Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ താരം ബെഞ്ചമിൻ മെൻഡി പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്ന വാർത്തകൾ പുറത്തു വരുന്നു. കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കുകയാണ്. എന്നാൽ അതേസമയം ഇതിനെ പറ്റി താരം വിചിത്രവാദങ്ങളാണ് കോടതിയിൽ ഉന്നയിച്ചത്. ആറ് യുവതികൾക്കെതിരായ ഏഴ് ബലാത്സംഗ കുറ്റങ്ങളും ഒരു ബലാത്സംഗശ്രമവുമാണ് 28 വയസുകാരനായ ബെഞ്ചമിൻ മെൻഡിയുടെ പേരിലുള്ളത്.

ഇയാൾ ഇത്തരത്തിൽ സ്വഭാവവൈകൃതമുള്ളയാൾ ആണെന്നും നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടാറുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. ഒൻപത് കേസുകളിൽ പ്രതിയായി ഇയാൾക്ക് വേണ്ടി കോടതിയിൽ ഹാജരായത് എലീനർ ലോസ് ആണ്. ലൈംഗിക കുറ്റകൃത്യങ്ങൾ ആരോപിക്കുന്നതിൽ ആദ്യത്തെ സ്ത്രീ 2018ലാണ് ആക്രമണത്തിനു ഇരയായത്. 2018 ഒക്ടോബറിൽ ചെഷയറിലെ മോട്രം സെന്റ് ആൻഡ്രൂവിലുള്ള സ്പിന്നി എന്ന വീട്ടിലേക്ക് പോയി. പിന്നാലെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നെന്നും യുവതി പറയുന്നു. താരത്തിന്റെ സുഹൃത്തുകളിൽ ഒരാളുടെ കാമുകി ആയിരുന്നു ഈ യുവതിയെന്നും, പിന്നെ എങ്ങനെയാണ് ഇത് നടക്കുകയെന്നും അദ്ദേഹം ചോദിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: റിഷി സുനകിന്റെ മന്ത്രിസഭയിൽ വീണ്ടും രാജി. ഗാവിൻ വില്യംസൺ ആണ് ക്യാബിനറ്റ് ഓഫീസ് മിനിസ്റ്ററുടെ ചുമതലയിൽ നിന്ന് രാജി വെച്ചത്. അദ്ദേഹം രാജിവെക്കുമെന്ന് നേരത്തെ തന്നെ റിഷിയോട് പറഞ്ഞിരുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. ഭീഷണിയുടെ സ്വരത്തിൽ പല ആരോപണങ്ങളും ഉയർന്നുവന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.

ഒരു മുതിർന്ന ഉദ്യോഗസ്ഥൻ കഴുത്ത് വെട്ടുമെന്ന് പറഞ്ഞതുൾപ്പെടെ അദ്ദേഹം കാരണമായി പറയുന്നുണ്ട്. രാവിലെ പ്രധാനമന്ത്രിയെ നിരന്തരം ബന്ധപ്പെട്ട അയാൾ രാജിയുടെ കാര്യം അറിയിക്കുകയായിരുന്നു എന്ന് ടൈംസ് റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. ഉച്ചഭക്ഷണത്തിന് മുമ്പ് പ്രധാനമന്ത്രിയുടെ വക്താവ് സർ ഗാവിനിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും അദ്ദേഹം രാജി വെക്കുമെന്ന വാർത്തകൾ നിഷേധിക്കുകയും ചെയ്തിരുന്നു. സർക്കാരിനുള്ള ഗാവിനിന്റെ സംഭാവനകളെ ഊന്നിപ്പറയുകയും ചെയ്തു.

