ന്യൂസ് ഡെസ്ക്, മലയാളം യുകെ
സെൻട്രൽ പാരീസിൽ വാർഷിക സ്ട്രീറ്റ് മ്യൂസിക് ഫെസ്റ്റിവലിനിടെ ബ്രിട്ടീഷ് യുവതിയെ കൂട്ടബലാത്സംഗം ചെയ്യപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ക്രൂരമായി ആക്രമിക്കപ്പെട്ട യുവതി കരഞ്ഞുകൊണ്ട് തെരുവിലൂടെ നടക്കുന്നതിന്റെ നടക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ലൈംഗികമായി ആക്രമിക്കപ്പെട്ടതിന്റെ പിന്നാലെ അവളെ ആക്രമികൾ കൊള്ളയടിക്കുകയും ചെയ്തിരുന്നു എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
യുവതി ഒളിമ്പിയ ഹാളിൽ ഒരു സംഗീത കച്ചേരിയിൽ പങ്കെടുത്തതിന് മണിക്കൂറുകൾക്ക് ശേഷമുള്ള വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത് . ആക്രമിക്കപ്പെട്ട സ്ത്രീയുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല. നിയമപരമായ കാരണങ്ങളാൽ യുവതിയുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്ന് പോലീസ് അറിയിച്ചു. പോലീസും അഗ്നിശമന സേനാംഗങ്ങളും ചേർന്ന് ഇവരെ വൈദ്യ പരിശോധനയ്ക്കായി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തന്നെ നിരവധി പുരുഷന്മാർ ആക്രമിക്കുകയും ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ബലാത്സംഗം ചെയ്യുകയും ഫോൺ മോഷ്ടിക്കുകയും ചെയ്തതായി അവർ പോലീസിനോട് വെളിപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. യുവതി ആക്രമണത്തിനിരയായി നിരാലംബയായി തെരുവിലൂടെ നടക്കുന്നതിന്റെ ദൃശ്യങ്ങൾ ആരാണ് പകർത്തിയത് എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ അറിവായിട്ടില്ല. സംഭവത്തിന്റെ വീഡിയോ വ്യാപകമായ രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതുവരെ കുറ്റവാളികളെ കണ്ടെത്താൻ പോലീസിനായിട്ടില്ല.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസ് നേരിട്ട സൈബർ ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ജൂൺ മൂന്നിന് നടന്ന സൈബർ ആക്രമണം യു കെ കണ്ടതിൽ വെച്ച് ഏറ്റവും വലിയ തോതിലുള്ളതായിരുന്നു എന്നാണ് അറിയാൻ സാധിച്ചത്. എൻഎച്ച്എസ്സിന്റെ ബ്ലഡ് ടെസ്റ്റ് മാനേജ്മെൻറ് ഗ്രൂപ്പ് ആയ സിനോവിസിന്റെ സർവറുകളില്‍ നിന്നാണ് സൈബർ ആക്രമണത്തിലൂടെ വിവരങ്ങൾ മോഷ്ടിക്കപ്പെട്ടത്.
ഇതിന് പിന്നിൽ റഷ്യൻ സൈബർ ക്രിമിനൽ ഗ്രൂപ്പായ ക്വിലിൻ, ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സൈബർ ആക്രമണത്തിലൂടെ കൈക്കലാക്കിയ 400 GB വരുന്ന വിവരങ്ങൾ അവരുടെ ഡാർക്ക് നെറ്റ് വെബിൽ കൂടി പങ്കിട്ടിരുന്നു. വിവരങ്ങൾ കൈക്കലാക്കിയതിനുശേഷം സിനോവിസിൽ നിന്ന് പണം തട്ടിയെടുക്കാനുള്ള ശ്രമവും അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായി. ബ്ലഡ് ടെസ്റ്റ് നടത്തിയതിന്റെ റിസൾട്ട് പുറത്തുവിട്ടതിന്റെ തെളിവുകൾ ഇല്ലെങ്കിലും ഇതിനെ കുറിച്ചുള്ള അന്വേഷണങ്ങൾ നടക്കുകയാണെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് ഒരു പ്രസ്താവനയിൽ അറിയിച്ചു.
