രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ നയങ്ങള്‍ നടപ്പാക്കണമെന്നാണ് കോടതി ആവശ്യചപ്പെട്ടിരിക്കുന്നത്. മെയ് നാലിനാണ് ലോക്കല്‍ തെരഞ്ഞെടുപ്പ്. അതിനു ശേഷം മെയ് 9ന് ഇവ നിലവില്‍ വരും. മലിനീകരണ പ്രശ്‌നവും ഇതോടെ ജൂണില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും.

 

ഇടുക്കി: വിവാദങ്ങള്‍ ഉണ്ടായതിന്റെ പേരില്‍ സംസാര ശൈലി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി എം.എം മണി. തന്റെ ശൈലി ഇതാണ് അത് അങ്ങനെ തന്നെ തുടരുകയും ചെയ്യും. ശൈലി മാറ്റിയാല്‍ പിന്നെ താനില്ലെന്നും എം.എം മണി വ്യക്തമാക്കി. വിവാദമുണ്ടാകാന്‍ കാരണമായി എന്ന പേരിലാണ് പാര്‍ട്ടി തനിക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ചത്. അല്ലാതെ അതില്‍ പ്രത്യേകിച്ച് കാരണങ്ങളില്ലെന്നും എം.എം മണി വിശദീകരിച്ചു.

പാര്‍ട്ടിയുടെ ശാസനാ നടപടി പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നു. തന്റെ പ്രസംഗത്തില്‍ സ്ത്രീ വിരുദ്ധത ഉണ്ടെന്ന് പാര്‍ട്ടി ഒരു ഘട്ടത്തിലും വിലയിരുത്തിയിട്ടില്ല. തന്റെ പരാമര്‍ശങ്ങളുടെ പേരില്‍ വിവാദമുണ്ടായി എന്നത് ശരിയാണ് ഇനി അതുണ്ടാകാതെ ശ്രദ്ധിക്കും. അല്ലാതെ തന്റെ ശൈലിയില്‍ യാതൊരു മാറ്റവുമുണ്ടാകില്ല.

സഹോദരനായ ലംബോദരന്റെ പേര് പറഞ്ഞ് തന്നെ പേടിപ്പിക്കാന്‍ നോക്കേണ്ട. അയാളുടെ ജോലി ബിസിനസും തന്റെ മേഖല രാഷ്ട്രീയവുമാണ്. സഹോദരന്‍ കൈയേറ്റം നടത്തിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കട്ടെയെന്നും എം.എം മണി വ്യക്തമാക്കി.

 

അപ്പച്ചന്‍ കണ്ണഞ്ചിറ

സ്റ്റീവനേജ്: മാര്‍ഷ്യല്‍ ആര്‍ട്‌സിലെ പ്രശസ്തമായ ‘ടേയ് ക്വോണ്‍ ടോ’ സ്‌പോര്‍ട്‌സ് വിഭാഗത്തില്‍ നടന്ന ഇംഗ്ലീഷ് നാഷണല്‍ കോമ്പറ്റീഷനില്‍ ജൂനിയര്‍ മിഡില്‍ വെയിറ്റ് വിഭാഗം ‘സ്പാറിങ്ങില്‍’ ജേതാവായി മലയാളി ബാലന് തിളക്കമാര്‍ന്ന വിജയം. സ്റ്റീവനേജില്‍ നിന്നുള്ള ബെഞ്ചമിന്‍ ഐസക് ആണ് മലയാളികള്‍ക്ക് അഭിമാനമായി വൂസ്റ്ററില്‍ വെച്ച് നടത്തപ്പെട്ട നാഷണല്‍ മത്സരത്തില്‍ കിരീടമണിഞ്ഞത്. ആറുമാസത്തെ പരിശീലനം മാത്രം നേടി ഈ രംഗത്തെ നവാഗതനും, മുമ്പ് മത്സരങ്ങള്‍ കണ്ടോ പങ്കെടുത്തോ പരിചയം പോലും ഇല്ലാതെ പോര്‍ക്കളത്തിലിറങ്ങി TAGB (‘ടേയ് ക്വോണ്‍ ടോ’ അസോസിയേഷന്‍ ഓഫ് ഗ്രേറ്റ് ബ്രിട്ടണ്‍) ഇംഗ്ലീഷ് ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യന്‍ പട്ടം നേടിയെന്നതിലാണ് ബെഞ്ചമിന്‍ ഏവരുടെയും കയ്യടി നേടിയത്.

