Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അത് ഒരു കറുത്ത ഞായറാഴ്ച ആയിരുന്നു. ഒരു കുടുംബത്തിൻറെ മുഴുവൻ സന്തോഷവും തല്ലി കെടുത്തിയ ദിവസം. വെയ്ക്ക് ഫീൽഡിനു സമീപം നടന്ന വാഹന അപകടത്തിൽ ഒരു കുടുംബത്തിലെ 4 പേർ മരിച്ചപ്പോൾ 11 വയസ്സുകാരിയായ ആ പെൺകുട്ടിക്ക് നഷ്ടമായത് ഈ ലോകത്ത് സ്വന്തമെന്ന് പറയാവുന്ന ഉറ്റവരാണ്. മൂന്ന് കുട്ടികളിൽ അവളാണ് മൂത്തത്. തൻറെ കൈപിടിച്ച് നടന്ന കുഞ്ഞനിയത്തിമാർ ഇനി ഈ ലോകത്തില്ലെന്ന് കണ്ണീരിൽ കുതിർന്ന സത്യം അവൾ എങ്ങനെ ഉൾക്കൊള്ളുമെന്ന ആശങ്കയിലാണ് ഉറ്റവരും ബന്ധുക്കളും.

ഞായറാഴ്ച വെസ്റ്റ് യോർക്ക്ഷെയറിൽ നടന്ന വാഹനാപകടത്തിൽ 6 പേർ കൊല്ലപ്പെട്ടിരുന്നു. കാറും മോട്ടോർസൈക്കിളും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഷെയ്ൻ റോളർ, ഷാനൻ മോർഗൻ എന്നീ ദമ്പതികളും അവരുടെ മക്കളായ ലില്ലി, റൂബി എന്നിവരുമാണ് അപകടത്തിൽ മരണമടഞ്ഞത് . ഇവരുടെ മൂത്തമകളായ 11 വയസ്സുള്ള പെൺകുട്ടി കാറിൽ ഉണ്ടായിരുന്നില്ല. ഒരു കുടുംബത്തെ തന്നെ ഇല്ലാതാക്കിയ റോഡ് അപകടം കടുത്ത ഞെട്ടലാണ് പ്രാദേശിക വാസികളിൽ ഉളവാക്കിയത്. ഫോർഡ് ഫോക്കസ് കാറും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മോട്ടോർ സൈക്കിളിലുണ്ടായിരുന്ന ഒരു പുരുഷനും സ്ത്രീയും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. എന്നാൽ ഇവരുടെ പേര് വെളിപ്പെടുത്താൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്ന് സേനാ വക്താവ് പറഞ്ഞു. മരണമടഞ്ഞ ബൈക്ക് യാത്രികരുടെ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല.

