Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ശനിയാഴ്ച ഇന്ത്യൻ മഹാസമുദ്രത്തിൽ കെമിക്കൽ ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ഇറാനിൽ നിന്ന് വിക്ഷേപിച്ച ഡ്രോൺ എന്ന് കണ്ടെത്തി യുഎസ് പ്രതിരോധ വകുപ്പ്. യുകെ സമയം രാവിലെ 6 മണിയോടെ ഇന്ത്യൻ തീരത്ത് നിന്ന് 200 നോട്ടിക്കൽ മൈൽ അകലെയുള്ള കെം പ്ലൂട്ടോ എന്ന കപ്പലിലെ കെമിക്കൽ ടാങ്കറിന് നേരെയാണ് ആക്രമണം ഉണ്ടായത്. കപ്പലിലെ തീ അണച്ചുവെന്നും ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നും യുഎസ് പ്രതിരോധ വകുപ്പായ പെന്റഗൺ കൂട്ടിച്ചേർത്തു.

2021 മുതൽ ഉള്ള കണക്കുകൾ അനുസരിച്ച് വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഇറാന്റെ ഏഴാമത്തെ ആക്രമണമാണിത്. ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ ആക്രമണമാണിത്. ഐക്യരാഷ്ട്രസഭയിലെ ഇറാനിയൻ വക്താവ് ഇതുവരെയും സംഭവത്തോട് പ്രതികരിച്ചിട്ടില്ല. ഹെയർഫോർഡ് ആസ്ഥാനമായുള്ള ഗ്ലോബൽ മാരിടൈം റിസ്ക് സ്ഥാപനമായ ആംബ്രെ പുറത്ത് വിട്ട വിവരങ്ങൾ അനുസരിച്ച് ഇസ്രായേൽ അഫിലിയേറ്റഡ് കപ്പലാണ് ആക്രമണത്തിനിരയായിരിക്കുന്നത്. കപ്പൽ സൗദി അറേബ്യയിൽ നിന്ന് ഇന്ത്യയിലേക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായിരിക്കുന്നത്.

ഇസ്രയേലുമായി ബന്ധമുള്ള കപ്പലുകളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ ഉണ്ടാകുമെന്ന് നേരത്തെ യെമൻ വിമത സംഘടനയായ ഹൌതിസ് അറിയിച്ചിരുന്നു. ഇവർ ഗാസയിൽ ഇസ്രായേൽ ഉപരോധിച്ച ഫലസ്തീനികളോടുള്ള പിന്തുണ നേരത്തെ വ്യക്തമാക്കിയിരുന്നു. ഷിപ്പിംഗ് കമ്പനി സഹായം അഭ്യർത്ഥിച്ചതിനെ തുടർന്ന് ഇന്ത്യൻ നാവികസേന സഹായവുമായി സംഭവ സ്ഥലത്ത് എത്തി. കപ്പലിൽ 20 ഇന്ത്യൻ പൗരന്മാരും ഒരു വിയറ്റ്നാമീസും ഉണ്ടായിരുന്നതായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് അറിയിച്ചു

ന്യൂസ് ഡെസ്ക് മലയാളം യുകെ

ശാന്തിയുടെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും കാലമാണ് ക്രിസ്തുമസ് . എന്നാൽ ക്രിസ്തുമസ് കാലത്ത് പലവിധ തട്ടിപ്പുകളും അരങ്ങേറാറുണ്ട്. മൊബൈൽ ഫോൺ ഉപഭോക്താക്കളുടെ എണ്ണം കൂടിയതോടെ തട്ടിപ്പുകാർക്ക് പെട്ടെന്ന് എല്ലാവരിലേയ്ക്കും എത്തിച്ചേരാൻ സാധിക്കും എന്നത് ഈ രീതിയിലുള്ള പ്രവർത്തനങ്ങളുടെ എണ്ണം കൂടുതൽ ആകാനുള്ള പ്രധാന കാരണമായി വിലയിരുത്തുന്നത്. ക്രിസ്തുമസ് അനുബന്ധമായ സാധനങ്ങൾ വാങ്ങിക്കുന്ന തിരക്കിനിടയിൽ യുകെയിൽ ഒട്ടേറെ പേർ കബളിക്കപ്പെടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് സൈബർ വിഭാഗങ്ങൾ നൽകി കഴിഞ്ഞു.

