ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബർമിംഗ്ഹാം സിറ്റിയിൽ കൗമാരക്കാരനെ കുത്തി കൊലപ്പെടുത്തിയ 15 വയസുകാരനെ ജീവപര്യന്തം തടവിന് കോടതി വിധിച്ചു. 17 വയസ്സ് പ്രായമുള്ള മുഹമ്മദ് ഹസാം അലിയെയാണ് ദാരുണമായി കൊല്ലപ്പെട്ടത് . കൊലപാതക കുറ്റത്തിന് ശിക്ഷിക്കപ്പെട്ട പ്രതിയുമായി കൊല്ലപ്പെട്ടയാൾക്ക് യാതൊരു മുൻപരിചയവും ഇല്ലായിരുന്നു എന്നത് കോടതി പ്രത്യേകം പരാമർശിക്കുകയും ചെയ്തു.

കുത്തേറ്റ മുഹമ്മദ് ഹസാം അലി ജനുവരി 20-ാം തീയതി ആശുപത്രിയിൽ വെച്ചാണ് മരണമടഞ്ഞത്. അലിയും സുഹൃത്തും വിക്ടോറിയ സ്ക്വയറിൽ ഇരിക്കുമ്പോൾ ആണ് ആക്രമണം നടന്നത്. നിയമപരമായ കാരണങ്ങളാൽ കൊലപാതകം നടത്തിയ 15 വയസുകാരന്റെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല . കോടതി വിധി പ്രഖ്യാപിക്കുമ്പോൾ തികച്ച നിർവികാരനായാണ് പ്രതി കാണപ്പെട്ടത്.

17 കാരനായ അലിയുടെ കൊലപാതകം പൊതുസ്ഥലങ്ങളിൽ കത്തി പോലുള്ള മാരകായുധങ്ങൾ കൈവശം വയ്ക്കുന്നതിന്റെ ദൂഷ്യഫലങ്ങളിലേയ്ക്ക് ആണ് വിരൽ ചൂണ്ടുന്നതെന്ന് ജഡ്ജി ജസ്റ്റിസ് ഗാർൺഹാം വിധി പ്രഖ്യാപിച്ചപ്പോൾ പറഞ്ഞു. അലിയെ കൊലപ്പെടുത്തിയപ്പോൾ പ്രതിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്തിന് 5 വർഷം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട് . ഒരു മുൻ പരിചയമില്ലാത്തവർ തമ്മിൽ നടന്ന സംഭാഷണത്തിനിടെ അവസാനം 17 വയസ്സുകാരനെ 15 വയസ്സുകാരൻ കുത്തി കൊലപ്പെടുത്തിയ സംഭവം അന്ന് മാധ്യമങ്ങളിൽ വൻ വാർത്താ പ്രാധാന്യം സൃഷ്ടിച്ചിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബഡ്ജറ്റിനോട് യുകെ ഓഹരി വിപണിയിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. എങ്കിലും ബഡ്ജറ്റിലെ പല നിർദ്ദേശങ്ങളോടും പക്വതയോടെയുള്ള പ്രതികരണമാണ് സ്റ്റോക്ക് മാർക്കറ്റിൽ നിന്നുണ്ടായത് എന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. വിപണിയിൽ ഉണ്ടായ ചെറിയ ചാഞ്ചാട്ടങ്ങൾക്കും പൗണ്ടിന്റെ മൂല്യം ഇടിഞ്ഞതിനും കാരണമായി രണ്ട് വർഷം മുമ്പ് ലിസ് ട്രസ് അവതരിപ്പിച്ച മിനി ബഡ്ജറ്റിനെ കുറ്റപ്പെടുത്തി ട്രഷറിയുടെ ചീഫ് സെക്രട്ടറി ഡാരൻ ജോൺസ് രംഗത്ത് വന്നു. യാഥാർത്ഥ്യ ബോധമില്ലാതെ ലിസ് ട്രസ് നടത്തിയ 45 ബില്യൺ പൗണ്ടിന്റെ നികുതി വെട്ടി കുറച്ചതിന്റെ സാമ്പത്തിക ആഘാതത്തിൽ നിന്ന് യുകെ സമ്പദ് വ്യവസ്ഥ ഇതുവരെ കരകയറിയില്ലെന്ന് ട്രഷറി സെക്രട്ടറി ഡാരൻ ജോൺസ് ചൂണ്ടി കാണിച്ചു.

