ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ പ്രധാനപ്പെട്ട മൂന്ന് ബാങ്കുകളുടെ മൊബൈൽ ആപ്പുകളിൽ സാങ്കേതിക തകരാർ ഉണ്ടായതിനെ തുടർന്ന് ചില ഉപഭോക്താക്കൾക്ക് മറ്റ് ആളുകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കാണാനായതായുള്ള ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവന്നു . ല്ലോയിഡ്സ് ബാങ്കിങ് ഗ്രൂപ്പിൻ്റെ കീഴിലുള്ള ല്ലോയിഡ്സ് ബാങ്ക്, ഹാലിഫാക്സ്, ബാങ്ക് ഓഫ് സ്കോട്ട് ലാൻഡ് എന്നീ ബാങ്കുകളുടെ ആപ്പുകളിലാണ് വ്യാഴാഴ്ച രാവിലെ ഈ പ്രശ്നം ഉണ്ടായത്. ആപ്പിൽ ലോഗിൻ ചെയ്തപ്പോൾ ചിലർക്ക് സ്വന്തം അക്കൗണ്ടിന് പകരം മറ്റു ഉപഭോക്താക്കളുടെ പേരുകളും ഇടപാട് വിവരങ്ങളും കാണാൻ കഴിഞ്ഞതായി ആണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

, ബാങ്ക് ഓഫ് സ്കോട്ട് ലാൻഡ് ആപ്പിൽ ലോഗിൻ ചെയ്തപ്പോൾ ഏകദേശം 20 മിനിറ്റ് സമയത്തിനിടെ ആറു വ്യത്യസ്ത ഉപയോക്താക്കളുടെ അക്കൗണ്ട് വിവരങ്ങൾ തനിക്ക് കാണാനായെന്നാണ് ഒരു ഉപഭോക്താവ് പറഞ്ഞത്. ചിലരുടെ നാഷണൽ ഇൻഷുറൻസ് നമ്പറുകളും ഇടപാട് വിവരങ്ങളും അവിടെ പ്രത്യക്ഷപ്പെട്ടിരുന്നു. ചില അക്കൗണ്ടുകളിൽ ഡിപ്പാർട്ട്മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻസ് നൽകുന്ന ബെനിഫിറ്റ് പേയ്‌മെന്റുകൾ ഉൾപ്പെടെയുള്ള ഇടപാടുകളും കാണാനായതായി ആണ് അറിയാൻ സാധിച്ചത്.

സംഭവത്തെ തുടർന്ന് ഉപഭോക്താക്കളിൽ കടുത്ത ആശങ്ക ഉയർന്നിട്ടുണ്ട്. ഉപഭോക്തൃവകാശ പ്രവർത്തകനും മണിസേവിങ് എക്സ്പർട്ട് സ്ഥാപകനുമായ മാർട്ടിൻ ലൂയിസ് സാമൂഹ്യമാധ്യമങ്ങളിൽ ആളുകൾ മറ്റ് ആളുകളുടെ ഇടപാടുകൾ കാണുന്നുവെന്ന സന്ദേശങ്ങൾ ലഭിച്ചതായി അറിയിച്ചു. സംഭവത്തിൽ ക്ഷമ ചോദിച്ച ല്ലോയിഡ്സ് ബാങ്കിങ് ഗ്രൂപ്പ് പ്രശ്നം ഉടൻ പരിഹരിച്ചതായും സംഭവത്തിന്റെ കാരണം അന്വേഷിക്കുകയാണെന്നും പറഞ്ഞു. ബ്രിട്ടനിലെ നിരവധി ബാങ്കുകളിൽ ഐ.ടി. തകരാറുകൾ ഉണ്ടായത് ഡിജിറ്റൽ ബാങ്കിങ് സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയരുന്നതിന് കാരണമായിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ മീഡിയ നിയന്ത്രണ ഏജൻസിയായ ഓഫ്‌കോമും ഡേറ്റാ നിയന്ത്രണ ഏജൻസിയായ ഇൻഫർമേഷൻ കമ്മീഷണറുടെ ഓഫീസും (ICO) 13 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് തടയാൻ കൂടുതൽ ശക്തമായ പ്രായ പരിശോധന സംവിധാനം കൊണ്ടുവരണമെന്ന് പ്രധാന ടെക് കമ്പനികളോട് ആവശ്യപ്പെട്ടു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ്, ടിക് ടോക്ക്, യൂട്യൂബ്, റോബ്ലോക്സ്, എക്സ് (ട്വിറ്റർ) തുടങ്ങിയ പ്ലാറ്റ്‌ഫോമുകളാണ് ഈ നിർദേശത്തിൽ ഉൾപ്പെടുന്നത്. ഇപ്പോൾ പല പ്ലാറ്റ്‌ഫോമുകളും ഉപയോക്താക്കളുടെ സ്വയം പ്രഖ്യാപന പ്രായ വിവരത്തെ ആശ്രയിക്കുന്നതിനാൽ കുട്ടികൾക്ക് എളുപ്പത്തിൽ അക്കൗണ്ട് തുറക്കാൻ കഴിയുന്നുവെന്ന് ICO ചൂണ്ടിക്കാട്ടി.