പ്രതിരോധ സെക്രട്ടറി സ്ഥാനത്തുനിന്ന് തെരേസ മേയെയും വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത് നിന്ന് ബോറിസ് ജോൺസനെയും പുറത്താക്കിയതിന് ശേഷം ഇത് മൂന്നാം തവണയാണ് അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ ശവസംസ്‍കാരത്തെ ചുറ്റിപറ്റിയുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് ഇരുവരും തമ്മിൽ അകലുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഇംഗ്ലണ്ടിലെ പല സ്കൂളുകളിലും അധ്യാപകരുടെ എണ്ണം വെട്ടി ചുരുക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത്. അധ്യാപകരുടെ സംഘടനയായ നാഷണൽ അസോസിയേഷൻ ഓഫ് ഹെഡ് ടീച്ചേഴ്സാണ് ഇക്കാര്യം പുറത്തുവിട്ടത്. പല സ്കൂളുകളിലും ഇതിന്റെ ഭാഗമായി അധ്യാപകരെ പിരിച്ചു വിടുന്നതായും, ജോലി സമയം വെട്ടി ചുരുക്കുന്നതായും അവർ പറയുന്നു. പണം ലാഭിക്കാനും, ശമ്പളം നൽകാനുമുള്ള ബുദ്ധിമുട്ട് മുമ്പിൽ കണ്ടാണ് ഇങ്ങനെ ഒരു നടപടി എന്നാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം. ബഡ്ജറ്റ് നിലവിൽ താളം തെറ്റുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നതെന്നും അവർ മുന്നറിയിപ്പായി നൽകുന്നു.

നാഷണൽ അസോസിയേഷൻ ഓഫ് ഹെഡ് ടീച്ചേഴ്സിൻെറ സ്‌നാപ്പ്‌ഷോട്ട് സർവേയിൽ പ്രതികരിച്ച 11,000 പേരിൽ 66% പേരും ടീച്ചിംഗ് അസിസ്റ്റന്റുമാരെ അനാവശ്യമാക്കുകയോ അവരുടെ സമയം വെട്ടിക്കുറയ്ക്കുകയോ ചെയ്യുമെന്നാണ് അഭിപ്രായപ്പെട്ടത്. പല സ്കൂളിലും ഇത് നിലവിൽ നടപ്പിലായി വരുന്നുണ്ടെന്നാണ് വാർത്തകൾ ചൂണ്ടിക്കാട്ടുന്നത്. സ്കൂളിലെ ചിലവുകൾ ദൈനംദിനം വർധിക്കുകയാണ്. സർവേയിൽ പ്രതികരിച്ചതിൽ 54% ആളുകളും വിഷയത്തെ ഗൗരവമായി നോക്കി കാണുകയും, അടിയന്തിരമായി നടപടി കൈകൊള്ളണമെന്നും അഭിപ്രായപ്പെട്ടവരും ആണ്.

ഊർജബില്ല് ഉൾപ്പടെ പല കാര്യങ്ങളും താങ്ങാവുന്നതിനും അപ്പുറമാണ്. അതിനനുസരിച്ചു വരുമാനം ഇവിടങ്ങളിൽ ഉണ്ടാകുന്നില്ലെന്നും അധികൃതർ പറയുന്നു. എന്നാൽ വിഷയത്തിൽ ഗവൺമെന്റ് പറയുന്നത് സ്കൂൾ ഫണ്ട്‌ ഈ വർഷം തന്നെ നാല് ബില്യൺ ആയി വർധിപ്പിച്ചിട്ടുണ്ടെന്നാണ്. എന്നാൽ, അടുത്തയാഴ്ച സർക്കാരിന്റെ പ്രസ്താവനയ്ക്ക് മുന്നോടിയായി, വ്യാപകമായി പൊതു ഫണ്ടിംഗ് വെട്ടിക്കുറയ്ക്കാൻ സാധ്യത ഉണ്ടെന്ന് നാഷണൽ അസോസിയേഷൻ ഓഫ് ഹെഡ് ടീച്ചേഴ്സ് പറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ലോകം മുഴുവനും നരകതുല്യമായ കാലാവസ്ഥയിലേക്കുള്ള പാതയിൽ ആണെന്ന് ഓർമിപ്പിച്ചുകൊണ്ട് കോപ്പ് 27 കാലാവസ്ഥ ഉച്ചകോടി ഈജിപ്തിൽ ആരംഭിച്ചു. ലോകം നേരിട്ടുകൊണ്ടിരിക്കുന്ന കാലാവസ്ഥ വെല്ലുവിളികളെ സംബന്ധിച്ചും അതിന് ആവശ്യമായ ക്രിയാത്മകമായ പ്രതികരണങ്ങൾ ലോക നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറെസ് തന്റെ ആമുഖപ്രസംഗത്തിൽ ഓർമിപ്പിച്ചു.

ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, ബ്രിട്ടന്റെ ഭാഗത്തുനിന്നുമുള്ള 11.6 ബില്യൺ പൗണ്ട് തുകയുടെ ക്ലൈമറ്റ് ഫണ്ട് തുടർന്നുകൊണ്ട് പോകുമെന്ന് പ്രഖ്യാപിച്ചു. 120ലേറെ രാജ്യങ്ങളുടെ രാഷ്ട്ര തലവന്മാരാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ബ്രിട്ടിഷ് പ്രധാനമന്ത്രി റിഷി സുനക് ആദ്യം പങ്കെടുക്കില്ലെന്ന് അറിയിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെ തീരുമാനം മാറ്റുകയായിരുന്നു. കാലാവസ്ഥ വ്യതിയാനത്തെ ചെറുത്തുനിൽക്കുവാൻ വേഗത്തിൽ പ്രവർത്തിക്കേണ്ട സമയമാണിതെന്ന് റിഷി സുനക് തന്റെ പ്രസ്താവനയിൽ ലോക നേതാക്കളെ ഓർമിപ്പിച്ചു. അതോടൊപ്പം തന്നെ ഹരിത ഊർജ്ജ നിക്ഷേപം പുതിയ തൊഴിലവസരങ്ങളുടെയും വളർച്ചയുടെയും മികച്ച ഉറവിടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  റഷ്യ നടത്തിയിരിക്കുന്ന ഉക്രൈൻ അധിനിവേശവും അതിനെ തുടർന്ന് ഉണ്ടായിരിക്കുന്ന പ്രതിസന്ധികളും പുനരുല്പാദിപ്പിക്കാവുന്ന ഊർജ്ജ ഉപയോഗങ്ങളുടെ വർദ്ധനവ് ഉണ്ടാകണമെന്ന് ചൂണ്ടിക്കാട്ടുന്നതായും അദ്ദേഹം പറഞ്ഞു.


ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് പുനരുപയോഗിക്കാവുന്ന ഊര്‍ജ സ്രോതസുകളിലേക്ക് മാറാന്‍ വികസ്വര രാജ്യങ്ങള്‍ക്ക് വികസിത രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത ധനസഹായം വീഴ്ചയില്ലാതെ ലഭ്യമാക്കണമെന്ന ആവശ്യവും ഉച്ചകോടിയിൽ ഉയർന്നിട്ടുണ്ട്. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള സുനകിന്റെ ആദ്യ അന്താരാഷ്ട്ര സമ്മേളനമാണ് കാലാവസ്ഥ ഉച്ചകോടി. 2025 ഓടെ 1.5 ബില്യൺ പൗണ്ട് അധിക തുക കാലാവസ്ഥ ഫണ്ടിലേക്ക് ബ്രിട്ടൻ കൈമാറുമെന്നും സുനക് തന്റെ പ്രസ്താവനയിൽ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ലണ്ടനിൽ സോമാലിയൻ സ്വദേശികൾ താമസിക്കുന്ന വീടിനു സമീപം പന്നിയുടെ തല ഉപേക്ഷിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിദ്വേഷ പ്രചാരണത്തിന് ചിലർ ചെയ്യുന്നതാകാം ഇതെന്നാണ് പ്രശ്നത്തിൽ പോലീസ് നൽകുന്ന വിശദീകരണം. ബ്രിസ്റ്റോളിൽ ഞായറാഴ്ച രാവിലെ 11 മണിയ്ക്കാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

