ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചെറു ബോട്ടുകളിൽ യുകെയിൽ എത്തിയ 100 – ലധികം അനധികൃത കുടിയേറ്റക്കാരെ കസ്റ്റഡിയിൽ എടുത്തതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇവരെ വൺ ഇൻ വൺ ഔട്ട് പദ്ധതി പ്രകാരം ഫ്രാൻസിലേയ്ക്ക് മാറ്റുമെന്ന് സർക്കാർ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച കാലാവസ്ഥ അനുകൂലമായതിനാൽ 200 ലധികം പേർ ചാനൽ കടന്ന് ചെറിയ ബോട്ടുകളിൽ ബ്രിട്ടനിലേയ്ക്ക് കടന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അനധികൃതമായി യുകെയിൽ എത്തുന്നവരെ ഫ്രാൻസിലേയ്ക്ക് തിരിച്ചയക്കുമ്പോൾ യുകെയിലേയ്ക്ക് വരാൻ നിയമപരമായി സാധുതയുള്ളവർ തിരിച്ച് എത്തുന്നുണ്ട്. അതായത് വൺ ഇൻ വൺ ഔട്ട് പദ്ധതി പ്രകാരം തത്വത്തിൽ കുടിയേറ്റക്കാരുടെ എണ്ണം കുറയുന്നില്ല . അനധികൃത കുടിയേറ്റം രാജ്യത്ത് കൂടുന്നതിനെ കുറിച്ച് കടുത്ത വിമർശനമാണ് ലേബർ സർക്കാർ അഭിമുഖീകരിക്കുന്നത്. രാജ്യത്തിൻ്റെ വ്യവസ്ഥാപിത കുടിയേറ്റ നയങ്ങൾക്കെതിരെ ശക്തമായ വാദമുഖങ്ങളുമായി റിഫോം യുകെ നേതാവ് നിഗൽ ഫാരേജ് രംഗത്ത് വന്നിരുന്നു.
അനധികൃത കുടിയേറ്റത്തിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി ഇവരെ പാർപ്പിച്ചിരിക്കുന്ന അഭയാർത്ഥി ഹോട്ടലുകൾക്ക് പുറത്ത് പ്രതിഷേധക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലുകൾ മാധ്യമങ്ങളിൽ സ്ഥിരം വാർത്തയാണ്. എസെക്സിലെ ബെൽ ഹോട്ടൽ ഇത്തരത്തിൽ നിരവധി പ്രതിഷേധങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. അഭയാർത്ഥികളെ ബെൽ ഹോട്ടലിൽ താമസിപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ നിന്ന് കൗൺസിൽ അധികാരികൾ. വിധി സമ്പാദിച്ചിതാണ് സർക്കാരിനെ പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നത്. പട്ടണത്തിൽ 14 വയസ്സുള്ള ഒരു പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇവിടെ താമസിക്കുന്ന ഒരു അഭയാർത്ഥിക്കെതിരെ കുറ്റം ചുമത്തിയതിനെ തുടർന്ന് സമീപ ആഴ്ചകളിൽ ആയിരക്കണക്കിന് ആളുകൾ ഹോട്ടലിന് സമീപം പ്രതിഷേധിച്ചിരുന്നു . സിറിയൻ പൗരനായ മുഹമ്മദ് ഷർവാർഖ് (32) ആണ് രണ്ടാഴ്ച മുമ്പ് അറസ്റ്റിലായത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ തൊഴിൽ വിപണിയിൽ ജോലി ഒഴിവുകൾ കുറയുന്നതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ (ഒഎൻഎസ്) പുതിയ ഡേറ്റകൾ പറയുന്നു. മെയ് മുതൽ ജൂലൈ വരെയുള്ള കാലയളവിൽ തൊഴിൽ ഒഴിവുകൾ 5.8% കുറഞ്ഞ് 718,000 ആയി. 