Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ക്യാൻസർ ബാധിച്ച് ഒരു മലയാളി കൂടി യുകെ മലയാളി സമൂഹത്തിൽ നിന്ന് വിടവാങ്ങി. കേംബ്രിജിലെ കാംബോണിൽ താമസിച്ചിരുന്ന നിഷ എബ്രഹാം ആണ് നിര്യാതയായത്. പതിനഞ്ച് വർഷം മുമ്പ് യുകെയിൽ എത്തിയ നിഷയ്ക്ക് 44 വയസ്സ് മാത്രമായിരുന്നു പ്രായം. മൂന്ന് വർഷം മുമ്പാണ് നിഷയ്ക്ക് ക്യാൻസർ തിരിച്ചറിഞ്ഞത്. എന്നാൽ ചികിത്സയിലൂടെ നിഷയുടെ രോഗം ഭേദപ്പെട്ട് സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങി വന്നിരുന്നു. ക്യാൻസർ വീണ്ടും ആരംഭിച്ചതിന്റെ ലക്ഷണങ്ങൾ 6 മാസം മുൻപ് കണ്ടെത്തുകയും ചികിത്സയിൽ തുടരവേ ആണ് നിഷ മരണത്തിന് കീഴടങ്ങിയത് .

ഫിലിപ്പ് എബ്രഹാമാണ് നിഷയുടെ ഭർത്താവ്. കാലിഫോർണിയയിലുള്ള നിഷയുടെ സഹോദരിയും കുടുംബവും രോഗവിവരമറിഞ്ഞ് യുകെയിൽ എത്തിച്ചേർന്നിരുന്നു. ദുബായിലുള്ള സഹോദരനും കുടുംബവും നേരത്തെ തന്നെ കേംബ്രിജിലേയ്ക്ക് ജോലിയും താമസവവും മാറ്റിയിരുന്നു. രോഗം കൂടിയതിനെ തുടർന്ന് അന്ത്യ കൂദാശ നൽകാൻ ഇടവക വികാരി റവ. തോമസ് ജോർജ് എത്തിയ സമയത്ത് നിഷയുടെ ആഗ്രഹസാഫല്യത്തിനായി മകളുടെ ആദ്യകുർബാന സ്വീകരണവും ആശുപത്രിയിൽ വച്ച് നടത്തിയിരുന്നു. ഉറ്റവരുടെയും ഉടയവരുടെയും സാമീപ്യത്തിൽ മനസ്സിലെ വലിയ ആഗ്രഹവും പൂർത്തിയാക്കിയാണ് നിഷ എബ്രഹാം വിട പറഞ്ഞത്.

പീറ്റർബറോ ഓള്‍ സെയ്ന്‍റസ് മാർത്തോമാ ഇടവകയിലെ അംഗങ്ങളാണ് നിഷയും കുടുംബവും. ബന്ധുക്കൾ എല്ലാം യുകെയിൽ ആയതുകൊണ്ട് മൃത സംസ്കാരം ഇവിടെ വെച്ച് തന്നെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പൊതുദർശനത്തിന്റെയും മൃത സംസ്കാരത്തിന്റെയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

നിഷ എബ്രഹാമിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജൂലൈ 4- ന് നടക്കുന്ന തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണം ബ്രിട്ടനിൽ കത്തി കയറുകയാണ്. ദിനംപ്രതി പുതിയ വാഗ്ദാനങ്ങളും നയ പരിപാടികളുമായി പ്രധാനമന്ത്രി ഋഷി സുനകും പ്രതിപക്ഷ നേതാവ് കെയർ സ്റ്റാർമറും രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ് . ഏറ്റവും പുതിയതായി തങ്ങൾ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് സ്റ്റാംപ് ഡ്യൂട്ടിയിൽ വൻ ഇളവ് നൽകുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ചു.


