ലണ്ടന്‍: സൗത്ത് ആഫ്രിക്ക, ചിലി, ലിത്വാനിയ എന്നീ രാജ്യങ്ങളില്‍ ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ മാധ്യമ സ്വാതന്ത്ര്യമാണ് യുകെയില്‍ ലഭിക്കുന്നതെന്ന് വെളിപ്പെടുത്തല്‍. മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ യുകെ 40-ാം സ്ഥാനത്താണ് ഉള്ളതെന്നും റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് തയ്യാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് സ്ഥാനങ്ങളാണ് യുകെ പിന്തള്ളപ്പെട്ടത്. നിരീക്ഷണം ശക്തമാക്കാനുള്ള നിയമങ്ങളും മാധ്യമപ്രവര്‍ത്തകരെയും മറ്റും ചാരന്‍മാരാക്കി മുദ്രകുത്താന്‍ വരെ സാധിക്കുന്ന നിയമവുമൊക്കയാണ് യുകെയെ പിന്നോട്ട് അടിക്കുന്നത്.

ലോക മാധ്യമ സ്വാതന്ത്ര്യ ഇന്‍ഡെക്‌സില്‍ 180 രാജ്യങ്ങളാണ് ഉള്ളത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ 12 സ്ഥാനങ്ങളാണ് യുകെ പിന്നോട്ട് പോയത്. ലോകമൊട്ടാകെ മാധ്യമസ്വാതന്ത്ര്യത്തിന് ഇടിവുണ്ടാകുകയും തുര്‍ക്കി, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉണ്ടായ അനുഭവങ്ങളുമാണ് യുകെയെ രക്ഷിച്ചതെന്ന് ആര്‍എസ്എഫ് യുകെ ബ്യൂറോ ഡയറക്ടര്‍ റെബേക്ക് വിന്‍സന്റ് പറയുന്നു. ഇല്ലായിരുന്നെങ്കില്‍ ഇതിലുമ മോശമായേനെ രാജ്യത്തിന്റെ പ്രകടനം.

അമേരിക്ക 43-ാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. ക്യാനഡ നാല് സ്ഥാനങ്ങള്‍ പിന്നോട്ടു പോയി 22-ാം റാങ്കിലും ന്യൂസിലാന്‍ഡ് എട്ട് സ്ഥാനങ്ങള്‍ പിന്നോട്ടടിച്ച് 13-ാം റാങ്കിലുമാണ് ഇപ്പോള്‍ ഉള്ളത്. അമേരിക്കയില്‍ ട്രംപിന്റെ സ്ഥാനാരോഹണവും യുകെയില്‍ ബ്രെക്‌സിറ്റുമാണ് മാധ്യമങ്ങള്‍ക്ക് വിലങ്ങിട്ടത്. മാധ്യമങ്ങള്‍ക്കെതിരെ ആഗോളതലത്തില്‍ ജനങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടു വരുന്ന വികാരവും ഒരു ഘടകമാണ്. വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതുമാണ് ജനങ്ങളുടെ എതിര്‍പ്പിന് കാരണമായി വിലയിരുത്തപ്പെടുന്നത്.