ന്യൂസ് ഡെസ്ക് മലയാളം യുകെ
വൈദ്യശാസ്ത്ര രംഗം വളരെ പുരോഗമിച്ചിട്ടും ക്യാൻസറിന്റെ മാരകമായ പിടിയിൽ നിന്ന് മനുഷരാശിയെ മോചിപ്പിക്കാൻ സാധിച്ചിട്ടില്ല . അർബുദ ചികിത്സയ്ക്കായി പ്രതിവർഷം നല്ലൊരു തുകയാണ് എൻഎച്ച്എസ് ചിലവഴിക്കുന്നത്. 2034 – ഓടെ യുകെ സമ്പദ് വ്യവസ്ഥയ്ക്ക് സ്തനാർബുദം മൂലം പ്രതിവർഷം 3.6 ബില്യൺ പൗണ്ട് നഷ്ടം സംഭവിക്കുമെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്തു വന്നു.
കഴിഞ്ഞവർഷം 2.6 -2.8 ബില്യൺ പൗണ്ട് ആണ് സ്തനാർബുദ രോഗത്തിന്റെ പരിണിതഫലമായി സമ്പദ് വ്യവസ്ഥയ്ക്ക് ഏൽപ്പിച്ച ആഘാതം. ഇത് യുകെയുടെ മൊത്തം ഉത്പാദനത്തിന്റെ ഏകദേശം 0.1 ശതമാനമാണ്. വരും വർഷങ്ങളിൽ ക്യാൻസർ കേസുകൾ കുറയ്ക്കാൻ ഫലപ്രദമായി നടപടി സ്വീകരിച്ചില്ലെങ്കിൽ രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ 40 ശതമാനത്തിലേയ്ക്ക് ഈ ആഘാതം വളരും എന്ന മുന്നറിയിപ്പാണ് തിങ്ക്ടാങ്ക് ഡെമോസ്, ചാരിറ്റി ബ്രെസ്റ്റ് ക്യാൻസർ നൗ എന്നിവ നടത്തിയ പഠനത്തിൽ സൂചിപ്പിക്കുന്നത്.
സാമ്പത്തിക ആഘാതത്തിന്റെ ആഴം കണക്കാക്കുന്നതിൽ രോഗനിർണയത്തിനും ചികിത്സയ്ക്കും ഉള്ള എൻഎച്ച്എസ്സിന്റെ ചിലവുകൾ, രോഗികളുടെ ഉത്പാദനക്ഷമതാ നഷ്ടം, രോഗിയുടെയും പരിചരിക്കുന്നവരുടെയും വ്യക്തികത ചിലവുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. 2019 -ൽ 56343 പുതിയ സ്തനാർബുദ കേസുകൾ ആണ് കണ്ടെത്തിയത്. 2034 ആകുമ്പോൾ ഇത് 64708 കേസുകൾ ആയി ഉയരുമെന്നാണ് റിപ്പോർട്ടുകൾ. ഒന്നാംഘട്ടത്തിൽ രോഗനിർണ്ണയം നടത്തിയ 98% സ്ത്രീകളും 5 വർഷമോ അതിൽ കൂടുതലോ അതിജീവിക്കുന്നുണ്ടങ്കിലും യുകെയിൽ മാത്രം പ്രതിവർഷം 11, 000 മരണങ്ങൾക്കാണ് ബ്രസ്റ്റ് കാൻസർ കാരണമാകുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഇഷ കൊടുങ്കാറ്റ് ശക്തമായിരിക്കുന്നതിനാൽ യുകെയിൽ മുഴുവൻ കാലാവസ്ഥ മുന്നറിയിപ്പുകൾ നൽകി കഴിഞ്ഞിരിക്കുകയാണ്. ലണ്ടനിലും സൗത്ത് ഈസ്റ്റിന്റെ ചില ഭാഗങ്ങളും ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും മെറ്റ് ഓഫീസിന്റെ ആംബർ മുന്നറിയിപ്പ് നിലനിൽക്കുകയാണ്. മണിക്കൂറിൽ 128 കിലോമീറ്റർ വേഗത വരെയുള്ള കാറ്റുകൾക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥ ഓഫീസ് നൽകുന്ന മുന്നറിയിപ്പ്. യുകെയിലാകമാനം ഇത്തരമൊരു ജാഗ്രതാ നിർദേശം ലഭിക്കുന്നത് അപൂർവമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ സ്‌കോട്ട് ലൻഡിന്റെ ചില ഭാഗങ്ങളിൽ മണിക്കൂറിൽ 100 മൈൽ വരെ വേഗതയിൽ കാറ്റ് വീശുമെന്ന റെഡ് അലർട്ടും പുലർച്ചെ വരെ നിലവിലുണ്ട്. സ്കോട്ട് ലാൻഡിലെ വടക്ക് തുർസോ, വിക്ക്, കിഴക്ക് ഫ്രേസർബർഗ്, പീറ്റർഹെഡ്, തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാം തന്നെ ജീവൻ അപകടത്തിലേയ്ക്ക് നയിക്കാവുന്ന തരത്തിലുള്ള ശക്തമായ കാറ്റുകൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.