കഴിഞ്ഞ 15 വർഷം കൂടിയാണ് ലേബർ പാർട്ടി ബഡ്ജറ്റ് അവതരിപ്പിക്കുന്നത്. കൺസർവേറ്റീവ് പാർട്ടി സമ്പദ് വ്യവസ്ഥയെ കൈകാര്യം ചെയ്ത രീതിയുടെ അനന്തര ഫലമായുള്ള കഷ്ടപ്പാടുകൾ ആണ് യുകെയിൽ ഇപ്പോൾ അനുഭവിക്കുന്നതെന്ന് ഡാരൻ ജോൺസ് പറഞ്ഞു. ബഡ്ജറ്റിൻ്റെ പല നിർദ്ദേശങ്ങളും എങ്ങനെ ജനങ്ങളെ ബാധിക്കും എന്നതിനെ കുറിച്ച് കൂടുതൽ വിലയിരുത്തലുകൾ നടത്തണമെങ്കിൽ തുടർ മാസങ്ങളിൽ ഉണ്ടാകുന്ന പണപ്പെരുപ്പത്തെയും ജീവിത ചിലവ് വർദ്ധനവിനെയും മറ്റ് ഘടകങ്ങളെയും അടിസ്ഥാനമാക്കിയെ പറയാൻ സാധിക്കുകയുള്ളൂ എന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. സ്റ്റാമ്പ് ഡ്യൂട്ടിയിൽ വന്ന വർദ്ധനവ് പോലുള്ള കാര്യങ്ങൾ വീട് വാങ്ങുവാൻ ആഗ്രഹിക്കുന്ന യു കെ മലയാളികൾക്ക് തിരിച്ചടിയാണെന്ന് നേരത്തെ മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

ഒക്ടോബർ 30-ാം തീയതി ചാൻസിലർ അവതരിപ്പിച്ച ബഡ്ജറ്റിനെ കുറിച്ചുള്ള ചർച്ചകളാണ് യുകെയിൽ എങ്ങും. ബഡ്ജറ്റിലെ നികുതി വർദ്ധനവ് നേരിട്ട് അല്ലെങ്കിലും പരോക്ഷമായി സാധാരണക്കാരെ ബാധിക്കുമെന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. നാഷണൽ ഇൻഷുറൻസിലെ വർദ്ധനവിൽ നിന്ന് എൻഎച്ച്എസ് പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ ഒഴിവാക്കിയെങ്കിലും അതേ സേവനങ്ങൾ നൽകുന്ന സ്വകാര്യ കെയർഹോമുകളെ ബാധിക്കും എന്നാണ് അറിയാൻ സാധിച്ചത് . ഇത് ആ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന യു കെ മലയാളികൾക്ക് ദോഷകരമാകുമെന്ന കാര്യം മലയാളംയുകെ ന്യൂസ് ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പതിമൂന്ന് വയസ്സുകാരി പെൺകുട്ടിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കുറ്റത്തിന് ആറ് കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ഹെസ്‌ലെയിലെ A63 ഡ്യുവൽ കാരിയേജ്‌വേയുടെ അരുകിലാണ് പെൺകുട്ടിയെ കണ്ടെത്തിയത് എന്ന് ഹംബർസൈഡ് പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ കഴുത്തിലും നെഞ്ചിലും ഉൾപ്പെടെ ഗുരുതരമായ മുറിവുകൾ ഉണ്ടെന്നും പരുക്കുകൾ ജീവന് ഭീഷണിയുള്ളതാണെന്നും പോലീസ് അറിയിച്ചു.