2021 ന്റെ തുടക്കത്തിൽ രാജ്യം കോവിഡ് മഹാമാരിയിൽ നിന്ന് കരകയറിയതിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. ശമ്പളപ്പട്ടികയിലുള്ള ആളുകളുടെ എണ്ണത്തിലും നേരിയ ഇടിവ് സംഭവിച്ചിട്ടുണ്ട്, ജൂൺ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ 8,000 ജീവനക്കാരുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തൊഴിലില്ലായ്മ നിരക്ക് 4.7% ൽ തന്നെ തുടരുകയാണ്. രാജ്യവ്യാപകമായി 30 ദശലക്ഷത്തിലധികം തൊഴിലാളികളെ ശമ്പളപ്പട്ടിക ഇപ്പോഴും ഉൾക്കൊള്ളുന്നുണ്ടെന്ന് മുൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നയരൂപീകരണ വിദഗ്ദ്ധൻ ആൻഡ്രൂ സെന്റൻസ് ചൂണ്ടിക്കാട്ടി. ബിസിനസ് ചെലവുകളിലെ സമീപകാല വർദ്ധനവാണ് തൊഴിൽ ഒഴിവുകളിലെ ഈ കുറവിന് കാരണമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
ഏപ്രിലിൽ, നാഷണൽ ലിവിംഗ് വേജ് മണിക്കൂറിൽ £11.44 ൽ നിന്ന് £12.21 ആയി ഉയർന്നിരുന്നു. അതേസമയം തൊഴിലുടമകളുടെ നാഷണൽ ഇൻഷുറൻസ് സംഭാവനകൾ 13.5% ൽ നിന്ന് 15% ആയി വർദ്ധിച്ചിട്ടുണ്ട്. ഊർജ്ജ, ഭക്ഷ്യ ചെലവുകളുടെ വർദ്ധനവും ബിസിനസുകളിൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. പല സ്ഥാപനങ്ങളും ജീവനക്കാരുടെ എണ്ണത്തിൽ വെട്ടികുറയ്ക്കലുകൾ നടത്തിയിട്ടുണ്ട്. ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ മേഖലകളിലാണ് ശമ്പളപ്പട്ടികയിലെ കുറവ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നതെന്ന് പഠനം പറയുന്നു. വർദ്ധിച്ച് വരുന്ന ചിലവുകളുടെ സാഹചര്യത്തിൽ കമ്പനികൾ ജാഗ്രത പാലിക്കുന്നുണ്ടെങ്കിലും വലിയ തോതിലുള്ള വെട്ടികുറയ്ക്കലുകൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഓവേറിയൻ ക്യാൻസർ നേരത്തെ കണ്ടെത്തുന്നതിനുള്ള സാങ്കേതികവിദ്യ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത് ഈ രോഗത്തിൻറെ ചികിത്സയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. വേൾഡ് ക്യാൻസർ റിസർച്ച് ഫണ്ടിന്റെ കണക്കുകൾ പ്രകാരം എല്ലാവർഷവും 300,000 ലധികം സ്ത്രീകൾക്കാണ് അണ്ഡാശയ ക്യാൻസർ തിരിച്ചറിയുന്നത്. ഇവരിൽ ഭൂരിഭാഗവും 50 വയസ്സിന് മുകളിലുള്ളവരാണ്. രോഗനിർണ്ണയം വളരെ വൈകി തിരിച്ചറിയുന്നു എന്നത് രോഗ ചികിത്സയിൽ വൻ പ്രതിസന്ധിയാണ് തീർക്കുന്നത്.
എന്നാൽ മാഞ്ചസ്റ്റർ, കൊളറാഡോ സർവകലാശാലകളുടെ നേതൃത്വത്തിൽ നടത്തിയ ഒരു പഠനം രക്ത പരിശോധനയിലൂടെ തുടക്കത്തിൽ തന്നെ രോഗനിർണ്ണയം സാധ്യമാക്കാനുള്ള വഴികളാണ് തുറന്നിരിക്കുന്നത്. അമേരിക്കൻ അസോസിയേഷൻ ഓഫ് ക്യാൻസർ റിസർച്ച് ജേർണലായ ക്യാൻസർ റിസർച്ച് കമ്മ്യൂണിക്കേഷൻസിൽ ആണ് ഇത് സംബന്ധിച്ച ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. നിലവിലുള്ള രോഗ ചികിത്സാ സംവിധാനവുമായി സംയോജിക്കുമ്പോൾ ഈ കണ്ടെത്തലുകൾക്ക് രോഗനിർണ്ണയത്തിലും ചികിത്സയിലും വൻ മാറ്റങ്ങൾക്ക് വഴിവെക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കൊളറാഡോ സർവകലാശാലയിൽ നിന്നുള്ള സാമ്പിളുകളിൽ രോഗത്തിന്റെ എല്ലാ ഘട്ടങ്ങളിലുമുള്ള അണ്ഡാശയ അർബുദം 93 ശതമാനവും പ്രാരംഭ ഘട്ടങ്ങളിലേത് 91ശതമാനവും കൃത്യമായി