റോളറും മോർഗനും ബാർൺസ്‌ലിയിലെ ആതർസ്‌ലിയിൽ നിന്നുള്ളവരാണെന്നും  റോളർ ഒരു പ്രാദേശിക ടേക്ക്അവേയുടെ ഡെലിവറി ഡ്രൈവറായി ജോലി ചെയ്ത വരുകയായിരുന്നു. റൂബിയും ലില്ലിയും പഠിച്ചിരുന്ന ആതർസ്‌ലി നോർത്ത് പ്രൈമറി സ്‌കൂളിലെ സഹ പ്രധാന അധ്യാപകരായ ക്ലെയർ സ്‌റ്റോറും കിർസ്റ്റി വേർഡ്‌സ്‌വർത്തും രണ്ട് പെൺകുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും അപകട മരണത്തെ ഹൃദയഭേദകമെന്നാണ് വിശേഷിപ്പിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- മയാൽജിക് എൻസിഫലോമയെൽറ്റിസ് എന്ന രോഗം ബാധിച്ച കട്ടിലിൽ നിന്ന് അനങ്ങാൻ സാധിക്കാതെ കിടന്നിരുന്ന 27 കാരിയായ മേവ് ബൂത്ത്ബി-ഒ’നീൽ എന്ന യുവതി തന്റെ ജനറൽ പ്രാക്ടീഷണറോട് സഹായം അഭ്യർത്ഥിച്ചത് നിരവധി തവണയാണെന്ന്, മേവിന്റെ മരണത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇൻക്വസ്റ്റിൽ വെളിപ്പെട്ടിരിക്കുകയാണ്. 2021 ഒക്‌ടോബറിൽ ഡെവണിലെ എക്‌സെറ്ററിലെ വീട്ടിൽ വെച്ചാണ് മേവ് മരണത്തിന് കീഴടങ്ങിയത്. 2021 ജൂണിൽ തൻ്റെ ജിപിയായ ഡോ. ലൂസി ഷെൻ്റണിനോട് തനിക്ക് വിശക്കുന്നതായും തനിക്ക് ആഹാരം കഴിക്കണമെന്നും മേവ് ആവശ്യപ്പെട്ടതായി വ്യക്തമാകുന്നു. മാർച്ച് മാസം മുതൽ തന്നെ എഴുന്നേറ്റിരിക്കുവാനും ഭക്ഷണം ചവച്ചരച്ച് കഴിക്കുവാനുമുള്ള ബുദ്ധിമുട്ട് മേവിന് ഉണ്ടായിരുന്നു. തനിക്ക് വേണ്ടത്ര കാലറികൾ സിറിഞ്ചിലൂടെ ലഭ്യമാകുന്നില്ലെന്നും അതിനാൽ ജീവിക്കുന്നതിന് ആവശ്യമായ ഭക്ഷണം കഴിക്കാൻ സഹായിക്കണമെന്നും മേവ് തന്റെ ജനറൽ പ്രാക്ടീഷണറെ അറിയിച്ചിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിയിട്ട് പോലും വേണ്ടത്ര പരിഗണന മേവിനു ലഭിച്ചില്ലെന്ന് ഇപ്പോൾ നടക്കുന്ന ഹിയറിങ്ങിൽ വ്യക്തമാകുന്നുണ്ട്. മേവ് റോയൽ ഡെവൺ ആൻഡ് എക്സെറ്റർ ഹോസ്പിറ്റലിൽ മൂന്ന് തവണ അഡ്മിറ്റ് ചെയ്യപ്പെട്ടിരുന്നുവെങ്കിലും ഓരോ തവണയും ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് അയക്കുകയായിരുന്നുവെന്ന് ഇൻക്വസ്റ്റിൽ വ്യക്തമാകുന്നു. 2021 മാർച്ചിൽ മേവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അതേ ദിവസം തന്നെ വീട്ടിലേക്ക് അയച്ചതിൽ തനിക്ക് ഞെട്ടൽ ഉണ്ടായതായി ഷെൻ്റൻ്റെ സഹപ്രവർത്തകനായ ഡോ പോൾ മക്‌ഡെർമോട്ട് പറഞ്ഞു.

മേവിന്റെ അമ്മയായ സാറ ബൂത്ത്ബി തന്റെ മകളുടെ പരിചരണത്തിൽ എന്തുകൊണ്ട് വീഴ്ച വരുന്നുവെന്ന് അറിയാനായി ഏപ്രിലിൽ ജിപി പ്രാക്ടീസ് മാനേജർക്ക് കത്തെഴുതിയതായും ഇൻക്വസ്റ്റിൽ പറഞ്ഞു. 2021 ഒക്ടോബറിൽ മരിക്കുന്നതിന് ഒരാഴ്‌ച മുമ്പ് മേവ് തൻ്റെ ഡോക്ടർക്ക് അവസാനമായി അയച്ച മെസ്സേജിൽ ഇപ്രകാരം എഴുതി, ‘ഞാൻ കൂടുതൽ ചികിത്സിക്കാൻ കഴിയുന്ന ഒരു രോഗിയായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.’ വളരെ മോശമായ അവസ്ഥയിലൂടെ കടന്നുപോയി മരണത്തിന് കീഴടങ്ങേണ്ടി വന്ന മേവിനു ആവശ്യമായ പരിചരണം ലഭിച്ചിട്ടില്ല എന്ന നിഗമനത്തിലാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.

അസാധാരണമായ കഴിവുള്ള കുട്ടിയാണ് തന്റെ മകളെന്നും, അവൾ ഭാഷകൾ പഠിക്കാൻ ഇഷ്ടപ്പെട്ടിരുന്നതായും അമ്മ പറഞ്ഞു. എന്നാൽ സ്‌കൂൾ പഠനം പൂർത്തിയാക്കിയ ശേഷം, യാത്രയ്‌ക്കോ യൂണിവേഴ്‌സിറ്റിയിൽ അഡ്മിഷൻ നേടാനോ കഴിയാത്ത വിധം രോഗം അവളെ തളർത്തുകയായിരുന്നു. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഇൻക്വസ്റ്റ് നടപടികൾ ഇപ്പോഴും തുടരുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കവൻട്രിയിൽ വളർത്തു നായയുടെ കടിയേറ്റ് 30 വയസ്സുകാരിക്ക് ദാരുണാന്ത്യം. ഈ വർഷം നായയുടെ ആക്രമണത്തെ തുടർന്ന് റിപ്പോർട്ട് ചെയ്‌ത നാലാമത്തെ മരണമാണിത്. ഇന്നലെ ഉച്ചയ്ക്ക് 12.15ഓടെയാണ് സംഭവം നടന്നത്. ഇതിന് പിന്നാലെ വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് സംഭവ സ്ഥലത്തെത്തി. ആംബുലൻസ് സർവ്വീസ് ആവശ്യമായ ചികിത്സ നൽകിയെങ്കിലും യുവതി മരിക്കുകയായിരുന്നു.