ഇരയായ പെൺകുട്ടിയെ പോലീസ് പിടിയിലായ ആൺകുട്ടികൾക്ക് നേരത്തെ അറിയാമായിരുന്നു എന്നാണ് പോലീസ് ഊഹിക്കുന്നത്. സംഭവത്തിലേയ്ക്ക് നയിച്ച കാരണങ്ങളിലേയ്ക്ക് വെളിച്ചം വീശുന്ന വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ നിർമ്മിച്ചയാളെ കോടതി 18 വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. 27 വയസ്സുകാരനായ ബോൾട്ടണിൽ നിന്നുള്ള ഹ്യൂ നെൽസനെ ആണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത് . യുകെയിൽ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ പ്രോസിക്യൂഷൻ കേസാണിത്. ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് (ജിഎംപി) നടത്തിയ അന്വേഷണത്തിന് ശേഷം ഓഗസ്റ്റിൽ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

16 കുട്ടികളുടെ ചിത്രങ്ങൾ ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സഹായത്തോടെ ദുരുപയോഗം ചെയ്തതായാണ് പോലീസ് കണ്ടെത്തിയത്. ഇതുകൂടാതെ കുട്ടികളെ മറ്റ് കുറ്റവാളികളെകൊണ്ട് ബലാത്സംഗം ചെയ്യാൻ പ്രേരിപ്പിച്ച കേസിലും ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇൻറർനെറ്റ് ചാറ്റ് റൂമുകളിൽ മറ്റ് കുറ്റവാളികളുമായി കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ച് ഇയാൾ നടത്തിയ ചർച്ചകളും തെളിവായി പോലീസ് കണ്ടെത്തിയിരുന്നു. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ വിറ്റ് 18 മാസ കാലയളവിൽ ഏകദേശം 5000 ഡോളർ ആണ് പ്രതി സമ്പാദിച്ചത്.

കുട്ടികളുടെ “സാധാരണ” ചിത്രങ്ങൾ ലൈംഗിക ദുരുപയോഗ ചിത്രങ്ങളാക്കി മാറ്റാൻ AI ഫംഗ്‌ഷനുള്ള കമ്പ്യൂട്ടർ പ്രോഗ്രാമായ Daz 3D നെൽസൺ ഉപയോഗിച്ചിരുന്നുവെന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് പറഞ്ഞു. ചില സന്ദർഭങ്ങളിൽ കുറ്റവാളികൾക്ക് യഥാർത്ഥ ജീവിതത്തിൽ സമ്പർക്കം പുലർത്തുന്ന കുട്ടികളുടെ ഫോട്ടോഗ്രാഫുകൾ നൽകുകയും ചെയ്തിരുന്നു. രഹസ്യ പോലീസ് ഉദ്യോഗസ്ഥനോട് ചാറ്റ് റൂമിൽ നടത്തിയ വെളിപ്പെടുത്തലാണ് നെൽസൺ പിടിക്കപ്പെടാൻ കാരണമായത്. 13 വയസ്സിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ മൂന്ന് വ്യത്യസ്ത വ്യക്തികളുമായി നെൽസൺ സന്ദേശങ്ങൾ കൈമാറിയിരുന്നതായും ഇയാളുടെ ഫോണുകളിൽ പോലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു . A l ഉപയോഗിച്ച് കുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നത് സമൂഹത്തിന് കടുത്ത വെല്ലുവിളിയായിരിക്കും എന്നാണ് വിവരസാങ്കേതിക മേഖലയിലെ വിദഗ്ധർ പറയുന്നത്. സാങ്കേതികവിദ്യ വളരുന്നതിനൊപ്പം സൈബർ കുറ്റകൃത്യങ്ങളും വർദ്ധിക്കുന്നതിലേയ്ക്കാണ് ഇത്തരം പ്രവണതകൾ വിരൽ ചൂണ്ടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബജറ്റിൽ പ്രഖ്യാപിച്ച നികുതികൾ തൊഴിലാളികളെ ബാധിക്കില്ലെന്ന സർക്കാരിൻറെ പ്രഖ്യാപനം എല്ലാ രീതിയിലും യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടുന്നതല്ലെന്ന വിവരങ്ങളാണ് ഏറ്റവും പുതിയതായി പുറത്തു വരുന്നത്. തൊഴിൽ ഉടമകൾക്ക് ഏർപ്പെടുത്തിയ നാഷണൽ ഇൻഷുറൻസ് വർദ്ധനവിന്റെ ആഘാതം തൊഴിലാളികളുടെ വേതനത്തിൽ നേരിട്ടല്ലെങ്കിലും പ്രതിഫലിക്കുമെന്ന വാർത്ത മലയാളംയുകെ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു .

എന്നാൽ നാഷണൽ ഇൻഷുറൻസിലെ വർദ്ധനവ് യുകെ മലയാളികളിൽ ഒരു വിഭാഗത്തിനെ കാര്യമായി ബാധിക്കും എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. യുകെ മലയാളികളിൽ ഭൂരിഭാഗവും എൻഎച്ച്എസിൻ്റെ കീഴിലാണ് ജോലി ചെയ്യുന്നത്. എൻഎച്ച്എസിനെയും മറ്റു പൊതുമേഖലാ സ്ഥാപനങ്ങളെയും നികുതി വർദ്ധനവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ എൻഎച്ച്എസിൻ്റെ തന്നെ സേവനങ്ങൾ നൽകുന്ന സ്വകാര്യ കെയർ ഹോമുകളെയും ഹോസ്പിസുകളെയും നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടില്ല. സ്വകാര്യ നേഴ്സിങ് ഹോമുകൾ നടത്തുന്ന ജിപികളെയും ദേശീയ ഇൻഷുറൻസിലെ വർദ്ധനവ് പ്രതികൂലമായി ബാധിക്കും.

നാഷണൽ ഇൻഷുറൻസിലെ വർദ്ധനവ് കെയർ ഹോമുകളെ കാര്യമായി ബാധിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒട്ടേറെ മലയാളികൾ ആണ് യുകെയിൽ കെയർ ഹോമുകളിൽ ജോലി ചെയ്യുന്നത്. കെയർ ഹോമുകളുടെ നടത്തിപ്പിലും മലയാളികൾ പങ്കാളികളായിട്ടുണ്ട്. നികുതി വർദ്ധനവ് മൂലം പ്രതിവർഷം 2 ലക്ഷം പൗണ്ട് അധികമായി ചിലവാകുമെന്നാണ് 6 കെയർ ഹോമുകൾ നടത്തുന്ന ഒരു കമ്പനി ഉടമ പറഞ്ഞത്. ജീവനക്കാരുടെ എണ്ണവും വേതനവും ചുരുക്കിയും നൽകുന്ന സേവനങ്ങൾക്ക് അധിക ചാർജ് ഈടാക്കിയും നാഷണൽ ഇൻഷുറൻസ് വർദ്ധനവിനെ നേരിടുവാൻ കെയർ ഹോം ഉടമകൾ ശ്രമിക്കുകയാണെങ്കിൽ അത് അവിടെ ജോലി ചെയ്യുന്ന നല്ലൊരു വിഭാഗം മലയാളികളെ പ്രതികൂലമായി ബാധിക്കും .
സൗത്താംപ്റ്റണിലെ മലയാളി സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തി കുഞ്ഞ് ഏബൽ വിടവാങ്ങി. ജന്മനാ ശാരീരിക ബുദ്ധിമുട്ടുകൾ അലട്ടിയിരുന്ന ഏബൽ ഞായറാഴ്ചയാണ് ദൈവസന്നിധിയിലേക്ക് യാത്രയായത്.
കണ്ണൂർ ഇരുട്ടി ആനപ്പന്തിയിൽ വാഴക്കാലായിൽ വീട്ടിൽ സന്തോഷിന്‍റെയും ചെമ്പത്തൊട്ടി മേലേമുറിയിൽ ബിന്ദുവിന്‍റെയും മകനാണ് ഒൻപതു വയസ്സുകാരനായിരുന്ന ഏബൽ. സൗത്താംപ്റ്റൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഐ.ടി. ഡിപ്പാർട്ട്മെന്‍റിൽ ഉദ്യോഗസ്ഥനാണ് സന്തോഷ്. ബിന്ദു ഇതേ ആശുപത്രിയിൽ നഴ്സായും ജോലി ചെയ്യുന്നു. ദമ്പതിമാർക്ക് ഏബലിനെ കൂടാതെ ഗബ്രിയേൽ, ഡാനിയേൽ, ആഡം എന്നിങ്ങനെ മറ്റു മൂന്നു കുട്ടികൾ കൂടിയുണ്ട്.
