ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ബ്രസ്റ്റ് ക്യാൻസർ സ്കാനുകൾ വിശകലനം ചെയ്ത് കൃത്യമായി രോഗനിർണയം നടത്താൻ ആവശ്യമായ റേഡിയോഗ്രാഫർമാരുടെ കുറവ് സ്ത്രീകളെ അപകടത്തിൽ ആക്കുമെന്ന് സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്‌സ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. സ്തനാർബുദം കണ്ടെത്തുന്നതിന് ഉപയോഗിക്കുന്ന സ്പെഷ്യലിസ്റ്റ് സ്കാനുകൾ ബ്രെസ്റ്റ് ഇമേജിംഗിൽ വൈദഗ്ധ്യമുള്ള മാമോഗ്രാഫർമാർ അഥവാ റേഡിയോഗ്രാഫർമാരാണ് വിശകലനം ചെയ്യുക. ഇംഗ്ലണ്ടിലെ എൻഎച്ച്എസിൽ മാമോഗ്രാഫർമാരുടെ കുറവ് രോഗനിർണയം വൈകുന്നതിനും ചികിത്സ വൈകുന്നതിനും കാരണമാകുന്നുവെന്ന മുന്നറിയിപ്പാണ് സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്സ് നൽകുന്നത്.

ഇംഗ്ലണ്ടിലെ 50 നും 71 നും ഇടയിൽ പ്രായമുള്ള എല്ലാ സ്ത്രീകളെയും ഓരോ മൂന്ന് വർഷത്തിലും സ്തനപരിശോധനയ്ക്കായി ക്ഷണിക്കാറുണ്ട്. ക്യാൻസർ രോഗനിർണ്ണയത്തിൽ സ്ത്രീകൾക്ക് കാലതാമസം അനുഭവപ്പെടുന്നതിലേയ്ക്ക് നിലവിലെ ക്ഷാമം നയിക്കുന്നുണ്ടെന്നും കൂടുതൽ മാമോഗ്രാഫർമാരെ അടിയന്തിരമായി റിക്രൂട്ട് ചെയ്യേണ്ടതുണ്ടെന്നും സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്‌സിലെ ഡയറക്ടർ ഓഫ് ഇൻഡസ്ട്രിയൽ സ്ട്രാറ്റജി ഡീൻ റോജേഴ്‌സ് പറഞ്ഞു.

സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്‌സിൻ്റെ കണക്കുകൾ പ്രകാരം, സ്‌ക്രീനിംഗ് മാമോഗ്രാഫർമാർക്കിടയിലെ ഏറ്റവും പുതിയ ഒഴിവ് നിരക്ക് 17.5 ശതമാനത്തിലാണ് എത്തിനിൽക്കുന്നത്. ജീവനക്കാരുടെ കുറവുണ്ടെങ്കിലും, നിലവിലുള്ള തങ്ങളുടെ അംഗങ്ങൾ പരമാവധി സേവനമാണ് എല്ലാവർക്കും ലഭ്യമാക്കുന്നതെന്ന് റോജേഴ്സ് വ്യക്തമാക്കി. എന്നാൽ 20%ത്തിലധികം ഒഴിവുകൾ ഉള്ള ഡിപ്പാർട്ട്മെന്റിന് ഒരിക്കലും കാര്യക്ഷമമായ രീതിയിൽ പ്രവർത്തിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. ഇത്തരം ഒരു സാഹചര്യം അപകടകരമായ അന്തരീക്ഷമാണ് ആരോഗ്യരംഗത്ത് സൃഷ്ടിക്കുന്നത്. രോഗനിർണയത്തിലും ചികിത്സക്കും ഉണ്ടാകുന്ന കാലതാമസം നിരവധി പേരുടെ ജീവന് തന്നെ ഭീഷണിയാകുന്ന സാഹചര്യമാണ്. എൻ എച്ച് എസിലെ നിലവിലെ ആവശ്യം നിർവഹിക്കുന്നതിന് അടിയന്തരമായി കൂടുതൽ റിക്രൂട്ട്മെന്റ് നടത്തണമെന്ന ആവശ്യമാണ് അധികാരികൾ ഉന്നയിക്കുന്നത്. എന്നാൽ നിലവിലെ ഈ പ്രശ്നം സർക്കാർ കാര്യക്ഷമമായ രീതിയിൽ പരിഹരിക്കുമെന്ന ഉറപ്പാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ വക്താവ് നൽകിയത്. എൻഎച്ച്എസിനെ പൂർണമായ രീതിയിൽ നവീകരിക്കുമെന്നും, രോഗികൾക്ക് കൃത്യസമയത്ത് രോഗം നിർണയവും ചികിത്സയും ഉറപ്പാക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി എൻജിഒ കളും മറ്റും ഈ സാഹചര്യം ഉന്നയിച്ച് സർക്കാരിനോട് അടിയന്തര നടപടിക്ക് ആവശ്യപ്പെട്ടിട്ടുണ്ട്.