റോഡരികിൽ എല്ലാവർക്കും കാണാവുന്ന തരത്തിലാണ് പന്നിയുടെ തല ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. യാത്രക്കാരുടെയും സമീപവാസികളുടെയും ശ്രദ്ധ ഇതിൽ പതിഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തുവന്നത്. കഴിഞ്ഞ മാസം ഒരു കുടുംബത്തെ നിർബന്ധിച്ചു ടവർ ബ്ലോക്കിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന്റെ ബാക്കിയാണ് നിലവിലെ സംഭവം എന്നാണ് പ്രദേശവാസികൾ നൽകുന്ന വിശദീകരണം.

ടവർ ബ്ലോക്കിൽ താമസിക്കുന്ന രണ്ട് സോമാലിയൻ കുടുംബങ്ങളെ ലക്ഷ്യം വെച്ചാണ് ഈ സംഭവം നടന്നിരിക്കുന്നത്. പന്നിയിറച്ചി മുസ്ലിം സമൂഹം കഴിക്കാറില്ല. മനഃപൂർവം ഒരു പ്രകോപനം സൃഷ്ടിക്കാനുള്ള സാമൂഹിക വിരുദ്ധരുടെ ശ്രമമാണിതെന്നാണ് ഒരു വിഭാഗം അവകാശപ്പെടുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്വേഷ പ്രചരണം നടത്താൻ ആണ് ഇതിലൂടെ ശ്രമം നടത്തിയിരിക്കുന്നതെന്ന് ചീഫ് ഇൻസ്‌പെക്ടർ ദീപക് കെന്ത് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മൂന്നുമാസമായി ഇന്ത്യക്കാർ ഉൾപ്പെടെ 26 നാവികരെ ഗിനിയയിൽ അന്യായമായി തടങ്കലിൽ വച്ചിരിക്കുകയാണ്. സമുദ്രാതിർത്തി ലംഘിച്ചുവെന്നാണ് ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം. ഇവരിൽ സ്ത്രീധന പീഡനത്തിന്റെ പേരിൽ മരണമടഞ്ഞ വിസ്മയയുടെ സഹോദരൻ വിജിത്ത് ഉൾപ്പെടെ മൂന്ന് മലയാളികളാണുള്ളത്. മൊത്തം 16 ഇന്ത്യക്കാർ ഉൾപ്പെട്ട സംഭവത്തിൽ കേന്ദ്ര കേരള സർക്കാരുകൾ ഇടപെടാൻ താമസിച്ചതായുള്ള ആക്ഷേപം ശക്തമാണ്.

വിസ്മയുടെ സഹോദരൻ നിലമേൽ കൈതോട് സ്വദേശിയായ വിജിത്ത് കപ്പലിലെ നാവിഗേറ്റീവ് ഓഫീസറാണ്. മലയാളിയായ സനു ജോസഫ് ആണ് ചീഫ് ഓഫീസർ . കൊച്ചി സ്വദേശിയായ മിൽട്ടനും കപ്പലിലെ ജീവനക്കാരനാണ്. ഇന്ത്യൻ നാവികരെ മോചിപ്പിക്കാൻ ശ്രമം തുടരുന്നതായി ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്. എന്നാൽ തങ്ങളുടെ പ്രിയപ്പെട്ടവർ അന്യായമായി മറ്റൊരു രാജ്യത്ത് തടവിൽ കഷ്ടപ്പെടുന്നതിന്റെ വേദനയിലാണ് നാവികരുടെ ബന്ധുക്കളും സുഹൃത്തുക്കളും .