ബെഞ്ചമിന്റെ, തലക്ക് മേല്‍ പാദം ഉയര്‍ത്തി ആഞ്ഞ് കിക്കെടുക്കുമ്പോള്‍ തന്നെ മുഷ്ടി ചുരുട്ടി അക്രമിക്കുന്ന ശൈലി ഈ കൊമ്പറ്റീഷനില്‍ ആകര്‍ഷകവും ശ്രദ്ധേയവും പ്രശസ്തവുമായിക്കഴിഞ്ഞു. ത്വരിത റെസ്‌പോണ്‍സ്, നല്ല മെയ്‌വഴക്കം, ഏകാഗ്രത, കായിക ക്ഷമത, മനോ ശക്തി എല്ലാം ഒത്തു ചേര്‍ന്നാല്‍ മാത്രം വിജയിക്കാവുന്ന ഒരു അഭ്യാസമുറയാണ് ‘ടേയ് ക്വോണ്‍ ടോ’. ഏറെ കഴിവുകളും ലക്ഷ്യ ബോധവും അര്‍പ്പണ മനോഭാവവും നിറഞ്ഞ കഠിനാദ്ധ്വാനിയും മിടുക്കനുമായിട്ടാണ് ബെഞ്ചമിനെപ്പറ്റി മുതിര്‍ന്ന പരിശീലകന്‍ ജോണ്‍ പവല്‍ സ്‌കൂള്‍ ബോര്‍ഡിലെ അഭിനന്ദനക്കുറിപ്പില്‍ രേഖപ്പെടുത്തിയത്.

 

ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ബെഞ്ചമിന്‍ സ്റ്റീവനേജിലെ നോബല്‍ സ്‌കൂളിലാണ് പഠിക്കുന്നത്. ഡ്രോയിങ്ങിലും പെയിന്റിങിലും കലാ വാസനയുള്ള ബെഞ്ചമിന്‍ പെറ്റുകളെ ലാളിച്ചു വളര്‍ത്തുന്ന ഒരു മൃഗസ്നേഹി കൂടിയാണ്. ലോകത്തിലെ ഏറ്റവും വലിയ ഭാഷയായ ചൈനയുടെ ‘മാന്‍ഡാറിന്‍’ അനായാസം ഉപയോഗിക്കുവാനും ഭാഷയില്‍ വളരെ പ്രാഗത്ഭ്യം തെളിയിക്കുവാനും ബെഞ്ചമിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. പതിനാലാം വയസ്സിലേക്ക് ചുവടു വെക്കുമ്പഴേക്കും ‘ഷോട്ടോകാന്‍ കരാട്ടെ’യില്‍ അടിസ്ഥാന പരിശീലനം നേടിയ ബെഞ്ചമിന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ സെന്റ് നിക്കോളാസ് സ്‌കൂളിലെ ഏറ്റവും നല്ല സ്‌പോര്‍ട്‌സ്മാനും, ഇന്റ്റര്‍ കൗണ്ടി സ്‌കൂള്‍ ജാവലിന്‍ ത്രോ മത്സരത്തില്‍ ചാമ്പ്യനും ആയിരുന്നു.

ബെഞ്ചമിന്റെ ഏക സഹോദരന്‍ ബെനഡിക്ട് സ്റ്റീവനേജ് പിന്‍ ഗ്രീന്‍ ഫുട്‌ബോള്‍ ക്ലബ്ബിന്റെ പ്രമുഖ മിഡ്ഫീല്‍ഡര്‍ എന്ന നിലയിലാണ് സ്റ്റീവനേജില്‍ പ്രശസ്തനായിട്ടുള്ളത്. പുതിയ സീസണില്‍ ടീമിന്റെ ടോപ് സ്‌കോറര്‍ സ്ഥാനം നിലനിര്‍ത്തിപ്പോരുന്ന ബെനഡിക്ട് വിഡിയോ ഗെയിമില്‍ അഗ്രഗണ്യനാണ്. എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് ബെനഡിക്ട്.

മൂവായിരത്തോളം വര്‍ഷങ്ങളുടെ ചരിത്രം അവകാശപ്പെടുന്ന മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ ഏറ്റവും ജന പങ്കാളിത്തം നേടിയ ‘ടേയ് ക്വോണ്‍ ടോ’ കായിക ക്ഷമതയും, വിനോദവും, സ്വയ രക്ഷയും പ്രധാനം ചെയ്യുന്ന ഒരു ആകര്‍ഷകമായ സ്‌പോര്‍ട്‌സിനമാണ്. ആയതിനാല്‍ തന്നെ ഏറ്റവും നവീന ഇനമായി ഒളിമ്പിക് സ്‌പോര്‍ട്‌സില്‍ ‘ടേയ് ക്വോണ്‍ ടോ’ മത്സരം ഉള്‍പ്പെടുത്തിക്കഴിഞ്ഞു.