മോശമായ കാലാവസ്ഥ മൂലം റെയിൽ ഗതാഗതവും താറുമാറായിരിക്കുകയാണ്. അതേസമയം എയർ ട്രാഫിക് കൺട്രോളും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുമൂലം ചില വിമാനങ്ങൾ റദ്ദാക്കുന്നതിനും, ചിലത് വഴി തിരിച്ചു വിടുന്നതിനുമുള്ള നിർദ്ദേശങ്ങൾ നൽകി കഴിഞ്ഞിട്ടുണ്ട്. ഈജിപ്തിലെ ഷാർമെൽ ഷെയ്ഖിൽ നിന്ന് ഗ്ലാസ്‌ഗോ എയർപോർട്ടിലേക്ക് പോകുകയായിരുന്ന ടുയി വിമാനം കൊടുങ്കാറ്റ് കാരണം അടിയന്തരമായി മാഞ്ചസ്റ്റർ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു. കൂടാതെ ടെനറൈഫിൽ നിന്ന് തിരികെ വരുകയായിരുന്ന വിമാനം എഡിൻബറോയിൽ ഇറക്കുവാൻ സാധിക്കാതെ വന്നതിനെ തുടർന്ന് ജർമ്മനിയിലെ കൊളോൺ ബോൺ വിമാനത്താവളത്തിൽ ഇറക്കി.
വടക്കൻ അയർലൻഡിൽ 45,000, വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിൽ 8,000, വെയിൽസിൽ 3,000 എന്നിങ്ങനെ പതിനായിരങ്ങൾ വൈദ്യുതിയില്ലാതെയാണ് കഴിയുന്നത്. തീവ്രവും വിനാശകരവുമായ കാറ്റുകൾ, പ്രത്യേകിച്ച് തീരപ്രദേശങ്ങളിലും തുറന്ന പ്രദേശങ്ങളിലും ഇഷ കൊണ്ടുവരുമെന്നാണ് മുന്നറിയിപ്പുകളിൽ വ്യക്തമാക്കുന്നത്. യുകെയിൽ ഉടനീളം വ്യാപകമായ ചുഴലിക്കാറ്റുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈദ്യുതി മുടങ്ങാനുള്ള സാധ്യതകൾ ഉണ്ടെന്ന മുന്നറിയിപ്പും നിലനിൽക്കുന്നുണ്ട്. ജനങ്ങൾ എല്ലാവരും തന്നെ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശമാണ് കാലാവസ്ഥ ഓഫീസ് നൽകുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കഴിഞ്ഞ കുറെ നാളായി ജീവിത ചിലവ് വർദ്ധനവിൻ്റെയും പണപ്പെരുപ്പത്തിൻ്റെയും സാമ്പത്തിക മാന്ദ്യത്തിന്റെയും ഞെരുക്കത്തിലായിരുന്നു യുകെയിലെ ജനങ്ങൾ. മഹാമാരിക്ക് പിന്നാലെ ഉക്രൈൻ – റഷ്യ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഊർജ്ജ വിലയിൽ വൻ കുതിച്ചു കയറ്റമാണ് ഉണ്ടായത്. എന്നാൽ യുകെയിലെ മലയാളികൾക്ക് ആശ്വാസകരമായ ഒരു വാർത്തയാണ് ഇന്ന് മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.
സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ പണപ്പെരുപ്പവും പലിശ നിരക്കുകളും കുറയും. അതോടൊപ്പം യു കെ സമ്പദ് വ്യവസ്ഥ ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ വൻ തിരിച്ചുവരവ് നടത്തുകയും ചെയ്യും. പ്രമുഖ അക്കൗണ്ടൻസി സ്ഥാപനമായ EY Item Club നടത്തിയ പ്രവചനം ഋഷി സുനകിന് ആശ്വാസം നൽകുന്നതാണ്. സാമ്പത്തിക വളർച്ചയിൽ യുകെ മുന്നോട്ട് ആണെന്ന പ്രവചനം കൂടുതൽ ആത്മവിശ്വാസത്തോടെ വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിനെ നേരിടാൻ ഋഷി സുനക് സർക്കാരിനെ സഹായിക്കും.