ഓഗസ്റ്റ് ഏഴിനാണ് സംഭവങ്ങളുടെ തുടക്കം. ദക്ഷിണാഫ്രിക്കയിൽ നിന്ന് നൈജീരിയയിലേക്ക് ക്രൂഡ് ഓയിൽ കൊണ്ടുവരാനായി പോയ ഹെറോയിക് ഐസർ എന്ന കപ്പലിലെ ജീവനക്കാർക്കാണ് ഭീകരമായ സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടതായി വന്നിരിക്കുന്നത്. ആവശ്യപ്പെട്ട 16 കോടിയോളം രൂപ കപ്പൽ ഉടമകൾ പിഴ ഒടുക്കിയെങ്കിലും ജീവനക്കാരെയും കപ്പലിനെയും വിട്ടുകൊടുക്കാൻ ഗിനിയൻ അധികൃതർ തയ്യാറായിട്ടില്ല. നിലവിൽ തടങ്കലിൽ നിന്ന് ജീവനക്കാരെ കപ്പലിലേക്ക് മാറ്റിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ലണ്ടൻ നഗരത്തിൽ ഞായറാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ പ്രധാന നഗരങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഡ്രൈവർമാരും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നവരും ഓൺലൈനിൽ പങ്കുവെച്ച ചിത്രങ്ങളെ തുടർന്നാണ് വാർത്തകൾ പുറത്ത് വന്നത്. മഴ ശക്തമായ രീതിയിൽ തുടരുമെന്നും, ഇംഗ്ലണ്ടിന്റെ തെക്ക് കിഴക്കൻ പ്രദേശങ്ങളിൽ വെള്ളം ഉയരാൻ സാധ്യതയുണ്ടെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം.

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മഴ ശക്തിയാർജിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. കനത്ത മഴയെ തുടർന്ന് ഇംഗ്ലണ്ടിലെ വിവിധ സേവനങ്ങളെല്ലാം തകരാറിൽ ആയിരിക്കുകയാണ്. ഗതാഗത മേഖല പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. ആശുപത്രികളിൽ വെള്ളം കയറിയതിനെ തുടർന്ന് അവയുടെ പ്രവർത്തനവും താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ലണ്ടനിലെ ബ്രെന്റ്, ഹാരിൻഗെ, ലെവിഷാം എന്നിവിടങ്ങളിലാണ് പ്രധാനമായും പ്രളയം ബാധിച്ചിരിക്കുന്നത്.

ആദം ഹാർഡ്ലെ ട്വിറ്ററിൽ പങ്കുവെച്ച ചിത്രത്തിൽ ഹാരിൻഗെയിലെ വെള്ളത്തിന്റെ സ്ഥിതി വ്യക്തമാണ്. ഇതുമൂലം ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ട്വീറ്റിൽ പറയുന്നുണ്ട്. മഴ തുടർച്ചയായി പെയ്യുമ്പോൾ പതിവായി ഇവിടെ വെള്ളക്കെട്ട് രൂപപ്പെടാറുണ്ടെന്നും, എന്നാൽ ഇത് പരിഹരിക്കാൻ അധികൃതർ ഇതുവരെ തയാറായിട്ടില്ലെന്നും പറയുന്നു.

ലണ്ടൻ: ഔദ്യോഗിക കൃത്യ നിർവഹണത്തിനിടയിൽ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചു. മെട്രോപൊലിറ്റൻ പോലീസിലാണ് സംഭവം. ഇതെ തുടർന്ന് പ്രതിയായ ഓഫീസറെ സർവീസിൽ നിന്നും പിരിച്ചു വിട്ടു. 2021 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 2021 ജൂലൈ മാസം നൈറ്റ്‌ ഷിഫറ്റിനിടയിൽ മാർവിൻ ടർണർ എന്ന ഉദ്യോഗസ്ഥൻ വനിതാ കോൺസ്റ്റബിളിനെ കയറി പിടിക്കുകയായിരുന്നു.