അക്രമിയായ നായയെ പിടികൂടി. നായയുടെ ഇനം ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. രാജ്യത്ത് നിരോധിച്ചിരിക്കുന്ന ഇനമല്ലെന്നാണ് ഇപ്പോൾ കിട്ടിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്. സംഭവത്തിന് പിന്നാലെ യുവതിയുടെ കുടുംബത്തെ വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്.

നായയുടെ ഇനം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇത് രാജ്യത്ത് നിരോധിച്ചിരിക്കുന്ന ഇനമാണെന്ന് കരുതുന്നില്ലെന്ന് ചീഫ് ഇൻസ്‌പെക്ടർ ഡേവിഡ് ആമോസ് പറഞ്ഞു. 999ലേക്ക് ഫോൺ കോൾ വന്നതിന് പിന്നാലെ വെസ്റ്റ് മിഡ്‌ലാൻഡ്സ് ആംബുലൻസ് സർവീസ് സംഭവ സ്ഥലത്ത് എത്തി സ്ത്രീയുടെ നില ഗുരുതരമാണെന്ന് കണ്ടെത്തി. സുരക്ഷാ പ്രശ്‌നങ്ങൾ കണക്കിലെടുത്ത് പോലീസിൻെറ സഹായത്തോടെ അവരെ സംഭവ സ്ഥലത്ത് നിന്ന് മാറ്റി ഉടൻ തന്നെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും യുവതി മരിക്കുകയായിരുന്നു. സംഭവത്തിൽ മറ്റാർക്കും പരുക്കുകൾ ഏറ്റിട്ടില്ല. ജൂൺ മാസം കവൻട്രിയിലെ ഏഴു മാസം പ്രായമുള്ള കുഞ്ഞ് നായയുടെ ആക്രമണത്തെ തുടർന്ന് മരിച്ചിരുന്നു. 2024-ൽ യുകെയിൽ നായയുടെ ആക്രമണത്തെ തുടർന്ന് നടന്ന നാലാമത്തെ മരണമാണിത്. 2023-ൽ 16 മരണങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഋഷി സുനകിന് പകരം പുതിയ കൺസർവേറ്റീവ് പാർട്ടിയുടെ നേതാവ് ആരായിരിക്കും എന്നത് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്ന ചോദ്യമാണ്. ബ്രിട്ടീഷ് തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയതോടെ നേതൃസ്ഥാനം ഒഴിയുമെന്ന് ഋഷി സുനക് അറിയിച്ചിരുന്നു. ഇതിനിടെ കൺസർവേറ്റീവ് പാർട്ടിയുടെ പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള മത്സരം ഈയാഴ്ച ആരംഭിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു കഴിഞ്ഞു. മൂന്നുമാസത്തെ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായി നവംബർ 2-ാം തീയതി പുതിയ നേതാവിനെ പ്രഖ്യാപിക്കും.

പാർട്ടിയുടെ പുതിയ നേതാവ് സ്ഥാനം ഏറ്റെടുക്കുന്നത് വരെ മുൻ പ്രധാനമന്ത്രി ഋഷി സുനക് പ്രതിപക്ഷ നേതാവായി തുടരും. ആദ്യഘട്ട വോട്ടെടുപ്പിൽ നോമിനേഷൻ സമർപ്പിക്കാൻ സ്ഥാനാർത്ഥികൾക്ക് 10 എംപിമാരുടെ പിന്തുണയാണ് ആവശ്യമുള്ളത്. ഇതിനായുള്ള നോമിനേഷൻ സമർപ്പിക്കാനുള്ള സമയം ആരംഭിക്കുന്നത് നാളെയാണ്. ഏകദേശം നാല് സ്ഥാനാർത്ഥികൾ മത്സര രംഗത്ത് ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. പ്രഥമ ഘട്ടത്തിൽ മത്സര രംഗത്തുള്ള സ്ഥാനാർത്ഥികൾക്ക് സെപ്റ്റംബർ 29 -ന് ആരംഭിക്കുന്ന പാർട്ടി സമ്മേളനത്തിൽ അംഗങ്ങളുമായി സംസാരിക്കാൻ അവസരം ലഭിക്കും.

കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ ഓൺലൈൻ ബാലറ്റിലൂടെ നേതാവിനെ തിരഞ്ഞെടുക്കുന്നതിലൂടെ രാജ്യത്തിൻറെ അടുത്ത പ്രതിപക്ഷ നേതാവ് ആരാകുമെന്നുള്ളത് അറിയാൻ സാധിക്കും. ഷാഡോ വർക്ക് ആൻഡ് പെൻഷൻ സെക്രട്ടറി മെൽ സ്ട്രൈഡ് താൻ മത്സരരംഗത്ത് ഉണ്ടാവുമെന്ന് പ്രഖ്യാപിച്ചിരുന്നു. മുൻ ഇമിഗ്രേഷൻ മന്ത്രി റോബർട്ട് ജെൻറിക്ക്, മുൻ ആഭ്യന്തര സെക്രട്ടറിമാരായ സുല്ല ബ്രാവർമാൻ, ഡാം പ്രീതി പട്ടേൽ, ഷാഡോ ഹോം സെക്രട്ടറി ജെയിംസ് ക്ലെവർലി, ഷാഡോ സെക്യൂരിറ്റി മന്ത്രി ടോം തുഗെൻധാട്ട്, ഷാഡോ കമ്മ്യൂണിറ്റി സെക്രട്ടറി കെമി ബാഡെനോക്ക് എന്നിവരാണ് നേതൃസ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന മറ്റ് എംപിമാർ. ഇതിൽ സുല്ല ബ്രാവർമാൻ, ഡാം പ്രീതി പട്ടേൽ എന്നിവർ ഇന്ത്യൻ വംശജരാണ്. 922 ലെ ബാക്ക്ബെഞ്ചേഴ്‌സ് കമ്മിറ്റിയുടെ ചെയർമാനെന്ന നിലയിൽ പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിന് മേൽനോട്ടം വഹിക്കുന്നത് ബോബ് ബ്ലാക്ക്മാൻ ആണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഞായറാഴ്ച വെസ്റ്റ് യോർക്ക്ഷെയറിൽ നടന്ന വാഹനാപകടത്തിൽ 6 പേർ കൊല്ലപ്പെട്ടിരുന്നു. കാറും മോട്ടോർസൈക്കിളും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇതിൽ കാറിലുണ്ടായിരുന്ന ദമ്പതികളുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടു. ഷെയ്ൻ റോളർ, ഷാനൻ മോർഗൻ എന്നീ ദമ്പതികളും മക്കളുമാണ് കൊല്ലപ്പെട്ടത്. മരിച്ചവരുടെ പെൺമക്കളുടെ പേര് ലില്ലി, റൂബി എന്നാണെന്ന് റോളറുടെ സഹോദരൻ കല്ലം റോളറുടെ ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.


ഒരു കുടുംബത്തെ തന്നെ ഇല്ലാതാക്കിയ റോഡ് അപകടം കടുത്ത ഞെട്ടലാണ് പ്രാദേശിക വാസികളിൽ ഉളവാക്കിയത്. ഒരു ഫോർഡ് ഫോക്കസ് കാറും ഒരു മോട്ടോർ സൈക്കിളും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മോട്ടോർ സൈക്കിളിലുണ്ടായിരുന്ന ഒരു പുരുഷനും സ്ത്രീയും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.


ഷാ ലെയ്‌നിനും വാറൻ ലെയ്‌നിനും ഇടയിൽ റോഡ് അടച്ചതോടെ സ്റ്റെയിൻക്രോസിനും ന്യൂമില്ലർഡാമിനുമിടയിലാണ് അപകടം നടന്നത് . ആദ്യം മരിച്ചവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നില്ല . അന്വേഷണത്തിന്റെ ഭാഗമായി അപകടം നടന്ന സ്ഥലത്തെ റോഡ് അടച്ചിട്ടിരിക്കുകയാണ്. അപകടത്തിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കാൻ സാധിക്കുന്ന ദൃക്സാക്ഷികൾ ആരെങ്കിലും ഉണ്ടെങ്കിൽ മുന്നോട്ട് വരണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെസ്റ്റ് യോർക്ക് ഷെയറിൽ ഇന്നലെ ഉണ്ടായ വാഹനാപകടത്തിൽ 6 ജീവനുകൾ പൊലിഞ്ഞു. ഞായറാഴ്ച ഉച്ചതിരിഞ്ഞ് വേക്ക്ഫീൽഡിനും ബാർൺസ്ലിക്കും ഇടയിലുള്ള എ 61 ലാണ് അപകടമുണ്ടായത്. ഒരു കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. കാറിൽ യാത്ര ചെയ്തിരുന്ന രണ്ട് പെൺകുട്ടികളും ഒരു സ്ത്രീയും പുരുഷനും മരണമടഞ്ഞു. മോട്ടോർ സൈക്കിളിലുണ്ടായിരുന്ന ഒരു പുരുഷനും സ്ത്രീയും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു.