വിവിധ ഇളവുകളെ കുറിച്ചുള്ള ഒട്ടേറെ മെസ്സേജുകളാണ് ഈ രീതിയിൽ അയക്കപ്പെട്ടിരിക്കുന്നത് എന്ന് ഇ ഇ നെറ്റ്‌വർക്ക് അറിയിച്ചു. ഈ രീതിയിലുള്ള പല മെസ്സേജുകളും തുറക്കുന്നതിലൂടെയോ അതിൽ പറഞ്ഞിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതിലൂടെയോ നമ്മുടെ സുപ്രധാന വിവരങ്ങൾ കബളിപ്പിക്കാൻ ലക്ഷ്യം വച്ചിരിക്കുന്നവരിലേയ്ക്ക് എത്തിച്ചേരാം എന്നതാണ് ഇതിൻറെ അപകട സാധ്യത. ഇത് കൂടാതെയാണ് ഇത്തരം മെസേജുകൾ വഴിയായി നമ്മുടെ ഫോണിലേക്ക് അത്യന്തം ഹാനികരമായ സോഫ്റ്റ്‌വെയറുകൾ കടന്നു കൂടാനുള്ള സാധ്യതയെ കുറിച്ചും വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കഴിഞ്ഞവർഷം ക്രിസ്തുമസിന്റെ മുമ്പുള്ള ദിവസങ്ങളിൽ ഇ ഇ നെറ്റ് വർക്കിന്റെ ഉപഭോക്താക്കളുടെ ഫോണുകളിലേയ്ക്ക് വന്ന മൂന്ന് ദശലക്ഷത്തോളം എസ്എംഎസ് തട്ടിപ്പുകൾ തടയാനായി എന്ന് കമ്പനി അറിയിച്ചു. 2023 – ൽ മാത്രം സമാനമായ തട്ടിപ്പുകളുടെ 45 ദശലക്ഷത്തിലധികം മെസ്സേജുകളാണ് ഉപഭോക്താക്കളെ ലക്ഷ്യംവെച്ച് തട്ടിപ്പുകാർ അയച്ചിരിക്കുന്നത്. അജ്ഞാത ഉറവിടത്തിൽ നിന്ന് ലഭിക്കുന്ന മെസ്സേജുകൾ തുറക്കാതിരിക്കുക, ബാങ്ക് വിശദാംശങ്ങളും പാസ്സ് വേർഡുകളും ഒരിക്കലും ഇത്തരം മെസേജുകളുടെ ഭാഗമായ വെബ്സൈറ്റുകളിൽ കൊടുക്കാതിരിക്കുക തുടങ്ങിയ കർശനമായ നിർദ്ദേശങ്ങളാണ് തട്ടിപ്പുകൾ ഒഴിവാക്കാൻ ഈ രംഗത്തെ വിദഗ്ധർ നൽകുന്ന പ്രധാന നിർദ്ദേശങ്ങൾ

ന്യൂസ് ഡെസ്ക് മലയാളം യുകെ

പെട്ടെന്ന് ഉന്മേഷവും ശാരീരികമായുള്ള ഉത്തേജനവും നൽകുന്ന ലഹരി മരുന്നാണ് കൊക്കെയ്ൻ . കൊക്കെയ്ൻ സ്ഥിരമായി ഉപയോഗിക്കുന്നവരിൽ വിശപ്പ് കുറയും. രക്തസമ്മർദ്ദവും ഹൃദയമിടിപ്പും ഉയരുന്നതു മൂലം ഹൃദ് രോഗമുള്ളവർക്ക് കൊക്കൈൻ കടുത്ത അപകടകാരിയാണ്. ശാരീരികം മാത്രമല്ല ഈ മരുന്നിന്റെ ഉപയോഗം ഉത്കണ്ഠ ,വിഷാദം തുടങ്ങിയ കടുത്ത മാനസിക വൈകല്യങ്ങൾക്കും കാരണമായി തീരും.

കൊക്കൈൻ ഉപയോഗിക്കുന്നതിൽ ലോകത്തിലെ തന്നെ രണ്ടാം സ്ഥാനമാണ് ബ്രിട്ടനുള്ളതെന്ന കണക്കുകൾ പുറത്തുവന്നത് കടുത്ത ആശങ്കയാണ് ആരോഗ്യ വിദഗ്ധർക്ക് ഉളവാക്കിയിരിക്കുന്നത്. ആഗോളതലത്തിൽ കൊക്കൈൻ ഉപയോഗത്തിൽ ഓസ്ട്രേലിയ ആണ് ഒന്നാം സ്ഥാനത്ത്. യുഎസിന്റെ സ്ഥാനം അഞ്ചാമതാണ്.

