Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

16 വയസ്സിന് താഴെയുള്ളവർക്കുള്ള സോഷ്യൽ മീഡിയ നിരോധനം ഉടൻ തന്നെ പ്രാബല്യത്തിൽ വരുമെന്നുള്ള റിപ്പോർട്ടുകൾ പുറത്ത്. കുട്ടികളെ ഓൺലൈനിൽ നിന്ന് സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇനിമുതൽ കുട്ടികൾ സ്മാർട്ട്ഫോണുകൾ വാങ്ങുന്നതിലും വിലക്കുകൾ ഏർപ്പെടുത്തുന്ന കാര്യം മന്ത്രിമാർ പരിഗണിക്കുന്നുണ്ട്.

യുകെയിൽ കഴിഞ്ഞാഴ്ച വാട്സാപ്പ് ഉപയോഗിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 16-ൽ നിന്ന് 13 ആക്കിയതിന് മെറ്റ കടുത്ത വിമർശനങ്ങൾ നേരിട്ടിരുന്നു. ഈ മാസം അവസാനത്തിനു മുമ്പ് തന്നെ പുതിയ നിർദ്ദേശങ്ങൾ പുറത്തു വരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ടെക്നോളജി സെക്രട്ടറിയായ മിഷേൽ ഡൊണലനാണ് ഇവ തയ്യാറാക്കിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

13 – നും 16 – നും ഇടയിൽ പ്രായപരിധിയിലുള്ള കുട്ടികൾ എപ്പോൾ സോഷ്യൽ മീഡിയ ഉപയോഗിക്കാം എന്നതിനുള്ള മാതാപിതാക്കളുടെ അഭിപ്രായങ്ങൾ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് തന്നെ കൺസൾട്ടേഷൻ തേടും. ഈ കൂടിക്കാഴ്ചയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കുള്ള മാതാപിതാക്കളുടെ ആക്സസ് അനുവദിക്കുന്നതിനെപ്പറ്റിയും സുരക്ഷാ സംവിധാനങ്ങൾ ഇൻസ്റ്റാൾ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കും. ഓൺലൈനിൽ അക്രമാസക്തമായ ഉള്ളടക്കം കണ്ട് 15 വയസ്സുള്ള കുട്ടികളുടെ ക്രൂരതയ്ക്ക് ഇരയായി ജീവൻ നഷ്ടമായ ബ്രയാന ഗെയുടെ അമ്മ, 16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ നിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രചാരങ്ങൾ നടത്തുന്നുണ്ട്. മെറ്റയുടെ ഗ്ലോബൽ അഫയേഴ്സ് പ്രസിഡൻറ് ആയ മുൻ ഡെപ്യൂട്ടി പ്രൈംമിനിസ്റ്റർ സർ നിക്ക് ക്ലെഗിൻ വരും ദിവസങ്ങളിൽ പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിശദീകരണങ്ങളുമായി മുന്നോട്ടു വരും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇറാൻ ഇസ്രയേലിനെ ലക്ഷ്യം വെച്ച് അയച്ച നിരവധി ഡ്രോണുകളെ ബ്രിട്ടീഷ് യുദ്ധവിമാനങ്ങൾ തകർത്തതായി പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. ബ്രിട്ടന്റെ ആർ എ എഫ് ഫൈറ്റർ ജെറ്റുകളാണ് ഇറാന്റെ ആക്രമണത്തെ നേരിടാൻ തുണയായത്. ആർ എ എഫ് ജെറ്റുകൾ കൂടുതലും ഇറാഖിലും സിറിയയിലും ആണ് വിന്യസിച്ചിരിക്കുന്നത്.

ഇറാന്റെ ആക്രമണത്തെ അപക്വമെന്നാണ് പ്രധാനമന്ത്രി ഋഷി സുനക് വിശേഷിപ്പിച്ചത്. തുടർ നടപടികളെ കുറിച്ച് ചർച്ച ചെയ്യാൻ ജി 7 രാഷ്ട്രങ്ങൾ യോഗം ചേരുന്നുണ്ട്. ഇറാൻ നൂറുകണക്കിന് വ്യോമ ഡ്രോണുകളും ക്രൂയിസ് മിസൈലുകളും ആണ് ശനിയാഴ്ചയും ഞായറാഴ്ചയുമായി ഇസ്രായേലിന് നേരെ വിക്ഷേപിച്ചത്.

