തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി പി ശ്രീനിവാസനെതിരായ ആക്രമണത്തെ അപലപിച്ചു സംസ്ഥാന പൊലീസ് മേധാവി ടി പി സെന്‍കുമാര്‍ രംഗത്ത്. ക്രിമിനല്‍ കേസിലെ പ്രതി ഉപദ്രവിക്കുന്നതു കണ്ടിട്ടും മിണ്ടാതിരുന്ന പൊലീസുകാരുടെ നടപടി നാണക്കേട് ആണെന്നും ഇവരെ പിരിച്ചുവിടണമെന്നും ഡിജിപി ഫേസ്ബുക്കില്‍ കുറിച്ചു.
ക്രിമിനല്‍ കേസിലെ പ്രതി ഉപദ്രവിക്കുന്നത് കണ്ടിട്ടും സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെടാത്തത് ലജ്ജാകരമാണ്. സ്ഥലത്തുണ്ടായിരുന്ന അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ക്കും വീഴ്ച പറ്റി. കൃത്യവിലോപം നടത്തിയ പൊലീസ് ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് പിരിച്ച് വിടുകയാണ് വേണ്ടതെന്നും ടി.പി സെന്‍കുമാര്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
കേരള പൊലീസിന്റെ സമീപകാല ചരിത്രത്തില്‍ നാണക്കേടുണ്ടാക്കിയ സംഭവമാണ് ടി.പി.ശ്രീനിവാസന്‍ ഐ എഫ് എസ് (റിട്ട.) നെ ശരത് എന്ന നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഒരാള്‍ ക്രൂരമായി ആക്രമിക്കുന്നതും, ആക്രമണത്തിനു ശേഷവും തികഞ്ഞ പൊലീസ് അനാസ്ഥയും, നിസംഗതയും പ്രകടിപ്പിച്ച് നിരവധി പൊലീസുദ്യോഗസ്ഥര്‍ നില്‍ക്കുന്നതും കാണേണ്ടി വന്നത്. മറ്റുള്ളവരെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് നിരവധി പൊലീസുദ്യോഗസ്ഥര്‍ക്ക് ഓരോ ദിവസവും പരിക്കേല്‍ക്കേണ്ടി വരുന്നത്. മറ്റുള്ളവരുടെ ജീവന്‍ സംരക്ഷിക്കുമ്പോള്‍ പൊലീസുദ്യോഗസ്ഥര്‍ക്ക് സ്വന്തം ജീവന്‍ ബലികൊടുക്കേണ്ടി വന്ന സംഭവങ്ങളും അടുത്തകാലത്തുണ്ടായിട്ടുള്ളതാണ്. അത്തരം ശ്‌ളാഘനീയമായ നടപടികള്‍ക്കിടയിലാണ് തികച്ചും തെറ്റായ ഒരു നടപടി ചില പൊലീസുദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായതെന്നും ഡിജിപി പറയുന്നു.
ഡിജിപിയുടെ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം താഴെ കൊടുത്തിരിക്കുന്നു.
ശ്രീ. ടി.പി.ശ്രീനിവാസന്‍ ഐ എഫ് എസ് (റിട്ട.) ആക്രമിക്കപ്പെട്ടപ്പോള്‍ നടപടി എടുക്കാതിരുന്ന പോലീസുദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കുന്നതിന് തിരുവനന്തപുരം റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറലിന് സംസ്ഥാന പോലീസ് മേധാവി നല്‍കിയ നിര്‍ദേശങ്ങള്‍………………….
കേരള പോലീസിന്റെ സമീപകാല ചരിത്രത്തില്‍ നാണക്കേടുണ്ടാക്കിയ സംഭവമാണ് ശ്രീ. ടി.പി.ശ്രീനിവാസന്‍ ഐ എഫ് എസ് (റിട്ട.) നെ ശരത് എന്ന നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഒരാള്‍ ക്രൂരമായി ആക്രമിക്കുന്നതും, ആക്രമണത്തിനു ശേഷവും തികഞ്ഞ പോലീസ് അനാസ്ഥയും, നിസംഗതയും പ്രകടിപ്പിച്ച് നിരവധി പോലീസുദ്യോഗസ്ഥര്‍ നില്‍ക്കുന്നതും കാണേണ്ടി വന്നത്. മറ്റുള്ളവരെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് നിരവധി പോലീസുദ്യോഗസ്ഥര്‍ക്ക് ഓരോ ദിവസവും പരിക്കേല്‍ക്കേണ്ടി വരുന്നത്. മറ്റുള്ളവരുടെ ജീവന്‍ സംരക്ഷിക്കുമ്പോള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് സ്വന്തം ജീവന്‍ ബലികൊടുക്കേണ്ടി വന്ന സംഭവങ്ങളും അടുത്തകാലത്തുണ്ടായിട്ടുള്ളതാണ്. അത്തരം ശ്‌ളാഘനീയമായ നടപടികള്‍ക്കിടയിലാണ് തികച്ചും തെറ്റായ ഒരു നടപടി ചില പോലീസുദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായത്. കോവളത്ത് ബഹു. കേരള മുഖ്യമന്ത്രി തന്നെ പങ്കെടുക്കുന്ന ചടങ്ങ് പ്രതീക്ഷിച്ച് ആവശ്യത്തിന് ശക്തമായ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തുന്നതിനും, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ആവശ്യമായ അധിക പോലീസ് സേനയെ നല്‍കുകയും, നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നതാണ്. ശ്രീ. ടി പി ശ്രീനിവാസന്‍ സാമാന്യേന അറിയപ്പെടുന്ന വ്യക്തിയാണ്. മാത്രമല്ല, അദ്ദേഹം സര്‍ക്കാര്‍ വാഹനത്തിലാണ് അവിടെയെത്തിയത്. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ അപ്പോള്‍ തന്നെ ശരിയായ നിര്‍ദേശങ്ങള്‍ നല്‍കേണ്ടതും, നടപടികള്‍ സ്വീകരിക്കേണ്ടതുമായിരുന്നു. അതുണ്ടായില്ല. മാത്രമല്ല, അദ്ദേഹത്തെ വളരെയധികം സമരക്കാര്‍ ഉപദ്രവിക്കുന്നതു കണ്ടിട്ടും സമീപമുണ്ടായിരുന്ന പോലീസുദ്യോഗസ്ഥര്‍ ഇടപെടാന്‍ ശ്രമിച്ചില്ല. ഒടുവില്‍ ഒരു കൂട്ടം പോലീസുദ്യോഗസ്ഥരുടെ ഇടയിലേയ്ക്ക് നടന്നു വന്ന അദ്ദേഹത്തെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ, നിരവധി കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെടേണ്ട ഒരാള്‍ പോലീസുദ്യോഗസ്ഥരുടെ മദ്ധ്യത്തില്‍ വെച്ച് ആക്രമിക്കുമ്പോള്‍ അത് തടയുന്നതിനോ, അക്രമിയെ പിടികൂടുന്നതിനോ യാതൊരു ശ്രമവും നടത്തി കണ്ടില്ല. മര്‍ദ്ദനമേറ്റയാളെ സഹായിക്കുന്നതിനുപോലും അവിടെയുണ്ടായിരുന്ന പോലീസുദ്യോഗസ്ഥര്‍ ശ്രമിച്ചു കണ്ടില്ല. രണ്ട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരും മറ്റ് പോലീസുദ്യോഗസ്ഥരും തികച്ചും ലജ്ജാകരമായ, സാമാന്യ മര്യാദപോലുമില്ലാത്തവിധമാണ് പെരുമാറിയത്. സമീപകാലത്തൊന്നും കേരള പോലീസിനെ ഇത്രയധികം നാണംകെടുത്തിയ ഒരു പ്രവര്‍ത്തനം ഉണ്ടായിട്ടില്ല. ആയതിനാല്‍ തന്നെ ഈ പോലീസുദ്യോഗസ്ഥര്‍ തികച്ചും
മനുഷ്യാവകാശ ലംഘനത്തിന് കൂട്ടു നില്‍ക്കുകയും ഔദ്യോഗിക നിര്‍വ്വഹണത്തില്‍ തികച്ചും അലക്ഷ്യഭാവം കാണിക്കുകയും, തങ്ങളുടെ കര്‍ത്തവ്യങ്ങളില്‍ നിന്നും ബോധപൂര്‍വ്വം വിട്ടു നില്‍ക്കുന്നതായും കാണുന്നു. മര്‍ദ്ദനമേറ്റ് വീണുകിടക്കുന്ന ഒരു മനുഷ്യന് ഒരു താങ്ങ് കൊടുക്കുന്നതിനുള്ള സാമാന്യമര്യാദപോലും കാണിക്കാത്ത ഒരു പോലീസ് സബ് ഇന്‍സ്‌പെക്ടറും അവിടെ കാണപ്പെട്ടു. ഇത്തരത്തിലുള്ള പോലീസുദ്യോഗസ്ഥര്‍ സര്‍വ്വീസില്‍ ഉണ്ടാകുന്നത് സമൂഹത്തിന് അപകടകരമായിരിക്കും. ആയതുകൊണ്ട് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (തിരുവനന്തപുരം റെയിഞ്ച്) ഇവര്‍ക്കെതിരെ പിരിച്ചുവിടല്‍ അടക്കമുള്ള നടപടികളിലേക്ക് എത്തിച്ചേരാവുന്നതും ഗുരുതര ശിക്ഷാനടപടികള്‍ക്കായുള്ള വകുപ്പുതല നടപടികള്‍ ഉടനടി സ്വീകരിക്കേണ്ടതുമാണ്.
ഒരു സസ്‌പെന്‍ഷനില്‍ നില്‍ക്കുന്നതുകൊണ്ട് ഇത്തരം ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനരീതികളില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകില്ല. ആയതുകൊണ്ട് ഇവരുടെ കര്‍ത്തവ്യബോധം, മനുഷ്യാവകാശ സംരക്ഷണം, പോലീസുദ്യോഗസ്ഥര്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനം എന്നിവയിലൂന്നി തുടര്‍പരിശീലനം നല്‍കുന്നതിനായി കേരള പോലീസ് അക്കാഡമിയില്‍ ഒരു വര്‍ഷത്തെ തുടര്‍ പരിശീലനത്തിനായി അയക്കേണ്ടതാണ്. ഇവര്‍ക്ക് കാര്യക്ഷമവും, കൃത്യവുമായ പരിശീലനം നല്‍കുന്നതിന് കേരള പോലീസ് അക്കാഡമി ഡയറക്ടര്‍ കൃത്യമായ നടപടികള്‍ എടുക്കേണ്ടതാണ്. ഈ ഉദ്യോഗസ്ഥരെ ഉടനടി തല്‍സ്ഥാനങ്ങളില്‍ നിന്നും മാറ്റി പോലീസ് അക്കാഡമിയിലേക്ക് പാസ്‌പോര്‍ട്ട് ചെയ്യേണ്ടതാണ്. അവിടെ റിപ്പോര്‍ട്ട് ചെയ്തതിന്റെ രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രമെ ഇനിയുള്ള ഇവരുടെ ശമ്പളവും പോലീസ് അടിസ്ഥാനത്തിലുള്ള മറ്റ് സൗകര്യങ്ങളും നല്‍കേണ്ടതുള്ളൂ.
ഈ സംഭവം നടക്കുന്ന സമയം കോവളത്ത് ചാര്‍ജിലുണ്ടായിരുന്ന പോലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ കൈയ്യില്‍ നിന്നും, എന്തുകൊണ്ട് കൃത്യവിലോപത്തിനും, മനുഷ്യാവകാശ ലംഘനത്തിനും നടപടി സ്വീകരിക്കാതിരിക്കണം എന്നതിനുള്ള വിശദീകരണം വാങ്ങേണ്ടതാണ്.
പ്രണയം എപ്പോഴും കാത്തിരിപ്പിന്റെ സുഖം തരുന്ന നോവാണ്. ഈ പ്രണയദിനം സാക്ഷ്യം വഹിക്കുന്നത് ഒരു നീണ്ടകാലത്തെ പ്രണയത്തിന്റെ സംഗമത്തിനാണ്. ലോകം മുഴുവന്‍ ആ കൂടിച്ചേരലിനുവേണ്ടി കാത്തിരിക്കുകയുമാണ്. നീണ്ട പ്രണയകാലം എന്നു പറഞ്ഞാല്‍ 71 വര്‍ഷത്തെ കാത്തിരിപ്പാണ് യാഥാര്‍ത്ഥ്യമാകുന്നത്.
രണ്ടാം ലോകമഹായുദ്ധം അകറ്റിയ കാമുകനും കാമുകിയും വീണ്ടും കണ്ടുമുട്ടുകയാണ് ഈ പ്രണയദിനത്തില്‍. 93കാരന്‍ നോര്‍വുഡ് തോമസ് വീണ്ടും പഴയ കാമുകിയായ ജോയ്‌സ് മോറിസിനെ കണ്ടുമുട്ടുമ്പോള്‍ ഇരുവരുടെയും കൂടിക്കാഴ്ചയ്ക്ക് 72 വര്‍ഷത്തെ കാത്തിരിപ്പിന്റെ സുഖമുണ്ട്. തന്റെ പ്രിയ കാമുകിയെ കാണാനായി 93ാം വയസില്‍ ലോകത്തിന്റെ ഒരറ്റത്തുനിന്നും മറ്റൊരൊറ്റത്തേക്ക് തോമസ് പറക്കുകയാണ് അമേരിക്കയില്‍ നിന്ന് ആസ്‌ട്രേലിയയിലേക്ക്…
രണ്ടാം ലോകമഹായുദ്ധത്തില്‍ വ്യോമസേനയുടെ പാരാട്രൂപ്പറായിരുന്ന തോമസ്, ലണ്ടനിലെ വാരാന്ത്യങ്ങള്‍ മോറിസിനൊപ്പമായിരുന്നു ചെലവഴിച്ചിരുന്നത്. ഓരോ തവണ കാണുമ്പോഴും വീണ്ടും കാണാമെന്ന് പറഞ്ഞ് പിരിയുകയാണ് പതിവ്, എന്നാല്‍ അവസാനത്തെ കണ്ടുമുട്ടലില്‍ അടുത്തയാഴ്ച കാണാമെന്ന് പറഞ്ഞ് ആ ആഴ്ചയിലും പിരിഞ്ഞു, പിന്നീട് കണ്ടില്ല.