പല സോഷ്യൽ മീഡിയ സേവനങ്ങൾക്കും കുറഞ്ഞ പ്രായപരിധി 13 ആയിരിക്കുമ്പോഴും, യുകെയിലെ 10–12 വയസ്സുള്ള കുട്ടികളിൽ 86% പേർക്കും സ്വന്തം സോഷ്യൽ മീഡിയ പ്രൊഫൈൽ ഉണ്ടെന്നാണ് ഓഫ്‌കോം നടത്തിയ പഠനം വ്യക്തമാക്കുന്നത്. അതിനാൽ മുതിർന്നവർക്കുള്ള ചില സേവനങ്ങൾ ഉപയോഗിക്കുന്നതുപോലെ കൂടുതൽ ശക്തമായ പ്രായ പരിശോധന സംവിധാനങ്ങൾ കൊണ്ടുവരണമെന്ന് നിയന്ത്രണ ഏജൻസികൾ ആവശ്യപ്പെട്ടു. 13 വയസ്സിന് താഴെയുള്ള കുട്ടികളുടെ വ്യക്തിഗത ഡേറ്റ കൈകാര്യം ചെയ്യുന്നതിന് നിയമപരമായ അടിസ്ഥാനമില്ലെന്നും ICO മുന്നറിയിപ്പ് നൽകി.

ഇതിനോട് പ്രതികരിച്ച ടെക് കമ്പനികൾ സുരക്ഷാ സംവിധാനങ്ങൾ ഇതിനകം ശക്തമാണെന്ന് പറഞ്ഞു. ഗൂഗിളിൻ്റെ ഉടമസ്ഥതയിലുള്ള യൂട്യൂബ്, യുവാക്കളുടെ സുരക്ഷയ്ക്കായി നിരവധി നടപടികൾ എടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കി. മെറ്റാ AI ഉപയോഗിച്ച് പ്രായം തിരിച്ചറിയൽ, മുഖച്ഛായ അടിസ്ഥാനമാക്കിയ പ്രായ വിലയിരുത്തൽ തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗിക്കുന്നതായി പറഞ്ഞു. ടിക് ടോക്ക് 2024 ഒക്ടോബർ മുതൽ 2025 സെപ്റ്റംബർ വരെ 9 കോടിയിലധികം സംശയാസ്പദമായ 13 വയസിന് താഴെയുള്ള അക്കൗണ്ടുകൾ നീക്കം ചെയ്തതായി അറിയിച്ചു. കുട്ടികളെ തിരിച്ചറിയുന്നത് ആദ്യപടിയാണെങ്കിലും അവരുടെ ശ്രദ്ധ ദുരുപയോഗം ചെയ്യാത്ത രീതിയിൽ പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്യുന്നത് വലിയ വെല്ലുവിളിയാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ വടക്കൻ മേഖലകളിൽ ശക്തമായ കാറ്റിനെ തുടർന്ന് ഗതാഗത തടസ്സങ്ങൾ ഉണ്ടാകാമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകി. സ്കോട്ട് ലൻഡ്, നോർത്തേൺ അയർലൻഡ്, നോർത്ത് ഇംഗ്ലണ്ട്, നോർത്ത് വെയിൽസ്, നോർത്ത് മിഡ്‌ലാൻഡ്സ് എന്നിവിടങ്ങളിൽ വ്യാഴാഴ്ച ‘യെല്ലോ’ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ചില ഭാഗങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 മൈൽ വരെ വേഗതയുള്ള കാറ്റും ചിലപ്പോൾ 70 മൈൽ വരെ എത്തുന്ന ശക്തമായ കാറ്റും ഉണ്ടാകാമെന്ന് അധികൃതർ അറിയിച്ചു. കനത്ത മഴയോടുകൂടിയ തണുത്ത കാറ്റ് ദക്ഷിണ ഭാഗത്തേയ്ക്ക് നീങ്ങുന്നതടോയാണ് ഈ സാഹചര്യം ഉടലെടുക്കുന്നത് .