ഇറാന്റെ ആക്രമണങ്ങൾ ഭൂരിഭാഗവും ഇസ്രയേലിന്റെ വ്യോമാതിർത്തിക്ക് പുറത്തു വച്ചു തന്നെ പരാജയപ്പെടുത്തിയതായി ഇസ്രയേൽ സൈന്യം പറഞ്ഞു. ഏപ്രിൽ ഒന്നിന് സിറിയയിലെ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഉന്നത കമാൻഡർ ഉൾപ്പെടെ ഏഴ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതിന് തിരിച്ചടിയയാണ് ഇറാൻ്റെ ആക്രമണം. ഈ ആക്രമണം നടത്തിയത് ഇസ്രയേലാണെന്നാണ് ഇറാൻ സർക്കാർ ആരോപിക്കുന്നത് . എന്നാൽ ഇസ്രായേൽ അത് സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെസ്റ്റ് യോർക്ക് ഷെയറിൽ ഫുട്ബോൾ കളി കാണാൻ പോയവർ സഞ്ചരിച്ച മിനി ബസ് അപകടത്തിൽപ്പെട്ടു. സംഭവത്തിൽ ഒന്നിലധികം വാഹനങ്ങൾ ഉൾപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. അപകടത്തെ തുടർന്ന് 17 പേർ ഗുരുതരമായ പരുക്കുകളോട് ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച വൈകുന്നേരം 7 മണിയോടെ പോണ്ടെ ഫ്രാക്ടിന് സമീപമുള്ള A1M ലാണ് അപകടംനടന്നതെന്ന് വെസ്റ്റ് യോർക്ക്ഷയർ പോലീസ് പറഞ്ഞു.

ഒരു മത്സരം കണ്ട് മടങ്ങുകയായിരുന്ന സൗത്ത് ഷീൻഡ്സ് എഫ് സി യുടെ ആരാധകരായിരുന്നു മിനി ബസിലുണ്ടായിരുന്ന യാത്രക്കാർ. യോർക്ക്ഷയർ എയർ ആംബുലൻസ് ഉൾപ്പെടെയുള്ള അടിയന്തര സേവനങ്ങൾ സംഭവസ്ഥലത്ത് എത്തിയതിനാൽ ഞായറാഴ്ച രാവിലെ വരെ മോട്ടോർവേയുടെ ഈ ഭാഗങ്ങൾ അടച്ചിരുന്നു. മിനി ബസ്സും ബ്ലാക്ക് സ്കോഡയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

എന്നാൽ മൂന്നാമത് ഒരു വാഹനം കൂടി കൂട്ടിയിടിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. വെളുത്ത നിറമുള്ള കാർ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പോലീസ് അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട ഡാഷ്‌ക്യാം ഫൂട്ടേജുകളോ തിരിച്ചറിഞ്ഞിട്ടില്ലാത്ത വെളുത്ത കാറിനെക്കുറിച്ചോ എന്തെങ്കിലും വിവരങ്ങൾ ഉള്ളവർ വെബ്‌സൈറ്റിലെ ലൈവ് ചാറ്റ് ഫംഗ്ഷൻ വഴിയോ 1324 എന്ന റഫറൻസ് ഉദ്ധരിച്ച് 101 എന്ന നമ്പറിൽ വിളിച്ചോ റോഡ്‌സ് പോലീസിംഗ് യൂണിറ്റുമായി ബന്ധപ്പെടാൻ പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാരകമായ ക്യാൻസർ ബാധിച്ച സ്ത്രീയെ ഉൾപ്പെടെ ലൈംഗികമായി പീഡിപ്പിച്ചതിന് മലയാളിയായ ഡോക്ടർക്ക് ജയിൽ ശിക്ഷ. 47 വയസ്സുകാരനായ ഡോ. മോഹൻ ബാബുവിനാണ് മൂന്നര വർഷം തടവുശിക്ഷ നൽകാൻ കോടതി വിധിച്ചത്. 2019 സെപ്റ്റംബറിനും 2021 ജൂലൈയ്ക്കും ഇടയിൽ ഹാംഷെയറിലെ ഹവന്തിൽ ഒരു സർജറിയിൽ ജോലി ചെയ്യുമ്പോഴാണ് ഇയാൾ ലൈംഗികാതിക്രമങ്ങൾ നടത്തിയത് . ഡോ. മോഹനൻ ബാബു മലയാളിയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും കേരളത്തിൽ ഏത് സ്ഥലത്ത് നിന്നുള്ള ആളാണെന്ന് വ്യക്തമല്ല.