ഇതിനിടയില്‍ അടിയന്തിരമായി തോമസിന് ഫ്രാന്‍സിലേക്ക് പോകേണ്ടിവന്നു. അവിടെ നിന്നും യുദ്ധത്തിന് ശേഷം അമേരിക്കയില്‍ മടങ്ങിയെത്തിയ തോമസ് ഓര്‍മ്മയിലെ വിലാസം വെച്ച് വിവാഹാഭ്യര്‍ത്ഥനയുമായി മോറിസിന് കത്തയച്ചു. പക്ഷെ, അന്ന് അവര്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചു. ശേഷം തോമസ് മറ്റൊരു പെണ്‍കുട്ടിയെ കണ്ടെത്തി വിവാഹം കഴിച്ചു. തോമസ് മൂന്നുകുട്ടികളുമായി വിര്‍ജീനിയയില്‍ സന്തുഷ്ടജീവിതം നയിക്കുകയായിരുന്നു. അതിനിടയില്‍ ഈ അടുത്ത് തോമസിന്റെ ഭാര്യ മരിച്ചു.
എന്നാല്‍, മോറിസ് വിവാഹിതയായി ആസ്‌ട്രേലിയയിലേക്ക് കുടിയേറുകയായിരുന്നു. 2 ആണ്‍മക്കളുണ്ടായശേഷം അവര്‍ പിന്നീട് വിവാഹമോചിതയായി. എങ്കിലും അന്ന് തോമസിന്റെ വിവാഹഅഭ്യര്‍ത്ഥന നിഷേധിച്ചതില്‍ അവര്‍ എല്ലാക്കാലത്തും ദു:ഖിച്ചിരുന്നു. ഒടുവില്‍ ഈയടുത്ത ദിവസം, മകനോട് ഇന്റര്‍നെറ്റിലൂടെ ഒരാളെ കണ്ടുപിടിക്കാനാവുമോ എന്ന് മോറിസ് ചോദിക്കുകയും മകന്‍ തിരച്ചിലാരംഭിക്കുകയും ചെയ്തു.
101ാമത് വ്യോമസേനാ വിഭാഗത്തിലെ നോര്‍വുഡ് തോമസെന്ന് സെര്‍ച്ചുചെയ്ത മോറിസിന്റെ മകന്, 88ാം പിറന്നാള്‍ ദിനത്തില്‍ സ്‌കൈഡൈവ് നടത്തി ശ്രദ്ധനേടിയ തോമസിനെക്കുറിച്ചുള്ള ഒരു വാര്‍ത്തയാണ് ലഭിച്ചത്. ലേഖകനെ കണ്ടെത്തി, തോമസിന്റെ നമ്പര്‍ സംഘടിപ്പിച്ച് അമ്മയ്ക്ക് മകന്‍ നല്‍കി. ആദ്യം ഫോണിലും പിന്നെ സ്‌കൈപ്പിലും അവര്‍ സംസാരിച്ചു.

തോമസ് വിവാഹം കഴിച്ചതായും, തന്നെ സ്വന്തമാക്കാനായി നിലവിലെ ഭാര്യയെ ഒഴിവാക്കുകയാണെന്നുമാണ് അന്ന് കത്തുകള്‍ വായിച്ചപ്പോള്‍ തോന്നിയെന്നും അതിനാലാണ് അന്ന് വിവാഹാഭ്യര്‍ത്ഥന നിരസിച്ചതെന്നും 72 വര്‍ഷത്തിന് ശേഷം മോറിസിന്റെ കുറ്റസമ്മതം. താന്‍ കത്തെഴുതുമ്പോള്‍ വിവാഹിതനായിരുന്നില്ലെന്ന് തോമസ്. പിന്നീട് ഇരുവരും നഷ്ടപ്പെട്ട വര്‍ഷങ്ങളെയോര്‍ത്ത് വിതുമ്പി. പിന്നെ വീണ്ടും നഷ്ടപ്പെട്ട പ്രണയകാലത്തിലേക്ക് തിരിച്ചുപോയി. ഒടുവിലവര്‍ തെറ്റിദ്ധാരണമൂലം നഷ്ടപ്പെട്ട വര്‍ഷങ്ങള്‍ തിരിച്ചുപിടിക്കാന്‍ തന്നെ തീരുമാനിച്ചു.
അവരോടൊപ്പം ലോകവും കാത്തിരിക്കുകയാണ് ആ അവിസ്മരണീയ കൂടിച്ചേരലിനായി. രണ്ടാം ലോകമഹായുദ്ധം വേര്‍പിരിച്ച ഈ പ്രണയിനികളെ വീണ്ടും യോജിപ്പിക്കാനായി ലോകം മുഴുവന്‍ തോമസിന്റെ യാത്രയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. എയര്‍ ന്യൂസിലണ്ട് യാത്രയ്ക്കുള്ള ടിക്കറ്റുകള്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഗോഫണ്ട്മി എന്ന ഗ്രൂപ്പ് ഫണ്ടിംഗ് വെബ്‌സൈറ്റ് വഴി ഇതിനകം യാത്രയ്ക്കായി 7500 ഡോളര്‍ സ്വരൂപിച്ചിട്ടുണ്ട്.
തമ്മില്‍ കാണാനും, ഒന്ന് കെട്ടിപ്പുണര്‍ന്ന് ആശംസനേരാനുമുള്ള ആഗ്രഹമാണ് ഇരുവര്‍ക്കുമുള്ളത്, ആ കാത്തിരിപ്പിലാണ് ഇരുവരും. അങ്ങനെ 93ാം വയസില്‍ വിര്‍ജീനിയയില്‍ നിന്ന് 10000 മൈല്‍ അകലെ അഡ്‌ലൈഡിലെത്തി തോമസ് തന്റെ പ്രണയിനിയെ ഈ വാലന്റൈന്‍സ് ഡേയില്‍ വീണ്ടും കാണും, 72വര്‍ഷത്തിന് ശേഷം. ഈ നീണ്ട വര്‍ഷങ്ങളുടെ കാത്തിരിപ്പ് നമ്മോട് പറയുന്നു, കാലത്തിനോ കാതങ്ങള്‍ക്കോ മായ്ക്കാനോ മറക്കാനോ കഴിയുന്നതല്ല പ്രണയമെന്ന്.
മാര്‍ക്വേസിന്റെ കോളറാക്കാലത്തെ പ്രണയത്തില്‍ അന്‍പത്തിമൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ഫ്‌ലോറന്റീനോ അരീസയെയും ഫെര്‍മിന ഡാസെയും ഒന്നിച്ചതുപോലെ ഈ പ്രണയവും ചരിത്രത്തില്‍ സ്ഥാനം പിടിക്കുകയാണ്.
പത്തനംതിട്ട: എ.ആര്‍. ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ നൂറനാട് താമരക്കുളം സ്വദേശി രാജേഷ് കുമാറിനു പിന്നെയും സസ്‌പെന്‍ഷന്‍. ഡിജിപിക്കെതിരേ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ പൊലീസുകാരന്‍ രാജേഷ് കുമാറിന് ചാനല്‍ ചര്‍ച്ചയില്‍ പൊലീസിനെ വിമര്‍ശിച്ചതിന്റെ പേരിലാണു വീണ്ടും സസ്‌പെന്‍ഷന്‍.
