ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗാസയിലെ കൂടുതൽ കുട്ടികൾക്ക് വൈദ്യസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ യുകെ ആരംഭിച്ചു. ഇതിൻറെ ഭാഗമായി ഗുരുതരമായി രോഗബാധിതരായ അല്ലെങ്കിൽ പരിക്കേറ്റ കുട്ടികളെ ഗാസയിൽ നിന്ന് മാറ്റി വൈദ്യചികിത്സയ്ക്കായി യുകെയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കുമെന്ന് സർക്കാർ അറിയിച്ചു. എത്ര കുട്ടികൾക്ക് വൈദ്യസഹായം ലഭ്യമാകും എന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. എന്നിരുന്നാലും 300 യുവാക്കൾക്ക് വരെ സൗജന്യ വൈദ്യചികിത്സ ലഭിക്കാനായി യുകെയിൽ പ്രവേശിക്കാൻ സർക്കാർ അനുമതി നൽകുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രൊജക്റ്റ് പ്യുവർ ഹോപ്പിന്റെ ഒരു സംരംഭത്തിലൂടെ ഗാസായിലെ ചില കുട്ടികളെ ഇതിനകം സ്വകാര്യമായി യുകെയിലേക്ക് വൈദ്യചികിത്സയ്ക്കായി കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ സംഘർഷത്തിനിടയിൽ സർക്കാർ ഇതുവരെ സ്വന്തം പദ്ധതിയിലൂടെ ആരെയും ഒഴിപ്പിച്ചിട്ടില്ല. അടിയന്തര വൈദ്യസഹായം ആവശ്യമുള്ള കുട്ടികളെ ഗാസയിൽ നിന്ന് ഒഴിപ്പിക്കുക എന്നതാണ് പദ്ധതിയെന്ന് ഞായറാഴ്ച ഒരു സർക്കാർ വക്താവ് പറഞ്ഞു. കഴിയുന്നത്ര വേഗത്തിൽ അത് ചെയ്യാൻ ഞങ്ങൾ വേഗത്തിൽ പ്രവർത്തിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2023 ഒക്ടോബറിൽ ഗാസയിൽ യുദ്ധം ആരംഭിച്ചതിനുശേഷം 50,000-ത്തിലധികം കുട്ടികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട് എന്നാണ് യുഎൻ ചാരിറ്റിയായ യൂണിസെഫ് പുറത്തുവിട്ട കണക്കുകൾ കാണിക്കുന്നത് .
ജൂലൈ അവസാനം പ്രസിദ്ധീകരിച്ച ഒരു വിദേശകാര്യ കമ്മിറ്റി റിപ്പോർട്ടിലാണ് ഗാസയിലെ കുട്ടികൾക്ക് വൈദ്യസഹായം എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സർക്കാർ വിശദമാക്കിയത്. യാത്രാ പെർമിറ്റുകൾ, മെഡിക്കൽ വിസകൾ, യുകെയിലേക്കുള്ള സുരക്ഷിത ഗതാഗതം എന്നിവ ഏകോപിപ്പിക്കുക, കുട്ടികൾക്ക് ഗാസയിൽ ലഭ്യമല്ലാത്ത പ്രത്യേക പരിചരണം നൽകുക എന്നിവയൊക്കെയാണ് നടപ്പിലാക്കുമെന്ന് റിപ്പോർട്ടിൽ പറയുന്ന പ്രധാന കാര്യങ്ങൾ . ഗുരുതരമായ വൈദ്യസഹായം ആവശ്യമുള്ള കുട്ടികളെ ഒഴിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ വേഗത്തിലാക്കാനുള്ള നടപടി സ്വീകരിച്ചതായി ഈ വിഷയത്തിൽ പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ പറഞ്ഞു. സർക്കാർ പദ്ധതിയുടെ ഭാഗമായി ഓരോ കുട്ടിക്കും ഒരു രക്ഷിതാവ് അനുഗമിക്കേണ്ടതുണ്ട്. അവർ യാത്ര ചെയ്യുന്നതിന് മുമ്പ് ഹോം ഓഫീസ് ബയോമെട്രിക്, സുരക്ഷാ പരിശോധനകൾ നടത്തും. സ്വമേധയാ സേവനം നൽകുന്ന മെഡിക്കൽ പ്രൊഫഷണലുകൾ ഉൾപ്പെടുന്ന ബ്രിട്ടീഷ് സംഘടനയായ പ്രോജക്റ്റ് പ്യുർ ഹോപ്പ് ഇതുവരെ മൂന്ന് കുട്ടികളെ ചികിത്സയ്ക്കായി യുകെയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജൂണിൽ ഉണ്ടായ എയർ ഇന്ത്യ വിമാന ദുരന്തം അത്രപെട്ടെന്ന് ആർക്കും മറക്കാൻ സാധിക്കാത്ത ഒന്നാണ്. ഗുജറാത്തിലെ അഹമ്മദാബാദ് സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ 171 വിമാനം പറന്നുയർന്ന ഉടൻ തകർന്നു വീഴുകയായിരുന്നു. ബോയിങ് 787-8 ഡ്രീംലൈനർ വിഭാഗത്തിൽ പെട്ട വിമാനത്തിൽ 130 യാത്രക്കാരും 12 ജീവനക്കാരുമായി 242 യാത്രക്കാരുണ്ടായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഒരാൾ ഒഴികെ ബാക്കി ഉള്ളവർക്ക് ജീവൻ നഷ്‌ടമാവുകയും ചെയ്‌തു.
കഴിഞ്ഞ ദിവസം വിമാനം തകർന്ന് വീണതിനെ തുടർന്ന് ജീവൻ നഷ്ടമായവരെ അനുസ്മരിക്കാൻ വെംബ്ലിയിൽ ഒരു അനുസ്‌മരണ ചടങ്ങ് നടത്തപ്പെട്ടു. 130-ലധികം പേർ ചടങ്ങിൽ പങ്കെടുത്തു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഒരുമിച്ച് കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് ചടങ്ങുകൾ നടത്തപ്പെട്ടത്. അപകടത്തിൽ മരിച്ച തന്റെ മാതാപിതാക്കളായ അശോകിനെയും ശോഭന പട്ടേലിനെയും ആദരിക്കുന്നതിനായി മിതൻ പട്ടേൽ സത്താവിസ് പട്ടീദാർ സെന്ററിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.
യുകെയിലും ഇന്ത്യയിലുമുള്ള നിരവധി കുടുംബങ്ങളുടെ ജീവിതത്തിൽ എയർ ഇന്ത്യ ദുരന്തം വലിയൊരു ശൂന്യതായാണ് കൊണ്ടുവന്നിരിക്കുന്നത്. തങ്ങളുടെ പ്രിയപെട്ടവരെ നഷ്‌ടമായ വേദനയിൽ നിന്ന് പലരും കരകയറിയിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തരത്തിൽ നടത്തപ്പെടുന്ന അനുസ്‌മരണ ചടങ്ങുകൾ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒത്തുചേരാനും, മരിച്ചവരുടെ ഓർമ്മകളെ ആദരിക്കാനും, തമ്മിൽ ആശ്വാസം തേടാനും ഏറെ സഹായകരമാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലേക്ക് അടുത്ത് ഫ്ലോറിസ് കൊടുങ്കാറ്റ്. 2024-25 കാലയളവിലെ യുകെയിൽ ആഞ്ഞടിക്കുന്ന ആറാമത്തെ കൊടുങ്കാറ്റാണിത്. മോശം കാലാവസ്ഥയെ തുടർന്ന് സ്‌കോട്ട് ലൻഡിന്റെ മിക്ക ഭാഗങ്ങളിലും ആംബർ വാണിംഗുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ രാവിലെ 10 മുതൽ രാത്രി 10 വരെ ആംബർ വാണിംഗ് നിലവിലുണ്ട്. ശക്തമായ കാറ്റുള്ളതിനാൽ കെട്ടിടങ്ങൾക്കും മരങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
