Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ട്രെയിൻ ഡ്രൈവർമാരുടെ പണിമുടക്ക് ആരംഭിച്ചു. 6 പ്രധാന ലൈനുകളിൽ ഒട്ടുമിക്ക ട്രെയിൻ യാത്രക്കാരെയും പണിമുടക്ക് ബാധിച്ചതായാണ് റിപ്പോർട്ടുകൾ . ബ്രിട്ടനിൽ ഉടനീളമുള്ള യാത്രക്കാരോട് യാത്ര ചെയ്യുന്നതിന് മുമ്പ് അവരുടെ ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ചിൽട്ടേൺ റെയിൽവേ, ഗ്രേറ്റ് വെസ്റ്റേൺ റെയിൽവേ, ഹീത്രൂ എക്‌സ്പ്രസ്, എൽഎൻഇആർ, നോർത്തേൺ, ട്രാൻസ്‌പെനൈൻ എക്‌സ്‌പ്രസ് (ടിപിഇ) എന്നിവയിൽ ജോലി ചെയ്യുന്ന ജീവനക്കാർ ആണ് പണിമുടക്കുന്നത്. ഗ്രേറ്റ് വെസ്റ്റേൺ, എൽഎൻഇആർ, ഹീത്രൂ എക്‌സ്‌പ്രസ് എന്നിവയിൽനിന്നുള്ള ചില സർവീസുകൾ പ്രവർത്തിക്കും എന്നാണ് കരുതുന്നത് . ഇന്നത്തെ പണിമുടക്ക് കാരണം നാളെ ഞായറാഴ്ചത്തെ സേവനങ്ങളെയും ബാധിക്കുമെന്ന് ആറ് കമ്പനികളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിലവിൽ സ്കോട്ട് ലൻഡിലെയും വെയിൽസിലെയും ട്രെയിൻ ഡ്രൈവർമാർ പണിമുടക്കിൽ പങ്കെടുക്കുന്നില്ല. എന്നിരുന്നാലും പല അതിർത്തി പ്രദേശങ്ങളിലെയും ട്രെയിൻ സേവനങ്ങൾ വ്യാപകമായി തടസ്സപ്പെടുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പണിമുടക്ക് മൂലം ഉണ്ടാകുന്ന ജനങ്ങളുടെ ദുരിതം കുറയ്ക്കുന്നതിനായി ഈസ്റ്റ് കോസ്റ്റ് മെയിൻലൈനിൽ ട്രെയിനുകൾ ഓടിക്കുന്ന LNER ശനിയാഴ്ച ലണ്ടൻ, എഡിൻബർഗ്, വെസ്റ്റ് യോർക്ക്ഷയർ എന്നിവിടങ്ങളിൽ 35 സർവീസുകൾ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട് . ഇത് അവർ സാധാരണ നടത്തുന്ന സർവീസുകളുടെ 25% ആണ്.

ശമ്പള വർദ്ധനവിനും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾക്കുമായാണ് ട്രെയിൻ ഡ്രൈവർമാർ പണിമുടക്കുന്നത്. ഏപ്രിൽ 5 വെള്ളിയാഴ്ചയ്ക്കും ഏപ്രിൽ 8 തിങ്കളാഴ്ചയ്ക്കും ഇടയിൽ 16 ട്രെയിൻ കമ്പനികളിലെ ജീവനക്കാരാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. നേരത്തെ ലണ്ടൻ ഭൂഗർ ഡ്രൈവർമാരുടെ പണിമുടക്ക് ഏപ്രിൽ 8 തിങ്കളാഴ്ചയിലും മെയ് 4 ശനിയാഴ്ചയിലും പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിൻവലിച്ചിരുന്നു.