മോഹൻ ബാബുവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് വിചാരണവേളയിൽ പ്രോസിക്യൂട്ടർ മുന്നോട്ടു വച്ചത്. ഗുരുതരമായ ക്യാൻസർ ബാധിച്ച സ്ത്രീയുൾപ്പെടെയാണ് ഇയാളുടെ ഇരകളുടെ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നത്. ചികിത്സയ്ക്കിടെ രോഗികളുടെ സമ്മതമില്ലാതെ പലരെയും ചുംബിക്കുകയും സ്പർശിക്കുകയും ചെയ്ത ഇയാൾ രോഗികൾക്ക് ഡോക്ടർ എന്ന നിലയിൽ തന്റെ മേലുള്ള വിശ്വാസം ദുരുപയോഗം ചെയ്യുകയായിരുന്നെന്ന് കോടതി കണ്ടെത്തി.


പ്രധാനമായും മൂന്നു രോഗികളുടെ പരാതിയിലാണ് കോടതി ശിക്ഷ വിധിച്ചത്. ഈ മൂന്നുപേരും ഇയാളെ കുറിച്ച് വെവ്വേറെ പരാതികൾ നൽകുകയായിരുന്നു. പരാതിക്കാരിൽ ഒരാളോട് അവരുടെ മറുകുകൾ പരിശോധിക്കാനാണെന്നും പറഞ്ഞ് ഇയാൾ അടിവസ്ത്രം ഊരി മാറ്റാൻ ആവശ്യപ്പെട്ടു. പീഡിപ്പിക്കപ്പെട്ടവരിൽ മാരകമായ ക്യാൻസർ ബാധിച്ച രോഗി ഡോ. മോഹനൻ ബാബുവിനെ ശിക്ഷ വിധിക്കുന്നതിന് മുമ്പ് മരണമടഞ്ഞിരുന്നു. എന്നിരുന്നാലും മറ്റ് ഇരകൾക്കൊപ്പം അവരുടെ കേസും കോടതി പരിഗണിച്ചു.

മൂന്ന് സ്ത്രീകൾക്കെതിരെയുള്ള നാല് ലൈംഗികാതിക്രമ കേസുകളിൽ ജൂറി ഇയാളെ ശിക്ഷിച്ചെങ്കിലും മറ്റു രണ്ടു സ്ത്രീകൾക്കെതിരെയുള്ള മൂന്ന് കുറ്റങ്ങളിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിട്ടുണ്ട്. ഇയാൾക്ക് എതിരെ ഇതിനു മുൻപും ഇത്തരം ആരോപണങ്ങൾ ഉയർന്നു വന്നിരുന്നെന്നും പലതവണ മുന്നറിയിപ്പ് നൽകിയിരുന്നെന്നും വിചാരണവേളയിൽ കോടതിക്ക് ബോധ്യപ്പെട്ടിരുന്നു. ഡോക്ടർ കൂടിയായ ഭാര്യയ്ക്കൊപ്പം ജിപി സർജറിയിൽ ജോലി ചെയ്യുമ്പോഴാണ് ലൈംഗിക അതിക്രമങ്ങൾ ഇയാൾ നടത്തിയത് . മോശമായി രോഗികളോട് പെരുമാറുന്നതിനു പുറമേ ലൈംഗിക ചുവയുള്ള സംഭാഷണങ്ങളും ഇയാൾ നടത്തിയിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് പുറത്തു കടന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഫെബ്രുവരിയിൽ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 0.1% ഉയർന്നതാണ് ഇതിന് കാരണമായി ചൂണ്ടി കാണിക്കുന്നത്. ഓഫീസ് ഫോര്‍ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ആണ് ജിഡിപി വളർച്ചയുടെ കണക്കുകൾ പുറത്തുവിട്ടത്.