നോർത്തേൺ ഇംഗ്ലണ്ട്, നോർത്ത് വെയിൽസ്, നോർത്തേൺ അയർലൻഡ് സ്കോട്ട് ലൻഡ് തുടങ്ങിയ പ്രദേശങ്ങളിൽ ഇന്ന് രാവിലെ ആറു മണി മുതൽ യെല്ലോ വാണിംഗ് പ്രാബല്യത്തിൽ ഉണ്ട്. ഇന്ന് രാത്രിയോടെ കൊടുങ്കാറ്റ് കൂടുതൽ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചിട്ടുണ്ട്. സ്കോട്ട് ലൻഡിലെ ഉൾനാടൻ പ്രദേശങ്ങളിൽ മണിക്കൂറിൽ 50 മുതൽ 70 മൈൽ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. അതേസമയം തുറന്ന തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 80 മുതൽ 90 മൈൽ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട് എന്നും അധികൃതർ അറിയിച്ചു.
നാളെ ഉച്ചകഴിഞ്ഞ് സ്കോട്ട് ലൻഡിന്റെ പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റ് വീശുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈകിട്ടോടെ കാറ്റ് അബർഡീൻഷെയറിലേക്ക് നീങ്ങും. കൊടുങ്കാറ്റ് വീശുന്ന പ്രദേശങ്ങളിൽ വൈദ്യുതി തടസ്സം, കനത്ത മഴ, വെള്ളപ്പൊക്കം എന്നിവയ്ക്കും സാധ്യതയുണ്ട്. വേഗത നിയന്ത്രണങ്ങൾ, കാലതാമസം, ട്രെയിൻ സർവീസുകളുടെ റദ്ദാക്കലുകൾ എന്നിവയെ കുറിച്ച് നാഷണൽ റെയിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതുവരെ യുകെയിൽ ഓഗസ്റ്റ് മാസം ആഞ്ഞടിച്ചിട്ടുള്ള കൊടുങ്കാറ്റുകൾ എല്ലാം തന്നെ വൻ തോതിലുള്ള നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. സ്റ്റോം ലിലിയൻ (ഓഗസ്റ്റ് 2024), സ്റ്റോം ആന്റണി, സ്റ്റോം ബെറ്റി (ഓഗസ്റ്റ് 2023), സ്റ്റോം എല്ലെൻ, ഫ്രാൻസിസ് (ഓഗസ്റ്റ് 2020) എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ സോഷ്യൽ മീഡിയയിൽ നിയമവിരുദ്ധമായി ചാനൽ കടക്കുന്നതിനെയോ വ്യാജ പാസ്പോർട്ടുകൾ എടുക്കുന്നതിനെയോ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ നൽകുന്നവർക്ക് പുതിയ നിയമപ്രകാരം 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കും. ചെറിയ ബോട്ടുകൾ വഴി അനധികൃതമായി യുകെയിൽ കുടിയേറുന്ന 80 % കുടിയേറ്റക്കാരും ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി നിയമവിരുദ്ധ സംഘങ്ങളുമായി ബന്ധപ്പെട്ടുവെന്ന വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് സർക്കാരിൻറെ പുതിയ നീക്കം.
അനധികൃത കുടിയേറ്റത്തെ സഹായിക്കുക എന്നത് കുറ്റകരമാണ്. അതുകൊണ്ട് ഓൺലൈൻ വഴി ഇതിനെ പ്രോത്സാഹിപ്പിക്കുന്ന പ്രമോഷനുകൾ നൽകുന്നവരെ ലക്ഷ്യമിട്ടാണ് സർക്കാർ പുതിയ നിയമം അവതരിപ്പിച്ചിരിക്കുന്നത്. കള്ളക്കടത്ത് തുടങ്ങി അനധികൃത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘങ്ങളെ പിടികൂടാനും പോലീസിന് കൂടുതൽ അധികാരം നൽകാനുമാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്.