1912 ഓഗസ്റ്റ് 26 – ന് ലിവർപൂളിൽ ജനിച്ച ജോൺ ടിന്നിസ്‌വുഡ് എന്ന ബ്രിട്ടീഷുകാരനാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന ബഹുമതിക്ക് ഇനി അർഹൻ .111 വയസും 223 ദിവസവുമാണ് അദ്ദേഹത്തിൻറെ പ്രായം. സൗത്ത്പോർട്ടിലെ ഒരു കെയർ ഹോമിൽ ശാന്തമായ ജീവിതം നയിക്കുകയാണ് അദ്ദേഹം . എപ്പോഴും പ്രസന്നവദനായി സന്തോഷത്തോടെ ജീവിതം ആസ്വദിക്കുന്ന വ്യക്തിയായെന്നാണ് കെയർ ഹോം ജീവനക്കാർ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തി എന്ന ബഹുമതി നേരത്തെ വെനസ്വേല സ്വദേശിയായ ജുവാൻ വിൻസെൻ്റ് മോറയ്ക്കായിരുന്നു. കഴിഞ്ഞദിവസം ജൂവൽ അന്തരിച്ചതോടെയാണ് ടിന്നിസ്‌വുഡ് ലോകത്തിലെ ഏറ്റവും പ്രായമുള്ളയാളായത്.


എല്ലാം ഭാഗ്യം എന്നു മാത്രമാണ് തൻറെ ദീർഘായുസിൻ്റെ രഹസ്യത്തെ കുറിച്ച് ടിന്നിസ്‌വുഡ് പറഞ്ഞത്. . ഭക്ഷണ ക്രമത്തിന് പ്രത്യേക ചിട്ടവട്ടങ്ങളൊന്നും പിന്തുടരുന്നില്ല. കെയർ ഹോമിൽ നിന്ന് നൽകുന്ന ഭക്ഷണം അദ്ദേഹം ആസ്വദിച്ചു കഴിക്കും . വെള്ളിയാഴ്ച ദിവസങ്ങളിൽ പൊരിച്ച മത്സ്യവും ചിപ്സും കഴിക്കുന്നത് അദ്ദേഹത്തിൻറെ പതിവാണ് . പുകവലി പൂർണമായും ഒഴിവാക്കുന്ന ടിന്നിസ്‌വുഡ് അപൂർവ്വമായി മദ്യം കുടിക്കാറുണ്ട് . തന്റെ സാമ്പത്തിക കാര്യങ്ങൾ ഇപ്പോഴും അദ്ദേഹം സ്വന്തമായാണ് കൈകാര്യം ചെയ്യുന്നത്.

ഫുട്ബോൾ കളി ഇഷ്ടപ്പെടുന്ന ടിന്നിസ്‌വുഡ് ലിവർപൂൾ എഫ് സി യുടെ ആരാധകനാണ്. നിങ്ങൾ അമിതമായി കുടിക്കുകയോ അമിതമായി ഭക്ഷണം കഴിക്കുകയോ അമിതമായി വ്യായാമം ചെയ്യുകയോ ചെയ്യരുത്. എന്തും അമിതമായി ചെയ്യുന്നത് ദോഷഫലം ചെയ്യും. തൻറെ ആരോഗ്യത്തിന്റെ രഹസ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് ഇതായിരുന്നു ടിന്നിസ്‌വുഡിൻ്റെ മറുപടി .

തൻറെ ഭാര്യ ബ്ലൊഡ്‌വെനെ ഒരു നൃത്ത വേദിയിൽ വച്ചാണ് അദ്ദേഹം കണ്ടെത്തിയത്. പിന്നീട് 1942 -ൽ രണ്ടാം ലോകമഹായുദ്ധ സമയത്ത് അവർ വിവാഹിതരായി. ഒരു വർഷത്തിനുശേഷം അവർക്ക് ഒരു മകൾ ജനിച്ചു. 44 വർഷത്തെ ദാമ്പത്യത്തിനുശേഷം 1986 ലാണ് ഭാര്യ മരിച്ചത്

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ മുൻ പങ്കാളിയുടെ ആക്രമണത്തെ തുടർന്ന് നാല്പത്തിയേഴുകാരിയായ ബിസിനസുകാരിക്ക് ദാരുണാന്ത്യം. ഇയാളെ കുറിച്ചുള്ള മുന്നറിയിപ്പ് പോലീസ് യുവതിക്ക് നേരത്തെ നൽകിയിരുന്നെങ്കിൽ വലിയൊരു വിപത്ത് ഒഴിവാക്കാമായിരുന്നുവെന്ന വാദങ്ങൾ ഉയർന്നു വരുന്നുണ്ട്.