കണ്ടെത്താൻ കഴിഞ്ഞു. മാഞ്ചസ്റ്റർ സർവകലാശാലയിൽ നിന്നുള്ള സാമ്പിളുകളിൽ, എല്ലാ ഘട്ടങ്ങളിലും 92% കൃത്യതയും പ്രാരംഭ ഘട്ടങ്ങളിൽ 88% കൃത്യതയും ആണ് കാണിച്ചത്. മാഞ്ചസ്റ്റർ സർവകലാശാലയിലെ പ്രൊഫസറും മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ ഗൈനക്കോളജിക്കൽ ഓങ്കോളജിയിലെ ഓണററി കൺസൾട്ടന്റുമായ എമ്മ ക്രോസ്ബി ആണ് ഗവേഷണങ്ങൾക്ക് നേതൃത്വം നൽകിയത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വർണ്ണ കാഴ്ചകളുടെ വിസ്മയ ലോകം ഒരുക്കി നോട്ടിംഗ് ഹില്‍ കാര്‍ണിവൽ. ലോക പ്രശസ്തമായ, യൂറോപ്പിലെ ഏറ്റവും വലിയ സ്ട്രീറ്റ് പാര്‍ട്ടി ഞായറാഴ്ച രാവിലെ നടത്തിയ സ്ട്രീറ്റ് പരേഡോടെയാണ് ആരംഭിച്ചത്. തെരുവുകളിൽ നിറങ്ങളും സംഗീതവും നൃത്തവും നിറഞ്ഞതോടെ വെസ്റ്റ് ലണ്ടൻ വീണ്ടും സജീവമായി. കരീബിയൻ സംസ്കാരവും ചരിത്രവും ആഘോഷിക്കുന്ന ഈ വാർഷിക പരിപാടി 50 വർഷത്തിലേറെയായി ബ്രിട്ടനിൽ നടത്തപ്പെടുന്നു. യൂറോപ്പിലെ ഏറ്റവും വലിയ തെരുവ് പാർട്ടിയാണിത്.
കരീബിയൻ പ്രദേശത്തുടനീളമുള്ള ആയിരക്കണക്കിന് കലാകാരന്മാർ അലങ്കരിച്ച, രത്നങ്ങൾ പതിച്ച വസ്ത്രങ്ങളിലും ഫ്ലോട്ടുകളിലും പരേഡിൽ പങ്കെടുത്തു. ബജാൻ റോ ലിക്കർ, മഹാഗണി, ചോക്ലേറ്റ് നേഷൻ, മാസ് ആഫ്രിക്ക, വിൻസി അലയൻസ്, യുണൈറ്റഡ് ക്രെയോൾ എന്നിവയുൾപ്പെടെയുള്ള ഗ്രൂപ്പുകളും ബ്രസീലിയൻ സാംബ സ്കൂളുകളും യുകെ കമ്മ്യൂണിറ്റി ബാൻഡുകളും പരേഡിൽ പങ്കെടുത്തു.
തെരുവുകളില്‍, വര്‍ണ്ണപ്പകിട്ടാര്‍ന്ന ഫാഷന്‍ വസ്ത്രങ്ങളും സംഗീതവും നൃത്തവും നിറയുന്ന, കരീബിയന്‍ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും ഈ വാര്‍ഷികാഘോഷത്തില്‍ ഏകദേശം പത്ത് ലക്ഷത്തോളം പേര് പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1966 മുതല്‍ ലണ്ടനിലെ ബറോയില്‍ ഇത് വര്‍ഷത്തില്‍ ഒരിക്കല്‍ കൊണ്ടാറുള്ളതാണ്. പടിഞ്ഞാറന്‍ ലണ്ടനിലെ ലാഡ്ബ്രോക്ക് ഗ്രോവ്, ഗ്രെയ്റ്റ് വെസ്റ്റേണ്‍ റോഡ്, വെസ്റ്റ്ബേണ്‍ പാര്‍ക്ക് എന്നിവിടങ്ങളിലൂടെയുള്ള മൂന്ന് മൈല്‍ നീളുന്ന പരേഡില്‍ പങ്കെടുത്തവരില്‍ ചിലര്‍ ജമൈക്ക, സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ്, ബാര്‍ബഡോസ് തുടങ്ങിയ രാജ്യങ്ങളിലെ പതാകകളും ഉയര്‍ത്തി പിടിച്ചിരുന്നു. വ്യത്യസ്ത സംസ്കാരങ്ങളെ ഒരുമിച്ച് കൊണ്ടുവന്നതും സന്ദർശകർക്ക് വിസ്മയ കാഴ്ചയേകി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
രാജ്യത്ത് ഭക്ഷ്യസാധനങ്ങളുടെ വില കുതിച്ചുയർന്നത് ജനജീവിതം ദു:സഹമാക്കിയിരിക്കുകയാണ്. മുട്ട, വെണ്ണ തുടങ്ങിയ ഭക്ഷ്യസാധനങ്ങളുടെ വിലയിലാണ് ഗണ്യമായ വർദ്ധനവ് ഉണ്ടായത്. ജൂലൈയിലെ കണക്കുകൾ അനുസരിച്ച് കൺസ്യൂമർ പ്രൈസ് ഇൻഡക്സ് 3.8 ശതമാനമാണ്. എന്നാൽ ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം 4.2 ശതമാനമായതായാണ് കണക്കുകൾ കാണിക്കുന്നത്.