സ്വന്തം മാതാവിനെതിരേ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഫേസ് ബുക്കില്‍ പോസ്റ്റിട്ട് വിവാദത്തിന് തുടക്കമിട്ട രാജേഷ് കുമാറിനെ കേരളം മുഴുവന്‍ ശ്രദ്ധിച്ചത് ഡി.ജി.പി സെന്‍കുമാറിനെതിരേ രൂക്ഷവിമര്‍ശനം തൊടുത്തു കൊണ്ടുള്ള പോസ്റ്റിലായിരുന്നു.
അതിനു സസ്‌പെന്‍ഷനില്‍ കഴിഞ്ഞു വരവേ, ടി.വി. ചാനലിന്റെ ടോക്‌ഷോയില്‍ പങ്കെടുത്ത് പൊലീസിനെ വിമര്‍ശിച്ചതിന് വീണ്ടും സസ്‌പെന്‍ഷന്‍ നേടിയിരിക്കുകയാണ് രാജേഷ് കുമാര്‍. നിശബ്ദതയുടെ പേരാണ് മരണം എന്ന തലക്കെട്ടില്‍ ഫേസ്ബുക്കില്‍ രാജേഷ് വിമര്‍ശിച്ചത് പൊലീസ് സേനയിലുള്ളവര്‍ക്ക് സമൂഹമാദ്ധ്യമങ്ങളില്‍ പെരുമാറ്റച്ചട്ടം എര്‍പ്പെടുത്തിക്കൊണ്ടുള്ള ഡി.ജി.പിയുടെ സര്‍ക്കുലറിനെയായിരുന്നു.
ആറന്മുള ക്ഷേത്രസന്ദര്‍ശനത്തിന് വേണ്ടി ഡി.ജി.പി പൊലീസ് സംവിധാനം ദുരുപയോഗം ചെയ്‌തെന്നും ഔദ്യോഗിക പൊലീസ് സംവിധാനത്തെ മൊത്തത്തില്‍ ആക്ഷേപിച്ചുമായിരുന്നു പോസ്റ്റ്. അതിന്റെ പേരില്‍ കഴിഞ്ഞ ഡിസംബറില്‍ കിട്ടിയ സസ്‌പെന്‍ഷനില്‍ കഴിഞ്ഞു വരവേയാണ് ജനുവരി 10 ന് രാത്രി 7.30 നുള്ള മാതൃഭൂമിയിലെ ‘ഞങ്ങള്‍ക്കും പറയാനുണ്ട്’ എന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്.
ഫേസ്ബുക്കും പൊലീസും എന്ന വിഷയത്തിലുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത രാജേഷ് പൊലീസ് സേനയുടെ നവീകരണത്തിനും പൊതുജനങ്ങളുടെ സംരക്ഷണത്തിനും വേണ്ടി പൊലീസ് ആസ്ഥാനത്തുനിന്നു പുറപ്പെടുവിച്ചിട്ടുള്ള സര്‍ക്കുലറുകളെ സംബന്ധിച്ച് വിമര്‍ശനാത്മകമായി സംസാരിക്കുകയായിരുന്നു. നിലവില്‍ സസ്‌പെന്‍ഷനില്‍ ആണെങ്കിലും പൊലീസിന്റെ സല്‍പ്പേരിന് കളങ്കം വരുത്തിയതിനാണ് വീണ്ടും സസ്‌പെന്‍ഷനെന്നു പറയുന്നു. ഇതേപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പത്തനംതിട്ട സി.ഐയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പോലീസ് സംവിധാനത്തില്‍ മുകളിലും താഴെയുമുള്ളവര്‍ തമ്മിലുള്ള വ്യത്യാസം പ്രകടമാകുന്ന മറ്റൊരു നടപടിയായാണ് ഇത് വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസം ടോമിന്‍ തച്ചങ്കരിയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ശ്രീലേഖ ഐപിഎസിനെതിരെയോ ഡിജിപിയുമായി പരസ്യമായി കൊമ്പ് കോര്‍ത്ത ജേക്കബ് തോമസിനെതിരെയോ യാതൊരു നടപടിയുമെടുക്കാന്‍ ഉന്നതര്‍ തയ്യാറല്ലാത്തപ്പോള്‍ ആണ് പോലീസുകാരന് സസ്പെന്ഷന് മേല്‍ വീണ്ടും സസ്പെന്‍ഷന്‍
സിഡ്‌നി: അവസാന ഓവറില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത് 17 റണ്‍സ്. പന്തുമായി ഓസ്‌ട്രേലിയയുടെ ഡെത്ത് ഓവര്‍ സ്‌പെഷലിസ്റ്റ് ആന്‍ഡ്രൂ ടൈ. ബാറ്റിംഗ് ക്രീസില്‍ ഇന്ത്യയുടെ പഴയ പടക്കുതിര യുവരാജ് സിംഗ്. കളി ഓസ്‌ട്രേലിയ ജയിച്ചു എന്ന് കരുതിയ നിമിഷം. എന്നാല്‍ ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടില്ല എന്ന് പറഞ്ഞ പോലെയായിരുന്നു യുവരാജിന്റെ കളി. ഒന്നാം പന്ത് ഫോര്‍. രണ്ടാം പന്ത് സിക്‌സ്. അവസാന പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് റെയ്‌നയും ഗാംഭീരമാക്കിയതോടെ ഇന്ത്യ മൂന്നാം മത്സരവും ജയിച്ച് പരമ്പര തൂത്തുവാരി.
ജയിക്കാന്‍ 198 റണ്‍സിന്റെ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് മിന്നും തുടക്കമാണ് കിട്ടിയത്. 3.2 ഓവറില്‍ ശിഖര്‍ ധവാന്‍ ഔട്ടാകുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 46. വെറും ഏട്ടേ എട്ട് പന്തില്‍ 4 ഫോറും ഒരു സിക്‌സും സഹിതം ശിഖര്‍ ധവാന്‍ അടിച്ചത് 26 റണ്‍സ്. 38 പന്തില്‍ 5 ഫോറും 1 സിക്‌സും സഹിതം രോഹിത് ശര്‍മയും 50 റണ്‍സോടെ കോലിയും 49 നോട്ടൗട്ടുമായി സുരേഷ് റെയ്‌നയും കളം നിറഞ്ഞു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ പകരക്കാരന്‍ നായകന്‍ ഷെയ്ന്‍ വാട്‌സന്റെ സെഞ്ചുറിയുടെ കരുത്തിലാണ് കൂറ്റന്‍ സ്‌കോറിലെത്തിയത്. 71 പന്തുകള്‍ നേരിട്ട വാട്‌സന്‍ 10 ഫോറും 6 സിക്‌സും പറത്തി. ഹെഡ്, ഖ്വാജ, ലിന്‍ എന്നിവരും ഓസീസിന് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. വാട്‌സനാണ് മാന്‍ ഓഫ് ദ മാച്ച്. വിരാട് കോലി മാന്‍ ഓഫ് ദ സീരിസ്. പരമ്പര 3 – 0 ത്തിന് തൂത്തുവാരിയ ഇന്ത്യ ഐ സി സി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തും എത്തി. ഓസ്‌ട്രേലിയ എട്ടാം സ്ഥാനത്തേക്ക് താഴ്ന്നു.