സ്കോട്ട് ലൻഡിലും നോർത്തേൺ അയർലൻഡിലും രാവിലെയാണ് ഏറ്റവും ശക്തമായ കാറ്റ് അനുഭവപ്പെടുക. ഇതോടെ ഫെറി സർവീസുകൾ ഉൾപ്പെടെ ചില ഗതാഗത സംവിധാനങ്ങളിൽ മാറ്റങ്ങളും റദ്ദാക്കലുകളും ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ് നൽകപ്പെട്ടിട്ടുണ്ട് . നോർത്ത് ഇംഗ്ലണ്ട്, നോർത്ത് വെയിൽസ് മേഖലകളിൽ ഉച്ചകഴിഞ്ഞ് കാറ്റ് ശക്തമാകുമെന്നും ഉയരം കൂടിയ വാഹനങ്ങൾക്ക് യാത്രാ ബുദ്ധിമുട്ടാകാമെന്നും അധികൃതർ പറഞ്ഞു. എം6, എ68, എ1 എന്നീ പ്രധാന റോഡുകളിൽ ഡ്രൈവിംഗ് വെല്ലുവിളിയാകാനിടയുണ്ട്.

അതേസമയം ആഴ്ചാവസാനത്തോടെ ബ്രിട്ടനിലെ മലപ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. സ്കോട്ട് ലൻഡ് ഉൾപ്പെടെ വടക്കൻ പ്രദേശങ്ങളിൽ 200 മീറ്റർ ഉയരത്തിന് മുകളിലുള്ള സ്ഥലങ്ങളിൽ മഞ്ഞ് പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു. ചില ഉയർന്ന മലമേഖലകളിൽ 10 മുതൽ 20 സെന്റിമീറ്റർ വരെ മഞ്ഞ് അടിയാൻ സാധ്യതയുണ്ടെന്നും ശക്തമായ കാറ്റാണ് ഈ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമെന്നും അധികൃതർ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ പെട്രോൾ-ഡീസൽ ഇന്ധന നികുതി ഇളവ് സെപ്റ്റംബറിൽ പിൻവലിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ അറിയിച്ചു. 2022-ൽ റഷ്യ ഉക്രൈൻ യുദ്ധത്തിന് പിന്നാലെ ഇന്ധന നികുതിയിൽ നൽകിയ 5 പെൻസ് ഇളവ് ആറുമാസം കൊണ്ട് പിന്‍വലിക്കാനാണ് സർക്കാർ പദ്ധതിയിട്ടിരുന്നത് . എന്നാൽ മധ്യപൂർവദേശത്തിലെ സംഘർഷവും പ്രത്യേകിച്ച് ഇറാനുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും പരിഗണിച്ച് സാഹചര്യം വിലയിരുത്തുമെന്ന് അദ്ദേഹം പാർലമെന്റിൽ വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ ചോദ്യോത്തര വേളയിൽ കൺസർവേറ്റീവ് പാർട്ടി നേതാവ് കെമി ബഡെനോച്ച് ഇന്ധന നികുതി വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ജീവിതച്ചെലവ് ഉയരുന്ന സാഹചര്യത്തിൽ ഡ്രൈവർമാരെ ബാധിക്കുന്ന തീരുമാനം പുനഃപരിശോധിക്കണമെന്നും അവർ പറഞ്ഞു. ചാൻസലർ റേച്ചൽ റീവ്സ് എണ്ണവിലകൾ ഇപ്പോൾ വളരെ അനിശ്ചിതമാണെന്നും സെപ്റ്റംബറിൽ പെട്രോൾ വില എങ്ങനെയായിരിക്കും എന്ന് ഇപ്പോൾ പ്രവചിക്കാൻ കഴിയില്ലെന്നും എംപിമാരോട് വ്യക്തമാക്കി.