നവംബർ അഞ്ചിന് രാവിലെ 11ന് സൗത്താംപ്റ്റൺ റെഡ്ബ്രിഡ്ജ് ഹില്ലിലെ (SO16 4PL) ഹോളി ഫാമിലി പള്ളിയിൽ പൊതുദർശനത്തിനും വിശുദ്ധ കുർബാനയ്ക്കും ശേഷം ഹോളിബ്രൂക്ക് സെമിത്തേരിയിലാണ് (SO16 6HW) സംസ്കാരം. ഗ്രേറ്റ് ബ്രിട്ടൺ സിറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, വികാരി ഫാ. ജോൺ പുളിന്താനത്ത് എന്നിവർ സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകും
യു കെ :- ഇംഗ്ലണ്ടിലും വെയിൽസിലും അബോർഷൻ ക്ലിനിക്കുകൾക്ക് ചുറ്റുമുള്ള 150 മീറ്റർ ഇനിമുതൽ സേഫ് സോണുകളായാകും അറിയപ്പെടുക. ഇത്തരത്തിലുള്ള സേഫ് സോണുകളിൽ ഗർഭചിദ്ര സേവനങ്ങൾ ലഭിക്കുന്നതിൽ നിന്ന് ആളുകളെ മന:പ്പൂർവ്വം തടസ്സപ്പെടുത്തുകയോ, അബോർഷന് എതിരെയുള്ള ലഘുലേഖകൾ വിതരണം ചെയ്യുകയോ, പ്രതിഷേധം നടത്തുകയോ ചെയ്താൽ ഇനിമുതൽ ക്രിമിനൽ കുറ്റമായാകും പരിഗണിക്കപ്പെടുക. ഗർഭച്ഛിദ്ര സേവനങ്ങൾ തേടുന്ന സ്ത്രീകൾക്ക് പ്രതിഷേധങ്ങളിൽ നിന്നും മെച്ചപ്പെട്ട സംരക്ഷണം ലഭിക്കുമെന്ന് ഉറപ്പാക്കാൻ ഇംഗ്ലണ്ടിലെയും വെയിൽസിലെയും എല്ലാ അബോർഷൻ ക്ലിനിക്കുകൾക്കും പുറത്ത് ഇത്തരത്തിലുള്ള സംരക്ഷണ മേഖലകൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. ഒന്നര വർഷം മുൻപാണ് പുതിയ മാറ്റങ്ങൾക്കുള്ള ഈ ബിൽ പാസാക്കപ്പെട്ടത്. പിന്നീട് പാർലമെൻ്റിനുള്ളിൽ നടന്ന ചൂടുപിടിച്ച ചർച്ചകൾക്ക് ശേഷം, പൊതുജനാഭിപ്രായം കുടി തേടേണ്ടി വന്നതോടെയാണ് ബിൽ നടപ്പിലാക്കാൻ വൈകിയത്. വിവിധതരത്തിലുള്ള പ്രതികരണങ്ങളാണ് ബില്ലിനോട് അനുബന്ധിച്ച് പുറത്തുവരുന്നത്. അബോർഷൻ എതിരെയുള്ള പ്രതിഷേധക്കാരിൽ നിന്ന് തങ്ങൾക്ക് അനുഭവിക്കുന്ന ക്രൂരതകളിൽ നിന്നുള്ള ഒരു വിടുതലാണ് ഈ ബില്ലിലൂടെ ലഭിക്കുന്നതെന്ന് നേഴ്സായ കെന്റൽ റോബിൻസ് മാധ്യമങ്ങളോട് പറഞ്ഞു. അബോർഷനുള്ള തീരുമാനമെടുക്കുന്ന സ്ത്രീകൾ തികച്ചും ദുർബലരാണെന്നും, അവർ ജീവിതത്തിന്റെ ഏറ്റവും കഠിനമായ തീരുമാനങ്ങളിലൂടെ കടന്നുപോകുമ്പോൾ അവരെ വീണ്ടും ഉപദ്രവിക്കുകയും അവർക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നത് തെറ്റാണെന്നും അവർ വ്യക്തമാക്കി.

