പൊലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് യുവതിക്ക് നേരെ ആക്രമണം. കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെയാണ് ഭർത്താവ് ആക്രമിച്ചത്. പത്തനംതിട്ട അടൂരില്‍ ഇന്ന് രാവിലെയാണ് സംഭവം. ഭാര്യയെ ക്രൂരമായി മർദിക്കുകയായിരുന്നു.
നിലത്തു വീണ അടൂർ മൂന്നാളം സ്വദേശിനിക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസുകാർ യുവാവിനെ തടയാൻ ശ്രമിച്ചെങ്കിലും ആക്രമണം തുടരുകയായിരുന്നു.
കഴിഞ്ഞ 22ാം തീയതിയാണ് 24കാരിയായ യുവതി ഭർത്താവിന്റെ സുഹൃത്തായ കാമുകനൊപ്പം പോകുന്നത്. തുടർന്ന് ഭർത്താവിന്റെ അമ്മ പൊലീസില്‍ മിസ്സിംഗ് പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ യുവതിയെ പൊലീസ് കണ്ടെത്തിയിരുന്നു.
തുടർന്ന് കോടതിയില്‍ ഹാജരാക്കാൻ കൊണ്ടുപോകുന്ന സമയത്താണ് ഭർത്താവ് ആക്രമിച്ചത്. വിദേശത്തായിരുന്ന ഭർത്താവ് ഭാര്യയെ കാണാനില്ലെന്ന് അറിഞ്ഞതിനെ തുടർന്നാണ് നാട്ടിലെത്തിയത്.
പൊലീസ് സ്റ്റേഷനില്‍ എത്തിച്ച യുവതിയെ പൊലീസ് സംരക്ഷണത്തില്‍ കോടതിയില്‍ ഹാജരാക്കാൻ കൊണ്ടുപോകവേയാണ് ആക്രമണം ഉണ്ടായത്. ഉടൻ തന്നെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ : യുകെയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കടുത്ത ഞെട്ടലാണ് സൃഷ്ഠിച്ചിരിക്കുന്നത് . കോഴിക്കോട് കൊയിലാണ്ടി ഇടക്കുളം ചെങ്ങോട്ട്കാവ് മേൽപ്പാലത്തിന് സമീപം ഒതയോത്ത് വില്ല സ്വദേശിയും വിമുക്ത ഭടൻ എം. കെ. വിജയന്റെയും ജസിയയുടെയും മകനുമായ വി.ജെ. അർജുൻ (28) ആണ് കെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബിടെക് കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായ അർജുൻ 2022ൽ യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് എസെക്സിൽ എം.എസ്. പഠനത്തിനായി എത്തിയതായിരുന്നു. യുകെ പൊലീസാണ് അർജുന്റെ മരണവിവരം കുടുംബത്തെ അറിയിച്ചത്. അപ്രതീക്ഷിതമായ വേർപാടിൽ മാതാപിതാക്കളും സഹോദരന്മാരായ വി.ജെ. അതുൽ, വി.ജെ. അനൂജ എന്നിവരും സഹോദരി ഭർത്താവ് അക്ഷയ് ഉൾപ്പെടെയുള്ള ബന്ധുക്കളും കടുത്ത ദുഃഖത്തിലാണ്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ പ്രാദേശിക മലയാളി സമൂഹത്തിന്റെ സഹകരണത്തോടെയാണ് പുരോഗമിക്കുന്നത്. മറ്റു വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രിൻസ് ഹാരിയുടെ അടുത്തിടെ നടന്ന യുകെ സന്ദർശനം വൻവിജയമായിരുന്നു. ഇതിന് പിന്നാലെ ഇരുവരും അകലാനുള്ള സാധ്യത ഉണ്ടെന്ന