ന്യൂഡല്‍ഹി: ഭിന്നശേഷിയുളള യാത്രക്കാരിക്ക് വീല്‍ചെയര്‍ നിഷേധിക്കുകയും ഇഴഞ്ഞുനീങ്ങന്‍ എയര്‍ ഇന്ത്യ ആവശ്യപ്പെട്ടതായും ആരോപണം . ഡല്‍ഹി യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസറായ അനിതാ ഘായിയാണ് ആരോപണം ഉന്നയിച്ചത്.
ഡെറാഡൂണ്‍ നിന്ന് ന്യൂ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇവര്‍ വീല്‍ ചെയറനുവേണ്ടി നല്‍ക്കാന്‍ അഭ്യര്‍ത്ഥിച്ചു എങ്കിലും സൗകര്യം ഒരുക്കി നല്‍ക്കാന്‍ എയര്‍ ഇന്ത്യക്ക് കഴിഞ്ഞില്ല തുടര്‍ന്ന് ഇവരോട് ഇഴഞ്ഞുനീങ്ങാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു എന്നുമാണ് ആരോപണം. ഭിന്നശേഷിയുള്ളവര്‍ക്ക് വിമാനത്തിന്‍ പടിവാതില്‍ വരെ പോകാനുള്ള വീല്‍ ചെയര്‍ നല്‍ക്കേണ്ടത് സര്‍ക്കാര്‍ എയര്‍ലൈന്റെ കടമയാണ്.
എന്നാല്‍, എയര്‍ ഇന്ത്യ യാത്രക്കാരുടെ സുരക്ഷയ്ക്ക് ഏറെ പ്രധാന്യം നല്‍ക്കുന്നു എന്നായിരുന്നു എയര്‍ ഇന്ത്യയുടെ പ്രതികരണം. യാത്രക്കാര്‍ക്ക് എന്തെങ്കിലും അസൗകര്യം ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നും കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി: ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ഥി രോഹിത് വെമുലയെ അധിക്ഷേപിച്ച് വീണ്ടും കേന്ദ്രസര്‍ക്കാര്‍. രോഹിത് ദളിതനല്ലെന്ന വാദവുമായാണ് ഇപ്പോള്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.
നേരത്തെ രോഹിത് അടക്കമുളളവരെ പുറത്താക്കിയതിനെ അനുകൂലിച്ച് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി രംഗത്തെത്തിയിരുന്നു. രോഹിതിന്റെ ആത്മഹത്യാ കുറിപ്പില്‍ യൂണിവേഴ്‌സിറ്റി അധികൃതരെയോ ദേശീയ പാര്‍ട്ടിയേയോ,എംപിയെയോ കുറിച്ച് പറയുന്നില്ലെന്നും ചിലര്‍ ഇതില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നുമാണ് നേരത്തെ സ്മൃതി ഇറാനി ആരോപിച്ചിരുന്നത്.
വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടാണ് സുഷമ സ്വരാജ് തന്റെ അറിവില്‍ രോഹിത് വെമുല ഒരു പിന്നോക്ക ജാതിക്കാരനല്ല എന്നുപറഞ്ഞത്. വഡേര ഒരു പിന്നോക്ക സമുദായമാണെങ്കിലും ദളിത് വിഭാഗത്തില്‍ ഉള്‍പ്പെടുന്നതല്ല. അതേസമയം രോഹിതിനെ ദളിതനായി ഉയര്‍ത്തിക്കാട്ടുന്നത് വഴി ഇതൊരു ജാതി പ്രശ്‌നമാക്കി മാറ്റാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.
രോഹിത്തിന്റെ അച്ഛന്റെ അമ്മ രാഘവമ്മ തന്റെ മകന്‍ വി. മണികുമാറും, മകള്‍ വി.രാധികയും(രോഹിതിന്റെ അമ്മ) വാഡേര സമുദായത്തില്‍പ്പെട്ടവരാണെന്ന് വ്യക്തമാക്കിയുളള ഒരു രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് നേരത്തെ ലഭിച്ചതായി ചില മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ജോജി തോമസ്
മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധത വളരെ പ്രശസ്തമാണ്. ചായപ്പാീടികയും നാല്‍ക്കവലകളും നാലാള്‍ കൂടുന്ന ഏതു സ്ഥലവും നമുക്ക രാഷ്ട്രീയ സംവാദത്തിനുള്ള വേദികളാണ്. ലോക രാഷ്ട്രീയം മുതല്‍ പ്രാദേശികമായുള്ള ചെറിയ ചെറിയ സംഭവങ്ങളില്‍ വരെ ഒല്‍ഞ്ഞിരിക്കുന്ന രാഷ്ര്ര്ടീയ സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങളേക്കുറിച്ചുള്ള ഒരു സാമാന്യബോധം മലയാളിക്കുണ്ട്. പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുള്ള രാഷ്ട്രീയ സംവാദങ്ങള്‍ക്ക് വേദിയാകുന്നത് പ്രധാനമായും കുട്ടികളെ സ്‌കൂളില്‍ വിടുന്നതും തിരികെ കൂട്ടിക്കൊണ്ടു വരുന്നതുമായ സന്ദര്‍ഭങ്ങളിലാണ്. പക്ഷേ നമ്മുടെ രാഷ്ട്രീയ സംവാദങ്ങളില്‍ കടന്നു വരുന്ന വിഷയങ്ങളില്‍ കൂടുതലും ഇന്ത്യയുടെ, പ്രത്യേകിച്ച് കേരളത്തിന്റെ രാഷ്ട്രീയമാണ്.
ഈ രാഷ്ട്രീയ സംഭവവികാസങ്ങളാകട്ടെ പ്രവാസികളുടെ ജീവിതത്തെ പ്രത്യേകിച്ച് പാശ്ചാത്യ നാടുകളിലേക്ക് കുടിയേറിയവരുടെ ജീവിതത്തെ പ്രത്യക്ഷമായോ പരോക്ഷമായോ വളരെക്കുറച്ച് മാത്രം സ്വാധീനിക്കുന്നതുമാണ്. മലയാളി സ്വന്തം നാട്ടില്‍ ആയിരിക്കുമ്പോള്‍ രാഷ്ട്രീയ സംവാദങ്ങളില്‍ മാത്രമല്ല, നമ്മുടെ ഭാഗധേയം നിര്‍ണയിക്കുന്ന ഇലക്ഷന്‍ പ്രക്രിയ ഒക്കെ ഉള്‍പ്പെടുന്ന ജനാധിപത്യ വ്യവസ്ഥയില്‍ അത്യാവശ്യം വേണ്ട രാഷ്ട്രീയ പ്രവര്‍ത്തനമൊക്കെ ഇടപെടലുകള്‍ നടത്താറുണ്ട്. പക്ഷേ മലയാളി പ്രവാസി മലയാളി ആയിക്കഴിയുമ്പോള്‍ കുടിയേറിയ രാജ്യത്തെ വിധി നിര്‍ണായകമായ പല രാഷ്ട്രീയ പ്രശ്‌നങ്ങളോടും പുറംതിരിഞ്ഞ് നില്‍ക്കുകയും കേരളത്തിലെ വിഴുപ്പലക്കല്‍ രാഷ്ട്രീയത്തില്‍ കൂടുതല്‍ താത്പര്യം കാണിക്കുകയും ചെയ്യുന്ന നിര്‍ഭാഗ്യകരമായ ഒരു സാഹചര്യം ചില സന്ദര്‍ഭങ്ങളില്‍ ഉരുത്തിരിഞ്ഞ് വരുന്നുണ്ട്.
