ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജാഗ്വർ ലാൻഡ് റോവർ (JLR) നേരിട്ട സൈബർ ആക്രമണത്തെ തുടർന്ന് ഉത്പാദനം താൽക്കാലികമായി നിർത്തിവച്ചിരുന്ന കമ്പനി പരിമിതമായ തോതിൽ നിർമ്മാണം പുനരാരംഭിക്കാൻ തയ്യാറെടുക്കുകയാണ് എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . വെസ്റ്റ് മിഡ്‌ലാൻഡ്സിലെ വോൾവർഹാംപ്ടണിലുള്ള എഞ്ചിൻ നിർമ്മാണശാലയാണ് ആദ്യം പ്രവർത്തനം പുനരാരംഭിക്കുന്നത് . ചില ജീവനക്കാർ ഇതിനകം തന്നെ തിരികെ ജോലിയിൽ എത്തി . അതോടൊപ്പം സ്ലോവാക്യയിലെ നൈട്രയിലും സോളിഹല്ലിലുമുള്ള ഫാക്ടറികളിലും ഈ ആഴ്ചാവസാനത്തോടെ പരിമിതമായ ഉത്പാദനം പുനരാരംഭിക്കാനുള്ള നീക്കങ്ങൾ നടക്കുകയാണ്. നൈട്രയിൽ ലാൻഡ് റോവർ ഡിഫൻഡർ നിർമ്മിക്കുമ്പോൾ സോളിഹല്ലിൽ റേഞ്ച് റോവർ പോലെയുള്ള ആഡംബര മോഡലുകൾ നിർമ്മിക്കപ്പെടുന്നു. കമ്പനി തന്റെ പ്രധാന നിർമ്മാണകേന്ദ്രങ്ങളിൽ ഉത്പാദനം പുനരാരംഭിക്കുന്നതിനായി ഘട്ടംഘട്ടമായ നടപടികളാണ് സ്വീകരിക്കുന്നത്.

ആഗസ്റ്റ് അവസാന ദിവസം നടന്ന ഈ സൈബർ ആക്രമണം JLR-ന്റെ ഉല്പാദന സംവിധാനങ്ങളെ താറുമാറാക്കിയിരുന്നു. വാഹന രൂപകൽപനാ സോഫ്റ്റ്‌വെയർ, വിതരണ ശൃംഖല, ഉത്പാദന സംവിധാനങ്ങൾ, വിൽപനാ ഡേറ്റാ തുടങ്ങിയവയെ എല്ലാം സൈബർ ആക്രമണം ബാധിക്കുകയും ചെയ്തു. കമ്പനി ഇപ്പോൾ നടത്തിയിട്ടുള്ള സങ്കീർണ്ണമായ ഐടി പുനർനിർമ്മാണത്തിന് ശേഷം ഉത്പാദനം ശരിയായി പ്രവർത്തിക്കുന്നുണ്ടോയെന്ന് തുടക്കത്തിൽ പരിശോധിക്കുന്നതിനായിരിക്കും. പൂർണ്ണ തോതിലുള്ള ഉത്പാദനം ആരംഭിക്കാൻ കുറച്ച് ആഴ്ചകൾ കൂടി വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ലിവർപൂളിനടുത്തുള്ള ഹാലീവുഡ് ഫാക്ടറി വീണ്ടും പ്രവർത്തനം ആരംഭിക്കാൻ കുറച്ച് കൂടി സമയം എടുക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . JLR-ന്റെ എല്ലാ സാങ്കേതിക സംവിധാനങ്ങളും സുരക്ഷിതമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി കമ്പനി സൈബർ സുരക്ഷാ വിദഗ്ധരോടും ദേശീയ സൈബർ സുരക്ഷാ കേന്ദ്രത്തോടും (NCSC) ചേർന്ന് പ്രവർത്തിക്കുന്നുണ്ട് .