കൊക്കയിൻ ഉപയോഗത്തിൽ യുകെ വളരെ മുന്നിലാണെന്ന റിപ്പോർട്ടുകൾ കടുത്ത ആശങ്കയാണ് യുകെ മലയാളി മാതാപിതാക്കളിൽ സൃഷ്ടിച്ചിരിക്കുന്നത്. കേരളത്തിൽനിന്ന് വ്യത്യസ്തമായി ചെറുപ്രായത്തിൽ തന്നെ ഈ- സിഗരറ്റ് പോലുള്ള ആരോഗ്യത്തിന് ഹാനികരമായ ശീലങ്ങൾ കുട്ടികളിലും യുവതലമുറകളുടെ ഇടയിലും പടർന്നു പിടിക്കുന്നതിന്റെ ഭയാശങ്കകൾക്കിടയിലാണ് മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ചുള്ള വാർത്തകൾ വന്നിരിക്കുന്നത്.


യുകെയിലെ ജനങ്ങളുടെ ഇടയിൽ അമിതമായ മദ്യപാന ശീലമാണ് കൊക്കൈൻ ഉപയോഗത്തിന്റെ പിന്നിലെന്ന അഭിപ്രായം വിദഗ്ധർക്ക് ഉണ്ട് . പലരും മദ്യത്തിൻറെ ഹാങ്ങ് ഓവർ മറികടക്കാനുള്ള ഉത്തേജകമരുന്നായാണ് കൊക്കൈയിൻ കഴിക്കുന്നത്. കുട്ടികളുടെയും യുവാക്കളുടെയും സ്വഭാവത്തിലും മറ്റും ഉണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങളെ മാതാപിതാക്കൾ മനസ്സിലാക്കണമെന്നും ഒരുപക്ഷേ തുടക്കത്തിൽ തന്നെ മയക്കു മരുന്ന് പോലുള്ള ദുശീലങ്ങളുടെ ഉപയോഗം തിരിച്ചറിയാൻ ഇത് സഹായിക്കും എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. മെക്സിക്കോയുമായി അതിർത്തി പങ്കിടലാണ് അമേരിക്കയിൽ കൊക്കൈന്റെ ലഭ്യത കൂടാനും വിലക്കുറവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഓർഗനൈസേഷൻ ഫോർ എക്കണോമിക് കോ ഓപ്പറേഷൻ ആൻഡ് ഡെവലപ്മെൻറ് (ഒ ഇ സി ഡി )36 രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് കൊക്കൈൻ ഉപയോഗത്തിന്റെ പട്ടിക പ്രസിദ്ധീകരിച്ചത്. യുകെയിൽ സ്ത്രീകളെക്കാൾ ഇരട്ടിയിലധികം പുരുഷന്മാരാണ് കൊക്കൈൻ ഉപയോഗിക്കുന്നത്. കൊക്കൈൻഉപയോഗ മൂലം 840 പേരാണ് 2021 -ൽ മരിച്ചത്. 2011ൽ ഇത് 112 പേർ മാത്രമായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കടുത്ത വിമർശനങ്ങളെയും എതിർപ്പുകളെയും തുടർന്ന് കുടുംബാംഗങ്ങളെ യുകെയിൽ കൊണ്ടുവരുന്നതിനുള്ള ശമ്പള പരുധി 38,700 ആയി ഉയർത്തിയ നടപടിയിൽ നിന്ന് താൽക്കാലികമായി സർക്കാർ പിൻമാരിയിരുന്നു. പുതിയ വരുമാന പരുധി 29,000 ആയിരിക്കുമെന്ന് അറിയിച്ചതിനോടൊപ്പം ഭാവിയിൽ വരുമാന പരുധി ഉയർത്തുമെന്നും ഹോം ഓഫീസ് അറിയിച്ചിരുന്നു. എന്ന് തൊട്ട് വരുമാന പരുധി ഉയർത്തും എന്ന കാര്യത്തിൽ വ്യക്തമായ നിർദേശം ഹോം ഓഫീസ് പുറപ്പെടുവിച്ചിരുന്നില്ല.