യുകെയിൽ ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും ഹാനികരമായ സൈബർ ആക്രമണമായിരുന്നു ഇതെന്ന് സൈബർ സുരക്ഷാ വിദഗ്ധൻ സിയാറൻ മാർട്ടിൻ പറഞ്ഞു. 3000ത്തിലധികം ആശുപത്രികളുടെ ആയിരക്കണക്കിന് ജിപി അപ്പോയിൻമെന്റുകളും സൈബർ ആക്രമണം മൂലം തടസ്സപ്പെട്ടതയാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . രോഗികളുടെ പേരുകൾ, ജനനത്തീയതി, എൻഎച്ച്എസ് നമ്പറുകൾ, രക്തപരിശോധനയുടെ വിവരണങ്ങൾ എന്നിവ ഉൾപ്പെടെ മോഷ്ടിക്കപ്പെട്ടു എന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഹീത്രൂ വിമാനത്താവളത്തിലെ റൺവേയിൽ പാർക്ക് ചെയ്തിരുന്ന ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിന് സമീപത്തായി ഒരു ഗ്രൗണ്ട് വെഹിക്കിൾസിന് തീപിടിച്ചത് വൻ ആശങ്കയ്ക്ക് വഴിവെച്ചു. ഇന്നലെ 6.15 ഓടെ യാത്രക്കാരെ കയറ്റുന്ന മൊബൈൽ സ്റ്റെയർകെയ്സിന് തീപിടിച്ചതിന്റെ ദൃശ്യങ്ങൾ ആണ് പുറത്തു വന്നത്. തീപിടുത്തത്തെ തുടർന്ന് കറുത്ത പുകപടലങ്ങൾ ഉയരുന്നത് കടുത്ത ആശങ്ക ആണ് ഉളവാക്കിയത്.
യുകെയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് ഹീത്രൂ എയർപോർട്ട്. എയർപോർട്ടിലെ ടെർമിനൽ കെട്ടിടത്തിന്റെ മുകളിൽ തീപിടുത്തത്തെ തുടർന്നുണ്ടായ കറുത്ത പുകപടലങ്ങൾ ദൃശ്യമായിരുന്നു. സംഭവം നടന്നയുടനെ ഹീത്രു എയർപോർട്ടിലെ ഫയർ എൻജിനുകൾ ഉപയോഗിച്ച് തീ അണയ്ക്കാൻ സാധിച്ചു. ഇതുവരെ ആർക്കും പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടല്ല. സംഭവ സമയത്ത് വിമാനത്തിൽ യാത്രക്കാരൊന്നും ഉണ്ടായിരുന്നില്ലെന്ന് ഹീത്രു എയർപോർട്ട് വക്താവ് അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
രണ്ടാമത്തെ ആൺകുട്ടിക്ക് ജന്മം നൽകി മണിക്കൂറുകൾക്ക് ശേഷം ഹൃദയാഘാതത്തെ അയർലൻഡിൽ മലയാളി നഴ്സ് മരണമടഞ്ഞു . വയനാട് സുൽത്താൻ ബത്തേരി ചീരാൽ സ്വദേശിനി സ്റ്റെഫി ബൈജു (35) ആണ് കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ മരിച്ചത്. നവജാത ശിശു സുഖമായിരിക്കുന്നു.
കെറി ജനറൽ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായിരുന്നു സ്റ്റെഫി ബൈജു. ചീരാൽ കരുവാലിക്കുന്ന് കരവട്ടത്തിൻകര ബൈജു സ്കറിയ ആണ് ഭർത്താവ്. ജോഹാനും ജുവാനുമാണ് മക്കൾ. കൗണ്ടി ലിമെറിക്കിലെ ആബിഫിൽ ടൗണിലാണ് സ്റ്റെഫിയും കുടുംബവും താമസിക്കുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സംസ്കാരം പിന്നീട്.
