Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യ അക്ഷത മൂർത്തിയുടെ അമ്മ സുധ മൂർത്തിയുടെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ ആകർഷിക്കുന്നു. തന്റെ മകൾ ഭർത്താവിനെ പ്രധാനമന്ത്രിയാക്കി മാറ്റി എന്നാണ് വീഡിയോയിൽ പറയുന്നത്. ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിയുടെ പത്നിയാണ് സുധാ മൂർത്തി.

‘‘എങ്ങനെ ഒരു ഭർത്താവിനെ മാറ്റിയെടുക്കാൻ ഭാര്യയ്ക്കാകുമെന്ന് നോക്കൂ…പക്ഷേ എനിക്ക് എന്റെ ഭർത്താവിനെ മാറ്റിയെടുക്കാനായില്ല. എന്നാൽ അദ്ദേഹത്തെ ഒരു ബിസിനസുകാരനാക്കി മാറ്റി. എന്റെ മകൾ അവളുടെ ഭർത്താവിനെ പ്രധാനമന്ത്രിയാക്കി. എല്ലാം ഭാര്യയുടെ മഹത്വമാണ്. പൂർവികരുടെ കാലം മുതൽ മരുമകന്റെ കുടുംബം ഇംഗ്ലണ്ടിലാണ് താമസം. എന്നാലും അവർ വലിയ മതവിശ്വാസികളാണ്. എന്തുകൊണ്ടാണ് എല്ലാ കാര്യങ്ങളും വ്യാഴാഴ്ച തുടങ്ങുന്നതെന്ന് മരുമകൻ വിവാഹശേഷം എന്നോട് ചോദിച്ചിരുന്നു. രാഘവേന്ദ്ര സ്വാമി വ്യാഴാഴ്ച വ്രതമെടുക്കുന്നതിനാൽ അത് നല്ല ദിവസമാണെന്ന് പറഞ്ഞു. ഇൻഫോസിസ് തുടങ്ങിയത് വ്യാഴാഴ്ചയാണ്.’– സുധ വിഡിയോയിൽ പറയുന്നു.

2009ലാണ് അക്ഷതയും ഋഷി സുനക്കും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവരും സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോഴാണ് പരിചയപ്പെടുന്നതെങ്കിലും, പിന്നീട് പ്രണയത്തിൽ ആകുകയായിരുന്നു. കൃഷ്ണയും അനൗഷ്കയുമാണ് മക്കൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഈദ് ആഘോഷത്തിനായി സുഡാനിൽ പോയ യുകെ ഡോക്ടർ തിരികെ കൊണ്ടുവരാൻ സർക്കാരിനോട് അഭ്യർത്ഥന നടത്തി. സുഡാനീസ് വംശജനായ ഡോ. അബ്ദുൾറഹ്മാൻ ബാബിക്കറാണ് കുടുംബത്തെ കണ്ട് മടങ്ങുന്നതിനിടയിൽ കുടുങ്ങി പോയത്. വിമാന സർവീസുകളിൽ കയറി യുകെയിൽ എത്താൻ ശ്രമം നടത്തിയെങ്കിലും വഞ്ചിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു. അടുത്ത ചൊവ്വാഴ്ച ഇയാളെ തിരികെ എത്തിക്കാൻ കഴിയുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്. യുകെ വർക്ക് പെർമിറ്റ് ഉണ്ടെങ്കിലും, യുകെ പാസ്‌പോർട്ട് ഉടമകളെ മാത്രമേ അവർ സ്വീകരിക്കുകയുള്ളൂ എന്നതിനാൽ ഒഴിപ്പിക്കൽ വിമാനത്തിൽ കയറാൻ ഇയാൾക്ക് കഴിയില്ല.

