ന്യൂസ് ഡെസ്ക്, മലയാളം യുകെ
അത്യന്തം വാശിയേറിയ മത്സരത്തിൽ ഇറ്റലിയെ തോൽപിച്ച് ഇംഗ്ലണ്ട് യൂറോ 2025 ഫൈനലിൽ എത്തി. കെല്ലിയും അഗ്യേമാങ്ങും ആണ് ഇംഗ്ലണ്ടിനായി ഗോളുകൾ നേടിയത്. അധിക സമയത്ത് മത്സരം അവസാനിക്കാൻ ഒരു മിനിറ്റ് ശേഷിക്കെ ആണ് കെല്ലി ഇംഗ്ലണ്ടിനെ വിജയ ഗോൾ നേടിയത്. ഇംഗ്ലണ്ടിന്റെ ഗോളുകൾ നേടിയ ഇരുവരും പകരക്കാരായി ഇറങ്ങിയതാണെന്ന പ്രത്യേകതയും ഉണ്ട്.
19 കാരിയായ അഗ്യേമാങ്ങിന്റെ ഈ ടൂർണമെന്റിലെ രണ്ടാമത്തെ ഗോളായിരുന്നു ഇറ്റലിക്കെതിരെ നേടിയത്. ബാർബറ ബൊണാൻസിയ ആദ്യ പകുതിയിൽ ഇറ്റലിയെ മുന്നിലെത്തിച്ചു. പിന്നീട് പകരക്കാരെ ഇറക്കി ഇംഗ്ലണ്ട് കളി തിരിച്ചുപിടിക്കുകയായിരുന്നു. ഫൈനലിൽ ഇംഗ്ലണ്ട് ജയിച്ചു കയറിയാൽ ടീം മാനേജർ എന്ന നിലയിൽ വീഗ്മാൻ്റെ തുടർച്ചയായ മൂന്നാമത്തെ യൂറോ കിരീടമായിരിക്കും ഇത്. ബുധനാഴ്ച ബാസലിൽ ജർമ്മനിയും സ്പെയിനും തമ്മിലുള്ള സെമിഫൈനൽ മത്സരത്തിലെ വിജയികളെ ആണ് ഫൈനലിൽ ഇംഗ്ലണ്ട് നേരിടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ തിരക്കേറിയ നഗരപ്രദേശങ്ങളിൽ വാഹനങ്ങൾ ഉപയോഗിക്കുന്നതിന് ഡ്രൈവർമാർ നൽകേണ്ട ഫീസാണ് കൺജഷൻ ചാർജുകൾ. 2003 ൽ അവതരിപ്പിച്ച ഈ പദ്ധതി ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും പൊതു ഗതാഗതത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ട്രാൻസ്‌പോർട്ട് ഫോർ ലണ്ടൻ (TfL) ആണ് ഈ ചാർജ് നിയന്ത്രിക്കുന്നത്. ഈ വർഷം വിദേശ എംബസികൾ അടയ്ക്കാത്ത കൺജഷൻ ചാർജ് കടങ്ങൾ ഏകദേശം £161 മില്യൺ കടന്നെന്നാണ് ട്രാൻസ്‌പോർട്ട് ഫോർ ലണ്ടൻറെ (TfL) കണക്കുകൾ പറയുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് £18 മില്യൺ വർദ്ധനവ് ആണ് ഈ വർഷം ഉണ്ടായിരിക്കുന്നത്.
2025 ജൂൺ അവസാനത്തോടെ ആകെ 145 രാജ്യങ്ങളുടെ പേരിലായി 160,918,455 പൗണ്ടാണ് കുടിശിക ഉള്ളത്. പട്ടികയിൽ ഏറ്റവും മുന്നിൽ £15.6 മില്യണിലധികം കുടിശികയോടെ യുണൈറ്റഡ് സ്റ്റേറ്റ്സ് ആണ്, തൊട്ട് പിന്നാലെ £10.7 മില്യൺ കുടിശികയോടെ ജപ്പാൻ രണ്ടാം സ്ഥാനത്ത് ഉണ്ട്. ചൈനയ്ക്ക് £10.7 മില്യൺ കുടിശികയും, ഇന്ത്യയ്ക്ക് £9.7 മില്യൺ കുടിശികയും ഉണ്ട്. കഴിഞ്ഞ ആഴ്ച, ഹൗസ് ഓഫ് ലോർഡ്‌സിലെ ചില അംഗങ്ങൾ വിദേശ നയതന്ത്രജ്ഞരുടെ കാറുകൾ കുടിശിക അടച്ച് തീർക്കുന്നത് വരെ പിടിച്ച് വയ്ക്കണമെന്ന് നിർദ്ദേശിച്ചിരുന്നു.