സ്റ്റെഫി ബൈജുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലോകത്തിൽ തന്നെ ആദ്യമായി എപിലെപ്സി നിയന്ത്രിക്കാൻ തലച്ചോറിൽ പിടിപ്പിക്കുന്ന യന്ത്രം പരീക്ഷിച്ച് യുകെയിൽ നിന്നുള്ള എപിലെപ്സി ബാധിച്ച കുട്ടി. തലച്ചോറിലേക്ക് വൈദ്യുത സിഗ്നലുകൾ ആഴത്തിൽ അയയ്ക്കുന്ന ന്യൂറോസ്റ്റിമുലേറ്റർ കുട്ടിയുടെ അനിയന്ത്രിതമായ പ്രതികരണങ്ങളെ 80 ശതമാനം വരെ കുറച്ചു. യന്ത്രം പിടിപ്പിച്ചതിന് ശേഷമാണ് കുട്ടിയുടെ ജീവിതം മെച്ചപ്പെട്ടതെന്ന് അമ്മ ജസ്റ്റിൻ പറയുന്നു. ലണ്ടനിലെ ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിൽ നടന്ന ഒരു ട്രയലിൻ്റെ ഭാഗമായി ഒക്ടോബറിലാണ് അന്ന് 12 വയസുണ്ടായിരുന്ന ഓറാൻ നോൾസണിൽ ശസ്ത്രക്രിയ നടത്തിയത്. ചികിത്സയിൽ ഉപയോഗിക്കുന്ന ന്യൂറോ ട്രാൻസ്മിറ്റർ നിർമ്മിച്ചത് യുകെ കമ്പനിയായ ആംബർ തെറാപ്യൂട്ടിക്‌സ് ആണ് .
സോമർസെറ്റിൽ നിന്നുള്ള ഓറന്, മൂന്നാം വയസ്സിൽ എപിലെപ്സിയുടെ ചികിത്സ-പ്രതിരോധശേഷിയുള്ള ലെനോക്സ്-ഗാസ്റ്റൗട്ട് സിൻഡ്രോം ഉണ്ടെന്ന് കണ്ടെത്തി. ലെനോക്സ്-ഗാസ്റ്റൗട്ട് സിൻഡ്രോം ഉണ്ടായതിന് ശേഷം ഓരോ ദിവസവും നിരവധി അനിയന്ത്രിതമായ പ്രതികരണങ്ങളാണ് ഉണ്ടായിരുന്നത്. ഇവ മൂലം പലപ്പോഴും കുട്ടി നിലത്തു വീണതും, ബോധം നഷ്ടപ്പെട്ടതും ആയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പലപ്പോഴും ശ്വാസ തടസ്സം നേരിട്ടതിന് പിന്നാലെ അടിയന്തിരമായി ചികിത്സ നൽകേണ്ട സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്.
ഓട്ടിസവും എഡിഎച്ച്‌ഡിയും ഉള്ള ഓറാൻ നോൾസൺ എപിലെപ്സിയാണ് ഏറ്റവും ദുഷ്‌കരമെന്ന് അമ്മ ജസ്റ്റിൻ പറയുന്നു. മസ്തിഷ്ക ഉത്തേജനത്തിൻ്റെ സുരക്ഷിതത്വവും ഫലപ്രാപ്തിയും പരിശോധിക്കുന്ന CADET പദ്ധതിയുടെ ഭാഗമാണ് ഓറാൻ. ഗ്രേറ്റ് ഓർക്കണ്ട് സ്ട്രീറ്റ് ഹോസ്പിറ്റൽ, യൂണിവേഴ്സിറ്റി കോളേജ് ലണ്ടൻ, കിംഗ്സ് കോളേജ് ഹോസ്പിറ്റൽ, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി. ഓറാൻ്റെ ചികിത്സയിൽ ഉപയോഗിക്കുന്ന പിക്കോസ്റ്റിം ന്യൂറോ ട്രാൻസ് മിറ്റർ നിർമ്മിച്ചത് യുകെ കമ്പനിയായ ആംബർ തെറാപ്യൂട്ടിക്‌സ് ആണ്.
മാഞ്ചസ്റ്റർ എയർപോർട്ടിലെ പവർകട്ട് മൂലം തകരാറിലായ പ്രവർത്തനം ഇന്ന് പൂർവസ്ഥിതിയിലാകുമെന്ന് അധികൃതർ അറിയിച്ചു. എയർപോർട്ടിന്റെ പ്രവർത്തനം തകരാറിലായത് ഏകദേശം 90000 യാത്രക്കാരെ ബാധിച്ചതായുള്ള റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്. യാത്രക്കാർക്ക് നേരിട്ട അസൗകര്യത്തിൽ വിമാനത്താവള അധികൃതർ ക്ഷമാപണം നടത്തി.
