Main News

ഷിബു മാത്യൂ. ന്യൂസ് ഡെസ്ക്.

യുകെയിലെ സംഗീതപ്രേമികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ മലയാളം മ്യൂസിക് ലവേഴ്സ് ( MML) സംഘടിപ്പിച്ച സംഗീതോത്സവത്തിന് ലിവർപൂളിൽ തിരശ്ശീല വീണു. യുകെയുടെ നോർത്ത് വെസ്റ്റിന്റെ സാംസ്കാരിക തലസ്ഥാനത്ത് അറുപത് മലയാളി ഗായകരാണ് തങ്ങളുടെ കഴിവ് തെളിയിക്കാനെത്തിയത്. ആലാപന ശൈലികൊണ്ട് ഒന്നിനൊന്ന് മികച്ച പ്രകടനങ്ങളായിരുന്നു സംഗീതോത്സവത്തിലുടനീളം അരങ്ങേറിയത്.

ശാസ്ത്രീയമായി സംഗീതം പഠിക്കാത്തവർ അവിശ്വസനീയമായ പ്രകടനങ്ങൾ കാഴ്ച്ചവെച്ചത് കാണികളിൽ കൗതുകമുണർത്തി. ഹർഷാരവത്തോടെയാണ് ഓരോ ഗാനങ്ങളേയും പ്രേക്ഷകർ സ്വീകരിച്ചത്. പ്രായഭേദമെന്യേ അറുപതോളം ഗായകർ ഒന്നിച്ച സംഗീത സദസ്സിൽ യുകെ യുടെ വിവിധ ഭാഗങ്ങളിൻ നിന്നായി നൂറ് കണക്കിന് സംഗീത പ്രേമികളാണ് പ്രിയ ഗായകരുടെ സ്വരമാധുരി ആസ്വദിക്കാനെത്തിയത്.

അറുപത്തഞ്ച് പാട്ടുകൾക്കൊപ്പം മിമിക്രിയും ഡാൻസും വാദ്യോപകരണ സംഗീതവും ടീസർ പ്രമോഷനും കൂടാതെ MML ടൈറ്റിൽ സോങ്ങ് പ്രകാശനവും ചേർന്നപ്പോൾ ഒരു സായാഹ്നം നീണ്ടുനിന്ന സംഗീതോത്സവത്തിനെ കൂടുതൽ ഭംഗിയുള്ളതാക്കി.

മലയാളം മൂസിക്ക് ലവേഴ്സ് FB പേജിലൂടെ ലൈവായി ടെലികാസ്റ്റ് ചെയ്ത ഈ സംഗീതോൽസവം ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് സംഗീത പ്രേമികൾ വീക്ഷിച്ചു. സംഗീതോത്സവത്തിൽ പങ്കെടുത്ത എല്ലാ കലാകാരന്മാർക്കും MML മൊമെന്റോ നൽകി ആദരിച്ചു. കൂടാതെ റാഫിൾ ടിക്കറ്റ് വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും നൽകി.

ലിവർപൂളിലെ കാർഡിനൽ ഹീനൻ ഹൈസ്കൂൾ ഹാളിൽ ശനിയാഴ്ച്ച ഉച്ച തിരിഞ്ഞ് 2:30 ന് മലയാളി സമൂഹത്തെ ആകെ ദുഖത്തിലാഴ്ത്തി ലിവർപൂളിൽ അടുത്തിടെ മരണപ്പെട്ട ജോമോൾ ജോസ്, മെറിന ബാബു എന്നിവർക്ക് അനുശോചനം രേഖപ്പെടുത്തി പ്രാർത്ഥനാ ഗാനത്തോടെ സംഗീതോത്‌സവത്തിന് തുടക്കമായി. തുടർന്ന് വിശിഷ്ടാതിഥികൾ നിലവിളക്ക് കൊളുത്തി സംഗീതോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. 12 പാട്ടുകൾ ചേർന്ന 5 സെറ്റ് പ്രോഗ്രാമായിട്ടാണ് സംഗീതോത്സവത്തിനെ ചിട്ടപ്പെടുത്തിയിരുന്നത്. ഓരോ സെറ്റും രണ്ട് ആങ്കർമാർ ചേർന്നാണ് അവതരിപ്പിച്ചത്. ഡോ. അഞ്ജു ഡാനിയൽ, ബിനോയ് ജോർജ്ജ്, ഷിബു പോൾ, സീമ സൈമൺ എന്നിവരാണ് MML NORTH FEST ന്റെ അവതാരകരായെത്തിയത്.