പൊതു തിരഞ്ഞെടുപ്പിൽ ടോറികൾ വിജയിച്ചാൽ ആദ്യമായി 425,000 പൗണ്ട് വരെ വിലയുള്ള വീട് വാങ്ങുന്നവരുടെ സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് നൽകുമെന്നാണ് പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ചത്. നിലവിൽ സ്റ്റാമ്പ് ഡ്യൂട്ടി 250,000 -ന് മുകളിൽ വീട് വാങ്ങുന്നവർക്ക് ബാധകമാണ്. എന്നാൽ ഇത് താത്കാലിക ഇളവ് മാത്രമാണ്. നിലവിലെ നയമനുസരിച്ച് അടുത്തവർഷം മാർച്ച് മാസം മുതൽ 125 ,000 പൗണ്ടിന് മുകളിലുള്ളവർക്കും സ്റ്റാമ്പ് ഡ്യൂട്ടി അടയ്ക്കേണ്ടതായി വരും.


തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുന്ന സാഹചര്യമുണ്ടായാൽ അത് 200,000 കുടുംബങ്ങൾക്ക് പ്രയോജനം കിട്ടുമെന്നാണ് ഏകദേശ കണക്കുകൾ കാണിക്കുന്നത്. അതുകൊണ്ട് തന്നെ ഋഷി സുനക് മുന്നോട്ട് വച്ചിരിക്കുന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന് ജനങ്ങളുടെ ഇടയിൽ വൻ സ്വീകാര്യത ലഭിക്കുമെന്നാണ് തിരഞ്ഞെടുപ്പ് നിരീക്ഷകർ വിലയിരുത്തുന്നത് . ഈ പോളിസി നടപ്പിലായാൽ നികുതി ഇനത്തിൽ 1 ബില്യൺ പൗണ്ടിന്റെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഈ നീക്കത്തിലൂടെ യുവ വോട്ടർമാരെ കൈയ്യിലെടുക്കാമെന്നാണ് കൺസർവേറ്റീവ് പാർട്ടിയുടെ കണക്കുകൂട്ടൽ. ഒരു പടി കൂടി കടന്ന് സ്റ്റാമ്പ് ഡ്യൂട്ടി പൂർണ്ണമായും നിർത്തലാക്കണമെന്ന വാഗ്ദാനം നൽകണന്ന് വാദിക്കുന്നവരും പാർട്ടിയിൽ ഉണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൗത്ത് ലണ്ടനിലെ ലാംബയിൽ നടന്ന ഒരു കൺട്രി ഷോയിലെ റൈഡിൽ പങ്കെടുക്കുമ്പോൾ ഉണ്ടായ അപകടത്തിൽ ഒരു പെൺകുട്ടി ഉൾപ്പെടെ നാലുപേർക്ക് പരുക്കു പറ്റി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഇന്നലെ വൈകിട്ട് 6 മണി കഴിഞ്ഞായിരുന്നു അപകടം നടന്നത്. വിവരം അറിഞ്ഞ ഉടനെ എമർജൻസി സർവീസുകൾ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.


സംഭവത്തെ തുടർന്ന് പാർക്ക് അടച്ചിരിക്കുകയാണ്. അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കൗൺസിൽ വക്താവ് അറിയിച്ചു . 40 വയസ്സുകാരിയായ ഒരു സ്ത്രീയും പുരുഷനും 50 വയസ്സുള്ള മറ്റൊരു പുരുഷനുമാണ് പെൺകുട്ടിയെ കൂടാതെ അപകടത്തിൽ പെട്ടത്. പരുക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