ഞായറാഴ്ച പുലർച്ചെ മുതൽ മാഞ്ചസ്റ്റർ എയർപോർട്ടിൽ നിന്ന് പുറപ്പെട്ട വിമാനങ്ങളിൽ പലതും റദ്ദാക്കിയിരുന്നു. പ്രധാനമായും 1, 2 എന്നീ ടെര്‍മിനുകളെയാണ് പ്രശ്നങ്ങൾ ബാധിച്ചത്. ഇവിടേയ്ക്ക് ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾ മറ്റ് എയർപോർട്ടിലേയ്ക്ക് തിരിച്ചു വിട്ടു. യാത്രക്കാർക്കും അവരെ കൊണ്ടുപോകാൻ എത്തിയവർക്കും വളരെയേറെ ബുദ്ധിമുട്ടുകളാണ് ഇതുമൂലം സംഭവിച്ചത്. ഒട്ടേറെ യാത്രക്കാരാണ് വിമാനത്താവളത്തിലെ നീണ്ട ക്യൂവിന്റെ ചിത്രങ്ങൾ കടുത്ത രോഷത്തോടെ സോഷ്യൽ മീഡിയയിൽ പങ്കിട്ടത്.
ഏറ്റവും കൂടുതൽ റദ്ദാക്കലുകൾ ബാധിച്ചത് ഈസി ജെറ്റ് വിമാനങ്ങളെയാണ്. തങ്ങളുടെ നിയന്ത്രണത്തിലല്ല ഒന്നും നടക്കുന്നതെന്നും യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടുകളുടെ പ്രയാസം കുറയ്ക്കാൻ സാധ്യമായത് എല്ലാം ചെയ്യുമെന്നും ഈസി ജെറ്റിന്റെ വക്താവ് പറഞ്ഞു. അബുദാബിയിൽ നിന്നുള്ള എത്തിഹാദ് എയർവെയ്സ് വിമാനം മാഞ്ചസ്റ്ററിൽ ഇറക്കുന്നതിന് പകരം ബർമിംഗ്ഹാമിൽ ആണ് ലാൻഡ് ചെയ്തത്. ഒട്ടേറെ മലയാളികൾ ആ ഫ്ലൈറ്റിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. യോർക്ക്ഷെയർ, വെയിക്ക് ഫീൽഡ്, ഷെഫീൽഡ് തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്ന മലയാളികൾ കേരളത്തിലേക്ക് വരാൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന എയർപോർട്ട് ആണ് മാഞ്ചസ്റ്റർ. കൊച്ചിയിൽ നിന്ന് മാഞ്ചസ്റ്ററിലേയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തു പോകുന്നതിനും തിരിച്ചുമുള്ള ഒട്ടേറെ മലയാളികളെയാണ് എയർപോർട്ടിലെ പ്രശ്നങ്ങൾ ബാധിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മയക്കുമരുന്നിന്റെ ഉത്പാദനവും വിപണനവും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ രാജ്യത്ത് വർദ്ധിച്ചു വരുന്നതായുള്ള ഞെട്ടിക്കുന്ന സംഭവങ്ങൾ ദിനംപ്രതി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. മയക്കുമരുന്ന് മാഫിയയുടെ നടപടിമൂലം തൃശങ്കുവിലായ ഒരു വീട്ടുടമസ്ഥന്റെ ദയനീയാവസ്ഥ വാർത്തയാക്കിയിരിക്കുകയാണ് ബിബിസി. നോർത്ത് ലണ്ടനിലെ വീട്ടു ഉടമസ്ഥനായ റീവ്സ് ദീർഘകാലത്തേയ്ക്ക് വിദേശത്ത് ജോലിക്കായി പോകുന്നതിന്റെ ഭാഗമായാണ് തൻറെ വീട് വാടകയ്ക്ക് കൊടുക്കാൻ തീരുമാനിച്ചത്. അതോടെ അദ്ദേഹത്തിൻറെ കഷ്ടകാലവും ആരംഭിച്ചു.