വാർത്തകളും പുറത്തുവന്നു. ഹാരി നാട്ടിലേക്ക് തിരിച്ചെത്താനുള്ള ആലോചനയിൽ ആണെന്നും, എന്നാൽ ഭാര്യ മെഗൻ മാർക്കിളിന് അതിൽ യാതൊരു താത്പര്യവും ഇല്ലെന്നുമാണ് സൂചന . യുകെയിലേക്ക് തിരിച്ചുവരാനുള്ള ആശയം തന്നെ മെഗനെ “അത്യന്തം അസ്വസ്ഥയാക്കി” എന്നും, ഇതുമൂലം ഇരുവരുടെയും ബന്ധത്തിൽ വൻ സംഘർഷം നിലനിൽക്കുന്നുവെന്നും ആണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

റാഡാർ ഓൺലൈൻ റിപ്പോർട്ട് അനുസരിച്ച് ബക്കിംഗ്ഹാം കൊട്ടാരം ഇതിനകം തന്നെ ഒരു “സെപറേഷൻ പ്ലാൻ” തയ്യാറാക്കാൻ തുടങ്ങിയതായി പറയുന്നു. ഹാരി യുകെയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതിനാൽ, യുഎസിൽ തുടരാൻ ആഗ്രഹിക്കുന്ന മെഗനുമായുള്ള ഈ അഭിപ്രായവ്യത്യാസം രാജകുടുംബത്തിനും തലവേദനയായി മാറിയെന്നാണ് വിവരം. കൊട്ടാരത്തിലെ ഉദ്യോഗസ്ഥർ ഒരു “ഗോൾഡൻ ഹാൻഡ്‌ഷേക്ക്” തരത്തിലുള്ള ധാരണാപത്രം തയ്യാറാക്കുന്നുവെന്നു കൂടി റിപ്പോർട്ടുണ്ട്.

ഈ നടപടിയിലൂടെ മെഗൻ രാജകുടുംബത്തെ സംബന്ധിച്ച രഹസ്യവിവരങ്ങൾ പുറത്തുവിടുന്നത് തടയാനാണ് ശ്രമമെന്ന് പറയുന്നു. ഇതിൽ കർശനമായ നിബന്ധനകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, വ്യവസ്ഥകൾ ലംഘിച്ചാൽ കടുത്ത ശിക്ഷകൾ ഉണ്ടാകുമെന്നും ആണ് സൂചന. ഡയാനാ രാജകുമാരിയുമായുണ്ടായ സാഹചര്യം ആവർത്തിക്കാതിരിക്കാൻ ഈ നീക്കങ്ങൾ രാജകുടുംബം സ്വീകരിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ സോഷ്യൽ കെയർ മേഖലയിലെ ഉജ്വല സേവനങ്ങളെ ആദരിക്കുന്ന പ്രശസ്തമായ ‘വെയിൽസ് കെയർ അവാർഡ് 2025’ (Social Care Oscar) നേടിക്കൊണ്ട് മലയാളി നേഴ്സ് ഷൈനി സ്കറിയ യുകെയിലെ മലയാളികൾക്ക് അഭിമാനമായി. കൊല്ലം ജില്ലയിലെ കുണ്ടറ നെടുമ്പായിക്കുളം സ്വദേശിനിയായ ഷൈനി, ‘ഇൻഡിപെൻഡന്റ് സെക്ടർ നഴ്സ് ഓഫ് ദ ഇയർ’ (Independent Sector Nurse of the Year) വിഭാഗത്തിലാണ് ഗോൾഡ് മെഡൽ കരസ്ഥമാക്കിയത്. വെയിൽസ് സർക്കാരാണ് ഈ ബഹുമതി പ്രതിവർഷം മികച്ച സേവനങ്ങൾക്ക് നൽകുന്നത്.

റൈദറിലുള്ള കരോൺ ഗ്രൂപ്പിൽ സീനിയർ നേഴ്സായി സേവനം അനുഷ്ഠിക്കുന്ന ഷൈനി, നിരവധി പേരെ പിന്തള്ളിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. കാർഡിഫ് ഹോളണ്ട് ഹൗസ് ഹോട്ടലിൽ നടന്ന പ്രൗഢമായ ചടങ്ങിലാണ് വെയിൽസ് ആരോഗ്യ മന്ത്രി ജെറമി മൈൽസിന്റെ സാന്നിധ്യത്തിൽ അവാർഡ് ലഭിച്ചത്. ഷൈനിയുടെ സമർപ്പിത സേവനത്തിനുള്ള യഥാർത്ഥ അംഗീകാരമാണിതെന്ന് സഹപ്രവർത്തകരും സുഹൃത്തുക്കളും അഭിപ്രായപ്പെട്ടു.