ലോക പ്രശസ്ത ‘സ്‌പോര്‍ട്ടിങ് ആന്‍ഡ് സെല്ഫ് ഡിഫെന്‍സ്’ അഭ്യാസ കലയായ കൊറിയന്‍ ‘ടേയ് ക്വോണ്‍ ടോ’ സ്‌പോര്‍ട്‌സില്‍ 184 രാജ്യങ്ങളിലായി 60 മില്യണ്‍ ജനങ്ങള്‍ പരിശീലിച്ചു വരുന്നുണ്ടത്രേ. ‘ടേയ് ക്വോണ്‍ ടോ’ എന്ന പേരിന്റെ അര്‍ത്ഥം പാദവും മുഷ്ടിയും ഉപയോഗിച്ച് തര്‍ക്കുകയോ, അക്രമിക്കുകയോ ചെയ്യുന്ന കല എന്നാണ്. 1983 ല്‍ യുകെയില്‍ ആരംഭിച്ച ഈ സ്‌പോര്‍ട്‌സിനം ദേശീയ അംഗീകാരവും യുകെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗത്വവും നേടിയിട്ടുണ്ട്.

കൊല്ലം ജില്ലയിലെ നല്ലില വാഴപ്പള്ളില്‍ കുടുംബാംഗവും സ്റ്റീവനേജില്‍ താമസിക്കുകയും ചെയ്യുന്ന ഐസക് (റെജി), കണ്ണൂര്‍ തേര്‍മല സ്വദേശിയും സ്റ്റീവനേജ് ലിസ്റ്റര്‍ ഹോസ്പിറ്റലില്‍ നേഴ്സുമായ സിബി ഐസക് ദമ്പതികളുടെ രണ്ടു മക്കളില്‍ മൂത്ത മകനാണ് ബെഞ്ചമിന്‍. സര്‍ഗ്ഗം സ്റ്റീവനേജ് മലയാളി കമ്മ്യൂണിറ്റിയിലും വിശ്വാസ കൂട്ടായമകളിലും സജീവ സാന്നിദ്ധ്യമായ ഐസക്കിന്റെ കുടുംബം അറിയപ്പെടുന്ന ഗായക കുടുംബമാണ്. ഒട്ടു മിക്ക വാദ്യോപകരങ്ങളും അനായാസം കയ്യാളുവാന്‍ ഐസക്കിന് കഴിയും.

ബെഞ്ചമിന്റെ ഉന്നത നേട്ടത്തില്‍ സ്റ്റീവനേജ് മലയാളികളുടെ കൂട്ടായ്മയായ ‘സര്‍ഗ്ഗം സ്റ്റീവനേജി’നു വേണ്ടി ഭാരവാഹികളായ അബ്രാഹം കുരുവിള, മനോജ് ജോണ്‍,ഷാജി ഫിലിഫ് എന്നിവര്‍ അനുമോദനവും, ആശംസകളും നേര്‍ന്നു. ഒളിംപിക്സില്‍ പുതിയതായി ചേര്‍ക്കപ്പെട്ട ഈ കായിക ഇനത്തില്‍ മലയാളികള്‍ക്ക് അഭിമാനമായി ഇംഗ്ലീഷ് ചാമ്പ്യനായ ബെഞ്ചമിന്‍ ഉയര്‍ന്നു വരട്ടെ എന്നാണ് എല്ലാ പ്രവാസി മലയാളികളുടെയും അഭിലാഷവും ആശംസകളും.

മൂന്നാറില്‍ പെമ്പിളൈ ഒരുമൈ സമരപ്പന്തലില്‍ സംഘര്‍ഷം. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണ വേണ്ടെന്ന് ഗോമതി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സംഘര്‍ഷം. ആം ആദ്മി പ്രവര്‍ത്തകരും നാട്ടുകാരെന്ന് അവകാശപ്പെട്ടുവന്ന ചിലരും തമ്മിലാണ് സംഘര്‍ഷം അരങ്ങേറിയത്.
ആം ആദ്മി പ്രവര്‍ത്തകര്‍ ഇവിടെ സമരം ചെയ്യേണ്ടെന്നു പറഞ്ഞായിരുന്നു സംഘര്‍ഷം. മൂന്നാറിലെ ആളുകള്‍ സമരം ചെയ്യുമ്പോള്‍ പുറത്തുനിന്നു വന്ന് ആരും സമരം ചെയ്യേണ്ടെന്നും അവരില്‍ ചിലര്‍ പറഞ്ഞു. എഎപിക്കാര് ഇവിടെ വന്ന് ഷോ കാണിക്കേണ്ടെന്നും ഇവിടുത്തെ കാര്യം നോക്കാന്‍ ഇവിടുള്ളവര്‍ക്ക് അറിയാമെന്നുമായിരുന്നു അതിലൊരാളുടെ വാദം. ഇതിനിടെ, സമരപ്പന്തല്‍ പാെളിക്കാന്‍ ഇവരില്‍ ചിലര്‍ ശ്രമം നടത്തി.