2019 ജൂണിൽ വെസ്റ്റ് ലോത്തിയനിലെ ബാത്ത്ഗേറ്റിന് സമീപമുള്ള റോഡിൽ വച്ചാണ് പ്രതി ആനിൻെറ കാറിൽ തീ കൊളുത്തിയത്. പിന്നീട് ഗ്ലാസ്‌ഗോ റോയൽ ആശുപത്രിയിൽ എത്തിച്ച ആൻ അവിടെ വച്ച് മരിക്കുകയായിരുന്നു. ആനിനെ പരിചരിച്ച ഡോക്ടർ അവരുടെ ശരീരത്തിൽ 80 ശതമാനത്തിലധികം പൊള്ളലേറ്റതായി പറഞ്ഞു.

52 കാരനായ മാർക്‌സിനെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നുവെങ്കിലും പ്രതിയുടെ മാനസികാരോഗ്യം പരിഗണിച്ച് നിരപരാധിയായി കോടതി വിധിക്കുകയായിരുന്നു. 2020 ഒക്‌ടോബറിൽ ലാനാർക്‌ഷെയറിലെ കാർസ്റ്റെയറിലെ സ്റ്റേറ്റ് ഹോസ്പിറ്റലിലേക്ക് അനിശ്ചിത കാലത്തേക്ക് മാർക്സിനെ ചികിൽസിക്കാൻ കോടതി ഉത്തരവിട്ടു. ആക്രമണത്തിന് ശേഷം പാരാനോയിഡ് സ്കീസോഫ്രീനിയ രോഗനിർണയം നടത്തിയ മാർക്സ് മുമ്പ് ആനിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പ്രതിക്ക് ഗാർഹിക കുറ്റകൃത്യങ്ങളുടെ ചരിത്രമുണ്ടെന്നും കോടതി കണ്ടെത്തി. ആനിൻെറ ജീവൻ എടുത്ത ഈ അപകടം പോലീസിൻെറ വീഴ്‌ചയാണെന്നും പ്രതിയുടെ അക്രമാസക്തമായ സ്വഭാവത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിൽ ഇത് ഒഴിവാക്കാമായിരുന്നെന്നും ഷെരീഫ് പീറ്റർ ഹാമണ്ട് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ 18നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് വ്യക്തിഗത സേവിംഗ്സ് അക്കൗണ്ട് (ഐഎസ്എ) എടുക്കാൻ അവസരം. ഇതുവഴി തങ്ങളുടെ ആദ്യ വീടിനും മറ്റും പണം സ്വരൂപിക്കാനുള്ള അവസരമാണ് കൈവരുന്നത്. 50 വയസ്സാകുന്നത് വരെ ഓരോ വർഷവും £4,000 വരെ നിക്ഷേപിക്കാം. 40 വയസ്സ് തികയുന്നതിന് മുമ്പ് നിങ്ങളുടെ ISA-യിലേക്ക് ആദ്യ പേയ്‌മെൻ്റ് നടത്തണം. പ്രതിവർഷം ആയിരം പൗണ്ട് വരെ ഗവൺമെന്റിൽ നിന്ന് സഹായ ബോണസ് ലഭിക്കും.

50 വയസ്സിന് ശേഷം ലൈഫ് ടൈം ഐഎസ്എയിലേക്ക് പണം നിക്ഷേപിക്കാനോ 25% ബോണസിനോ അർഹത ഉണ്ടായിരിക്കില്ല . എന്നാൽ അക്കൗണ്ടുകൾ അപ്പോഴും ഓപ്പൺ ആയിരിക്കും. തുടർന്നും സമ്പാദിച്ച തുകയുടെ പലിശയോ നിക്ഷേപ വരുമാനമോ ലഭിക്കുകയും ചെയ്യും.

ആദ്യ ഭവനം വാങ്ങിക്കുക, 60 വയസ്സിന് മുകളിൽ പ്രായം ആവുക, മാരകമായ അസുഖം ബാധിക്കുക എന്നി സന്ദർഭങ്ങളിൽ മാത്രമാണ് ISA-യിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കുന്നത്. മറ്റു കാരണങ്ങളാൽ പണം പിൻവലിച്ചാൽ അധിക ചാർജായി ആകെ തുകയുടെ 25% നൽകേണ്ടതായി വരും. അതായത് സമ്പാദ്യത്തിലേയ്ക്ക് ലഭിക്കുന്ന സർക്കാരിൽ നിന്നുള്ള ബോണസ് ഇതിലൂടെ നഷ്ടമാകും.