പൊതുതിരഞ്ഞെടുപ്പിനെ മുന്നിൽകണ്ട് ഒട്ടേറെ പുതിയ പദ്ധതികൾ ഋഷി സുനക് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ജനുവരി 6 മുതൽ ദേശീയ ഇൻഷുറൻസ് പിടിക്കുന്നതിൽ കുറവ് വരുത്തിയിരുന്നു. മാർച്ചിലെ ബജറ്റിൽ കൂടുതൽ നികുതി ഇളവിന് സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രിയും ചാൻസിലർ ജെറമി ഹണ്ടും കഴിഞ്ഞ ആഴ്ച സൂചന നൽകിയിരുന്നു. പ്രവചിച്ചതുപോലെ സമ്പദ് വ്യവസ്ഥയിൽ വളർച്ച ഉണ്ടാവുകയാണെങ്കിൽ 2024 പൊതു തെരഞ്ഞെടുപ്പിന് മുമ്പ് കൂടുതൽ നികുതിയിളവുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ നടക്കുകയാണെങ്കിൽ അടുത്ത പൊതു തെരഞ്ഞെടുപ്പിലും ജനങ്ങൾ ഋഷി സുനകിനെ അധികാരത്തിൽ ഏറ്റാനുള്ള സാധ്യതയിലേയ്ക്കാണ് രാഷ്ട്രീയ നിരീക്ഷകർ വിരൽ ചുണ്ടുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- 1980 കളിൽ തന്റെ സാമ്പത്തികം നയം കൊണ്ടും തീരുമാനങ്ങൾ കൊണ്ടും പ്രശസ്തനായ വ്യക്തിയാണ് നൈജൽ ലോസൺ. അദ്ദേഹത്തിന്റെ സാമ്പത്തിക നയങ്ങളാണ് 1987 ലെ തിരഞ്ഞെടുപ്പിൽ മാർഗരറ്റ് താച്ചറെ വിജയത്തിലെത്തിച്ചത്. നികുതി വെട്ടിക്കുറയ്ക്കുക എന്ന ശക്തമായ തീരുമാനമായിരുന്നു അന്ന് ലോസൺ മുന്നോട്ടുവെച്ചത്. ഇപ്പോൾ അദ്ദേഹത്തിന്റെ പാത പിന്തുടരുമെന്ന് പ്രഖ്യാപനമാണ് ബ്രിട്ടീഷ് ചാൻസലർ ജേറെമി ഹണ്ട് നടത്തിയിരിക്കുന്നത്. അവതരിപ്പിക്കുവാൻ ഇരിക്കുന്ന സ്പ്രിംഗ് ബഡ്ജറ്റിൽ ശക്തമായ നികുതി വെട്ടിക്കുറയ്ക്കലുകൾ ഉണ്ടാകുമെന്ന അറിയിപ്പാണ് ഹണ്ട് നടത്തിയിരിക്കുന്നത്. കുടുംബങ്ങൾക്ക് മേലുള്ള സമ്മർദ്ദം ലഘൂകരിക്കുവാൻ ഈ നടപടി ഉപകാരപ്രദം ആകുമെന്ന് അദ്ദേഹം വ്യക്തമാക്കി. 1980-കളിൽ നൈജൽ ലോസൺ രാജ്യത്തെ സാമ്പത്തിക കുതിച്ചുചാട്ടത്തിനായി തയ്യാറാക്കിയത് പോലെ, കൺസർവേറ്റീവ് ഗവൺമെന്റിന്റെ ഈ കാലഘട്ടം വരും വർഷങ്ങളിൽ നമ്മൾ കാണാൻ പോകുന്ന വൻ സാങ്കേതിക വളർച്ചയ്ക്ക് രാജ്യത്തെ പ്രാപ്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. മെയിലിൽ എഴുതിയ തന്റെ ലേഖനത്തിലാണ് ഹണ്ട് ഇപ്രകാരം പ്രഖ്യാപനങ്ങൾ നടത്തിയിരിക്കുന്നത്. ഏറ്റവും ചലനാത്മകമായ സമ്പത്ത് കുറഞ്ഞ നികുതി മൂലമാണ് വിജയമായി തീർന്നിരിക്കുന്നത്. അതിനാൽ തന്നെ ബിസിനസുകളെ പിന്തുണയ്ക്കുക എന്നതാണ് ലക്ഷ്യമെന്നും, അത് രാജ്യത്തിന്റെ വളർച്ചയ്ക്ക് സഹായകരമാകും എന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ ഇൻഷുറൻസിന്റെ പ്രധാന നിരക്ക് ജനുവരി 6-ന് 12% ൽ നിന്ന് 10% ആയി രണ്ട് ശതമാനം ഗവൺമെന്റ് കുറച്ചിരുന്നു. തങ്ങൾ സമ്പദ് വ്യവസ്ഥയെ അച്ചടക്കത്തോടെ പ്രവർത്തിപ്പിച്ചതിനാണ്, ദേശീയ ഇൻഷുറൻസ് നിരക്കുകളിൽ ഇത്തരത്തിൽ കുറവ് വരുത്താനായതെന്ന് പ്രധാനമന്ത്രി റിഷി സുനകും വ്യക്തമാക്കിയിരുന്നു. ജനങ്ങളുടെ പണം അവരുടെ പോക്കറ്റിലേക്ക് തന്നെ തിരികെ കൊണ്ടുവരുവാൻ, പരമാവധി നികുതി വെട്ടി കുറയ്ക്കലുകൾ നടത്തുമെന്ന ഉറപ്പാണ് ചാൻസലർ നൽകിയത്. എന്നാൽ ചാൻസലറുടെ വാക്കുകൾ തികച്ചും പൊള്ളയാണെന്ന മറുപടിയാണ് ലേബർ പാർട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.
ഷിബു മാത്യൂ.
ചരിത്ര പ്രസിദ്ധമായ കുറവിലങ്ങാട് മൂന്ന് നോമ്പ് തിരുനാളിന് കൊടിയേറി. കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയത്തിൽ
ഇന്ന് രാവിലെ 6.45 ന് നടന്ന തിരുകർമ്മത്തിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു.
ആർച്ച്പ്രീസ്റ്റ് റവ. ഡോ അഗസ്റ്റിൻ കൂട്ടിയാനിയിൽ, ഫാ. ജോർജ് വടയാറ്റുകുഴി, ഫാ.പോൾ മഠത്തിക്കുന്നേൽ, ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തിങ്കൽ, ഫാ. അഗസ്റ്റിൻ മേച്ചേരിൽ, ഫാ. ജോസഫ് ആലാനിയ്ക്കൽ , ഫാ. ജോർജ് എട്ടുപറയിൽ എന്നിവർ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകി. കൊടിയേറ്റ് തിരുകർമ്മത്തിനു ശേഷം അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കലിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ പാട്ടുകുർബാന നടന്നു. വിശുദ്ധ കുർബാന മദ്ധ്യേ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ തിരുനാൾ സന്ദേശം നൽകി.
നാളെ ജനുവരി 22 തിങ്കൾ രാവിലെ 5.30 തിനുള്ള തിരുസ്വരൂപ പ്രതിഷ്ഠയോടെ മൂന്നു നോമ്പ് തിരുനാളിന് തുടക്കമാകും. പകലോമറ്റം, കുര്യനാട് – കോഴാ, തോട്ടുവാ എന്നിവിടങ്ങളിൽ നിന്നുള്ള പ്രദക്ഷിണങ്ങൾ പള്ളിയിൽ നിന്നുള്ള പ്രദക്ഷിണവുമായി ജൂബിലി കപ്പേളയിൽ വൈകിട്ട് 8.15 ന് സംഗമിക്കും. തുടർന്ന് ലദീഞ്ഞും സമാപനാശീർവാദവും നടക്കും. 9.30 തിന് വർണ്ണാഭമായ ചെണ്ടമേളത്തോടെ ഒന്നാം ദിവസത്തെ തിരുക്കർമ്മങ്ങൾ അവസാനിക്കും.
ജനുവരി 24 ചൊവ്വാഴ്ച്ച രാവിലെ 5.30 തി നുള്ള ദിവ്യബലിയോടെ പ്രധാന തിരുനാളിന് തുടക്കമാകും. 10.30 തിന് അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് ആഘോഷമായ തിരുനാൾ കുർബാന അർപ്പിച്ച് സന്ദേശം നൽകും. രൂപതയിലെ നവ വൈദീകർ സഹകാർമ്മികരാകും. ഉച്ചയ്ക്ക് 1.00 മണിക്ക് യോനാ പ്രവാചകൻ്റെ നിനിവേ യാത്രയുടെ സ്മരണയുയർത്തുന്ന ചരിത്ര പ്രസിദ്ധമായ കപ്പൽ പ്രദക്ഷിണം നടക്കും. വൈകിട്ട് 8.00 മണിക്ക് റവ. ഫാ. തോമസ് ബ്രാഹ്മണവേലിൽ കാർമ്മികത്വം വഹിക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയോടെ ചൊവ്വാഴ്ച്ചത്തെ തിരുകർമ്മങ്ങൾ അവസാനിക്കും.