റീവ്സിന്റെ വീട് വാടകയ്ക്ക് എടുത്തത് കഞ്ചാവ് മാഫിയയുടെ ആൾക്കാരായിരുന്നു. കുറ്റവാളികളായ അവർ അദ്ദേഹത്തിൻറെ വസ്തുവിൽ വൻ നാശനഷ്ടങ്ങൾ ആണ് വരുത്തിയത്. കഞ്ചാവ് വളർത്തുന്നതിനും അത് ഉപയോഗിച്ച് മറ്റ് ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനും തൻറെ വസ്തു അവർ ഉപയോഗിച്ചു എന്ന് മാത്രമല്ല അതിനുവേണ്ടി വീടിനു തന്നെ ഒട്ടേറെ മാറ്റങ്ങൾ വരുത്തി. തന്റെ ബെഡ്റൂമിൽ പ്രവേശിച്ച റീവ്സിൻ്റെ കണ്ണു തള്ളി പോയി. പത്ത് ടണ്ണിലധികം മണ്ണാണ് കഞ്ചാവ് കൃഷിക്കാർ അദ്ദേഹത്തിൻറെ ബെഡ്റൂമിൽ നിക്ഷേപിച്ചിരുന്നത്. വീടിനുള്ളിൽ കഞ്ചാവ് വളർത്തുന്നതിന് വേണ്ടിയായിരുന്നു ഈ പ്രവർത്തി. ഇത് കൂടാതെ വീടിൻറെ വെന്റിലേഷനിലും ഒട്ടേറെ മാറ്റങ്ങൾ കുറ്റവാളികൾ വരുത്തിയിരുന്നു.
ഏറെക്കാലത്തേയ്ക്ക് ദൂരദേശത്ത് ജോലി സംബന്ധമായ ആവശ്യങ്ങളിൽ പോകുന്നവർ വാടകയ്ക്ക് വസ്തുക്കൾ കൊടുക്കുന്ന സമയത്ത് കഞ്ചാവ് ഫാമുകളുമായി ബന്ധമുള്ള കുറ്റവാളികൾ ഇത്തരം തട്ടിപ്പുകൾ നടത്തുന്നത് വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. സംഭവം പുറത്തായതിനെ തുടർന്ന് ലക്ഷ കണക്കിന് പൗണ്ട് വിലമതിക്കുന്ന 400 കഞ്ചാവ് ചെടികളാണ് റീവ്സിൻ്റെ വീട്ടിൽ നിന്ന് പോലീസ് പിടിച്ചെടുത്തത്. വിദേശത്ത് ജോലി ചെയ്യാൻ തയ്യാറെടുക്കുന്നതിനിടെ റീവ്സിന്റെ കുടുംബം വീട് വാടകയ്ക്ക് നൽകാനായി ഓൺലൈനിൽ പരസ്യം ചെയ്തിരുന്നു. ദീർഘകാലത്തേയ്ക്ക് റീവ്സിൻ്റെ കുടുംബം സ്ഥലത്തില്ലെന്ന് മനസ്സിലാക്കി ഒരു ഏജൻറ് സമീപിക്കുകയായിരുന്നു. ലണ്ടനിൽ ജോലിയുള്ള ഒരു കുടുംബത്തിന് വാടകയ്ക്ക് നൽകാനാണ് വീട് എന്നാണ് ഏജൻറ് റീവ്സിനെ തെറ്റിദ്ധരിപ്പിച്ചത്. പിന്നീട് വാടകയ്ക്ക് എടുത്തവർ ഒരിക്കലും വാടക നൽകാത്ത തട്ടിപ്പുകാരായി മാറി. പകരം അവർ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് വീട് ഉപയോഗിക്കുകയായിരുന്നു. ഏജൻ്റും വാടകക്കാരും എല്ലാം നൽകിയ വിലാസം വ്യാജമാണെന്ന് പിന്നീട് പോലീസ് കണ്ടെത്തി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാഞ്ചസ്റ്റർ എയർപോർട്ടിൽ നിന്ന് പുറപ്പെടുന്ന നിരവധി ഫ്ലൈറ്റുകൾ റദ്ദാക്കി. പല ഫ്ലൈറ്റുകളും പുറപ്പെടുന്നതിൽ താമസം നേരിടുകയും ചെയ്യുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. എയർപോർട്ട് ഉൾപ്പെടെയുള്ള സ്ഥലത്ത് വൈദ്യുതി വിതരണത്തിൽ നേരിട്ട തടസ്സമാണ് വിമാനങ്ങൾ വൈകുന്നതിലേയ്ക്കും റദ്ദാക്കപ്പെടുന്നതിലേയ്ക്കും വഴി വെച്ചിരിക്കുന്നത്.