വിയന്ന കൺവെൻഷൻ പ്രകാരം വിദേശ എംബസികൾക്ക് ഈ ചാർജ് നൽകേണ്ടതില്ല എന്ന വാദവും പൊങ്ങി വരുന്നുണ്ട്. എന്നാൽ കൺജഷൻ ചാർജുകൾ നികുതിയുടെ കീഴിൽ വരാത്തതിനാൽ വിദേശ എംബസികളെ ഒഴിവാക്കില്ലെന്നാണ് TfL ൻെറ വാദം. ലണ്ടനിലെ ഭൂരിപക്ഷം എംബസികളും കൺജഷൻ ചാർജുകൾ അടയ്ക്കുന്നുണ്ടെന്ന് TfL പറയുന്നു. എന്നാൽ ഫീസ് അടയ്ക്കാത്ത ഒരു പക്ഷം ആളുകൾ ഇപ്പോഴും ഉണ്ടെന്ന് ടിഎഫ്എൽ ചൂണ്ടിക്കാട്ടി. നിലവിൽ ഒരു ദിവസം ഈടാക്കുന്ന കൺജഷൻ ചാർജ് £15 ആണ്. 2026 ഇൽ ഇത് £18 ആയി ഉയരും. എന്നിരുന്നാലും ഈ വിഷയത്തിൽ കർശന നടപടി സ്വീകരിക്കണം എന്ന് ഹൗസ് ഓഫ് ലോർഡ്‌സ് അംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഒന്നാം ലോകമഹായുദ്ധത്തിൽ മുങ്ങിയ ബ്രിട്ടൻ റോയൽ നേവിയുടെ യുദ്ധക്കപ്പൽ കണ്ടെത്തി. മുങ്ങി 109 വർഷങ്ങൾക്കു ശേഷമാണ് കപ്പൽ വീണ്ടെടുത്തത്. ചരിത്രപരമായി പ്രാധാന്യമുള്ള കപ്പൽ അവശിഷ്ടങ്ങൾ കണ്ടെത്താൻ ലക്ഷ്യമിടുന്ന ഒരു അന്താരാഷ്ട്ര പദ്ധതിയായ പ്രോജക്ട് എക്സ്പ്ലോറിന്റെ നേതൃത്വത്തിലുള്ള പത്ത് മുങ്ങൽ വിദഗ്ധരുടെ സംഘമാണ് സ്കോട്ട്ലൻഡ് തീരത്ത് നിന്ന് 60 മൈൽ അകലെ എച്ച്എംഎസ് നോട്ടിംഗ്ഹാമിനെ തിരിച്ചറിഞ്ഞത്.
1916 ആഗസ്റ്റ് 19 – ന് ആണ് കപ്പൽ അപകടത്തിൽപ്പെട്ടത്. ഒരു ജർമൻ അന്തർവാഹിനിയുടെ ആക്രമണത്തിൽ 457 അടി നീളമുള്ള കപ്പൽ മുങ്ങുകയായിരുന്നു. കപ്പലിലുള്ള 38 ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടിരുന്നു. ക്യാപ്റ്റനെയും 20 ഉദ്യോഗസ്ഥരെയും മറ്റ് 357 ജീവനക്കാരെയും രക്ഷപ്പെടുത്തിയിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മണിക്കൂറുകളോളം ശമ്പളമില്ലാതെ ജോലി ചെയ്തിട്ടും തങ്ങളുടെ ജീവിതം പെരുവഴിയിലാകുമെന്ന ആശങ്കയുമായി പരിശീലനം പൂർത്തിയാക്കിയ മിഡ് വൈഫ് വിദ്യാർത്ഥിനികൾ രംഗത്ത് വന്നു. തങ്ങൾക്ക് എൻഎച്ച്എസിൽ ജോലി ലഭിച്ചില്ലെങ്കിൽ കരിയർ ആരംഭിക്കുന്നതിന് മുൻപ് തന്നെ തൊഴിൽ ഉപേക്ഷിക്കാൻ നിർബന്ധിതരാകും എന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്. നിലവിൽ രാജ്യത്ത് ഉടനീളം മിഡ് വൈഫുമാരുടെ കടുത്ത ക്ഷാമം നിലവിലുണ്ട്. എന്നാൽ പുതിയതായി ജീവനക്കാരെ നിയമിക്കാൻ സർക്കാർ തയ്യാറാകുന്നില്ല.