യുക്മ ദേശീയ സെക്രട്ടറി കുര്യൻ ജോർജ്ജ്, യുക്മ നോർത്ത് സെക്രട്ടറി ബെന്നി ജോസഫ്, സാമൂഹ്യ-പൊതു പ്രവർത്തകൻ സോണി ചാക്കോ, നോർത്ത് വെസ്റ്റിലെ യുവ ബിസിനസ് സംരംഭക ഷൈനു മാത്യു , ലൈം റേഡിയോ പാർട്ട്ണർ അഗസ്റ്റിൻ പോൾ, മലയാളം യുകെ ന്യൂസ് അസ്സോസിയേറ്റ് എഡിറ്റർ ഷിബു മാത്യു, ലിമ മുൻ പ്രസിഡന്റ് ജോയ്, യുകെ മലയാളം മാട്രിമോണി ഡയറക്റ്റർ ജോബോയ്, ലൈഫ് ലൈൻ ഇൻഷുറൻസ് കമ്പനി ഡയറക്റ്റർ കിഷോർ ബേബി, MML കൂട്ടായ്മയുടെ സ്ഥാപകൻ ജയൻ ആമ്പലി എന്നിവരാണ് വിശിഷ്ടാതിഥികളായി വേദിയിൽ എത്തിയത്.

ലൈഫ് ലൈൻ ഇൻഷുറൻസ്, വൈസ് കെയർ ഏജൻസി, മൂൺലൈറ്റ് ഫർണിച്ചർ ബോൾട്ടൺ, ഹൈട്ടെക്ക് ഓൺലൈൻ സ്റ്റഡീസ്, യുകെ മലയാളി മാട്രിമോണി, ലോ& ലോയേഴ്സ് തുടങ്ങിയ സ്ഥാപനങ്ങൾ പ്രധാന സ്പോൺസർമാരായപ്പോൾ സംഗീത മാമാങ്കത്തിന് രുചിയൂറും ഭക്ഷണമൊരുക്കിയത് ലിവർപൂളിലെ ദി ഗ്രേറ്റ് ഇന്ത്യൻ തബ ഫുഡ് ആണ്.

സംഗീതോത്‌സവത്തിൻ്റെ സുഗമമായ നടത്തിപ്പിനായി ഷിബു പോൾ, ബെന്നി ജോസഫ്, ജിനീഷ് സുകുമാരൻ, റെക്സ് ജോസ്, റോയി മാത്യു, ബിനോയ് ജോർജ്ജ്, ടോണി ലൂക്കോസ്, ശ്രീജേഷ് സലിം എന്നിവരടങ്ങിയ കോർ കമ്മറ്റിയും കോർഡിനേറ്റർമാരായ രഞ്ജിത്ത് ഗണേശ്, ജയൻ ആമ്പലി എന്നിവരുമാണ് നേതൃത്വം നൽകിയത്.

2020 ജൂണിലാണ് മലയാളം മ്യൂസിക് ലവേഴ്സ് എന്ന സംഗീത കൂട്ടായ്മ രൂപം കൊള്ളുന്നത്. യുകെയിലും പുറത്തുമായുള്ള സംഗീത പ്രേമികളുമായി സംവദിക്കുവാനും അവരുടെ സംഗീത സൃഷ്ടികളും കലാപ്രവർത്തനങ്ങളും പങ്കു വയ്ക്കാനായിട്ടുമാണ് ഈ കൂട്ടായ്മ ആരംഭിച്ചത്. ആയിരക്കണക്കിന് ഗായകരുടെ സജീവ സാന്നിദ്ധ്യത്താൽ ഈ കൂട്ടായ്മ ഇന്ന് നൂറ്റിനാൽപ്പതിനായിരത്തോളം അംഗങ്ങളുള്ള യൂറോപ്പിലെ തന്നെ ഏറ്റവും വലിയ കൂട്ടായ്മയായി വളർന്നു കഴിഞ്ഞു. നിബന്ധനകളില്ലാതെ ഒട്ടേറെ കലാകാരന്മാർക്ക് തങ്ങളുടെ കലാ സൃഷ്ടി അവതരിപ്പിക്കുവാനുള്ള ഒരു ഓപ്പൺ പ്ലാറ്റ്ഫോമാണ് മലയാളം മ്യൂസിക് ലവേഴ്സ് ഒരുക്കിയിരിക്കുന്നത്.

പത്തംഗങ്ങളുള്ള കോർ ഗ്രൂപ്പിന്റെ നേതൃത്വം വഹിക്കുന്നത് ബ്ലാക്ക്പൂളിൽ നിന്നുമുള്ള കലാകാരൻ കൂടിയായ ജയൻ ആമ്പലിയാണ്.

