ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ 242 പേരിൽ നിന്നും ജീവനോടെ രക്ഷപ്പെട്ട ഏക വ്യക്തിയായ ബ്രിട്ടീഷ്-ഇന്ത്യൻ യുവാവ് വിശ്വാസ് കുമാർ രമേഷ് (39) ഇപ്പോൾ കടുത്ത മാനസിക-ശാരീരിക പ്രശ്നങ്ങളിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. “ലോകത്ത് ഇപ്പോഴും ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും ഭാഗ്യവാനാണെന്ന് പറയുമ്പോഴും . ശരീരവും മനസ്സും തകർന്നിരിക്കുകയാണെന്ന് അദ്ദേഹം ബിബിസിയോട് പറഞ്ഞു. അപകടസമയത്ത് എമർജൻസി എക്‌സിറ്റിന് സമീപം ഇരുന്നിരുന്നതാണ് അദ്ദേഹത്തെ മരണത്തിൽ നിന്ന് രക്ഷിച്ചത്. സഹോദരൻ അജയ് കുമാർ ദുരന്തത്തിൽ മരിച്ചിരുന്നു.

ഇന്ത്യയിൽ ചികിത്സയ്ക്കു ശേഷം സെപ്റ്റംബർ 15-ന് യുകെയിലേക്ക് മടങ്ങിയ വിശ്വാസ് കുമാറിന് ഇപ്പോഴും എൻ.എച്ച്.എസ്. വഴി മാനസികാരോഗ്യ ചികിത്സ ലഭിക്കാത്തത് ഗുരുതരമായ അവസ്ഥയാണെന്ന് കുടുംബം ആരോപിക്കുന്നു. ഇന്ത്യയിൽ ചികിത്സക്കിടെ അദ്ദേഹത്തിന് പോസ്റ്റ്-ട്രോമാറ്റിക് സ്‌ട്രെസ് ഡിസോർഡർ (PTSD) സ്ഥിരീകരിച്ചിരുന്നുവെങ്കിലും യുകെയിൽ എത്തിയതിന് ശേക്ഷം ആവശ്യമായ പിന്തുണ ലഭിച്ചിട്ടില്ല. “ഞാൻ ഇപ്പോൾ മുറിയിലൊറ്റയ്ക്കാണ്. ഭാര്യയോടോ മകനോടോ സംസാരിക്കാറില്ല. രാത്രി മുഴുവൻ ഉറങ്ങാതെ ഇരിക്കുന്നു,” എന്ന് വിശ്വാസ് മാധ്യമങ്ങളോട് പറഞ്ഞു. കാലിനും തോളിനും കാൽമുട്ടിനും വേദന തുടരുന്നുവെന്നും, ജോലി ചെയ്യാനോ വാഹനം ഓടിക്കാനോ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തത്തിന് ശേഷം ദിയുവിൽ സഹോദരനൊപ്പം നടത്തിയിരുന്ന കുടുംബത്തിന്റെ മത്സ്യബന്ധന ബിസിനസും തകർന്നതായി കുടുംബം അറിയിച്ചു. എയർ ഇന്ത്യ ₹25 ലക്ഷം (21,500 പൗണ്ട്) ഇടക്കാല നഷ്ടപരിഹാരം നൽകിയെങ്കിലും, അത് “അടിയന്തര ആവശ്യങ്ങൾക്കുപോലും പര്യാപ്തമല്ല” എന്ന് കുടുംബത്തിന്റെ വക്താവ് പറഞ്ഞു. മൂന്ന് തവണ എയർ ഇന്ത്യയുമായി ചർച്ചയ്ക്ക് ശ്രമിച്ചെങ്കിലും, കമ്പനി പ്രതികരിച്ചില്ലെന്നും കുടുംബം ആരോപിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മോൺമൗത്‌ഷെയറിലെ റോജിയറ്റ് ഗ്രാമത്തിൽ ഞായറാഴ്ച വൈകുന്നേരം ഉണ്ടായ ദാരുണ സംഭവത്തിൽ ഒൻപത് മാസം പ്രായമുള്ള ഒരു കുഞ്ഞ് നായയുടെ ആക്രമണത്തിൽ മരിച്ചു. സന്ധ്യയ്ക്ക് ആറുമണിയോടെ പൊലീസും മെഡിക്കൽ സംഘവും വീട്ടിലെത്തി കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തുനിന്ന് നായയെ പിടികൂടി മാറ്റിയതായി ഗ്വെന്റ് പൊലീസ് അറിയിച്ചു.

