ന്യൂസ് ഡെസ്ക്, മലയാളം യുകെ
മൂന്ന് മാസം മുമ്പ് മാത്രം ഇവിടെ എത്തിയ മലയാളി നേഴ്സ് വിജേഷ് വി കെ അയർലണ്ടിൽ മരിച്ചു. ജോലി കഴിഞ്ഞ് താമസസ്ഥലത്തേയ്ക്ക് മടങ്ങിവരവെയാണ് 32 വയസ്സ് മാത്രമുള്ള വിജേഷ് കുഴഞ്ഞു വീണ് മരിച്ചത് . അയർലണ്ടിലെ കൗണ്ടി മീത്തിലെ സ്ടാമുള്ളനിലാണ് വിജേഷ് താമസിച്ചിരുന്നത്.
വയനാട് താമരശ്ശേരിയാണ് മരണമടഞ്ഞ വിജേഷിന്റെ സ്വദേശം. നാട്ടിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി നോക്കിയിരുന്ന വിജേഷ് കഴിഞ്ഞ ഡിസംബർ മാസത്തിലാണ് ഇവിടെ ജോലിയിൽ എത്തിയത് . നാട്ടിലുള്ള ഭാര്യയെ കൂടി അയർലണ്ടിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു വിജേഷ്. അതിൻറെ അവസാന ഘട്ടത്തിലാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒന്നാകെ ഞെട്ടിച്ച് അകാലത്തിൽ വിജേഷ് വിടവാങ്ങിയത്.
അയർലണ്ടിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്കരിക്കാനാണ് ബന്ധുക്കൾ ആഗ്രഹിക്കുന്നത്. ഇതിനുള്ള ശ്രമങ്ങൾ സുഹൃത്തുക്കളും സഹപ്രവർത്തകരും ആരംഭിച്ചിട്ടുണ്ട്.
വിജേഷ് വി കെയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെറും 41 വയസ്സ് മാത്രം പ്രായമുള്ള യു കെ മലയാളി വെയിൽസിലെ ന്യൂ ടൗണില്‍ നിര്യാതനായി. ക്യാമറയെയും ഫോട്ടോഗ്രാഫിയെയും അതിയായി സ്നേഹിച്ച അജോ ജോസഫിന്റെ മരണം ഹൃദയാഘാതം മൂലമാണെന്നാണ് പ്രാഥമിക നിഗമനം. സംശയം തോന്നി അടുത്ത് താമസിക്കുന്നവർ വന്ന് നോക്കിയപ്പോൾ അജോ കിടക്കയിൽ കുഴഞ്ഞുവീണു കിടക്കുന്ന നിലയിലായിരുന്നു. അടിയന്തര മെഡിക്കൽ സഹായത്തിനായി വിളിച്ചെങ്കിലും അവർ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഉഴവൂർ ആണ് കേരളത്തിൽ അജോയുടെ സ്വദേശം. ഉഴവൂരിലെ ആദ്യകാല സ്റ്റുഡിയോ ആയ അജോ സ്റ്റുഡിയോയുടെ ഉടമ ജോസഫിന്റെ മകനാണ് അജോ. യുകെയിൽ ഉണ്ടായിരുന്ന അജോ ഇടക്കാലത്ത് നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ അടുത്തയിടെ വീണ്ടും യുകെയിലെത്തിയ അജോയുടെ സ്വപ്‌നങ്ങൾ ഒക്കെ ബാക്കി വെച്ചാണ് മരണം വന്നു പിടികൂടിയത്. അജോയുടെ ബന്ധുക്കളും സുഹൃത്തുക്കളും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്
അജോ ജോസഫിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സൈബർ ഹണി ട്രാപ്പിൽ മന്ത്രിയും എംപിമാരും മുതിർന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ പത്രപ്രവർത്തകരും കുടുങ്ങിയ സംഭവം വൻ വാർത്താ പ്രാധാന്യത്തോടെയാണ് യുകെയിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സംഭവം വിവാദമായതോടെ കൺസർവേറ്റീവ് എംപി വില്യം വ്രാഗ് പാർട്ടി വിപ്പ് സ്ഥാനം രാജിവച്ചു. ഡേറ്റിംഗ് ആപ്പിൽ എംപിമാരുടെ സ്വകാര്യ ഫോൺ നമ്പറുകൾ മറ്റൊരാളുമായി പങ്കുവെച്ചത് താനാണെന്ന് വില്യം വ്രാഗ് സമ്മതിച്ചിരുന്നു.