ഐഎസ്എയിൽ നിന്നുള്ള തുക ഉപയോഗിച്ച് ഭവനം വാങ്ങിക്കാൻ താഴെ പറയുന്ന നിബന്ധനകൾ ശ്രദ്ധിക്കുക.
1. ഭവന വില 450,000 പൗണ്ടോ അതിൽ കുറവോ ആയിരിക്കണം.
2. ലൈഫ്‌ടൈം ഐഎസ്എയിൽ ആദ്യ പേയ്‌മെൻ്റ് നടത്തി കുറഞ്ഞത് 12 മാസത്തിന് ശേഷം മാത്രമേ വസ്‌തു വാങ്ങുവാൻ സാധിക്കുകയുള്ളു.

ഇനി മറ്റാരുടെയെങ്കിലും ഒപ്പമാണ് വസ്‌തു വാങ്ങിക്കുന്നതെങ്കിൽ രണ്ടു പേരും ആദ്യമായി ഭവനം വാങ്ങിക്കുന്നവർ ആയിരിക്കണം. കൂടാതെ മേൽപ്പറഞ്ഞ എല്ലാ വ്യവസ്ഥകളും ഇരുവരും പാലിച്ചിരിക്കണം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടീഷ് രാഷ്ട്രീയ ചരിത്രത്തിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ സൈബർ ഹണി ട്രാപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. താൻ ഒരു ഡേറ്റിംഗ് ആപ്പിൽ കണ്ടുമുട്ടിയ ഒരാൾക്ക് സഹ എംപിമാരുടെ വിവരങ്ങൾ പങ്കുവെച്ചതായി ഒരു ടോറി എംപിയായ വില്യം വാഗ് വെളിപ്പെടുത്തിയതാണ് സംഭവത്തിന് വഴിത്തിരിവായിരിക്കുന്നത്.

സംഭവത്തിൽ വില്യം വാഗ് ക്ഷമാപണം നടത്തി. ഹണി ട്രാപ്പിനായി ലക്ഷ്യം വച്ചവർ തന്നെ കരുവാക്കുകയായിരുന്നു എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. ഗ്രേറ്റ് മാഞ്ചസ്റ്റർ നിയോജകമണ്ഡലത്തിലെ എംപിയാണ് ഇദ്ദേഹം . കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ് പാർലമെൻറ് അംഗങ്ങളെയും അവരുടെ സ്റ്റാഫിനെയും ലക്ഷ്യം വെച്ച് സൈബർ ഹണി ട്രാപ്പ് ആക്രമണം നടന്നതായുള്ള വിവരങ്ങൾ പുറത്തുവന്നത് . നിലവിലെ ഒരു മന്ത്രിയും12 ഓളം എംപിമാരും മുതിർന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവർത്തകരുമാണ് ഹണി ട്രാപ്പിന് ഇരയായതെന്നാണ് റിപ്പോർട്ടുകൾ .

ഇരകൾക്ക് നഗ്ന ദൃശ്യങ്ങളും സന്ദേശങ്ങളും അയക്കുകയും രഹസ്യ വിവരങ്ങൾ ഹണി ട്രാപ്പിലൂടെ കൈക്കലാക്കാനുമാണ് ശ്രമം നടന്നത്. ആക്രമണം നടത്തിയവർ ഇരകളായവരെ കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു . ആക്രമണത്തിന് പിന്നിൽ ശക്തമായ ആസൂത്രണം നടന്നിട്ടുണ്ട്. ഇതിനു പിന്നിൽ ഒരു വിദേശ രാജ്യം ഉൾപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഹണി ട്രാപ്പ് നടത്തി രഹസ്യ വിവരങ്ങൾ വെളിപ്പെടുത്താൻ പ്രേരിപ്പിക്കുകയായിരുന്നു സൈബർ അറ്റാക്കിന്റെ ലക്ഷ്യമെന്നാണ് കരുതപ്പെടുന്നത്. അബി , ചാർലി എന്നീ അപരനാമങ്ങളിൽ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നത് . കൺസർവേറ്റീവ് നേതാവ് സർ ഇയൻ ഡങ്കൻ സ്മിത്ത് സംഭവത്തെ ജനാധിപത്യത്തിനെതിരായ ആക്രമണമാണെന്നാണ് അപലപിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കുടിയേറ്റം കുറയ്ക്കുന്നതിനൊപ്പം കൂടുതൽ തൊഴിലവസരങ്ങളിൽ തദ്ദേശീയരെ നിയമിക്കുന്നതിനായാണ് പുതിയ കുടിയേറ്റ നയം നടപ്പിലാക്കിയതെന്നുള്ള വിവരങ്ങൾ പുറത്തുവന്നു. യുകെ ഗവൺമെൻറിൻറെ ഔദ്യോഗിക വെബ്സൈറ്റായ www.gov.uk യിലാണ് ഇതിൻറെ വിവരങ്ങൾ ഉൾപ്പെടുത്തിയ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിദഗ്ധ തൊഴിലാളികളായി യുകെയിൽ എത്തുന്നവരുടെ ശമ്പള പരുധി സർക്കാർ 26, 200 പൗണ്ടില്‍ നിന്ന് 38,700 പൗണ്ട് ആയി ഉയർത്തിയത് ഈ ലക്ഷ്യം വെച്ചാണ് . കഴിഞ്ഞവർഷം 3 ലക്ഷം പേരാണ് ഈ വിഭാഗത്തിൽ യുകെയിൽ എത്തിയത്. ഈ വർഷം യുകെയിലെത്തുന്ന തൊഴിലാളികളുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.