2025 – ൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം, 25,000 ൽ അധികം ആളുകൾ ചെറിയ ബോട്ടുകളിലായി രാജ്യത്ത് അനധികൃതമായി പ്രവേശിച്ചിട്ടുണ്ട്. പുതിയ നിയമം പാർലമെൻറ് തയ്യാറാക്കുന്ന അതിർത്തി, സുരക്ഷ, കുടിയേറ്റ ബില്ലിൽ ഉൾപ്പെടുത്തും. കഴിഞ്ഞ വർഷം മാത്രം, ടെക്ക് കമ്പനികളുമായി ചേർന്ന് സർക്കാർ 8000 – ലധികം നിയമവിരുദ്ധ പോസ്റ്റുകളാണ് നീക്കം ചെയ്തത്. സർക്കാർ പുതിയ നിയമ നടപടികൾ സ്വീകരിച്ചപ്പോഴും ഈ ശ്രമങ്ങൾ എല്ലാം വൈകിപ്പോയതായുള്ള വിമർശനങ്ങളും പൊങ്ങി വരുന്നുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബറിയിലെ മാർക്കറ്റ് സ്ട്രീറ്റിലെ പവർ ലിഗ് ഫുട്ബോൾ കോമ്പൗണ്ടിൽ 19 വയസ്സുകാരൻ കുത്തേറ്റു മരിച്ചു. ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് നൽകിയ വിവരങ്ങൾ അനുസരിച്ച് വെള്ളിയാഴ്ച രാത്രി 9 മണിക്കാണ് കൊലപാതകം നടന്നത്. ഒന്നിലധികം കുത്തേറ്റതിനെ തുടർന്നുള്ള പരിക്കുകൾക്ക് പിന്നാലെയാണ് ഇരയ്ക്ക് ജീവൻ നഷ്ടമായത്. ആക്രമണത്തിന് പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ആക്രമണം 19 കാരനായ ഇരയെ ലക്ഷ്യമിട്ടു നടന്നതാണെന്നും പൊതുജനങ്ങൾക്ക് ഭീഷണിയില്ലെന്നും പോലീസ് അറിയിച്ചു. അന്വേഷണത്തിന് സഹായകരമാകുന്ന വിവരങ്ങൾ അറിയാവുന്നവർ പോലീസ് സേനയുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ജി എം പി മേജർ ഇൻസിഡന്റ് ടീമിലെ ഡിറ്റക്റ്റീവ് ചീഫ് ഇൻസ്പെക്ടർ ജോൺ ചാൾട്ടൺ ഇരയുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം രേഖപ്പെടുത്തി. അന്വേഷണത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ പോലീസ് പ്രദേശത്ത് ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സിഖു വംശജരെ അടിച്ചമർത്തുന്നതായുള്ള യുകെ പാർലമെൻററി പാനലിന്റെ റിപ്പോർട്ട് ഇന്ത്യൻ സർക്കാർ തള്ളി. അടിച്ചമർത്തലിൽ ഏർപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ആണ് ബ്രിട്ടീഷ് പാർലമെൻററി പാനൽ ഇന്ത്യയെ ഉൾപ്പെടുത്തിയത്. ആരോപണങ്ങൾ സംശയാസ്പദമായ ഉറവിടങ്ങളിൽ നിന്നാണെന്ന് ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. ബ്രിട്ടീഷ് പാർലമെന്റിന്റെ മനുഷ്യാവകാശങ്ങൾക്കായുള്ള സംയുക്ത സമിതിയുടെ റിപ്പോർട്ട് ജൂലൈ 30 – നാണ് പ്രസിദ്ധീകരിച്ചത്.