സംഭവത്തിൽ വില്യം വാഗ് ക്ഷമാപണം നടത്തി. ഹണി ട്രാപ്പിനായി ലക്ഷ്യം വച്ചവർ തന്നെ കരുവാക്കുകയായിരുന്നു എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. ഗ്രേറ്റ് മാഞ്ചസ്റ്റർ നിയോജകമണ്ഡലത്തിലെ എംപിയാണ് ഇദ്ദേഹം . കഴിഞ്ഞ ആഴ്ചയാണ് ബ്രിട്ടീഷ് പാർലമെൻറ് അംഗങ്ങളെയും അവരുടെ സ്റ്റാഫിനെയും ലക്ഷ്യം വെച്ച് സൈബർ ഹണി ട്രാപ്പ് ആക്രമണം നടന്നതായുള്ള വിവരങ്ങൾ പുറത്തുവന്നത് . നിലവിലെ ഒരു മന്ത്രിയും12 ഓളം എംപിമാരും മുതിർന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവർത്തകരുമാണ് ഹണി ട്രാപ്പിന് ഇരയായതെന്നാണ് റിപ്പോർട്ടുകൾ .
ഇരകൾക്ക് നഗ്ന ദൃശ്യങ്ങളും സന്ദേശങ്ങളും അയക്കുകയും രഹസ്യ വിവരങ്ങൾ ഹണി ട്രാപ്പിലൂടെ കൈക്കലാക്കാനുമാണ് ശ്രമം നടന്നത്. ആക്രമണം നടത്തിയവർ ഇരകളായവരെ കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു . ആക്രമണത്തിന് പിന്നിൽ ശക്തമായ ആസൂത്രണം നടന്നിട്ടുണ്ട്. ഇതിനു പിന്നിൽ ഒരു വിദേശ രാജ്യം ഉൾപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഹണി ട്രാപ്പ് നടത്തി രഹസ്യ വിവരങ്ങൾ വെളിപ്പെടുത്താൻ പ്രേരിപ്പിക്കുകയായിരുന്നു സൈബർ അറ്റാക്കിന്റെ ലക്ഷ്യമെന്നാണ് കരുതപ്പെടുന്നത്. അബി , ചാർലി എന്നീ അപരനാമങ്ങളിൽ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നത് . കൺസർവേറ്റീവ് നേതാവ് സർ ഇയൻ ഡങ്കൻ സ്മിത്ത് സംഭവത്തെ ജനാധിപത്യത്തിനെതിരായ ആക്രമണമാണെന്നാണ് അപലപിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ശക്തമായ കാറ്റിനൊപ്പം ഉയർന്ന തോതിൽ വേലിയേറ്റവും ഉണ്ടായതിനാൽ യുകെയിൽ പല സ്ഥലത്തും വാഹനഗതാഗതം തടസ്സപ്പെട്ടു. പല തീരദേശ റോഡുകളും തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. കടൽ തീരത്തുണ്ടായിരുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
മോശം കാലാവസ്ഥ റെയിൽ ഗതാഗതങ്ങളെയും സാരമായി ബാധിച്ചു. സ്കോട്ട് ലന്റിന്റെ ചില ഭാഗങ്ങളിൽ ശക്തമായ രീതിയിൽ മഴപെയ്യുമെന്ന മുന്നറിയിപ്പ് നിലവിൽ ഉണ്ട്. ഇംഗ്ലണ്ടിൽ വെള്ളപ്പൊക്കം ഉണ്ടാകാനുള്ള സാധ്യതകളെ കുറിച്ച് 42 മുന്നറിയിപ്പുകളാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിൽ നിന്ന് നൽകിയിരിക്കുന്നത്. വെയിൽസിൽ ഒരു വെള്ളപ്പൊക്ക മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.