സ്കോട്ട്ലൻഡിൽ ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്ക് ചുറ്റും ബഫർ സോണുകൾ സൃഷ്ടിക്കുന്ന നിയമനിർമ്മാണം കഴിഞ്ഞ മാസം മുതൽ തന്നെ പ്രാബല്യത്തിൽ വന്നു. അതേസമയം ഈ നിയമ നിർമ്മാണം 2023 സെപ്റ്റംബർ മുതൽ നോർത്തേൺ അയർലണ്ടിൽ നിലവിലുണ്ട്. എന്നാൽ നിയമനിർമ്മാണം വന്നെങ്കിൽ പോലും, അബോർഷനെതിരെയുള്ള പ്രതിഷേധങ്ങൾ തുടരുമെന്ന് പ്രതികരണമാണ് പ്രതിഷേധക്കാർ നൽകുന്നത്. സെൻട്രൽ ലണ്ടനിലെ മേരി സ്റ്റോപ്സ് ഇൻ്റർനാഷണൽ (എംഎസ്ഐ) സെൻ്ററിന് സമീപമുള്ള ഒരു തെരുവിൽ ജപമാല മുത്തുകളും പ്ലക്കാർഡുമായി പ്രതിഷേധിച്ച മൂന്ന് പേർ തങ്ങൾ 150 മീറ്ററിന് പുറത്താണെന്ന് ഉറപ്പുവരുത്തിയാണ് പ്രതിഷേധിക്കുന്നതെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി. തുടർന്നും ഇത്തരത്തിൽ നിരവധി പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒക്ടോബർ 30-ാം തീയതി ചാൻസിലർ അവതരിപ്പിച്ച ബഡ്ജറ്റിലെ നികുതികൾ തൊഴിലാളികളുടെ ശമ്പളത്തെ ബാധിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ശമ്പളം മേടിക്കുന്ന അധ്വാന വർഗ്ഗത്തെ പ്രതികൂലമായി ബാധിക്കുന്ന നടപടികൾ ബഡ്ജറ്റിൽ ഉണ്ടാവുകയില്ലെന്ന് നേരത്തെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ വ്യക്തമാക്കിയിരുന്നു. എന്നാൽ തൊഴിലുടമകളെ ലക്ഷ്യമിട്ടുള്ള ബഡ്ജറ്റ് നികുതി വർദ്ധനവ് തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