നിർമ്മാണ മേഖലയിൽ പ്രത്യേകിച്ച് കാർ ഉത്പാദനത്തിൽ വ്യാപകമായ വളർച്ചയുണ്ടായതായി ഒഎൻഎസ് ഡയറക്ടർ ലിസ് മക് ക്വൽ പറഞ്ഞു. ഭരണപക്ഷത്തെ സംബന്ധിച്ചിടത്തോളം പുറത്തുവന്നിരിക്കുന്ന കണക്കുകൾ പ്രതീക്ഷ നൽകുന്നതാണ്. സമ്പദ് വ്യവസ്ഥയിൽ പുരോഗതി ഉണ്ടാകുന്നത് ശക്തമായ ഭരണ വിരുദ്ധ വികാരം നേരിടുന്ന ഋഷി സുനകിന് ആശ്വാസമാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അഭിപ്രായ വോട്ടെടുപ്പുകളിൽ ലേബർ പാർട്ടി കൺസർവേറ്റീവ് പാർട്ടിയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ മുന്നിലാണ്.

എന്നാൽ മോശം കാലാവസ്ഥയുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ഈർപ്പമുള്ള കാലാവസ്ഥ പല നിർമ്മാണ പദ്ധതികൾക്കും തടസ്സമായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കനത്ത മഴ മൂലം ഉത്പാദനം ഫെബ്രുവരിയിൽ 1.9% കുറഞ്ഞതായാണ് കണക്കുകൾ കാണിക്കുന്നത്. ഇതിനു പുറമേയാണ് മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള വിതരണ ശൃംഖലയിലുണ്ടാക്കിയ പ്രശ്നങ്ങൾ മൂലം ചരക്ക് നീക്കങ്ങളിൽ വൻ പ്രതിസന്ധിയാണ് ഉടലെടുത്തത്. 14 വർഷത്തെ ഭരണം കൊണ്ട് ബ്രിട്ടന്റെ സാമ്പത്തിക വളർച്ച കടുത്ത പ്രതിസന്ധിയെയാണ് നേരിടുന്നതെന്ന് ഷാഡോ ചാൻസിലർ റേച്ചൽ റിവ്സ് കുറ്റപ്പെടുത്തി. കുറഞ്ഞ വളർച്ചയും ഉയർന്ന നികുതിയും കൊണ്ട് ബ്രിട്ടന്റെ അവസ്ഥ ദിനംപ്രതി മോശമായി കൊണ്ടിരിക്കുകയാണെന്ന് അവർ കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇസ്രായേൽ വ്യവസായിയുടെ കപ്പൽ ഇറാൻ പിടിച്ചെടുത്തതിന് പിന്നാലെ ഇസ്രായേൽ ഇറാൻ സംഘർഷം. ഇസ്രായേലിലെ പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഡ്രോണുകൾ സ്ഥാപിച്ചതായി ഇറാൻ അറിയിച്ചു. ഈ ഡ്രോണുകൾ 20 കിലോഗ്രാം സ്ഫോടകവസ്തുക്കൾ വരെ വഹിക്കാൻ ശേഷിയുള്ളവയാണ്.

ഇന്ത്യൻ സമയം പുലർച്ചെ രണ്ടു മണിയോടെ ഡ്രോൺ ആക്രമണം ഇസ്രായേലും സ്ഥിരീകരിച്ചു. സംഘർഷം കനത്തതോടെ ഇസ്രായേലും ജോർദാനും ഇറാക്കും വ്യോമ മേഖല അടച്ചു. ഇറാന്റെ ഇരുന്നൂറോളം ഡ്രോണുകളും 10 മിസൈലുകളും തകർത്തതായി ഇസ്രായേൽ സൈന്യം അറിയിച്ചു.