ഷാ ലെയ്‌നിനും വാറൻ ലെയ്‌നിനും ഇടയിൽ റോഡ് അടച്ചതോടെ സ്റ്റെയിൻക്രോസിനും ന്യൂമില്ലർഡാമിനുമിടയിലാണ് അപകടം. മരിച്ചവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി അപകടം നടന്ന സ്ഥലത്തെ റോഡ് അടച്ചിട്ടിരിക്കുകയാണ്. അപകടത്തിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കാൻ സാധിക്കുന്ന ദൃക്സാക്ഷികൾ ആരെങ്കിലും ഉണ്ടെങ്കിൽ മുന്നോട്ട് വരണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു എസ് :- 2024ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും നിലവിൽ പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായിരുന്ന ജോ ബൈഡൻ പിന്മാറി. രാജ്യത്തിന്റെ മികച്ച താല്പര്യങ്ങൾക്ക് വേണ്ടിയാണ് താൻ പിന്മാറുന്നതെന്ന് അമേരിക്കയുടെ എക്കാലത്തെയും പ്രായമേറിയ പ്രസിഡന്റ് തന്റെ പ്രചാരണം അവസാനിപ്പിച്ചു കൊണ്ട് വ്യക്തമാക്കി. നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ റൊണാൾഡ് ട്രംപിനെ നേരിടുവാൻ നിലവിലെ വൈസ് പ്രസിഡന്റായ കമല ഹാരിസിനെ തന്റെ പിൻഗാമിയായി ഡെമോക്രറ്റിക് പാർട്ടി നോമിനിയായി ബൈഡൻ പ്രഖ്യാപിച്ചു. യുഎസ്സിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ മാസം നടന്ന സംവാദത്തിൽ, ട്രംപിനെതിരെ വളരെ മോശം പ്രകടനം കാഴ്ചവച്ച ബൈഡൻ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറണമെന്ന മുറവിളികൾ ശക്തമായിരുന്നു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വാർത്ത കുറിപ്പിലാണ് ബൈഡൻ തന്റെ തീരുമാനം ജനങ്ങൾക്ക് മുൻപിൽ വ്യക്തമാക്കിയത്. എന്നാൽ ബൈഡൻ ഉടൻതന്നെ രാജിവെക്കണമെന്ന ആവശ്യമാണ് റിപ്പബ്ലിക്കൻ പാർട്ടി ഉയർത്തിയിരിക്കുന്നത്. ഒരു തവണ കൂടി മത്സരിക്കുവാൻ യോഗ്യത ഇല്ലെങ്കിൽ, ഭരിക്കുവാനും നിലവിൽ യോഗ്യതയില്ലെന്ന അഭിപ്രായമാണ് റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ പ്രകടിപ്പിച്ചത്. പിന്മാറണമെന്ന കടുത്ത സമ്മർദ്ദം ബൈഡനുമേൽ ഉണ്ടായിരുന്നെങ്കിലും വളരെ അപ്രതീക്ഷിത തീരുമാനമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. കോൺഗ്രസിനുള്ളിൽ അദ്ദേഹത്തെ പിന്തുണച്ച പലർക്കും അദ്ദേഹത്തിന്റെ തീരുമാനം അറിയില്ലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അമേരിക്കയിലെ ജനങ്ങളുടെ പ്രസിഡന്റായി സേവനമനുഷ്ഠിക്കുവാൻ സാധിച്ചത് തന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണെന്നും, എന്നാൽ പാർട്ടിയുടെയും രാജ്യത്തിന്റെയും മികച്ച താത്പര്യങ്ങൾ സംരക്ഷിക്കുവാൻ താൻ പിന്മാറുന്നതാണ് ഉചിതമെന്നും വാർത്ത കുറിപ്പിൽ ബൈഡൻ വ്യക്തമാക്കിയിട്ടുണ്ട്. ഇനി അവശേഷിക്കുന്ന കാലയളവിൽ പ്രസിഡന്റിന്റെ ചുമതലകൾ നിർവഹിക്കുന്നതിലേക്ക് താൻപൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബൈഡന്റെ പ്രഖ്യാപനത്തിനുശേഷം കമലാ ഹാരിസ് പുറത്തിറക്കിയ വാർത്ത കുറുപ്പിൽ, ബൈഡന്റെ പിന്തുണയിൽ സന്തോഷം ഉണ്ടെന്നും അടുത്ത തിരഞ്ഞെടുപ്പിൽ പാർട്ടിയെ താൻ വിജയത്തിലേക്ക് നയിക്കും എന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ നിസ്വാർത്ഥമായ പ്രവർത്തിയിലൂടെ ജീവിതത്തിലുടനീളമുള്ള സേവനമനോഭാവത്തെ ബൈഡൻ ഒന്നുകൂടെ ഉയർത്തിക്കാട്ടുകയാണ് ചെയ്തതെന്നും ഹാരിസ് വ്യക്തമാക്കി. തമിഴ് വംശജയാണ് നിലവിലെ വൈസ് പ്രസിഡന്റായ കമല ഹാരിസ്.