അടിയന്തിര രക്ഷാപ്രവർത്തനത്തിൽ ബ്രിട്ടീഷ് പൗരന്മാർക്കാണ് മുൻഗണനയെന്ന് വിദേശകാര്യ ഓഫീസ് അറിയിച്ചിട്ടുണ്ട്. ഡോ. ബാബിക്കറിന്റെ അവസ്ഥയിലുള്ള ആളുകൾക്ക് യുകെയിൽ പ്രവേശിക്കാൻ അനുവാദമുണ്ടെന്നും എന്നാൽ അവിടെ നിന്നും എത്തിച്ചേരാനുള്ള മാർഗം സ്വയം കണ്ടെത്തണമെന്നും അധികൃതർ പറയുന്നു. ‘അയൽ രാജ്യങ്ങളുടെ അതിർത്തികൾ തലസ്ഥാനത്ത് നിന്ന് നൂറുകണക്കിന് മൈലുകൾ അകലെയാണ്. യുദ്ധത്തെത്തുടർന്ന് രണ്ടാഴ്ചയോളം ഖർത്തൂം അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്’- അവർ കൂട്ടിച്ചേർത്തു. നാല് വർഷത്തിലേറെയായി മാഞ്ചസ്റ്റർ ഹോസ്പിറ്റലിൽ ജോലി ചെയ്തിട്ടുള്ള ഡോ. ബാബിക്കർ സർക്കാർ നടപടിയിൽ നിരാശനാണ്.

അയൽവാസിയായ ഒംദുർമാനിലെ ഒരു ബന്ധുവിന്റെ വീട്ടിൽ നിന്ന് സംസാരിക്കുമ്പോൾ, ഇതിനകം നൂറുകണക്കിന് ജീവൻ അപഹരിച്ച സംഘർഷത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയുമെന്നുള്ള പ്രതീക്ഷയാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. സുഡാൻ കടന്നു പോകുന്നത് ഇരുണ്ട നാളുകളിലൂടെയാണെന്നും, പ്രിയപ്പെട്ട ആളുകൾ ഉൾപ്പെടെ വെടികൊണ്ട് വീഴുകയായിരുന്നെന്നും, ജീവിതം എങ്ങനെയാകുമെന്ന് അറിയാതെ നോക്കി നിൽക്കുന്ന ഒരുപറ്റം മനുഷ്യരുടെ ഇടയിൽ നിന്നാണ് താൻ വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കോട്ടയം : കാളയുടെ കുത്തേറ്റ് യുകെ മലയാളി യുവതിയുടെ പിതാവ് മരിച്ചു. കോട്ടയം വാഴൂർ ചാമംപതാൽ കന്നുകുഴിയിലാണ് സംഭവം. ചേർപ്പത്തുകവല കന്നുകുഴി ആലുംമൂട്ടിൽ റെജി ജോർജാണ് മരിച്ചത്. യുകെയിൽ ജോലി ചെയ്യുന്ന ജാസ്മിന്റെ പിതാവാണ്. ഗുരുതരമായി പരിക്കേറ്റ ഭാര്യ ഡാർലിയെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ 11.30 ഓടെയാണ് സംഭവമുണ്ടായത്. പുരയിടത്തിന് സമീപത്തെ തോട്ടത്തിൽ കെട്ടിയിരുന്ന വളർത്തുകാളയെ മാറ്റി കെട്ടുന്നതിനിടെയാണ് റെജിക്ക് നേരെ ആക്രമണമുണ്ടായത്. റെജിയുടെ വയറിലും നെഞ്ചിലും കാള കുത്തുകയായിരുന്നു.

റെജിയുടെ തന്നെ ഉടമസ്ഥതയിലുള്ളതാണ് ആക്രമിച്ച കാള. നിലത്ത് വീണ റെജിയുടെ നിലവിളി കേട്ടെത്തിയ ഭാര്യ ഡാർലിയെയും കാള ആക്രമിച്ചു. നിലവിളി കേട്ടെത്തിയ നാട്ടുകാർ റെജിയെ പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭാര്യ ഡാർലിയെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡാർലിയുടെ കാലിലാണ് കുത്തേറ്റിരിക്കുന്നത്. ദേഹമാസകലം പരിക്കേറ്റിട്ടുണ്ട്. സംഭവ സമയം വീട്ടിൽ ഇരുവരും മാത്രമാണ് ഉണ്ടായിരുന്നത്. മകൾ: ജാസ്മിൻ, മരുമകൻ: സിജോ