ജനുവരി 24 ബുധനാഴ്ച്ച രാവിലെ 5.30 തിനുള്ള ആഘോഷമായ വിശുദ്ധ കുർബാനയോടെ തിരുകർമ്മൾക്ക് തുടക്കമാകും. 10.30 ന് റവ. ഫാ. ദേവസ്യാച്ചൻ വട്ടമ്പലം (വികാരി, അടുക്കം പള്ളി) ആഘോഷമായ തിരുനാൾ റാസ അർപ്പിക്കും. വൈകിട്ട് 4.30 ന് ഷിക്കാഗോ രൂപത മുൻ അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജേക്കബ്ബ് അങ്ങാടിയത്ത് ആഘോഷമായ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും.
6.00 മണിക്ക് ജൂബിലി കപ്പേളയിലേയ്ക്ക് പ്രദക്ഷിണം നടക്കും. 8.00 മണിക്കുള്ള പരിശുദ്ധ കുർബാനയുടെ ആശീർവാദത്തോടെ മൂന്നു നോമ്പ് തിരുനാളിൻ്റെ മൂന്നാം ദിവസമായ ബുധനാഴ്ച്ചത്തെ തിരുകർമ്മങ്ങൾ അവസാനിക്കും.
ജനുവരി 25 വ്യാഴം – ഇടവകയിലെ മരിച്ചവരുടെ ഓർമ്മ ദിനം. ഫെബ്രുവരി 4 ഞായർ ദേശത്തിരുനാളുകൾ ആരംഭിക്കും. ഫെബ്രുവരി 10 ശനിയാഴ്ച്ച അത്ഭുത പ്രവർത്തകനായ വിശുദ്ധ സെബാസ്ത്യാനോസിൻ്റെ നാമധേയത്തിലുള്ള പത്താം തീയതി തിരുനാൾ നടക്കും.
പ്രധാന തിരുക്കർമ്മങ്ങൾ പള്ളിയുടെ യുട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും തത്സമയം ലഭ്യമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ ആഞ്ഞടിച്ച് ഇഷ കൊടുങ്കാറ്റ്. യുകെയിലേക്ക് വരുന്ന കാറ്റ് മണിക്കൂറിൽ 80 മൈൽ (128 കിമീ/മണിക്കൂർ) വരെ വേഗതയിൽ വീശുമെന്നും ജനങ്ങൾ ഓരോരുത്തരും സുരക്ഷാ സ്ഥലങ്ങളിൽ തുടരണമെന്നും കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. ഇഷ കൊടുങ്കാറ്റ് വൈകിട്ട് 6 മണിയോടെ ഇംഗ്ലണ്ട്, വെയിൽസ്, നോർത്തേൺ അയർലൻഡ്, സ്കോട്ട് ലൻഡിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ആഞ്ഞടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വലിയ തിരമാലകൾക്ക് സാധ്യത ഉള്ളതിനാൽ തീരപ്രദേശങ്ങളിൽ ഉള്ളവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് നീങ്ങണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബർ മുതലുള്ള കണക്കുകൾ നോക്കുമ്പോൾ യുകെയിൽ വീശിയടിക്കുന്ന ഒമ്പതാമത്തെ കൊടുങ്കാറ്റാണ് ഇഷ. ഞായറാഴ്ച്ച രാത്രിയോടെ കൊടുങ്കാറ്റ് പൂർവ ശക്തിയോടെ ആഞ്ഞടിക്കുമെന്നും ഇത് തിങ്കളാഴ്ച്ച രാവിലെ വരെ പ്രതീക്ഷിക്കുന്നതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സ്കോട്ട് ലൻഡ്, നോർത്തേൺ അയർലൻഡ്, വെയിൽസ്, വടക്കൻ ഇംഗ്ലണ്ട്, തെക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ ഇന്ന് വൈകിട്ട് 6 മണിയോടെ തന്നെ കാറ്റ് ആഞ്ഞടിക്കും. മോശം കാലാവസ്ഥയെ തുടർന്ന് റോഡുകളും പാലങ്ങളും അടച്ചിടാൻ സാധ്യതയുണ്ട്. വൈദ്യുതി മുടങ്ങാനുള്ള സാധ്യതയും ഏറെയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഒട്ടേറെ മലയാളികളാണ് ആരോഗ്യ മേഖലയിൽ ജോലി ലഭിച്ച് യുകെയിലെത്തിയിരിക്കുന്നത് . യുകെയിൽ പെർമനന്റ് വിസ ലഭിക്കുന്ന മലയാളികളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സ്വപ്നമാണ് സ്വന്തമായി ഒരു വീട് വാങ്ങുക എന്നത് .പൊതുവെ പണപ്പെരുപ്പവും കൂടിയതും പലിശ നിരക്ക് ഉയർന്നതും യുകെയിലെത്തുന്ന മലയാളികളെ പുതിയ വീടുകൾ വാങ്ങുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്ന വസ്തുതയാണ്. എന്നാൽ പുതിയതായി വീടുകൾ വാങ്ങാൻ താല്പര്യമുള്ളവർക്ക് സന്തോഷകരമായ ഒരു വാർത്തയാണ് ഇന്ന് മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.