വെസ്റ്റ് സസെക്സിൽ നദി കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന് ഒരാളെ ആശുപത്രിയിൽ എത്തിക്കുകയും 180 പേരെ മെഡ്മെറി ഹോളിഡേ പാർക്കിൽ നിന്ന് ഒറ്റരാത്രികൊണ്ട് ഒഴിപ്പിക്കുകയും ചെയ്തു. ഹാംഷെയറിൻ്റെയും ഐൽ ഓഫ് വൈറ്റിൻ്റെയും ചില ഭാഗങ്ങളിലും വെള്ളപ്പൊക്കം ഉണ്ടായി. കാസിൽ സ്ട്രീറ്റ്, ഈസ്റ്റ് കൗസ്, സതാംപ്ടണിനടുത്തുള്ള വെസ്റ്റേൺ ഷോർ എന്നിവയുൾപ്പെടെ നിരവധി തീരദേശ റോഡുകൾ സഞ്ചാരയോഗ്യമല്ലാതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു . എന്നാൽ ഇംഗ്ലണ്ടിനെയും വെയിൽസിനെയും ബന്ധിപ്പിക്കുന്ന M48 സെവർൺ പാലം മോശം കാലാവസ്ഥയെത്തുടർന്ന് അടച്ചത് വീണ്ടും തുറന്നിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഒരു ചെവിയിൽ നിന്ന് മറ്റൊന്നിലേക്ക് ശബ്ദങ്ങൾ മാറ്റുന്ന ഹെഡ്‌ഫോണുകൾ ടിന്നിടസിന് (ചെവികളിൽ മുഴങ്ങുന്ന ശബ്‌ദങ്ങൾ കേൾക്കുന്ന രോഗം) ചികിത്സയെന്ന് കണ്ടെത്തൽ. യുകെയിലെ ഏകദേശം അഞ്ച് ദശലക്ഷം ആളുകൾക്ക് ടിന്നിടസ് ഉള്ളതായാണ് കണ്ടെത്തൽ. ഇത്തരം ഹെഡ്‍ഫോണുകൾ ധരിക്കുന്നയാളുടെ വലത് വശത്ത് നിന്ന് ഒരു ശബ്ദം വരുമ്പോൾ, അത് ഹെഡ്‌ഫോണിലെ ഒരു മൈക്രോഫോൺ എടുത്ത് ഇടത് ചെവിയിലേക്ക് റൂട്ട് ചെയ്യും.
കണ്ണുകൾ കാണുന്നതിന് വിപരീതമായി ചെവികൾ കേൾക്കുമ്പോൾ ചെവിയെ തലച്ചോറുമായി ബന്ധിപ്പിക്കുന്ന ഓഡിറ്ററി നാഡികൾ ‘റിവയർ’ ചെയ്യപ്പെടുന്നു എന്നാണ് ശാസ്ത്രജ്ഞർ നൽകിയ വിശദീകരണം. ഇത് ടിന്നിടസിന് ഒരു പരിധി വരെ തടയും.
യുഎസിലെ മസാച്യുസെറ്റ്‌സിലെ സ്പോൾഡിംഗ് റീഹാബിലിറ്റേഷൻ ഹോസ്പിറ്റലിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് മൂന്നാഴ്ച്ചയിൽ ഓരോ ദിവസവും രണ്ട് മണിക്കൂർ ഹെഡ്‌സെറ്റുകൾ ഉപയോഗിക്കുന്നത് ടിന്നിടസ് ഗണ്യമായി കുറയ്ക്കുന്നതായി കണ്ടെത്തിയത്. ടിന്നിടസ് പലർക്കും താത്കാലികമായാണ് അനുഭവപ്പെടാറുള്ളത്. എന്നാൽ, 100-ൽ ഒരാൾക്ക് ചെവിയിൽ അനുഭവ പെടുന്ന മുഴങ്ങുന്ന ശബ്‌ദം ദീർഘനേരം നീണ്ടുനിൽക്കുകയും പലപ്പോഴും കേൾവിശക്തി നഷ്ടപ്പെടുന്നതിന് കാരണമാവുകയും ചെയ്യുന്നു.
ചെവികളിൽ ഉച്ചത്തിലുള്ള ശബ്ദമോ അണുബാധയോ ഏൽക്കുമ്പോൾ, തലച്ചോറിലേക്ക് ശബ്ദങ്ങൾ കൈമാറുന്ന ചെറിയ രോമകോശങ്ങൾ സമ്മർദ്ദത്തിലാകുകയും ഗ്ലൂട്ടാമേറ്റ് എന്ന രാസവസ്തുവിനെ അധിക അളവിൽ പുറത്തുവിടുകയും ചെയ്യുന്നു. ഗ്ലൂട്ടാമേറ്റിൻെറ അധിക ഉത്പാദനം ചെവിയിലെ നാഡീകോശങ്ങളെ അമിതമായി ഉത്തേജിപ്പിക്കുകയും ഒടുവിൽ കൊല്ലുകയും ചെയ്യുന്നു. ഇതുവഴി ആ വ്യക്തിക്ക് കേൾവി ശക്തി നഷ്ടമാകും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ കൈകുഞ്ഞുമായി ഷോപ്പിങ്ങിനെത്തിയ യുവതിയെ ദാരുണമായി കൊലപ്പെടുത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് യുകെയിലാകെ വൻ വാർത്താ പ്രാധാന്യം നേടിയ സംഭവം നടന്നത്. ബ്രാഡ് ഫോർഡിലെ വെസ്റ്റ് ഗേറ്റിൽ ഡ്രൂട്ടൻ റോഡിനോട് ചേർന്നുള്ള ജംഗ്ഷനിൽ വച്ച് ഓൾഡ് ഹോമിൽ നിന്നുള്ള 27 വയസ്സുകാരിയായ കുൽസുമ അക്തർ ആണ് കുത്തേറ്റ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തെ തുടർന്ന് പ്രതിക്കായി വ്യാപകമായ തിരച്ചിലാണ് പോലീസ് നടത്തിയത്. പ്രതിയുടെ കൈയ്യിൽ ആയുധം ഉണ്ടെന്നും ഇയാൾ അപകടകാരിയാണെന്നും ഫോട്ടോ പുറത്തുവിട്ട് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇന്ന് പുലർച്ചയാണ് ഓൾഡ് ഹോമിൽ നിന്നുള്ള പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത് . യുകെയിൽ യൂണിവേഴ്സിറ്റി പഠനം പൂർത്തിയാക്കിയ ബംഗ്ലാദേശ് സ്വദേശിയായ ഹബീബൂൾ മാസുമാണ് പോലീസ് പിടിയിലായത്. സംഭവം നടന്ന സ്ഥലത്തുനിന്നും150 മൈലുകൾ അകലെയാണ് പ്രതി അറസ്റ്റിലായ സ്ഥലം. ഇത്രയും ദൂരം പോലീസിന്റെ കണ്ണു വെട്ടിച്ച് പ്രതി എങ്ങനെ യാത്ര ചെയ്തു എന്നതിനെ കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണ്.
നേരത്തെ പ്രതിയെ സഹായിച്ചു എന്ന് കരുതുന്ന 23 കാരനായ ഒരാളെ ചെഷയറിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു . പ്രതിയും മരിച്ച യുവതിയും തമ്മിൽ മുൻ പരിചയമുണ്ടെന്ന സൂചനകളാണ് പോലീസ് നൽകുന്നത്
20 വയസ്സുകാരിയായ വിദ്യാർത്ഥിനിയെ കേസ് അന്വേഷണത്തിന്റെ ഭാഗമായി വീട്ടിലെത്തിയ പോലീസ് കോൺസ്റ്റന്റ് ബലാത്സംഗം ചെയ്തതായി പരാതി. 2009 ജൂണിൽ നടന്ന സംഭവം പുറത്തുവന്നത് 2021 ഒക്ടോബറിൽ ആണ്. അന്ന് 37 വയസ്സുകാരനായ പ്രതിക്ക് ഇപ്പോൾ 53 വയസ്സായി. സംഭവം നടക്കുമ്പോൾ 20 വയസ്സായിരുന്ന ഇരയ്ക്ക് നിലവിൽ 35 വയസ്സ് പ്രായമായി .
