ന്യൂസ് ഡെസ്ക്, മലയാളം യുകെ
വ്യക്തി സ്വാതന്ത്ര്യത്തിന് വലിയ വില കൽപിക്കുന്ന രാജ്യമാണ് യുകെ. വിദ്യാർത്ഥി വിസയിൽ യുകെയിൽ എത്തി പാർട്ട് ടൈം ജോലിയ്ക്കിടെ പരിചയപ്പെട്ട സഹപ്രവർത്തകയെ നിരന്തരം ശല്യം ചെയ്ത മലയാളി യുവാവിന് പണി കിട്ടി. എറണാകുളം വടക്കൻ പറവൂർ സ്വദേശിയായ ആശിഷ് ജോസഫാണ് യുവതി പ്രണയാഭ്യർത്ഥന നിരസിച്ചിട്ടും നിരന്തരം ശല്യം തുടർന്നത്. ഇതേ തുടർന്ന് യുവതിയുടെ പരാതിയിന്മേൽ സൗത്ത്വാർക്ക് ക്രൗൺ കോടതി ആശിഷ് ജോസ് പോളിന് ആറ് മാസത്തെ തടവ് ശിക്ഷ വിധിച്ചതായാണ് വിവരം. ലുറ്റാറിറ്റ മാസിയുലോണൈറ്റെ എന്ന വിദേശ വനിതയാണ് ആശിഷിന് എതിരെ പരാതി നൽകിയത്.
നാട്ടിൽനിന്ന് ബികോം ഡിഗ്രിയുമായാണ് ആശിഷ് ഉപരിപഠനത്തിനായി യുകെയിൽ എത്തിയത്. യുവതിയുടെ പരാതിയിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷവും ഇയാൾ ശല്യം തുടരുകയായിരുന്നു. ഏകദേശം ആറുമാസ കാലയളവിൽ തനിക്ക് താത്പര്യം ഇല്ലാതിരുന്നിട്ടും ഇയാൾ ശല്യം തുടരുകയായിരുന്നു എന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത് . പാർട്ട് ടൈം ആയി ലണ്ടൻ സൂവിലെ കഫേയിൽ ജോലി ചെയ്യുമ്പോഴാണ് ആശിഷ് യുവതിയെ പരിചയപ്പെട്ടത്.
ആംഗ്ലിയ റസ്കിൻ സർവകലാശാലയിൽ ബിരുദാനന്തര ബിരുദത്തിനാണ് ഇയാൾ പഠിക്കുന്നത് . ശിക്ഷ ലഭിച്ചതിനുശേഷവും ഇരയെ ശല്യപ്പെടുത്തിയതിനാൽ ആശിഷ് പോളിനെ നാടുകടത്താൻ സാധ്യതയുണ്ടെന്നാണ് അറിയാൻ സാധിച്ചത്. ഇനി ശല്യം തുടർന്നാൽ അഞ്ച് വർഷം വരെ തടവിന് ശിക്ഷിക്കേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സറേയിലെ ഒരു ആഡംബര ഹോട്ടലിൽ മുൻ പങ്കാളിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കഴിഞ്ഞ വർഷമാണ് നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത് . 61 കാരനായ ജെയിംസ് കാർട്ട്റൈറ്റ് ആണ് പ്രതി. 54 കാരിയായ സാമന്ത മിക്കിൾബർഗ് ആണ് ഇയാളുടെ ക്രൂരതയ്ക്ക് ഇരയായത്.
തൻറെ 60-ാം ജന്മദിനത്തിൽ പങ്കെടുക്കാനാണ് ഇയാൾ മുൻ പങ്കാളിയെ ക്ഷണിച്ചത്. എന്നാൽ പിന്നീട് നടന്ന സംഭവങ്ങൾ മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു . ഹോട്ടലിൽ വച്ച് ഇയാൾ തൻറെ മുൻപങ്കാളിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു എന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. എന്നാൽ പ്രതി കൊലപാതകം മറച്ചുവെക്കാൻ ശ്രമിക്കുകയും ചെയ്തു . മിക്കിൾബർഗ് കിടക്കയിൽ നിന്ന് വീണതിനെ തുടർന്ന് മരിച്ചുവെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.