എന്നാൽ പ്രസിഡന്റായ ജോ ബൈഡന്റെ പരിമിതികളെ പരമാവധി ജനങ്ങൾക്കും മാധ്യമങ്ങൾക്ക് മുൻപിൽ മറച്ചുവയ്ക്കാനുള്ള എല്ലാ ശ്രമങ്ങളും അദ്ദേഹത്തിന്റെ ജീവനക്കാർ നടത്തുണ്ടെന്ന റിപ്പോർട്ടുകളും ഇതിനിടയിൽ സജീവമാണ്. 81 കാരനായ ബൈഡന്റെ ആരോഗ്യപരമായ പരാധീനതകൾ മറ്റുള്ളവർ അറിയാതിരിക്കുവാൻ വേണ്ട എല്ലാ നടപടികളും സ്റ്റാഫുകൾ ചെയ്തിരുന്നു എന്നാണ് വാർത്തകൾ വ്യക്തമാക്കുന്നത്. ഇത്തരം ഒരു സാഹചര്യത്തിൽ ഇനിയൊരു ഇലക്ഷൻ കൂടി മത്സരിക്കാനുള്ള ബൈഡന്റെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു. അതോടൊപ്പം തന്നെ കഴിഞ്ഞ മാസം സംവാദത്തിൽ ഉണ്ടായ പരാജയവും എല്ലാം ബൈഡന്റെ പിന്മാറ്റത്തിലേക്ക് നയിച്ചു എന്നാണ് വിദഗ്ധർ വിശകലനം ചെയ്യുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പതിനഞ്ചാം വയസ്സിൽ തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ച് ലേബർ എംപി. ജിബി ന്യൂസിൽ നടത്തിയ അഭിമുഖത്തിലാണ് ലേബർ എംപി നതാലി ഫ്ലീറ്റ് 23 വർഷങ്ങൾക്ക് മുമ്പുണ്ടായ സംഭവം വെളിപ്പെടുത്തിയത്. ആ പ്രായത്തിൽ തനിക്ക് ലൈംഗിക ബന്ധത്തെക്കുറിച്ച് അറിവില്ലായിരുന്നു. എന്താണ് അൺപ്രൊട്ടക്ടഡ് സെക്സ് എന്ന് അറിയാത്ത പ്രായത്തിലാണ് താൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും നിയമപരമായ ബലാത്സംഗം തന്നെയാണിതെന്നും അവർ കൂട്ടിച്ചേർത്തു. പിന്നീട് താൻ ഗർഭിണിയായെന്നും തൻ്റെ മകൾക്ക് ജന്മം നൽകിയെന്നും ബോൾസോവർ എംപി പറഞ്ഞു.

ഇത്തരം സാഹചര്യത്തിലൂടെ കടന്ന് പോകുന്ന കുട്ടികൾക്കും സ്ത്രീകൾക്കും വേണ്ടി താൻ പ്രവർത്തിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു. തൻെറ ബാല്യകാലത്ത് കുടുംബം ഒത്തിരി ദുരിതത്തിലൂടെയാണ് കടന്ന് പോയതെന്നും ഈ സമയങ്ങളിൽ തന്നെ സഹായിച്ച പ്രായമായ ഒരു പുരുഷനാണ് താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും അവർ പറഞ്ഞു. ഇത് മനസിലാക്കാൻ പോലും സാധിച്ചില്ലെന്ന് അവർ അഭിമുഖത്തിൽ പറഞ്ഞു. കൗമാരപ്രായത്തിൽ താൻ ഗർഭിണിയായപ്പോൾ ഗർഭച്ഛിദ്രം നടത്താനാണ് അയാൾ അഭിപ്രായപ്പെട്ടതെന്നും അവർ കൂട്ടിച്ചേർത്തു.