പെൺകുട്ടിയെ മുൻ കാമുകൻ അവളുടെ നഗ്നചിത്രങ്ങൾ ഇൻറർനെറ്റിൽ ഇടുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയതാണ് സംഭവങ്ങളുടെ തുടക്കം. ഇതിനെ തുടർന്ന് അവൾ പോലീസ് സഹായം തേടുകയായിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി വീട്ടിലെത്തിയ ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് കോൺസ്റ്റബിൾ ജെയിംസ് ആൻഡ്രൂസ് പെൺകുട്ടിയെ ബലാൽസംഗം ചെയ്യുകയായിരുന്നു എന്നാണ് പരാതി .
എന്നാൽ ഇപ്പോൾ കോടതിയിൽ വാദം കേൾക്കുന്ന കേസിൽ കുറ്റാരോപിതനായ ജെയിംസ് ആൻഡ്രൂസ് തന്റെ മേലുള്ള ആരോപണം നിഷേധിച്ചു. 15 വർഷങ്ങൾക്ക് ശേഷം ഒരു ബലാത്സംഗ കേസ് ഉയർന്നുവരുന്നത് അപൂർവ്വമാണെന്നാണ് വിലയിരുത്തുന്നത്. പ്രതി കുറ്റം നിഷേധിച്ച സാഹചര്യത്തിൽ അനുബന്ധ തെളിവുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും കേസിന്റെ തുടർനടപടികൾ പുരോഗമിക്കുന്നത്.
എച്ച് എം ആർ സി ചൈൽഡ് ബെനഫിറ്റിന് അർഹരായ ആളുകൾക്ക് നൽകുന്ന തുക ഏപ്രിൽ ആറ് മുതൽ വർദ്ധിപ്പിക്കാനുള്ള ഗവൺമെന്റ് തീരുമാനം നടപ്പിലാക്കപ്പെടുമ്പോഴും, ശ്രദ്ധിച്ചില്ലെങ്കിൽ നിരവധി കുടുംബങ്ങൾക്ക് തങ്ങളുടെ ബെനിഫിറ്റ് ഈ സമയം നഷ്ടപ്പെടുകയും ചെയ്യാം. 16 വയസ്സിൽ താഴെയുള്ള കുട്ടികളെയൊ, മുഴുവൻ സമയ വിദ്യാഭ്യാസ കാലഘട്ടത്തിൽ അല്ലെങ്കിൽ അംഗീകൃത പരിശീലന പദ്ധതിയിലോയുള്ള 20 വയസ്സിൽ താഴെയുള്ള കുട്ടികളെയൊ പരിപാലിക്കുന്നവർക്ക് ലഭിക്കുന്നതാണ് ചൈൽഡ് ബെനഫിറ്റ്. ഏപ്രിൽ 6 മുതൽ ഒരു കുട്ടിയുള്ള കുടുംബത്തിന് ആഴ്ചയിൽ ഈ പദ്ധതി പ്രകാരം 25.60 പൗണ്ട് ലഭിക്കും. ഒന്നിൽ കൂടുതൽ കുട്ടികളുള്ളവർക്ക് ഒരു കുട്ടിക്ക് 16.95 പൗണ്ട് അധികമായി ലഭിക്കും. എന്നാൽ ഇത് ലഭിക്കാൻ കുടുംബങ്ങൾ തങ്ങളുടെ വിശദാംശങ്ങൾ സർക്കാർ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. ജൂൺ മാസം മുതൽ ഈ പേയ്‌മെന്റുകൾ കൃത്യമായി ലഭിക്കുവാൻ മെയ് 31 ന് അകം തന്നെ എല്ലാവരും തങ്ങളുടെ വിവരങ്ങൾ കൃത്യമായി അപ്ഡേറ്റ് ചെയ്യേണ്ടതാണ്. എന്നാൽ നിങ്ങൾ കൃത്യസമയത്ത് വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ, ബെനിഫിറ്റ് ക്ലെയിം വൈകുമെന്നത് മാത്രമാണ് പ്രശ്നമെന്ന് എച്ച് എം ആർ സി വക്താവ് വ്യക്തമാക്കി.