ആദ്യമായി വീട് വാങ്ങുന്നവരെ സഹായിക്കാനുള്ള പദ്ധതികൾ പുതിയ ബഡ്ജറ്റിൽ ഉണ്ടാകുമെന്നാണ് അറിയാൻ സാധിക്കുന്നത്. ആദ്യമായി വീട് വാങ്ങുന്നവർക്ക് 99% മോർട്ട്ഗേജ് നൽകാനുള്ള വിപ്ലവകരമായ തീരുമാനം സർക്കാർ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ്. ഇതിൻ പ്രകാരം വെറും ഒരു ശതമാനം മാത്രമാണ് വീട് വാങ്ങുന്നവർ നിക്ഷേപം നടത്തേണ്ടതുള്ളൂ. ആവശ്യമായ ഗ്യാരന്റി സ്വീകരിച്ചുകൊണ്ട് 99 ശതമാനം പണവും ലോണായി നൽകുന്ന ഈ പദ്ധതി വൻ ജനസ്വീകാര്യത ലഭിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. യുകെയിൽ ശരാശരി 290,000 എന്ന വിലയ്ക്ക് ഒരു വീട് വാങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തി പുതിയ സ്കീമിന്റെ കീഴിൽ 2900 പൗണ്ട് മാത്രം ആദ്യം ചെലവഴിച്ചാൽ മതിയാകും . എന്നാൽ നിലവിൽ ബാങ്കുകൾക്കും ബിൽഡിങ് സൊസൈറ്റികൾക്കും ഇപ്പോൾ കുറഞ്ഞത് 10 ശതമാനം നിക്ഷേപം ആവശ്യമാണ്.
ഇതുവരെ സ്വന്തമായി വീട് ഇല്ലാത്ത യുവ വോട്ടർമാരെ പുതിയ പദ്ധതിയിലൂടെ ആകർഷിക്കാൻ കഴിയുമെന്നാണ് പ്രധാനമന്ത്രി ഋഷി സുനകും ചാൻസിലർ ജെറമി ഹണ്ടും പ്രതീക്ഷിക്കുന്നത്. എന്നാൽ പുതിയ പദ്ധതി വീടുകളുടെ വിലയിൽ വൻ കുതിച്ചു ചാട്ടത്തിന് കാരണമാകുമെന്നാണ് കരുതപ്പെടുന്നത്. വമ്പിച്ച ഭവന ക്ഷാമം പരിഹരിക്കാതെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ഒട്ടേറെ പേർ വിപണിയിൽ വീട് വാങ്ങാൻ ശ്രമിക്കുന്നത് മൂലം വീടുകളുടെ വിലയിൽ വൻവർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രോപ്പർട്ടി വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ് .
ന്യൂസ് ഡെസ്ക് മലയാളം യുകെ
വേക്ക് ഫീൽഡിൽ ഓടിക്കൊണ്ടിരുന്ന വാനിൽ നിന്ന് വീണ് യുവതി മരിച്ച സംഭവത്തിൽ പോലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു. മരിച്ചത് 27 വയസ്സുകാരിയായ ലിയ സീനിയർ ആണ് വാഹനത്തിൽ നിന്ന് വീണ് അതിദാരുണമായി മരണമടഞ്ഞത്.