മലയാളം മ്യൂസിക് ലവേഴ്സിൻ്റെ പ്രഥമ സംരഭമായ MML NORTH FEST ന് അവിശ്വസനീയമായ ജനപിന്തുണയാണ് ലിവർപൂളിൽ ലഭിച്ചത്. ഇതിൽ നിന്നും ഉൾക്കൊണ്ട പ്രചോദനത്താൽ വരും വർഷം നോർത്ത് വെസ്റ്റിലെ മറ്റൊരു നഗരിയിൽ വളരെ വിപുലമായ രീതിയിൽ മറ്റൊരു സംഗീത വിരുന്നവതരിപ്പിക്കുക എന്നതാണ് അടുത്ത ലക്ഷ്യമാണ് മലയാളം മ്യൂസിക് ലവേഴ്സിൻ്റെ അമരക്കാരൻ ജയൻ ആമ്പലി മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

ചിത്രങ്ങൾ:
Max Films
Manchester
PH: 7833885538
Sibin Bahuleyan

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ഗേറ്റിൽ കാർ ഇടിച്ചു കയറ്റിയ സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. മെട്രോപൊളിറ്റൻ പോലീസിലെ സായുധ ഉദ്യോഗസ്ഥരാണ് സംഭവ സ്ഥലത്ത് വച്ച് ഒരാളെ അറസ്റ്റ് ചെയ്തത്. നിലവിൽ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകടത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് മെട്രോപൊളിറ്റൻ പോലീസ് ഒരു പ്രസ്താവനയിൽ പറഞ്ഞു. രാജകുടുംബത്തിന്റെ വസതിയായ ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ഗേറ്റ് തകർക്കപ്പെടുന്ന സാഹചര്യം ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന കടുത്ത വിമർശനങ്ങളാണ് രാജ്യമെങ്ങു നിന്നും ഉയർന്നു വന്നിരിക്കുന്നത്.


ബ്രിട്ടീഷ് രാജാവിൻറെ ഔദ്യോഗിക വസതിയായ ബക്കിംഗ്ഹാം കൊട്ടാരം ഒട്ടേറെ ഔദ്യോഗിക പരിപാടികൾക്കും ചടങ്ങുകൾക്കുമാണ് ആതിഥേയത്വം വഹിക്കുന്നത് . ലണ്ടനിൽ എത്തുന്ന വിദേശ സഞ്ചാരികളുടെ പ്രധാന ആകർഷണമാണ് ബക്കിംഗ്ഹാം കൊട്ടാരം. രാജകുടുംബത്തിന്റെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കാൻ കൊട്ടാരത്തിനു ചുറ്റും കനത്ത സുരക്ഷാ വലയമാണുള്ളത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗ്രേറ്റർ മാഞ്ചസ്റ്ററിലെ 27 വയസ്സുകാരനായ ജോസഫ് ഹിഗിൻസൺ എന്ന യുവാവിന്റെ മരണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ചിക്കൻ കറി കഴിച്ചതിനെ തുടർന്ന് യുവാവിന് ശാരീരിക അസ്വാസ്ഥ്യം ഉണ്ടാവുകയും പിന്നീട് മരണം സംഭവിക്കുകയും ആണ് ചെയ്തത് . പാഴ്സലായി വാങ്ങിയ ചിക്കൻ കറിയുടെ ഒരു കഷണം കഴിച്ചപ്പോൾ തന്നെ യുവാവ് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച്‌ തുടർ ചികിത്സയിലിരിക്കെയാണ് ഇയാൾക്ക് മരണം സംഭവിച്ചത്.


ബട്ടർ ചിക്കൻ കറിയിൽ അടങ്ങിയ ബദാമിനോടുള്ള അലർജിയാണ് യുവാവിന്റെ മരണത്തിന് കാരണമായതെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. അനാഫൈലക്സിൻ എന്ന പേരിലുള്ള അലർജി യുവാവിന് ഉണ്ടായിരുന്നതാണ് ഇതിന് കാരണം . അണ്ടിപ്പരിപ്പ് , ബദാം എന്നിവയോടുള്ള അലർജിയാണ് അനാഫൈലക്സിൻ . ജോസഫ് മേടിച്ച ബട്ടർ ചിക്കനിൽ ബദാം അടങ്ങിയതായി രേഖപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ പാഴ്സൽ നൽകിയ സ്ഥാപനത്തിൻറെ പേരിൽ കുറ്റം ആരോപിക്കാൻ സാധിക്കില്ലെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത് .