വിചാരണയിൽ ഒരിക്കലും ഇയാൾക്ക് മനംമാറ്റം ഉണ്ടാവുകയോ കുറ്റം സമ്മതിക്കുകയോ ചെയ്തില്ല. ഇയാൾക്ക് കുറഞ്ഞത് 28 വർഷം തടവ് അനുഭവിക്കേണ്ടിവരും. തനിക്ക് ജന്മദിനം ആഘോഷിക്കാൻ ആരുമില്ലെന്നും തന്റെ ഒറ്റപ്പെടലും പറഞ്ഞാണ് ജെയിംസ് കാർട്ട്റൈറ്റ് തന്റെ മുൻ പങ്കാളിയെ തന്ത്രപൂർവ്വം ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയത്. എന്നാൽ വിരുന്നിനിടെ കാർട്ട്റൈറ്റ് അവളെ ബലാത്സംഗം ചെയ്യുകയും കഴുത്തു ഞെരിച്ച് കൊല്ലുകയും തലയോട്ടിക്ക് പൊട്ടൽ സംഭവിക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ തന്റെ അടുത്തുള്ള കിടക്കയിൽ അവളെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് അവകാശപ്പെട്ട് അദ്ദേഹം ആംബുലൻസ് വിളിക്കുകയായിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കെന്റിലെ ഒരു ആശുപത്രിയിൽ നിന്ന് പുറത്തേയ്ക്ക് നടന്ന നാല് വയസ്സുള്ള ആൺകുട്ടി ബസ് ഇടിച്ച് ദാരുണമായി കൊല്ലപ്പെട്ടു. വ്യാഴാഴ്ച ഏകദേശം 4 മണിക്കാണ് ദുരന്തം സംഭവിച്ചത്. മാർഗേറ്റിലെ ക്വീൻ എലിസബത്ത് ദി ക്വീൻ മദർ ആശുപത്രിക്ക് പുറത്ത് ഒരു അപകടം നടന്നതായുള്ള റിപ്പോർട്ടിനെ തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
സാഹിർ ജാൻ എന്നാണ് മരിച്ച ആൺകുട്ടിയുടെ പേര്. കുട്ടിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും അൽപ സമയത്തിനുശേഷം മരിച്ചതായി സ്ഥിരീകരിച്ചു. അടുത്ത ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. വെള്ള നിറത്തിലുള്ള സിംഗിൾ ഡെക്കർ വാഹനമായ ബസ് എ & ഇ വകുപ്പിന്റെ പ്രവേശന കവാടത്തിനടുത്താണ് സഞ്ചരിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചു. ഇന്നലത്തെ ദാരുണമായ സംഭവത്തിൽ ഞങ്ങൾ വളരെ ദുഃഖിതരാണെന്നും കുടുംബത്തിനെ ഞങ്ങളുടെ ആത്മാർത്ഥ അനുശോചനം അറിയിക്കുന്നുവെന്നും ഈസ്റ്റ് കെന്റ് ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ട്രേസി ഫ്ലെച്ചർ പറഞ്ഞു. അപകടത്തിന് സാക്ഷിയായ ആരെങ്കിലും അല്ലെങ്കിൽ സംഭവത്തിന്റെ സിസിടിവി, ഡാഷ്ക്യാം ദൃശ്യങ്ങൾ കൈവശമുള്ള ആരെങ്കിലും ഉണ്ടെങ്കിൽ പോലീസുമായി ബന്ധപ്പെടാൻ അഭ്യർത്ഥിച്ചിട്ടുണ്ട് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഹോംലെസ്സ്നെസ്സ് മന്ത്രി സ്ഥാനം രാജി വച്ച് റുഷനാര അലി. കിഴക്കൻ ലണ്ടനിൽ തന്റെ ഉടമസ്ഥതയിലുള്ള ഒരു വാടക വസ്തു കൈകാര്യം ചെയ്തതിലുള്ള വീഴ്ചയ്ക്ക് പിന്നാലെയാണ് രാജി. വീട് വിൽപ്പനയ്ക്ക് വച്ചിട്ടുണ്ട് എന്ന് അറിയിച്ചുകൊണ്ട് വാടകക്കാരുടെ സ്ഥിരകാല കരാർ മന്ത്രി അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ ആറ് മാസത്തിനുള്ളിൽ ഉയർന്ന വിലയ്ക്ക് വാടകയ്ക്ക് വീണ്ടും ലിസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ പുറത്തു വന്നതോടെയാണ് പ്രശ്നം ഉടലെടുത്തത്.