ബുധനാഴ്ച രാത്രി കാൽഡർ ഗ്രോവിലെ ഡെൻബി ഡെയ്ൽ റോഡിലെ വൈറ്റ് ഫോർഡ് ട്രാൻസിറ്റിൽ നടന്ന സംഭവത്തിൽ ലിയ സീനിയർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു . ഹഡേഴ്‌ഫീൽഡ് ആണ് ഇവരുടെ സ്ഥലം. മദ്യപിച്ച് അപകടകരമായ ഡ്രൈവിംഗ് നടത്തിയ കുറ്റകൃത്യത്തിനും മരണത്തിന് കാരണമായെന്ന് സംശയിക്കുകയും ചെയ്യുന്ന 25 കാരനായ കിർക്ലീസിനെ അറസ്റ്റ് ചെയ്യുകയും ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വെസ്റ്റ് യോർക്ക് ഷെയർ പൊലീസുമായി ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- മദ്യപിച്ച് ജോലിക്ക് എത്തിയ മലയാളിയായ കെയർ ഹോം ജീവനക്കാരിക്ക് ജോലി നഷ്ടമായ വാർത്ത പുറത്തു വന്നിരിക്കുന്നത് ബ്രിട്ടനിലെ മലയാളി സമൂഹത്തെ ആകെ ആശ്ചര്യപ്പെടുത്തുന്നതാണ്. സാധാരണ മലയാളികൾ ജോലി സ്ഥലങ്ങളിൽ പുലർത്തുന്ന പ്രൊഫഷണലിസത്തിന് കോട്ടം തട്ടുന്ന തരത്തിലുള്ള വാർത്തയാണ് ഇത്. ഇതിന് പുറമേ പിരിച്ചുവിട്ട യുവതി ആത്മഹത്യാശ്രമം നടത്തിയെന്ന് വ്യാജ വാർത്തഅവർ തന്നെ പ്രചരിപ്പിക്കുകയും ചെയ്തതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ജോലിക്കു പതിവായി മദ്യപിച്ച നിലയില്‍ എത്തിയ യുവതിക്ക് നിരന്തരം നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിക്കുകയും, കൂടെ ജോലി ചെയ്തിരുന്ന മലയാളികള്‍ തന്നെ റിപ്പോര്‍ട്ടിങ്ങിനു തയ്യാറാവുകയും ചെയ്ത ഘട്ടത്തിലാണ് യുവതിയെ പിരിച്ചു വിടാന്‍ മാനേജമെന്റ് തീരുമാനിച്ചതെന്നാണ് കെയർ ഹോം നൽകിയ വിവരങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. എന്നാൽ ഇതൊന്നും തന്നെ പുറത്തു പറയാതെ, തന്നെ അകാരണമായാണ് പുറത്താക്കിയതെന്നും തന്നെ സഹായിക്കണമെന്നും ആവശ്യപ്പെട്ട് യുവതി ക്രോയ്‌ഡോണിലെ മലയാളി സാമൂഹ്യ പ്രവര്‍ത്തകയും കൗണ്‍സില്‍ ജീവനക്കാരിയുമായ വനിതയുമായി ബന്ധപ്പെടുകയും ചെയ്തതായി പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നു.
ജോലിസ്ഥലത്തു നിന്നും അകാരണമായി പിരിച്ചുവിട്ടതിനാൽ ഇവർ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു എന്ന വിവരമാണ് ഇവർ എല്ലാവരോടും വെളിപ്പെടുത്തിയത്. ഇതിനെ തുടർന്ന് യുവതിയുടെ ഭാഗത്തുനിന്നും ബന്ധപ്പെട്ടവർ മാനേജ്മെന്റുമായി സംസാരിച്ചെങ്കിലും, പിന്നീട് അവർ അയച്ച കത്തിലാണ് ഈ വിവരങ്ങളെല്ലാം തന്നെ പുറത്തുവന്നത്. മാഞ്ചസ്റ്ററില്‍ ഉള്ള ഒരു ഏജന്റ് വഴി യുവതി പത്തു ലക്ഷം രൂപയിലേറെ നല്‍കിയാണ് യുകെയില്‍ എത്തിയത്. തലവേദന എടുത്തപ്പോള്‍ സഹപ്രവര്‍ത്തകര്‍ നല്‍കിയ വൈന്‍ മാത്രമാണ് കുടിച്ചു എന്നാണ് യുവതി ആവർത്തിച്ച് വ്യക്തമാക്കുന്നത്. തന്റെ ഭർത്താവ് മൂലമാണ് താൻ ഈയൊരു സാഹചര്യത്തിൽ എത്തപ്പെട്ടതെന്ന് അവർ പറയുന്നു.