എന്നാൽ കുടുംബാംഗങ്ങളെ യുകെയിൽ കൊണ്ടുവരുന്നതിന് പ്രതിവർഷം ശമ്പളം 38,700 പൗണ്ട് ആക്കാനുള്ള തീരുമാനം 2025 -ന്റെ തുടക്കത്തിൽ അവതരിപ്പിക്കുമെന്ന് ഋഷി സുനക് പറഞ്ഞു. ആളുകൾ അവരുടെ കുടുംബാംഗങ്ങളെ യുകെയിൽ എത്തിക്കുകയാണെങ്കിൽ അവരെ സംരക്ഷിക്കുന്നതിനുള്ള വരുമാനം ഉണ്ടായിരിക്കണമെന്ന തത്വം തികച്ചും ശരിയാണെന്ന് അദ്ദേഹം പറഞ്ഞു. കുടിയേറ്റത്തിന്റെ തോത് വളരെ ഉയർന്നതായും അത് കുറച്ചു കൊണ്ടുവരണമെന്നതാണ് ലക്ഷ്യമെന്നുമാണ് സർക്കാരിൻറെ നിലപാട്.


ആശ്രിത വിസയ്ക്കുള്ള ശമ്പള പരുധി ഉയർത്തിയത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന അഭിപ്രായം പൊതുവെ ഉയർന്നിരുന്നു. രാജ്യത്ത് സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയ അവസരത്തിൽ ശാസ്ത്രജ്ഞരായി ജോലി ചെയ്യുന്നവർക്ക് പോലും വാർഷിക ശമ്പളം 38,700 പൗണ്ട് ഇല്ലെന്നത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ശതകോടീശ്വരനായ ബ്രിട്ടീഷ് പ്രധാനമന്ത്രിയ്ക്ക് ബ്രിട്ടനിലെ സാധാരണ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാകുന്നില്ലെന്ന് വിമർശനവും ശക്തമായിരുന്നു. മുൻനിലപാടുകളിൽ നിന്നുള്ള സർക്കാരിൻറെ പിന്മാറ്റം ഒരു വർഷത്തേയ്ക്ക് മാത്രമാണെന്നുള്ള പ്രധാനമന്ത്രിയുടെ അറിയിപ്പ് പ്രതിപക്ഷത്തു നിന്നും ഭരണപക്ഷത്തു നിന്നു തന്നെയും ശക്തമായ എതിർപ്പിന് കാരണമാകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. 2022 -ൽ ആകെ കുടിയേറ്റം 745,,000 ആയി ഉയർന്നതാണ് കർശനമായ കുടിയേറ്റ നയങ്ങൾ അവതരിപ്പിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ച ഘടകം. നിലവിലെ പരിധിയായ 29,000 കൂടുതലാണെന്ന തരത്തിലുള്ള ഒട്ടേറെ പേരുടെ അനുഭവങ്ങൾ ബ്രിട്ടീഷ് മാധ്യമങ്ങൾ വാർത്തയാക്കിയിട്ടുണ്ട്. തനിക്ക് 23,000 പൗണ്ട് വാർഷിക വരുമാനമേ ഉള്ളുവെന്നും അതിനാൽ തുർക്കിയിലുള്ള ഭർത്താവിനെ യുകെ വിസ ലഭിക്കില്ലെന്നും ബ്രിട്ടീഷുകാരിയായ റൂബി മാധ്യമങ്ങളോട് പറഞ്ഞതിന് വൻ വാർത്താപ്രാധാന്യമാണ് ലഭിച്ചത്. പുതിയ നിയമത്തിലൂടെ സർക്കാരിൻറെ നടപടിക്രൂരമാണെന്നും എല്ലാവരെയും പോലെ കുടുംബജീവിതം നയിക്കാൻ തനിക്കും അർഹതയുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയ്ക്കായി ‘കാമികാസെ’ എന്ന ഡ്രോൺ നിർമ്മിച്ചതിന് കവെൻട്രിയിൽ നിന്നുള്ള എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്ക് ജീവപര്യന്തം തടവ്. ബോംബോ രാസായുധമോ ഒരു സ്ഥലത്ത് എത്തിക്കാനുള്ള കഴിവുള്ള ഡ്രോണിനെയാണ് നിർമ്മിച്ചത്. ഇതിന് പിന്നാലെ സെപ്റ്റംബറിലാണ് തീവ്രവാദ സംഘടനയുമായി പ്രവർത്തിക്കുന്നത് ചൂണ്ടികാട്ടി ഇയാളെ പോലീസ് അറസ്റ്റ് ചെയ്‌തത്‌. ബർമിംഗ്ഹാം ക്രൗൺ കോടതിയിൽ വച്ച് ജഡ്ജി പോൾ ഫാരർ കെ.സി ഇയാളെ കുറഞ്ഞത് 20 വർഷം തടവിനായി ശിക്ഷിക്കുകയായിരുന്നു.