റിയാദിലെ കുട്ടികളുടെ ഇൻറൻസീവ് കെയർ യൂണിറ്റിൽ നേഴ്സായി ജോലി ചെയ്ത ശേഷമാണ് ഷൈനി 2020-ൽ വെയിൽസിലേക്ക് കുടിയേറിയത്. കുണ്ടറ തൃപ്പിലഴികം സ്വദേശിയായ ജേക്കബ് തരകനാണ് ഭർത്താവ്. മക്കൾ: മന്ന, ഹന്ന. ഹെറിഫോർഡിലെ സെന്റ് ബഹനാൻസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിലെ മാനേജിങ് കമ്മിറ്റിയിൽ ഇരുവരും സജീവമായി പ്രവർത്തിക്കുന്നു. ഷൈനിയുടെ വിജയം ലോകമെമ്പാടുമുള്ള മലയാളി നേഴ്സുമാർക്ക് അഭിമാനവും പ്രചോദനവും ആയിരിക്കുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
നോട്ടിംഗാം: കഴിഞ്ഞ നാല് ദിവസമായി കാണാതായിരുന്ന കോട്ടയം സ്വദേശിയും നോട്ടിംഗാമിലെ പിസ ഫാക്ടറി തൊഴിലാളിയുമായ സ്റ്റീഫൻ ജോർജിനെ സുരക്ഷിതനായി കണ്ടെത്തിയതായി വിവരം ലഭിച്ചു. സ്റ്റീഫനെ കണ്ടെത്തിയതായി നോട്ടിംഗാംഷയർ പൊലീസ് സ്ഥിരീകരിച്ചതായുള്ള റിപ്പോർട്ടുകൾ ആണ് പുറത്തുവന്നിരിക്കുന്നത് . നിലവിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഇയാൾ സുരക്ഷിതനാണെന്ന് മാത്രമാണ് ലഭ്യമായ വിവരം.
47 വയസുള്ള സ്റ്റീഫൻ ജോർജ് ഒക്ടോബർ 19-ന് ഉച്ചയ്ക്ക് വെസ്റ്റ് ബ്രിഡ്‌ഫോർഡ് പ്രദേശത്ത് അവസാനമായി കണ്ടതിനെ തുടർന്ന് കാണാതായതായി കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് പൊലീസും പ്രാദേശിക സമൂഹവും ചേർന്നുള്ള വ്യാപകമായ തിരച്ചിലിനൊടുവിലാണ് ഇയാളെ കണ്ടെത്തിയത്.
സ്റ്റീഫനെ സുരക്ഷിതമായി കണ്ടെത്തിയതിൽ ബന്ധുക്കളും സുഹൃത്തുക്കളും ആശ്വാസം പ്രകടിപ്പിച്ചു. യുകെയിലെ മലയാളി സമൂഹം കഴിഞ്ഞ ദിവസങ്ങളായി സോഷ്യൽ മീഡിയയിലൂടെ വിവരങ്ങൾ പങ്കുവെച്ച് നടത്തിയ പരിശ്രമങ്ങൾ ഫലപ്രദമായതിൽ എല്ലാവരും ആശ്വാസത്തിലാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഫ്രാൻസ് കാലാവസ്ഥാ വകുപ്പ് (Météo France) “സ്റ്റോം ബെഞ്ചമിൻ” എന്ന് പേരിട്ട കൊടുങ്കാറ്റ് ഇപ്പോൾ കിഴക്കോട്ട് നീങ്ങിയതോടെ യുകെയിൽ കാറ്റിന്റെയും മഴയുടെയും തീവ്രത കുറഞ്ഞു. വ്യാഴാഴ്ച രാവിലെയോടെ ഇംഗ്ലീഷ് ചാനൽ വഴി ഈ കൊടുങ്കാറ്റ് കടന്നുപോയപ്പോൾ ഫ്രാൻസിന്റെ വടക്കൻ തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 100 മൈൽ വരെ വേഗതയുള്ള കാറ്റ് വീശി. ആദ്യഘട്ടത്തിൽ ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടെ നാല് പ്രദേശങ്ങളിൽ മെറ്റ് ഓഫീസ് യെല്ലോ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, ഇപ്പോൾ അത് രണ്ടായി കുറച്ചിരിക്കുകയാണ്. നോർഫോക്ക്, സഫോക്ക് ജില്ലകളിൽ മഴയ്ക്കും കിഴക്കൻ ഇംഗ്ലണ്ടിൽ കാറ്റിനുമാണ് മുന്നറിയിപ്പ് നിലനിൽക്കുന്നത്.

മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യത ഉണ്ടാകുമെന്ന റിപ്പോർട്ടുകളുമുണ്ട്. കിഴക്കൻ തീരപ്രദേശങ്ങളിൽ ഇപ്പോഴും മണിക്കൂറിൽ 40 മുതൽ 55 മൈൽ വരെ വേഗതയുള്ള കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇതുമൂലം ഫെറി സർവീസുകൾ ഉൾപ്പെടെ ഗതാഗതത്തിൽ തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതായി അധികൃതർ അറിയിച്ചു. ഇതിനകം തന്നെ സഫോക്കിൽ 2,000-ത്തിലധികം വീടുകൾക്ക് വൈദ്യുതി മുടങ്ങിയതായി യുകെ പവർ നെറ്റ്‌വർക്ക്സ് അറിയിച്ചു. അതേസമയം, ഹാർട്ട്‌ഫോർഡ്‌ഷെയറിലെ കാർപെൻഡേഴ്‌സ് പാർക്കിൽ മരമൊടിഞ്ഞുവീണ് ലണ്ടൻ ഓവർഗ്രൗണ്ട് റെയിൽ സേവനങ്ങൾ താൽക്കാലികമായി തടസ്സപ്പെട്ടതായും റിപ്പോർട്ട്.

തെക്കുകിഴക്കൻ ഇംഗ്ലണ്ടിലെ കെൻറ് ഉൾപ്പെടെ ചില ഭാഗങ്ങളിൽ 50 മില്ലീമീറ്റർ (ഏകദേശം 2 ഇഞ്ച്) വരെ മഴ പെയ്തതായി കാലാവസ്ഥാ റിപ്പോർട്ടുകൾ പറയുന്നു. ഇതേസമയം, ഫ്രാൻസ്, ബെൽജിയം, നെതർലാൻഡ്‌സ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ സ്റ്റോം ബെഞ്ചമിന്റെ ആഘാതം കൂടുതൽ ശക്തമായി തുടരുകയാണ്. സുരക്ഷാ പരിഗണനകൾ മൂലം ചില ഫുട്ബോൾ മത്സരങ്ങളുടെ സമയങ്ങൾ മുന്നോട്ടു മാറ്റിയതായും യൂണിയൻ ഓഫ് യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻസ് അറിയിച്ചു. ഫ്രാൻസിലെ ഏഴ് തീരപ്രദേശങ്ങൾക്ക് “ഓറഞ്ച് മുന്നറിയിപ്പ്” നൽകിയതായും അവിടെ കാറ്റും തിരമാലകളും ഗതാഗതത്തെയും തുറമുഖ പ്രവർത്തനങ്ങളെയും ബാധിക്കുന്നതായും റിപ്പോർട്ടുകളും പുറത്തുവന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ നിന്ന് ഫ്രാൻസിലേക്ക് നാടുകടത്തപ്പെട്ട ഒരു കുടിയേറ്റക്കാരൻ വീണ്ടും ചെറിയ ബോട്ടിൽ കടൽമാർഗം തിരിച്ചെത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . “വൺ ഇൻ, വൺ ഔട്ട്” (One in, One out) എന്ന പദ്ധതി പ്രകാരം ഏകദേശം ഒരു മാസം മുമ്പാണ് ഇയാളെ ഫ്രാൻസിലേക്ക് തിരിച്ചയച്ചത്. ഇതോടെ ഈ പദ്ധതിയുടെ വിശ്വാസ്യത തന്നെ ച്യോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ് . ആഭ്യന്തരകാര്യ മന്ത്രാലയം റിപ്പോർട്ട് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഒരാൾ പിടിയിലായെന്നും അദ്ദേഹത്തെ വീണ്ടും നാടുകടത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും വ്യക്തമാക്കി.