ഇത് പുറത്ത് വന്നതിന് പിന്നാലെ വലിയ വിവാദം ആക്കുകയായിരുന്നു. പാർലമെന്റിൽ മുൻപ് റുഷനാര അലി പാസാക്കാൻ സഹായിച്ച വാടകക്കാരുടെ അവകാശ ബില്ലിന് എതിരായിരുന്നു മന്ത്രിയുടെ ഈ നീക്കം. പ്രധാനമന്ത്രി സർ കെയർ സ്റ്റാർമറിന് നൽകിയ രാജി കത്തിൽ, താൻ എപ്പോഴും നിയമങ്ങൾ പാലിക്കുകയും ഉത്തരവാദിത്തങ്ങൾ ഗൗരവമായി എടുക്കുകയും ചെയ്തിരുന്നുവെന്ന് റുഷനാര അലി പറയുന്നു. എന്നിരുന്നാലും താൻ ആ സ്ഥാനത്ത് തുടരുന്നത് അനാവശ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അതിനാൽ സ്ഥാനമൊഴിയാൻ തീരുമാനിച്ചുവെന്നും മുൻ മന്ത്രി പറയുന്നു.
2024 നവംബറിൽ റുഷനാര അലി തനിക്കും മറ്റ് മൂന്ന് വാടകക്കാർക്കും അവരുമായുള്ള കരാർ പുതുക്കില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള നാല് മാസത്തെ നോട്ടീസ് നൽകിയതായി ഒരു മുൻ വാടകക്കാരൻ വെളിപ്പെടുത്തിയതോടെയാണ് വിവാദം ആരംഭിച്ചത്. അവർ താമസം മാറിയതിന് തൊട്ടുപിന്നാലെ, 700 പൗണ്ട് അധികം ചേർത്തുള്ള വാടകയ്ക്ക് അതേ വീട് വീണ്ടും വാടകയ്ക്ക് നൽകുമെന്ന് പരസ്യം ചെയ്തതായി കണ്ടെത്തി. റുഷനാര അലി പിന്തുണച്ച വാടകക്കാരുടെ അവകാശ ബിൽ അനുസരിച്ച്, ഒരു വീടിൻെറ വാടക കരാർ അവസാനിപ്പിച്ചതിന് പിന്നാലെ ആറ് മാസത്തിനുള്ളിൽ ഭൂവുടമകൾക്ക് അവരുടെ സ്വത്തുക്കൾ വീണ്ടും വാടകയ്ക്ക് നൽകാൻ സാധിക്കുകയില്ല. ഈ ബിൽ ഇതുവരെ നിയമമായിട്ടില്ലെങ്കിലും, ഇതിനെ മുൻ മന്ത്രി പിന്തുണച്ചിരുന്നു എന്നായിരുന്നു ആരോപണം ഉന്നയിച്ചവർ ചൂണ്ടിക്കാട്ടിയത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇൻറർനാഷണൽ സ്റ്റുഡൻ്റസിന് സർക്കാർ ഏർപ്പെടുത്തിയ ലെവി സർവ്വകലാശാലകൾക്ക് കടുത്ത ബാധ്യതയാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതുമൂലം സർവകലാശാലകൾക്ക് 600 മില്യൺ പൗണ്ട് ആണ് അധികമായി ചിലവാകുന്നത്. വിദേശ വിദ്യാർത്ഥികൾ നൽകുന്ന ട്യൂഷൻ ഫീയുടെ ആറു ശതമാനം ആണ് ലെവിയായി ഈടാക്കുന്നത്.