ബ്രിട്ടീഷ് സർക്കാർ കഴിഞ്ഞ ആഴ്ച JLR-ക്കും അതിന്റെ വിതരണ ശൃംഖലയ്ക്കും പിന്തുണയായി സ്വകാര്യ വായ്പകളിൽ £1.5 ബില്യൺ ഗ്യാരണ്ടി നൽകുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതുമായി ബന്ധപ്പെട്ട കരാറുകൾ ഇനിയും ഔദ്യോഗികമായി ഒപ്പുവെച്ചിട്ടില്ല. വിതരണക്കാർക്ക് അടിയന്തിര സാമ്പത്തിക സഹായങ്ങൾ വേഗത്തിൽ ലഭ്യമാക്കാനുള്ള കാര്യങ്ങൾ പുരോഗമിക്കുകയാണ് . “ഞങ്ങളുടെ പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായ പുനരാരംഭത്തിനുള്ള പാതയിൽ മുന്നേറുകയാണ് എന്ന് JLR വക്താവ് വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് വാട്ടർ ബില്ലുകൾ പ്രതീക്ഷിച്ചതിലും കൂടുതലായി ഉയരാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . ആംഗ്ലിയൻ, നോർത്തംബ്രിയൻ, സൗത്ത്, വെസെക്സ്, സൗത്ത് ഈസ്റ്റ് എന്നീ അഞ്ച് വാട്ടർ കമ്പനികൾ തങ്ങളുടെ ചെലവുകൾക്കായി കൂടുതൽ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് കമ്മീഷന് (CMA) മുന്നിൽ അപ്പീൽ നൽകിയിരിക്കുകയാണ്. തെയിംസ് വാട്ടർ, രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായിട്ടും കടബാധ്യതകൾ കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി താത്കാലികമായി അപ്പീൽ പ്രക്രിയ പിന്‍വലിച്ചിട്ടുണ്ട്.

വാട്ടർ റെഗുലേറ്റർ ‘ഓഫ്‌വാട്ട്’ ഡിസംബറിൽ പ്രഖ്യാപിച്ച പ്രകാരം, 2030-ഓടെ കുടുംബങ്ങളുടെ വാർഷിക ചിലവ് ശരാശരി 36% ഉയർന്ന് £597 ആകുമെന്നാണ് കണക്കാക്കുന്നത് . എന്നാൽ, കമ്പനികൾ പഴകിയ സൗകര്യങ്ങൾ നവീകരിക്കാനും മലിനജല ചോർച്ചയും കുടിവെള്ള നഷ്ടം തടയാനും വലിയ പദ്ധതികൾക്കായി കൂടുതൽ നിക്ഷേപം ആവശ്യമാണ് എന്ന് വാദിക്കുന്നു. എസ് & പി ഗ്ലോബൽ റേറ്റിംഗ്സ് വിലയിരുത്തിയ പ്രകാരം, അധികമായി £2 ബില്യൺ വരെ ചെലവഴിക്കാനുള്ള അനുവാദം കമ്പനികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

CMA യുടെ തീരുമാനം കുടുംബങ്ങൾക്ക് വലിയ ബാധ്യതയായേക്കുമെന്ന ആശങ്കയുണ്ട്. പുതിയ പരിസ്ഥിതി സെക്രട്ടറി എമ്മ റെനോൾഡ്സ്, വില വർദ്ധനവ് നിയന്ത്രിക്കാനും ആവശ്യമായ നിക്ഷേപം ഉറപ്പാക്കാനും മറ്റ് വഴികൾ തേടണമെന്ന സൂചനകൾ നൽകിയിട്ടുണ്ട് . വെള്ളത്തിന്റെയും മലിനജലത്തിന്റെയും പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ ചെലവ് വേണ്ടിവരും എന്നതിനാൽ ഉപഭോക്താക്കളിൽ നിന്നും എത്രത്തോളം ബാധ്യത ഏറ്റെടുക്കണമെന്ന് വ്യക്തമാക്കുന്നതിൽ സർക്കാരിനും ഒട്ടേറെ വെല്ലുവിളികളുണ്ട്
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അമൃത്സറിൽ നിന്നു ബർമിംഗ്ഹാമിലേക്കു വന്ന എയർ ഇന്ത്യ ഡ്രീംലൈനർ (AI117) വിമാനത്തിൽ യാത്രയ്ക്കിടെ സാങ്കേതിക തകരാറിന്റെ ഭാഗമായി റാം എയർ ടർബൈൻ (റാറ്റ്) പ്രവർത്തിച്ച വാർത്ത കടുത്ത ഞെട്ടലാണ് വ്യോമയാന മേഖലയിൽ സൃഷ്ടിച്ചിരിക്കുന്നത്. ലാൻഡിംഗിന് വെറും 400 അടി ബാക്കി നിൽക്കുമ്പോഴാണ് റാറ്റ് സ്വയം പുറത്തേക്ക് വന്നത്. വിമാനം സുരക്ഷിതമായി ബർമിംഗ്ഹാമിൽ ലാൻഡ് ചെയ്യാൻ കഴിഞ്ഞു.