കഴിഞ്ഞമാസം റോയൽ കോളേജ് ഓഫ് മിഡ്‌വൈഫ്‌സ് (ആർസിഎം) നടത്തിയ ഒരു സർവേയിലെ കണ്ടെത്തലുകളാണ് ഈ മേഖലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങളിലേയ്ക്ക് വിരൽചൂണ്ടിയത്. ഈ വർഷം യോഗ്യത നേടേണ്ട 10 മിഡ്‌വൈഫ് വിദ്യാർത്ഥികളിൽ എട്ട് പേർക്കും പ്രസവ പരിചരണത്തിൽ ജീവനക്കാരുടെ കുറവുണ്ടായിട്ടും ബിരുദം നേടിയ ശേഷം ജോലി കണ്ടെത്താനാകുമെന്ന് ആത്മവിശ്വാസമില്ലെന്ന് കണ്ടെത്തി. മതിയായ ജീവനക്കാരുടെ അഭാവം മൂലം പ്രസവ പരിചരണത്തിലെ പല സേവനങ്ങളും താൽകാലികമായി നിർത്തലാക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടായിട്ടും പുതിയ റിക്രൂട്ട്മെൻറ് നടത്താൻ എൻഎച്ച് എസ് വിമുഖത കാണിക്കുകയാണ്. ഫണ്ടിങ് വെട്ടിക്കുറയ്ക്കലും റിക്രൂട്ട്മെൻറ് മരവിപ്പിക്കലുമാണ് ജീവനക്കാരെ നിയമിക്കുന്നതിന് ആഗ്രഹിക്കുന്ന മിഡ് വൈഫറി മാനേജർമാരെ പിന്നോക്കം വലിക്കുന്നത്.
എൻഎച്ച്എസിൽ 2300 മണിക്കൂറോളം ശമ്പളമില്ലാതെ ജോലി ചെയ്തതിനു ശേഷമാണ് പലർക്കും സ്ഥിര നിയമനം ലഭിക്കുമോ എന്ന കാര്യത്തിൽ ആശങ്ക ഉടലെടുത്തിരിക്കുന്നത്.43 കാരിയായ ഐമി പീച്ച് അടുത്ത വേനൽക്കാലത്ത് പരിശീലനം പൂർത്തിയാക്കാനിരിക്കുകയാണ്. എന്നാൽ രാജ്യത്തുടനീളം മിഡ്‌വൈഫുമാരുടെ കടുത്ത ക്ഷാമം ഉണ്ടായിരുന്നിട്ടും മൂന്ന് വർഷത്തെ ബിരുദ കോഴ്‌സിന്റെ അവസാനം ജോലി ലഭിക്കുമെന്ന പ്രതീക്ഷ ഇല്ലെന്ന് അവർ പറഞ്ഞു. സുരക്ഷിത പരിചരണം നൽകുന്നതിൽ ജീവനക്കാരുടെ കുറവ് ഒരു ഘടകമാണെന്ന റിപ്പോർട്ടുകൾ ഒന്നിനു പുറകെ ഒന്നായി വന്നുകൊണ്ടിരിക്കുകയാണ്. കൂടാതെ തങ്ങൾക്ക് കഴിയുന്നത്ര മികച്ച പരിചരണം നൽകാനുള്ള ജീവനക്കാരുടെ എണ്ണം കുറവാണെന്ന് മിഡ്‌വൈഫുകൾ നിരന്തരം ഞങ്ങളോട് പരാതി പറയുന്നതായി ആർസിഎമ്മിന്റെ മിഡ്‌വൈഫറി ഡയറക്ടർ ഫിയോണ ഗിബ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പാലസ്തീൻ ആക്ഷൻ ഗ്രൂപ്പിനെ ഭീകരവാദ വിരുദ്ധ നിയമപ്രകാരം നിരോധിച്ച നടപടിയെ ചോദ്യം ചെയ്ത് സംഘടനയുടെ അഭിഭാഷകൻ ഹൈക്കോടതിയിൽ വാദമുഖങ്ങൾ നിരത്തി. ഭീകരവിരുദ്ധ നിയമങ്ങൾ പ്രകാരം പാലസ്തീൻ ആക്ഷന് വിലക്ക് ഏർപ്പെടുത്തുന്നതിന് മുമ്പ് നടത്തിയ ഇന്റലിജൻസ് വിലയിരുത്തലിൽ അതിന്റെ പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും നിയമാനുസൃതമാണെന്ന് കണ്ടെത്തിയതായി ഗ്രൂപ്പിന്റെ സഹസ്ഥാപകയായ ഹുദ അമ്മോറിക്ക് വേണ്ടി ഹാജരായ റാസ ഹുസൈൻ കെസി പറഞ്ഞു. ജൂലൈ 5 ന് ഗ്രൂപ്പിനെ നിരോധിക്കാനുള്ള യെവെറ്റ് കൂപ്പറിന്റെ തീരുമാനം അപമാനകരവും സ്വേച്ഛാധിപത്യപരവും നഗ്നവുമായ അധികാര ദുർവിനിയോഗവുമാണെന്ന് അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.