പ്രശസ്ത രാഷ്ട്രീയ ചിന്തകനായ ഹരോള്‍ഡ് ലാസ്‌കി പറയുന്നുണ്ട് ഒരു രാഷ്ട്രത്തിന്റെ ഭാഗഭാക്കായി നാം വര്‍ത്തിക്കുമ്പോഴുളള അവസ്ഥയെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം എന്ന് പറയുന്നത്. ഒരു രാഷ്ട്രത്തിന്റെ ഭാഗഭാക്കായി നമ്മള്‍ പ്രവര്‍ത്തിക്കുമ്പോള്‍, ജീവിക്കുമ്പോള്‍, നാം നമ്മുടെ വോട്ടവകാശം വിനിയോഗിക്കുമ്പോള്‍ എല്ലാം രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഭാഗഭാക്കാകുകയാണ്. കുടിയേറ്റ സമൂഹത്തില്‍ ഭൂരിപക്ഷവും കുടിയേറിയ രാജ്യങ്ങളിലെ പൗരത്വം വരെ സ്വീകരിച്ചെങ്കിലും മുമ്പ് സൂചിപ്പിച്ചതുപോലെ ഒരു രാഷ്ട്രത്തിന്റെ ഭാഗഭാക്കായി ജീവിക്കുന്ന പ്രക്രിയയില്‍ നാം എത്രമാത്രം പുരോഗമിച്ചിരിക്കുന്നു എന്നത് ഒരു ചോദ്യ ചിഹ്നം ആണ്.
നമ്മള്‍ എല്ലാം പാശ്ചാത്യ സമൂഹത്തെ കണ്ട് പഠിക്കണം. അല്ലെങ്കില്‍ ഇംഗ്ലീഷ് സമൂഹത്തെ മാതൃകയാക്കണമെന്ന് പറയുന്ന, നമ്മുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും ഭാഷയെയും ഒരു പുച്ഛത്തോടെ കാണുന്ന പ്രവാസി മലയാളികളുടെ ഇടയിലുളള പരിഷ്‌കൃത വാദികളും ഈയൊരു കാര്യത്തില്‍ വ്യത്യസ്തമായ സമീപനമല്ല പിന്തുടരുന്നത്. നമ്മള്‍ ജീവിക്കുന്ന രാജ്യത്തെ ജനാധിപത്യ പ്രക്രിയയോടെ മൗനവും നിസംഗതയും വച്ച് പുലര്‍ത്തിയാല്‍ നമ്മുടെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ അത് വിഘാതമായിത്തീരും. ഈയൊരു സാഹചര്യത്തില്‍ 2016 മെയ് ജൂണ്‍ മാസങ്ങളില്‍ ബ്രിട്ടനില്‍ നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഹിതപരിശോധന നമ്മളെ ഓരോരുത്തരെയും സംബന്ധിച്ച് നിര്‍ണായകമാണ്.
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമോ വേണ്ടയോ എന്ന ചോദ്യം മലയാളിയെ സംബന്ധിച്ചിടത്തോളം വളരെയധികം ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ്. കാരണം നമ്മുടെ മനസിലേക്കും ആദ്യം വരുന്നത് 2004ന് മുമ്പ് എവിടെ തിരിഞ്ഞാലും ധാരാളം തൊഴിലവസരങ്ങള്‍ കാലഘട്ടം ആയിരിക്കും. യൂറോപ്പിനുളളില്‍ മനുഷ്യവിഭവശേഷിയുടെ നിയന്ത്രണങ്ങളില്ലാത്ത നീക്കം സാധ്യമായതിന് ശേഷം മലയാളിക്ക് തൊഴില്‍ താത്പര്യങ്ങളുളള പല മേഖലകളിലും നമുക്ക് തിരിച്ചടിയുണ്ടായിട്ടുണ്ടെന്നുളളത് ഒരു വസ്തുതയാണ്.
റഫറണ്ടത്തില്‍ നമ്മള്‍ രേഖപ്പെടുത്തുന്ന വോട്ട് അന്തിമമായിരിക്കും. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറാനാണ് ജനങ്ങള്‍ തീരുമാനിക്കുന്നതെങ്കില്‍ ആ തീരുമാനം അന്തിമമായിരിക്കും. വീണ്ടും ഒരു തിരിച്ച് പോക്ക് സാധ്യമല്ലാത്ത ഒരു പിന്‍മാറ്റമായിരിക്കുമത്. റഫറണ്ടത്തില്‍ ബ്രിട്ടന്‍ ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കുന്ന ചോദ്യം Should the united kingdom remain a member of European Union or leave the European Union എന്നതാണ്. കഴിഞ്ഞ ജനറല്‍ ഇലക്ഷന് മുന്നോടിയായി നടന്ന ക്യാംപെയിനില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമായാണ് നിര്‍ദ്ദിഷ്ട റഫറണ്ടം നടക്കുന്നത്.
ഇരുപത്തെട്ട് രാഷ്ട്രങ്ങളുടെ രാഷ്ട്രീയ സാമ്പത്തിക കൂട്ടായ്മയാണ് യൂറോപ്യന്‍ യൂണിയന്‍ എന്നറിയപ്പെടുന്നത്. യൂറോപ്യന്‍ യൂണിയന്‍ എന്ന ആശയവും അതിന്റെ ഉത്ഭവവും രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമാണ് ഉണ്ടായത്. സാമ്പത്തികമായും രാഷ്ട്രീയമായും ബന്ധങ്ങള്‍ ഉളള രാജ്യങ്ങള്‍ തമ്മില്‍ യുദ്ധത്തിലേര്‍പ്പെടാനുളള സാധ്യത കുറവാണ്. എന്ന ആശയത്തില്‍ നിന്നാണ് യൂറോപ്യന്‍ യൂണിയന്‍ എന്ന സങ്കല്‍പ്പത്തിന്റെ ഉത്ഭവം. യൂറോപ്യന്‍ യൂണിയനിലുളള പത്തൊമ്പത് രാജ്യങ്ങള്‍ പൊതുകറന്‍സിയാണ് ഉപയോഗിക്കുന്നത്. യൂറോപ്യന്‍ യൂണിയന് സ്വന്തമായി പാര്‍ലമെന്റും പരിസ്ഥിതി, ട്രാന്‍സ്‌പോര്‍ട്ട്, ഉപഭോക്തൃ അവകാശങ്ങള്‍ തുടങ്ങിയ മേഖലകളില്‍ വിപുലമായ അധികാരങ്ങളുമുണ്ട്. യൂണിയനിലെ അംഗരാജ്യങ്ങള്‍ക്കിടയിലുളള മനുഷ്യവിഭവശേഷിയുടെ സുഗമവും നിയന്ത്രണങ്ങളില്ലാത്തതുമായ നീക്കവും ലഭ്യതയുമാണ് യൂറോപ്യന്‍ യൂണിയന്റെ ഏറ്റവും വലിയ പ്രത്യേകത.
