ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടനിൽ ഫോണിൽ നഗ്നചിത്രം നോക്കി ട്രക്ക് ഓടിച്ചതിനെ തുടർന്ന് ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ 43കാരനായ ഡ്രൈവർക്ക് യുകെ കോടതി 10 വർഷത്തെ തടവുശിക്ഷ വിധിച്ചു. 2024 മേയ് 17-നാണ് അപകടം നടന്നത്. കാറിൽ സഞ്ചരിച്ചിരുന്ന 46കാരനായ ഡാനിയേൽ എയ്ട്ചിസൺ ആണ് സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചത്.

മേഴ്‌സിസൈഡിലെ ബൂട്ടിൽ സ്വദേശിയായ നെയിൽ പ്ലാറ്റ് യാത്രയ്ക്കിടെ എക്‌സ്, വാട്സാപ്പ്, യൂട്യൂബ്, ടിക്ടോക്ക് തുടങ്ങിയവയിൽ തിരഞ്ഞു നോക്കിയതായി കോടതിയിൽ സമ്മതിച്ചു. അപകടത്തിനു തൊട്ട് മുൻപ് എക്‌സ് ഫീഡിൽ പ്രത്യക്ഷപ്പെട്ട നഗ്നചിത്രത്തിലേയ്ക്ക് ശ്രദ്ധിച്ചിരിക്കെയാണ് ട്രക്ക് നിയന്ത്രണം വിട്ട് കാറിൽ ഇടിച്ചതെന്ന് കോടതി കണ്ടെത്തിയിരുന്നു . ഇടിയുടെ ആഘാതത്തിൽ കാർ തീപിടിച്ച് പൂർണമായും കത്തിനശിച്ചു.

ഡ്രൈവർ റോഡിൽ ശ്രദ്ധിക്കേണ്ടതിന് പകരം സോഷ്യൽ മീഡിയയ്ക്കാണ് മുൻഗണന നൽകിയതെന്ന് വിധി ന്യായത്തിൽ ജഡ്ജി ഇയാൻ അൺസ്വർത്ത് വിമർശിച്ചു. അപകടം ഒഴിവാക്കാമായിരുന്നുവെന്നും, ചിന്തിക്കാനാകാത്തത്ര വിഡ്ഢിത്തം ചെയ്തതാണ് ജീവഹാനിയിലേക്ക് നയിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. സംഭവത്തെ തുടർന്ന് ഡ്രൈവർ കോടതിയിൽ കുറ്റം സമ്മതം നടത്തിയിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോർത്ത് വെസ്റ്റ് ഇംഗ്ലണ്ടിന്റെ വിവിധ പ്രദേശങ്ങളിൽ 20 മണിക്കൂറോളം കനത്ത മഴ പെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ 28 പ്രളയ മുന്നറിയിപ്പുകൾ ആണ് നൽകിയിരിക്കുന്നത്. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ആൽട്രിൻചാം, സാൽഫോർഡ് എന്നിവിടങ്ങൾ വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുകയാണ്. വാറിംഗ്‌ടണിലും പ്രളയ മൂലമുള്ള പ്രശ്നങ്ങൾ ഉണ്ട് . ട്രാഫോർഡ്, സ്റ്റോക്ക്‌പോർട്ട്, സൗത്ത് മാഞ്ചസ്റ്റർ മേഖലകളിൽ പരിസ്ഥിതി ഏജൻസി മുന്നറിയിപ്പുകൾ നൽകിയിരുന്നു.