സംഭവം ഗ്രാമവാസികളെ നടുക്കിയിരിക്കുകയാണ്. “ഇത്തരം ഒരു ദുരന്തം നമ്മുടെ സമൂഹത്തിൽ സംഭവിച്ചതിൽ ഞങ്ങൾ അതീവ ദുഃഖിതരാണ്,” എന്ന് കൗണ്ടി കൗൺസിലർ പീറ്റർ സ്ട്രോങ് പറഞ്ഞു. പോലീസ് അന്വേഷണം തുടരുകയാണെന്നും, കുടുംബത്തിന് ദുഃഖസമയത്തിൽ ആവശ്യമായ സ്വകാര്യത നൽകണമെന്ന് അധികൃതർ അഭ്യർഥിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ഹണ്ടിംഗ്ടൺ സ്റ്റേഷനടുത്ത് ട്രെയിനിൽ നടന്ന കത്തി ആക്രമണത്തിൽ പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റു. യാത്രക്കാരെ രക്ഷിക്കാൻ ശ്രമിച്ച എൽ.എൻ.ഇ.ആർ റെയിൽ ജീവനക്കാരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ് . ആക്രമണവുമായി ബന്ധപ്പെട്ട് പീറ്റർബറോ സ്വദേശിയായ 32 വയസ്സുകാരനെ പൊലീസ് പിടികൂടി. മറ്റൊരാളെ ചോദ്യം ചെയ്തെങ്കിലും ബന്ധമില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. ആക്രമണത്തിൽ ഉപയോഗിച്ച കത്തി സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തി.

ശനിയാഴ്ച വൈകിട്ട് ഡോൺകാസ്റ്ററിൽ നിന്ന് ലണ്ടനിലേക്കുള്ള ട്രെയിനിലാണ് സംഭവം നടന്നത്. ട്രെയിൻ പീറ്റർബറോ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടിട്ട് പത്ത് മിനിറ്റിനുള്ളിൽ കത്തി വീശി ആക്രമണം ആരംഭിച്ചതായി യാത്രക്കാർ പറഞ്ഞു. ട്രെയിൻ ഹണ്ടിംഗ്ടൺ സ്റ്റേഷനിൽ നിർത്തിയതോടെ പോലീസ് രക്ഷാപ്രവർത്തനം ആരംഭിച്ചു. സംഭവത്തിൽ ഭീകരത ബന്ധമില്ലെന്ന് പൊലീസ് അറിയിച്ചു. ചാൾസ് രാജാവ് ഉൾപ്പെടെ നിരവധി പ്രമുഖർ സംഭവത്തെ അപലപിച്ചു. യാത്രക്കാരിൽ പലരും പരസ്പരം സഹായിച്ചുവെന്ന് സാക്ഷികൾ പറഞ്ഞു. ഹണ്ടിംഗ്ടൺ സ്റ്റേഷനിൽ പരിശോധനയും തെളിവെടുപ്പും തുടരുന്നതിനാൽ റെയിൽ സർവീസ് താത്കാലികമായി തടഞ്ഞിരിക്കുകയാണ്.

