ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആളുകൾ ചിലവഴിക്കുന്നത് കുറഞ്ഞതും പല മേഖലകളിലും സമരങ്ങൾ മൂലം ഉത്പാദനക്ഷമത താഴേക്കായതും കാരണം രാജ്യം സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് കൂപ്പുകുത്തിയതായുള്ള കണക്കുകൾ പുറത്തുവന്നു . ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവുകളിൽ സമ്പദ് വ്യവസ്ഥയുടെ വളർച്ചയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ വീണ്ടും സാമ്പത്തിക വളർച്ചയിൽ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തുടർച്ചയായ രണ്ട് പാദങ്ങളിൽ വളർച്ച രേഖപ്പെടുത്താനായില്ലെങ്കിലാണ് സാമ്പത്തിക മാന്ദ്യമായി കണക്കാക്കപ്പെടുന്നത്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചതിലും 0.3% ആണ് ചുരുങ്ങിയത്. രാജ്യം സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് കൂപ്പുകുത്തിയെന്ന വാർത്ത പുറത്തു വന്നത് പ്രധാനമന്ത്രി ഋഷി സുനകിനെയും പ്രതികൂലമായി ബാധിക്കും. രാജ്യത്തെ സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം പ്രാവർത്തികമാക്കാൻ പറ്റാത്തതിനെ ചൊല്ലി പ്രതിപക്ഷത്തു നിന്നും ഭരണപക്ഷത്തു നിന്നും കടുത്ത വിമർശനങ്ങൾ ഉയരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
മറ്റു പല രാജ്യങ്ങളുടെയും സ്ഥിതി യുകെയ്ക്ക് സമാനമാണ്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ സാമ്പത്തിക മാന്ദ്യത്തിന്റെ വക്കിലാണ്. ജപ്പാനിലും സമ്പദ് വ്യവസ്ഥയുടെ വളർച്ച കുറഞ്ഞു . 2023 വർഷാവസാനം സമ്പദ് വ്യവസ്ഥ തകർന്നതിന് ഒട്ടേറെ കാരണങ്ങൾ ഉണ്ടെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിക്സിന്റെ കണക്കുകൾ കാണിക്കുന്നു. ബ്ലാക്ക് ഫ്രൈഡേയിൽ സാധനങ്ങൾ വാങ്ങി കൂട്ടിയതിനു ശേഷം ഡിസംബറിൽ ആളുകൾ ചിലവഴിക്കുന്നത് വളരെ കുറച്ചതാണ് ഇതിന് ഒരു കാരണമായി സാമ്പത്തിക വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്. ജൂണിയർ ഡോക്ടർമാരുടെ സമരമാണ് മറ്റൊരു കാരണം . ജിഡിപിയുടെ ഉയർച്ചയാണ് സാമ്പത്തിക വളർച്ചയുടെ അളവുകോലായി കണക്കാക്കുന്നത്. സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ പലിശ നിരക്കിന്റെ കാര്യത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്ത് നടപടിയെടുക്കും എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- രോഗികളുടെ ജീവനെ നിസ്സാരവൽക്കരിക്കുന്ന തരത്തിൽ, നൂറുകണക്കിന് മുൻനിര എൻ എച്ച് എസ് ജീവനക്കാരാണ് യോഗ്യത തട്ടിപ്പിന് അന്വേഷണ വിധേയരായിരിക്കുന്നത്. നൈജീരിയയിൽ നിന്നുള്ള 700 ലധികം പേരാണ് വൻതോതിൽ യോഗ്യത തട്ടിപ്പ് നടത്തി എൻഎച്ച്എസിൽ ജോലി നേടിയിരിക്കുന്നത് എന്നാണ് പുതിയ അന്വേഷണം വ്യക്തമാക്കുന്നത്. എന്നാൽ ഇത്തരത്തിൽ യോഗ്യത നേടിയവരെല്ലാം തന്നെ ഇപ്പോഴും എൻഎച്ച്എസിൽ തുടരുകയാണ് എന്ന വസ്തുതയാണ് രോഗികളുടെ ജീവൻ അപകടത്തിലാക്കുന്നത്. യുകെയിലെത്തി ജോലി ചെയ്യാൻ പാസാകേണ്ടിയ ടെസ്റ്റിന് നൈജീരിയയിൽ നേഴ്സുമാർക്ക് പകരക്കാരാണ് എഴുതിയതെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. നേഴ്സുമാരെ ഇത്തരത്തിൽ പരീക്ഷ മറികടക്കാൻ സഹായിക്കുന്ന, അല്ലെങ്കിൽ പകരക്കാരെ ഉപയോഗിച്ച് വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഒരു സ്ഥാപനം ഉണ്ടെങ്കിൽ അത് വളരെ ആശങ്കാജനകമായ ഒരു വസ്തുതയാണെന്നും, അതിനാൽ തന്നെ ആവശ്യത്തിന് കഴിവില്ലാത്തവർ യുകെയിൽ നേഴ്സുകളായി എത്തിച്ചേരുന്ന സാഹചര്യമുണ്ടാകുമെന്നും റോയൽ കോളേജ് ഓഫ് നേഴ്സിങ് മുൻ ചീഫ് എക്‌സിക്യൂട്ടീവും മൂന്ന് എൻഎച്ച്എസ് ട്രസ്റ്റുകളുടെ മുൻ ചെയർമാനുമായ പീറ്റർ കാർട്ടർ പറഞ്ഞു. ഇത് വ്യാവസായിക തോതിലുള്ള വഞ്ചനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ സെപ്റ്റംബറിൽ ഇത്തരത്തിൽ ആഫ്രിക്കയിൽ നിന്നുള്ള 48 പേർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ മറ്റ് 669 പേർക്കെതിരെയാണ് നേഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (എൻഎംസി) മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തുടക്കത്തിൽ മുന്നറിയിപ്പ് നൽകിയ 48 പേരെ പുറത്താക്കുവാൻ ഇതുവരെ എൻ എംസിക്ക് കഴിഞ്ഞിട്ടില്ല. സ്വതന്ത്ര പാനൽ നടത്തുന്ന ഹിയറിങ്ങിലൂടെ മാത്രമേ ഈ നടപടി പൂർത്തിയാക്കുവാൻ എൻഎംസിക്ക് സാധിക്കുകയുള്ളൂ എന്നതിനാലാണ് ഇത്. എന്നാൽ അവരുടെ കഴിവുകൾ നിലവാരം പുലർത്താൻ പര്യാപ്തമാണെന്ന് തെളിയിക്കാൻ ടെസ്റ്റ് വീണ്ടും നടത്തുവാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യ 48 പേർക്ക് എതിരെയുള്ള വ്യക്തികത ഹിയറിങ്ങുകൾ മാർച്ചിൽ ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നൈജീരിയയിൽ വച്ച് നടന്ന ടെസ്റ്റിൽ എപ്രകാരമാണ് അവർ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയും മറ്റും മറികടന്നതെന്ന് വിശദീകരിക്കുവാൻ അവരോട് ഹിയറിങ്ങിൽ ആവശ്യപ്പെടും. ഇത്തരമൊരു സാഹചര്യത്തിൽ എൻ എച്ച് എസിനെതിരെ വിമർശനങ്ങളും ഉയർന്നു വരുന്നുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പണപ്പെരുപ്പ നിരക്ക് കുറഞ്ഞാൽ പലിശ നിരക്ക് കുറയുമോ? രാജ്യത്ത് ഉടനീളമുള്ള സാമ്പത്തിക വിദഗ്ധർ ഉറ്റുനോക്കുന്ന കാര്യമാണ് ഇത്. കാരണം പലിശ നിരക്ക് കുറഞ്ഞാൽ കൂടുതൽ ആളുകൾ ലോൺ എടുക്കുകയും പണം വിനിയോഗിക്കുകയും ചെയ്യുന്നത് വിവിധ മേഖലകളുടെ വളർച്ചയ്ക്ക് കളമൊരുക്കും. എന്നാൽ പണപ്പെരുപ്പ നിരക്ക് 4 ശതമാനത്തിൽ തുടർന്നിട്ടും പലിശ നിരക്കുകൾ കുറയുന്നതിനെ കുറിച്ച് ചിന്തിക്കില്ലെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറയുന്നത്.
യുകെയിലെ പണപ്പെരുപ്പം മാറ്റമില്ലാതെ തുടരുന്നത് നല്ലതാണെന്ന അഭിപ്രായമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ പ്രകടിപ്പിച്ചത് . എന്നാൽ അതിനർത്ഥം നേരത്തെയുള്ള പലിശ നിരക്ക് ഉടൻ കുറയുമെന്നല്ലന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷവുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞമാസം ഭക്ഷണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നിരുന്നാലും സാധനങ്ങളുടെ വില നിലവാരം ഇപ്പോഴും രണ്ട് വർഷം മുമ്പ് ഉള്ളതിനെക്കാള്‍ വളരെ കൂടുതലാണെന്നാണ് കണക്കുകൾ കാണിക്കുന്നത്.