വൈദ്യുതി ബന്ധം പുന:സ്ഥാപിച്ച് എയർപോർട്ടിന്റെ പ്രവർത്തനം സാധാരണഗതിയിലാക്കാൻ പരിശ്രമിക്കുകയാണെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. പലരുടെയും ലഗേജുകൾ അതാത് വിമാനത്തിൽ തന്നെ ഇല്ലാത്ത സ്ഥിതി ഉണ്ടായേക്കാമെന്ന മുന്നറിയിപ്പും നൽകപ്പെട്ടിട്ടുണ്ട്. എയർപോർട്ടിന്റെ പ്രവർത്തനം ആകെ താളം തെറ്റിയതിനെ തുടർന്ന് രാവിലെ മുതൽ ആളുകളുടെ വലിയ ക്യൂ രൂപപ്പെട്ടതിൻ്റെ ചിത്രങ്ങൾ ഒട്ടേറെ പേരാണ് സമൂഹ മാധ്യമങ്ങളിൽ കൂടി പങ്കുവെച്ചത്.
മാഞ്ചസ്റ്റർ എയർപോർട്ടിലെ ടെർമിനലിൽ ഒന്നിന്റെയും രണ്ടിന്റെയും പ്രവർത്തനങ്ങളെ പവർകട്ട് കാര്യമായി ബാധിച്ചിട്ടുണ്ട്. ടെർമിനൽ മൂന്നിൽ നിന്നുള്ള വിമാനങ്ങൾക്കും കാലതാമസം നേരിടുന്നതായാണ് റിപ്പോർട്ടുകൾ. ടെർമിനലുകൾ 1 അല്ലെങ്കിൽ 2 ൽ നിന്ന് യാത്ര ചെയ്യേണ്ട യാത്രക്കാർ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിമാനത്താവളത്തിൽ വരരുതെന്നും ഏറ്റവും പുതിയ വിവരങ്ങൾക്ക് അവരുടെ എയർലൈനുകളുമായി ബന്ധപ്പെടണമെന്നും മാഞ്ചസ്റ്റർ എയർപോർട്ട് അറിയിച്ചു. നിരവധി ഫ്ലൈറ്റുകൾ മറ്റ് എയർപോർട്ടുകളിലേയ്ക്ക് തിരിച്ചുവിടുന്നതു മൂലം യാത്രക്കാരെ കൊണ്ടുപോകുവാൻ എയർപോർട്ടിൽ വരുന്നതും ഏറ്റവും പുതിയ വിവരങ്ങൾ പരിശോധിക്കണമെന്ന് അറിയിച്ചിട്ടുണ്ട് .
യോർക്ക്ഷെയർ, വെയിക്ക് ഫീൽഡ്, ഷെഫീൽഡ് തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്ന മലയാളികൾ കേരളത്തിലേക്ക് വരാൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന എയർപോർട്ട് ആണ് മാഞ്ചസ്റ്റർ. കൊച്ചിയിൽ നിന്ന് മാഞ്ചസ്റ്ററിലേയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തു പോകുന്നതിനും തിരിച്ചുമുള്ള ഒട്ടേറെ മലയാളികളെയാണ് എയർപോർട്ടിലെ പ്രശ്നങ്ങൾ ബാധിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജൂലൈ നാലിന് പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ റഷ്യൻ അനുകൂല പരാമർശം നടത്തിയ റീഫോം യുകെ നേതാവ് നൈജൽ ഫരാഗ് കുഴപ്പത്തിൽ ചാടി. റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന് പ്രധാനകാരണം അമേരിക്കയും യു കെയും ഉൾപ്പെടെയുള്ള പാശ്ചാത്യ ശക്തികളുടെ പ്രകോപനമാണെന്ന് റീഫോം യുകെ നേതാവ് പറഞ്ഞ പരാമർശം കനത്ത തോതിൽ വിമർശനമാണ് വിളിച്ചുവരുത്തിയത്.
ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ റഷ്യയുടെ ഉക്രൈൻ ആക്രമണത്തിന് പ്രധാന കാരണമായി നൈജൽ ഫരാഗ് ചൂണ്ടി കാട്ടിയത് യൂറോപ്യൻ യൂണിയന്റെയും ഞാറ്റോയുടെയും നയ സമീപനങ്ങളെയാണ്. നൈജൽ ഫരാഗിന്റെ പരാമർശങ്ങൾക്ക് എതിരെ ശക്തമായി പ്രതികരിച്ച് പ്രധാനമന്ത്രി ഋഷി സുനകും ലേബർ പാർട്ടി നേതാവ് സർ കെയർ സ്റ്റാർമറും രംഗത്തുവന്നു. ബ്രിട്ടന്റെ സുരക്ഷയ്ക്ക് അപകടകരമായ ആശയങ്ങളാണ് നൈജൽ ഫരാഗിന്റെതെന്നാണ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞത് . അപമാനകരം എന്നാണ് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പ്രതികരിച്ചത്.
എന്നാൽ തന്റെ പ്രസ്താവനയിൽ നിന്ന് അണുവിട പിന്മാറാൻ റീഫോം യുകെ നേതാവ് തയ്യാറായില്ല. സത്യം പറഞ്ഞതിൽ തന്നെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പൊതുവെ റഷ്യയുടെ നയ സമീപനങ്ങളെ എതിർക്കുന്നവരാണ് ഭൂരിപക്ഷം ബ്രിട്ടീഷുകാരും . അതിൻറെ വെളിച്ചത്തിൽ റീഫോം യുകെ നേതാവിന്റെ റഷ്യൻ അനുകൂല പരാമർശം തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
അടുത്തിടെ നടന്ന അഭിപ്രായ സർവേകളിൽ റീഫോം യുകെ യ്ക്ക് ലഭിച്ച വൻ ജനപിന്തുണ മറ്റ് രാഷ്ട്രീയ പാർട്ടികൾക്കിടയിൽ കടുത്ത ആശങ്കകൾക്ക് വഴിവെച്ചിരുന്നു. കൺസർവേറ്റീവ് പാർട്ടിക്ക് ഒപ്പത്തിനൊപ്പം ജനപിന്തുണ അവസാനം നടന്ന ചില അഭിപ്രായ സർവേകളിൽ അവർക്കുണ്ടായിരുന്നു . ഒരുവേള തങ്ങളായിരിക്കും അടുത്ത പ്രതിപക്ഷം എന്ന അവകാശവാദം വരെ നൈജൽ ഫരാഗ് നടത്തിയിരുന്നു.
തീവ്ര ബ്രെക്സിറ്റ് വാദിയായ നൈജൽ ഫരാഗ് സ്ഥാപിച്ച റീഫോം പാർട്ടി പാർലമെൻറ് തിരഞ്ഞെടുപ്പിൽ എന്ത് സ്വാധീനം ചെലുത്തുമെന്നത് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്ന കാര്യമാണ്. കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടിലൂടെ അഭിപ്രായ വോട്ടെടുപ്പുകളിൽ അവർ പൊങ്ങി വരുന്നുണ്ട്. കൺസർവേറ്റീവ് പാർട്ടിയും ലേബർ പാർട്ടിയും മാത്രമുള്ള ദിക്ഷി സമ്പ്രദായമാണ് ദീർഘകാലമായി ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ആധിപത്യം സ്ഥാപിച്ചിരുന്നതെങ്കിലും സമീപകാലത്ത് അവരുടെ കോട്ടകളിൽ ചില ചെറു പാർട്ടികൾ വിള്ളലുണ്ടാക്കുന്നുണ്ട്. ഗ്രീൻ പാർട്ടി, എസ്എൻ പി , ലിബറൽ ഡെമോക്രാറ്റുകളും കളം പിടിച്ചു തുടങ്ങിയിരിക്കുന്നതിൻ്റെ സൂചനകൾ അഭിപ്രായ സർവേകളിൽ പ്രതിഫലിക്കുന്നുണ്ട്. ഏതെങ്കിലും കാരണവശാൽ തൂക്കു പാർലമെൻ്റാണ് ഉണ്ടാകുന്നതെങ്കിൽ വിലപേശൽ ശക്തിയായി ഈ ചെറു പാർട്ടികൾ മാറും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഉഷ്‌ണ തരംഗത്തിന് സാധ്യത ഉള്ളതിനാൽ രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പല സ്ഥലങ്ങളിലേയും താപനില 30 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് മുന്നറിയിപ്പ്. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയും (യുകെഎച്ച്എസ്എ) മെറ്റ് ഓഫീസും സംയുക്തമായി പ്രഖ്യാപിച്ച യെല്ലോ ഹീറ്റ് ഹെൽത്ത് അലർട്ട് തിങ്കളാഴ്ച രാവിലെ മുതൽ വ്യാഴാഴ്ച വരെയാണ് പ്രാബല്യത്തിൽ ഉള്ളത്. ഈ കാലയളവിൽ ചർമ്മ സംരക്ഷണത്തിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.