സംഭവം നടക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് ജോസഫിന് ഈ അലർജി ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. 2022 ഡിസംബർ 28 -നായിരുന്നു കുടുംബവുമായി ഭക്ഷണം കഴിക്കുമ്പോൾ അപ്രതീക്ഷിത ദുരന്തം ജോസഫിനെ തേടിയെത്തിയത്. അടിയന്തിര വൈദ്യസഹായം ഉണ്ടായിരുന്നെങ്കിലും ഹിഗ്ഗിൻസിന്റെ ആരോഗ്യസ്ഥിതി വഷളാവുകയും മരണം സംഭവിക്കുയുമായിരുന്നു. ഇത്തരം അലർജിയുള്ള ആളുകൾ എല്ലായ്പ്പോഴും കരുതിയിരിക്കണമെന്നും ഒരു വ്യക്തിയുടെ ജീവിതകാലം മുഴുവൻ അതീവ ശ്രദ്ധ ഉണ്ടാവണമെന്നുമാണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഷെഫീൽഡിലെ പാർക്കിൽ 24 കാരൻ മരിച്ച സംഭവത്തിൽ കൊലപാതക കുറ്റം ചുമത്തി പോലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാവിലെ 4:30 നാണ് നെതർതോർപ്പിലെ ദി പോണ്ടറോസയിൽ യുവാവിന് കുത്തേറ്റത്. ഉടൻതന്നെ അടിയന്തിര സഹായം തേടിയെങ്കിലും സംഭവസ്ഥലത്ത് വച്ച് തന്നെ യുവാവ് മരിക്കുകയായിരുന്നു എന്ന് സൗത്ത് യോർക്ക്ഷയർ പോലീസ് പറഞ്ഞു.

ഇരയുടെ ഔപചാരികമായ തിരിച്ചറിയൽ ഇതുവരെ നടന്നിട്ടില്ല. മരിച്ച യുവാവിൻെറ കുടുംബത്തിന് എല്ലാ തരത്തിലുള്ള പിന്തുണയും ഉദ്യോഗസ്ഥർ നൽകുമെന്ന് പോലീസ് സേനാ മേധാവി മാധ്യമങ്ങളോട് പറഞ്ഞു. സംഭവസ്ഥലത്തെ പെട്രോളിങ്ങും തിരച്ചിലും ശക്തമാക്കിയിരിക്കുകയാണ് പോലീസ് ഉദ്യോഗസ്ഥർ ഇപ്പോൾ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ചെങ്കടലിൽ ഇറാൻ്റെ പിന്തുണയുള്ള ഹൂതികൾക്ക് വൻ തിരിച്ചടി നൽകി യുഎസ് , യുകെ സഖ്യത്തിലുള്ള സൈന്യം. ഹൂതികളുടെ ഡസൻ കണക്കിനുള്ള ഡ്രോണുകൾ സഖ്യസേനയുടെ ആക്രമണത്തിൽ തകർന്നതായാണ് റിപ്പോർട്ടുകൾ. ഹൂതികൾ വിക്ഷേപിച്ച രണ്ട് ഡ്രോണുകൾ തകർന്നതായി റോയൽ നേവി അറിയിച്ചതാണ് ഈ ഗണത്തിൽ ഏറ്റവും അവസാനമായി പുറത്തുവന്നത് . ചരക്ക് കപ്പലുകൾക്ക് വൻ ഭീഷണിയായി ഹൂതികളുടെ ആക്രമണം മാറിയതിനെ തുടർന്നാണ് വൻതോതിലുള്ള തിരിച്ചടി നൽകാൻ തങ്ങൾ നിർബന്ധിതരായതെന്ന് യുഎസ് പറഞ്ഞു.


പ്രോപ്പർ ഫോർച്യൂൺ എന്ന ചരക്ക് കപ്പലും യുഎസിന്റെ ഡ്രോണുകളെയും ആണ് തങ്ങൾ ലക്ഷ്യമിട്ടതെന്നാണ് ഹൂതികൾ അവകാശവാദം ഉന്നയിച്ചത്. എന്നാൽ തങ്ങളുടെയും സഖ്യസേനയുടെയും സൈനിക വാഹനങ്ങൾക്കൊന്നും കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് യുഎസ് സൈനിക വക്താവ് പറഞ്ഞു. പുതിയതായി വാണിജ്യ കപ്പലുകൾക്കും അപകടം സംഭവിച്ചതായി റിപ്പോർട്ടുകളില്ല. വെള്ളിയാഴ്ച രാത്രി ഹൂതികൾ വിക്ഷേപിച്ച രണ്ട് ട്രോണുകൾ റോയൽ നേവി തകർത്തതായി യുകെ പ്രതിരോധ സെക്രട്ടറി ഗ്രാൻറ് ഷാപ്സ് അറിയിച്ചു.