 

കവെൻട്രിയിൽ നിന്നുള്ള ഇരുപത്തിയേഴുകാരനായ അൽ ബാരെദ് ഐഎസിൽ ചേരാൻ പദ്ധതിയിട്ടിരുന്നതായി പോലീസ് കണ്ടെത്തി. “ഒന്നിലധികം ജീവനുകൾ അപകടപ്പെടുത്തുന്ന ലക്ഷ്യത്തോടെയാണ് പ്രതി പ്രവർത്തിച്ചതെന്ന് ജഡ്‌ജി ചൂണ്ടിക്കാട്ടി. കവെൻട്രിയിലെ പ്രതിയുടെ വീട്ടിൽ നിന്നും ഡ്രോൺ നിർമ്മിക്കാൻ ശേഷിയുള്ള നിർമ്മിക്കാൻ ശേഷിയുള്ള 3D പ്രിന്ററും ഉപകരണവും കണ്ടെത്തിയിട്ടും ഐഎസിനെ പിന്തുണയ്ക്കുന്നില്ലെന്നായിരുന്നു അൽ ബറേദിൻെറ വാദം.

ഐഎസിൻെറ ശത്രു പ്രദേശത്തേക്ക് 5 കിലോമീറ്റർ (3 മൈൽ) വരെ ദൂരപരിധിയുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന തരത്തിലുള്ള ഉപകരണമാണ് പ്രതി രൂപകൽപന ചെയ്‌തതെന്ന്‌ പ്രോസിക്യൂട്ടർമാർ കോടതിയെ അറിയിച്ചു. ഈ വർഷം ജനുവരിയിൽ അൽ ബറേദിനെ അറസ്റ്റ് ചെയ്തപ്പോൾ ആളില്ലാ വിമാനവും (യുഎവി) ഒരു മൊബൈൽ ഫോണും പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയുടെ ഐഎസ് ബന്ധം കാണിക്കുന്ന എൻക്രിപ്റ്റ് ചെയ്ത ഓൺലൈൻ ചാറ്റുകളും മറ്റ് ഡിജിറ്റൽ മെറ്റീരിയലുകളും കണ്ടെത്തിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ സമ്പദ് വ്യവസ്ഥ ഇടിഞ്ഞതായുള്ള കണക്കുകൾ പുറത്തുവന്നു. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുകയാണെന്ന ആശങ്കയിലാണ് സാമ്പത്തിക വിദഗ്ധർ . നേരത്തെ പ്രവചിച്ചിരുന്നതിന് വിപരീതമായി ആഭ്യന്തര ഉൽപാദനം 0. 1 ശതമാനം കുറവ് രേഖപ്പെടുത്തിയാണ് ആശങ്കയ്ക്ക് കാരണം. നേരത്തെ 0.2% ഉയർന്ന ആഭ്യന്തര വരുമാനം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു.

സമ്പദ് വ്യവസ്ഥ തുടർച്ചയായി രണ്ട് മൂന്ന് മാസ കാലയളവിലേയ്ക്ക് ചുരുങ്ങുമ്പോഴാണ് സാധാരണയായി സാമ്പത്തിക മാന്ദ്യം ആയി എന്ന് വിലയിരുത്തുന്നത്. കുറച്ചുകാലമായി യുകെയുടെ ദുർബലമായ സാമ്പത്തിക വളർച്ചയെക്കുറിച്ച് കടുത്ത ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും മാന്ദ്യം ഒഴിവാക്കുന്നതിൽ രാജ്യം വിജയം കൈവരിച്ചിരുന്നു. എന്നാൽ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മൂന്നാം പാദത്തിൽ നേരിയ തോതിൽ മാന്ദ്യം ആരംഭിച്ചതായി ക്യാപിറ്റൽ ഇക്കണോമിക്സിലെ യു കെ സാമ്പത്തിക ശാസ്ത്രജ്ഞൻ ആഷ്‌ലി വെബ് പറഞ്ഞു.