സംഭവത്തെ തുടർന്ന് ഷോയിലെ എല്ലാ റൈഡുകളിലും സുരക്ഷാ പരിശോധന കർശനമാക്കുമെന്ന് ലാം ബെത്ത് കൗൺസിൽ അറിയിച്ചു. സൗത്ത് ലണ്ടനിലെ ബ്രിക്സ്റ്റണിനടുത്തുള്ള ഒട്ടേറെ സന്ദർശകരെ ആകർഷിക്കുന്ന സ്ഥലമാണ് ബ്രോക്ക് വെർ പാർക്ക്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ശരീരത്തിൽ സാധാരണമായ മുഴകൾ ഉണ്ടോയെന്ന് പരിശോധിക്കുന്നത് നിത്യ സംഭവങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്. നമ്മുടെ ജീനുകൾ എങ്ങനെയാണ് ക്യാൻസറിലേക്ക് നയിക്കുന്നതെന്ന് നാം അറിഞ്ഞിരിക്കണം. “ആഞ്ജലീന ജോളി ഇഫക്റ്റ്” എന്നറിയപ്പെടുന്ന ഈ കണ്ടെത്തൽ പുറത്തിറങ്ങിയിട്ട് ഇപ്പോൾ ദശാബ്ദത്തിലേറെയായി. 2013-ലാണ് RCA1 ജീനിലെ പിഴവുകൾ പോസിറ്റീവായി പരിശോധിച്ചതിന് ശേഷം തനിക്ക് സ്തനാർബുദം വരാനുള്ള 87% സാധ്യതയും ഓവറിയൻ ക്യാൻസർ വരാൻ 50% സാധ്യതയും ഉള്ളതായി നടി ആഞ്ജലീന ജോളി പുറത്ത് വിട്ടത്. ഇതിന് പിന്നാലെ നടി തൻെറ ഓവറിയും ഫാലോപ്യൻ ട്യൂബുകളും നീക്കം ചെയ്‌തിരുന്നു.

ആഞ്ജലീന ജോളി “പ്രെഡിക്റ്റീവ് ” ജനറ്റിക് ടെസ്റ്റിംഗിനാണ് വിധേയയായത്. ഇതിന് പിന്നാലെ കുടുംബാംഗങ്ങളുടെ പാരമ്പര്യവും മറ്റും കണക്കിലെടുത്ത് ക്യാൻസർ സാധ്യത കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയ ചെയ്യാനും ഈ ടെസ്റ്റ് സഹായിച്ചു. ക്യാൻസർ രോഗനിർണയം നടത്തുന്നവർ ജനറ്റിക് ടെസ്റ്റിംഗ് ചെയ്യുന്നത് സാധാരണമാണെങ്കിലും ഇതുവരെയും ക്യാൻസർ സ്ഥിരീകരിച്ചിട്ടയിലാത്തവരുടെ ഇടയിലും എൻഎച്ച്എസിൻെറ പ്രെഡിക്റ്റീവ് ജനറ്റിക് ടെസ്റ്റിംഗിൻെറ ഡിമാൻഡ് വർദ്ധിച്ച് വരികയാണ്.

ക്യാൻസറിൻെറ കുടുംബ ചരിത്രമുള്ളതിനാൽ ക്യാൻസർ രോഗനിർണ്ണയം ഇതുവരെയും നടത്താത്ത വ്യക്തികൾക്ക് ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തിന് പകരം എൻഎച്ച്എസ് ജനിതക സേവനത്തിലൂടെയാണ് റഫറലുകൾ നൽകുന്നത്. പലപ്പോഴും രോഗികൾക്ക് ഉയർന്ന ഡിമാൻഡ് കാരണം ടെസ്റ്റിംങിനായി നീണ്ട കാത്തിരിപ്പ് നേരിടേണ്ടതായി വരാറുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വാഹനത്തിൻെറ ഇൻഷുറൻസ് പോളിസിയിൽ പേരുനൽകിയ ഡ്രൈവർ ആകാതെ ഒരു കുടുംബാംഗത്തിൻ്റെയോ സുഹൃത്തിൻ്റെയോ കാർ ഓടിക്കുകയാണെങ്കിൽ, വാഹനമോടിക്കുന്നവർക്കെതിരെ £1,000 വരെ പിഴ ഈടാക്കും. യുകെയിൽ പലർക്കും അറിയാതെ പോകുന്ന ഒരു തെറ്റാണ് ഇത്. ഇത്തരത്തിൽ വാഹനത്തിൻെറ ഇൻഷുറൻസ് പോളിസിയിൽ പേരുനൽകിയ ഡ്രൈവർ അല്ലാതെ വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാൽ കനത്ത പിഴ കൂടാതെ ലൈസൻസിൽ പോയന്റുകൾക്ക് വരെ കാരണമാകും.