ദേശീയ ഇൻഷുറൻസ് നിരക്കിലെ വർദ്ധനവും അതുകൂടാതെ അടയ്ക്കേണ്ട പരുധിയിലെ കുറവും കാരണം ബഡ്ജറ്റിൽ 40 മില്യൺ പൗണ്ടിന്റെ നികുതിഭാരവും ആണ് ചാൻസിലർ തൊഴിലുടമകളുടെ മേൽ ചുമത്തിയിരിക്കുന്നത്. എന്നാൽ നേരിട്ട് തൊഴിൽ ദാതാക്കൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഇത്തരം ഭാരങ്ങൾ പരോക്ഷമായി തൊഴിലാളികളെ ബാധിക്കും എന്നതാണ് വസ്തുത. ദേശീയ ഇൻഷുറൻസിലെ പുതിയ വർദ്ധനവും നടപടിക്രമങ്ങളും മൂലം തൊഴിലാളികൾക്കുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങൾക്കും തൊഴിലുടമകളുടെ ഭാഗത്തു നിന്ന് കർശനമായ സമീപനങ്ങൾ ഉണ്ടാകാനുള്ള സാധ്യതയാണ് ചൂണ്ടി കാണിക്കപ്പെടുന്നത്.

എന്നാൽ ബിസിനസുകാർ അവരുടെ ലാഭത്തിൽ നിന്ന് നാഷണൽ ഇൻഷുറൻസിലെ വർദ്ധനവ് അടയ്ക്കണമെന്നാണ് ഗവൺമെൻറ് ഉദ്ദേശിക്കുന്നതെന്നും ഇത് വേതന വർദ്ധനവിനെ ബാധിക്കേണ്ടതില്ലെന്നുമാണ് ചാൻസലർ റേച്ചൽ റീവ്സ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ നാഷണൽ ഇൻഷുറൻസിലെ വർദ്ധനവ് നേരിട്ട് ശമ്പളത്തെ ബാധിക്കില്ലെങ്കിലും കാലക്രമേണ തൊഴിലാളികളുടെ വേതനത്തെ ബാധിക്കുമെന്ന് റെസല്യൂഷൻ ഫൗണ്ടേഷൻ തിങ്ക് ടാങ്കിലെ റിസർച്ച് ഡയറക്ടർ ജെയിംസ് സ്മിത്ത് പറഞ്ഞു. പരോക്ഷമായി തങ്ങളുടെ വേതനത്തെ ബാധിക്കുന്ന ബഡ്ജറ്റിലെ നയങ്ങളെ കുറിച്ച് കൂടുതൽ വിമർശനങ്ങൾ തൊഴിലാളി യൂണിയനുകളുടെ ഭാഗത്തു നിന്നും ഉയർന്നു വരുമെന്നാണ് കരുതപ്പെടുന്നത്.
കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനത്തേയ്ക്ക് ഉള്ള വോട്ടെടുപ്പ് ഇന്നലെ അവസാനിച്ചു. ഇന്നലെ വൈകിട്ട് 5 മണി വരെയായിരുന്നു വോട്ടിംഗ് സമയം. മുൻ പ്രധാനമന്ത്രി ഋഷി സുനകിന് പകരം കൺസർവേറ്റീവ് പാർട്ടിയെ ആര് നയിക്കും എന്ന് ശനിയാഴ്ച രാവിലെ പ്രഖ്യാപിക്കും.

4 മാസത്തോളം നീണ്ട മാരത്തോൺ തിരഞ്ഞെടുപ്പ് പ്രക്രിയയാണ് ഇന്നലെ അവസാനിച്ചത്. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിലെ പരാജയമാണ് ഋഷി സുനകിന് പാർട്ടി നേതൃസ്ഥാനം തെറിക്കുന്നതിന് കാരണമായത്. നേതൃസ്ഥാനത്തേയ്ക്കുള്ള മത്സരത്തിൽ തുടക്കത്തിലുണ്ടായിരുന്ന സ്ഥാനാർത്ഥികൾ പുറത്തായതിനെ തുടർന്ന് മുൻ ബിസിനസ് സെക്രട്ടറി കെമി ബാഡെനോക്കും മുൻ ഇമിഗ്രേഷൻ മന്ത്രി റോബർട്ട് ജെൻറിക്ക്കും ആയിരുന്നു തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം വരെ എത്തിയത്.