സാമ്പത്തിക മാന്ദ്യം യുകെ മലയാളികളെയും പ്രതികൂലമായി ബാധിക്കും. കമ്പനികൾ പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത് കുറയ്ക്കുന്നത് വിദ്യാർത്ഥി വിസയിലും മറ്റും എത്തിച്ചേരുന്ന മലയാളികളുടെ തൊഴിലവസരത്തെ കാര്യമായി ബാധിച്ചേക്കാം. സാമ്പത്തിക വളർച്ച മുരടിക്കുന്നത് തൊഴിലവസരങ്ങളെയും ജോലിയെയും പ്രതികൂലമായി ബാധിക്കും. കമ്പനികൾ കൂടുതൽ ലാഭത്തിൽ ആയാൽ മാത്രമേ മെച്ചപ്പെട്ട തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും സ്ഥാപനങ്ങൾ ജീവനക്കാർക്ക് കൂടുതൽ ശമ്പളം നൽകുകയും ചെയ്യുന്ന സാഹചര്യം സംജാതമാകുകയുള്ളൂ.. സാമ്പത്തിക മാന്യകാലത്ത് കമ്പനികൾ ചെലവ് വെട്ടി കുറയ്ക്കുന്നതിനാൽ തൊഴിലില്ലായ്മ വർദ്ധിക്കും. ഇത് കൂടാതെ പഠനം കഴിഞ്ഞ തുടക്കക്കാർക്ക് ജോലി ലഭിക്കുന്നതും ബുദ്ധിമുട്ടിലാകും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കുടുംബാംഗങ്ങളെ യുകെയിൽ എത്തിക്കുന്നതിന് ആവശ്യമായ വാർഷിക ശമ്പളം 38,700 പൗണ്ട് ആയി ഉയർത്തിയ നടപടി കടുത്ത വിമർശനങ്ങളാണ് ഏറ്റുവാങ്ങിയത് . പുതിയ കുടിയേറ്റ നയത്തിന്റെ ഭാഗമായി അവതരിപ്പിച്ച നിയന്ത്രണം കടുത്ത മനുഷ്യാവകാശ ലംഘനത്തിന് കാരണമാകുമെന്ന് പ്രതിപക്ഷത്തു നിന്നു മാത്രമല്ല ഭരണപക്ഷത്തിൽ നിന്നും അഭിപ്രായം ഉയർന്നുവന്നിരുന്നു. രാഷ്ട്രീയ രംഗത്തെ പ്രമുഖർ മാത്രമല്ല മത സാമൂഹിക സാംസ്കാരിക മേഖലയിൽ നിന്നുള്ളവരും ഇത് കുടുംബാംഗങ്ങളെ തമ്മിൽ അകറ്റുമെന്ന അഭിപ്രായവുമായി രംഗത്തുവന്നു.

ഇതിന്റെയൊക്കെ ഫലമായി ഫാമിലി വിസയ്ക്കുള്ള ശമ്പളപരിധിയിൽ നിന്ന് സർക്കാർ പിന്നോട്ട് പോകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കുടുംബാംഗങ്ങളെ യുകെയിലേയ്ക്ക് കൊണ്ടുവരുന്നതിന് ആവശ്യമായ ശമ്പളം 38,700 പൗണ്ട് ആയി ഉയർത്താനുള്ള പദ്ധതിയിൽ നിന്നാണ് സർക്കാർ പിന്നോട്ട് പോയിരിക്കുന്നത്. പുതിയ വരുമാന പരുധി 29,000 പൗണ്ട് ആയിരിക്കും. നേരത്തെ വരുമാന പരുധി 18, 600 മാത്രമായിരുന്നു. ഭാവിയിൽ പടിപടിയായി വരുമാന പരുധി ഉയർത്താനുള്ള നടപടികൾ സ്വീകരിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. എന്നാൽ പിന്നീട് വരുമാന പരുധി ഉയർത്താനുള്ള സമയ ക്രമത്തെക്കുറിച്ച് വ്യക്തമായ നിർദ്ദേശങ്ങൾ സർക്കാർ ഇതുവരെ നൽകിയിട്ടില്ല.