വിമാനത്തിന്റെ എല്ലാ വൈദ്യുതി സ്രോതസുകളും നിലയ്ക്കുമ്പോഴാണ് റാറ്റ് സ്വയം പ്രവർത്തനത്തിലാകുന്നത്. കാറ്റിന്റെ സഹായത്തോടെ കറങ്ങിയാണ് റാറ്റ് അത്യാവശ്യ സംവിധാനങ്ങൾക്ക് ആവശ്യമായ വൈദ്യുതി നൽകുന്നത്. ജനറേറ്ററും എപിയുവും ബാറ്ററികളും തകരാറിലാകുമ്പോഴാണ് ഈ സംവിധാനം പ്രവർത്തിക്കുക. ഡ്രീംലൈനർ വിമാനത്തിൽ പൈലറ്റുകൾക്ക് റാറ്റ് കൃത്രിമമായി ഓൺ ചെയ്യാനാവില്ല. മറിച്ച് അപകടാവസ്ഥയിൽ മാത്രമേ അത് സ്വമേധയാ പ്രവർത്തനം ആരംഭിക്കൂ. മുൻകാലത്ത് നടന്ന അഹമ്മദാബാദ് അപകടത്തിലും ഇതുപോലൊരു സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ എയർ ഇന്ത്യ വിമാനത്തിന്റെ എല്ലാ ഇലക്ട്രിക്കൽ, ഹൈഡ്രോളിക് സംവിധാനങ്ങളും സാധാരണ നിലയിലാണെന്ന് വ്യക്തമാക്കി. എങ്കിലും കൂടുതൽ പരിശോധനകൾക്കായി ബർമിംഗ്ഹാമിൽനിന്ന് ഡൽഹിയിലേക്കുള്ള എഐ114 സർവീസ് റദ്ദാക്കി. യാത്രക്കാർക്കായി ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും, സുരക്ഷയ്ക്കാണ് എയർ ഇന്ത്യയുടെ പരമ മുൻഗണനയെന്നും അധികൃതർ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഈസ്റ്റ് സസ്സെക്‌സിലെ പീസ്ഹേവൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മോസ്‌കിൽ ഉണ്ടായ തീവയ്പ്പ് ശ്രമവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന രണ്ടുപേരുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. ശനിയാഴ്ച രാത്രി 9.50ഓടെ ഫില്ലിസ് അവന്യൂവിലുള്ള പള്ളിയിൽ ആണ് തീപിടുത്തം ഉണ്ടായത് . ആളുകൾക്ക് അപകടം ഒന്നും സംഭവിച്ചില്ലെങ്കിലും പള്ളിയുടെ മുൻവാതിലും പുറത്തു പാർക്ക് ചെയ്തിരുന്ന കാറും കത്തി നശിച്ചു.

രാത്രിയിൽ മുഖം മറച്ച രണ്ട് പേർ പള്ളിയുടെ വാതിൽ തുറക്കാൻ ശ്രമിച്ചതായും അത് പൂട്ടിയ നിലയിലായപ്പോൾ അവർ വാതിലിനും കാറിനും സമീപം ദ്രാവകം ഒഴിച്ച് തീ വെച്ചതായും പള്ളിയിലെ ഒരു ജോലിക്കാരൻ പറഞ്ഞു. അകത്ത് ഉണ്ടായിരുന്ന രണ്ട് പേർക്ക് രക്ഷപ്പെടാൻ കഴിഞ്ഞു. സംഭവത്തിന് ശേഷം പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മറ്റ് ആരാധനാലയങ്ങളിലും അധിക പട്രോളിംഗ് ഏർപ്പെടുത്തി.

ഈ ആക്രമണത്തെ തുടർന്ന് ബ്രിട്ടനിലെ രാഷ്ട്രീയ നേതാക്കളും മതസംഘടനകളും ശക്തമായ പ്രതിഷേധം അറിയിച്ചു. ഹോം സെക്രട്ടറി ശബാനാ മഹ്മൂദ് ഈ സംഭവത്തെ “തീർത്തും ആശങ്കാജനകം” എന്നാണ് വിശേഷിപ്പിച്ചത് . ഇത്തരം ആക്രമണങ്ങൾ ബ്രിട്ടീഷ് മുസ്ലിം സമൂഹത്തിനെതിരെയല്ല, മുഴുവൻ രാജ്യത്തിനെതിരെയുള്ള ആക്രമണങ്ങളാണെ ന്നും അവർ പറഞ്ഞു. ഈ സംഭവം വെറുപ്പിന്റെയും അസഹിഷ്ണുതയുടെയും ഉദാഹരണമാണ് ഈ സംഭവമെന്ന് ബ്രൈറ്റൺ–പീസ്ഹേവൻ എംപി ക്രിസ് വാർഡ് അഭിപ്രായപ്പെട്ടു. നമ്മുടെ സമൂഹത്തിൽ ഇത്തരം വിദ്വേഷത്തിനിടമില്ല, ഐക്യത്തോടെയാണ് നാം പ്രതികരിക്കേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ നാല് പേരിൽ ഒരാൾക്ക് തങ്ങളുടെ പങ്കാളി, ബന്ധു അല്ലെങ്കിൽ സുഹൃത്ത് അമിതമായി മദ്യം കഴിക്കുന്നുവെന്ന ഭയം ഉണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . 2,000 പ്രായപൂർത്തിയായവരെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ ആറിൽ ഒരാൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവർ ലഹരിമരുന്നുകൾ അമിതമായി ഉപയോഗിക്കുന്നുവെന്ന ആശങ്കയും പ്രകടിപ്പിച്ചു. കോക്കെയ്ൻ, കാനബിസ് തുടങ്ങിയ മയക്കുമരുന്നുകളുടെ ആസക്തിയും മദ്യലഹരിയുമാണ് വിദഗ്ധർ ‘വ്യാപകമായ മഹാമാരി’യായി വിശേഷിപ്പിക്കുന്നത്.