സാൽഫോർഡിലെ സ്വിൻട്ടണിൽ ഉയരുന്ന വെള്ളത്തിൽ കുടുങ്ങിയ മൂന്ന് പുരുഷന്മാരെ ഫയർ & റെസ്ക്യൂ സർവീസ് രക്ഷപ്പെടുത്തി . വെള്ളം ഉയരുന്നത് ഭയപ്പെടുത്തുന്ന രീതിയിലാണെന്നും ഓവ് ചാലുകൾ ശരിയായി പ്രവർത്തിക്കുന്നില്ലെന്ന പരാതി നിരവധി സ്ഥലങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . പല സ്ഥലങ്ങളിലും പ്രദേശിക കൗൺസിലിന്റെ സഹായത്തോടെ പമ്പ് ഉപയോഗിച്ച് വെള്ളം മാറ്റി . പെൻകത്തിലെ ചില തെരുവുകളിൽ മണൽ ചാക്കുകൾ ഉപയോഗിച്ച് വെള്ളം തടയാൻ ശ്രമിച്ചു. ലിവർപൂൾ, വിരാൽ, ബ്ലാക്ക്ബേൺ, റിവർ ഡാർവൻ പ്രദേശങ്ങളിൽ ലാൻകാഷയർ, മേഴ്സിസൈഡ് എന്നിവിടങ്ങളിലും പ്രളയ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യൂറോപ്പിലെ പ്രമുഖ വിമാനത്താവളങ്ങളിൽ, പ്രത്യേകിച്ച് ലണ്ടൻ ഹീത്രൂ, ബ്രസൽസ്, ബെർലിൻ എന്നിവിടങ്ങളിൽ, സൈബർ ആക്രമണം മൂലം ചെക്ക്-ഇൻ, ബാഗേജ് സംവിധാനം തകരാറിലായത് രണ്ടാം ദിവസവും തുടരുകയാണ് . വിമാനത്തവാളത്തിൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ഹാക്ക് ചെയ്യപ്പെട്ടതാണ് കാരണമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പല എയർലൈൻസുകളും കംപ്യൂട്ടറുകൾ ഉപയോഗിക്കാതെ പേപ്പറിൽ യാത്രക്കാരെ രേഖപ്പെടുത്തി ബോർഡിംഗ് നടത്തേണ്ടി വന്നു. ഹീത്രൂ വിമാനത്താവളത്തിൽ ശനിയാഴ്ച പുറപ്പെടേണ്ട വിമാനങ്ങളിൽ 47 ശതമാനം വൈകിയാണ് യാത്ര തിരിച്ചത്. അധിക സ്റ്റാഫിനെ ഉപയോഗിച്ച് തടസം മറികടക്കാൻ അധികൃതർ ശ്രമിക്കുന്നുണ്ട്.

ബ്രസൽസ് വിമാനത്താവളം ഞായറാഴ്ചയും മാനുവൽ ചെക്ക്-ഇൻ തുടരുന്നുണ്ടെന്ന് വ്യക്തമാക്കി. ഇവിടെ 44 വിമാന സർവീസുകൾ ഇതിനകം റദ്ദാക്കിയതായി അറിയിച്ചു. യൂറോപ്യൻ വ്യോമസുരക്ഷാ സംഘടനയായ യൂറോകൺട്രോൾ, വിമാന സർവീസുകളുടെ പകുതി താൽക്കാലികമായി റദ്ദാക്കാൻ നിർദേശിക്കുകയും, ബെർലിൻ ബ്രാൻഡൻബർഗ് വിമാനത്താവളം യാത്രക്കാരോട് ഓൺലൈൻ അല്ലെങ്കിൽ സ്വയം സേവന ചെക്ക്-ഇൻ ഉപയോഗിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. ഡബ്ലിൻ വിമാനത്താവളം സർവീസ് പൂർണ്ണമായി നടത്തുമെന്ന് ഉറപ്പു നൽകിയെങ്കിലും ചില എയർലൈൻസുകൾ മാനുവൽ ചെക്ക്-ഇൻ തുടരുന്നുണ്ടെന്ന് വ്യക്തമാക്കി.

ഹീത്രൂ വിമാനത്താവളത്തിൽ ബ്രിട്ടീഷ് എയർവേയ്സ് ബാക്ക്‌അപ്പ് സിസ്റ്റം ഉപയോഗിച്ച് സർവീസുകൾ സാധാരണ പോലെ തുടരുമ്പോൾ മറ്റ് എയർലൈൻസുകൾക്ക് തടസമുണ്ടായി. സംഭവത്തെ തുടർന്ന് യു.കെ. നാഷണൽ സൈബർ സെക്യൂരിറ്റി സെന്ററും യൂറോപ്യൻ കമ്മീഷനും അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ജൂലൈയിൽ ക്രൗഡ്‌സ്റ്റ്രൈക്ക് സോഫ്റ്റ്‌വെയറിലെ പിഴവുമൂലം ഉണ്ടായ ആഗോള ഐ.ടി തകരാറിനുശേഷം വീണ്ടും സൈബർ ഭീഷണി വിവര സാങ്കേതിക വിദ്യയെ അമിതമായി ആശ്രയിക്കുന്നതിനെ ചോദ്യം ചെയ്യുന്ന തരത്തിലാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: കുടിയേറ്റ പ്രശ്നം വീണ്ടും ബ്രിട്ടീഷ് സർക്കാരിനെ തലവേദനയിലാഴ്ത്തുന്നു. വെള്ളിയാഴ്ച മാത്രം 1,072 പേർ ചെറിയ ബോട്ടുകളിലൂടെയാണ് ഇംഗ്ലീഷ് ചാനൽ കടന്ന് ഡോവറിൽ എത്തിയത്. ഇതോടെ 2025-ൽ ഇതുവരെ ഇംഗ്ലീഷ് ചാനൽ കടന്ന് യുകെയിൽ എത്തിയവരുടെ എണ്ണം 32,103 ആയി .ആദ്യമായാണ് ഈ വർഷം ഒരു ദിവസം ഇത്രയും വലിയൊരു അനധികൃത കുടിയേറ്റം ഉണ്ടാകുന്നത് .