ചില സാഹചര്യങ്ങളിൽ ഇത്തരം കേസുകളിൽ വാഹനം ഓടിക്കുന്നവർക്കും കാറിൻ്റെ ഉടമയ്ക്കും മേൽ പിഴ ചുമത്താം. റോഡ് ട്രിപ്പ്, ഫാമിലി ആക്ടിവിറ്റികൾ തുടങ്ങിയ ചെറിയ യാത്രകൾക്ക് മറ്റൊരാളുടെ കാർ വാങ്ങുകയാണെങ്കിൽ പ്രത്യേക ഇൻഷുറൻസ് പരിരക്ഷ ആവശ്യമാണ്. താത്കാലിക പരിരക്ഷയ്ക്കായി ഡ്രൈവറും വാഹനവും പാലിക്കേണ്ട പ്രത്യേക വ്യവസ്ഥകൾ ഉണ്ട്. അതിനാൽ തന്നെ നിലവിലുള്ള ഒരു പോളിസിയിലേക്ക് പേര് ചേർക്കുന്നത് എല്ലായ്പ്പോഴും ശരിയാവുകയില്ല. അനുചിതമായ കവറേജുമായി ബന്ധപ്പെട്ട കാര്യമായ പിഴകളെ കുറിച്ച് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ദി എക്സ്പ്രസ് റിപ്പോർട്ട് ചെയ്‌തു.

ശരിയായ ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിക്കുന്നത് പിടിക്കപ്പെട്ടാൽ വാഹനമോടിക്കുന്നവരുടെ ലൈസൻസിൽ എട്ട് പോയിൻ്റുകൾ വരെ ചേർക്കും. ചില കേസുകളിൽ, ഇൻഷ്വർ ചെയ്യാത്ത ഡ്രൈവർക്ക് തൻെറ കാർ ഉപയോഗിക്കാൻ നൽകിയതിന് വാഹന ഉടമയെ കോടതിയിൽ ഹാജരാക്കേണ്ടതായി വന്നിട്ടുണ്ട്. ചിലപ്പോൾ കാർ ഇൻഷുറൻസ് പോളിസി അസാധുവാകുന്നതിനും ഇത് കാരണമാകാറുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വാഹനമോടിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ കാര്യങ്ങളിൽ വൻ നിഷ്കർഷയുള്ള രാജ്യമാണ് യു കെ . കർശനമായ നിയമങ്ങളാണ് ഡ്രൈവർമാരുടെ മൊബൈൽ ഉപയോഗത്തിനെ കുറിച്ച് പറയുന്നത്. ഏതെങ്കിലും രീതിയിലുള്ള വിവര കൈമാറ്റത്തിന് (ഡേറ്റാ ) ഫോണോ അതുമല്ലെങ്കിൽ മറ്റ് ഏതെങ്കിലും ഉപകരണമോ ഡ്രൈവർമാർ ഉപയോഗിച്ചാൽ 6 പെനാൽറ്റി പോയിന്റും 200 പൗണ്ട് പിഴയുമാണ് നിയമത്തിൽ അനുശാസിക്കുന്നത്. ഇത്തരം സംഭവങ്ങളിലൂടെ ഉണ്ടാകുന്ന അപകടങ്ങൾ വളരെ ഗൗരവത്തിലായിട്ടാണ് കോടതി പരിഗണിക്കുന്നത്. പല കേസുകളിലും ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാനുള്ള സാധ്യതയും നിലവിലുണ്ട്.