യുകെയിൽ അന്തർദേശീയ അടിച്ചമർത്തലിൽ ഏർപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ബഹ്‌റൈൻ, ചൈന, ഈജിപ്ത്, എറിത്രിയ, ഇറാൻ, പാകിസ്ഥാൻ, റഷ്യ, റുവാണ്ട, സൗദി അറേബ്യ, തുർക്കി, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയ്‌ക്കൊപ്പം ആണ് ഇന്ത്യയെ ഉൾപ്പെടുത്തിയത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം ഇന്ത്യയിൽ നിരോധിച്ച ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്‌എഫ്‌ജെ)യും യുകെ ആസ്ഥാനമായുള്ള മറ്റ് സിഖ് ഗ്രൂപ്പുകളും റിപ്പോർട്ടിൽ ഇന്ത്യയുമായി ബന്ധപ്പെട്ട തെളിവുകൾ നൽകിയിരുന്നു. ഒളിച്ചോടിയവർക്കായി റെഡ് നോട്ടീസ് പുറപ്പെടുവിക്കുന്ന ഇന്റർപോളിന്റെ സംവിധാനം രാഷ്ട്രീയ കാരണങ്ങളാൽ ഇന്ത്യ ദുരുപയോഗം ചെയ്യുന്നതായി ആരോപിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലെസ്റ്റർ ഷെയറിലെ ഒരു സമ്മർ ക്യാമ്പിൽ കുട്ടികളുടെ മധുരപലഹാരങ്ങളിൽ മയക്കുമരുന്ന് ചേർത്തുവെന്ന ആരോപണത്തിൽ 76 വയസ്സുകാരനായ പ്രതിയെ കസ്റ്റഡിയിൽ വിട്ട് കോടതി. സ്റ്റാതേൺ ഗ്രാമത്തിലെ സ്റ്റാതേൺ ലോഡ്ജിലാണ് സംഭവം നടന്നത്. സംഭവത്തിൽ എട്ട് കുട്ടികളെയും ഒരു മുതിർന്നയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരെയെല്ലാം പിന്നീട് ഡിസ്ചാർജ് ചെയ്തു.
നോട്ടിംഗ്ഹാം ഷെയറിലെ റഡിംഗ്ടണിലെ ലാൻഡ്മെയർ ലെയ്നിൽ താമസിക്കുന്ന ജോൺ റൂബന് കുട്ടികളോട് മോശമായി പെരുമാറിയതിനാണ് ശിക്ഷ ലഭിച്ചത്. അന്വേഷണത്തിൽ പ്രതി മൂന്ന് ആൺകുട്ടികളെ ഉപദ്രവിച്ചതായാണ് കണ്ടെത്തിയത് . ജൂലൈ 25നും 29നും ഇടയിലാണ് കുറ്റകൃത്യം നടന്നത്. ലെസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ശനിയാഴ്ച നടന്ന കോടതി വാദത്തിൽ പ്രതി കുറ്റാരോപണങ്ങൾ നിഷേധിച്ചിരുന്നു.