അപ്രതീക്ഷിത വിയോഗത്തിൽ ദുഃഖത്തിലായിരിക്കുന്ന കുടുംബത്തെയും ബന്ധുമിത്രാദികളെയും മലയാളം യുകെ ന്യൂസിന്റെ അനുശോചനം അറിയിക്കുന്നു.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ നിന്ന് പുറത്തു കടക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഏറ്റവും ഉചിതമായ സമയമാണിതെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി അറിയിച്ചു. വെടിനിർത്തൽ നിർത്തിയിട്ടും ശക്തമായ പോരാട്ടം തുടരുന്ന സാഹചര്യത്തിലാണ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലിയുടെ മുന്നറിയിപ്പ്. അടുത്തതായി സുഡാനിൽ എന്ത് സംഭവിക്കുമെന്ന് യുകെ സർക്കാരിന് അറിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യം വിട്ടു പോകാൻ താല്പര്യപ്പെടുന്ന ഒട്ടുമിക്ക ബ്രിട്ടീഷ് പൗരന്മാർക്കും തലസ്ഥാനമായ കാർട്ടൂമിന് വടക്കുള്ള എയർ ഫീൽഡിൽ എത്തിച്ചേരാൻ സാധിച്ചതായാണ് വിവരം. യുകെ ഇതുവരെ 8 വിമാനങ്ങളിലായി 897 പേരെ സുഡാനിൽ നിന്ന് സൈപ്രസിലേയ്ക്ക് ഒഴിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. 4000 -ത്തോളം ബ്രിട്ടീഷ് പൗരന്മാർ സുഡാനിലുണ്ടെന്നാണ് ഏകദേശ കണക്കുകൾ. നിലവിൽ എത്ര ബ്രിട്ടീഷ് പൗരന്മാർ സുഡാനിലുണ്ടെന്നതിന്റെ കൃത്യമായ കണക്കുകൾ ലഭ്യമല്ലെന്നാണ് മിനിസ്റ്റർ മാധ്യമങ്ങളെ അറിയിച്ചത്. വെടി നിർത്തൽ വ്യാഴാഴ്ച വൈകുന്നേരത്തോടെ അവസാനിക്കുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സുഡാനിലെ അയൽ രാജ്യങ്ങൾക്ക് ഒപ്പം യുകെയുടെയും യുഎസിന്റെയും നയതന്ത്ര ഇടപെടലുകളെയും തുടർന്ന് വെടി നിർത്തലിന്റെ സമയം നീട്ടുകയായിരുന്നു.

ഏപ്രിൽ 15 നാണ് സുഡാനിലെ റാപ്പിഡ് സപ്പോർട്ടഡ് ഫോഴ്സും മിലിട്ടറിയും തമ്മിൽ യുദ്ധം ആരംഭിക്കുന്നത്. യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം കുറഞ്ഞത് 512 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് സുഡാനിലെ ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. സുഡാനിൽ നിന്നുള്ള ബ്രിട്ടീഷ് പൗരന്മാരുടെ ഒഴിപ്പിക്കലിന് വേഗത പോരെന്ന വിമർശനം ശക്തമായിരുന്നു. ബ്രിട്ടീഷ് പൗരന്മാർ രാജ്യത്തിൻറെ പല ഭാഗത്ത് ആയതുകൊണ്ട് യുകെയുടെ ഒഴിപ്പിക്കലിനെ മറ്റു രാജ്യങ്ങളുടെ രക്ഷാപ്രവർത്തനവുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്നാണ് വിദേശകാര്യ സെക്രട്ടറി അഭിപ്രായപ്പെട്ടത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: വോൾട്ടൺ ഹാൾ ആശുപത്രിയിലെ രോഗികളോട് മോശമായി പെരുമാറിയതിന് നാല് കെയറർമാർ കുറ്റക്കാരാണെന്ന് കോടതി. കൗണ്ടി ഡർഹാമിലെ ബർണാർഡ് കാസിലിനടുത്തുള്ള വോൾട്ടൺ ഹാളിലെ ഒമ്പത് മുൻ ജീവനക്കാർക്കെതിരെ ആകെ 27 കേസുകളാണ് ചുമത്തിയിരിക്കുന്നത്. ഇതിൽ വിചാരണത്തടവുകാരിൽ അഞ്ചുപേരെ വെറുതെവിട്ടു. ദുർബലരായ രോഗികളെ പരിഹസിക്കുകയും അവജ്ഞയോട് കൂടി പെരുമാറുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ അതേസമയം, വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ തങ്ങളുടെ കക്ഷികൾ പരമാവധി സഹായങ്ങൾ ചെയ്യുന്നുണ്ടെന്ന് പ്രതികൾക്കുവേണ്ടിയുള്ള അഭിഭാഷകർ വാദിച്ചു.