പല കമ്പനികളും വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നതിന്റെ പ്രധാന കാരണം അവർക്ക് ശമ്പളം കുറച്ചു കൊടുത്താൽ മതി എന്നതായിരുന്നു . എന്നാൽ അടിസ്ഥാന ശമ്പള പരുധി ഉയർത്തിയതിലൂടെ വിദേശ തൊഴിലാളികൾക്ക് കുറച്ചു ശമ്പളം കൊടുത്ത് കൂടുതൽ ലാഭം കൊയ്യാം എന്ന കമ്പനികളുടെ പഴയകാല സമീപനം തുടരാനാവില്ല. തത്ഫലമായി കമ്പനികൾ തദേശീയരായ ബ്രിട്ടീഷുകാർക്ക് ജോലി കൊടുക്കാൻ നിർബന്ധിതരാകും എന്നാണ് ഗവൺമെൻറ് കണക്കു കൂട്ടുന്നത്. ചുരുക്കം പറഞ്ഞാൽ ഇനി തദേശീയരായ തൊഴിലാളികൾ ഇല്ലെങ്കിൽ മാത്രമേ വിദേശികൾക്ക് യുകെയിൽ ജോലി ലഭിക്കുകയുള്ളൂ.

ബ്രിട്ടനിലേയ്ക്കുള്ള കുടിയേറ്റം കുറയ്ക്കാൻ ഒട്ടേറെ നടപടികളാണ് കഴിഞ്ഞവർഷം സർക്കാർ നിലവിൽ കൊണ്ടുവന്നത്. കുതിച്ചുയരുന്ന കുടിയേറ്റത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഭരണപക്ഷത്തു നിന്നും പ്രതിപക്ഷത്തു നിന്നും ഉയർന്നു വന്നിരുന്നത്. കുടിയേറ്റം കുറയ്ക്കാനുള്ള നടപടികൾ ഏറ്റവും കൂടുതൽ ബാധിച്ചത് മലയാളികളെയാണ്. പുതിയ നയങ്ങൾ നടപ്പിലാക്കി തുടങ്ങിയതോടെ കെയർ വിസയിലും സ്റ്റുഡൻറ് വിസയിലും യുകെയിൽ എത്തുന്ന മലയാളികളുടെ എണ്ണത്തിൽ വൻ കുറവാണ് ഉണ്ടായിരിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആത്മഹത്യ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ദൃക്സാക്ഷിയാകേണ്ടതായി വരുന്നത് മൂലം മാനസികാരോഗ്യ ചികിത്സാ മേഖലയിൽ ജോലി ചെയ്യുന്ന നേഴ്സുമാർ പലപ്പോഴും കടുത്ത മാനസിക സമ്മർദ്ദത്തെ നേരിടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കടുത്ത സമ്മർദ്ദം ഈ മേഖലയിൽ ജോലി ചെയ്യുന്ന നേഴ്സുമാരുടെ മനസ്സിൻറെ താളം തെറ്റുന്ന നിലയിലേയ്ക്ക് കാര്യങ്ങൾ കൊണ്ട് എത്തിക്കുകയാണ്. പല നേഴ്സുമാരും കടുത്ത മാനസികാഘാതം ഏൽക്കുന്നതിന്റെ മുഖ്യകാരണം തങ്ങളുടെ കൺമുന്നിൽ രോഗികൾ ആത്മഹത്യ ചെയ്യുന്നത് കാണാനിടയാകുന്നതാണ്.