കുട്ടികളെ അറിഞ്ഞുകൊണ്ട് ഉപദ്രവിക്കുക, മോശമായി പെരുമാറുക തുടങ്ങിയ കുറ്റങ്ങളാണ് ജോൺ റൂബന് എതിരെ ചുമത്തിയിരിക്കുന്നത്. സമ്മർ ക്യാമ്പിലെ കുട്ടികൾക്ക് അസുഖം ബാധിച്ചതായി ഞായറാഴ്ച ലഭിച്ച റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. എട്ടിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികളാണ് രോഗബാധിതരായത്. ആരോഗ്യനില മോശമായതിന് പിന്നാലെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഓഗസ്റ്റ് 29 ന് റൂബനെ ലെസ്റ്റർ ക്രൗൺ കോടതിയിൽ ഹാജരാക്കും. അതേസമയം പരാതിക്ക് പിന്നാലെ പോലീസ് എങ്ങനെ കേസ് കൈകാര്യം ചെയ്തെന്ന് ഇൻഡിപെൻഡൻ്റ് ഓഫീസ് ഫോർ പോലീസ് കൺടക്ട് ( IOPC) അന്വേഷിക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസിൽ വെയിറ്റിംഗ് ലിസ്റ്റിൽ ഉള്ള നല്ലൊരു ശതമാനം ആൾക്കാർക്ക് ആവശ്യമായ പരിചരണം ലഭിക്കുന്നില്ലെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ചികിത്സ ആവശ്യമുള്ള ആറ് ദശലക്ഷം ആളുകളിൽ പകുതിയോളം പേർക്കും വെയിറ്റിംഗ് ലിസ്റ്റിൽ ചേർന്നതിനു ശേഷമുള്ള കൂടുതൽ പരിചരണം ലഭിച്ചിട്ടില്ലെന്നാണ് കണക്കുകൾ കാണിക്കുന്നത്. പുറത്തു വരുന്ന വിവരങ്ങൾ ഇംഗ്ലണ്ടിലെ ആരോഗ്യ സംവിധാനങ്ങളെ കുറിച്ച് കടുത്ത ആശങ്ക ഉളവാക്കുന്നതാണ്.
പരിചരണത്തിനായി കാത്തിരിക്കുന്ന 6.23 ദശലക്ഷം രോഗികളിൽ 2.99 ദശലക്ഷം പേർക്ക് (48%) ഒരു ജിപി റഫർ ചെയ്തതിനുശേഷം ഒരു സ്പെഷ്യലിസ്റ്റിന്റെ ആദ്യ അപ്പോയിന്റ്മെന്റോ ഡയഗ്നോസ്റ്റിക് പരിശോധനയോ നടത്തിയിട്ടില്ല എന്നാണ് എൻഎച്ച്എസ് ഇംഗ്ലണ്ട് കണക്കുകൾ കാണിക്കുന്നത്. കടുത്ത പ്രതിസന്ധി എന്നാണ് ഈ സാഹചര്യത്തെ പേഷ്യന്റ് അസോസിയേഷൻ വിശേഷിപ്പിച്ചത്. 2029 ഓടെ റഫർ ചെയ്ത് 18 ആഴ്ചയ്ക്കുള്ളിൽ 92 ശതമാനം രോഗികൾക്കും ചികിത്സ നൽകുമെന്ന കെയർ സ്റ്റാർമർ സർക്കാരിൻ്റെ വാഗ്ദാനത്തെ സംശയത്തിൻ്റെ നിഴലിൽ നിർത്തുന്നതാണ് പുറത്തുവരുന്ന കണക്കുകൾ. മെയ് മാസത്തിൽ 61 ശതമാനം പേർക്ക് മാത്രമെ കൃത്യസമയത്ത് ചികിത്സ ലഭിച്ചിട്ടുള്ളൂ.