ഇറാനിൽ നിന്നുള്ള 47 വയസ്സുകാരനായ ഈ വ്യക്തിയെ ഓഗസ്റ്റ് 6-ന് യുകെയിൽ അറസ്റ്റ് ചെയ്തതും സെപ്റ്റംബർ 19-ന് ഫ്രാൻസിലേക്ക് തിരിച്ചയച്ചതുമാണ്. എന്നാൽ ഒക്ടോബർ 18-ന് ഇയാൾ വീണ്ടും യുകെയിലേക്ക് കടൽമാർഗം തിരിച്ചെത്തുകയായിരുന്നു. ഫ്രാൻസിൽ ജീവൻ ഭീഷണിയിലായതിനാലാണ് തിരികെ വന്നതെന്ന് “അവർ തന്നെ ബലമായി ജോലി ചെയ്യിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും എതിർത്താൽ കൊല്ലുമെന്ന് പറഞ്ഞെന്നുമാണ് അദ്ദേഹം പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . യുകെയുടെ അതിർത്തികൾ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്നും അനധികൃതമായി പ്രവേശിക്കുന്നവരെ നിയമപരമായി നീക്കം ചെയ്യുമെന്നും ആഭ്യന്തരകാര്യ വകുപ്പിന്റെ വക്താവ് വ്യക്തമാക്കി.

ഈ ഇറാനിയൻ പുരുഷനുമായി തങ്ങളുടെ സംഘടന നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്നും ഫ്രാൻസിൽ ഇയാൾക്ക് കടത്തുകാരിൽ നിന്ന് ക്രൂരമായ പീഡനങ്ങൾ നേരിടേണ്ടി വന്നതായും മനുഷ്യാവകാശ സംഘടനയായ ‘ഹ്യൂമൻസ് ഫോർ റൈറ്റ്സ് നെറ്റ്‌വർക്ക്’ ഡയറക്ടർ മാഡി ഹാരിസ് പറഞ്ഞു, . ഫ്രാൻസിൽ ആവശ്യമായ സംരക്ഷണം ലഭിക്കാത്തതിനാലാണ് ഇയാൾ വീണ്ടും യുകെയിലേക്ക് മടങ്ങിയതെന്ന് അവർ കൂട്ടിച്ചേർത്തു. “വൺ ഇൻ, വൺ ഔട്ട്” പദ്ധതിയുടെ ഭാഗമായി ഇതുവരെ 42 പേരെയാണ് യുകെ അനധികൃതമായി പ്രവേശിച്ചതിനാൽ ഫ്രാൻസിലേക്കു മടക്കി അയച്ചിരിക്കുന്നത്. അതേസമയം, ഈ വർഷം 36,800-ലധികം പേർ ചെറുകപ്പലുകൾ വഴി ചാനൽ കടന്ന് യുകെയിൽ പ്രവേശിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചാൾസ് മൂന്നാമൻ രാജാവും റാണി കമില്ലയും ചരിത്രപ്രാധാന്യമുള്ള വത്തിക്കാൻ സന്ദർശനത്തിനായി റോമിലെത്തി. പോപ്പ് ലിയോവുമായുള്ള ഈ കൂടിക്കാഴ്ച ക്രിസ്ത്യൻ മതങ്ങളായ ആംഗ്ലിക്കൻ സഭയും കത്തോലിക്കാ സഭയും തമ്മിലുള്ള ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകമാകുമെന്നുള്ള റിപ്പോർട്ടുകൾ നേരെത്തെ പുറത്തു വന്നിരുന്നു. 16-ാം നൂറ്റാണ്ടിലെ മതസംവിധാന മാറ്റത്തിന് ശേഷം ഒരു ബ്രിട്ടീഷ് രാജാവ് പോപ്പിനൊപ്പം പ്രാർത്ഥനയിൽ പങ്കെടുക്കുന്നത് ഇതാദ്യമായിരിക്കും. “വിഭജനവും കലഹവും പ്രോത്സാഹിപ്പിക്കുന്നവർക്കെതിരായ പ്രതിരോധമായി ഈ ഐക്യം പ്രവർത്തിക്കും” എന്നാണ് രാജാവിന്റെ വക്താവ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.