ഇത്തരത്തിൽ എഡിന്‍ബറോയില്‍ മദ്യപിച്ചു ജോലിക്കെത്തിയ ഡെപ്യൂട്ടി മാനേജര്‍ക്ക് എതിരെ സ്‌കോട്ടിഷ് സോഷ്യല്‍ സര്‍വീസ് കൗണ്‍സില്‍ നടപടി എടുത്ത കാര്യം ഇന്നലെ സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിരുന്നു. സമാനമായ തരത്തില്‍ കാര്‍ഡിഫില്‍ ഉള്ള കെയര്‍ ഹോമിലും മലയാളി യുവതികള്‍ നടപടി നേരിടുകയാണ്. ഇവര്‍ സൗജന്യമായി ജോലി ലഭിച്ച് എത്തിയ യുവതികളാണ്. രാത്രി വൈകി വരെ മദ്യസേവ തുടര്‍ന്ന് പിറ്റേന്നു ലഹരി വിടാതെ ജോലിക്ക് എത്തുന്ന സാഹചര്യമുണ്ടായതോടെയാണ് നിരവധി ഇടങ്ങളിൽ പരാതികൾ ഉയർന്നു വന്നിരിക്കുന്നത്. ഇത്രമൊരു സാഹചര്യത്തിൽ ബ്രിട്ടീഷ് മലയാളികൾക്ക് ആകെ നാണക്കേട് ഉണ്ടാകുന്ന തരത്തിലുള്ള പെരുമാറ്റമാണ് മലയാളികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
ഇംഗ്ലണ്ടിലെ ലൈംഗികാരോഗ്യ സേവനങ്ങൾ തകർച്ചയുടെ വക്കിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിൻറെ ഫലമായി ഗൊണോറിയ സിഫിലിസ് തുടങ്ങിയ രോഗങ്ങൾ വൻ ഭീഷണിയാണ് ഉയർത്തിയിരിക്കുന്നത്. പല കൗൺസിലുകളിലും 2017 മുതൽ അണുബാധ നിരക്കിൽ വൻവർദ്ധനവ് ഉണ്ടായതായാണ് കണക്കുകൾ കാണിക്കുന്നത്.
ഗവൺമെന്റ് ഓഫീസ് ഫോർ ഹെൽത്ത് ഇംപ്രൂവ്‌മെന്റ് ആൻഡ് ഡിസ്പെരിറ്റീസ് ശേഖരിച്ച കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിലെ മിക്കവാറും എല്ലാ കൗൺസിലുകളിലും ഗൊണോറിയയുടെ രോഗനിർണയ നിരക്ക് സമീപ വർഷങ്ങളിൽ വർദ്ധിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് അധിക ഫണ്ട് നൽകണമെന്നാണ് കൗൺസിലുകൾ സർക്കാരിനോട് ആവശ്യപ്പെടുന്നത്. ലൈംഗികാരോഗ്യ ക്ലിനിക്കുകൾ നൽകുന്ന കൗൺസിലുകളെ പ്രതിനിധീകരിക്കുന്ന ലോക്കൽ ഗവൺമെന്റ് അസോസിയേഷൻ (എൽജിഎ) ഡിമാൻഡ് കുതിച്ചുയരുകയാണെന്നും സേവനങ്ങൾ നിലനിർത്താൻ പാടുപെടുകയാണെന്നും മുന്നറിയിപ്പ് നൽകുന്നു.
പുതിയ കേസുകളിൽ ഭൂരിഭാഗം രോഗികളും ചെറുപ്പക്കാരാണ്. 0സ്വവർഗ്ഗാനുരാഗികൾ, ബൈസെക്ഷ്വൽ, പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന മറ്റ് പുരുഷന്മാരും എന്നിവരും രോഗികളിൽ ഉൾപ്പെടുന്നു. എന്നാൽ ഭിന്നലിംഗക്കാരിലും രോഗ നിരക്ക് വർദ്ധിച്ചിട്ടുണ്ട്. കൂടുതൽ ആളുകളെ ലൈംഗിക ആരോഗ്യ സേവനങ്ങൾ ഉപയോഗപ്പെടുത്താനും പതിവായി പരിശോധനകൾ നടത്താനും പ്രോത്സാഹിപ്പിക്കുന്നതിന് കൗൺസിലുകൾ കഠിനമായി പ്രയത്നിക്കുന്നുണ്ട്. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി കഴിഞ്ഞ വർഷം നടത്തിയ ഒരു റിപ്പോർട്ട് പ്രകാരം 1918-ൽ ആരംഭിച്ചതിന് ശേഷം 2022-ൽ ഗൊണോറിയ കേസുകൾ ഏറ്റവും ഉയർന്ന നിലയിലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത് . സിഫിലിസ് കേസുകൾ 1948 ന് ശേഷമുള്ള ഏറ്റവും ഉയർന്ന തലത്തിലാണ് .