വൈദ്യുതിയുടെയും ഗ്യാസിന്റെയും വിലയിൽ വർദ്ധനവ് ഉണ്ടായെങ്കിലും ഭക്ഷ്യവസ്തുക്കളുടെ വിലയിടുവാണ് പണപ്പെരുപ്പം മാറ്റമില്ലാതെ തുടരാൻ കാരണം എന്നതാണ് വിദഗ്ധർ വിലയിരുത്തുന്നത്. അതുപോലെതന്നെ വീട്ടുപകരണങ്ങളുടെയും ഫർണിച്ചറുകളുടെയും മന്ദഗതിയിലുള്ള വിലവർദ്ധനവും പണപ്പെരുപ്പം കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്. എന്നാൽ പണപ്പെരുപ്പം വീണ്ടും കുറയുകയാണെങ്കിൽ പലിശ നിരക്കുകൾ കുറയ്ക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് തയ്യാറാകുമെന്നാണ് റിപ്പോർട്ടുകൾ
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്ത്രീ പുരുഷ ഭേദമന്യേ ഏത് ജോലിയും ആർക്കും ചെയ്യാം എന്ന ഒരു സമത്വ മനോഭാവം ലോകമെങ്ങും വളർന്ന് വരുന്നുണ്ട് . പക്ഷേ വിവാഹശേഷം കുട്ടികൾ ജനിക്കുകയും അവരെ പരിപാലിക്കുകയും ചെയ്യുന്ന സമയത്ത് പലപ്പോഴും സ്ത്രീകൾ തങ്ങളുടെ വീടുകളിൽ ഒതുങ്ങി കൂടേണ്ടതായി വരുന്ന സാഹചര്യം ലോകത്ത് മറ്റൊരിടത്തും ഇല്ലാത്ത രീതിയിൽ നിലനിൽക്കുന്ന സ്ഥലമാണ് ഇന്ത്യ. ഉന്നത വിദ്യാഭ്യാസം നേടിയിട്ടും ഭർത്താവിന്റെ നിഴലായി ഒതുങ്ങി കഴിയേണ്ടിയതായി വരുന്ന സ്ത്രീകൾ ഒട്ടേറേ ഉളള നാടാണ് കേരളവും
വെസ്റ്റ് യോർക്ക് ഷെയറിലെ കീത്തിലിയിൽ നിന്നുള്ള ജ്യോതി പട്ടേലിന്റെ ജീവിതവും ഇതിന് സമാനമായ രീതിയിൽ ആകാമായിരുന്നു. പക്ഷേ നിശ്ചയദാർഢ്യവും കഠിനാധ്വാനവും 56 വയസ്സുകാരിയായ ജ്യോതിക്ക് സമ്മാനിച്ചത് മറ്റൊന്നാണ് . തൻറെ ചെറുപ്പത്തിൽ യുകെയിലെത്തിയ ജ്യോതി പ്രൈമറി സ്കൂൾ ടീച്ചറായാണ് ജോലി ആരംഭിച്ചത് . എന്നാൽ 1999 ൽ രണ്ട് കുട്ടികൾ ആയതോടെ അവർക്ക് ജോലിയിൽ നിന്ന് രാജി വയ്ക്കേണ്ടതായി വന്നു .