എൻഎച്ച്എസിന്റെ വെയ്റ്റിംഗ് ലിസ്റ്റ് കുതിച്ചുയർന്നതിന്റെ ബുദ്ധിമുട്ടുകൾ രണ്ട് രീതിയിലാണ് യുകെ മലയാളികളെ ബാധിക്കുന്നത്. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് യുകെ മലയാളികളിൽ ഭൂരിഭാഗവും. ആശുപത്രിയിലെ കടുത്ത തിരക്കും വെയിറ്റിംഗ് ലിസ്റ്റും നേഴ്സുമാർക്ക് ഉൾപ്പെടെ നൽകുന്നത് കടുത്ത ജോലി ഭാരമാണ്. കുറഞ്ഞ ജീവനക്കാരുമായി കൂടുതൽ രോഗികളെ പരിചരിക്കേണ്ടി വരുന്നതിന്റെ കടുത്ത സമ്മർദ്ദം പലർക്കും താങ്ങാനാവുന്നതിലും അപ്പുറമാണ്. കേരളത്തിലെ രീതിയനുസരിച്ച് ഒരു ചെറിയ രോഗം വന്നാലുടൻ ഓടി ആശുപത്രികളിൽ പോകുന്ന ശീലമായി യുകെയിലെത്തിയ മലയാളി കുടുംബങ്ങൾ ഉടൻ ചികിത്സ കിട്ടാത്തതിന്റെ ആശങ്കയിലാണ്. അവധി കാലത്ത് കേരളത്തിൽ എത്തുമ്പോൾ ആശുപത്രികളിൽ കേറി ഇറങ്ങി ചികിത്സ തേടുന്ന തിരക്കിലാണ് മലയാളികളിൽ പലരും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
16-ഉം 17-ഉം വയസ്സുള്ളവർക്ക് ലിംഗഭേദം സ്ഥിരീകരിക്കുന്ന ഹോർമോണുകൾ നൽകി ചികിൽസിക്കാൻ അനുമതി നൽകിയ ഇംഗ്ലണ്ടിലെ ആദ്യത്തെ സ്വകാര്യ ക്ലിനിക്കായ ജെൻഡർ പ്ലസ് ഹോർമോൺ ക്ലിനിക്കിന്റെ രജിസ്ട്രേഷനെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ സമർപ്പിച്ച കേസിൽ മുൻ നേഴ്‌സ് സൂസൻ ഇവാൻസും പേര് വെളിപ്പെടുത്താത്ത ഒരു അമ്മയും പരാജയപ്പെട്ടു. ലിംഗഭേദം സ്ഥിരീകരിക്കുന്ന ഹോർമോണുകൾ ഒരു വ്യക്തിയുടെ ശാരീരിക സവിശേഷതകളെ അവരുടെ ലിംഗ വ്യക്തിത്വവുമായി യോജിപ്പിക്കാൻ സഹായിക്കുന്ന മരുന്നുകളാണ്. ഈ ഹോർമോണുകൾ സാധാരണയായി ട്രാൻസ്‌ജെൻഡർ ആളുകൾക്ക് അവരുടെ ചികിത്സയുടെ ഭാഗമായാണ് നൽകുന്നത്.
2020-ൽ ഡോ. ഹിലാരി കാസ് യുകെയിലെ കുട്ടികൾക്കായുള്ള എൻഎച്ച്എസ് ലിംഗ സേവനങ്ങളെ കുറിച്ചുള്ള ഒരു സ്വതന്ത്ര അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണം കാസ് റിവ്യൂ എന്നാണ് അറിയപ്പെടുന്നത്. യുവജനങ്ങൾക്ക് പുബെർട്ടി ബ്ലോക്കറുകളും ഹോർമോണുകളും നൽകുന്നതിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു. കെയർ ക്വാളിറ്റി കമ്മീഷൻ (CQC) ക്ലിനിക് രജിസ്റ്റർ ചെയ്തപ്പോൾ വേണ്ട ശ്രദ്ധ നൽകിയില്ലെന്നും കാസ് അവലോകനത്തിലെ കണ്ടെത്തലുകൾ അനുസരിച്ചുള്ള പുതിയ എൻഎച്ച്എസ് മാർഗ്ഗനിർദ്ദേശങ്ങൾ പരിഗണിക്കാതെ ആണ് ക്ലിനിക് പ്രവർത്തിക്കുന്നതെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടി.