ആര് നേതൃസ്ഥാനത്തേയ്ക്ക് എത്തും എന്നത് കൺസർവേറ്റീവ് പാർട്ടിയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് ജൂലൈ 4- ന് നടന്ന പൊതു തിരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ടത്. 24 ശതമാനത്തിൽ താഴെ വോട്ടുകളോടെ 121 സീറ്റുകളിൽ മാത്രമേ കൺസർവേറ്റീവ് പാർട്ടിക്ക് വിജയിക്കാനായുള്ളൂ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആഫ്രിക്കയിൽ അടുത്തിടെയുണ്ടായ ക്ലേഡ് 1 ബി പൊട്ടിപുറപ്പെട്ടതിന് പിന്നാലെ മങ്കിപോക്സ് കേസ് യുകെയിൽ സ്ഥിരീകരിച്ചു. ലൈംഗിക സമ്പർക്കം ഉൾപ്പെടെയുള്ള അടുത്ത ശാരീരിക ബന്ധത്തിലൂടെയാണ് ഈ രോഗം ആളുകൾക്കിടയിൽ പടരുന്നത്. രോഗം സ്ഥിരീകരിച്ച യുകെ പൗരൻ രോഗ ബാധ സ്ഥിരീകരിച്ച ആഫ്രിക്കൻ രാജ്യങ്ങളിലൊന്നിലേക്ക് യാത്ര ചെയ്തിരുന്നു. പിന്നീട് ഇവർക്ക് ഒക്ടോബർ 22 ന് ഫ്ലൂ പോലുള്ള ലക്ഷണങ്ങളും രണ്ട് ദിവസത്തിന് ശേഷം ചുണങ്ങുമുണ്ടായി.

എംപോക്‌സ് മൂലം ഉണ്ടാകുന്ന ചുണങ്ങുകൾ ഒരു മാസം വരെ നീണ്ടുനിൽക്കും. രോഗം സ്ഥിരീകരിച്ച ആൾ, ഇപ്പോൾ ലണ്ടനിലെ റോയൽ ഫ്രീ ഹോസ്പിറ്റലിൻ്റെ പ്രത്യേക പകർച്ചവ്യാധി വിഭാഗത്തിൽ ചികിത്സയിലാണ്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, കെനിയ, ബുറുണ്ടി, റുവാണ്ട എന്നിവയുൾപ്പെടെ നിരവധി ആഫ്രിക്കൻ രാജ്യങ്ങളിൽ ക്ലേഡ് 1 ബി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്വീഡൻ, ഇന്ത്യ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലും രോഗം കണ്ടെത്തിയിട്ടുണ്ട്. ക്ലേഡ് 1 എയേക്കാൾ തീവ്രത കുറവായ ഈ രോഗം മൃഗങ്ങളുടെ സമ്പർക്കവുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു.

2022-ൽ എം പോക്സ് കേസുകളുടെ പ്രാഥമിക കാരണം ക്ലേഡ് II ആയിരുന്നു. ഇത് സ്വവർഗ്ഗാനുരാഗികൾ, ബൈസെക്ഷ്വൽ, പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന മറ്റ് പുരുഷന്മാരെയാണ് ബാധിച്ചത്. പിന്നീട് ഈ കേസുകളുടെ എണ്ണം കുറഞ്ഞു. നിലവിൽ രോഗികളുമായി അടുത്ത് സമ്പർക്കം ഉള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് യുകെയിലെ ആരോഗ്യ പ്രവർത്തകർ. യുകെയിൽ ഇതാദ്യമായാണ് ക്ലേഡ് 1 ബി സ്ഥിരീകരിക്കുന്നത്. അതേസമയം ആരോഗ്യ, സാമൂഹിക സംരക്ഷണ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ, രോഗം പകരാനുള്ള സാധ്യത കുറവാണെന്ന് പൊതുജനങ്ങൾക്ക് ഉറപ്പ് നൽകി.