കേസിൽ കോടതി ശക്തമായ ചോദ്യങ്ങളാണ് അദ്ദേഹത്തോട് ഉന്നയിച്ചത്. ഇയാൾ മുൻപും സമാനമായ കേസുകളിൽ ഇടപ്പെട്ടിട്ടുണ്ടെന്നും, മോശം കമന്റ്‌ പറയുന്നത് ഇയാളുടെ പതിവ് ആണെന്നും കൂട്ടി ചേർത്തു. ഇത് ഒരുതരം സ്വഭാവവൈകൃതമാണെന്നാണ് കോടതിയുടെ വിലയിരുത്തൽ. രാത്രി ജോലിക്കിടയിൽ ഇയാൾ നിരവധി സ്ത്രീകളോട് മോശമായി സംസാരിച്ചിട്ടുണ്ടെന്നും ജൂനിയർ ആയിട്ടുള്ള വനിതാ ഓഫീസർമാരോടുള്ള പെരുമാറ്റം പരിധികൾ കടന്നുള്ളതാണെന്നും കോടതി പറഞ്ഞു.

ഈസ്റ്റ്‌ ഏരിയ കമാണ്ടിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഇയാൾ കാർ ഓടിച്ചു ഓഫീസിലെത്തിയാണ് കൃത്യത്തിൽ ഏർപ്പെട്ടതെന്ന് ഓഫീസ് അധികൃതർ പറഞ്ഞു. അന്വേഷണം സംഘം, ഇയാൾ ലൈംഗികമായി സ്പർശിക്കുകയും മോശമായി പെരുമാറിയെന്നുമാണ് കണ്ടെത്തിയത്. ഇതേ തുടർന്ന് ദുരനുഭവം നേരിടേണ്ടി വന്ന വനിതാ ഓഫീസർ ഡിപ്രെഷൻ പോലുള്ള മാനസിക അവസ്ഥയിലേക്ക് പോയെന്നും അധികൃതർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

രാജ്യമൊട്ടാകെയുള്ള നേഴ്സുമാരുടെ ഉള്ളിൽ സമരത്തിന്റെ പ്രതിഷേധാഗ്നി ആളിപ്പടരുകയാണ്. പണപ്പെരുപ്പത്തിനും ജീവിത ചിലവുകൾക്കും അനുസൃതമായി മെച്ചപ്പെട്ട ശമ്പളത്തിനായുള്ള മുറവിളി രാജ്യത്തെ നേഴ്സിങ് യൂണിയനുകൾ ഉയർത്താൻ തുടങ്ങിയിട്ട് വളരെ നാളായി . കോവിഡ് കാലത്ത് സ്വന്തം ജീവൻ വരെ പണയപ്പെടുത്തി ജോലി ചെയ്ത നേഴ്സുമാരെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും അഭിനന്ദിക്കുന്നതിൽ എല്ലാവരും മുൻപന്തിയിലായിരുന്നു. എന്നാൽ രാജ്യത്ത് പ്രഖ്യാപിച്ച വിവിധ ശമ്പള വർദ്ധനവുകളിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതിയാണ് ഇപ്പോൾ സമരമുഖത്തേയ്ക്ക് ഇറങ്ങിത്തിരിക്കാൻ നേഴ്സിങ് യൂണിയനുകളെ പ്രേരിപ്പിച്ചിരിക്കുന്നത്.