ഇതിനിടെ മധ്യപൂർവദേശത്ത് ഇറാനെതിരായ ആക്രമണങ്ങൾക്ക് പിന്നാലെ ഊർജവില ഉയരുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ഇതോടെ ഇന്ധന നികുതി ഇളവ് തുടരണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ പ്രചാരണം ശക്തമാക്കി. ജനങ്ങളുടെ വൈദ്യുതി-ഇന്ധന ചെലവ് കൂടാതിരിക്കാൻ സർക്കാർ രംഗത്തെ സ്ഥാപനങ്ങളുമായും സഖ്യ രാജ്യങ്ങളുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും വീടുകളിലെ ഊർജ ബില്ലുകൾ വർധിക്കാതിരിക്കാൻ ശ്രമിക്കുകയാണെന്നും സ്റ്റാർമർ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോർഫോക് കൗണ്ടിയിലെ നോർവിചിന് സമീപമുള്ള തോപ്പ് സെന്റ് ആൻഡ്രൂ ഹൈസ്കൂളിൽ വിദ്യാർത്ഥിനിക്ക് കുത്തേറ്റ സംഭവത്തെ തുടർന്ന് 16 വയസ്സുള്ള ഒരു ആൺകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു . ഗുരുതര പരിക്ക് ഉണ്ടാക്കാനുള്ള ഉദ്ദേശത്തോടെ ആക്രമണം നടത്തിയെന്ന സംശയത്തിൽ ആണ് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത് . ഇന്ന് രാവിലെ സ്കൂളിൽ ഉണ്ടായ സംഭവത്തിൽ ഒരു കൗമാരക്കാരിയെ കുത്തിയതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത് . പരിക്കേറ്റ വിദ്യാർത്ഥിനിയെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട് .

സംഭവത്തിന് പിന്നാലെ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളെയും സുരക്ഷാ നടപടിയുടെ ഭാഗമായി ലോക്ക്ഡൗൺ നിലയിൽ സ്കൂൾ ക്യാമ്പസിനുള്ളിൽ തന്നെ തുടരാൻ നിർദ്ദേശിച്ചു. ലണ്ട്രി ലെയിൻ റോഡ് താൽക്കാലികമായി അടച്ചിട്ടതായി പോലീസും അറിയിച്ചു. കഴിഞ്ഞ ആഴ്ച ഇതേ സ്കൂളിൽ റിപ്പോർട്ട് ചെയ്ത ഹേറ്റ് ക്രൈം സംഭവവുമായി ഈ സംഭവത്തിന് ബന്ധമില്ലെന്ന് പോലീസ് വ്യക്തമാക്കി . സംഭവത്തെ തുടർന്ന് രക്ഷിതാക്കൾക്ക് പരിമിതമായ വിവരങ്ങൾ മാത്രമാണ് ലഭിച്ചതെന്ന് ചിലർ സോഷ്യൽ മീഡിയയിൽ വിമർശനം ഉന്നയിച്ചിരുന്നു. സ്കൂൾ നടത്തിപ്പ് വഹിക്കുന്ന ബ്രോഡ് ഹോറൈസൺസ് എജ്യുക്കേഷൻ ട്രസ്റ്റും ഇപ്പോൾ കൂടുതൽ പ്രതികരിക്കാൻ കഴിയില്ലെന്ന് അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രസ്റ്റണിലെ മലയാളി സമൂഹത്തിന് പ്രിയങ്കരനായിരുന്ന ചാക്കോച്ചൻ മാത്യു അന്തരിച്ചു. എല്ലാവരും സ്നേഹത്തോടെ ചാക്കോ മാഷെന്ന് വിളിച്ചിരുന്ന അദ്ദേഹത്തിന് 70 വയസായിരുന്നു പ്രായം . ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം പിന്നീട് രോഗമുക്തി നേടിയിരുന്നു. നാട്ടിൽ പോയി തിരികെ പ്രസ്റ്റണിലെത്തിയതിനു ശേഷം ഉണ്ടായ അണുബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തികച്ചും അപ്രതീക്ഷിതമായെത്തിയ ഈ മരണവാർത്ത പ്രസ്റ്റണിലെ മലയാളി സമൂഹത്തെ നടുക്കിയിരിക്കുകയാണ്.
പ്രസ്റ്റണിലെ ആദ്യകാല മലയാളികളിൽ ഒരാളായിരുന്ന ചാക്കോച്ചൻ മാത്യു വർഷങ്ങളായി സാമൂഹിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. എല്ലാവരോടും സ്നേഹപൂർവ്വം ഇടപഴകിയിരുന്ന അദ്ദേഹം സമൂഹത്തിൽ ഏറെ ആദരവും സ്‌നേഹവും നേടിയ വ്യക്തിയായിരുന്നു.
കണ്ണൂർ കൊട്ടിയൂർ നീണ്ടുനോക്കി മാളിയേക്കപ്പറമ്പിൽ കുടുംബാംഗമായ ചാക്കോച്ചൻ മാത്യുവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ജിമിൽ, ജെറ്റ്‌സൺ, എഡ്വിൻ. മരുമക്കൾ: ആഗ്ര ജിമിൽ, ആൽഫ ജെറ്റ്‌സൺ. കൊച്ചുമക്കൾ: ടെസ്സ, ടിയ, സോഫിയ.
ചാക്കോച്ചൻ മാത്യുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ഷെഫീൽഡ് റെയിൽവേ സ്റ്റേഷനിൽ 17 വയസ്സുകാരനായ കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയതിന് 50 വയസ്സുള്ള ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച (മാർച്ച് 6) വൈകുന്നേരം 3.30ഓടെയാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തെക്കുറിച്ച് മറ്റൊരു വ്യക്തിയാണ് പൊലീസിനെ അറിയിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