ഇംഗ്ലണ്ടിൽ ഓരോ വർഷവും 3 ലക്ഷത്തിലധികം പേർക്ക് മദ്യം അല്ലെങ്കിൽ ലഹരിമരുന്ന് സംബന്ധമായ ചികിത്സ നൽകുകയാണെന്ന് ഔദ്യോഗിക കണക്കുകൾ കാണിക്കുന്നു. 2009-10 നുശേഷം ഇത്രയും ഉയർന്ന തോതിലുള്ള ചികിത്സ വേണ്ടി വരുന്നത് ഇത് ആദ്യമായാണ്. 2019 മുതൽ ആസക്തി സംബന്ധമായ ചികിത്സ തേടുന്നവരുടെ എണ്ണം 40% വർധിച്ചതായാണ് പ്രിയറി ഗ്രൂപ്പിന്റെ മാനസികാരോഗ്യ വിദഗ്ധനായ ഡോ. നിയൽ ക്യാമ്പ്ബെൽ വ്യക്തമാക്കുന്നത് . പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് ഇപ്പോൾ ചികിത്സയ്ക്ക് സഹായം തേടുന്നത്.

സർവേയിലെ കണക്കുകൾ അനുസരിച്ച് 26% പേർക്ക് അവരുടെ പ്രിയപ്പെട്ടവർ അമിതമായി മദ്യം കഴിക്കുന്നുവെന്ന ആശങ്കയും 16% പേർക്ക് ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള ഭയവുമുണ്ട്. £50,000-ലധികം വരുമാനം ലഭിക്കുന്ന കുടുംബങ്ങളിൽ ലഹരി പ്രശ്നങ്ങൾ കൂടുതലായുള്ളതായും കണ്ടെത്തിയിട്ടുണ്ട് . മദ്യപാനത്തിന്റെ ദോഷഫലങ്ങൾ കുടുംബങ്ങളിലേയ്ക്കും സമൂഹത്തിലേയ്ക്കും വ്യാപിക്കുന്നുവെന്ന് ‘ആൽക്കഹോൾ ചെയ്ഞ്ജ് യു.കെ.’യുടെ ചീഫ് എക്സിക്യൂട്ടീവ് ഡോ. റിച്ചാർഡ് പൈപ്പർ പറഞ്ഞു. ഇതിനെത്തുടർന്ന് ‘ബ്രേക്ക് ദ ചെയിൻ’ എന്ന പേരിൽ പ്രിയറി ഗ്രൂപ്പ് ലഹരിപ്രശ്നങ്ങളെ കുറിച്ച് ബോധവത്കരണ ക്യാമ്പെയ്ൻ ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിലേക്ക് വരുന്ന വിദേശ സഞ്ചാരികൾക്കായി പുതിയ യാത്രാനിയമം പ്രാബല്യത്തിൽ വന്നു . ഒക്ടോബർ 1 മുതൽ ഇത് നടപ്പിലാക്കി തുടങ്ങി. ഇന്ത്യൻ സർക്കാരിന്റെ പുതിയ നിർദ്ദേശപ്രകാരം, ഇനി മുതൽ വിദേശ പൗരന്മാർ വിമാനത്തിൽ അല്ലെങ്കിൽ വിമാനത്താവളത്തിൽ പൂരിപ്പിച്ചിരുന്ന ഡിസെംബർക്കേഷൻ കാർഡ് ഇനി ഓൺലൈൻ ആയി പൂരിപ്പിക്കേണ്ടതാണ്. ഡിജിറ്റൽ ഡിസെംബർക്കേഷൻ (DE) കാർഡ് എന്നറിയപ്പെടുന്ന ഈ ഓൺലൈൻ ഫോം എല്ലാ വിദേശ സഞ്ചാരികൾക്കും ‘ഇന്ത്യൻ സർക്കാർ നിർബന്ധിതമാക്കിയിരിക്കുകയാണ്.

യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂർ മുമ്പ് തന്നെ കാർഡ് പൂരിപ്പിക്കേണ്ടതുണ്ട്. ഇത് പൂരിപ്പിക്കാത്തവർക്ക് ഇന്ത്യയിലെത്തിയ ശേഷം ഇമിഗ്രേഷൻ നടപടികളിൽ താമസമോ തടസ്സമോ നേരിടേണ്ടി വരാമെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യൻ പൗരന്മാർക്ക് ഈ കാർഡ് പൂരിപ്പിക്കേണ്ടതില്ല. ടൂറിസം, ബിസിനസ്, മെഡിക്കൽ ട്രീറ്റ്‌മെന്റ് തുടങ്ങി വിവിധ ആവിശ്യങ്ങൾക്കായി വരുന്ന എല്ലാ വിദേശികൾക്കും ഈ സംവിധാനം ബാധകമാണ്.

ഡിജിറ്റൽ കാർഡ് indianvisaonline.gov.in/earrival* എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ *Indian Visa Suswagatam* എന്ന മൊബൈൽ ആപ്പിലൂടെയോ പൂരിപ്പിക്കാം. പാസ്പോർട്ട്, വിസ, ഫ്ലൈറ്റ് വിവരങ്ങൾ, ഇന്ത്യയിലെ താമസ വിലാസം, ആരോഗ്യ-യാത്രാ ചരിത്രം എന്നിവ ഉൾപ്പെടെ ആവശ്യമായ വിവരങ്ങൾ നൽകേണ്ടതാണ്. അപേക്ഷകൾ നേരിട്ടു തന്നെ നൽകണമെന്നും മൂന്നാം കക്ഷികളിലൂടെയോ ഏജൻസികളിലൂടെയോ അപേക്ഷിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പുതിയ സംവിധാനത്തിലൂടെ ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാനും സുരക്ഷാ പരിശോധനകളും ആരോഗ്യനിയന്ത്രണങ്ങളും ശക്തമാക്കാനുമാണ് ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാഞ്ചസ്റ്റർ ∙ ഹീറ്റൺ പാർക്ക് സിനഗോഗിന് പുറത്തുണ്ടായ ഭീകരാക്രമണത്തിന് പിന്നിലെ പ്രതിയായ 35കാരൻ ജിഹാദ് അൽ ഷാമിയുടെ പിതാവ് ഫരാജ് അൽ ഷാമി നടത്തിയ തീവ്രവാദ സ്വഭാവമുള്ള പരാമർശങ്ങളെ കുറിച്ചുള്ള വിവരണങ്ങൾ മാധ്യമങ്ങളിൽ വാർത്തയായി. ഇസ്രായേലിന്റെ അവസാനത്തെ നോക്കി അറബിക് കാപ്പി കുടിക്കാം എന്ന പരാമർശം ഉൾപ്പെടെ നിരവധി വിവാദ ഓൺലൈൻ പോസ്റ്റുകൾ അദ്ദേഹം നടത്തിയതായി ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്തു. സിറിയയിൽ ജനിച്ച സർജൻ ആയ ഫരാജ് അൽ ഷാമി കഴിഞ്ഞ 25 വർഷമായി യുകെയിൽ താമസിച്ചു വരികയായിരുന്നു. 2010-ഓടെ ഭാര്യയുമായി വേർപിരിഞ്ഞ് ഇയാൾ ഫ്രാൻസിലേയ്ക്ക് താമസം മാറ്റിയതായാണ് വിവരം. അദ്ദേഹം ഹമാസിനെ “ദൈവത്തിന്റെ യഥാർത്ഥ പോരാളികൾ” എന്ന് വിശേഷിപ്പിച്ചുകൊണ്ട് പോസ്റ്റുകൾ ചെയ്തിരുന്നു. ഇസ്രായേൽ ‘അൻപത് മുതൽ എൺപത് വർഷത്തിനുള്ളിൽ അവസാനിക്കും’ എന്ന അവകാശവാദത്തോടൊപ്പം “നമ്മൾ വീണ്ടും കാപ്പി കുടിച്ച് അവരുടെ അവസാനത്തെ കാണും” എന്നതുപോലുള്ള വാക്കുകളും അദ്ദേഹം എഴുതി.