ഹയർ എഡ്യൂക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് (ഹെപ്പി) സമാഹരിച്ച കണക്കുകളുടെ അടിസ്ഥാനത്തിൽ, യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ (യുസിഎൽ), മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി തുടങ്ങിയ മുൻനിര സർവകലാശാലകളെ ലെവി കാര്യമായി ബാധിക്കും. ലെവിയുടെ ചിലവ് വിദ്യാർത്ഥികൾക്ക് കൈമാറാൻ യൂണിവേഴ്സിറ്റികൾ തീരുമാനിച്ചാൽ ട്യൂഷൻ ഫീ കുത്തനെ കുതിച്ചുയരും. നിലവിൽ സർക്കാർ പുതിയതായി നടപ്പിലാക്കിയ ഇമിഗ്രേഷൻ നിയമങ്ങൾ മൂലം യൂണിവേഴ്സിറ്റികളിലെ വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ വലിയ കുറവുണ്ട്. ഫീസ് കുത്തനെ കുതിച്ചുയരുന്ന സാഹചര്യം നിലവിൽ വന്നാൽ വിദേശ വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ വലിയ കുറവ് ഉണ്ടാകും. ഇത് സർവകലാശാലകളെ സാമ്പത്തികമായി കടുത്ത പ്രതിരോധത്തിലാക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
വിദേശ വിദ്യാർത്ഥികളുടെ ലെവി സർവകലാശാലകളിൽ കടുത്ത സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് ഹെപ്പിയുടെ ഡയറക്ടർ നിക്ക് ഹിൽമാൻ പറഞ്ഞു. ആഗോളതലത്തിൽ മറ്റ് സർവകലാശാലകളുമായി മത്സരക്ഷമത നിലനിർത്തുന്നതിനുള്ള അവരുടെ പ്രവർത്തനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഹെർട്ട്ഫോർഡ്ഷയർ യൂണിവേഴ്സിറ്റി, ആർട്സ് യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ എന്നിവയുൾപ്പെടെ അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ നിന്ന് ഉയർന്ന തോതിൽ ഫണ്ട് സ്വരൂപിക്കുന്ന സർവകലാശാലകളെയും ലെവി ബാധിക്കും. സർവ്വകലാശാലകളിൽ നിന്ന് ലെവിയിലൂടെ സമാഹരിക്കുന്ന ഫണ്ടിന്റെ ഭൂരിഭാഗവും ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടി ചിലവഴിക്കുമെന്നാണ് സർക്കാർ പറയുന്നത്. ലെവി ഏർപ്പെടുത്തുന്നത് തുടക്കത്തിൽ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ പ്രതിവർഷം 14 ,000 കുറവ് വരുമെന്നാണ് ആഭ്യന്തര ഓഫീസ് കണക്കാക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഒരു വശത്ത് ഗാസയിലെ ജനങ്ങളുടെ ദുരിതത്തെ കുറിച്ച് പറയുമ്പോഴും യുകെ സൈനികമായി ഇസ്രായേലിന് പിൻതുണ നൽകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഗാസയ്ക്ക് മുകളിലൂടെ നിരീക്ഷണം നടത്തുന്ന യുകെയുടെ വിമാനങ്ങൾ ഇസ്രയേൽ സൈന്യത്തിന് സഹായം നൽകുന്നതായുള്ള വിമർശനമാണ് ഉയർന്നു വന്നിരിക്കുന്നത് . 2023 ഡിസംബർ മുതൽ ഹമാസ് കൈവശം വച്ചിരിക്കുന്ന ശേഷിക്കുന്ന ബന്ദികളെ കണ്ടെത്തുന്നതിനായി സൈപ്രസിലെ അക്രോതിരി എയർബേസിൽ നിന്ന് RAF ഷാഡോ വിമാനങ്ങൾ പാലസ്തീൻ പ്രദേശത്തിന് മുകളിലൂടെ 600-ലധികം തവണ പറത്തിയതായി സ്പെഷ്യലിസ്റ്റ് ഫ്ലൈറ്റ് ട്രാക്കർമാർ കണക്കാക്കുന്നു.