ഇത്തരം സന്ദർഭങ്ങളിലൂടെ കടന്ന് പോകുന്ന സ്ത്രീകളെ സംരക്ഷിക്കാനുള്ള നിയമങ്ങൾ ഒന്നും തന്നെ രാജ്യത്തില്ലെന്ന് നതാലി ഫ്ലീറ്റ് ചൂണ്ടിക്കാട്ടി. കണക്കുകൾ അനുസരിച്ച് പ്രതിവർഷം യുകെയിൽ ഇത്തരത്തിൽ 3,000-ത്തിലധികം സംഭവങ്ങൾ നടക്കുന്നുണ്ട്. എന്നാൽ ഈ സ്ത്രീകളെ പിന്തുണയ്ക്കാൻ ഒരു ചാരിറ്റിയും ഇല്ല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അറ്റ്ലാൻ്റിക് സമുദ്രം സാഹസികമായി കടക്കാൻ ശ്രമിച്ച ബ്രിട്ടീഷ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ജൂൺ 18 നാണ് സാറ പാക്ക്വുഡിനെയും ഭർത്താവ് ബ്രെറ്റ് ക്ലിബറിയെയും കാണാതായത്. അറ്റ് ലാൻ്റിക് സമുദ്രത്തിന് കുറുകെ സാഹസിക യാത്രയ്ക്ക് പോയ ദമ്പതികളെ ഏകദേശം ആറ് ആഴ്ചകൾക്ക് ശേഷമാണ് കണ്ടെത്തിയത്. ബ്രിട്ടീഷുകാരിയായ സാറാ പാക്ക്‌വുഡും അവളുടെ കനേഡിയൻ ഭർത്താവ് ബ്രെറ്റ് ക്ലിബറിയും ജൂലൈ 12 ന് കാനഡയിലെ നോവ സ്കോട്ടിയയ്‌ക്കടുത്തുള്ള സാബിൾ ദ്വീപിൽ വെച്ച് അപകടത്തിൽ പെട്ടതായാണ് കരുതപ്പെടുന്നത്.


13 മീറ്റർ നീളമുള്ള പരിസ്ഥിത സൗഹൃദ യാച്ചിൽ ആണ് ദമ്പതികൾ ഇരുവരും യാത്ര ചെയ്തിരുന്നത്. ഏകദേശം 3228 കിലോമീറ്റർ അകലെയുള്ള അസോറസിലേക്കുള്ള യാത്രയിലായിരുന്നു ഇരുവരും. മിസ്റ്റർ ക്ലിബറിയുടെ മകൻ ജെയിംസ് ആണ് ദമ്പതികൾ മരിച്ചുവെന്ന് സ്ഥിരീകരിച്ചത്. സാഹസിക ദമ്പതികൾ എന്ന് പേരെടുത്ത ഇവർ എങ്ങനെ അപകടത്തിൽ പെട്ടെന്നതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. അപകടം നടന്നതിനെ കുറിച്ച് പല വാർത്തകളും പുറത്തുവരുന്നുണ്ട്. ഒരു ചരക്ക് കപ്പൽ യാച്ചിൽ ഇടിച്ചതാകാം അപകടത്തിന് കാരണമായതെന്ന് കനേഡിയൻ വാർത്താ വെബ്‌സൈറ്റ് സാൾട്ട്‌വയർ അഭിപ്രായപ്പെട്ടു. കനേഡിയൻ കോസ്റ്റ്ഗാർഡും സൈനിക തിരച്ചിൽ വിമാനവും അവശിഷ്ടങ്ങളോ ബോട്ടിൻ്റെ ഏതെങ്കിലും അടയാളമോ കണ്ടെത്തിയിട്ടില്ലെന്ന് സാൾട്ട്‌വയർ റിപ്പോർട്ട് ചെയ്യുന്നു.