അതേസമയം, കെയർ ക്വാളിറ്റി കമ്മീഷൻ യുക്തിസഹമായാണ് പ്രവർത്തിച്ചതെന്നും രോഗികളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്നും ചൂണ്ടിക്കാട്ടി ജസ്റ്റിസ് ഈഡി ഈ ആരോപണങ്ങൾ നിരസിക്കുകയായിരുന്നു. ലണ്ടൻ, ബർമിംഗ്ഹാം, ലീഡ്സ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ജെൻഡർ പ്ലസ് ഹോർമോൺ ക്ലിനിക്ക്, നിലവിൽ കൗമാരക്കാർക്ക് ഹോർമോൺ ചികിത്സകൾ നൽകാൻ ഇംഗ്ലണ്ടിൽ അനുവദിച്ചിട്ടുള്ള ഏക സ്വകാര്യ ക്ലിനിക്കാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സോൾ ഹൗസ് എന്ന് അറിയപ്പെടുന്ന ഒരു പുരാതന ഈജിപ്ഷ്യൻ കളിമൺ മാതൃകയിൽ 4,000 വർഷം പഴക്കമുള്ള ഒരു അപൂർവ്വ കൈമുദ്ര കണ്ടെത്തി കേംബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷകർ. ഏകദേശം 2055 മുതൽ 1650 ബിസി കാലയളവിലെ എന്ന് കരുതപ്പെടുന്ന ഈ കൈമുദ്ര കളിമണ്ണ് ഉണങ്ങുന്നതിന് മുമ്പ് കുശവൻ ഉപേക്ഷിച്ചതാകാമെന്നാണ് ഗവേഷകർ വിശ്വസിക്കുന്നത്. ഒക്ടോബർ 3 ന് ആരംഭിക്കുന്ന ഫിറ്റ്‌സ്‌വില്യം മ്യൂസിയത്തിൽ നടക്കുന്ന ‘മെയിഡ് ഇൻ ഈജിപ്‌ത്’ എന്ന പ്രദർശനത്തിനുള്ള ഒരുക്കങ്ങൾക്കിടെയാണ് ഈ കണ്ടെത്തൽ.
സോൾ ഹൗസസ് കെട്ടിടങ്ങളുടെ ആകൃതിയിലുള്ള കളിമൺ മാതൃകകളാണ്. ശവകുടീരങ്ങളിൽ അർപ്പണ ട്രേകളായോ മരിച്ചവരുടെ ആത്മാക്കൾക്കുള്ള പ്രതീകാത്മക ഭവനങ്ങളായോ ഇവ ഉപയോഗിച്ചിരുന്നു. പുരാതന ഈജിപ്ഷ്യൻ കലാസൃഷ്ടികളിൽ ചിലപ്പോൾ വിരലടയാളങ്ങൾ കാണാറുണ്ടെങ്കിലും ഈ കാലഘട്ടത്തിലെ ആദ്യത്തെ പൂർണ്ണമായ കൈയടയാളമാണിതെന്ന് ഗവേഷകർ പറയുന്നു.
പുരാതന ഈജിപ്ഷ്യൻ കലാരൂപങ്ങളുടെ പലപ്പോഴും അവഗണിക്കപ്പെടുന്ന നിർമ്മാതാക്കളിലാണ് പ്രദർശനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുരാതന ഈജിപ്തിൽ മൺപാത്രങ്ങൾ സാധാരണയായി ഉപയോഗിച്ചിരുന്നു. ഇതിൽ നിരവധി സെറാമിക് വസ്തുക്കൾ പിന്നീട് കണ്ടെത്തിയെങ്കിലും ഇവ നിർമ്മിച്ചവരെ കുറിച്ചുള്ള വിവരങ്ങൾ വളരെ കുറവാണ്. ടീച്ചിങ് ഓഫ് ഖെറ്റ് എന്നറിയപ്പെടുന്ന പുസ്‌തകത്തിൽ കുശവന്മാരെ പന്നികളുമായി ആണ് താരതമ്യം ചെയ്‌തിരിക്കുന്നത്. ഇതുമൂലം ജോലിയുടെ സ്വഭാവം കാരണം അവർക്ക് താഴ്ന്ന സാമൂഹിക പദവി ഉണ്ടായിരുന്നുവെന്നാണ് ഗവേഷകർ പറയുന്നത്.