യുദ്ധത്തിൻറെ പശ്ചാത്തലത്തിൽ ഇസ്രായേലിലെ വിമാനത്താവളങ്ങൾ അടച്ചു. ഇറാനെതിരെയുള്ള ആക്രമണത്തിൽ ഇസ്രായേലിന് എല്ലാ പിന്തുണയും നൽകുമെന്ന് യുഎസ് പ്രഖ്യാപിച്ചു. അതേസമയം ആക്രമണം കനക്കുന്ന പശ്ചാത്തലത്തിൽ ഏതുവിധേനയും യുദ്ധം ഒഴിവാക്കണമെന്ന അഭ്യർത്ഥനയുമായി സൗദി ഇരു രാജ്യങ്ങളെയും സമീപിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്പെയിനിലെ വടക്ക് കിഴക്കൻ തുറമുഖമായ ബാർസലോണയിൽ ക്രൂയിസ് കപ്പലിൽ എത്തിയ 60 അധികം വരുന്ന ബൊളീവിയൻ യാത്രക്കാരെ വ്യാഴാഴ്ചയോടെ മോചിപ്പിക്കാൻ ഒരുങ്ങി സ്പെയിൻ. നേരത്തെ ഇവരുടെ വിസ വ്യാജമാണ് എന്ന് ചൂണ്ടിക്കാട്ടി മോചനം അനുവദിച്ചിരുന്നില്ല. കപ്പലിൽ ഉണ്ടായിരുന്ന 69 ബൊളീവിയൻകാരിൽ 65 പേരെ ബൊളീവിയൻ നഗരമായ സാന്താക്രൂസിലേക്ക് കൊണ്ടുപോകുമെന്ന് ബാർസിലോണയിലെ സ്പാനിഷ് സർക്കാർ അധികൃതർ അറിയിച്ചു. ഇവർക്ക് തിരിച്ചുപോകാനുള്ള വിമാനത്തിൻറെ ടിക്കറ്റ് കപ്പലിൻ്റെ ഉടമസ്ഥ കമ്പനിയായ എംഎസ്സി ക്രൂയിസസ് ആയിരിക്കും നൽകുക. അതേസമയം ബൊളീവിയൻ യാത്രക്കാരിൽ നാലുപേർക്ക് സ്പെയിനിൽ ബന്ധുക്കൾ ഉള്ളതിനാൽ അവരെ സ്പെയിനിലേക്ക് പ്രവേശിപ്പിക്കാൻ അനുമതി നൽകും. ബൊളീവിയക്കാരുടെ വിസയിലുള്ള പ്രശ്നങ്ങൾ മൂലം കപ്പലിലുള്ള ആയിരത്തോളം വരുന്ന യാത്രക്കാർക്ക് രണ്ടുദിവസത്തോളം ബാർസലോണയിൽ കുടുങ്ങി കിടക്കേണ്ടതായി വന്നു.

വ്യാജ പാസ്പോർട്ടുമായി ബൊളീവിയക്കാരെ മറ്റൊരു കപ്പലിലേക്ക് താൽക്കാലികമായി താമസിപ്പിച്ചതിനുശേഷമാണ് കപ്പൽ യാത്ര തുടർന്നത്. ബ്രസീലിൽ വെച്ച് ബോളിവിയൻ യാത്രക്കാരുടെ ഡോക്യുമെന്റേഷനുകൾ എല്ലാം തന്നെ ശരിയായിരുന്നു എന്ന് എംഎസ്സി ക്രൂയിസ് സംഭവത്തിന് പിന്നാലെ പ്രതികരിച്ചു. എം എസ്സി അർമോണിയ ആയിരത്തിലധികം യാത്രക്കാരുമായി വ്യാഴാഴ്ചയാണ് ഇറ്റലിയിലേക്ക് യാത്ര തിരിച്ചത്. കപ്പലിൽ വ്യാജ വിസയുമായുള്ള ബോളിവിയൻ യാത്രക്കാർ ഉള്ളതായി റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെയാണ് സ്പാനിഷ് സർക്കാർ തിരച്ചിൽ നടത്തിയത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ ബാസിൽഡണിനു സമീപം ക്ലാക്ടൺ ഓൺസീയിൽ രാത്രി ഉറക്കത്തിൽ ഉണ്ടായ നെഞ്ച് വേദനയെ തുടർന്ന് മലയാളി യുവാവിന് ദാരുണാന്ത്യം. ചെങ്ങളം സ്വദേശി ബിനോയ് തോമസ് കരിയിലക്കുളം (41) ആണ് വെള്ളിയാഴ്ച വൈകിട്ട് മരിച്ചത്. ബിനോയിയുടെ ഭാര്യ രഞ്ജി ഒരു കെയർ ഹോമിലെ കെയർ അസിസ്റ്റൻറ് ആയി ജോലി ചെയ്യുകയാണ്. രാത്രിയിൽ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് രഞ്ജി സിപിആർ നൽകി. പാരാമെഡിക്സിന്റെ സഹായം തേടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഹൃദയമിടിപ്പ് വീണ്ടെടുക്കാൻ സാധിച്ചെങ്കിലും തലച്ചോറിലേക്കുള്ള രക്തയോട്ടത്തിന് കാര്യമായ തകരാർ സംഭവിച്ചതിന് പിന്നാലെ ഡോക്ടർമാർ മസ്‌തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. ബിനോയിയും കുടുംബവും യുകെയിലെത്തിയിട്ട് വെറും രണ്ട് വർഷം മാത്രമാണ് ആയിരിക്കുന്നത്. ബിനോയിയുടെ അവയവങ്ങൾ നാലു പേർക്കായി ദാനം ചെയ്യാനുള്ള ധീരമായ തീരുമാനവും കുടുംബം സ്വീകരിച്ചിട്ടുണ്ട്.