ഫ്രാൻസുമായി ഒപ്പുവെച്ച തിരിച്ചയക്കൽ കരാർ കുടിയേറ്റത്തെ തടയും എന്നായിരുന്നു സർക്കാരിന്റെ വാദം. കരാർ പ്രകാരം കടന്നു വരുന്നവരെ ഉടൻ തടങ്കലിലാക്കി, ഏകദേശം രണ്ടു ആഴ്ചയ്ക്കുള്ളിൽ ഫ്രഞ്ച് അധികാരികളുമായി ധാരണയായി തിരിച്ചയക്കാനാണ് വ്യവസ്ഥ. ഇങ്ങനെ ഒരാളെ തിരിച്ചയയ്ക്കുന്ന സമയത്ത് നിയമപരമായി ഇവിടേയ്ക്ക് വരാൻ അവകാശവാദമുള്ള മറ്റൊരാളെ ഫ്രാൻസിൽ നിന്ന് സ്വീകരിക്കാനും പദ്ധതിയുണ്ട്. എന്നാൽ ഇതുവരെ ഇന്ത്യ, എറിത്രിയ, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വെറും മൂന്ന് പേരെയാണ് തിരിച്ചയച്ചിട്ടുള്ളത് .

ഭരണകക്ഷി മന്ത്രിമാർ പദ്ധതിയെ കുറിച്ച് വാഴ്‌ത്തി പറയുമ്പോൾ പ്രതിപക്ഷം സർക്കാരിനെ കടുത്ത വിമർശനത്തിന് ഇരയാക്കുകയാണ്. മൂന്നു പേരെ മാത്രം തിരിച്ചയച്ചിട്ടുള്ളത് ഈ പദ്ധതിയുടെ പരാജയത്തെ ആണ് കാണിക്കുന്നത് എന്നാണ് ഷാഡോ ഹോം സെക്രട്ടറി പ്രതികരിച്ചത്. കാലാവസ്ഥയും കടൽ ശാന്തമായതും അനുകൂലമായപ്പോഴാണ് വലിയ തോതിൽ കുടിയേറ്റക്കാർ വരുന്നത്. വെള്ളിയാഴ്ചയ്ക്കു മുമ്പ് തുടർച്ചയായി എട്ട് ദിവസം ഒരാൾ പോലും കടന്നു വന്നിരുന്നില്ല . സെപ്റ്റംബർ 6-ന് 1,101 പേരും വെള്ളിയാഴ്ച 1,072 പേരും എത്തിയത് ഈ വർഷത്തെ ഏറ്റവും വലിയ കണക്കുകളായി. സർക്കാരിന്റെ “വൺ-ഇൻ, വൺ-ഔട്ട്” പദ്ധതിയെ ജനങ്ങൾ വിശ്വാസ്യതയോടെ കാണുന്നില്ല എന്നതാണ് യാഥാർത്ഥ്യം. കുടിയേറ്റ പ്രശ്നം സർക്കാർ വാഗ്ദാനങ്ങൾക്കു വിരുദ്ധമായി വ്യാപകമാകുമ്പോൾ, ഭരണകക്ഷിയുടെ ജനപിന്തുണയിൽ പ്രതിഫലിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ ഇന്ന് ഞായറാഴ്ച വൈകുന്നേരം പാലസ്തീനെ ഔദ്യോഗികമായി രാഷ്ട്രമെന്ന് അംഗീകരിക്കുന്നതായി പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. ഗാസയിലെ രൂക്ഷമായ സംഘർഷത്തിന്റെയും , ഇസ്രായേൽ വടക്കുപടിഞ്ഞാറൻ തീരത്ത് നടത്തുന്ന അനധികൃത കടന്നുകയറ്റത്തിന്റെയും പശ്ചാത്തലത്തിന്റെ വെളിച്ചത്തിൽ ഈ നടപടിക്ക് ഒട്ടേറെ രാഷ്ട്രീയ മാനങ്ങൾ ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെ പലരും ഈ നീക്കത്തെ “ഭീകരവാദത്തിന് പ്രതിഫലം” എന്നാണ് വിശേഷിപ്പിച്ചത് . ഹമാസ് പിടിച്ചിരിക്കുന്ന തടവുകാരുടെ ബന്ധുക്കൾ പോലും സ്റ്റാർമറിന് തുറന്ന കത്ത് എഴുതി നടപടി പാടില്ലെന്ന് അഭ്യർത്ഥിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പോലും ഔദ്യോഗിക അംഗീകാരത്തിന് എതിർപ്പ് രേഖപ്പെടുത്തി. എങ്കിലും യുകെ മന്ത്രിമാർ മനുഷ്യാവകാശ ഉത്തരവാദിത്വത്തിന്റെ ഭാഗമായി പാലസ്തീനെ അംഗീകരിക്കേണ്ട സാഹചര്യമാണെന്ന് വാദിക്കുന്നു.