മാനസികാരോഗ്യ മേഖലയിൽ ജോലിചെയ്യുന്ന നേഴ്സുമാർ തങ്ങളുടെ ജോലിയുടെ കാലയളവിൽ നാല് ആത്മഹത്യയ്ക്ക് വരെ ദൃക്സാക്ഷിയാകേണ്ടതായി വരുന്നതായാണ് റോയൽ കോളേജ് ഓഫ് സൈക്കാട്രിസ്റ്റിന്റെ ഗവേഷണത്തിൽ കണ്ടെത്തിയത് . ഇത്തരം സംഭവങ്ങളോടെ മാനസികരോഗികളെ പരിപാലിക്കേണ്ട നേഴ്സുമാരുടെ മാനസികാരോഗ്യം താളം തെറ്റുന്ന സംഭവങ്ങൾ നിരവധിയാണ് . ഇത്തരം സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.


നേഴ്സുമാർ നേരിടുന്ന വൈകാരികമായ ആഘാതം അവർക്കു മാത്രമല്ല ഭാവിയിൽ അവരുടെ രോഗി പരിചരണത്തെയും സാരമായി ബാധിക്കും. ഇത്തരം അവസ്ഥയിൽ കൂടി കടന്നു പോകുന്ന നേഴ്സുമാർക്ക് കൂടുതൽ വൈകാരിക പിന്തുണയും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ ജോലിചെയ്യുന്ന സ്ഥാപനത്തിൻ്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് റോയൽ കോളേജ് ഓഫ് സൈക്കാട്രിസ്റ്റ് ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ പ്രധാന എയർപോർട്ടുകളായ ഹീത്രു , ഗാറ്റ് വിക്ക്, മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് ഉടനെയൊന്നും തങ്ങളുടെ ഹാൻഡ് ലഗേജിൽ 100 മില്ലി ദ്രാവകത്തിൽ കൂടുതൽ കൊണ്ടുപോകാൻ സാധിക്കില്ല. നിലവിൽ അനുവദിച്ചിരിക്കുന്ന പരുധി 100 മില്ലി മാത്രമാണ്. ജൂൺ 1 മുതൽ ഈ നിയന്ത്രണം മാറ്റുന്നതിനുള്ള അനുമതി നൽകിയിരുന്നു. പുതിയ സ്കാനറുകൾ സ്ഥാപിച്ചിട്ടില്ലാത്തതിനാൽ സുരക്ഷാകാരണങ്ങളാൽ ഇത് ഉടനെ നടപ്പിലാക്കാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.

യുകെയിലെ എയർപോർട്ടുകളിൽ നിയന്ത്രണം എടുത്തുകളയുന്നതിനുള്ള കാലതാമസം ഒരു വർഷം വരെ നീണ്ടേക്കാം എന്നാണ് വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ 2025 ജൂൺ വരെ യാത്രക്കാർക്ക് ഹാൻഡ് ലഗേജിൽ നിന്ന് ദ്രാവകങ്ങളും മറ്റും നീക്കം ചെയ്യുന്നത് തുടരേണ്ടിവരും. യുകെയിൽ അനുവദിച്ച സമയപരിധിക്കുള്ളിൽ സാങ്കേതികവിദ്യ ഉൾപ്പെടുത്താത്ത വിമാനത്താവളങ്ങൾക്ക് സിവിൽ എവിയേഷൻ അതോറിറ്റി സാമ്പത്തിക പിഴ ചുമത്തുമെന്ന് ഡി എഫ് ടി അറിയിച്ചിട്ടുണ്ട്. 2006 -ൽ വിമാനത്തിൽ ബോംബ് വയ്ക്കാനുള്ള ഒരു ഗൂഢാലോചന പുറത്തുവന്നതിനെ തുടർന്നാണ് 100 മില്ലി ദ്രാവക പരുധി നിശ്ചയിച്ചിരിക്കുന്നതും അനുബന്ധ നിയന്ത്രണങ്ങൾ നിലവിൽ വരുകയും ചെയ്തത്.