2012-ൽ ഫരാജ് അൽ ഷാമി ഇസ്രായേലിനെ “വിഭജനത്തിന്റെയും അനീതിയുടെയും ഉറവിടം” എന്നും “പാമ്പിന്റെ തല” എന്നും വിശേഷിപ്പിച്ചിരുന്നു. സിറിയൻ ആഭ്യന്തര യുദ്ധകാലത്ത് അദ്ദേഹം ഹമാസിന്റെ പോരാട്ടങ്ങളെ പ്രശംസിക്കുകയും, അവരുടെ “ദൃഢനിശ്ചയം, ആത്മവിശ്വാസം, വിശ്വാസം” എന്നിവയെ പുകഴ്ത്തുകയും ചെയ്തു. 2023 ഒക്ടോബർ 7-ന് ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തിന് പിന്നാലെ “ദൈവത്തിന്റെ പുരുഷന്മാർ” എന്ന് വിശേഷിപ്പിച്ചുകൊണ്ട് “നിങ്ങളുടെ ആയുധങ്ങൾ കരുതലോടെ കൈകാര്യം ചെയ്യുക, നിങ്ങളുടെ സഹോദരന്മാർക്കായി ലക്ഷ്യം കൃത്യമായി എടുക്കുക” എന്ന് അദ്ദേഹം എഴുതിയതായി റിപ്പോർട്ടുണ്ട്. അതേ സമയം, കുട്ടികളെയും വയോധികരെയും തടവിലാക്കരുതെന്നും ഹമാസിനോട് അഭ്യർത്ഥിച്ച പോസ്റ്റുകളും ഉണ്ടായിരുന്നു.

വ്യാഴാഴ്ച മാഞ്ചസ്റ്ററിലെ ഹീറ്റൺ പാർക്ക് ഹെബ്രു കോൺഗ്രിഗേഷൻ സിനഗോഗിന് പുറത്താണ് ഭീകരാക്രമണം നടന്നത്. ജിഹാദ് അൽ ഷാമി തന്റെ കാർ ജനക്കൂട്ടത്തിലേയ്ക്ക് ഓടിച്ചുകയറ്റി കത്തി പ്രയോഗം നടത്തുകയും സിനഗോഗിൽ കടക്കാൻ ശ്രമിക്കുകയും ചെയ്തു. “നിങ്ങൾ ഞങ്ങളുടെ കുട്ടികളെ കൊന്നതിന് ഇതാണ് പ്രതിഫലം” എന്ന് നിലവിളിച്ചു കൊണ്ടാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പൊലീസ് വെറും ഏഴ് മിനിറ്റിനുള്ളിൽ ഇയാളെ വെടിവെച്ച് കൊന്നു. ആക്രമണത്തിൽ 66കാരനായ മെൽവിൻ ക്രാവിറ്റ്സും 53കാരനായ എഡ്രിയൻ ഡോൾബിയും കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് ഗുരുതരമായ പരിക്കുകളുണ്ട്. സംഭവത്തെ തുടർന്ന് ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പൊലീസ് കണ്ടക്റ്റ് (IOPC) അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാഞ്ചസ്റ്റർ :- യുകെയിൽ നിയമവിരുദ്ധമായി താമസിക്കുന്ന 7.5 ലക്ഷം കുടിയേറ്റക്കാരെ അഞ്ച് വർഷത്തിനകം പുറത്താക്കുമെന്ന് കൺസർവേറ്റീവ് പാർട്ടി പ്രഖ്യാപിച്ചു . പാർട്ടിയുടെ വാർഷിക സമ്മേളനത്തിന്റെ തുടക്കത്തിൽ പുറത്തുവിട്ട പദ്ധതിപ്രകാരം, അനധികൃതമായി യുകെയിൽ പ്രവേശിക്കുന്നവർക്ക് ഭാവിയിൽ അഭയം ആവശ്യപ്പെടാനുള്ള അവകാശം പൂർണ്ണമായി നിരസിക്കും. ഹോം ഓഫീസിന് കൂടുതൽ അധികാരം നൽകുന്ന ‘റിമൂവൽസ് ഫോഴ്‌സ്’ യൂണിറ്റിന് പ്രതിവർഷം £1.6 ബില്യൺ ഫണ്ടിങ് അനുവദിക്കുമെന്നും പാർട്ടി അറിയിച്ചു. നിലവിൽ 35,000 പേരെയാണ് വർഷത്തിൽ യുകെയിൽ നിന്ന് പുറത്താക്കുന്നത്, അതിൽ ഭൂരിഭാഗവും സ്വമേധയാ രാജ്യം വിടുന്നവരാണ്.