ഗാസയ്ക്ക് മുകളിലൂടെ ചാരവിമാനങ്ങൾ പറത്താനുള്ള തീരുമാനം മുൻ സർക്കാരിനായിരുന്നു. എന്നാൽ ലേബർ സർക്കാർ അധികാരത്തിൽ എത്തിയതിനുശേഷവും ഇത് തുടർന്നു. ഹമാസ് ബന്ധികളാക്കിയവരെ കണ്ടെത്താനാണ് പ്രധാനമായും നിരീക്ഷണ വിമാനങ്ങൾ ഉപയോഗിക്കുന്നത്. സ്വന്തമായി സങ്കീർണ്ണമായ ഇന്റലിജൻസ് ഓപ്പറേഷനുള്ള രാജ്യമായ ഇസ്രായേലിനെ പിന്തുണച്ച് മുൻ പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്സാണ് 2023 ഡിസംബറിൽ നിരീക്ഷണ വിമാനങ്ങൾ ആദ്യമായി പ്രഖ്യാപിച്ചത്. 2023 ഒക്ടോബർ മുതൽ എട്ട് ബന്ദികളെ രക്ഷപ്പെടുത്തിയ ഇസ്രായേലിനെ ചാരവിമാനങ്ങൾ എങ്ങനെ സഹായിച്ചു എന്നതിനെ കുറിച്ച് ഒരു വിശദാംശവും പുറത്തുവന്നിട്ടില്ല .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പലിശ നിരക്ക് 4.25% ൽ നിന്ന് 4% ആയി കുറയ്ക്കാൻ വോട്ട് ചെയ്ത് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. നാല് അംഗങ്ങൾ വെട്ടിക്കുറയ്ക്കലിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ നാല് പേർ നിലവിലെ നിരക്ക് നിലനിർത്താൻ ആണ് വോട്ട് ചെയ്തത്. ഒരാൾ നിരക്ക് നല്ല നിലയിൽ കുറയ്ക്കണമെന്നാണ് വോട്ട് ചെയ്തത്. നിലവിലുള്ള പണപ്പെരുപ്പം മൂലം ഭാവിയിൽ പലിശ നിരക്കുകൾ വെട്ടികുറയ്ക്കുന്നത് കുറവായിരിക്കുമെന്ന് ഗവർണർ ആൻഡ്രൂ ബെയ്ലി പറഞ്ഞു. പലിശ നിരക്കിലുള്ള കുറവ് വായ്പക്കാരുടെ പ്രതിമാസ തിരിച്ചടവുകളിൽ നല്ല രീതിയിലുള്ള കുറവ് ഉണ്ടാക്കും.
പുതിയ നീക്കം വായ്പകളുള്ള ഏകദേശം 600,000 ആളുകൾക്ക് പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തൽ. 25 വർഷത്തേക്ക് £250,000 എന്ന സ്റ്റാൻഡേർഡ് വേരിയബിൾ റേറ്റ് മോർട്ട്ഗേജിൻെറ തിരിച്ചടവുകളിൽ പ്രതിമാസം ഏകദേശം £40 വരെ കുറവുണ്ടാകും. അതേസമയം, സേവിംഗ്സിന് കുറഞ്ഞ വരുമാനമായിരിക്കും ലഭിക്കുക. സെപ്റ്റംബറിൽ പണപ്പെരുപ്പം 4% ആയി ഉയരുമെന്നാണ് ഇപ്പോഴത്തെ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. നാഷണൽ ഇൻഷുറൻസ്, ദേശീയ ജീവിത വേതനം എന്നിവയുൾപ്പെടെയുള്ള ഉയർന്ന തൊഴിൽ ചെലവുകളും ബീഫ്, കാപ്പി, കൊക്കോ തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ ഉള്ള വർദ്ധനവുമാണ് ഇതിന് കാരണമായി പറയുന്നത്.