ഇതിനിടെ ബ്രിട്ടനിൽ കത്തി ആക്രമണത്തെ തുടർന്ന് സാമൂഹ്യമാധ്യമങ്ങളിൽ പടർന്ന വലതുപക്ഷ പ്രചാരണങ്ങൾ നിയന്ത്രിക്കാനായി പൊലീസ് പ്രതികളുടെ വംശീയത വെളിപ്പെടുത്താൻ നിർബന്ധിതരാകുന്ന സാഹചര്യമുണ്ടായതായി മുൻ മെട്രോപൊളിറ്റൻ പൊലീസ് ഉദ്യോഗസ്ഥൻ ഡാൽ ബാബു പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ വിഷയങ്ങൾ വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നതോടെ പൊലീസിന് കടുത്ത സമ്മർദ്ദം നേരിടേണ്ടി വരുന്നുണ്ടെന്നും ഇത് സമൂഹത്തിൽ സംഘർഷങ്ങൾക്ക് വഴിവെക്കുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കാംബ്രിഡ്ജ് ട്രെയിനിൽ നടന്ന കത്തി ആക്രമണത്തിന് പിന്നാലെ സംശയിക്കുന്നവരുടെ വംശീയതയെ കുറിച്ച് തെറ്റായ പ്രചാരണങ്ങൾ വ്യാപിച്ചതോടെയാണ് പൊലീസിന് വിശദീകരണം നൽകേണ്ടി വന്നത്. ഇത്തരം പ്രചാരണങ്ങൾ രാജ്യത്തിന്റെ സാമൂഹിക സൗഹൃദത്തെയും പൊലീസ് പ്രവർത്തനങ്ങളെയും ബാധിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി. വലതുപക്ഷ സംഘടനകൾ സോഷ്യൽ മീഡിയയെ ആയുധമാക്കി തെറ്റായ ധാരണകൾ പരത്തുകയാണെന്നും അതിനെതിരെ കർശന നടപടിയുണ്ടാകണമെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കാർഡിഫിൽ ഒരു യുവതിയെ ലൈംഗികമായി ആക്രമിച്ച സിറിയൻ അഭയാർത്ഥി ഫവാസ് അൽസമൗയ്ക്ക് (33 )ന്യൂപോർട്ട് ക്രൗൺ കോടതി മൂന്നു വർഷവും ഒരു മാസവും തടവിന് ശിക്ഷ വിധിച്ചു. ഹഡ്‌സ്ഫീൽഡിൽ താമസിച്ചിരുന്ന ഇയാൾ കഴിഞ്ഞ വർഷം മേയ് 12ന് കാർഡിഫിലെ കാതെയ്സ് പ്രദേശത്തെ റെയിൽവേ പാലത്തിനടിയിൽ യുവതിയെ കഴുത്തു ഞെരിച്ച് ആക്രമിച്ചതായി തെളിഞ്ഞു. പൾസ് നൈറ്റ് ക്ലബ്ബിൽ നിന്ന് രാവിലെ നാലുമണിയോടെ വീട്ടിലേക്ക് നടന്നു പോകവേ ഇയാൾ പിന്തുടർന്നെന്നാണ് പോലീസ് കണ്ടെത്തിയത്.

യുവതിയുടെ വസ്ത്രത്തിനുള്ളിലേക്ക് കൈയ്യിട്ട് ആക്രമിച്ച പ്രതിയെ പിന്നീട് സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ അന്വേഷണ സംഘം തിരിച്ചറിയുകയായിരുന്നു . സംഭവം മൂലം ഗുരുതരമായ മാനസിക ആഘാതം നേരിട്ടതായി യുവതി കോടതിയിൽ പറഞ്ഞു. “എനിക്ക് ഒറ്റയ്ക്ക് പുറത്തിറങ്ങാൻ പോലും ഭയമാണെന്നും ജോലി പോലും ചെയ്യാൻ കഴിയുന്നില്ലെന്നും അവൾ പറഞ്ഞു.