ജൂലൈയിൽ ടീസൈഡ് ക്രൗൺ കോടതിയിൽ അന്തിമ ശിക്ഷ വിധിക്കും. 24 മണിക്കൂറും പരിചരണം ആവശ്യമുള്ള സങ്കീർണ്ണമായ രോഗമുള്ള ആളുകൾക്കുള്ള സ്പെഷ്യലിസ്റ്റ് ആശുപത്രി എൻ എച്ച് എസിനു കീഴിലാണ് പ്രവർത്തിക്കുന്നത്. സംഭവത്തിൽ ആദ്യം ദിനങ്ങളിൽ തന്നെ 10 കെയർമാരെ അറസ്റ്റ് ചെയ്തു. അതിന്റെ തെളിവുകളായ ദൃശ്യങ്ങളും, ഫോട്ടോകളും പുറത്ത് വന്നതോടെ കൂടിയാണ് കേസിൽ നടപടി ആയത്. കുറ്റക്കാർക്കെതിരെ തക്കതായ നടപടി ഉണ്ടാകുമെന്ന് അന്നേ അധികൃതർ വ്യക്തമാക്കിയിരുന്നു.


ടീസൈഡ് ക്രൗൺ കോടതിയിൽ, രണ്ട് ദിവസത്തെ ചർച്ചകൾക്ക് ശേഷം ജൂറിമാർ സമ്മിശ്ര വിധി പുറപ്പെടുവിച്ചു. ടീസ്‌സൈഡിലെ ബില്ലിംഗ്‌ഹാമിലെ റെഡ്‌വർത്ത് ക്ലോസിലുള്ള പീറ്റർ ബെന്നറ്റ് (53) രണ്ട് ആരോപണങ്ങളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി. എന്നാൽ ഒന്നിൽ നിന്ന് കുറ്റവിമുക്തനാക്കപ്പെട്ടു. ഡർഹാം കൗണ്ടിയിലെ ന്യൂട്ടൺ അയ്‌ക്ലിഫിലെ ഫോക്ക്‌നർ റോഡിലെ മാത്യു ബാനർ (43) അഞ്ച് കേസുകളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി, ഒന്നിൽ നിന്ന് കുറ്റവിമുക്തനാക്കപ്പെട്ടു. ബർണാർഡ് കാസിലിലെ ഡീർബോൾട്ട് ബാങ്കിലെ റയാൻ ഫുള്ളർ (27) രണ്ട് കേസുകളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടർ നടപടികൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്ന് അധികൃതർ പറയുന്നു

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: വിശ്വാസ ഗ്രൂപ്പുകളെ നന്മയ്ക്കുള്ള ശക്തിയായി സർക്കാർ അംഗീകരിക്കേണ്ടതുണ്ടെന്ന് റിപ്പോർട്ട്‌. ഇൻഡിപെൻഡന്റ് ഫെയ്ത്ത് എൻഗേജ്‌മെന്റ് അഡ്വൈസറായ കോളിൻ ബ്ലൂമിന്റെ നിരീക്ഷണമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ദോഷകരമായ സമ്പ്രദായങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പലവിധ പ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയുണ്ടെന്നും വിശ്വാസ ഗ്രൂപ്പുകളുടെ സംഭാവനയെ എങ്ങനെ മികച്ച രീതിയിൽ ആഘോഷിക്കാൻ സർക്കാരിന് കഴിയുമെന്നുള്ളത് പഠന വിധേയമാണെന്നും അവർ പറഞ്ഞു. ഇതിന്റെ ഭാഗമായി നടത്തിയ പബ്ലിക് കൺസൾട്ടേഷനോട് 21,000-ത്തിലധികം ആളുകൾ പ്രതികരിച്ചു. തുടർന്ന് നടത്തിയ ശുപാർശകളിലാണ് സർക്കാരിനോട് അറിയിച്ചത്.