എന്നാൽ നീണ്ട 20 വർഷങ്ങൾക്ക് ശേഷം മക്കൾ യൂണിവേഴ്സിറ്റി പഠനം ആരംഭിച്ചപ്പോൾ ആണ് വീണ്ടും ഏതെങ്കിലും ജോലിയിലേയ്ക്ക് പ്രവേശിക്കണമെന്ന ആഗ്രഹം അവർക്ക് ഉണ്ടായത് . ജോലിക്കായി ശ്രമിച്ചപ്പോഴൊക്കെ തന്റെ കരിയറിൽ ഉണ്ടായ നീണ്ട ബ്രേക്ക് ആണ് അവർക്ക് തടസ്സമായത്. മനസ്സിൻറെ അധമ്യമായ ആഗ്രഹം കുഴിച്ചു മൂടാൻ അവർ തയ്യാറായിരുന്നില്ല. അതിനായി അവർ കഠിനാധ്വാനം ചെയ്തു. ജെറ്റ് റ്റു ഹോളിഡേയ്‌സിന്റെ പ്രായോഗിക പരിശീലനത്തിൽ ചേർന്നു കൊണ്ടാണ് ജ്യോതി ഈ പ്രായത്തിലും തൻറെ പരിമിതികളെ മറികടന്നത്. ജോലിയിൽ പ്രവേശിക്കാനും ഒരു വരുമാനം നേടാനും താൻ ആഗ്രഹിച്ചിരുന്നതിനാൽ അപ്രൻ്റീസ്ഷിപ്പ് ചെയ്യാൻ തീരുമാനിച്ചു എന്ന് അവർ പറഞ്ഞു. അപ്രൻ്റീസ്ഷിപ്പുകൾ ചെറുപ്പക്കാർക്ക് മാത്രമുള്ളതാണെന്നാണ് അവർ ആദ്യം മനസ്സിലാക്കിയിരുന്നത്. ഒരു മനുഷ്യായുസ്സിൽ ഒന്നുമല്ലാതെ വീട്ടിൽ ഒരുങ്ങി കഴിയേണ്ടതായി വരുന്ന ഒട്ടേറെ പേർക്ക് പ്രോത്സാഹനം നൽകുന്ന ഉദാഹരണമാണ് ജ്യോതിയുടേതെന്ന് ജെറ്റ് റ്റു ഹോളിഡേയ്‌സിന്റെ കരിയർ മാനേജരായ കാറ്റി റാങ്കിൻ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ കടകളിൽ നിൽക്കുന്ന തൊഴിലാളികൾക്കെതിരെയുള്ള അക്രമത്തിൻ്റെയും ദുരുപയോഗത്തിൻ്റെയും റിപ്പോർട്ടുകൾ കുതിച്ചുയരുന്നതായി ബിബിസി റിപ്പോർട്ട്. തങ്ങൾക്ക് നേരെ ആക്രോശിക്കുന്നതും അസഭ്യം പറയുന്നതും ഇപ്പോൾ ഒരു നിത്യ സംഭവം ആയി മാറിയിരിക്കുകയാണെന്ന് ഒരു ജീവനക്കാരൻ പറയുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കടകളിലെ തൊഴിലാളികൾക്കെതിരായ അക്രമവും ദുരുപയോഗവും കഴിഞ്ഞ വർഷം ഒരു ദിവസം 1,300 സംഭവങ്ങളായി ഉയർന്നതായി കണ്ടെത്തിയിരുന്നു.
റീട്ടെയിൽ ട്രേഡ് ബോഡിയുടെ 2023 സെപ്തംബർ വരെയുള്ള കണക്കുകൾ പ്രകാരം ജീവനക്കാർക്കെതിരായ മോശമായ പെരുമാറ്റങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിൻെറ എണ്ണം 50% വർദ്ധിച്ചതായി കണ്ടെത്തി. കടകളിൽ നടക്കുന്ന മോഷണങ്ങളിൽ പലർക്കും നല്ലൊരു തുക നഷ്ടമായിട്ടുണ്ട്. കോവിഡിന് ശേഷമാണ് ഉപഭോക്താക്കളുടെ സ്വഭാവത്തിൽ ഇത്തരം ഒരു മാറ്റമെന്ന് ഒട്ടുമിക്ക ജീവനക്കാരും പറയുന്നു.