ലേബര്‍ പാര്‍ട്ടിയുടെയും ലിബറല്‍ ഡെമോക്രാറ്റുകളുടെയും പ്രഖ്യാപിത നിലപാട് ബ്രിട്ടന്റെ കയ്യില്‍ നിന്ന് യൂറോപ്യന്‍ യൂണിയന്‍ നിലവിലുളളതില്‍ കൂടുതല്‍ അധികാരങ്ങള്‍ കരസ്ഥമാക്കാത്തിടത്തോളം ഒരു റഫറണ്ടത്തിന്റെ ആവശ്യമില്ലെന്നതാണ്. സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയും റഫറണ്ടത്തിന് എതിരാണ്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെടുന്നവരുടെ പ്രധാന വാദഗതികള്‍ താഴെ പറയുന്നവയാണ്.
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനിലെ മെമ്പര്‍ഷിപ്പ് നിലനിര്‍ത്താന്‍ വളരെയധികം പണം ചെലവഴിക്കുന്നുണ്ടെങ്കിലും തിരിച്ച് ഒരു പ്രയോജനവും ലഭിക്കുന്നില്ല.
യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറുകയാണെങ്കില്‍ കുടിയേറ്റം നിയന്ത്രിക്കാന്‍ സാധിക്കും.
യൂറോപ്യന്‍ യൂണയിന്‍ തീരുമാനത്തിന് അനുസരിച്ചാണ് രാജ്യത്തിന്റെ നയപരിപാടികളും ഭാവിയും ഇരിക്കുന്നത്.
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് വാദിക്കുന്നവര്‍ക്ക് ഇതിനൊക്കെ ഫലപ്രദമായ മറുപടിയുണ്ട്. ആവശ്യസാധനങ്ങളുടെ വിലക്കയറ്റം ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കുന്നത് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നത് കൊണ്ടാണെന്നാണ് അനുകൂലികള്‍ വാദിക്കുന്നത്. ബ്രിട്ടീഷ് കമ്പനികള്‍ക്ക് യൂറോപ്പ് എന്ന ലോകത്തിലെ ഏറ്റവും വലിയ മാര്‍ക്കറ്റുകളില്‍ ഒന്നിലേക്ക് സുഗമമായ കയറ്റുമതി സാധ്യമാകും. നിലവില്‍ ബ്രിട്ടനിലെ പത്തിലൊന്ന് തൊഴിലവസരങ്ഹളും യൂറോപ്പിലെ മറ്റ് രാജ്യങ്ങളുമായുളള വ്യാപാരത്തില്‍ അധിഷ്ഠിതമാണ്. ബ്രിട്ടീഷ് കമ്പനികള്‍ക്ക് മികച്ചതും ചെലവുകുറഞ്ഞതുമായ മനുഷ്യവിഭവശേഷിയുടെ ലഭ്യതയും യൂറോപ്യന്‍ യൂണിയനിലെ അംഗത്വം മൂലമാണ് ലഭിക്കുന്നത് തുടങ്ങിയവയാണ് യൂറോപ്യന്‍ യൂണിയനെ അനുകൂലിക്കുന്നവര്‍ നിരത്തുന്ന വാദമുഖങ്ങള്‍. ഇതിനൊക്കെ പുറമെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറുകയാണെങ്കില്‍ അത് ബ്രിട്ടന്റെ പ്രതിച്ഛായയെ ആഗോളതലത്തില്‍ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ട്.
നമ്മള്‍ കുടിയേറിയ രാജ്യത്തിന്റെ താത്പര്യങ്ങളും നമ്മുടെ താത്പര്യങ്ങളും സംരക്ഷിക്കപ്പെടുന്ന ഒരു തീരമാനമെടുത്ത് ഈ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകാന്‍ മലയാളി സമൂഹം മുന്നോട്ട് വരേണ്ടതുണ്ട്. ഒത്തൊരുമയോടെ നിന്നാല്‍ മലയാളികള്‍ക്ക് നമ്മുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശേഷിയുളള ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താന്‍ സാധിക്കുന്ന ഒരു സമ്മര്‍ദ്ദഗ്രൂപ്പാകാന്‍ സാധിക്കും. അത്തരത്തില്‍ രാഷ്ട്രീയ ഉള്‍ക്കാഴ്ചയുളള പ്രവര്‍ത്തനങ്ങളും സമീപനങ്ങളുമാകട്ടെ നാളെ പ്രവാസി മലയാളികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.
വേക്ക്ഫീല്‍ഡില്‍ താമസിക്കുന്ന ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും, ആനുകാലിക സംഭവങ്ങള്‍ നിരീക്ഷിച്ച് പൊതു ജനങ്ങളുടെ മുന്‍പിലേക്ക് എത്തിക്കുന്ന സാമൂഹ്യ നിരീക്ഷകനുമാണ്. ജോജി തോമസ് എല്ലാ മാസാന്ത്യങ്ങളിലും മലയാളം യുകെയില്‍ മാസാന്ത്യാവലോകനം എന്ന പംക്തി കൈകാര്യം ചെയ്തു വരുന്നു.
ന്യൂഡല്‍ഹി: നഗരത്തിലെ ഒരു സ്വകാര്യസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ആറുവയസുകാരനെ മരിച്ച നിലയില്‍ സ്‌കൂള്‍ പരിസരത്ത് കണ്ടെത്തി. സ്‌കൂളിലെ ആംഫി തിയേറ്ററിനടുത്തുളള കുഴിയില്‍ മരിച്ച് കിടക്കുന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. വസന്ത്കുഞ്ജിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ദേവാന്‍ഷ് മീണയാണ് മരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ജില്ലാ മജിസ്‌ട്രേറ്റിനോട് ഉത്തരവിട്ടു.
സംഭവം പൊലീസിലറിയിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ കാലതാമസം വരുത്തിയതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഉച്ചയോടെയാണ് കുട്ടിയെ കുഴിയില്‍ കണ്ടെത്തിയതെന്ന് ആശുപത്രിയില്‍ സ്‌കൂള്‍ അധികൃതര്‍ നല്‍കിയ വിവരം. മരണകാരണം വ്യക്തമായിട്ടില്ല. ക്ലാസില്‍ കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി കുഴിയില്‍ വീണ് കിടക്കുന്നത് കണ്ടത്. ഇത് ഒരുടാങ്കായി ഉപയോഗിക്കുന്ന കുഴിയാണഅ. എന്നാല്‍ കുട്ടി ഇതില്‍ മുങ്ങി മരിച്ചതാണോയെന്ന് വ്യക്തമല്ല.
ആശുപത്രിയില്‍ എത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. എന്നാല്‍ 2.40നാണ് പൊലീസില്‍ വിവരം അറിയിച്ചത്. എന്താണ് സംഭവിച്ചത് ചോദിച്ച പിതാവിന് നേരെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഒച്ചവച്ചതായി അദ്ദേഹം പറയുന്നു. തനിക്ക് സ്‌കൂള്‍ അധികൃതരെ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരനായ ആര്‍.കെ.മീണയുടെ മകനാണ് മരിച്ചത്.
മീണയുടെ ആരോപണങ്ങള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സന്ധ്യാ സാബു നിഷേധിച്ചു. ഒരാഴ്ചയ്ക്കിടെ രാജ്യ തലസ്ഥാനത്ത് ഇത് രണ്ടാമത്തെ സംഭവമാണ്. ജനുവരി ഇരുപത്തേഴാം തീയതി നഗരത്തിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ടോയ്‌ലറ്റില്‍ പോയ അഞ്ചുവയസുകാരന്‍ സെപ്ടിക് ടാങ്കില്‍ വീണ് മരിച്ചു.