“രാത്രിയിൽ ഒറ്റയ്ക്ക് നടക്കുമ്പോൾ സ്ത്രീക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്നും പ്രതി ചെയ്തത് ഭീകരമായ ആക്രമണമാണെന്നും ജഡ്ജി സെലിയ ഹ്യൂസ് അഭിപ്രായപ്പെട്ടു. ശിക്ഷ പൂർത്തിയായാൽ അൽസമൗയെ നാടുകടത്തും. ഇത്തരത്തിലുള്ള കുറ്റക്കാരെ നീതിക്ക് മുൻപിൽ കൊണ്ടുവരാൻ പോലീസ് എല്ലാ മാർഗങ്ങളും സ്വീകരിക്കും എന്ന് ഡിറ്റക്ടീവ് സാർജന്റ് അലക്‌സ് ല്ലോയ്ഡ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ∙ പഠനം പൂർത്തിയാക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. എറണാകുളം പെരുമ്പാവൂർ സ്വദേശിനിയായ അനീന പോൾ (24) ആണ് ലണ്ടനിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഈസ്റ്റ് ലണ്ടനിലെ ഇൽഫോഡിലുള്ള താമസ സ്ഥലത്ത് ബുധനാഴ്ച രാത്രി ഭക്ഷണം കഴിക്കുന്നതിനിടെ അപ്രതീക്ഷിതമായി കുഴഞ്ഞു വീണതിനെ തുടർന്നാണ് അനീനയെ കിങ് ജോർജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്റർ ചികിത്സയിൽ കഴിയവെ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം 3.30ന് അന്ത്യം സംഭവിച്ചു.
2024 സെപ്റ്റംബറിൽ മിഡിൽസെക്സ് യൂണിവേഴ്സിറ്റിയിൽ എം.എസ്.സി. അഗ്രികൾച്ചർ കോഴ്‌സിനായി യുകെയിലെത്തിയ അനീനയുടെ പഠനം അവസാനഘട്ടത്തിലായിരുന്നു. പെരുമ്പാവൂർ ഇളമ്പകപ്പിള്ളി പള്ളശ്ശേരി വീട്ടിൽ വറീത് പൗലോസ് – ബ്ലെസ്സി പോൾ ദമ്പതികളുടെ മകളായ അനീന ഒറ്റ പ്രസവത്തിൽ ജനിച്ച മൂന്നു പെൺമക്കളിൽ ഒരാളാണ്. അനീനയ്ക്ക് സഹോദരികളെ കൂടാതെ ഒരു സഹോദരൻ കൂടിയുണ്ട്.. ഭാവിയിലേക്കുള്ള അനീനയുടെ സ്വപ്നങ്ങൾ പൂവണിയാതെയാണ് ദുരന്തം ജീവിതം അർദ്ധത്തിൽ നിർത്തിയത്.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനും കുടുംബത്തെ സഹായിക്കുന്നതിനുമായി ഇൽഫോഡിലെ മലയാളി സംഘടനകൾ സംയുക്തമായി പ്രവർത്തനം ആരംഭിച്ചു. എൽമ, എംഎയുകെ, കൈരളി യുകെ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. ഷിജു സേവ്യർ (പീറ്റർബറോ), ഷാജു പൗലോസ് (വെമ്പ്ളി), അനസ് സലാം, റെജി എബ്രഹാം, ബാസ്റ്റിൻ തുടങ്ങിയവർ ചേർന്നാണ് തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
അനീന പോളിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
20 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ യുകെയിൽ മലയാളി നേഴ്സ് ആൻസി ജോൺ (46) അന്തരിച്ചു. ക്യാൻസർ ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത്. എറണാകുളം മൂവാറ്റുപുഴ കല്ലൂർക്കാട് സ്വദേശിനിയാണ് ആൻസി. കെന്റിലെ മെഡ് വേ എൻഎച്ച്എസ് ട്രസ്റ്റ് ഹോസ്പിറ്റലിൽ നേഴ്സായി ജോലി ചെയ്തു വരികയായിരുന്നു. 2005-ലാണ് ആൻസി യുകെയിൽ എത്തിയത് .