തൊഴിലാളികൾക്ക് നേരെയുള്ള അക്രമം ഇംഗ്ലണ്ടിലും വെയിൽസിലും സ്‌കോട്ട് ലൻഡിലുമാണ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. റീട്ടെയിൽ ജീവനക്കാർക്കെതിരായ സംഭവങ്ങളിൽ വംശീയ അധിക്ഷേപവും ലൈംഗികാതിക്രമവും തുടങ്ങി ശാരീരികമായ ആക്രമണവും ആയുധങ്ങൾ ഉപയോഗിച്ചുള്ള ഭീഷണിയും വരെ ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങളിൽ 8,800 ഓളം എണ്ണത്തിൽ ജീവനക്കാർക്ക് പരുക്കേറ്റിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- തിരഞ്ഞെടുപ്പിലെ തങ്ങളുടെ രണ്ടാമത്തെ സ്ഥാനാർത്ഥിയെയും ഇസ്രായേൽ വിരുദ്ധ പ്രസ്താവനയെ തുടർന്ന് ലേബർ പാർട്ടി പിൻവലിച്ചിരിക്കുകയാണ്. ഹിന്റ്ബേണിൽ നിന്നുള്ള സ്ഥാനാർത്ഥിയായ ഗ്രഹാം ജോൺസിനെയാണ് പാർട്ടി സസ്പെൻഡ് ചെയ്തത്. കഴിഞ്ഞദിവസം ഇസ്രായേൽ വിരുദ്ധ പ്രസ്താവനയെ തുടർന്ന് റോച്ച്ഡെയിലിൽ നിന്നുള്ള അസ്ഹർ അലിയ്കക്കുള്ള പിന്തുണ പാർട്ടി പിൻവലിച്ചതിന് പിന്നാലെയാണ് അടുത്ത സംഭവം. പാർട്ടി ഇപ്പോൾ പൊതുതിരഞ്ഞെടുപ്പിൽ രണ്ട് പുതിയ സ്ഥാനാർത്ഥികളെ തിരയുന്ന സാഹചര്യത്തിൽ, വർദ്ധിച്ചുവരുന്ന പ്രതിസന്ധിക്ക് ആരാണ് ഉത്തരവാദി എന്നതിനെച്ചൊല്ലി മുതിർന്ന ലേബർ നേതാക്കൾ പരസ്പരം പഴിചാരുകയാണ്. അസ്ഹർ അലിയെ ആദ്യം പിന്തുണച്ച ലേബർ പാർട്ടി നേതാവ് സ്റ്റാർമർ പിന്നീട് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളെ തുടർന്ന് പിന്തുണ പിൻവലിക്കുകയാണ് എന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തന്റെ തീരുമാനങ്ങളെ ന്യായീകരിക്കാൻ അദ്ദേഹം ചൊവ്വാഴ്ച മാധ്യമങ്ങളോട് നടത്തിയ സംഭാഷണത്തിൽ ശ്രമിച്ചു.
മിഡിൽ ഈസ്റ്റിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിസന്ധി സമീപ മാസങ്ങളിൽ ലേബർ പാർട്ടിയെ ഭിന്നിപ്പിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ഗാസയ്‌ക്കെതിരായ ഇസ്രായേലിൻ്റെ ആക്രമണത്തെ അപലപിക്കാൻ സ്റ്റാർമർ വേണ്ടത്ര മുന്നോട്ട് പോകുന്നില്ലെന്ന് നിരവധി എംപിമാരും കൗൺസിലർമാരും ആക്ടിവിസ്റ്റുകളും ആരോപിക്കുന്നുണ്ട്. ജോൺസ് അന്വേഷണം നേരിടുകയാണ് എന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. അസ്ഹർ അലി ഒക്ടോബറിൽ സംസാരിച്ച അതേ പാർട്ടി മീറ്റിങ്ങിൽ വച്ച് തന്നെയാണ് ജോൺസും ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തിയതെന്ന് ഗൈഡോ ഫോക്‌സ് വെബ്‌സൈറ്റ് ജോൺസിൻ്റെ ദൃശ്യത്തിൽ വ്യക്തമാകുന്നുണ്ട്. ഓഡിയോ ദൃശ്യത്തിൽ ഇസ്രായേൽ പ്രതിരോധ സേനയിൽ പോരാടുന്ന ബ്രിട്ടീഷുകാരെ ജയിലിൽ അടയ്ക്കണമെന്ന് ജോൺസ് പരാമർശിച്ചതായി വ്യക്തമാകുന്നുണ്ട്. ജനറൽ ഇലക്ഷൻ അടുത്തുവരുന്ന സാഹചര്യത്തിൽ ലേബർ പാർട്ടിയിൽ ഉടലെടുത്തിരിക്കുന്ന പുതിയ പ്രതിസന്ധികൾ അവരുടെ തിരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രശസ്ത കോസ്മെറ്റിക് റീറ്റെയിൽസ് സ്ഥാപനമായ ദി ബോഡി ഷോപ്പിന്റെ യുകെയിൽ ഉടനീളമുള്ള ഔട്ട് ലെറ്റുകൾ പൂട്ടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഏതാണ്ട് 100 -ലധികം ഔട്ട് ലെറ്റുകൾക്ക് താഴിടാനാണ് തീരുമാനം. ഏകദേശം 2000 ത്തോളം ജീവനക്കാരുടെ തൊഴിൽ നഷ്ടത്തിന് ഈ തീരുമാനം വഴിവെക്കും.