പാർട്ടിയുടെ പുതിയ നയപ്രഖ്യാപന പ്രകാരം, യൂറോപ്യൻ കൺവെൻഷൻ ഓൺ ഹ്യൂമൻ റൈറ്റ്സിൽ (ECHR) നിന്നുള്ള യുകെയുടെ 75 വർഷത്തെ അംഗത്വം അവസാനിപ്പിക്കുമെന്ന് കൺസർവേറ്റീവുകൾ സ്ഥിരീകരിച്ചു. പൗരത്വം ലഭിക്കുന്നതിനുള്ള ഹർജികൾ കോടതികളിൽ അപ്പീൽ ചെയ്യാനുള്ള അവകാശം ഒഴിവാക്കും. അതിന് പകരം ഹോം ഓഫീസിലെ ഉദ്യോഗസ്ഥർ മുഖാന്തിരം ഹർജികൾ പരിഗണിക്കുമെന്നും പാർട്ടി പ്രഖ്യാപിച്ചു. കുടിയേറ്റക്കാർ, ഭാവിയിൽ അനധികൃതമായി പ്രവേശിക്കുന്നവർ, ചെറുകുറ്റങ്ങളൊഴികെയുള്ള വിദേശ കുറ്റവാളികൾ എന്നിവരെയെല്ലാം പുറത്താക്കാനുള്ള ലക്ഷ്യത്തോടെയാണ് പദ്ധതി. നിയമ സഹായത്തിന് സർക്കാർ ഫണ്ടിങ് ലഭിക്കില്ലെന്നും പാർട്ടി വ്യക്തമാക്കി.

യുഎസിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടപ്പാക്കിയ കുടിയേറ്റനിയന്ത്രണ മാതൃകയാണ് കൺസർവേറ്റീവ് പാർട്ടി മാതൃകയാക്കുന്നത്. അറസ്റ്റ് ചെയ്യുന്നവരുടെ തിരിച്ചറിയൽ ബയോമെട്രിക് ഡാറ്റയുമായി താരതമ്യം ചെയ്യാൻ പൊലീസ് അധികാരികൾക്ക് നിർദ്ദേശം നൽകും. 1,000 മുതൽ 2,000 വരെ ആളുകൾക്ക് താമസിക്കാൻ കഴിയുന്ന കുടിയേറ്റ തടങ്കൽ കേന്ദ്രം വികസിപ്പിക്കാനുള്ള പദ്ധതിയും ഉണ്ട്. കൺസർവേറ്റീവ് നേതാവ് കെമി ബാഡനോക്ക് അവതരിപ്പിച്ച ഈ പദ്ധതി റിഫോം യുകെ അവതരിപ്പിച്ചതിന് സമാനമായ കാര്യങ്ങൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ :- എമികൊടുങ്കാറ്റ് യുകെയിലെങ്ങും കടുത്ത നാശം വിതച്ചു . സ്കോട്ട് ലാൻഡിലും നോർത്തേൺ അയർലൻഡിലുമുള്‍പ്പെടെ ആയിരക്കണക്കിന് വീടുകൾ വൈദ്യുതി ഇല്ലാതെ ഇരുട്ടിലായി. മണിക്കൂറിൽ 100 മൈലിലധികം വേഗതയുള്ള കാറ്റ് വീശിയതോടെ റെയിൽപാതകളും റോഡുകളും അടച്ചിടേണ്ടിവന്നു; ഫെറി സർവീസുകളും റദ്ദായി. അയർലൻഡ് റിപ്പബ്ലിക്കിൽ കാറ്റിൽ പറന്ന വസ്തുക്കൾ തട്ടിയുണ്ടായ അപകടത്തിൽ 40-കാരനായ പുരുഷൻ മരിച്ചു. ഗ്ലാസ്ഗോയിൽ ഒരു പഴയ കെട്ടിടം തകർന്നു വീണ് പാർക്ക് ചെയ്തിരുന്ന കാറിന് നാശം സംഭവിച്ചു.

ശനിയാഴ്ച മുഴുവൻ ബ്രിട്ടനിലും യെല്ലോ മുന്നറിയിപ്പ് നിലവിലുണ്ടായിരുന്നു. സുരക്ഷാ ഭീഷണിയെ തുടർന്ന് ലണ്ടനിലെ എട്ട് ‘റോയൽ പാർക്കുകൾ’ അടച്ചിട്ടിരിക്കുകയാണ്. ഞായറാഴ്ച തുറക്കുന്നതിന് മുൻപ് മതിയായ പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു. സ്കോട്ട് ലാൻഡിൽ ഏകദേശം 80 മരങ്ങൾ പാളങ്ങളിൽ വീണതിനെ തുടർന്ന് നിരവധി റെയിൽ സർവീസുകൾ റദ്ദാക്കേണ്ടിവന്നു. ചില പാലങ്ങൾ ഉയർന്ന വാഹനങ്ങൾക്കായി അടച്ചിടുകയും വിമാന സർവീസുകൾക്ക് താമസം ഉണ്ടാകുകയും ചെയ്തു.