വടക്ക് പടിഞ്ഞാറൻ യെമന്റെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന ഇറാൻറെ പിന്തുണയുള്ള ഹൂതികൾ നവംബർ മുതൽ ചെങ്കടലിലൂടെ സഞ്ചരിക്കുന്ന ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണം നടത്തി വരുകയാണ്. ഗാസ മുനമ്പിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിൽ പാലസ്തീനികൾക്ക് പിന്തുണ കാണിക്കാനാണ് തങ്ങളുടെ ആക്രമണം എന്നാണ് ഹൂതികൾ പറയുന്നത്. ചെങ്കടലിൽ ഹൂതികളുടെ ആക്രമണം തുടർച്ചയായതോടെ നിരവധി കമ്പനികളാണ് കൂടുതൽ ദൈർഘ്യമേറിയ ആഫ്രിക്കയെ ചുറ്റിയുള്ള പാത തിരഞ്ഞെടുക്കാൻ നിർബന്ധിതരായിരിക്കുന്നത്. ഇതിന്റെ ഫലമായി ചരക്ക് വിലയിൽ വൻ കുതിച്ചു കയറ്റം ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രണ്ടു വർഷമായി യുകെയിലെ കേംബ്രിഡ്ജ് ആഡംബ്രൂക്ക് ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്ന ടീന സൂസൻ തോമസ് ക്യാൻസർ രോഗബാധയെ തുടർന്ന് മരണമടഞ്ഞു. കേരളത്തിൽ കോട്ടയം സ്വദേശിനിയാണ് ടീന. ഭർത്താവ് അനീഷ് മണി. സെൻറ് ഇഗ്നേഷ്യസ് ഏലിയാസ് യാക്കോബറ്റ് സിറിയൻ ഓർത്തഡോക്സ് ചർച്ച് ഇടവാങ്കമാണ് പരേത.

ടീനയും കുടുംബവും യുകെയിലെത്തിയിട്ട് രണ്ടുവർഷം മാത്രമായിരിക്കുകയാണ് ടീനക്ക് ക്യാൻസർ രോഗം കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച ആഴ്ചകൾക്കുള്ളിൽ തന്നെ മരണം സംഭവിക്കുകയായിരുന്നു.

ടീന സൂസൻ തോമസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിലെ പ്രമുഖ വന്ധ്യതാ കേന്ദ്രത്തിൽ ഗുരുതരമായ പിഴവുകൾ കണ്ടെത്തിയതിനെ തുടർന്ന് പ്രവർത്തനാനുമതി നിഷേധിച്ചു. ഹോമർട്ടൺ ഫെർട്ടിലിറ്റി സെൻററിനോട് ആണ് അടിയന്തിരമായി പ്രവർത്തനം നിർത്തിവയ്ക്കാൻ ഫെർട്ടിലിറ്റി റെഗുലേറ്റർ ആവശ്യപ്പെട്ടിരിക്കുന്നത്. വന്ധ്യതാ ചികിത്സയ്ക്കായി എത്തിയവരുടെ ഭ്രൂണം ഫ്രീസു ചെയ്യുന്നതിൽ തുടർച്ചയായി പിഴവുകൾ ഉണ്ടായതാണ് കർശനമായ നടപടിക്ക് കാരണമായത്.


ഹോമർട്ടൺ ഫെർട്ടിലിറ്റി സെൻറർ സംഭവത്തിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ പ്രശ്നം ഏകദേശം 45 ഓളം ദമ്പതികളെ ബാധിക്കുമെന്നാണ് ബി ബി സി റിപ്പോർട്ട് ചെയ്തത് . ഫ്രീസ് ചെയ്തിരുന്ന 150 ഓളം ഭ്രൂണങ്ങളെ ബാധിച്ചേക്കാം എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . നീണ്ട കാത്തിരിപ്പിനൊടുവിൽ ചികിത്സയുടെ അന്തിമഘട്ടത്തിലാണ് വന്ധ്യതാ കേന്ദ്രത്തിനുണ്ടായ പിഴവിന്റെ ഗൗരവം ചികിത്സയുടെ ഭാഗമായവർ അറിഞ്ഞത്. താൻ അസ്വസ്ഥനാണെന്നും മാനസികമായി തകർന്നിരിക്കുകയാണെന്നും പ്രസ്തുത ക്ലിനിക്കിൽ ചികിത്സയിലായിരുന്ന ഒരാൾ മാധ്യമങ്ങളോട് വളരെ വേദനയോടെ പറഞ്ഞു.