പാലസ്തീൻ അതോറിറ്റി പ്രസിഡൻ്റ് മഹ്മൂദ് അബ്ബാസ് യുകെയുടെ തീരുമാനം സ്വാഗതം ചെയ്തിട്ടുണ്ട്. പല യൂറോപ്യൻ രാജ്യങ്ങളും ഇതിനോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് സമാനമായ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ യുഎന്നിലെ 193 അംഗരാജ്യങ്ങളിൽ 75% പാലസ്തീനെ അംഗീകരിച്ചിട്ടുണ്ടെങ്കിലും അന്താരാഷ്ട്രമായി അംഗീകൃതമായ അതിർത്തിയോ തലസ്ഥാനമോ സൈന്യമോ ഇല്ലാത്തതിനാൽ അത് പ്രതീകാത്മകമായ അംഗീകാരമായി മാത്രമേ കണക്കാക്കപ്പെടുന്നുള്ളൂ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്ലാസ്ഗോയിലെ ബുക്കാനൻ സ്ട്രീറ്റിൽ ശനിയാഴ്ച കുടിയേറ്റ വിരുദ്ധരും വംശീയതയ്‌ക്കെതിരായ പ്രതിഷേധക്കാരും തമ്മിൽ കടുത്ത സംഘർഷം നടന്നു. “സ്റ്റോപ്പ് ദി ബോട്ട്സ്”, “യുണൈറ്റ് ദി കിംഗ്ഡം” എന്നീ മുദ്രാവാക്യങ്ങളുമായി പ്രതിഷേധക്കാർ എത്തിയപ്പോൾ, എതിർ പക്ഷമായി യൂണിയനുകളും പൗരാവകാശ സംഘടനകളും “ബെയേൺസ് നോട്ട് ബിഗോട്ട്സ്”, “റഫ്യൂജീസ് വെൽക്കം” തുടങ്ങിയ സന്ദേശങ്ങളുമായി റാലി നടത്തി.

സംഘർഷ സാധ്യതകൾ ഉയർന്നപ്പോൾ വ്യാപകമായ പൊലീസ് സാന്നിധ്യം ഉറപ്പാക്കി ഇരു വിഭാഗവും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടൽ തടയുകയായിരുന്നു. വംശീയ വിരുദ്ധ പ്രവർത്തകർ സംഗീതവും മുദ്രാവാക്യങ്ങളും മുഴക്കിയപ്പോൾ കുടിയേറ്റ വിരുദ്ധരുടെ പ്രസംഗങ്ങൾ കേൾപ്പിക്കപ്പെടാൻ പോലും പ്രയാസമായി. മൂന്ന് മണിക്കൂറോടെ ‘യൂണിറ്റി റാലി’ പിരിഞ്ഞെങ്കിലും, പ്രതിരോധക്കാരിൽ ചിലർ സ്ഥലത്ത് തുടർന്നു. ഒരു പൊലീസ് ഓഫീസറെ ആക്രമിച്ച കേസിൽ 47-കാരനെ അറസ്റ്റ് ചെയ്തതായി സ്കോട്ട് ലാൻഡ് പൊലീസ് അറിയിച്ചു.