ഭർത്താവ് ഡോ. കെ. പി. പദ്മകുമാർ (തിരുവനന്തപുരം) മകൻ നവീൻ എന്നിവരോടൊപ്പം കെന്റിലെ ഗില്ലിങ്ങാമിലാണ് ആൻസി താമസിച്ചിരുന്നത് . ആറ് വർഷം മുൻപാണ് ആൻസിക്ക് ക്യാൻസർ കണ്ടെത്തിയത് . ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായിരുന്നു . എന്നാൽ കുറച്ച് മാസങ്ങൾക്ക് മുൻപ് രോഗം വീണ്ടും മൂർച്ഛിച്ചു. ജോലി ചെയ്തിരുന്ന അതേ ആശുപത്രിയിൽ തന്നെയാണ് കഴിഞ്ഞ ദിവസം മരണം സംഭവിച്ചത്.
രോഗം തിരിച്ചെത്തിയതിനെ തുടർന്ന് മാതാപിതാക്കളായ മുണ്ടഞ്ചിറ ജോൺ, ലൂസി എന്നിവർ നാട്ടിൽ നിന്ന് യുകെയിലേക്ക് എത്തിയിരുന്നു. അവർ കഴിഞ്ഞ നാലു മാസമായി ആൻസിയോടൊപ്പം ഉണ്ടായിരുന്നു.
സഹോദരങ്ങൾ: ജോൺ മുണ്ടഞ്ചിറ (ഗില്ലിങ്ങാം, യുകെ), സന്ദീപ് ജോൺ (ബാംഗ്ലൂർ).
സംസ്കാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബം അറിയിച്ചു.
ആൻസി ജോണിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ കെന്റ് കൗണ്ടിയിൽ നിന്ന് 50-ൽപ്പരം അഭയാർത്ഥി കുട്ടികളെ കാണാതായതായി എന്ന ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നു. ചെറിയ ബോട്ടുകളിലോ ലോറിയിലോ ഒളിച്ചെത്തിയ ഇവർ എത്തിയതിനു പിന്നാലെ തന്നെ കാണാതാവുകയായിരുന്നു. മിക്ക കുട്ടികളും മനുഷ്യക്കടത്തുകാരുടെ പിടിയിലായിരിക്കാമെന്നാണ് അധികൃതർ സംശയിക്കുന്നത്.

2020 മുതൽ 2025 ഓഗസ്റ്റ് വരെ കൗൺസിലിന്റെ സ്വീകരണകേന്ദ്രങ്ങളിൽ നിന്ന് 213 കുട്ടികളാണ് കാണാതായത്. ഇവരിൽ 182 പേരെ കണ്ടെത്തിയെങ്കിലും 32 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ആൽബേനിയൻ കുട്ടികളാണ് കാണാതാകുന്നവരിൽ ഏറ്റവും കൂടുതലായുള്ളത്. അഫ്ഗാൻ, ഇറാനിയൻ കുട്ടികളും സമാനമായ രീതിയിൽ കാണാതാകുന്നുണ്ട് . ഹോം ഓഫീസിന്റെ ഹോട്ടലുകളിൽ നിന്നും മാത്രമായി 132 കുട്ടികൾ കാണാതായിരുന്നു. അവരിൽ 24 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഒരു കുട്ടിയെ പോലും കാണാതാകുന്നത് തന്നെ നമ്മുടെ പരാജയമാണ് എന്ന് ഇസ്ലിംഗ്ടൺ ലോ സെൻട്രിലെ അഭിഭാഷക എസ്മെ മാഡിൽ പറഞ്ഞു. കുട്ടികൾ ഭീകരമായ പീഡനങ്ങൾ നേരിടുന്നുണ്ടെന്നും ഭക്ഷണം നിഷേധിക്കപ്പെടുകയോ ലൈംഗിക പീഡനത്തിനിരയാകുകയോ ചെയ്യുന്ന സാഹചര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി. ‘എവരി ചൈൽഡ് പ്രൊട്ടക്റ്റഡ് അഗെയിൻസ്റ്റ് ട്രാഫിക്കിങ് യു.കെ.’