ഡ്രൈവർ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ സെൽഫി എടുക്കുകയും മൊബൈൽ ഫോട്ടോ പരിശോധിക്കുന്നതിനുമിടയിൽ അപകടം സംഭവിച്ച് ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് വർഷവും 9 മാസവും ജയിൽ ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. 2021-ൽ നോർ ഫോക്കിൽ വച്ചാണ് അപകടം നടന്നത്. 23 വയസ്സുകാരിയായ ആംബർ പോട്ടർ ഓടിച്ച വാഹനമിടിച്ചാണ് സ്കൂട്ടർ യാത്രക്കാരനായ ഡേവിഡ് സിനാറി കൊല്ലപ്പെട്ടത്.


64കാരനായ ഡേവിഡ് സിനാറി അന്ന് വാങ്ങിയ സ്കൂട്ടറിൽ ബോൺ മൗത്തിൽ നിന്ന് മടങ്ങുകയായിരുന്നു. സംഭവത്തിന് തൊട്ടു മുൻപ് സോമർസെറ്റിലെ ഗ്ലാസ്റ്റൺബറിയിൽ നിന്നുള്ള യാത്രയ്ക്കിടെ ആംബർ പോട്ടർ സെൽഫികൾ എടുക്കുകയും ഫേസ്ബുക്ക് മെസഞ്ചറിൽ ചാറ്റ് ചെയ്യുകയും ടെക്‌സ്‌റ്റുകളും ഓഡിയോ ക്ലിപ്പുകളും അയച്ചതായും പോട്ടറിൻ്റെ ഫോണിൻ്റെ ഫോറൻസിക് വിശകലനത്തിൽ കണ്ടെത്തിയിരുന്നു. 45 മാസത്തേക്ക് വാഹനം ഓടിക്കുന്നതിൽ നിന്നും അവൾക്ക് വിലക്കും കോടതി നൽകിയിട്ടുണ്ട്. തൻറെ സൈക്കിൾ സവാരിയിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ആയിരങ്ങൾ സ്വരൂപിച്ചിരുന്ന വ്യക്തിയായിരുന്നു മരണമടഞ്ഞ ഡേവിഡ് സിനാർ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ആറ് പ്രാദേശിക വിമാനത്താവളങ്ങളിൽ 100 മില്ലി ലിറ്ററിൽ കൂടുതലുള്ള ദ്രാവകങ്ങൾ കൊണ്ടുപോകുന്നതിനുള്ള നിയന്ത്രണങ്ങൾ താത്കാലികമായി പുനഃസ്ഥാപിക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. നാളെ ഞായറാഴ്ച അർദ്ധരാത്രി മുതൽ ഈ മാറ്റം നിലവിൽ വരും. ലണ്ടൻ സിറ്റി, അബർഡീൻ, ന്യൂകാസിൽ, ലീഡ്‌സ് ബ്രാഡ്‌ഫോർഡ്, സൗത്ത്ഹെൻഡ്, ടീസ്‌സൈഡ് വിമാനത്താവളങ്ങളിൽ ആണ് നിയന്ത്രണങ്ങൾ നിലവിൽ വരുന്നത്.


പ്രാദേശിക എയർപോർട്ടുകളിലെ ചെക്കിംഗ് സംവിധാനങ്ങളിൽ കൂടുതൽ മെച്ചപ്പെടുത്തൽ നടത്തുന്നതിനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. താത്കാലികമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കുറച്ചു യാത്രക്കാരെ മാത്രമേ ബാധിക്കുകയുള്ളൂ എന്നാണ് അറിയാൻ സാധിച്ചത്.