ബ്രിട്ടൻ മുഴുവനും കുടിയേറ്റ വിഷയം ശക്തമായ രാഷ്ട്രീയ-സാമൂഹിക ചർച്ചയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിലും നോർത്ത് അയർലണ്ടിലും വംശീയ അക്രമങ്ങൾ ഉണ്ടായപ്പോൾ സ്കോട്ട് ലൻഡിൽ സ്ഥിതി ശാന്തമായിരുന്നു. എന്നാൽ ഇപ്പോൾ അവിടേയ്ക്കും പ്രതിഷേധങ്ങൾ ശക്തമാകുന്നുവെന്നതാണ് ശ്രദ്ധേയമായ മാറ്റം. അഭയാർത്ഥി പാർപ്പിടം, ആരോഗ്യ സൗകര്യങ്ങളുടെ ക്ഷാമം, തൊഴിൽ പ്രശ്നങ്ങൾ എന്നിവയെല്ലാം ചേർന്ന് കുടിയേറ്റം ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ ഏറ്റവും വിവാദ വിഷയങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഹീത്രു ഉൾപ്പെടെ യൂറോപ്പിലെ നിരവധി വിമാനത്താവളങ്ങളിലെ ചെക്ക്-ഇൻ, ബാഗേജ് സിസ്റ്റങ്ങൾ സൈബർ ആക്രമണത്തെ തുടർന്ന് തകരാറിലായി. കൊളിൻസ് എയറോസ്പേസ് നൽകുന്ന ‘മ്യൂസ്’ സോഫ്റ്റ്‌വെയറാണ് ഹാക്കർമാരുടെ ആക്രമണത്തിന് ഇരയായത് . ബ്രസ്സൽസ്, ബെർലിൻ, ഡബ്ലിൻ വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളും തകരാറിലായതായതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചില വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തു. ബ്രിട്ടീഷ് എയർവേയ്‌സ് മാത്രമാണ് ബാക്കപ്പ് സിസ്റ്റം ഉപയോഗിച്ച് സാധാരണ സർവീസുകൾ തുടരുന്നത്.

യൂറോ കൺട്രോൾ ചില സർവീസുകൾ റദ്ദാക്കാൻ നിർദ്ദേശം നൽകിയപ്പോൾ ആയിരക്കണക്കിന് യാത്രക്കാർ ആണ് മണിക്കൂറുകളോളം കുടുങ്ങി കിടക്കുന്ന അവസ്ഥയാണ് ഉള്ളത് . ചില വിദഗ്ധർ റാൻസംവെയർ ആക്രമണമാകാമെന്ന് സൂചിപ്പിച്ചെങ്കിലും ആക്രമണത്തിന്റെ ഉറവിടം വ്യക്തമല്ല. ഗതാഗത വകുപ്പ് സംഭവ വികാസങ്ങൾ നിരീക്ഷിക്കുകയാണെന്ന് അറിയിച്ചു. കഴിഞ്ഞ വർഷം ക്രൗഡ്‌സ്ട്രൈക്ക് നൽകിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് പിഴവ് കാരണം ആഗോളതലത്തിൽ വിമാന സർവീസുകൾ മണിക്കൂറുകളോളം നിലച്ചിരുന്നു. അമേരിക്കയിൽ നിരവധി വിമാനങ്ങളുടെ യാത്ര മുടങ്ങിയപ്പോൾ യൂറോപ്പിലും സർവീസുകളിൽ തടസ്സം നേരിട്ടു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആറു മുതിർന്നവരുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സൗത്ത് വെസ്റ്റേൺ ആംബുലൻസ് സർവീസിലെ രണ്ട് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. 2023-ൽ തുടങ്ങിയ അന്വേഷണത്തിലാണ് അറസ്റ്റുകൾ ഉണ്ടായത്. മുപ്പത് വയസ് കഴിഞ്ഞ ഒരു പുരുഷനെ കഴിഞ്ഞ വർഷം അറസ്റ്റു ചെയ്തിരുന്നു. ഗുരുതരമായ അശ്രദ്ധ കൊണ്ടുള്ള കൊലപാതകം തുടങ്ങിയ വകുപ്പുകളാണ് ആറു പേരുടെ മരണത്തിൽ പോലീസ് പ്രതികളുടെ മേൽ ചുമത്തിയിരിക്കുന്നത്. ഇത് കൂടാതെ രോഗികളെ ദുരുപയോഗം ചെയ്തതോ ഉപേക്ഷിച്ചതോ സംബന്ധിച്ച കുറ്റങ്ങളും ഉൾപെടുത്തിയുട്ടുണ്ട് . ഈ വർഷം മാർച്ചിൽ 59-കാരിയായ സ്ത്രീയെയും സമാനമായ കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇരുവരെയും ഇപ്പോൾ ജാമ്യത്തിൽ വിട്ടതായി വിൽഷെയർ പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ടവർക്കും എല്ലാ പിന്തുണയും നൽകുമെന്നും മേജർ ക്രൈം ടീം ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ ഫിൽ വാക്കർ വ്യക്തമാക്കി. വിവരം അറിഞ്ഞയുടനെ തന്നെ ജീവനക്കാരെ എല്ലാവരെയും ഉടൻ തന്നെ എല്ലാ ചുമതലകളിൽ നിന്നും ഒഴിവാക്കിയിരുന്നു എന്ന് ആംബുലൻസ് സർവീസ് അധികൃതർ പറഞ്ഞു. ഒരാളും ഇപ്പോൾ ട്രസ്റ്റിൽ ജോലി ചെയ്യുന്നില്ലെന്നും ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും രോഗികൾക്ക് തുടർന്നും സുരക്ഷിതമായി 999 എമർജൻസി സേവനം വിളിക്കാമെന്നും സൗത്ത് വെസ്റ്റേൺ ആംബുലൻസ് സർവീസിന്റെ വക്താവ് പറഞ്ഞു.