പുതിയ സ്കാനറുകൾ സ്ഥാപിക്കുന്നതോടെ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ലഗേജുകളിൽ ഉള്ള സാധനങ്ങളുടെ ത്രീഡി ഇമേജുകൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ നിരോധിത സാധനങ്ങൾ ലഗേജിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് മനസ്സിലാക്കാൻ സാധിക്കും . ഇതിലൂടെ വലിയ അളവിൽ ദ്രാവകങ്ങൾ അനുവദിക്കുന്നതിനും ലാപ്ടോപ്പുകൾ പോലുള്ള ഇലക്ട്രോണിക് സാധനങ്ങൾ ബാഗിൽ നിന്ന് പുറത്തുവച്ച് പരിശോധിക്കേണ്ടതിന്റെ ആവശ്യകത ഒഴിവാക്കാനും സാധിക്കും.നിലവിൽ ടീസൈഡ്, ലണ്ടൻ സിറ്റി, ബർമിംഗ്ഹാം തുടങ്ങിയ ചെറിയ വിമാനത്താവളങ്ങളിൽ പുതിയ സുരക്ഷാ സ്ക്രീനിംഗ് സാങ്കേതികവിദ്യയുണ്ട്

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽനിന്ന് ഭക്ഷ്യ ഇറക്കുമതിക്കുള്ള ഫീസ് സർക്കാർ പുറത്തു വിട്ടു. ഇതോടെ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വിലയിൽ വൻവർദ്ധനവ് ഉണ്ടാകുമെന്ന് ഉറപ്പായി. ഏപ്രിൽ 30 മുതലാണ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്ന് ഇറക്കമതി ചെയ്യുന്ന ഭക്ഷ്യ ഉത്പന്നങ്ങൾക്ക് ഫീസ് നിലവിൽ വരുന്നത്. മത്സ്യം, മീറ്റ്, സോസേജ്, ചീസ്, തൈര് തുടങ്ങിയ ഭക്ഷ്യ ഉത്പന്നങ്ങളുടെ ചെറുകിട ഇറക്കുമതിക്ക് ഫീസ് ബാധകമാവും.

ഡിപ്പാർട്ട്‌മെൻ്റ് ഫോർ എൻവയോൺമെൻ്റ്, ഫുഡ് ആൻഡ് റൂറൽ അഫയേഴ്‌സ് (DEFRA) പ്രഖ്യാപിച്ചത് അനുസരിച്ച് £145 വരെയാണ് ചെറുകിട ഭഷ്യ ഇറക്കുമതിക്ക് ഈടാക്കുന്നത് . ഈ നടപടി സാധാരണക്കാർക്ക് ഇരുട്ടടിയാകുമെന്ന വിമർശനം ശക്തമാണ്. ഈ തീരുമാനം ഭക്ഷ്യവിലയിൽ വർദ്ധനവ് ഉണ്ടാക്കുമെന്നു മാത്രമല്ല സൂപ്പർമാർക്കറ്റ് ഷെൽഫുകളിൽ തിരഞ്ഞെടുക്കാനുള്ള സാധനങ്ങളുടെ എണ്ണത്തിലും വൻ കുറവ് വരുത്തിയേക്കും . പുതിയ നിരക്കുകൾ ഭക്ഷ്യവിലയെ കാര്യമായി ബാധിക്കുമെന്ന് കോൾഡ് ചെയിൻ ഫെഡറേഷൻ ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭക്ഷ്യ വിതരണ ശൃംഖലയിലെ വർധിച്ചുവരുന്ന ചിലവുകൾ സാധാരണക്കാർക്ക് കൈമാറാനുള്ള സാധ്യതയുണ്ടെന്നാണ് കോൾഡ് ചെയിൻ ഫെഡറേഷൻ ചീഫ് എക്സിക്യൂഷൻ ഫീൽ പ്ലക്ക് പറഞ്ഞത്.