ബ്ലൂം തന്റെ അവലോകന റിപ്പോർട്ടിൽ, സിവിൽ സർവീസ്, സായുധ സേന, സ്‌കൂളുകൾ, ജയിലുകൾ എന്നിങ്ങനെ വിവിധ പൊതു സ്ഥാപനങ്ങളിലെ വിശ്വാസത്തോടെയുള്ള ഇടപഴകൽ പരിശോധിക്കുകയും എല്ലാ പൊതുജനങ്ങൾക്കും ഗുണകരമാകുന്ന രീതിയിൽ ഒരു പുതിയ പദ്ധതി നടപ്പിലാക്കാൻ മുൻകൈ എടുക്കണമെന്നും അഭ്യർത്ഥിച്ചു. സെക്ടർ സ്റ്റാഫ്, പൊതുപ്രവർത്തകർ തങ്ങൾ സഹായിക്കുന്നവരെ മനസ്സിലാക്കുന്നുവെന്ന് ഉറപ്പാക്കുകയും നമ്മുടെ സമൂഹത്തിന്റെ സാമൂഹിക ഘടനയിൽ ഇതിനകം തന്നെ വിലപ്പെട്ട പങ്ക് വഹിക്കുന്ന വിശ്വാസ ഗ്രൂപ്പുകളുമായി ചേർന്ന് നിന്ന് വിവിധ പദ്ധതികൾ നടപ്പിലാക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ വിശ്വാസ ഉപദേഷ്ടാവ് കോളിൻ ബ്ലൂമിന്റെ 165 പേജുള്ള റിപ്പോർട്ട് ഈ തലമുറയും മതവുമായുള്ള സർക്കാരിന്റെ ബന്ധത്തെക്കുറിച്ചുള്ള ഏറ്റവും വലിയ അവലോകനമാണ്. വർഷങ്ങളുടെ കാലതാമസത്തിന് ശേഷം ബുധനാഴ്ച പ്രസിദ്ധീകരിച്ച പഠനത്തിൽ, സിവിൽ സർവീസുകാർക്ക് മതത്തെക്കുറിച്ച് ധാരണയില്ലെന്നും എല്ലാ പൊതുമേഖലാ ജീവനക്കാർക്കും പരിശീലനം നൽകണമെന്നും ശുപാർശ ചെയ്തു. റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന മതപരമായ അജ്ഞതയുടെ ഉദാഹരണങ്ങളിൽ സിഖുകാരെ മുസ്ലീങ്ങളുമായി ആശയക്കുഴപ്പത്തിലാക്കുകയോ കിർപാനിൽ ആശങ്കകൾ ഉന്നയിക്കുകയോ ചെയ്ത പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: നേഴ്സുമാർ നടത്തുന്ന 48 മണിക്കൂർ പണിമുടക്കിനെതിരെ ഹൈക്കോടതി രംഗത്ത് വന്നതിന് പിന്നാലെ സമരം ഒരു ദിവസം വെട്ടിച്ചുരുക്കാൻ നീക്കം. ബാങ്ക് ഹോളിഡേ വാരാന്ത്യത്തെ ചൊല്ലി ഇംഗ്ലണ്ടിൽ നേഴ്സുമാർ നടത്തുന്ന 48 മണിക്കൂർ പണിമുടക്ക് ഭാഗികമായി നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി ജഡ്ജി വിധിച്ചിരുന്നു. ഞായറാഴ്ച ആരംഭിക്കാനിരുന്ന റോയൽ കോളേജ് ഓഫ് നേഴ്‌സിംഗിന്റെ ശമ്പളത്തിനായുള്ള തുടർച്ചയായ വാക്കൗട്ട് ഇതോടെ തിങ്കളാഴ്ച അവസാനിക്കും. സ്വതന്ത്രമായി സമരം ചെയ്യാൻ തൊഴിലാളികൾക്കുള്ള അവസരം പോലും നീതിപീഠം റദ്ദ് ചെയ്യുകയാണെന്ന് ആർസിഎൻ മേധാവി പാറ്റ് കുള്ളൻ പറഞ്ഞു.