വിവരം ലഭിച്ചതിനെ തുടർന്ന് ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്റ്റേഷനിലെ ടോയ്ലറ്റ് ഭാഗം പൊലീസ് വളഞ്ഞ് ഫോറൻസിക് പരിശോധനകളും തെളിവെടുപ്പും നടത്തി. ആക്രമണത്തിന് ഇരയായ കൗമാരക്കാരനെ സഹായിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയും സ്ഥലത്ത് നിയോഗിച്ചതായി പൊലീസ് അറിയിച്ചു. നിയമപരമായ കാരണങ്ങളാൽ ബാലന്റെ പേര് പുറത്തുവിട്ടിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത 50കാരനെ പിന്നീട് ജാമ്യത്തിൽ വിട്ടതായി പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം തുടരുകയാണെന്നും എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി കണ്ടെത്താൻ ശ്രമം പുരോഗമിക്കുകയാണെന്നും പൊലീസ് വക്താവ് പറഞ്ഞു. സംഭവത്തെക്കുറിച്ച് വിവരമുള്ളവർ പൊലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അമേരിക്കൻ ഗായികയും ബിസിനസുകാരിയുമായ റിഹാനയുടെ പേരിലുള്ള ചില പെർഫ്യൂമുകൾ യുകെ വിപണിയിൽ നിന്ന് പിൻവലിച്ചു. പ്രജനനശേഷിയെ ബാധിക്കാനും ഗർഭസ്ഥ ശിശുവിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാനും സാധ്യതയുള്ള നിരോധിത രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഉൽപ്പന്നങ്ങളുടെ സുരക്ഷ പരിശോധിക്കുന്ന ബ്രിട്ടന്റെ ഓഫീസ് ഫോർ പ്രൊഡക്റ്റ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് പുറത്തിറക്കിയ മുന്നറിയിപ്പിനെ അടിസ്ഥാനമാക്കിയാണ് ഈ പെർഫ്യൂമുകൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചത്.

ക്വിസ് ബൈ റിഹാന, റിറി ബൈ റിഹാന, റോഗ്യു ബൈ റിഹാന എന്നീ സുഗന്ധവസ്തുക്കളിലാണ് ബ്യൂട്ടൈൽ ഫിനൈൽ മീഥൈൽപ്രോപിയോണൽ (ലിലിയൽ), ഹൈഡ്രോക്സിഐസോഹെക്‌സിൽ 3-സൈക്ലോഹെക്‌സീൻ കാർബോക്‌സ് ആൽഡിഹൈഡ് (ലൈറൽ) എന്നീ രാസവസ്തുക്കൾ കണ്ടെത്തിയത്. വിദഗ്ധരുടെ അഭിപ്രായത്തിൽ ഇവ പ്രജനന സംവിധാനത്തെ ബാധിക്കാനും ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിന് അപകടം സൃഷ്ടിക്കാനും സാധ്യതയുള്ളവയാണ്. അതിനാൽ തന്നെ യൂറോപ്യൻ യൂണിയനും യുകെയും ഉൾപ്പെടെ പല രാജ്യങ്ങളിലും 2022 മുതൽ ഈ ഘടകങ്ങൾ കോസ്മറ്റിക് ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.