സംഭവം പുറത്തറിഞ്ഞ് ഹോമർട്ടൺ ഹെൽത്ത് കെയർ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് നടത്തിയ ഇടപെടലുകളെ തുടർന്നാണ്. 2023 അവസാനത്തോടെ തന്നെ വന്ധ്യതാ ചികിത്സാ കേന്ദ്രത്തെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന വിദഗ്ധർക്ക് വന്ധ്യതാ ചികിത്സാ കേന്ദ്രത്തിന് പറ്റിയ പിഴവുകളുടെ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ . എന്നാൽ ഇത്തരം പിഴവുകൾ ഭാവിയിൽ വരാനിരിക്കുന്ന യൂണിറ്റിൽ ചില മാറ്റങ്ങൾ നിർദ്ദേശിച്ചതായും ആണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ എൻഎച്ച്എസ് ആശുപത്രികളിലെ നീണ്ട കാത്തിരിപ്പ് സമയം ഇപ്പോൾ വാർത്തയല്ലാതായിരിക്കുന്നു .കോവിഡും വിവിധ മേഖലകളിലെ ജീവനക്കാരുടെ സമരവും ആണ് വെയിറ്റിംഗ് ലിസ്റ്റ് ഇത്ര ഉയരാൻ കാരണം എന്ന് പറയുമ്പോഴും രാഷ്ട്രീയ കെടുകാര്യസ്ഥതയും ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മതിയായ ജീവനക്കാർ വിവിധ മേഖലകളിൽ ഇല്ലാത്തത് രോഗികളുടെ കാത്തിരിപ്പ് സമയം കൂടുന്നതിന് കാരണമാണ് . പലരും മെച്ചപ്പെട്ട ശമ്പളത്തിനും ആനുകൂല്യങ്ങൾക്കുമായി എൻഎച്ച്എസ്സിലെ ജോലി ഉപേക്ഷിക്കുന്ന സാഹചര്യവും നിലവിലുണ്ട്.

എൻഎച്ച്എസിലെ കുതിക്കുന്ന വെയിറ്റിംഗ് ലിസ്റ്റ് സ്വകാര്യമേഖലയ്ക്ക് ചാകരയാകുന്നതിന്റെ റിപ്പോർട്ടുകൾ പുറത്തു വന്നു തുടങ്ങി. ചികിത്സ കിട്ടാനുള്ള നീണ്ട കാത്തിരിപ്പ് സമയത്തിൽ നിരാശരായ രോഗികളിൽ പലരും സ്വകാര്യമേഖലയെ ആശ്രയിക്കേണ്ടി വന്നതിന്റെ കണക്കുകൾ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. 2023 -ൽ എൻ എച്ച് എസ് ഇംഗ്ലണ്ടിൽ നടത്തേണ്ടിയിരുന്ന പല പ്രധാന ശാസ്ത്രക്രിയകളും സ്വകാര്യ മേഖലയിൽ നടത്തേണ്ടി വന്നതിന്റെ കണക്കുകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം ഏകദേശം 10% ഓപ്പറേഷൻ ആണ് സ്വകാര്യ മേഖലയിൽ നടത്തിയത്. കോവിഡിന് മുമ്പുള്ളതിനേക്കാൾ ഈ അനുപാതം ഏകദേശം 50% വർദ്ധിച്ചതായി ഇൻഡിപെൻഡൻ്റ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് നെറ്റ്‌വർക്ക് (ഐഎച്ച്പിഎൻ) പറഞ്ഞു.


ജീവനക്കാരുടെ അഭാവവും 7.6 മില്യനോളം വരുന്ന ചികിത്സക്കായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണവും ആണ് സ്വകാര്യ ചികിത്സയ്ക്കായി രോഗികളെ അയയ്‌ക്കാൻ വിവിധ ആരോഗ്യ സേവന ട്രസ്റ്റുകളെ നിർബന്ധിതരാക്കുന്നത് . കൂടുതൽ രോഗികളെ സ്വകാര്യ മേഖലകളിലേയ്ക്ക് അയക്കേണ്ടി വരുന്ന കാര്യത്തിൽ കടുത്ത വിമർശനമാണ് സർക്കാരും എൻഎച്ച്എസും ഏറ്റു വാങ്ങുന്നത്. എൻ എച്ച്എസിനായി 164.9 ബില്യൺ പൗണ്ടാണ് ബഡ്ജറ്റ് വിഹിതമായി അനുവദിച്ചിരിക്കുന്നത് . കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും പുതിയ നീയമനങ്ങൾ നടത്തുന്നതിനും പഴകിയ ഐടി സംവിധാനങ്ങൾ നവീകരിക്കുന്നതിനും ബഡ്ജറ്റിലെ തുക കൊണ്ട് സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് .

എൻ എച്ച് എസിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻ്റെ സഹായത്തോടെ പദ്ധതികൾ നടപ്പിലാക്കുന്നത് വളരെ പ്രതീക്ഷയോടെയാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെയുള്ള നവീകരണങ്ങൾ എൻഎച്ച്എസിനെ ലോകത്തിലെ മികച്ച ആരോഗ്യപരിപാലന സംവിധാനമായി നിലനിർത്താൻ സഹായിക്കും . എൻഎച്ച്എസിലെ ഐടി നവീകരണം മൂലം ഓരോ വർഷവും ഡോക്ടർമാർ പാഴാക്കുന്ന 13 ദശലക്ഷം മണിക്കൂറും 5 വർഷം കൂടുമ്പോൾ 4 ബില്യൺ പൗണ്ട് വരെ ലഭിക്കാനും വഴിയൊരുങ്ങുമെന്നാണ് റിപ്പോർട്ടുകൾ. എൻഎച്ച്എസ് പ്രവർത്തനങ്ങൾ സുഗമമായില്ലെങ്കിൽ അടുത്ത പൊതു തെരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചടിക്ക് അത് കാരണമാകുമെന്ന ഭയം രാഷ്ട്രീയ നേതൃത്വത്തിനുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകിന്റെ ഭാര്യാ മാതാവ് സുധാ മൂർത്തിയെ ഇന്ത്യയുടെ രാജ്യസഭയിലേയ്ക്ക് നാമ നിർദ്ദേശം ചെയ്തു. ഇന്ത്യൻ ഐടി കമ്പനിയായ ഇൻഫോസിസിന്റെ സഹസ്ഥാപകനായ ആർ നാരായണമൂർത്തിയുടെ ഭാര്യയാണ്. നാരായണമൂർത്തി സുധാമൂർത്തി ദമ്പതികളുടെ മകളായ അക്ഷതാമൂർത്തിയെ 2009 -ലാണ് ഋഷി സുനക് വിവാഹം കഴിച്ചത്.

ഇന്ത്യൻ രാജ്യസഭയിലെ ഭൂരിഭാഗം അംഗങ്ങളെയും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ സമാജികരിൽ നിന്ന് തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത് . എന്നാൽ രാജ്യസഭയിലെ 12 അംഗങ്ങളെ പ്രസിഡന്റിന് നാമനിർദേശം ചെയ്യാൻ സാധിക്കും. ഇവരുടെ കാലാവധി 6 വർഷമാണ്. വിവിധ മേഖലയിലെ സംഭാവനകളെ പരിഗണിച്ചാണ് ഇവരെ പ്രസിഡൻറ് നാമനിർദേശം നടത്തുന്നത്. സാമൂഹിക പ്രവർത്തനം വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സംഭാവനകളെ പരിഗണിച്ചാണ് സുധാമൂർത്തി രാജ്യസഭയിലെത്തുന്നത് . സാമൂഹിക പ്രവർത്തനം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ സുധാമൂർത്തിയുടെ സംഭാവനകൾ വളരെ വലുതും പ്രചോദനകരവുമാണെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.


കഴിഞ്ഞവർഷം ഇന്ത്യൻ ഗവൺമെൻറ് അവർക്ക് ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൻ നൽകി ആദരിച്ചിരുന്നു . രാജ്യസഭാ അംഗമായി നാമ നിർദ്ദേശം ചെയ്യപ്പെട്ടതിൽ സന്തോഷമുണ്ടെന്നും അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഈ ബഹുമതി ലഭിക്കുന്നതിൽ ഇരട്ടി മധുരമുണ്ടന്നും സുധാമൂർത്തി പറഞ്ഞു. ഇപ്പോൾ ഇന്ത്യയിലെ ഏഴാമത്തെ വലിയ കമ്പനിയും ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യത്തെ ഇന്ത്യൻ കമ്പനിയുമായ ഇൻഫോസിസ് തുടങ്ങിയത് തൻറെ ഭാര്യയിൽ നിന്ന് 250 ഡോളർ കടം വാങ്ങിയാണെന്ന് നാരായണമൂർത്തി ഒരിക്കൽ പറഞ്ഞിരുന്നു.