എന്നാൽ, സർക്കാരിന് കോടതിയിൽ പോകേണ്ടിവന്നത് ഖേദകരമാണെന്നും അത് ഒഴിവാക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നുമാണ് ഔദ്യോഗിക വൃത്തങ്ങൾ പ്രതികരിക്കുന്നത്. പണിമുടക്കിനുള്ള ആർ‌സി‌എന്റെ ആറ് മാസത്തെ ഉത്തരവ് ചൊവ്വാഴ്ചയോടെ അവസാനിക്കുമെന്ന് ജഡ്ജി അറിയിച്ചു. പണിമുടക്കിന്റെ അവസാന ദിവസം മാൻഡേറ്റിന്റെ പരിധിയിൽ വരുന്നില്ലെന്ന് എൻഎച്ച്എസ് എംപ്ലോയേഴ്‌സ് പറഞ്ഞതിനെത്തുടർന്നാണ് ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ നിയമനടപടികൾ ആരംഭിച്ചത്.

നേഴ്സുമാർക്കെതിരെ അനുദിനം പ്രതികാര നടപടികൾ സ്വീകരിച്ചു കൊണ്ടാണ് സുനക് സർക്കാർ മുന്നോട്ട് പോകുന്നത് നേഴ്സിംഗ് യൂണിയൻ പറയുന്നത്. ശത്രുത മനോഭാവത്തോടെയാണ് സർക്കാരും ആരോഗ്യ സെക്രട്ടറിയും പെരുമാറുന്നതെന്നും, കോടതിയിലേയ്ക്ക് പോകാതെ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ശ്രമിക്കണമെന്നും യൂണിയൻ പ്രതിനിധികൾ കൂട്ടിച്ചേർത്തു. ഗവണ്മെന്റ് അധികാരികൾ വിഷയത്തെ ഗൗരവമായി കാണാണമെന്നും സമരത്തെ അടിച്ചമർത്താൻ ശ്രമിക്കരുതെന്നും അധികൃതർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

എൻഎച്ച്എസിലെ മിഡ് വൈഫുകൾക്കായി സർക്കാർ മുന്നോട്ടുവച്ച ശമ്പള കരാറിന് യൂണിയൻ അംഗങ്ങൾ അംഗീകാരം നൽകി.വോട്ടെടുപ്പിൽ പങ്കെടുത്തതിൽ 57 ശതമാനം പേർ കരാറിനെ അനുകൂലിച്ച് വോട്ടു ചെയ്തു. 43 ശതമാനം പേർ കരാറിനെ നിരസിച്ചാണ് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്. വർദ്ധിച്ചു വരുന്ന പണപെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവിനും ആനുപാതികമായിട്ടുള്ള ഒരു ശമ്പള വർദ്ധനവ് ലഭിച്ചിട്ടില്ലെങ്കിലും തങ്ങൾ പകുതി മനസ്സോടെ ശമ്പള കരാറിനെ അനുകൂലിക്കുകയാണെന്ന് റോയൽ കോളേജ് ഓഫ് മിഡ് വൈഫ്സിലെ എംപ്ലോയ്മെൻറ് റിലേഷൻ ഡയറക്ടർ ആലീസ് സോർബി പറഞ്ഞു.

എൻഎച്ച്എസിലെ മറ്റ് നിരവധി യൂണിയനുകൾ അടുത്തമാസം മെച്ചപ്പെട്ട ശമ്പളത്തിനു വേണ്ടി പണിമുടക്ക് നടത്തുന്ന സാഹചര്യത്തിലാണ് എൻഎച്ച് എസിന്റെ പുതിയ ശമ്പള ഓഫർ സ്വീകരിക്കാനുള്ള ആർസിഎമ്മിന്റെ നീക്കം. 2022 – 23 വർഷത്തിൽ ഒറ്റത്തവണ പെയ്മെന്റും 2023 – 24 വർഷം മുതൽ 5 ശതമാനം ശമ്പള വർദ്ധനവും അടങ്ങുന്നതാണ് പുതിയ ശമ്പള പരിഷ്കരണത്തിൽ ഉള്ളത് . ഒറ്റതവണ പെയ്മെൻറ് കുറഞ്ഞത് 1250 പൗണ്ട് വരെ ലഭിക്കും.

വിവിധ മേഖലകളിലെ തൊഴിലാളി യൂണിയനുകൾ നടത്തുന്ന സമരങ്ങൾ എൻഎച്ച്എസ്സിന്റെ പ്രവർത്തനങ്ങളെ താറുമാറാക്കിയിരിക്കുകയാണ്. ജൂനിയർ ഡോക്ടർമാർ നടത്തിയ പണിമുടക്കിനെ തുടർന്ന് ഏകദേശം 2 ലക്ഷം രോഗികളുടെ അപ്പോയിൻമെന്റുകൾ മാറ്റിവയ്ക്കേണ്ടതായി വന്നതായാണ് കണക്കുകൾ. സർക്കാരും യൂണിയൻ പ്രതിനിധികളും തമ്മിൽ ധാരണയായ ശമ്പളപരിഷ്കരണത്തിനെതിരെ ആർസി എന്നിലെ ഭൂരിപക്ഷ അംഗങ്ങളും വോട്ട് ചെയ്തിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ജിഹാദി ജയിൽ സംഘങ്ങൾ ഇസ്‌ലാം മതം സ്വീകരിക്കാൻ ആളുകളെ നിർബന്ധിക്കുകയും സെല്ലുകളിൽ ശരീഅത്ത് കോടതികൾ നടത്തുകയും ചെയ്യുന്നതായി റിപ്പോർട്ട്‌. ആധുനിക രാജ്യമെന്ന് ലോകത്തിനു മുൻപിൽ ബ്രിട്ടൻ അവകാശപ്പെടുമ്പോഴാണ് ഇത് സംഭവിക്കുന്നത്. മതപരമായ സ്വാതന്ത്ര്യം നിലനിൽക്കുന്ന രാജ്യത്ത് ഇത്തരത്തിലുള്ള ചെറിയ സംഭവങ്ങൾ പോലും വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. സംഭവത്തിൽ പലരും അസ്വസ്ഥത പ്രകടിപ്പിച്ചു രംഗത്ത് വന്നിട്ടുണ്ട്.

മറ്റ് പല കുറ്റകൃത്യങ്ങളും തടയുന്നതിൽ ജയിൽ അധികൃതർ വ്യാപൃതരായ സമയത്ത് ജിഹാദി സംഘങ്ങൾ ബ്രിട്ടനിലെ ജയിലുകളിൽ പിടിമുറുക്കിയതായുള്ള ആക്ഷേപം ശക്തമാണ്. ജയിലിലെ തടവുകാരുടെ കിടക്കയിൽ ഖുർആനിന്റെ പകർപ്പുകൾ കണ്ടെത്തിയിരുന്നു. 2002-ൽ വെറും 8 ശതമാനം തടവുകാരെ മുസ്‌ലിംകളായി തിരിച്ചറിഞ്ഞു. 2021-ൽ ഇത് 18 ശതമാനമായിരുന്നു. ജയിലിൽ മേധാവിത്തമുള്ള ഇത്തരം സംഘങ്ങൾ തന്നെയാണ് ജയിൽ ഭരിക്കുന്നതും. പുതിയതായി എത്തുന്ന തടവുക്കാരെ ശിക്ഷകൾക്കും ക്രൂരമായ പീഡനങ്ങൾക്കും ഇരയാക്കുന്നതായി റിപ്പോർട്ട്‌ തയ്യാറാക്കിയ കോളിൻ ബ്ലൂം പറയുന്നു.