ബാസിൽഡണിന് അടുത്തുള്ള ക്ലാക്ടന്‍ ഓൺസീ എന്ന സ്ഥലത്താണ് ബിനോയിയും കുടുംബവും താമസിക്കുന്നത്. കരിയിലക്കുളം കുടുംബാംഗമായ തോമസ് – മേരി ദമ്പതികളുടെ മകനാണ് ബിനോയ്. പത്ത് വയസ്സുകാരിയായ മിയ, എട്ടു വയസ്സുകാരൻ ആരോൺ, നാലു വയസ്സുകാരൻ ഇവാൻ എന്നിവരാണ് മക്കൾ.

ബിനോയ് തോമസിന്റെ വേർപാടിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കഴിഞ്ഞ വർഷം യാത്രക്കാരെ ഏറ്റവും കൂടുതൽ വലച്ചതിൽ ഒന്നാമതായി ലണ്ടൻ ഗാറ്റ്‌വിക്ക് എയർപോർട്ട്. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (സിഎഎ) കണക്കുകളുടെ അടിസ്ഥാനത്തിലാണ് യുകെയിലെ രണ്ടാമത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിൽ നിന്നും 2023-ൽ ഷെഡ്യൂൾ ചെയ്തതിനേക്കാൾ ശരാശരി 27 മിനിറ്റ് വരെ വൈകിയാണ് വിമാനങ്ങൾ പുറപ്പെട്ടതെന്ന് കണ്ടെത്തിയത് .


കഴിഞ്ഞവർഷം യൂറോപ്പിൽ ഉടനീളം ഉണ്ടായിരുന്ന ട്രാഫിക് കൺട്രോൾ ജീവനക്കാരുടെ കുറവ് ഗാറ്റ്‌വിക്കിനെ സാരമായി ബാധിച്ചിരുന്നു. സമയം പാലിച്ചുകൊണ്ടുള്ള തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ എയർപോർട്ട് അധികൃതർ പറഞ്ഞു.

ശരാശരി 23 മിനിറ്റ് കാലതാമസത്തോടെ കഴിഞ്ഞ വർഷം കൃത്യനിഷ്ഠ പാലിക്കാത്ത രണ്ടാമത്തെ എയർപോർട്ട് ലൂട്ടണിലെയാണ്. സന്ദർഭങ്ങൾ ഒന്നും തന്നെ വ്യക്തമാക്കാത്ത ഇത്തരത്തിലുള്ള കാലതാമസത്തിന്റെ കണക്കുകൾ സഹായകരമല്ല എന്ന് എയർപോർട്ട് അധികൃതർ പ്രതികരിച്ചു. മിക്ക കാലതാമസങ്ങൾക്കും കാരണം തങ്ങളുടെ നിയന്ത്രണാതീതമായ ഘടകങ്ങൾ ആണെന്നും അതിൽ എയർപോർട്ട് ജീവനക്കാർക്ക് സഹായിക്കാൻ സാധിക്കുകയില്ല എന്നും അവർ കൂട്ടിച്ചേർത്തു. ശരാശരി 22 മിനിറ്റ് വൈകിയ മാഞ്ചസ്റ്റർ ആണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്.