യുടെ സിഇഒ പാട്രിഷ്യ ഡർ കുട്ടികളുടെ സുരക്ഷയെ മുൻഗണനയായി കാണണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബർമിംഗ്ഹാം വിമാനത്താവളത്തിൽ തായ്‌ലൻഡിൽ നിന്ന് 22 സ്യൂട്ട്കേസുകളിലായി കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പൊലീസ് പിടികൂടി. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് 21 മുതൽ 35 വയസുവരെയുള്ള 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ വിപണിവില 14 മില്യൺ പൗണ്ടിനടുത്താണെന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വന്നിരിക്കുന്നത് . ഇവർ പാരീസ് ചാൾസ് ഡിഗോൾ വിമാനത്താവളം വഴി യുകെയിലേക്കാണ് എത്തിയതെന്ന് നാഷണൽ ക്രൈം ഏജൻസി (എൻസിഎ) അറിയിച്ചു.

കഴിഞ്ഞ ആഗസ്റ്റിൽ സമാനമായ സാഹചര്യത്തിൽ അര ടണ്ണിലധികം കഞ്ചാവ് പിടികൂടിയിരുന്നു . അന്ന് പിടിയിലായ ഒൻപത് പേരെ ബർമിംഗ്ഹാം മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ, നവംബർ 28-ന് ബർമിംഗ്ഹാം ക്രൗൺ കോടതിയിൽ വീണ്ടും ഹാജരാകാൻ ജാമ്യത്തിൽ വിടുകയായിരുന്നു . മയക്കുമരുന്ന് ഇറക്കുമതി നടത്തിയതായി സംശയിക്കുന്ന ആറ് പേരെ ലൂട്ടണിലും നോർത്ത് ലണ്ടനിലുമുള്ള സ്ഥലങ്ങളിൽ നിന്ന് പിടികൂടിയെങ്കിലും കൂടുതൽ പേർക്കായി അന്വേഷണം തുടരുകയാണ്.

കഴിഞ്ഞ വർഷം താരതമ്യേന ബ്രിട്ടനിലേക്ക് വിമാന മാർഗം കഞ്ചാവ് കടത്താനുള്ള ശ്രമങ്ങൾ മൂന്നു മടങ്ങ് വർധിച്ചിട്ടുണ്ടെന്ന് എൻസിഎ അറിയിച്ചു. തായ്‌ലൻഡ്, കാനഡ, മയക്കുമരുന്ന് നിയമപരമായി കൃഷി ചെയ്യുന്ന അമേരിക്കൻ ഭാഗങ്ങൾ എന്നിവയാണ് പ്രധാന ഉറവിടങ്ങൾ. മുൻ ആഴ്‌സണൽ താരം ജയ് ഇമ്മാനുവൽ തോമസ് തായ്‌ലൻഡിൽ നിന്ന് കഞ്ചാവ് കടത്താൻ ശ്രമിച്ചതിന് നാല് വർഷത്തെ തടവിന് വിധിക്കപ്പെട്ടതും ബ്രിട്ടീഷ് വിദ്യാർത്ഥിനി ബെല്ല കുല്ലി ജോർജിയയിൽ കഞ്ചാവുമായി പിടിയിലായത് അടക്കം ഒട്ടേറെ സമാന കേസുകൾ കഴിഞ്ഞ മാസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കാംബ്രിഡ്ജിന് സമീപം ഹണ്ടിംഗ്ടൺ സ്റ്റേഷനിലേക്കുള്ള ട്രെയിനിൽ ഉണ്ടായ കത്തി ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . ഡോൺകാസ്റ്ററിൽ നിന്നു ലണ്ടൻ കിങ്സ് ക്രോസിലേക്കുള്ള എൽ.എൻ.ഇ.ആർ (LNER) ട്രെയിനിലായിരുന്നു സംഭവം. ശനിയാഴ്ച രാത്രി 7.39ഓടെ പൊലീസ് ട്രെയിൻ നിർത്തിച്ച് രണ്ടുപേരെ അറസ്റ്റ് ചെയ്തു.