പോലീസ് ഇപ്പോഴും മരണങ്ങളുടെ കൃത്യമായ സാഹചര്യങ്ങൾ വ്യക്തമാക്കിയിട്ടില്ല. എന്നാൽ, പ്രാഥമിക പരിശോധനകൾ പ്രകാരം മരണം സംഭവിച്ചത് ജീവനക്കാരുടെ ഗുരുതരമായ അശ്രദ്ധയും സേവനത്തിലെ വീഴ്ചകളുമാണെന്ന സംശയമാണ് ശക്തമാകുന്നത്. സംഭവം പുറത്തു വന്നതോടെ പ്രാദേശിക സമൂഹത്തിലും ആരോഗ്യരംഗത്തും ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്. ഭാവിയിൽ ഇത്തരത്തിലുള്ള ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനായി കർശനമായ നിരീക്ഷണവും ഉത്തരവാദിത്തവും ഉറപ്പാക്കണമെന്നും മരിച്ചവരുടെ കുടുംബങ്ങൾ ആവശ്യപ്പെട്ടു. 2022-ൽ നടന്ന അവസാന പരിശോധനയിൽ കെയർ ക്വാളിറ്റി കമ്മീഷൻ സൗത്ത് വെസ്റ്റേൺ ആംബുലൻസ് സർവീസിനെ “ഗുഡ്” എന്നാണ് റേറ്റിംഗ് നൽകിയിരുന്നത്. പരിചരണത്തിൽ “ഔട്ട്‌സ്റ്റാൻഡിംഗ്” റേറ്റിംഗും ലഭിച്ചിരുന്നു. എന്നാൽ അടിയന്തിര സേവനങ്ങളിലും അടിയന്തര പരിചരണത്തിലും മെച്ചപ്പെടുത്തൽ ആവശ്യമുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്തതും ഡസൻ കണക്കിന് കുട്ടികളെ ഓൺലൈനിലൂടെ ചൂഷണം ചെയ്തതുമായ കുറ്റത്തിന് 22 വയസുകാരനായ സ്റ്റുവർട്ട് ലാത്താമിന് 14 വർഷത്തെ തടവുശിക്ഷ വിധിച്ചു. 22 കാരനായ പ്രതി 11 മുതൽ 13 വരെ പ്രായമുള്ള നൂറുകണക്കിന് പെൺകുട്ടികളിൽ നിന്ന് അശ്ലീല ദൃശ്യങ്ങൾ ആവശ്യപ്പെട്ടതായി പൊലീസ് കണ്ടെത്തി. ഇയാളുടെ ഉപകരണങ്ങളിൽ നിന്ന് 4,000-ലധികം അശ്ലീല ചിത്രങ്ങൾ കണ്ടെടുത്തു. അതിൽ 1,000-ത്തിലധികം “കാറ്റഗറി എ” വിഭാഗത്തിൽപ്പെട്ടവയായിരുന്നു.