വിലക്കയറ്റത്തിന് അനുസരിച്ച് ഉപഭോക്താക്കൾ ഷോപ്പിംഗ് ശീലങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. അതേസമയം പല കമ്പനികളും ചിലവ് വെട്ടിക്കുറയ്ക്കാൻ ജീവനക്കാരെ വെട്ടിക്കുറച്ചു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻറെ വെട്ടികുറയ്ക്കലിനെ ചാൻസിലർ റേച്ചൽ റീവ്സ് സ്വാഗതം ചെയ്തു. അതേസമയം, ഷാഡോ ചാൻസലർ മെൽ സ്ട്രൈഡ്, ലിബറൽ ഡെമോക്രാറ്റ് ഡെയ്സി കൂപ്പർ എന്നിവരുൾപ്പെടെയുള്ള വിമർശകർ സർക്കാർ, വളർച്ച വൈകിപ്പിച്ചുവെന്നും നിരക്ക് കുറയ്ക്കൽ നേരത്തെ നടപ്പിലാക്കേണ്ടതായിരുന്നുവെന്നും വാദിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്ത്യൻ വംശജനായ സഞ്ജീവ് ഗുപ്തയുടെ ലിബർട്ടി സ്റ്റീൽ പൈപ്പ് ബിസിനസിനെതിരെ എച്ച്എംആർസി കടുത്ത നടപടികൾക്ക് ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. നികുതി അടവിൽ കുടിശ്ശിക വരുത്തിയതിനെ തുടർന്നാണ് കമ്പനി നിയമനടപടികൾ നേരിടുന്നത് . ഏകദേശം 26.3 മില്യൺ ടാക്സ് കുടിശ്ശിക ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ എച്ച് എം ആർ സി യ്ക്ക് നൽകാനുള്ള നികുതി അടച്ചുതീർത്തതായും കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് യാതൊരു തടസ്സവും ഇല്ലെന്നും ലിബർട്ടി കമ്പനിയുടെ വക്താവ് പറഞ്ഞു.
എന്നാൽ നികുതി കടമുള്ള ഉപഭോക്താക്കൾക്ക് തുടർന്ന് എല്ലാവിധ പിൻതുണയും നൽകുന്ന സമീപനമാണ് തങ്ങൾ സ്വീകരിക്കുന്നതെന്നും എല്ലാ വഴികളും അടയുമ്പോൾ മാത്രമാണ് നികുതിദായകരുടെ പണം സംരക്ഷിക്കാൻ കോടതിയിൽ ഹർജി സമർപ്പിക്കുന്നതെന്നും എച്ച് എം ആർ സി വക്താവ് പറഞ്ഞു. ഓസ്ട്രേലിയയിൽ നിന്ന് സിംഗപ്പൂർ, റൊമാനിയ വഴി വടക്കൻ ഇംഗ്ലണ്ട് വരെ വ്യാപിച്ചുകിടക്കുന്ന ലോഹങ്ങളുടെയും ഊർജ്ജ കമ്പനികളുടെയും ഗ്രൂപ്പാണ് ലിബർട്ടി കമ്പനി. ഗുപ്തയുടെ GFG അലയൻസിന്റെ പ്രധാന ഭാഗമായ ലിബർട്ടി സ്റ്റീലിന് മേലുള്ള സാമ്പത്തിക സമ്മർദ്ദം വർദ്ധിക്കുന്നതിന്റെ ഏറ്റവും പുതിയ സൂചനയാണ് ഈ ഹർജി. പുതിയ സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ യുകെയിലെ ലിബർട്ടി സ്റ്റീലിന്റെ പ്രവർത്തനങ്ങൾ അടച്ചുപൂട്ടൽ അഭിമുഖീകരിക്കുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്ന് നടക്കുന്ന അവലോകന യോഗത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറയ്ക്കാൻ സാധ്യത ഉണ്ടെന്ന സൂചനകൾ പുറത്തുവന്നു. പലിശ നിരക്കുകൾ 4.25 ശതമാനത്തിൽ നിന്ന് 4 ശതമാനമായി കുറയ്ക്കാനുള്ള സാധ്യത ഉണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറച്ചാൽ അത് 2023 മാർച്ചിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലെത്തും.