16 മുതൽ 20 വയസ്സ് വരെയുള്ള കുട്ടികളിൽ വിദ്യാഭ്യാസം ഉപേക്ഷിക്കുകയോ, 16 വയസ്സിനുശേഷം ആഴ്ചയിൽ 24 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുവാൻ തുടങ്ങുകയോ, വിവാഹം പോലുള്ള മറ്റ് പങ്കാളിത്തങ്ങളിൽ ഉൾപ്പെടുകയോ, ചെയ്താൽ മാതാപിതാക്കൾക്ക് ഈ ക്ലെയിമിനുള്ള അർഹത ഉണ്ടായിരിക്കില്ല. കുട്ടികളുടെ പേര് സംബന്ധിച്ച് എന്തെങ്കിലും മാറ്റം ഉണ്ടെങ്കിലും എച്ച് എം ആർ സിയെ അറിയിക്കേണ്ടത് ആവശ്യമാണ്. എന്നാൽ ഇത് മൂലം ക്ലെയിമിനുള്ള അവകാശവാദങ്ങൾക്ക് യാതൊരു കുറവും സംഭവിക്കില്ല. പൊതുവായി പുതിയ മാറ്റങ്ങൾ എല്ലാം തന്നെ സർക്കാർ സൈറ്റിൽ അപ്ഡേറ്റ് ചെയ്യണം എന്നതാണ് നിയമം നിഷ്കർഷിക്കുന്നത്. ഇത് ചെയ്യാൻ സാധിക്കാത്തവർക്ക് പലപ്പോഴും ബെനിഫിറ്റ് ക്ലെയിം നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. ഇത് മലയാളികൾക്കും ബാധകം ആകയാൽ, മെയ് 31ന് മുൻപ് തന്നെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ശ്രമിക്കുക.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ ചില സ്ഥലങ്ങളിൽ സൂര്യഗ്രഹണം ഭാഗികമായി കാണാമെന്ന പ്രതീക്ഷ ആസ്ഥാനത്തായി. മേഘാവൃതമായ കാലാവസ്ഥ മൂലം യുകെയിൽ നിന്ന് സൂര്യഗ്രഹണം കാണാൻ തയാറെടുത്തിരുന്നവർക്ക് നിരാശരാകേണ്ടി വന്നു. യുകെയിൽ ദൃശ്യമാകുന്ന അടുത്ത സമ്പൂർണ്ണ സൂര്യഗ്രഹണത്തിന് ഇനി വളരെ നാൾ കാത്തിരിക്കേണ്ടി വരും. 2090 -ലെ ഇനി യുകെയിൽ സമ്പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമാവുകയുള്ളൂ. 2026 -ൽ യൂറോപ്പിലെയും വടക്കേ അമേരിക്കയുടെയും ചില ഭാഗങ്ങളിൽ സമ്പൂർണ്ണ സൂര്യഗ്രഹണം കാണാൻ സാധിക്കും.
എന്നാൽ യുകെയിലെ കാർമർ ഥൻ ഷയറിൽ നിന്ന് സൂര്യഗ്രഹണം കാണാനായി മാത്രം 4000 മൈലുകൾ (6384 കിലോമീറ്റർ) യാത്ര ചെയ്ത ഇവൻ ജോൺ ഗ്രിഫിത്ത്സ് ആണ് ഈ സൂര്യഗ്രഹണത്തിലെ താരം. 17 വയസ്സുകാരനായ ഇവാനും കുടുംബവും ജീവിതത്തിൽ ഒരിക്കൽ മാത്രം സാധിക്കുന്ന അപൂർവ്വ പ്രതിഭാസം നേരിട്ടു കാണാനായി ഇത്രയേറെ മൈലുകൾ സഞ്ചരിച്ചത്. കാർമാർഥെൻഷെയറിലെ ലാൻഡെയ്‌ലോയിൽ നിന്ന് ഇന്ത്യാനയിലെ ഇവാൻസ്‌വില്ലെയിലേക്ക് ആണ് സൂര്യ ഗ്രഹണം കാണാൻ ഇവാൻ എത്തിയത് .