ഒക്ടോബറിലെ ഏറ്റവും കുറഞ്ഞ ന്യൂന മർദ്ദം രേഖപ്പെടുത്തി സ്റ്റോം എമി യുകെയുടെ കാലാവസ്ഥാ ചരിത്രത്തിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ഞായറാഴ്ചയ്ക്കുള്ളിൽ കൊടുങ്കാറ്റ് ഉത്തരസമുദ്രത്തിലേക്ക് നീങ്ങുമെന്നും കാറ്റിന്റെ ശക്തി കുറയുകയും കാലാവസ്ഥ മെച്ചപ്പെടുകയും ചെയ്യുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. അടുത്ത കൊടുങ്കാറ്റിന് ‘ബ്രാം’ (Bram) എന്ന പേരായിരിക്കും നൽകുക.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ദുബായിൽ 17 വയസ്സുകാരിയുമായി ലൈംഗികബന്ധം പുലർത്തിയെന്ന കുറ്റത്തിൽ തടവിലായിരുന്ന ബ്രിട്ടീഷ് യുവാവായ മാർക്കസ് ഫകന (19) ദുബായിൽ ജയിലിൽ കഴിഞ്ഞ ശേഷം മൂന്നു മാസം കഴിഞ്ഞ് വാഹനാപകടത്തിൽ ദാരുണമായി മരിച്ചു . വടക്കൻ ലണ്ടനിലെ ടോട്ടൻഹാമിൽ വെള്ളിയാഴ്ച പുലർച്ചെ പൊലീസ് പിന്തുടർന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. പ്രിറ്റോറിയ റോഡിൽ പൊലീസ് ഒരു വാഹനം തടയാൻ ശ്രമിക്കുമ്പോഴാണ് സംഭവം നടന്നത്. വാഹനം കുറച്ച് നേരം കാഴ്ചയിൽനിന്ന് മറഞ്ഞതിന് ശേക്ഷം പിന്നീട് റൗണ്ട്‌വേയിൽ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച നിലയിൽ പൊലീസ് കണ്ടെത്തുകയായിരുന്നു . ഫകനയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദുബായിൽ തടവിലായിരുന്ന ഫകന കഴിഞ്ഞ ജൂലായിൽ യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നൽകിയ രാജകീയ മാപ്പ് പ്രകാരമാണ് മോചിതനായത്. അവധിക്കാലത്ത് പരിചയപ്പെട്ട മറ്റൊരു ലണ്ടൻ കാരിയുമായാണ് ഫകന ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് . പെൺകുട്ടിയുടെ അമ്മ ചിത്രങ്ങളും സന്ദേശങ്ങളും കണ്ടശേഷം ദുബായ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് ഫകനയെ ഹോട്ടലിൽ നിന്ന് അറസ്റ്റ് ചെയ്തത്. ദുബായിൽ 18 വയസ്സിനു താഴെയുള്ളവരുമായി ലൈംഗികബന്ധം പുലർത്തുന്നത് കുറ്റകരമാണെങ്കിലും യുകെയിൽ സമ്മതപ്രായം 16 ആണ്.

ദുബായിൽ തടവിലായിരുന്ന കാലഘട്ടം ഫകനയുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിച്ചതായി ഡിറ്റെയിൻഡ് ഇൻ ദുബായ് സംഘടനയുടെ സിഇഒ രാധ സ്റ്റർലിങ് പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയും നിരവധി പേർ ഫകനയ്ക്ക് അനുശോചനം അറിയിച്ചു. പൊലീസിന്റെ പിന്തുടരലാണ് അപകടത്തിന് കാരണം എന്ന് സൂചനകളുണ്ട്. ലണ്ടനിലെ മെട്രോപോളിറ്റൻ പൊലീസ് വാഹനം തടയാൻ ശ്രമിക്കുമ്പോഴാണ് സംഭവം നടന്നത്. കുറച്ച് ദൂരം പിന്തുടർന്ന ശേഷം വാഹനം കാഴ്ചയിൽനിന്ന് നഷ്ടപ്പെട്ടതും പിന്നീട് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച നിലയിൽ കണ്ടെത്തിയതുമായാണ് പൊലീസ് വ്യക്തമാക്കിയത്. അതിനാൽ പൊലീസിന്റെ പിന്തുടരലിനിടെയുണ്ടായ അപകടമാണെന്നാണ് പ്രാഥമിക നിഗമനം.