ഇത്തരത്തിലുളള സംഭവങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി മനീഷ്‌സിസോദിയ പറഞ്ഞു.കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനാകാത്തവര്‍ എങ്ങനെ സ്‌കൂള്‍ നടത്തുമെന്നും അദ്ദേഹം ചോദിക്കുന്നു. ദേവാന്‍ഷിന്റെ മൃതദേഹം ഡല്‍ഹി ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.
അങ്കാറ: തുര്‍ക്കി തീരത്തിനടുത്ത് മറ്റൊരു കുടിയേറ്റ ബോട്ടുകൂടി മുങ്ങി അഭയാര്‍ത്ഥികള്‍ മരിച്ചു. സ്ത്രീകളും കുട്ടികളുമടക്കമുളളവരുടെ മൃതദേഹങ്ങള്‍ തുര്‍ക്കി തീരത്തടിഞ്ഞതായി തീരസംരക്ഷണ സേന അറിയിച്ചു. യൂറോപ്പിലേക്കുളള യാത്രയ്ക്കിടെ മുപ്പത്തേഴുപേര്‍ മുങ്ങി മരിച്ചതായാണ് നിഗമനം. ഐലന്‍ കുര്‍ദിയുടെ മരണത്തെ ഓര്‍മിപ്പിക്കും വിധം പിഞ്ചുകുഞ്ഞുങ്ങളടക്കമുളളവരുടെ മൃതദേഹങ്ങള്‍ തീരത്തടിഞ്ഞിട്ടുണ്ടെന്ന് വാര്‍ത്താഏജന്‍സി നല്‍കിയിട്ടുളള ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. തുര്‍ക്കിയുടെ വടക്കന്‍ പ്രവിശ്യയായ കനാക്കലിലെ ഐവാസിക് എന്ന നഗരത്തിനടുത്ത് നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുളളത്.
സിറിയ, അഫ്ഗാന്‍, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഗ്രീക്ക് ദ്വീപായ ലെസ്‌ബോസിലേക്ക് പോയ ബോട്ടാണ് മുങ്ങിയതെന്ന് കരുതുന്നു. ജര്‍മനിയില്‍ അഭയം തേടിയ സിറിയക്കാര്‍ക്കും ഇറാഖികള്‍ക്കും അവരുടെ രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുമ്പോള്‍ മടങ്ങിപ്പോകാമെന്ന് ചാന്‍സലര്‍ ആഞ്ചേല മെര്‍ക്കല്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഈദുരന്തം. രാജ്യത്തേക്ക് കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്നതിന് മെര്‍ക്കല്‍ കടുത്ത വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുകയാണ്. 1990ല്‍ യുഗോസ്ലാവിയയില്‍ നിന്ന് അഭയം തേടിയെത്തിയവരില്‍ എഴുപത് ശതമാനം പേരും പിന്നീട് സ്വന്തം രാജ്യത്തേക്ക് മടങ്ങിയതായും മെര്‍ക്കല്‍ ചൂണ്ടിക്കാട്ടുന്നു.
രണ്ട് ദിവസം മുമ്പും തുര്‍ക്കിയ്ക്കടുത്ത് മറ്റൊരു ബോട്ട് മുങ്ങി ഇരുപത്തഞ്ച് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇതില്‍ പത്ത് പേര്‍ കുട്ടികളായിരുന്നു. തുര്‍ക്കിയിലെ സാമോസ് ദ്വീപിലേക്ക് പോയവരാണ് മുങ്ങി മരിച്ചത്. ഇപ്പോള്‍ തകര്‍ന്ന ബോട്ടില്‍ നിന്ന് 75 പേരെ രക്ഷപ്പെടുത്തിയതായും തുര്‍ക്കി തീരസംരക്ഷണ സേന വ്യക്തമാക്കിയിട്ടുണ്ട്. ഇരുപത് പേരെക്കുറിച്ച് ഇനിയും വിവരം ലഭിക്കാനുണ്ടെന്നും രക്ഷപ്പെട്ടവര്‍ പറയുന്നു. തീരത്ത് നിന്ന് അമ്പത് മീറ്റര്‍ അകലെയായാണ് ബോട്ട് മുങ്ങിയത്. കഴിഞ്ഞ കൊല്ലം നാലായിരം പേര്‍ യൂറോപ്പ് കടലില്‍ മുങ്ങി മരിച്ചതോടെയാണ് അഭയാര്‍ത്ഥികളുടെ ഈ ദാരുണാന്ത്യങ്ങളുടെ കഥ പുറം ലോകം അറിഞ്ഞ് തുടങ്ങിയത്. ഇക്കൊല്ലം ആദ്യത്തെ 28 ദിവസങ്ങളിലായി 244 പേര്‍ ഇത്തരത്തില്‍ കടലില്‍ മുങ്ങിമരിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കരയിലും നിരവധി കുടിയേറ്റക്കാര്‍ക്ക് മരണം സംഭവിച്ചു.
അങ്കാറ: പോര്‍വിമാനങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് തുര്‍ക്കി റഷ്യന്‍ അംബാസിഡറെ വിളിച്ച് വരുത്തി വിശദീകരണം തേടി. റഷ്യന്‍ ഭാഷയിലും ഇംഗ്ലീഷിലും വിമാനത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടും വിമാനം അതിര്‍ത്തി കടന്നെന്നാണ് തുര്‍ക്കിയുടെ ആരോപണം. ഇത് തികച്ചും നിരുത്തരവാദപരമായ പ്രവൃത്തിയാണെന്നും തുര്‍ക്കി കുറ്റപ്പെടുത്തി. ഇതിന്റെ പ്രത്യാഘാതങ്ങള്‍ക്ക് റഷ്യ മാത്രമാകും ഉത്തരവാദിയെന്നും തുര്‍ക്കി മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ തങ്ങളുടെ പോര്‍വിമാനങ്ങള്‍ തുര്‍ക്കി അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ ഇഗോര്‍ കനാഷെങ്കോവിന്റെ വിശദീകരണം. തുര്‍ക്കിയുടെത് കളളപ്രചരണങ്ങളാണെന്നും റഷ്യ ആരോപിക്കുന്നു.
നവംബറില്‍ റഷ്യയുടെ എസ് യു 24 യുദ്ധവിമാനം വ്യോമാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് തുര്‍ക്കി വെടിവച്ച് വീഴ്ത്തിയിരുന്നു. ഈ സംഭവത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ കടുത്ത സംഘര്‍ഷത്തിലാണ്. ഇതേതുടര്‍ന്ന് തുര്‍ക്കിയുടെ മേല്‍ റഷ്യന്‍ പ്രസിഡന്റ് വല്‍ഡിമര്‍ പുടിന്‍ ധാരാളം ഉപരോധങ്ങളും ഏര്‍പ്പെടുത്തി.
സെപ്റ്റംബര്‍ മുതല്‍ റഷ്യന്‍ സൈന്യം സിറിയയില്‍ വ്യോമാക്രമണം നടത്തുകയാണ്. വീണ്ടും വ്യോമാതിര്‍ത്തി ലംഘിച്ചതിലൂടെ റഷ്യ സംഘര്‍ഷം കടുപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രാലയം പറഞ്ഞു.