വിമാനയാത്രക്കാർ യാത്ര പുറപ്പെടുന്നതിനു മുൻപ് വിമാനത്തിലെ സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കണമെന്ന അറിയിപ്പ് നൽകിയിട്ടുണ്ട്. ലണ്ടനിൽ നിന്ന് യുഎസിലേക്ക് പറക്കുന്ന വിമാനങ്ങളിൽ ദ്രാവക ബോംബുകൾ ഉപയോഗിച്ച് തകർക്കാനുള്ള തീവ്രവാദ ഗൂഢാലോചന പരാജയപ്പെട്ടതിന് ശേഷമാണ് 2006 ൽ 100 ​​മില്ലി നിയമം നിലവിൽ വന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പത്ത് വയസ്സുകാരനായ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ മുൻ പ്രൈമറി സ്കൂൾ ടീച്ചിങ് അസിസ്റ്റൻറ് കുറ്റക്കാരിയെന്ന് കോർക്ക് ക്രൗൺ കോടതി കണ്ടെത്തി. ഡെന്നിസ് പോവാൽ എന്ന് പേരുകാരിയായ ഇവർക്ക് 8 വർഷം ജയിൽ ശിക്ഷയാണ് ലഭിച്ചിരിക്കുന്നത്.

റിപ്പണിൽ നിന്നുള്ള ഡെനിസ് പോവാലിനെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കൽ, സ്പർശനത്തിലൂടെ ലൈംഗികാതിക്രമം നടത്തുക തുടങ്ങിയ വിവിധ കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷിച്ചിരിക്കുന്നത്. നിലവിൽ 61 വയസ്സുള്ള ഇവർ കുട്ടിയെ തുടർച്ചയായി ലൈംഗികമായി ദുരുപയോഗം ചെയ്തതായി കോടതി നിരീക്ഷിച്ചു. വളരെ ധീരതയോടെ താൻ നേരിട്ട ദുരനുഭവത്തിനെതിരെ ഇരയായ കുട്ടി മുന്നോട്ട് വന്നുവെന്ന് നോർത്ത് യോർക്ക്ഷെയർ പോലീസിൻ്റെ അന്വേഷണത്തിന് നേതൃത്വം നൽകിയ മോറിസ് പറഞ്ഞു. പ്രതി എല്ലാ കുറ്റവും കോടതിയിൽ നിഷേധിച്ചിരുന്നു. എന്നാൽ ഇന്നലെ യോർക്ക് ക്രൗൺ കോടതി ഇവരെ കുറ്റക്കാരിയാണെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുകയായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജൂലൈ 4- ന് പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് ഏറ്റവും കൂടുതൽ യുകെയിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് കുടിയേറ്റം കുറയ്ക്കുക എന്നത് . കുടിയേറ്റം കുറയ്ക്കുന്നതിന് കടുത്ത നടപടികൾ സ്വീകരിക്കുന്ന പാർട്ടികൾക്ക് കൂടുതൽ പിന്തുണ ലഭിക്കുമെന്നതുകൊണ്ട് കൺസർവേറ്റീവ് പാർട്ടിയും ലേബർ പാർട്ടിയും ഈ വിഷയത്തെ വളരെ കരുതലോടെയാണ് സമീപിക്കുന്നത്.

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കുടിയേറ്റം കുറയുന്നതിന് ഋഷി സുനക് സർക്കാർ ഒട്ടേറെ നിയമങ്ങൾ നടപ്പിലാക്കിയിരുന്നു. അതിൽ പ്രധാനപ്പെട്ട നടപടിയായിരുന്നു ആശ്രിത വിസ ലഭിക്കുന്നതിനായി പ്രതിവർഷം വരുമാനം 29,000 പൗണ്ട് ഉണ്ടായിരിക്കണമെന്ന്. അത് അടുത്തവർഷം മുതൽ 38,700 പൗണ്ട് ആയി വർദ്ധിക്കുകയും ചെയ്യും.