യുകെയിലെ സേവേഴ്‌സ് ഹെൽത്ത് ആൻഡ് ബ്യൂട്ടി സ്റ്റോറുകളിൽ വിൽപ്പന നടത്തിയിരുന്ന 15 മില്ലിലിറ്റർ വലുപ്പത്തിലുള്ള ചില ബാച്ചുകളാണ് പ്രധാനമായും പിൻവലിച്ചത്.
ക്വിസ് ബൈ റിഹാന, റിറി ബൈ റിഹാന, റോഗ്യു ബൈ റിഹാന എന്നീ ഉൽപ്പന്നങ്ങളുടെ നിർദ്ദിഷ്ട ബാർകോഡുകളുള്ള പെർഫ്യൂമുകൾ വാങ്ങിയവർ ഉടൻ ഉപയോഗം നിർത്തണമെന്ന് അധികൃതർ നിർദേശിച്ചു. വാങ്ങിയ സ്റ്റോറിലേക്ക് തിരികെ നൽകിയാൽ ഉപഭോക്താക്കൾക്ക് പൂർണമായും പണം തിരികെ നൽകുമെന്നും കമ്പനി അറിയിച്ചു. ആരോഗ്യസുരക്ഷാ പരിശോധനകൾ ശക്തമാക്കിയതിന്റെ ഭാഗമായാണ് ഈ നടപടി സ്വീകരിച്ചതെന്നും അധികൃതർ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇറാനുമായി ബന്ധപ്പെട്ട യുദ്ധ വിഷയത്തിൽ തന്റെ മുൻ നിലപാടിൽ നിന്ന് നിഗൽ ഫാരേജ് മലക്കം മറിഞ്ഞു . തുടക്കത്തിൽ ഇറാനിൽ ഭരണകൂട മാറ്റം അനിവാര്യമാണ് എന്നും അമേരിക്കൻ നേതൃത്വത്തിലുള്ള സൈനിക നടപടികൾക്ക് ബ്രിട്ടൻ ശക്തമായ പിന്തുണ നൽകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ബ്രിട്ടൻ നേരിട്ട് യുദ്ധത്തിൽ ഇടപെടരുതെന്ന നിലപാടാണ് ഫാരേജ് സ്വീകരിച്ചത്. സൈപ്രസിനെ പോലും നാം സംരക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മറ്റൊരു വിദേശ യുദ്ധത്തിലേക്ക് കടക്കേണ്ടതില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പുതിയ പ്രതികരണം. ഇതിനെതിരെ ലേബർ പാർട്ടി ഫാരേജ് നിലപാട് മാറ്റിയതായി ആരോപിച്ചു.