മതം അടിച്ചേൽപ്പിക്കുന്ന ഇത്തരം ശക്തികൾക്കെതിരെ അന്വേഷണം നടത്തണമെന്ന് അദ്ദേഹം മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുൻപ് കോവിഡ് കാലത്തും സമാനമായ പരാതികൾ ഉയർന്നിരുന്നു. രാജ്യത്തിന് വിശ്വാസത്തെ സംബന്ധിച്ച് വ്യക്തമായ ധാരണയും നയവും ഉണ്ട്. അതിനെ മാറ്റി മറിച്ചു കൊണ്ട് പ്രവർത്തിക്കാൻ ആരെയും അനുവദിക്കില്ലെന്നും അവർ പറഞ്ഞു. മതം മനുഷ്യരുടെ തിരഞ്ഞെടുപ്പാണ് എന്നിരിക്കെ ഇത്തരം ശക്തികളെ വളരാൻ അനുവദിച്ചാൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: അമേരിക്കയിലും യുകെയിലും തൊണ്ടയിലെ ക്യാൻസർ വ്യാപിക്കുന്നതായി റിപ്പോർട്ട്‌. ഇതിന് പ്രധാന കാരണമായി മെഡിക്കൽ വിദഗ്ധർ ഓറൽ സെക്സിനെയാണ് ചൂണ്ടികാണിക്കുന്നത്. തൊണ്ടയിലെ കാൻസർ കേസുകളിൽ 70 ശതമാനവും ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) കാരണമാകുന്നു എന്നും, ഒന്നിലധികം ഓറൽ സെക്‌സ് പങ്കാളികളുള്ള ആളുകൾക്ക് തൊണ്ടയിലെ ക്യാൻസർ വരാനുള്ള സാധ്യത ഒമ്പത് മടങ്ങ് കൂടുതലാണെന്നും യുകെയിലെ ബർമിംഗ്ഹാം സർവകലാശാലയിലെ ഡോ. ഹിഷാം മെഹന്ന പറയുന്നു.

രോഗത്തെ പ്രതിരോധിക്കാൻ ആധുനിക സജ്ജീകരണങ്ങൾ എല്ലാം രാജ്യത്ത് ലഭ്യമാണ്. എന്നാൽ പ്രധാനമായും ഒരു വാക്‌സിൻ HPV ക്ക് എതിരെ ഉണ്ട്. എന്നാൽ 54 ശതമാനം അമേരിക്കക്കാർക്ക് മാത്രമേ ഇത് ലഭിച്ചിട്ടുള്ളൂ എന്നുള്ളതാണ് വസ്തുത. അതായത് ജനസംഖ്യയുടെ 80 ശതമാനത്തിൽ താഴെ മാത്രം.1999 മുതൽ യുഎസിൽ തൊണ്ടയിലെ ക്യാൻസർ കേസുകളുടെ എണ്ണം കുത്തനെ വർദ്ധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സാക്ഷ്യപ്പെടുത്തുന്നു. സ്ത്രീകളിൽ ഇത് പ്രതിവർഷം ഒരു ശതമാനവും പുരുഷന്മാരിൽ മൂന്ന് ശതമാനവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.ആറോ അതിലധികമോ ആജീവനാന്ത ഓറൽ സെക്‌സ് പങ്കാളികളുള്ളവർക്ക് ഓറൽ സെക്‌സ് ചെയ്യാത്തവരേക്കാൾ 8.5 മടങ്ങ് കൂടുതലാണ് ഓറോഫറിൻജിയൽ ക്യാൻസർ വരാനുള്ള സാധ്യതയെന്നും പഠനം പറയുന്നു.

‘കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, പടിഞ്ഞാറൻ രാജ്യങ്ങളിൽ തൊണ്ടയിലെ ക്യാൻസർ അതിവേഗം വർദ്ധിക്കുന്നു. ചിലർ അതിനെ പകർച്ചവ്യാധി എന്നാണ് ഇപ്പോൾ തന്നെ വിളിക്കുന്നത്. ‘ഓറോഫറിൻജിയൽ ക്യാൻസർ എന്നറിയപ്പെടുന്ന രോഗത്തിന്റെ വലിയ വർദ്ധനവാണ് ഉണ്ടായത് എന്ന് ഇത് വ്യക്തമാക്കുന്നത്. ഇത് ടോൺസിലുകളിലും തൊണ്ടയുടെ പിൻഭാഗത്തുമാണ് പ്രത്യക്ഷപ്പെടുന്നത്. രോഗം വ്യാപിക്കുന്നതിനുള്ള ഏറ്റവും വലിയ അപകട ഘടകമായി ഡോക്ടർമാർ HPV അണുബാധയെ കണക്കാക്കുന്നു’ – ഡോ മെഹന്നാ വ്യക്തമാക്കി. ഡോ ഹിഷാം മെഹന്ന യുകെയിലെ ബർമിംഗ്ഹാം സർവകലാശാലയിലെ സർജനാണ്. 10,000 ത്തിലധികം ജീവനുകൾ ഓറോഫറിംഗിയൽ ക്യാൻസർ മൂലം മരണപ്പെടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

RECENT POSTS
Copyright © . All rights reserved