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറച്ചാൽ പ്രതിമാസ മോർട്ട്ഗേജ് നിരക്കുകളിലും മാറ്റം വരും. ഏപ്രിൽ മെയ് മാസത്തിൽ ലക്ഷ്യം വച്ചിരുന്ന സാമ്പത്തിക വളർച്ച കൈവരിക്കാൻ സാധിക്കാതിരുന്നതിനെ കുറിച്ചുള്ള സമ്പൂർണ്ണ റിപ്പോർട്ടും ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടുത്ത ദിവസങ്ങളിൽ പ്രസിദ്ധീകരിക്കും. ബാങ്ക് നിരക്കുകൾ കുറച്ചാൽ മോർട്ട്ഗേജിന്റെ തിരിച്ചടവുകളിൽ പ്രതിമാസം ശരാശരി 40 പൗണ്ട് കുറയുമെന്ന് മണിഫാക്റ്റ്സ് പറയുന്നു.
എന്നാൽ ഇംഗ്ലണ്ടിലെ പണപ്പെരുപ്പ നിരക്ക് കുതിച്ചുയരുകയാണ്. പലിശ നിരക്കുകൾ കുറയുന്ന സാഹചര്യത്തിൽ പണപ്പെരുപ്പം പിടിച്ചു കെട്ടാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്ത് നടപടി സ്വീകരിക്കുമെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. പണപെരുപ്പ നിരക്കിൽ പ്രഖ്യാപിത ലക്ഷ്യം 2 ശതമാനമാണ്. എന്നാൽ നിലവിലെ പണപ്പെരുപ്പം 3.6 ശതമാനമാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അയർലൻഡിൽ ആറ് വയസ്സുകാരിയായ ഇന്ത്യക്കാരിക്കെതിരെ ക്രൂര മർദ്ദനം. അയർലൻഡിലെ വാട്ടർഫോർഡിലാണ് ഇന്ത്യയിലേക്ക് മടങ്ങൂ’ എന്ന് ആക്രോശിച്ചുകൊണ്ട് പെൺകുട്ടിക്ക് നേരെ ആൺകുട്ടികൾ ആക്രമണം നടത്തിയത്. സുഹൃത്തുക്കൾക്കൊപ്പം വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്നപ്പോഴാണ് സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പെടെ കുട്ടിക്ക് നേരെ ആക്രമണം നടത്തിയത്.
കുറച്ച് ദിവസങ്ങൾക്കു മുൻപ് ഡബ്ലിനിൽ മറ്റൊരു ഇന്ത്യൻ വംശജനെതിരെയും ആക്രമണം നടന്നിരുന്നു. ടാക്സി ഡ്രൈവറായ ലഖ്വീർ സിങ്ങിനെ യാത്രക്കാരായ രണ്ട് ചെറുപ്പക്കാർ കുപ്പി കൊണ്ട് മുഖത്തടിക്കുകയായിരുന്നു. നാട്ടിലേക്ക് തിരിച്ചുപോകൂ എന്ന് അട്ടഹസിച്ചുകൊണ്ടായിരുന്നു ആക്രമണം. 23 വർഷമായി അയർലൻഡിൽ താമസിക്കുന്നയാളാണ് ലഖ്വീർ സിങ്. സമീപകാലത്തായി അയർലൻഡിൽ ഇന്ത്യക്കാർക്കു നേരെ ആക്രമണം വർദ്ധിച്ചുവരികയാണെന്നും മുൻകരുതലുകൾ എടുക്കണമെന്നും ഇന്ത്യൻ എംബസി നിർദേശം നൽകിയിട്ടുണ്ട്. ജൂലൈ 19ന് ഡബ്ലിനിൽ തന്നെ മറ്റൊരു ഇന്ത്യക്കാരനു നേരെ വംശീയ ആക്രമണം ഉണ്ടായിരുന്നു.