ഫാരേജിന്റെ പാർട്ടിയായ റിഫോം യുകെയിൽ തന്നെ വിഷയത്തിൽ വ്യക്തമായ ഭിന്നതകൾ പുറത്ത് വന്നിട്ടുണ്ട്. പാർട്ടി ഉപനേതാവ് റിച്ചാർഡ് ടൈസ് അമേരിക്കയും ഇസ്രായേലും ആവശ്യപ്പെട്ടാൽ ബ്രിട്ടൻ ഏത് രീതിയിലും സഹായിക്കേണ്ടതാണെന്ന കർശന നിലപാടിലാണ്. മറുവശത്ത് മുൻ കൺസർവേറ്റീവ് മന്ത്രി കൂടിയായ പാർട്ടിയുടെ ട്രഷറി വക്താവ് റോബർട്ട് ജെൻറിക്ക് ദീർഘകാല യുദ്ധം ഇന്ധനവില വർധന പോലുള്ള സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നത് ബ്രിട്ടീഷ് കുടുംബങ്ങളെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി.
ഇതിനിടെ ഗ്രേറ്റർ ലിങ്കൺഷെയർ മേയർ ആൻഡ്രിയ ജെൻകിൻസ് ആവശ്യമായാൽ ബ്രിട്ടീഷ് സൈന്യം ഇറാനിൽ വിന്യസിക്കാനുള്ള സാധ്യത പോലും തള്ളിക്കളയാനാകില്ലെന്ന് വ്യക്തമാക്കി. അതേസമയം മുൻ ധനമന്ത്രി നാദിം സഹാവി അമേരിക്കയ്ക്കും ഇസ്രായേലിനും ബ്രിട്ടൻ കൂടുതൽ ശക്തമായ പിന്തുണ നൽകണമെന്ന് അഭിപ്രായപ്പെട്ടു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വീകരിച്ച ഇറാൻ നയത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾക്കിടയിലാണ് ബ്രിട്ടനിലെ രാഷ്ട്രീയരംഗത്തും അഭിപ്രായഭിന്നതകൾ കൂടുതൽ രൂക്ഷമാകുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അമേരിക്ക–ഇറാൻ യുദ്ധസാഹചര്യം തുടരുന്നതിനെ തുടർന്ന് ബ്രിട്ടനിൽ വിലക്കയറ്റം ഉയരാൻ സാധ്യതയുണ്ടെന്ന് ചാൻസലർ റേച്ചൽ റീവ്സ് മുന്നറിയിപ്പ് നൽകി. യുദ്ധം വേഗത്തിൽ അവസാനിക്കാത്ത പക്ഷം ഇന്ധനവും ഊർജ്ജവിലയും കൂടുകയും അതിന്റെ പ്രതിഫലനം സാധാരണ കുടുംബങ്ങളുടെ ജീവിതച്ചെലവിൽ പ്രകടമാകുകയും ചെയ്യുമെന്ന് അവർ പാർലമെന്റിൽ പറഞ്ഞു. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോള എണ്ണവില ഉയർന്നതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് ഈ വർഷം മാറ്റമില്ലാതെ തുടരാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലും ഉയർന്നിട്ടുണ്ട്.

സംഘർഷം ശക്തമായതോടെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ഒരു ഘട്ടത്തിൽ ബാരലിന് 119.50 ഡോളർ വരെ ഉയർന്നു. പിന്നീട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്യുദ്ധം ഉടൻ അവസാനിക്കാമെന്ന സൂചന നൽകിയതിനെ തുടർന്ന് വില 90 ഡോളറിന് താഴെയായി. എങ്കിലും ഹോർമൂസ് കടലിടുക്കിലൂടെ ലോകത്തെ പ്രകൃതി വാതകത്തിന്റെ ഏകദേശം 20% കടന്നു പോകുന്നതിനാൽ അവിടെ തടസ്സം ഉണ്ടായാൽ ബ്രിട്ടന്റെ ഊർജ്ജവിതരണത്തിന് വലിയ തിരിച്ചടിയാകാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. യുദ്ധം നീണ്ടാൽ എല്ലാവരുടെയും ജീവിതത്തെ ബാധിക്കുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു.

ഇതിനിടെ ഗ്രാമപ്രദേശങ്ങളിലെ വീടുകൾക്ക് വലിയ ആശങ്ക ഉയർന്നിരിക്കുകയാണ്. ഏകദേശം 15 ലക്ഷം വീടുകൾ ഗ്യാസ് ഗ്രിഡിന് പുറത്തായതിനാൽ ഹീറ്റിംഗ് ഓയിൽ വില വർധനവ് നേരിട്ട് ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചില സ്ഥലങ്ങളിൽ എണ്ണവില 100 ശതമാനത്തിലധികം ഉയർന്നതായി എംപിമാർ ചൂണ്ടിക്കാട്ടി. കമ്പനികൾ അനാവശ്യമായി വില ഉയർത്തുന്നത് അനുവദിക്കില്ലെന്നും സർക്കാർ ആവശ്യമായ ഇടപെടലുകൾ പരിഗണിക്കുകയാണെന്നും റീവ്‌സ് വ്യക്തമാക്കി. എന്നാൽ സെപ്റ്റംബറിൽ 5 പൈസ ഇന്ധന നികുതി വർധിപ്പിക്കുന്ന തീരുമാനം സർക്കാർ പിൻവലിക്കില്ലെന്നും അവർ പറഞ്ഞു.