ജൂലൈയിലെ 4 ശതമാനത്തിൽ നിന്നും 2024 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിൽ ഭക്ഷ്യവിലക്കയറ്റം എത്തിയതായാണ് ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം (ബിആർസി) യുടെ കണക്കുകൾ കാണിക്കുന്നത്. ദ്രുതഗതിയിലുള്ള വർദ്ധനവ് ഇതിനകം ജീവിത ചിലവിൽ ബുദ്ധിമുട്ടുന്ന ആളുകളുടെ മേൽ കടുത്ത സമ്മർദ്ദം വർദ്ധിപ്പിച്ചതായി ബിആർസി ചീഫ് എക്സിക്യൂട്ടീവ് ഹെലൻ ഡിക്കിൻസൺ പറഞ്ഞു. വിളവെടുപ്പ് മോശമായതിനാൽ ആഗോളതലത്തിൽ കൊക്കോ വില ഉയർന്ന നിലയിൽ തുടരുന്നതിനാൽ ചോക്ലേറ്റിനും വില വർദ്ധിച്ചു. ഓഗസ്റ്റിൽ മൊത്തത്തിലുള്ള സാധനങ്ങളുടെ വില പണപ്പെരുപ്പം 0.9% ആയി വർദ്ധിച്ചതായി ബിആർസി ഡേറ്റ കാണിക്കുന്നുണ്ടെങ്കിലും ഭക്ഷ്യേതര ഉത്പന്നങ്ങളുടെ വിലക്കയറ്റം 0.8% കുറഞ്ഞിട്ടുണ്ട് .
പണപ്പെരുപ്പവും വിലക്കയറ്റവും കുതിച്ചുയരുമ്പോൾ സർക്കാർ എന്ത് നടപടി സ്വീകരിക്കും എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ചാൻസിലർ റേച്ചൽ റീവ്സ് കഴിഞ്ഞ ബഡ്ജറ്റിൽ നടപ്പിലാക്കിയ നയങ്ങളാണ് വിലക്കയറ്റത്തിനും സാമ്പത്തിക സ്ഥിതി മോശമാകുന്നതിനും കാരണമെന്ന വിമർശനവും ശക്തമാണ്. അടുത്ത ശരത്കാല ബജറ്റിൽ നികുതി വർദ്ധിപ്പിക്കുന്നത് ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള അവരുടെ പദ്ധതികൾക്ക് വിരുദ്ധമാകുമെന്ന് ടെസ്കോ, സെയിൻസ്ബറീസ്, ബൂട്ട്സ് എന്നിവയുൾപ്പെടെ 60-ലധികം റീട്ടെയിൽ മേധാവികൾ കഴിഞ്ഞ ആഴ്ച റീവ്സിന് മുന്നറിയിപ്പ് നൽകിരുന്നു .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഐൽ ഓഫ് വൈറ്റിൽ പരിശീലന പറക്കലിനായി ഉപയോഗിച്ചിരുന്ന ഒരു ഹെലികോപ്റ്റർ തകർന്നു വീണ് മൂന്നുപേർ കൊല്ലപ്പെട്ടു. സംഭവത്തിൽ ഒരാൾക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഹെലികോപ്റ്റർ നിയന്ത്രണം നഷ്ടപ്പെട്ട് ഇവിടെയുള്ള വയലിൽ തകർന്ന് വീഴുകയായിരുന്നു. അപകടം സംഭവിച്ചപ്പോൾ ഹെലികോപ്റ്ററിൽ നാല് പേർ ഉണ്ടായിരുന്നുവെന്ന് ഹാംഷെയറും ഐൽ ഓഫ് വൈറ്റ് കോൺസ്റ്റാബുലറിയും പറഞ്ഞു.