സാധാരണയായി സമരങ്ങളോട് മുഖം തിരിച്ചു നിൽക്കാറുള്ള റോയൽ കോളേജ് ഓഫ് നേഴ്സിങ്ങിലെ മൂന്നുലക്ഷത്തോളം അംഗങ്ങളാണ് ദേശീയ പണിമുടക്കിന് പച്ചക്കൊടി കാട്ടിയിരിക്കുന്നത്. നേഴ്സുമാർക്ക് മാന്യമായ ശമ്പളം നൽകുന്ന സമീപനം സർക്കാരിൻറെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കിൽ ബ്രിട്ടന്റെ ആരോഗ്യമേഖലയെ കാത്തിരിക്കുന്നത് കടുത്ത പ്രതിസന്ധിയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

166 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് റോയൽ കോളേജ് ഓഫ് നേഴ്സിങ്ങിലെ എല്ലാ അംഗങ്ങളും സമരത്തിനോട് അനുകൂലമായി വോട്ട് ചെയ്യുന്നത്. മറ്റ് നേഴ്സിങ് യൂണിയനുകളായ റോയൽ കോളേജ് ഓഫ് മിഡ് വൈഫ്സ് , ജി എം ബി , യുണൈറ്റ്, യൂണിസൺ എന്നീ സംഘടനകളും സമര പാതയിൽ ആണെന്നാണ് സൂചനകൾ. പണിമുടക്കുമായി മുന്നോട്ടു പോയാൽ അത് രോഗികൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് പരിഗണിക്കണമെന്ന് സർക്കാർ നേഴ്സുമാരോട് അഭ്യർത്ഥിച്ചു. ശമ്പള കുറവ് മൂലം നല്ല വിഭാഗം നേഴ്സുമാർക്കും ഈ ജോലിയിൽ ഒരു ഭാവി കാണാൻ സാധിക്കാത്തവരാണെന്ന് റോയൽ കോളേജ് ഓഫ് നേഴ്സിങ് ജനറൽ സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ പാറ്റ് കുള്ളൻ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പതിനേഴുകാരനെ മാരകമായി കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. ഒക്ടോബർ 30 നായിരുന്നു സംഭവം. വൈകുന്നേരം 6.30 ന് ബർമിംഗ്ഹാമിലെ ലേഡിവുഡിലെ സ്പ്രിംഗ്ഫീൽഡ് സ്ട്രീറ്റിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ അക്കീം ബെയ്‌ലി എന്ന യുവാവിനെ കണ്ടെത്തുകയായിരുന്നു. കേസിൽ സക്കറിയ നെൽസൺ(18) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

കൊലപാതകം, മുറിവേൽപ്പിക്കൽ, ആയുധം കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മാരകമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോമയിൽ ആയിരുന്ന ഇയാൾ മുറിവുകളുടെ ആഴം മൂലം വെള്ളിയാഴ്ച രാത്രിയിൽ മരണപ്പെടുകയായിരുന്നു. കേസിൽ പ്രതിയായ സക്കറിയാ നെൽസനെ ബിർമിങ്ഹാം മജിസ്‌ട്രേറ്റ് കോടതിയിൽ നാളെ ഹാജരാക്കും. മരണപ്പെട്ട യുവാവിനൊപ്പം ഉണ്ടായിരുന്ന ഒരാൾ അപകടനില തരണം ചെയ്തു വരികയാണ്.

അക്കീമിന്റെ വേർപാടിൽ ദുഃഖത്തിലായിരിക്കുന്ന കുടുംബത്തെ അനുശോചനം അറിയിക്കുന്നതായി വെസ്റ്റ് മിഡ്‌ലാൻഡ്‌ പോലീസ് ഇൻസ്‌പെക്ടർ ജിം കോൾക്ലോഗ് പറഞ്ഞു. അപകടത്തെ പറ്റി എന്തെങ്കിലും വിവരങ്ങൾ കൈമാറാൻ ഉണ്ടെങ്കിൽ ബന്ധപ്പെട്ട ആളുകൾ തയാറായി മുന്നോട്ട് വരണമെന്നും നിങ്ങളുടെ വിവരങ്ങൾ എവിടെയും പങ്കുവെക്കില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. ദാരുണമായ സംഭവം അരങ്ങേറിയതിനു പിന്നാലെ പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

RECENT POSTS
Copyright © . All rights reserved