അതേസമയം ബെൽഫാസ്റ്റ് സിറ്റിയാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച എയർപോർട്ടുകളിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. ഷെഡ്യൂൾഡ് ടൈമിൽ നിന്നും പന്ത്രണ്ടര മിനിറ്റ് ആണ് ഫ്ലൈറ്റുകൾ ഇവിടെ വൈകിയിട്ടുള്ളത്. രണ്ടാം സ്ഥാനം ലിവർപൂൾ ജോൺ ലെനൻ എയർപോർട്ടിനാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ നാഷണൽ സൈബർ സെക്യൂരിറ്റി സെൻ്റർ മേധാവി ലിൻഡി കാമറൂണിനെ ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറായി നിയമിച്ചു . മൂന്ന് വർഷം പൂർത്തിയാക്കിയ അലക്സ് എല്ലിസിന് പകരമാണ് ലിൻഡി കാമറൂണിന്റെ നിയമനം. ഈ മാസം തന്നെ അവർ ഡൽഹിയിൽ തന്റെ ചുമതല ഏറ്റെടുക്കും. അലക്സ് എല്ലിസ് സ്പെയിനിലെ ഹൈക്കമ്മീഷണർ ആയി ആണ് ഡൽഹി വിടുന്നത്. യുകെയുടെ സൈബർ സെക്യൂരിറ്റി ചീഫായി പ്രവർത്തിക്കുന്നതിന് മുമ്പ്, യു.കെ.യുടെ നോർത്തേൺ അയർലൻഡ് ഓഫീസിൻ്റെ ഡയറക്ടർ ജനറലായിയും കാമറൂൺ സേവനം അനുഷ്ഠിച്ചിരുന്നു .

ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയ കാമറൂൺ മുമ്പ് ഇറാഖിലും അഫ്ഗാനിസ്ഥാനിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ യുകെയുടെ രാജ്യാന്തര വികസന വകുപ്പിൽ കൺട്രി പ്രോഗ്രാമുകളുടെ ഡയറക്ടർ ജനറൽ ഉൾപ്പെടെയുള്ള ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്. ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പ് ഈ മാസം ആരംഭിക്കുകയാണ്. ഈ വർഷമോ അടുത്ത വർഷത്തിൻ്റെ ആരംഭത്തിലെ ബ്രിട്ടനിലും തെരഞ്ഞെടുപ്പ് നടന്ന് പുതിയ സർക്കാർ അധികാരമേൽക്കും. പ്രധാനമായും പാതിവഴിയിൽ മുടങ്ങി കിടക്കുന്ന യുകെയും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാക്കുക എന്നതായിരിക്കും പുതിയ ഹൈക്കമ്മീഷണറിൻ്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി.

യുകെ ഇന്ത്യയിലേയ്ക്ക് ആദ്യത്തെ വനിതാ ഹൈക്കമ്മീഷണറെ അയക്കുന്നത് ഇപ്പോഴാണെങ്കിലും ഇന്ത്യയുടെ യുകെയിലെ ആദ്യ ഹൈക്കമ്മീഷണർ ഒരു വനിതയായിരുന്നു. 1954-ൽ ലണ്ടനിൽ വിജയലക്ഷ്മി പണ്ഡിറ്റിനെ ഇന്ത്യ ഹൈക്കമ്മീഷണറായി നിയമിച്ചതിന് 70 വർഷങ്ങൾക്ക് ശേഷമാണ് കാമറൂണിൻ്റെ നിയമനം. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിൻ്റെ സഹോദരി, പണ്ഡിറ്റ് 1961 വരെ ആ പദവിയിൽ സേവനമനുഷ്ഠിച്ചു.

RECENT POSTS
Copyright © . All rights reserved