അപകടത്തെ തുടർന്ന് ഒരാളെ സതാംപ്ടണിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ പ്രധാന ട്രോമ സെന്ററിലേക്ക് എയർലിഫ്റ്റ് ചെയ്തിരുന്നു . നിലവിൽ ഇയാളുടെ നില ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. സംഭവം ഒരു മേജർ ഇൻസിഡന്റ് ആയി പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങളു മായി ബന്ധപ്പെടാനും പിന്തുണ നൽകാനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. എയർ ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കുട്ടികളെ ദോഷകരമായി ബാധിക്കുന്ന അശ്ലീല ഉള്ളടക്കം ഉൾപ്പെടെയുള്ള സൈറ്റുകളുടെ ഉപയോഗം പ്രായപരുധി അനുസരിച്ച് കർശനമായി നിയന്ത്രിക്കുന്നതിനുള്ള ഓൺലൈൻ സുരക്ഷാ നിയമം യുകെ നടപ്പിലാക്കിയിരുന്നു. ഇതിൻറെ ഫലമായി ഇത്തരം സൈറ്റുകൾ സന്ദർശിക്കുന്നവരുടെ എണ്ണം കുറഞ്ഞതായുള്ള കണക്കുകളും അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാൽ പല കുട്ടികളും പോൺ സൈറ്റുകളിലെ പ്രായ പരിശോധന മറികടക്കാൻ വളഞ്ഞ വഴികൾ സ്വീകരിക്കുന്നതായുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
പ്രായ പരിശോധനകൾ മറികടക്കാൻ കുട്ടികൾ വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്കുകൾ (VPN-കൾ) ഉപയോഗിക്കുന്നത് തടയണമെന്ന് ഇംഗ്ലണ്ടിലെ കുട്ടികളുടെ കമ്മീഷണർ പറഞ്ഞു. വി പി എൻ വഴി ഇൻറർനെറ്റ് ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ പരിശോധനകൾക്ക് വിധേയമാകുന്നില്ല. അതുകൊണ്ടുതന്നെ ഇത്തരം സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്ന സാഹചര്യത്തിൽ പ്രായപരുധി പോലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധിക്കില്ല എന്നതാണ് പലരും ചൂഷണം ചെയ്യുന്നത്. ഓൺലൈൻ സുരക്ഷാ കാര്യക്ഷമമായി നടപ്പിലാക്കാൻ സാങ്കേതിക സംവിധാനത്തിലെ ഇത്തരം പഴുതുകൾ കൂടി നാം അടയ്ക്കേണ്ടതുണ്ടെന്ന് കുട്ടികളുടെ കമ്മീഷണർ ഡാം റേച്ചൽ ഡി സൂസ പറഞ്ഞു.