രാജകുടുംബത്തെ ചുറ്റിപ്പറ്റിയുള്ള പ്രിൻസ് ആൻഡ്രൂവുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ സന്ദർശനം നടക്കുന്നത്. ആൻഡ്രൂവിന്റെ പദവികൾ പിന്‍വലിച്ചതോടെ രാജകുടുംബത്തിന്റെ പ്രതിഛായയ്ക്കുണ്ടായ പ്രതികൂലത കുറയ്ക്കാനാണ് ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ നീക്കം. എങ്കിലും, ജെഫ്രി എപ്സ്റ്റീനുമായി ആൻഡ്രൂവിന് ഉണ്ടായിരുന്ന ബന്ധത്തെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകളും വെർജീനിയ ഗിയൂഫ്രെയുടെ ആത്മകഥയിലെ ആരോപണങ്ങളും വീണ്ടും രാജകുടുംബത്തിന് സമ്മർദ്ദം സൃഷ്ടിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ രാജാവ് ചാൾസിന്റെ വത്തിക്കാൻ സന്ദർശനം കുടുംബപ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റാനുള്ള അവസരമായി കൊട്ടാരം കാണുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

വത്തിക്കാനിൽ പ്രസിദ്ധനായ സിസ്റ്റീൻ ചേപ്പലിൽ മൈക്കലാഞ്ചലോയുടെ ചിത്രങ്ങൾക്കടിയിൽ രാജാവും പോപ്പും ചേർന്ന് പ്രാർത്ഥനയിൽ പങ്കെടുക്കും. കത്തോലിക്കാ പുരോഹിതരും ആംഗ്ലിക്കൻ മതപണ്ഡിതരും, വത്തിക്കാൻ കോയറും രാജകീയ കോയറും ചേർന്ന് പങ്കെടുക്കുന്ന ഈ ആരാധനാ സമ്മേളനം ഇരുസഭകളുടെയും സൗഹൃദബന്ധം കൂടുതൽ ശക്തിപ്പെടുത്താനായിരിക്കും ലക്ഷ്യമിടുന്നത്. കൂടാതെ, സെന്റ് പോൾസ് ഔട്ട്സൈഡ് ദ വാൾസ് പള്ളിയിൽ നടക്കുന്ന മറ്റൊരു ചടങ്ങിൽ രാജാവ് പങ്കെടുത്ത് ആംഗ്ലോ-സാക്സൺ കാലഘട്ടം മുതൽ നിലനിന്നിരുന്ന ഇംഗ്ലീഷ് രാജകീയ ബന്ധത്തിന്റെ പ്രതീകമായ “റോയൽ കോൺഫ്രേറ്റർ” പദവി ഏറ്റുവാങ്ങും. ഈ സന്ദർശനം യുകെയും കത്തോലിക്കാ സഭയും തമ്മിലുള്ള ആത്മീയവും നയതന്ത്രപരവുമായ ബന്ധങ്ങൾ കൂടുതൽ ഉറപ്പിക്കുന്നതിൽ നിർണായകമാകുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ നോട്ടിംഗാമിൽ മലയാളിയെ കാണാതായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . കോട്ടയം സ്വദേശിയായ സ്റ്റീഫൻ ജോർജിനെ കാണാതായ സംഭവം പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മൂന്നു ദിവസമായി സ്റ്റീഫൻ വീട്ടിൽ എത്തിയിട്ടില്ലെന്ന് കുടുംബം അറിയിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിലും ഇയാളെ കണ്ടെത്താനായില്ല. ഇതിനെ തുടർന്ന് നോട്ടിംഗാംഷയർ പൊലീസ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പൊതുജന സഹായം തേടി അറിയിപ്പ് പുറത്തിറക്കി. സ്റ്റീഫന്റെ സ്ഥിതിയെ കുറിച്ച് വിവരമുള്ളവർ വിവരം പൊലീസിനെ അറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