ഗ്രൂപ്പിന്റെ ഭൂരിഭാഗം നടപടികളും നിയമാനുസൃതമാണെന്ന് ജോയിന്റ് ടെററിസം അനാലിസിസ് സെന്റർ വിലയിരുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. പലസ്തീൻ ആക്ഷന്റെ കുറഞ്ഞത് 385 സമരങ്ങളിൽ മൂന്നെണ്ണം മാത്രമേ തീവ്രവാദത്തിന്റെ നിയമപരമായ നിർവചനത്തിന് കീഴിൽ വരൂ എന്ന് ആഭ്യന്തര സെക്രട്ടറി തന്നെ അംഗീകരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം ആദ്യമാണ് 2000 ലെ തീവ്രവാദ നിയമപ്രകാരം സർക്കാർ പാലസ്തീൻ ആക്ഷൻ ഗ്രൂപ്പിനെ നിരോധിച്ചത്. ഇതോടെ ഈ ഗ്രൂപ്പിൽ അംഗത്വം നേടുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നത് ക്രിമിനൽ കുറ്റമാണ്. എന്നിരുന്നാലും രാജ്യത്തുടനീളം നിരവധി പേരാണ് പാലസ്തീൻ ആക്ഷൻ ഗ്രൂപ്പിൻറെ പ്രകടനത്തിൽ സജീവമായി പങ്കെടുക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പാലസ്തീൻ ആക്ഷൻ ഗ്രൂപ്പിനെ ഭീകര സംഘടനയായി നിരോധിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ലണ്ടൻ, എഡിൻബർഗ്, മാഞ്ചസ്റ്റർ, ബ്രിസ്റ്റൽ, ട്രൂറോ എന്നിവിടങ്ങളിൽ ശനിയാഴ്ച പലസ്തീൻ അനുകൂല ആക്ടിവിസ്റ്റ് ഗ്രൂപ്പിനെ പിന്തുണച്ച് പ്രകടനങ്ങൾ നടന്നിരുന്നു വെസ്റ്റ്മിൻസ്റ്ററിൽ നടന്ന പ്രകടനങ്ങളിൽ പലസ്തീൻ ആക്ഷനെ പിന്തുണച്ച് പ്ലക്കാർഡുകൾ പ്രദർശിപ്പിച്ചതിന് തീവ്രവാദ കുറ്റകൃത്യങ്ങൾ ആരോപിച്ച് 55 പേരെ അറസ്റ്റ് ചെയ്തതായി മെറ്റ് പോലീസ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
30 വർഷങ്ങൾക്കു മുമ്പ് സ്വകാര്യവൽക്കരണത്തിനു ശേഷം ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജലവിതരണ വ്യവസായം സമൂലമായ മാറ്റങ്ങൾക്ക് വിധേയമാകുകയാണ്. വാട്ടർ കമ്പനികളെ കുറിച്ചുള്ള അവലോകനം ഈ മേഖലയിലെ ഏറ്റവും വലിയ പരിഷ്കാരങ്ങൾ ആണ് നിർദ്ദേശിച്ചിരിക്കുന്നത്. സർ ജോൺ കൻലിഫിൻ്റെ നേതൃത്വത്തിൽ നടന്ന അവലോകനം പ്രധാനമായും 88 ശുപാർശകളാണ് നൽകിയിരിക്കുന്നത്.