സൂര്യഗ്രഹണം കാണാൻ ഇത്രയും ദൂരം യാത്ര ചെയ്ത ഇവന് യുകെയിലെ പത്ര പ്രവർത്തകർ വൻ പ്രാധാന്യമാണ് നൽകിയത്. ബിബിസി ഇവാനുമായി പ്രത്യേക അഭിമുഖം നടത്തിയിരുന്നു. “ഒരു വർഷം മുമ്പ് എൻ്റെ ജന്മദിനത്തിൽ അമേരിക്കയിലെ ഇവാൻസ്‌വില്ലെ എന്ന എൻ്റെ പേര് തന്നെയുള്ള പട്ടണത്തിൽ ഒരു സൂര്യഗ്രഹണം നടക്കുമെന്ന് ഞാൻ ഇൻ്റർനെറ്റിൽ കണ്ടെത്തി. അത് ആർക്കും സംഭവിക്കാൻ സാധ്യതയില്ലാത്ത ഒരു യാദൃശ്ചികതയാണെന്ന് ഞാൻ കരുതിയെന്ന് ഇവാൻ മാധ്യമങ്ങളോട് പറഞ്ഞു . ഇവാൻ ജോൺ ഗ്രിഫിത്ത്‌സും സഹോദരൻ ലെവെലിനും യുഎസിലെ ഇന്ത്യാനയിൽ സൂര്യഗ്രഹണം കാണാൻ എത്തിയത് അമ്മ കാത്രിൻ എഡ്വേർഡിനൊപ്പമായിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രാഡ് ഫോർഡിൽ 27 വയസ്സുകാരിയെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഇതുവരെ പിടികൂടാനായില്ല. കൊല്ലപ്പെട്ട സ്ത്രീയുടെ കൈയ്യിൽ ഒരു കൈ കുഞ്ഞും ഉണ്ടായിരുന്നു. കുഞ്ഞിനെ തള്ളി മാറ്റിയാണ് പ്രതി അമ്മയെ ആക്രമിച്ചത്. ആക്രമണത്തിൽ കുഞ്ഞിന് പരുക്ക് ഏറ്റിട്ടില്ലെന്ന് വെസ്റ്റ് യോർക് ഷെയർ പോലീസ് സ്ഥിരീകരിച്ചു .
ശനിയാഴ്ച ബ്രാഡ്ഫോർഡിലെ വെസ്റ്റ് ഗേറ്റ് ഏരിയയിൽ 27 കാരിയായ യുവതിയെ ആക്രമിച്ചതിനുശേഷമാണ് 25 വയസ്സുകാരനായ ഹബീബുർ മാസ് ഒളിവിൽ പോയത് .പോലീസ് തിരയുന്ന പ്രതി ഇരയ്ക്ക് പരിചയമുള്ള ആളാണെന്നും ഇയാൾ അപകടകാരിയാണെന്നും വെസ്റ്റ് യോർക് ഷെയറിലെ ഡെപ്യൂട്ടി മേയർ അലിസർ ലോ പറഞ്ഞു.
രാജ്യത്തെ എല്ലാ സേനകളും പ്രതിയെ കണ്ടെത്താനുള്ള ഊർജിതമായ അന്വേഷണത്തിലാണെന്ന് പോലീസ് അറിയിച്ചു . ഇതൊരു യാദൃശ്ചിക കൊലപാതകമല്ലെന്നും രണ്ടുപേരും പരസ്പരം അറിയാവുന്നവരാണെന്നു മാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പ്രതി മാസുമിനെ കാണുന്നവരോട് അദ്ദേഹത്തെ സമീപിക്കരുതെന്നും 999 എന്ന നമ്പറിൽ വിളിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്