സംഭവസ്ഥലത്ത് നിരവധി ആംബുലൻസുകളും ഹെസാർഡസ് ഏരിയ റെസ്പോൺസ് ടീമും അടക്കം വലിയ തോതിൽ രക്ഷാപ്രവർത്തനം നടന്നുവരുകയാണ് . പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് ആംബുലൻസ് സർവീസ് അറിയിച്ചു. യാത്രക്കാരുടെ മൊഴിപ്രകാരം, ഒരാൾ എനിക്ക് കുത്തേറ്റു എന്നു വിളിച്ച് മുന്നറിയിപ്പ് നൽകുന്ന ദൃശ്യങ്ങൾ കണ്ടതായി പറയുന്നു.

പ്രതിയെ പോലീസ് ടേസർ ഉപയോഗിച്ച് പിടികൂടി. വളരെ ആശങ്കാജനകമായത് ആണ് സംഭവിച്ചത് എന്ന് പ്രധാനമന്ത്രി കീർ സ്റ്റാർമർ പറഞ്ഞു . ആഭ്യന്തര മന്ത്രിയും പ്രതിപക്ഷ നേതാക്കളും പരിക്കേറ്റവർക്ക് ആശ്വാസം അറിയിക്കുകയും, സംഭവത്തെ കുറിച്ച് അനാവശ്യമായ അഭ്യൂഹങ്ങൾ പരത്തരുതെന്ന് പൊതുജനത്തോട് ആവശ്യപ്പെടുകയും ചെയ്തു. ഹണ്ടിംഗ്ടൺ സ്റ്റേഷൻ ഇപ്പോൾ അടച്ചിരിക്കുകയാണ്. ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിയതായി നാഷണൽ റെയിൽ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോട്ടിംഗ്ഹാം ∶ മാന്‍സ്ഫീല്‍ഡില്‍ താമസിച്ചിരുന്ന എറണാകുളം സ്വദേശി സെബിന്‍ രാജ് വര്‍ഗീസിനെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 42 വയസായിരുന്നു പ്രായം . ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം നടന്നത്. വീട്ടിലെത്തിയ ഭാര്യ റെയ്‌സ വാതില്‍ തുറന്നപ്പോഴാണ് കട്ടിലില്‍ മരിച്ച നിലയില്‍ കിടക്കുന്ന സെബിനെ കണ്ടെത്തിയത്.
വീട്ടില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്ന സാഹചര്യത്തില്‍ ഭാര്യയും രണ്ട് മക്കളും അടുത്തുള്ള മറ്റൊരു വീട്ടില്‍ താമസിച്ചു വരികയായിരുന്നു. സെബിന്‍ രാജ് ഒറ്റയ്ക്കായിരുന്നു താമസം. ഭാര്യയും മക്കളും രാവിലെ ജോലിക്ക് പോകുന്നതിനുമുമ്പ് അദ്ദേഹത്തെ കാണാനെത്തിയപ്പോഴാണ് ദുരന്തം മനസ്സിലായത്.
ഭാര്യ ∶ റെയ്‌സ സെബിന്‍. മക്കള്‍ ∶ അനേയ സെബിന്‍, അലോസ സെബിന്‍. സഹോദരങ്ങള്‍ ∶ ഫാ. പോള്‍ കൊടിയന്‍, ട്രീസ വര്‍ഗീസ്. പൊതു ദർശനത്തിന്റെയും മൃതസംസ്കാരത്തിന്റെയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
സെബിന്‍ രാജ് വര്‍ഗീസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.