യുകെയിലെ ഏറ്റവും ജനപ്രിയമായ സൺസ്‌ക്രീനുകളിൽ പലതും സുരക്ഷാ പരിശോധനകളിൽ പരാജയപ്പെട്ടു. പരിശോധനയിൽ വാഗ്ദാനം ചെയ്തതിനേക്കാൾ കുറഞ്ഞ പരിരക്ഷയാണ് ഇവ നൽകുന്നതെന്ന് കണ്ടെത്തി. ഈ സന്ദർഭത്തിൽ സൺസ്‌ക്രീൻ പാക്കേജുകളിലെ ചുരുക്കെഴുത്ത് മനസ്സിലാക്കുന്നത് ഫലപ്രദമായ ചർമ്മ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണ്.
1. UVA (അൾട്രാവയലറ്റ് എ): ഈ കിരണങ്ങൾ ചർമ്മത്തിലേക്ക് ആഴത്തിൽ തുളച്ചുകയറുകയും വാർദ്ധക്യത്തിനും ദീർഘകാല ചർമ്മത്തിന്റെ കേടുപാടുകൾക്കും കാരണമാവും.
2. UVB (അൾട്രാവയലറ്റ് ബി): ഈ രശ്മികൾ ചർമ്മത്തിൻ്റെ ഉപരിതലത്തെ ബാധിക്കുന്നു. സൂര്യതാപത്തിൻ്റെ പ്രധാന കാരണവുമാണ്.
3. SPF (സൺ പ്രൊട്ടക്ഷൻ ഫാക്ടർ): UVB കിരണങ്ങളിൽ നിന്ന് സൺസ്‌ക്രീൻ എത്ര നന്നായി സംരക്ഷിക്കുന്നു എന്ന് ഇത് അളക്കുന്നു. ഉയർന്ന സംഖ്യകൾ കൂടുതൽ സംരക്ഷണത്തെ സൂചിപ്പിക്കുന്നു.
UVA, UVB സംരക്ഷണം നൽകുന്ന ഒരു സൺസ്ക്രീൻ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്.
SPF 15 93% UVB രശ്മികളെ തടയുമ്പോൾ, SPF 30 96.7% UVB രശ്മികളെ തടയുന്നു. SPF 50 98% UVB രശ്മികളെ തടയുന്നു. UVB സംരക്ഷണത്തെ സൂചിപ്പിക്കുന്ന SPF റേറ്റിംഗിന് പുറമേ, സൺസ്ക്രീൻ ബോട്ടിലുകളിലെ സ്റ്റാർ റേറ്റിംഗ് സൺസ്‌ക്രീൻ UVA രശ്മികളിൽ നിന്ന് എത്രത്തോളം സംരക്ഷിക്കുന്നു എന്നതിനെ കാണിക്കുന്നു. നാലോ അഞ്ചോ സ്റ്റാറുകൾ ഉള്ള സൺസ്‌ക്രീൻ ഉപയോഗിക്കണമെന്ന് ക്യാൻസർ റിസർച്ച് യുകെ ശുപാർശ ചെയ്യുന്നു.