എന്നാൽ ഈ നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന വിമർശനമാണെന്ന അഭിപ്രായം അന്നേ ശക്തമായിരുന്നു. പല ബ്രിട്ടീഷുകാരുടെയും വാർഷിക വരുമാനം ഈ പരിധിയിൽ അല്ലാത്തതിനാൽ ഭാര്യയെയും കുട്ടികളെയും യുകെയിൽ എത്തിക്കാൻ സാധിക്കുന്നില്ലെന്ന ഒട്ടേറെ അനുഭവ കഥകൾ മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. എന്നാൽ നെറ്റ് മൈഗ്രേഷൻ കുറയ്ക്കുന്നതിനുള്ള ഋഷി സുനകിൻ്റെ ഈ നടപടി ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടതായുള്ള റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത് .

ഈ നടപടി കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച യുഎൻ കൺവെൻഷന് വിരുദ്ധമാണ് എന്നാണ് പ്രഷർ ഗ്രൂപ്പ് റീയൂണൈറ്റ് ഫാമിലീസ് യുകെ ഈ ആഴ്ച ജുഡീഷ്യൽ റിവ്യൂവിനുള്ള അപേക്ഷ സമർപ്പിച്ചു കൊണ്ട് വാദിച്ചത് . ചൊവ്വാഴ്ച നടന്ന ഐടി വി സംവാദത്തിൽ പ്രധാനമന്ത്രി ഋഷി സുനകും പ്രതിപക്ഷ നേതാവ് കെയർ സ്റ്റാർമറും നെറ്റ് മൈഗ്രേഷനെ ചൊല്ലി ഏറ്റുമുട്ടിയിരുന്നു. 2023-ൽ 685,000 ആയിരുന്ന നിയമപരമായ കുടിയേറ്റം വെട്ടിക്കുറയ്ക്കാൻ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് ഇരു പാർട്ടികളും സംവാദത്തിൽ വാഗ്ദാനം ചെയ്തിരുന്നു. ഈ വാർത്തകൾ മാധ്യമങ്ങളിൽ വൻ തലക്കെട്ട് സൃഷ്ടിച്ച സമയത്താണ് സർക്കാരിൻറെ കുടിയേറ്റം കുറിക്കുന്നതിനുള്ള ഒരു പ്രധാന നടപടി കോടതിയിൽ ചോദ്യം ചെയ്തത് എന്നത് ശ്രദ്ധേയമാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജൂൺ 4-ാം തീയതി ഫലപ്രഖ്യാപനം നടന്നപ്പോൾ എല്ലാ പ്രവചനങ്ങളെയും കാറ്റിൽ പറത്തി നിർണ്ണായക മാറ്റങ്ങളാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ സംഭവിച്ചത്. അതിരാവിലെ 4 മണി മുതൽ വാശിയേറിയ ചർച്ചകളും സംവാദങ്ങളും ആണ് കേരളത്തിലെയും ദേശീയതലത്തിലെയും തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് യുകെയിലുടനീളമുള്ള മലയാളികളുടെ ഇടയിൽ നടന്നത്. അതിൽ ഏറ്റവും കൂടുതൽ ചർച്ചയായത് രാഹുൽഗാന്ധി രണ്ട് മണ്ഡലങ്ങളിലും ജയിച്ച സാഹചര്യത്തിൽ ആര് ഇനി വയനാട് മണ്ഡലത്തിൽ മത്സരിക്കും എന്നുള്ളതായിരുന്നു.

യുകെ മലയാളികൾ ആഗ്രഹിച്ചതു പോലെ പ്രിയങ്ക ഗാന്ധി ലോകമെങ്ങുമുള്ള മലയാളികളുടെ പ്രിയങ്കരിയായി കേരളത്തിൽ മത്സരിക്കുമെന്നുള്ളത് ഏകദേശം ഉറപ്പായതായാണ് സൂചനകൾ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ വയനാട്ടിൽ നാമനിർദ്ദേശം സമർപ്പിക്കും. അങ്ങനെ ഇന്ദിരയുടെ കൊച്ചുമകനും കൊച്ചുമകളും കേരളത്തിൽ നിന്നുള്ള എംപിമാരായി ചരിത്രം സൃഷ്ടിക്കാനാണ് ഒരുങ്ങുന്നത്.