ബാലസാഹിത്യം ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ ഒട്ടേറെ പുസ്തകങ്ങൾ അവർ രചിച്ചിട്ടുണ്ട്. ഋഷി സുനക് പ്രധാനമന്ത്രിയായ ശേഷം യുകെയിലേയ്ക്ക് വന്നപ്പോൾ വാസസ്ഥലം ഡൗണിങ് സ്ട്രീറ്റ് ആണെന്ന് പറഞ്ഞത് തമാശയായി ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ കരുതിയ കാര്യം അവർ പലപ്പോഴും പറഞ്ഞിരുന്നു. ഇൻഫോസിസിൽ ഓഹരിയുള്ള മകൾ അക്ഷതാമൂർത്തിയ്ക്ക് 730 മില്യൺ പൗണ്ടിൻ്റെ ആസ്തിയാണുള്ളത്. കോടികളുടെ ആസ്തിയുള്ളപ്പോഴും സുധാമൂർത്തിയുടെ ലളിതജീവിതം പലപ്പോഴും മാധ്യമങ്ങളിൽ തലക്കെട്ടുകൾ സൃഷ്ടിച്ചിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സജീവ രാഷ്ട്രീയത്തിൽ നിന്ന് വിടവാങ്ങുന്നതായി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പ്രഖ്യാപിച്ചു. അടുത്ത് വരുന്ന പൊതു തിരഞ്ഞെടുപ്പിൽ അവർ മത്സരിക്കത്തില്ല. ഇതോടെ 27 വർഷം നീണ്ട അവരുടെ പാർലമെൻററി ജീവിതത്തിനാണ് വിരാമം കുറിക്കപ്പെടുന്നത്. പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞിട്ടും അവർ എംപിയായി തുടരുകയായിരുന്നു.


മെയ്ഡൻ ഹെഡ് മണ്ഡലത്തെയാണ് തുടർച്ചയായി അവർ പ്രതിനിധാനം ചെയ്ത് വന്നിരുന്നത് . 1997 മുതൽ എംപിയായിരുന്ന അവർ മൂന്ന് വർഷ കാലമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നത്. 2010 മുതൽ 2016 വരെ കാമറൂൺ മന്ത്രിസഭയിൽ ഹോം സെക്രട്ടറിയായിരുന്നു. ഹോം സെക്രട്ടറിയായിരുന്ന 6 വർഷ കാലം ഭരണ കർത്താവ് എന്ന നിലയിൽ മികച്ച പ്രവർത്തനമാണ് അവർ കാഴ്ച വച്ചത്. ഡേവിഡ് കാമറൂൺ രാജിവച്ച ഒഴിവിൽ പ്രധാനമന്ത്രിയായി തെരേസാ മേ എത്തിയതിന്റെ പിന്നിൽ ഹോം സെക്രട്ടറി എന്ന നിലയിൽ അവർ നടത്തിയ പ്രവർത്തന മികവായിരുന്നു കാരണമായത് . എല്ലാവരും പ്രധാനമന്ത്രിയാകും എന്ന് കരുതിയിരുന്ന ബോറിസ് ജോൺസനെതിരെ പെട്ടെന്ന് അവർ രംഗത്ത് വരുകയായിരുന്നു.


മൂന്നുവർഷം പ്രധാനമന്ത്രിയായിരുന്നിട്ടും ബ്രെക്സിറ്റ് കരാർ നടപ്പാക്കാൻ തെരേസ മേയ്ക്ക് ആയില്ല. ഇതിനെ തുടർന്ന് 2019 -ലെ പൊതു തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അവർ രാജിവച്ചു . ഇതിനെ തുടർന്നാണ് ബോറിസ് ജോൺസൺ പ്രധാനമന്ത്രിയായത്. ബ്രക്സിറ്റ് യഥാർത്ഥമായതോടെ വൻ ഭൂരിപക്ഷത്തിൽ ടോറികൾ വീണ്ടും അധികാരത്തിലെത്തി.

ഭരണപക്ഷത്തെ ഒട്ടേറെ പ്രമുഖരാണ് ഈ വർഷം നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ മത്സര രംഗത്ത് ഇല്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനും, മുൻ പ്രതിരോധ സെക്രട്ടറിയായ ബെൻ വാലിസ് തുടങ്ങി 60 ഓളം ടോറി അംഗങ്ങളാണ് മത്സര രംഗത്തില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്

RECENT POSTS
Copyright © . All rights reserved