നിലവിലെ റെഗുലേറ്റർ ഓഫ്‌വാട്ട് നിർത്തലാക്കുന്നത് മുതൽ ശക്തമായ പരിസ്ഥിതി നിയന്ത്രണം അവതരിപ്പിക്കുന്നത് വരെ ഉൾപ്പെടുന്നതാണ് നിർദ്ദേശങ്ങൾ . പൈപ്പുകൾ ചോർന്നൊലിക്കുന്നതിനും മലിനജല ചോർച്ചയ്ക്കും വ്യവസായത്തിനെതിരെ വ്യാപകമായ വിമർശനം നിലനിൽക്കുന്ന സമയത്താണ് ഇത് വരുന്നത്. ഈ നിർദ്ദേശങ്ങൾ പൂർണ്ണമായി അംഗീകരിക്കപ്പെട്ടാൽ സ്വാഭാവികമായും ജല കമ്പനികൾ കൂടുതൽ നിക്ഷേപങ്ങൾ നടത്തേണ്ടി വരും. അഞ്ചു വർഷത്തിനുള്ളിൽ ജല കമ്പനികളിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി 100 ബില്യണിലധികം പൗണ്ട് ചിലവഴിക്കേണ്ടി വരും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. സ്വാഭാവികമായും ഉപഭോക്താക്കളുടെ ബില്ലുകൾ കുതിച്ചുയരാൻ ഇത് വഴി വെക്കും. ഓഫ് വാട്ട് ഉപഭോക്താക്കളുടെ ബില്ലുകൾ ഒരു പരിധിയിൽ കൂടുതൽ ഉയരാതിരിക്കാനുള്ള നടപടി സ്വീകരിച്ചിരുന്നു. എന്നാൽ മികച്ച ജല സംവിധാനം വേണമെങ്കിൽ ആരെങ്കിലും അതിന് പണം നൽകണമെന്നാണ് അവലോകന റിപ്പോർട്ടിൽ എടുത്തു പറയുന്ന പ്രധാനപ്പെട്ട കാര്യം.
ഇംഗ്ലണ്ടിൽ വാട്ടർ കമ്പനികൾ മൂലമുണ്ടാകുന്ന മലിനീകരണം ഒരു വർഷത്തിനുള്ളിൽ 60 ശതമാനം വർദ്ധിച്ചതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു . പരിസ്ഥിതി ഏജൻസി പുറത്തുവിട്ട കണക്കുകളിലാണ് രാജ്യത്തെ വാട്ടർ കമ്പനികളെ പ്രതിക്കൂട്ടിൽ നിർത്തുന്ന കണക്കുകൾ പുറത്തു വന്നത്. മലിനീകരണത്തിന് തേംസ് വാട്ടർ, സതേൺ വാട്ടർ , യോർക്ക് ഷെയർ വാട്ടർ എന്നീ കമ്പനികളാണ് പ്രധാനമായും പ്രതിക്കൂട്ടിൽ. 2024 ൽ ഇംഗ്ലണ്ടിൽ ആകെ 2801 മലിനീകരണ സംഭവങ്ങൾ ആണ് ഉണ്ടായത്. 2023 -ൽ ഇത് 2174 ആയിരുന്നു. മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 60 ശതമാനം വർദ്ധനവ് ആണ്. മലിനീകരണത്തിന്റെ കഴിഞ്ഞ വർഷത്തെ തോത് ഇതുവരെയുള്ള കണക്കുകൾ വെച്ച് ഏറ്റവും കൂടുതലാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജൂലൈ 23-ാം തീയതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി യുകെ സന്ദർശിക്കും. രണ്ടുദിവസം നീണ്ടുനിൽക്കുന്ന സന്ദർശന വേളയിൽ ഇന്ത്യ- യുകെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളെ കുറിച്ച് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി അദ്ദേഹം ചർച്ചകൾ നടത്തും . പ്രാദേശികവും ആഗോള തലത്തിലുമുള്ള നിരവധി വിഷയങ്ങൾ ചർച്ചകൾക്ക് വിഷയമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് .