യുകെയിലെ തിരഞ്ഞെടുപ്പ് അവലോകന മലയാളി കൂട്ടായ്മകളിൽ വയനാട്ടിലേയ്ക്ക് പ്രിയങ്ക ഗാന്ധി വരാനുള്ള ആഗ്രഹം ഒട്ടേറെ പേർ നേരത്തെ പ്രകടിപ്പിച്ചിരുന്നു. ഗാന്ധി കുടുംബത്തോട് എപ്പോഴും വൈകാരികമായ അടുപ്പമുള്ളവരാണ് യുകെ മലയാളികൾ. കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിട്ട അവസരത്തിൽ രാഹുൽഗാന്ധിക്ക് താങ്ങും തണലുമായിരുന്നവരാണ് വയനാട്ടിലെ വോട്ടർമാർ. ഈ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും രണ്ടിടത്തും വിജയിക്കുകയാണെങ്കിൽ വയനാട് ഉപേക്ഷിക്കാനുള്ള വിമുഖത രാഹുൽ ഗാന്ധി പ്രകടിപ്പിച്ചിരുന്നു. പ്രിയങ്ക ഗാന്ധിയെ നിർത്തുന്നതിലൂടെ രാഹുൽ ഗാന്ധി മണ്ഡലം കൈയ്യൊഴിയുന്നുവെന്ന എതിരാളികളുടെ പ്രചാരണത്തെയും തടയിടാനാവുമെന്നാണ് കോൺഗ്രസ് ലക്ഷ്യം വയ്ക്കുന്നത്. പ്രിയങ്ക ഗാന്ധി അമേഠിയിൽ മത്സരിക്കാതിരുന്നതിന്റെയും പിന്നിലും രാഹുൽ എം.പി സ്ഥാനമൊഴിയുമ്പോൾ വയനാട്ടിൽ മത്സരിക്കും എന്ന ലക്ഷ്യം വച്ചായിരുന്നു .

ഇതിനിടെ കെ . മുരളീധരൻ വയനാട്ടിൽ മത്സരിക്കും എന്ന രീതിയിലുള്ള പ്രചാരണങ്ങൾ അസ്ഥാനത്താണെന്നാണ് അറിയാൻ സാധിച്ചത്. ദേശീയ രാഷ്ട്രീയത്തിനു പകരം കേരളത്തിൽ സജീവമാകാനാണ് അദ്ദേഹം താത്‌പര്യപ്പെടുന്നത്. നേരത്തെ കെപിസിസി പ്രസിഡൻ്റായിരുന്ന കെ മുരളീധരൻ സംഘടനാതലത്തിലും മറ്റും കേരളത്തിൽ സജീവമാകുന്നത് ചിലർക്ക് ഭീഷണിയാകുമെന്ന കണക്കുകൂട്ടലുകളാണ് അദ്ദേഹത്തെ ലോക്സഭയിലേയ്ക്ക് വീണ്ടും മത്സരിപ്പിക്കാനുള്ള ചർച്ചകൾക്ക് പിന്നിലെന്ന സംസാരവും നിലവിലുണ്ട്. നിലവിലെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും കെ മുരളീധരനും ഒത്തുചേർന്ന ഒരു അച്ചുതണ്ട് കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ രൂപപ്പെട്ടാലും അത്ഭുതപ്പെടാനില്ല. കഴിഞ്ഞ ദിവസം കെ മുരളീധരന്റെ വീട്ടിലെത്തി കെപിസിസി പ്രസിഡൻറ് നടത്തിയ ചർച്ചകൾ രാഷ്ട്രീയ കേരളം ആകാംക്ഷയോടെയാണ് ഉറ്റു നോക്കുന്നത്.

RECENT POSTS
Copyright © . All rights reserved