ഫീസിന്റെ പെട്ടെന്നുള്ള പ്രഖ്യാപനവുമായി കമ്പനികൾക്ക് പൊരുത്തപ്പെടാൻ കുറച്ച് സമയം എടുക്കുമെന്നും ഇത് ബ്രെക്സിറ്റിന് ശേഷമുള്ള വ്യാപാര നിയന്ത്രണങ്ങളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വങ്ങൾ വർധിപ്പിക്കാനും ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയിൽ കുറവുണ്ടാക്കുമെന്നുമാണ് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്. എന്നാൽ രാജ്യത്തിൻറെ ബയോ സെക്യൂരിറ്റി കാത്തുസൂക്ഷിക്കാനും ഭക്ഷ്യ ഇറക്കുമതിയുടെ പശ്ചാത്തലത്തിൽ പൊതുജനാരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനും പരിശോധനകളും ജൈവ സുരക്ഷാ നടപടികളും ശക്തമാക്കുന്നതിനായി ഫീസ് അനിവാര്യമാണെന്നാണ് സർക്കാർ നിലപാട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടീഷ് പാർലമെൻറ് അംഗങ്ങളെയും അവരുടെ സ്റ്റാഫിനെയും ലക്ഷ്യം വെച്ച് സൈബർ ഹണി ട്രാപ്പ് ആക്രമണം നടന്നതായുള്ള വിവരങ്ങൾ പുറത്തുവന്നു. 12 ഓളം എംപിമാരും മുതിർന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ പത്രപ്രവർത്തകരുമാണ് ഹണി ട്രാപ്പിന് ഇരയായതെന്നാണ് റിപ്പോർട്ടുകൾ . നിലവിലെ ഒരു മന്ത്രിയും സൈബർ ഹണി ട്രാപ്പ് ആക്രമണത്തിൽ അകപ്പെട്ടന്നാണ് റിപ്പോർട്ടുകൾ.

ഇരകൾക്ക് നഗ്ന ദൃശ്യങ്ങളും സന്ദേശങ്ങളും അയക്കുകയും രഹസ്യ വിവരങ്ങൾ ഹണി ട്രാപ്പിലൂടെ കൈക്കലാക്കാനുമാണ് ശ്രമം നടന്നത്. ആക്രമണം നടത്തിയവർ ഇരകളായവരെ കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു . ആക്രമണത്തിന് പിന്നിൽ ശക്തമായ ആസൂത്രണം നടന്നിട്ടുണ്ട്. ഇതിനു പിന്നിൽ ഒരു വിദേശ രാജ്യം ഉൾപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഹണി ട്രാപ്പ് നടത്തി രഹസ്യ വിവരങ്ങൾ വെളിപ്പെടുത്താൻ പ്രേരിപ്പിക്കുകയായിരുന്നു സൈബർ അറ്റാക്കിന്റെ ലക്ഷ്യമെന്നാണ് കരുതപ്പെടുന്നത്. അബി , ചാർലി എന്നീ അപരനാമങ്ങളിൽ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നത് .

സൈബർ സുരക്ഷയെക്കുറിച്ച് മുന്നറിയിപ്പ് സഹിതം ഹൗസ് ഓഫ് കോമൺസ് എല്ലാ എംപിമാർക്കും ഇമെയിൽ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത് . കഴിഞ്ഞ വേനൽക്കാലത്ത് സമാനമായ ആക്രമണത്തെ കുറിച്ച് ടോറി എംപിമാർക്ക് ജാഗ്രത പാലിക്കാൻ പാർട്ടി തലത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നതായി മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു . തീരെ പരിമിതമായ ഓൺലൈൻ പ്രൊഫൈൽ ഉള്ള വ്യക്തികളെ കുറിച്ചുള്ള വിശദാംശങ്ങൾ ഇതിന് പിന്നിൽ പ്രവർത്തിച്ചവർ കണ്ടെത്തിയിരുന്നു. ഉന്നതസ്ഥാനത്ത് ഇരിക്കുന്നവരെ ഹണി ട്രാപ്പിൽ വീഴ്ത്തി ബ്ലാക്ക് മെയിൽ ചെയ്ത് രാജ്യ സുരക്ഷയെ ബാധിക്കുന്ന രഹസ്യങ്ങൾ ചോർത്തുകയാണ് ഇതിന് പിന്നിലെന്നാണ് പൊതുവെ കരുതുന്നത് . കൺസർവേറ്റീവ് നേതാവ് സർ ഇയൻ ഡങ്കൻ സ്മിത്ത് സംഭവത്തെ ജനാധിപത്യത്തിനെതിരായ ആക്രമണമാണെന്നാണ് അപലപിച്ചത്.

RECENT POSTS
Copyright © . All rights reserved