വിപിഎൻ വഴി ഒരു രാജ്യത്തിൻറെ നിയമങ്ങളെ മറികടക്കാൻ ഉപഭോക്താവിന് സാധിക്കും. മറ്റൊരു രാജ്യത്താണെന്ന മട്ടിൽ ഇൻറർനെറ്റ് ഉപയോഗിക്കാൻ കഴിയുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്. കുട്ടികൾക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കമുള്ള പ്ലാറ്റ്ഫോമുകൾ ഉപയോക്താക്കളുടെ പ്രായ പരിശോധന നിർബന്ധമാക്കിയത് മറികടക്കാൻ ഇതുവഴി കഴിയും. എന്നാൽ വിപിഎന്നുകൾ നിരോധിക്കാനുള്ള പദ്ധതി ഇല്ലെന്നാണ് ഒരു സർക്കാർ വക്താവ് പറഞ്ഞത്. പോൺഹബ്, റെഡ്ഡിറ്റ്, എക്സ് തുടങ്ങിയ സൈറ്റുകൾ പ്രായ പരിശോധന നിർബന്ധമാക്കാൻ തുടങ്ങിയതിന് ശേഷം കഴിഞ്ഞ മാസം യുകെയിലെ ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്ത ആപ്പുകൾ വിപിഎന്നുകളായിരുന്നു. വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്കുകൾ ഒരു റിമോട്ട് സെർവർ ഉപയോഗിച്ച് ഉപയോക്താക്കളെ വെബ്സൈറ്റുകളിലേക്ക് ബന്ധിപ്പിക്കുകയും അവരുടെ യഥാർത്ഥ ഐപി വിലാസവും ലൊക്കേഷനും മറയ്ക്കുകയും ചെയ്യുന്നു, അതായത് ഇതുവഴി അവർക്ക് പ്രത്യേക സൈറ്റുകളിലോ ഉള്ളടക്കത്തിലോ ഉള്ള നിയന്ത്രണങ്ങൾ മറികടക്കാൻ കഴിയും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെയ്പ്പ് ഉപയോഗിക്കുന്ന യുവാക്കൾ പിന്നീട് കടുത്ത പുകവലി ശീലത്തിന് അടിമകളാകുമെന്ന ഗവേഷണ റിപ്പോർട്ടുകൾ പുറത്തുവന്നു. ഇത്തരക്കാർ പുകവലി തുടങ്ങുന്നതിനുള്ള സാധ്യത മൂന്നിരട്ടി കൂടുതലാണ്. അതായത് ഇ സിഗരറ്റുകൾ പുകവലിക്കാർക്കുള്ള കവാടമായി പ്രവർത്തിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
പഠനമനുസരിച്ച് ഇ സിഗരറ്റുകളുടെ ഉപയോഗം പുകവലി തുടങ്ങാനും ആസ്ത്മ ഉണ്ടാകാനും മാനസികാരോഗ്യം മോശമാകാനും കാരണമാകുന്നു എന്ന തരത്തിലുള്ള ഗുരുതരമായ പ്രശ്നങ്ങൾ ആണ് ഗവേഷണത്തിൽ കണ്ടെത്തിയത്. യോർക്ക് സർവകലാശാലയിലെ ആരോഗ്യ ശാസ്ത്രത്തിലെ അസോസിയേറ്റ് പ്രൊഫസറും സു ഗോൾഡറിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത് . ഇത്തരം കണ്ടെത്തലുകളുടെ വെളിച്ചത്തിൽ യുവാക്കൾക്ക് വേപ്പുകളുടെ വിൽപ്പനയും വിപണനവും നിയന്ത്രിക്കുന്നതിനുള്ള മുൻകരുതൽ നയങ്ങൾ ആവശ്യമാണെന്ന് ഗവേഷകർ പറയുന്നു.
യുവാക്കളുടെ പുകവലി ശീലവും മറ്റ് ദോഷകരമായ പെരുമാറ്റങ്ങളുമായി ശക്തമായ ബന്ധമുള്ളതിനാൽ ആരോഗ്യത്തിനും ക്ഷേമത്തിനും ഗുരുതരമായ ഭീഷണിയാണെന്ന് ഈ പഠനം കാണിച്ചു തരുന്നതായി റോയൽ കോളേജ് ഓഫ് പീഡിയാട്രിക്സിലെ ഡോ. റോണി ച്യൂങ് പറഞ്ഞു. ലോകമെമ്പാടും കുട്ടികൾ വെയ്പ്പിംഗ് ചെയ്യുന്നതിന്റെ വർദ്ധനവ് ആശങ്കാജനകമാണെന്ന് ലോകാരോഗ്യ സംഘടന (WHO) മുമ്പ് പറഞ്ഞിരുന്നു. ഗ്രേറ്റ് ബ്രിട്ടനിലെ 11 മുതൽ 17 വയസ്സ് വരെ പ്രായമുള്ളവരിൽ 20% പേർ വെയ്പ്പിംഗ് ഉപയോഗിക്കുന്നതായാണ് ഈ വർഷം ആക്ഷൻ ഓൺ സ്മോക്കിംഗ് ആൻഡ് ഹെൽത്ത് സമാഹരിച്ച കണക്കുകൾ കാണിക്കുന്നത്. അതായത് 2020 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ വെയ്പ്പിംഗ് ഉപയോഗിക്കുന്നവരുടെ അളവ് മൂന്നിരട്ടിയായി കൂടിയിട്ടുണ്ട് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കിഴക്കൻ ലണ്ടനിലെ ഒരു റസ്റ്റോറന്റിൽ ഉണ്ടായ തീപിടുത്തത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റ സംഭവത്തിൽ ഒരു കൗമാരക്കാരനെയും ഒരു പുരുഷനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇൽഫോർഡിലെ ഗാന്റ്സ് ഹില്ലിലെ വുഡ്ഫോർഡ് അവന്യൂവിലുള്ള ഇന്ത്യൻ അരോമയിലാണ് വെള്ളിയാഴ്ച വൈകുന്നേരം തീപിടുത്തമുണ്ടായത്. മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കാൻ ലക്ഷ്യമിട്ട് തീയിട്ടതായി സംശയിക്കുന്ന 15 വയസ്സുള്ള ഒരു ആൺകുട്ടിയെയും 54 വയസ്സുള്ള ഒരു പുരുഷനെയും ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
തീപിടുത്തത്തിന് പിന്നാലെ പരിക്കേറ്റ ഒരു സ്ത്രീയും പുരുഷനും ഇപ്പോഴും ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. അപകടത്തിൽ പരിക്കേറ്റ മൂന്ന് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രാത്രി ഒൻപതോടെയാണ് കെട്ടിടത്തിന് തീ പിടിച്ചത്. ഇതിന് പിന്നാലെ ഏകദേശം 90 മിനിട്ടോളം അഗ്നിശമന സേന പ്രയത്നിച്ചതിനൊടുവിലാണ് തീ അണയ്ക്കാനായതെന്ന് ലണ്ടൻ ഫയർ ബ്രിഗേഡ് പറയുന്നു. അന്വേഷണം വേഗത്തിൽ പുരോഗമിക്കുകയാണെന്നും ആവശ്യമായ വിവരങ്ങൾ അറിയുന്നവർ മുന്നോട്ട് വരണമെന്നും ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ മാർക്ക് റോജേഴ്സ് പറഞ്ഞു. അറസ്റ്റിലായ രണ്ട് പേരും ഇപ്പോഴും പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോർത്ത് ബെൽഫാസ്റ്റിൽ തോക്കുകളും സ്ഫോടക വസ്തുക്കളും കണ്ടെത്തിയ സംഭവം കടുത്ത ആശങ്കയ്ക്ക് വഴി വെച്ചിരിക്കുകയാണ് . ഇതിനെ തുടർന്ന് വെള്ളിയാഴ്ച കടുത്ത ജാഗ്രതാ നിർദേശം പോലീസിന്റെ ഭാഗത്തുനിന്ന് പുറപ്പെടുവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട 30 വയസ്സുകാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പോലീസ് നടത്തിയ തിരച്ചിലിനൊടുവിൽ സംശയാസ്പദമായ രീതിയിൽ ഒട്ടേറെ വസ്തുക്കൾ ആണ് കണ്ടെടുത്തത്. ഇവയിൽ ചിലത് വസ്തുവിൽ നിന്ന് നീക്കം ചെയ്യുകയും കൂടുതൽ ഫോറൻസിക് പരിശോധനയ്ക്കായി അയയ്ക്കുകയും ചെയ്തിട്ടുണ്ട് . ഇതിൽ സ്ഫോടക വസ്തുക്കളും തോക്കുകളും ഉൾപ്പെടുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സ്ഥലത്തിന് സമീപം താമസിച്ചിരുന്നവരെ അവരുടെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചിരുന്നു. ജാഗ്രതാ നിർദ്ദേശം പിൻവലിച്ചതിനെ തുടർന്ന് താമസക്കാർക്ക് അവരുടെ വീടുകളിലേയ്ക്ക് മടങ്ങാൻ അനുവാദം നൽകുകയും പ്രദേശത്തെ റോഡുകൾ വീണ്ടും തുറക്കുകയും ചെയ്തു. 30 വയസ്സുള്ള ഒരാളെ നിരവധി കുറ്റകൃത്യങ്ങളിൽ സംശയിച്ച് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇപ്പോഴും കസ്റ്റഡിയിലാണെന്നും വടക്കൻ അയർലണ്ടിലെ പോലീസ് സർവീസ് (പിഎസ്എൻഐ) ചീഫ് ഇൻസ്പെക്ടർ പീറ്റ് കണ്ണിംഗ്ഹാം പറഞ്ഞു.