ദി ബോഡി ഷോപ്പിന് യുകെയിൽ ഉടനീളം 200 ഔട്ട് ലെറ്റുകളാണ് ഉള്ളത്. ഇതിൽ പകുതിയോളം ഔട്ട് ലെറ്റുകളാണ് പ്രവർത്തനം അവസാനിപ്പിക്കുന്നത്. ഔട്ട് ലെറ്റുകൾ അടച്ചാലും ആവശ്യക്കാർക്ക് ഓൺലൈനായി ഉത്പന്നങ്ങൾ മേടിക്കാൻ സാധിക്കും. ബ്രിട്ടീഷ് ആസ്ഥാനമായുള്ള കോസ്മെറ്റിക് പ്രോഡക്ടുകളുടെ വിതരണ ശൃംഖലയ്ക്ക് ആഗോളതലത്തിൽ ഏകദേശം 10000 പേരാണ് ജീവനക്കാരായി ഉള്ളത്. 70 രാജ്യങ്ങളിലായി 3000 ഷോപ്പുകളാണ് കമ്പനിയുടെ സാധനങ്ങൾ വിറ്റഴിക്കാൻ ഉള്ളത്. 1976 -ൽ ഡാം അനിത റോഡിക്കും ഭർത്താവ് ഗോർഡനും ചേർന്നാണ് കമ്പനി സ്ഥാപിച്ചത്.
സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഔറിലിയെ ദി ബോഡി ഷോപ്പിനെ കഴിഞ്ഞ നവംബറിൽ 207 മില്യൺ ഡോളറിന് ഏറ്റെടുത്തിരുന്നു. യുകെയിൽ ഉള്ള 2568 ജീവനക്കാരിൽ 927 പേർ അഡ്മിനിസ്ട്രേഷൻ സ്റ്റാഫ് 1641 പേർ വിവിധ ഷോപ്പുകളിലുമാണ് ജോലി ചെയ്യുന്നത്. കടുത്ത സാമ്പത്തിക വെല്ലുവിളി നേരിടുന്ന സ്ഥാപനം ചെലവ് ചുരുക്കലിൻ്റെ ഭാഗമായിട്ടാണ് ഷോപ്പുകളുടെയും ജീവനക്കാരുടെയും എണ്ണം വെട്ടി കുറയ്ക്കാൻ തീരുമാനിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ഷോപ്പുകളുടെ എണ്ണം വെട്ടി കുറച്ചാലും ഓൺലൈൻ വ്യാപാരത്തിലൂടെ ഉപഭോക്താക്കൾക്ക് സാധനങ്ങൾ എത്തിച്ചു കൊടുക്കാനാകുന്നത് കമ്പനിയുടെ വാണിജ്യ സാധ്യതകളെ ബാധിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ജോലി നഷ്ടപ്പെടുന്നവരിൽ എത്ര മലയാളികൾ ഉണ്ടെന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല
ന്യൂസ് ഡെസ്ക്, മലയാളം യുകെ
35 കാരിയായ ഇന്ത്യൻ വംശജയായ യുവ ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ എൻഎച്ച്എസ് ഇംഗ്ലണ്ട് അവരുടെ കുടുംബത്തോട് മാപ്പു പറഞ്ഞു . പുതിയ അപ്പോയിൻമെൻറിന് മുമ്പ് 6 മാസത്തെ പരിശീലനം കൂടി ചെയ്യണമെന്ന് പറഞ്ഞതാണ് ഡോക്ടറിനെ മാനസികമായി തളർത്തിയതും ആത്മഹത്യയിലേയ്ക്ക് നയിച്ചത് എന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിൻ്റെ വെളിച്ചത്തിലാണ് എൻഎച്ച്എസ് ഡോക്ടറുടെ കുടുംബത്തോട് മാപ്പ് പറഞ്ഞിരിക്കുന്നത്.
പരിശീലനം ആറുമാസത്തേയ്ക്ക് നീട്ടിയതിന്റെ ഭാഗമായി ബെർമിംഗ്ഹാമിലെ ക്യൂൻ എലിസബത്ത് ഹോസ്പിറ്റലിൽ തുടരാൻ ഡോ. വൈഷ്ണവി നിർബന്ധിതയാകുകയായിരുന്നു . അവിടെവച്ച് അവർക്ക് സഹപ്രവർത്തകരുടെ ഭാഗത്തുനിന്നും മോശം പെരുമാറ്റം നേരിട്ടതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അവൾക്ക് അധിക പരിശീലനം നൽകേണ്ടതിന്റെ ആവശ്യകത ഇല്ലായിരുന്നു എന്നാണ് എൻഎച്ച്എസ് അവരുടെ കുടുംബത്തിന് അയച്ച കത്തിൽ പറഞ്ഞിരിക്കുന്നത്. തങ്ങളുടെ ഭാഗത്തുനിന്ന് വന്ന തെറ്റുകൾക്കും അത് ഉണ്ടാക്കിയ ആഘാതത്തിനും തങ്ങൾ നിരുപാധികമായി മാപ്പ് പറഞ്ഞതായി എൻഎച്ച്സിലെ ട്രെയിനിങ് വിഭാഗത്തിന്റെ മേധാവിയായ ഡോ. നവീന ഇവാൻസ് പറഞ്ഞു.