പ്രസ്റ്റൺ ക്രൗൺ കോടതിയിൽ നടന്ന വിചാരണയിൽ ലാത്താം 49 കുറ്റങ്ങൾക്കാണ് കുറ്റസമ്മതം നടത്തിയത്. കുറഞ്ഞത് 41 പേരാണ് ഇതുവരെ കണ്ടെത്തിയ ഇരകളെന്ന് പൊലീസ് പറഞ്ഞു. കുട്ടികളോട് “ജോഷ്” എന്ന 14 കാരനായിട്ടാണ് ഇയാൾ സോഷ്യൽ മീഡിയ വഴി ഇടപെട്ടത് . കുട്ടികളെ ഭീഷണിപ്പെടുത്തിയും പണം വാഗ്ദാനം ചെയ്തുമാണ് ഇയാൾ ലൈംഗിക ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നത്.
“അത്യന്തം അപകടകരമായ കുറ്റവാളി”യെന്നാണ് ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് ഉദ്യോഗസ്ഥൻ ഡിഎസ് സൈമൺ ഫ്രാൻസ് പ്രതിയെ വിശേഷിപ്പിച്ചത് . സാമൂഹ്യമാധ്യമങ്ങളിൽ പ്രായപരിശോധന ശക്തമാക്കണമെന്നും മാതാപിതാക്കൾ കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കോടതി ലാത്താമിന്റെ പ്രവൃത്തികളെ ക്ഷമിക്കാനാവാത്തത് എന്നാണ് വിശേഷിപ്പിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെസ്റ്റ് സസ്സെക്സിലെ ന്യൂപൗണ്ട് കോമൺ, വിസ്ബറോ ഗ്രീൻ പ്രദേശത്ത് വെള്ളിയാഴ്ച രാവിലെ 9 മണിയ്ക്ക് ഹോട്ട് എയർ ബലൂണിൽ നിന്നു വീണ് ഒരാൾ മരിച്ചു. പോലീസ് ഡ്രോണുകളും നായകളും ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ, വൈകുന്നേരം 1:50 ന് മൃതദേഹം കണ്ടെത്തി. മരണമടഞ്ഞ ആളെ ഔദ്യോഗികമായി ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല . ഇയാൾ ബില്ലിംഗ്സ്‌ഹർസ്റ്റ് മുതൽ ഡൺസ്ഫോൾഡ് വരെ നടത്തിയ ബലൂൺ യാത്രയിൽ പങ്കെടുത്തവരിലൊരാളാണ് എന്നാണ് സസെക്സ് പൊലീസ് അറിയിച്ചത്.

ഒറ്റപ്പെട്ട സംഭവമാണ് ഇതെന്നാണ് പോലീസ് അറിയിച്ചത്. ഇത്തരം അപകടങ്ങൾ രാജ്യത്ത് വളരെ അപൂർവമാണ്. അമേരിക്കൻ സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ (CDC) പ്രകാരം ഹോട്ട് എയർ ബലൂണിൽ നിന്നു വീണ് മരിച്ചവരുടെ എണ്ണം വളരെ കുറവാണ്. വിശദമായ പരിശോധനകൾക്ക് ശേഷമേ അപകടത്തിന്റെ യഥാർത്ഥ കാരണം സ്ഥിരീകരിക്കാൻ കഴികയുള്ളു എന്ന് പോലീസ് അറിയിച്ചു.
പരിസ്ഥിതി വ്യത്യാസങ്ങളും കാലാവസ്ഥാ പ്രവണതകളും ബലൂൺ യാത്രകൾക്കിടെ അപകടത്തിൽ വലിയ പങ്ക് വഹിക്കാം എന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പ്രാദേശികാരോഗ്യ, സുരക്ഷാ ഉദ്യോഗസ്ഥർ, ബലൂൺ ഓപ്പറേറ്റർമാർക്കൊപ്പം ചേർന്ന് ഇത്തരത്തിലുള്ള യാത്രകൾക്ക് കൂടുതൽ സുരക്ഷാ മാർഗരേഖകൾ നിർദ്ദേശിക്കുകയും അവ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യണമെന്ന ആവശ്യം ശക്തമാണ്.