ചാൾസ് മൂന്നാമൻ രാജാവിനെയും മോദി സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വ്യാപാരം, സമ്പദ് വ്യവസ്ഥ, സാങ്കേതികവിദ്യ നവീകരണം, പ്രതിരോധം, സുരക്ഷ, കാലാവസ്ഥ, ആരോഗ്യം, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്റെ (സിഎസ്‌പി) പുരോഗതി ഇരുപക്ഷവും അവലോകനം ചെയ്യും. പ്രധാനമന്ത്രി മോദിയുടെ യുകെയിലേയ്ക്കുള്ള നാലാമത്തെ സന്ദർശനമാണിത്. രണ്ടാം പാദത്തിൽ, മാലിദ്വീപ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസുവിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി മോദി ഈ മാസം 25 മുതൽ രണ്ട് ദിവസത്തെ മാലിദ്വീപ് സന്ദർശനവും നടത്തും.
മാലിദ്വീപിന്റെ സ്വാതന്ത്ര്യത്തിന്റെ 60-ാം വാർഷികാഘോഷങ്ങളിൽ അദ്ദേഹം വിശിഷ്ടാതിഥിയായിരിക്കും. സമഗ്ര സാമ്പത്തിക, സമുദ്ര സുരക്ഷാ പങ്കാളിത്തം’ എന്നതിനായുള്ള ഇന്ത്യ-മാലിദ്വീപ് സംയുക്ത പദ്ധതി നടപ്പിലാക്കുന്നതിലെ പുരോഗതി ഇരു നേതാക്കളും വിലയിരുത്തും. ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കാനും ശക്തിപ്പെടുത്താനും ഈ സന്ദർശനം ഇരുപക്ഷത്തിനും അവസരം നൽകും. മാലിദ്വീപിലേക്കുള്ള പ്രധാനമന്ത്രിയുടെ മൂന്നാമത്തെ സന്ദർശനമാണിത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ എത്തുന്ന അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിനായി ഫ്രാൻസുമായി ഉണ്ടാക്കിയ പദ്ധതികൾ കടുത്ത പരാജയമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പുതിയ നടപടികളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയെങ്കിലും ഈ വർഷം ഇംഗ്ലീഷ് ചാനൽ കടന്ന് ബോട്ടുകളിൽ എത്തുന്നവരുടെ എണ്ണം കൂടി. കഴിഞ്ഞവർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം 50 ശതമാനം വർദ്ധനവ് ആണ് ഉണ്ടായത്.
2025 – ൽ ഇതുവരെ 21,000 പേരാണ് ഇംഗ്ലീഷ് ചാനൽ കടന്ന് യുകെയിൽ എത്തിയ അനധികൃത കുടിയേറ്റക്കാർ. ഇരു രാജ്യങ്ങളും സംയുക്തമായി നടപ്പിലാക്കിയ നിയന്ത്രണങ്ങൾ അനധികൃത കുടിയേറ്റക്കാരെ ഫലപ്രദമായി തടയുന്നതിന്റെ പരാജയമാണെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇംഗ്ലീഷ് ചാനൽ കടന്ന് ചെറു ബോട്ടുകളിൽ യുകെയിൽ എത്തുന്ന അനധികൃത കുടിയേറ്റക്കാരെ ഫ്രാൻസിലേയ്ക്ക് തിരിച്ചയക്കാനുള്ള കരാറിൽ ഇരു രാഷ്ട്രങ്ങളും ഒപ്പുവച്ചിരുന്നു. ചിലരെ ഫ്രാൻസിലേയ്ക്ക് തിരിച്ചയക്കുമ്പോൾ സുരക്ഷാ പരിശോധനയ്ക്ക് വിധേയമായി തുല്യമായ എണ്ണം അഭയാർത്ഥികളെ ഫ്രാൻസിൽ നിന്ന് യുകെയും സ്വീകരിക്കും. പദ്ധതിപ്രകാരം ആഴ്ചയിൽ 50 പേരെ വരെ തിരിച്ചയയ്ക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. പുറത്തുവന്ന കണക്കുകൾ പ്രകാരം 2018 മുതൽ, 170,000 ൽ അധികം ആളുകൾ ചെറിയ ബോട്ടുകളിൽ യുകെയിൽ എത്തിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ വീടുകളുടെ ശരാശരി വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ 20 മാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിമാസ ഇടിവിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. സ്റ്റാമ്പ് ഡ്യൂട്ടിയിൽ നിലനിന്നിരുന്ന കിഴിവുകളും രണ്ടാമത്തെ വീടുകൾക്ക് ഏർപ്പെടുത്തിയ കൗൺസിൽ ടാക്സും ആണ് വീടുകളുടെ ഡിമാൻഡ് ഇടിയുന്നതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.