ജൂനിയർ ഡോക്ടറായ ഡോ. വൈഷ്ണവി കുമാർ തൻറെ മരണത്തിന് പൂർണ്ണമായും ജോലിചെയ്യുന്ന ആശുപത്രിയാണ് ഉത്തരവാദികൾ എന്ന ആത്മഹത്യാ കുറിപ്പ് എഴുതിയാണ് ജീവനൊടുക്കിയത്. 2021 ഡിസംബറിൽ തന്റെ പരിശീലനത്തിനായുള്ള അറിയിപ്പ് കിട്ടിയതിനെ തുടർന്ന് കടുത്ത പ്രതിഷേധവുമായി ഡോ. വൈഷ്ണവി കുമാർ മുന്നോട്ട് വന്നിരുന്നു. തെറ്റായി പരിശീലനത്തിന് അയക്കുന്ന നടപടി എൻഎച്ച്എസ്സിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ലായിരുന്നെങ്കിൽ തന്റെ മകൾ ഇപ്പോഴും ജീവച്ചിരിക്കുമായിരുന്നു എന്ന് ഡോക്ടറുടെ പിതാവ് രവികുമാർ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
താൻ മദ്യപിച്ച് വാഹനമോടിച്ചതായി 50 വയസ് പ്രായമുളള വ്യക്തി പോലീസിനെ വിളിച്ചറിയിച്ചു. തിങ്കളാഴ്ച്ച ഉച്ചയോടെയാണ് നോർത്ത് യോർക്ക്ഷയർ പോലീസിന് അത്ഭുതപ്പെടുത്തികൊണ്ടുള്ള ഫോൺ കോൾ വന്നത്. അൻപതുകാരനായ ഡ്രൈവർ താൻ മദ്യപിച്ചിട്ടുണ്ടെന്നും ക്നാറസ്ബറോയിലാണെന്നും പോലീസിനെ അറിയിക്കുകയായിരുന്നു. ഫോൺ കോളിന് പിന്നാലെ നടന്ന അന്വേഷണത്തിൽ 15 മിനിറ്റിനുശേഷം മദ്യപിച്ച് വാഹനം ഓടിക്കേണ്ട വേഗപരിധിയേക്കാൾ മൂന്നിരട്ടി വേഗതയിൽ വാഹനോമോടിച്ചു കൊണ്ടിരുന്ന ഇയാളെ പോലീസ് കണ്ടെത്തി.
മദ്യപിച്ച് വാഹനമോടിച്ചതിന് ഇയാളെ അറസ്റ്റ് ചെയ്തതായും കസ്റ്റഡിയിൽ തുടരുകയാണെന്നും സേനാ വക്താവ് അറിയിച്ചു. ഇംഗ്ലണ്ട്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ വാഹനമോടിക്കുന്നതിനുള്ള നിയമപരമായ ആൽക്കഹോൾ പരിധി 100 മില്ലിലിറ്റർ രക്തത്തിൽ 80 മില്ലിഗ്രാം ആൽക്കഹോൾ എന്നതാണ്. മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാൻ റാൻഡം ബ്രീത്ത് ടെസ്റ്റുകൾ ഉൾപ്പെടെയുള്ള കർശനമായ എൻഫോഴ്സ്മെൻ്റ് നടപടികൾ ഉണ്ട്. ഇതിന് പുറമേ, മദ്യപിച്ച് വാഹനമോടിക്കുന്നതിൻ്റെ അപകടസാധ്യതകളെയും അനന്തരഫലങ്ങളെയും കുറിച്ച് അവബോധം വളർത്താൻ ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങളും സംരംഭങ്ങളും സർക്കാരിൻെറ ഭാഗത്ത് നിന്ന് ഉണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- റോച്ച്ഡെയിൽ ഉപതെരഞ്ഞെടുപ്പിൽ തങ്ങളുടെ സ്ഥാനാർത്ഥിക്കുള്ള പിന്തുണ പിൻവലിച്ചിരിക്കുകയാണ് ലേബർ പാർട്ടി. യഹൂദ വിരുദ്ധ പ്രസ്താവനയെ തുടർന്ന് നിരവധി വിമർശനങ്ങൾ പാർട്ടിക്കുള്ളിൽ നിന്നുതന്നെ അദ്ദേഹത്തിനെതിരെ ഉയർന്നതിനാൽ അസ്ഹർ അലിയെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ഗാസയെ ആക്രമിക്കുന്നതിന് വഴിയൊരുക്കുന്നതിനായി ഒക്‌ടോബർ 7 ന് തങ്ങളുടെ പൗരന്മാരെ കൂട്ടക്കൊല ചെയ്യാൻ ഇസ്രായേൽ മനഃപൂർവം ഹമാസിനെ അനുവദിച്ചുവെന്ന പ്രസ്താവനയാണ് അലി നടത്തിയത്. ഫെബ്രുവരി 29 -ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ നോമിനേഷനുകൾ അവസാനിച്ചതിനാൽ തന്നെ, അസ്ഹർ അലിയെ മാറ്റി മറ്റൊരു ലേബർ പാർട്ടി സ്ഥാനാർത്ഥിയെ കണ്ടെത്തുവാൻ വളരെ വൈകിയിരിക്കുന്ന സാഹചര്യമാണ് ഇത്. അതിനാൽ റോച്ച്‌ഡെയ്‌ലിൽ ലേബർ പാർട്ടി സ്ഥാനാർത്ഥിയായി അലി ബാലറ്റിൽ തുടരുമെങ്കിലും, അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടാൽ സ്വതന്ത്ര എംപിയായി ഇരിക്കുകയോ മറ്റൊരു പാർട്ടിയിൽ ചേരുകയോ ചെയ്യേണ്ടതായി വരും. ലേബർ പാർട്ടിക്ക് ഇത് കനത്ത ഒരു തിരിച്ചടിയായാണ് മാറിയിരിക്കുന്നത്.
ഏകദേശം 9,000 ത്തോളം ഭൂരിപക്ഷമുള്ള ഗ്രേറ്റർ മാഞ്ചസ്റ്റർ സീറ്റ് ലേബർ പാർട്ടി വെറുതെ വിട്ടുകൊടുക്കേണ്ട സാഹചര്യമാണ് സംജാതമായിരിക്കുന്നത്. ഇസ്രായേൽ വിരുദ്ധ പ്രസ്താവന നടത്തിയതിന് അസ്ഹർ അലി മാപ്പ് പറഞ്ഞതിനാൽ ലേബർ പാർട്ടി അദ്ദേഹത്തെ പിന്തുടയ്ക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ പലവിധ എതിർപ്പുകൾ വന്നതിനെ തുടർന്നാണ് പുതിയ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ മാധ്യമസമർദ്ദം മൂലം മാത്രമാണ് ലേബർ പാർട്ടിയുടെ ഈ തീരുമാനമെന്ന് പ്രധാനമന്ത്രി റിഷി സുനക് കുറ്റപ്പെടുത്തി. തിങ്കളാഴ്ച വൈകുന്നേരം 5.30 ന് അലിയുടെ പേരിൽ നടത്തുന്ന ലഘുലേഖകളും സോഷ്യൽ മീഡിയ പ്രചരണങ്ങളും അവസാനിപ്പിക്കുവാൻ റോച്ച്‌ഡെയ്‌ലിലെ പ്രചാരകർക്ക് ലേബർ പാർട്ടി ആസ്ഥാനത്തുനിന്ന് നിർദ്ദേശം ലഭിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. യഹൂദവിരുദ്ധതയോടും എല്ലാത്തരം വംശീയതയോടും സഹിഷ്ണുതയില്ലാത്ത സമീപനം സ്വീകരിക്കുമെന്ന സ്റ്റാർമറിൻ്റെ വാഗ്ദാനങ്ങളിൽ നിന്നുള്ള നിരാശാജനകമായ മാറ്റമാണ് അലിയെ പിന്തുണയ്ക്കുന്നതെന്ന് ലേബർ എംപിമാരും അംഗങ്ങളും ഒരുപോലെ കുറ്റപ്പെടുത്തിയ സാഹചര്യത്തിൽ എത്തിയതോടെയാണ് സ്റ്റാർമാർ ഇത്തരം ഒരു കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചേർന്നത്.