നോട്ടിംഗ്‌ഹാമിലെ ഒരു പിസ ഫാക്ടറിയിൽ ജോലി ചെയ്തുവരികയായിരുന്നു സ്റ്റീഫൻ ജോർജ്. പതിവ് പോലെ ഞായറാഴ്ച വീട്ടിൽ നിന്നും സൈക്കിളിൽ ജോലിക്കായി പോയെങ്കിലും, ഫാക്ടറിയിൽ എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ കുടുംബത്തെ വിവരം അറിയിച്ചു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും സ്വതന്ത്രമായി നടത്തിയ തിരച്ചിലിനുശേഷം പൊലീസിനെയും വിവരം അറിയിച്ചു. ഒക്ടോബർ 19-ന് ഉച്ചയ്ക്ക് ഏകദേശം ഒരു മണിയോടെയാണ് സ്റ്റീഫനെ അവസാനമായി വെസ്റ്റ് ബ്രിഡ്‌ഫോർഡ് പ്രദേശത്ത് കണ്ടത് എന്ന് പൊലീസ് അറിയിച്ചു.
സ്റ്റീഫൻ 5 അടി 10 ഇഞ്ച് ഉയരമുള്ള വ്യക്തിയാണ്. ഇദ്ദേഹത്തിന് 47 വയസാണ് പ്രായം. കാണാതാകുമ്പോൾ വിന്റർ ജാക്കറ്റും നീല ജീൻസും ഗ്ലാസും ധരിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 101-ൽ ബന്ധപ്പെടണമെന്ന് നോട്ടിംഗാംഷയർ പൊലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. കുടുംബവും സുഹൃത്തുക്കളും ഇയാളെ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്ന് അറിയിച്ചു. യുകെയിലെ മലയാളി സമൂഹം സ്റ്റീഫനെ കണ്ടെത്താനുള്ള ശ്രമങ്ങളിൽ പങ്കുചേരുകയും സോഷ്യൽ മീഡിയയിൽ വിവരങ്ങൾ വ്യാപകമായി പങ്കുവയ്ക്കുകയും ചെയ്യുകയാണ്.
കൊച്ചിയിൽ നടന്ന വിദേശ കലാകാരിയുടെ ചിത്രപ്രദർശനത്തിൽ സദാചാര സംഘത്തിന്റെ ആക്രമണം. ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ പ്രദർശനത്തിനായി വെച്ചിരുന്ന ലിനോ കട്ടുകൾ കീറിയെറിഞ്ഞു. ചിത്രത്തിൽ ഉപയോഗിച്ചിരുന്ന വാക്കുകളിൽ അശ്ലീല പദമുണ്ടെന്നാരോപിച്ചായിരുന്നു ആക്രമണം.
നോർവീജിയൻ കലാകാരിയായ ഹനാനിന്റെ സൃഷ്ടികളാണ് ആക്രമണത്തിന് ഇരയായത്. അവരുടെ ഭാഷയിൽ തയ്യാറാക്കിയ ലിനോ കട്ടുകൾ ഗൂഗിൾ ട്രാൻസലേറ്റ് വഴി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതാണെന്നും, അതിലുണ്ടായ പദം തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ആണ് അറിയാൻ കഴിഞ്ഞത്. രാത്രി ഏഴുമണിയോടെയാണ് രണ്ട് പേർ ഗാലറിയിൽ കയറി കൃതികൾ കീറിയെറിയുകയും സമൂഹമാധ്യമങ്ങളിൽ ലൈവായി പ്രക്ഷേപണം നടത്തുകയും ചെയ്തത്.
എറണാകുളം സ്വദേശി ഹോച്ചിമിൻ എന്ന കലാകാരനാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ലളിതകലാ അക്കാദമി പോലീസിൽ പരാതി നൽകാനൊരുങ്ങുകയാണ്. കലാ ലോകം ഈ സംഭവത്തെ വ്യാപകമായി അപലപിച്ചിരിക്കുകയാണ്.