ഫോസിൽ ഇന്ധനം ഇല്ലാതെയായിരുന്നു ഇവരുടെ യാത്ര. ഫോസിൽ ഇന്ധനങ്ങൾ കത്തിക്കാതെ നിങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയുമെന്ന് കാണിക്കാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്യുന്നുവെന്ന് ഏപ്രിൽ 12 ന് പോസ്റ്റ് ചെയ്ത വീഡിയോയിൽ മിസ്റ്റർ ക്ലിബറി പറഞ്ഞിരുന്നു. 2015 -ൽ ലണ്ടനിൽ വച്ച് യാദൃശ്ചികമായി കണ്ടു വിവാഹം കഴിച്ചവരാണ് ഇരുവരും. ദ ഗാർഡിയനിലെ 2020 ലെ “ഹൗ വി മെറ്റ്” ലേഖനത്തിൽ അവരുടെ ക.ഥ പ്രസിദ്ധീകരിച്ചിരുന്നു. 1994-ലെ വംശഹത്യയ്ക്ക് ശേഷം യുഎന്നിനൊപ്പം റുവാണ്ടയിൽ ജോലി ചെയ്തിരുന്ന വാർവിക്ഷയർ സ്വദേശിയായ പാക്ക്‌വുഡ് ഒരു മനുഷ്യസ്‌നേഹി എന്ന നിലയിൽ നേരത്തെ തന്നെ വാർത്തകളിൽ സ്ഥാനം നേടിയിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പ്രായമാകുമ്പോൾ ഓർമ്മ നശിക്കുന്ന രോഗമായ ഡിമെൻഷ്യ ലോകമെങ്ങും ഒട്ടേറെ പേരുടെ ജീവിതമാണ് ദുരിതത്തിലാക്കുന്നത്. എന്നാൽ ഇംഗ്ലണ്ടിൽ ഈ രോഗം ബാധിച്ച പലരും തിരിച്ചറിയപ്പെടാതെ ജീവിക്കുന്നതായുള്ള ഞെട്ടിക്കുന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്. ഗവൺമെന്റിന്റെ കണക്കുകൾ പ്രകാരം ഏകദേശം ഒരു ലക്ഷം ആളുകളാണ് ഡിമെൻഷ്യ രോഗലക്ഷണവുമായി ജീവിക്കുന്നത്.


ലോകമെമ്പാടും 55 ദശലക്ഷം ആളുകളാണ് ഈ രോഗത്തിൻറെ ദുരിതം പേറുന്നത് പ്രതിമാസം 7000 പേർക്കാണ് ഇംഗ്ലണ്ടിൽ രോഗനിർണയം നടത്തപ്പെടുന്നത്. അടുത്തയിടെ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം ഡിമെൻഷ്യയുടെ രണ്ടു പുതിയ വകഭേദങ്ങൾ കൂടി ആളുകളെ ബാധിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇത് ഇതുവരെ അത്ര സാധാരണമല്ലാത്ത രോഗാവസ്ഥയാണ്. 2023 മുതലാണ് രോഗികളുടെ കണക്ക് എൻഎച്ച്എസ് പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്. രോഗം തിരിച്ചറിയാൻ വൈകുന്നതു മൂലം ഫലപ്രദമായ ചികിത്സയും പരിഗണനയും ഈ രോഗം ബാധിച്ചവർക്ക് ലഭിക്കാത്ത സാഹചര്യം ആണ് നിലവിലുള്ളത്.


ഇംഗ്ലണ്ടിൽ 65 വയസ്സിനു മുകളിൽ പ്രായമുള്ള 73,000 ത്തിനും 109,000 ഇടയിലുള്ള ആളുകൾക്ക് ഡിമെൻഷ്യ ഉണ്ടെന്നാണ് എൻഎച്ച്എസ്സിന്റെ കണക്കുകൾ കാണിക്കുന്നത്. എന്നാൽ 15,000 പേർക്ക് മാത്രമേ രോഗനിർണയം നടത്തിയിട്ടുള്ളൂ. ഇതിനർത്ഥം 100,000 ഉള്ള രോഗികൾക്ക് രോഗനിർണയം നൽകാൻ കഴിഞ്ഞിട്ടില്ല. രോഗം ബാധിച്ച പലർക്കും നിത്യജീവിതത്തിൽ ഒട്ടേറെ വൈഷമ്യങ്ങൾ നേരിടുന്നതിന്റെ റിപ്പോർട്ടുകൾ എൻഎച്ച്എസ് പുറത്തുവിടുന്നുണ്ട്. വിഷാദം തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഫലത്തിൽ ഡിമെൻഷ്യയുടെ ആരംഭമാണെന്ന് തിരിച്ചറിയപ്പെടാത്ത പോകുന്ന സാഹചര്യവും നിലവിലുണ്ട്. ഒരാൾക്ക് സെൻട്രൽ ഹീറ്റിങ് സംവിധാനം എങ്ങനെ ഉപയോഗിക്കണമെന്ന് ഓർക്കാൻ കഴിയാതെ ജിപിയെ കാണാൻ ചെന്നപ്പോഴാണ് ഡിമെൻഷ്യ ആണെന്ന് സ്ഥിരീകരിച്ചത്. ഇത്തരം രോഗലക്ഷണങ്ങൾ കാണിക്കുന്നവർ എത്രയും പെട്ടെന്ന് വൈദ്യ സഹായം തേടുന്നതാണ് ഉചിതമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു.

RECENT POSTS
Copyright © . All rights reserved