അതേസമയം, പ്രശ്‌നം ഉണ്ടാക്കിയവര്‍ സിപിഐഎമ്മുകാരാണെന്നും തങ്ങളുടെ സമരം തകര്‍ക്കാനും ആം ആദ്മി പ്രവര്‍ത്തകരെ ഒഴിവാക്കിയ ശേഷം തങ്ങളെ അടിച്ചുകൊല്ലാനാണ്അവരുടെ ശ്രമമെന്നും പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി പറഞ്ഞു. ആം ആദ്മി പ്രവര്‍ത്തകര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നും എന്നാല്‍ അവര്‍ നിരാഹാരം ഇരിക്കില്ലെന്നും ഗോമതി പറഞ്ഞു.

സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ പൊലീസെത്തിയാണ് സ്ഥിതി അല്‍പ്പമെങ്കിലും ശാന്തമാക്കിയത്. സ്ഥലത്ത് കൂടുതല്‍ പൊലീസ് എത്തിയിട്ടുണ്ട്.

ലണ്ടന്‍: സൗത്ത് ആഫ്രിക്ക, ചിലി, ലിത്വാനിയ എന്നീ രാജ്യങ്ങളില്‍ ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ മാധ്യമ സ്വാതന്ത്ര്യമാണ് യുകെയില്‍ ലഭിക്കുന്നതെന്ന് വെളിപ്പെടുത്തല്‍. മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ യുകെ 40-ാം സ്ഥാനത്താണ് ഉള്ളതെന്നും റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് തയ്യാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് സ്ഥാനങ്ങളാണ് യുകെ പിന്തള്ളപ്പെട്ടത്. നിരീക്ഷണം ശക്തമാക്കാനുള്ള നിയമങ്ങളും മാധ്യമപ്രവര്‍ത്തകരെയും മറ്റും ചാരന്‍മാരാക്കി മുദ്രകുത്താന്‍ വരെ സാധിക്കുന്ന നിയമവുമൊക്കയാണ് യുകെയെ പിന്നോട്ട് അടിക്കുന്നത്.

ലോക മാധ്യമ സ്വാതന്ത്ര്യ ഇന്‍ഡെക്‌സില്‍ 180 രാജ്യങ്ങളാണ് ഉള്ളത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ 12 സ്ഥാനങ്ങളാണ് യുകെ പിന്നോട്ട് പോയത്. ലോകമൊട്ടാകെ മാധ്യമസ്വാതന്ത്ര്യത്തിന് ഇടിവുണ്ടാകുകയും തുര്‍ക്കി, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉണ്ടായ അനുഭവങ്ങളുമാണ് യുകെയെ രക്ഷിച്ചതെന്ന് ആര്‍എസ്എഫ് യുകെ ബ്യൂറോ ഡയറക്ടര്‍ റെബേക്ക് വിന്‍സന്റ് പറയുന്നു. ഇല്ലായിരുന്നെങ്കില്‍ ഇതിലുമ മോശമായേനെ രാജ്യത്തിന്റെ പ്രകടനം.

അമേരിക്ക 43-ാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. ക്യാനഡ നാല് സ്ഥാനങ്ങള്‍ പിന്നോട്ടു പോയി 22-ാം റാങ്കിലും ന്യൂസിലാന്‍ഡ് എട്ട് സ്ഥാനങ്ങള്‍ പിന്നോട്ടടിച്ച് 13-ാം റാങ്കിലുമാണ് ഇപ്പോള്‍ ഉള്ളത്. അമേരിക്കയില്‍ ട്രംപിന്റെ സ്ഥാനാരോഹണവും യുകെയില്‍ ബ്രെക്‌സിറ്റുമാണ് മാധ്യമങ്ങള്‍ക്ക് വിലങ്ങിട്ടത്. മാധ്യമങ്ങള്‍ക്കെതിരെ ആഗോളതലത്തില്‍ ജനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടു വരുന്ന വികാരവും ഒരു ഘടകമാണ്. വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതുമാണ് ജനങ്ങളുടെ എതിര്‍പ്പിന് കാരണമായി വിലയിരുത്തപ്പെടുന്നത്.

Copyright © . All rights reserved