വീടുകളുടെ വിലയിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 1.2 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. അതായത് ശരാശരി വില 4531 പൗണ്ട് കുറഞ്ഞ് 373 ,709 പൗണ്ട് ആയി. സാധാരണ ഗതിയിൽ വേനൽക്കാല അവധി സീസണിന്റെ തുടക്കത്തിൽ വീടുകളുടെ വിലയിൽ കുറവുണ്ടാകാറുണ്ട്. എന്നാൽ 2002 നു ശേഷം ഒരു മാസം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ പ്രതിമാസ ഇടിവാണ് നിലവിൽ സംഭവിച്ചിരിക്കുന്നത്.
വിൽപനയ്ക്കായി വന്നിരിക്കുന്ന വീടുകളുടെ എണ്ണവും പ്രോപ്പർട്ടികളുടെ വിലകുറവിന് കാരണമായിട്ടുണ്ട്. വീടുകളുടെ വിലയിൽ ഏറ്റവും കൂടുതൽ ഇടിവ് ഉണ്ടായത് ലണ്ടനിലാണ്. മുൻ മാസത്തെ അപേക്ഷിച്ച് 1.5 ശതമാനം കുറവാണ് ലണ്ടനിൽ ഉണ്ടായത്. ലണ്ടൻ്റെ ഉൾപ്രദേശങ്ങളിൽ വില 2.1 ശതമാനമായി ആണ് കുറഞ്ഞത്. ഈ വർഷം തന്നെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് രണ്ട് തവണ കൂടി പലിശ നിരക്കുകൾ കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് വിപണി. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറയ്ക്കുകയാണെങ്കിൽ ഭവന വിപണി തിരിച്ചു കയറുമെന്നാണ് വിപണി വിദഗ്ധർ പ്രതീക്ഷിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വീടിന് പുറത്ത് പാർക്ക് ചെയ്തതിന് 25 പൗണ്ട് ഈടാക്കിയതിനെതിരെ അപ്പീൽ കൊടുത്ത നോട്ടിംഗ്ഹാമിലെ 55 വയസ്സുകാരന് പിഴ ഒഴിവാക്കി കൊടുത്തു. തലച്ചോറിന് പരുക്കേറ്റ് ചികിത്സയിലായിരുന്ന മാർക്ക് ടോപ്ലാസിനാണ് പാർക്കിംഗ് പെർമിറ്റ് ഫെബ്രുവരിയിൽ കാലഹരണപ്പെട്ടതിനെ തുടർന്ന് പിഴ ലഭിച്ചത്. എന്നാൽ നോട്ടിംഗ്ഹാമിലെ സിറ്റി കൗൺസിലിനെതിരെ മാർക്ക് ടോപ്ലാസ് ശക്തമായ നിയമ പോരാട്ടമാണ് നടത്തിയത്.
പെർമിറ്റ് കാലഹരണപ്പെടുന്ന അവസരത്തിൽ ഒരു ഓർമ്മപ്പെടുത്തൽ നോട്ടീസ് അയക്കുന്നത് അതോറിറ്റിയുടെ നയത്തിൽ പറയുന്നുണ്ടെന്ന് മാർക്ക് ടോപ്ലാസ് കണ്ടെത്തിയതാണ് അദ്ദേഹത്തിന് അനുകൂല വിധി വരാൻ കാരണമായത്. തലച്ചോറിന് ഗുരുതരമായി പരുക്കേറ്റ മാർക്ക് ടോപ്ലാസിന് ഓർമ്മക്കുറവ് ഉണ്ടെന്ന സാഹചര്യവും പിഴ ഒഴിവാക്കുന്നതിലേക്ക് നയിച്ചു . എന്നാൽ തൻറെ ആദ്യ അപ്പീലിൽ തന്നെ അനുകൂല വിധി നൽകണമായിരുന്നെന്ന് മാർക്ക് ടോപ്ലാസ് അഭിപ്രായപ്പെട്ടു. അതിനുപകരം നോട്ടിംഗ്ഹാമിലെ സിറ്റി കൗൺസിലിൽ പണം അടച്ചില്ലെങ്കിൽ പിഴ ഇരട്ടിയാക്കുമെന്നാണ് പറഞ്ഞത്.