വരുമാന പരുധി കുറയ്ക്കാനുള്ള സർക്കാരിൻറെ നീക്കം യുകെയിലെ മലയാളികൾക്ക് കാര്യമായ പ്രയോജനം ഉണ്ടാകില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ . കെയർ വിസയിലും സ്റ്റുഡൻറ് വിസയിലും എത്തുന്നവർക്ക് ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരുവാൻ സാധിക്കില്ലെന്നാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. എൻഎച്ച്എസിൽ ജോലി ചെയ്യുന്നവർക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് വരുമാന പരുധിയുടെ പ്രശ്നം ഒഴിവാക്കിയിട്ടുണ്ട്. വരുമാന പരുധിയുടെ പേരിൽ അന്യരാജ്യങ്ങളിൽ നിന്ന് വിവാഹം കഴിച്ച യു കെ പൗരന്മാർക്ക് പോലും താങ്കളുടെ പങ്കാളികളെ കൊണ്ടുവരാൻ സാധിക്കാത്തത് പുതിയ നയത്തിനെതിരെ കടുത്ത പ്രതിഷേധം രൂപപ്പെടുന്നതിന് കാരണമായിരുന്നു. എന്നാൽ നിലവിലെ ശമ്പള പരുധിയായ 29,000 പൗണ്ടും മിക്ക കുടുംബാംഗങ്ങളെ സംബന്ധിച്ചും അപ്രാപ്യമാണെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനയായ റിയുണൈറ്റ് ഫാമിലി യുകെ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- നോർത്തേൺ അയർലണ്ടിനു മേൽ ബ്രിട്ടീഷ് സർക്കാർ നടത്തിയ നിയമനിർമ്മാണത്തിനെതിരെ പുതിയ നിയമ യുദ്ധത്തിന് ഒരുങ്ങിയിരിക്കുകയാണ് അയർലൻഡ് ഗവൺമെന്റ്. നോർത്തേൺ അയർലണ്ടിലെ “പ്രശ്ന” കാലഘട്ടത്തിലെ കുറ്റകൃത്യങ്ങൾക്കുള്ള ഇൻക്വസ്റ്റുകളും സിവിൽ കേസുകളും ക്രിമിനൽ പ്രോസിക്യൂഷനുകളും നിർത്തിവയ്ക്കാനുള്ള ട്രബിൾസ് ലഗസി ആക്ടിനെതിരെയാണ് ഐറിഷ് സർക്കാർ പ്രതികരിച്ചിരിക്കുന്നത്. മനുഷ്യാവകാശങ്ങൾ സംബന്ധിച്ച യൂറോപ്യൻ കൺവെൻഷൻ പ്രകാരം യുകെയുടെ നിയമനിർമ്മാണത്തിനെതിരെ ഡബ്ലിൻ അന്തർ സംസ്ഥാന കേസ് ആരംഭിക്കുമെന്ന് അയർലണ്ടിലെ താവോയിസച്ച് ലിയോ വരദ് കർ ബുധനാഴ്ച വ്യക്തമാക്കി.

1960-കളുടെ അവസാനം മുതൽ 1998-ലെ ദുഃഖവെള്ളി ഉടമ്പടി വരെ ഏകദേശം 30 വർഷം നീണ്ടുനിന്ന വടക്കൻ അയർലണ്ടിലെ ഒരു സംഘട്ടന കാലഘട്ടത്തെ വിവരിക്കാൻ ഉപയോഗിക്കുന്ന പദമാണ് “പ്രശ്‌ന” കാലഘട്ടമെന്നത്. ഡബ്ലിനിന്റെയും നോർത്തേൺ അയർലണ്ടിലെ എല്ലാ പ്രധാന രാഷ്ട്രീയ പാർട്ടികളുടെയും എതിർപ്പ് അവഗണിച്ച് യുകെയുടെ വിവാദമായ ട്രബിൾസ് ലെഗസി ആക്റ്റ് സെപ്റ്റംബറിലാണ് നിയമമായി മാറിയത്. ഈ നിയമത്തിലൂടെ പ്രശ്ന കാലഘട്ടത്തിലെ കുറ്റകൃത്യങ്ങൾക്ക് ഇനിയും പ്രോസിക്യൂഷൻ നേരിടുന്നവർക്ക് പൊതുമാപ്പ് നൽകാനുള്ള തീരുമാനമാണ് യുകെ സർക്കാർ കൈക്കൊണ്ടത്. എന്നാൽ ഇത് തികച്ചും നിയമവിരുദ്ധമാണെന്നും അന്നത്തെ അക്രമത്തെ അതിജീവിച്ചവരോടും ഇരകളോടും ഒപ്പമാണ് തങ്ങളെന്ന് പ്രഖ്യാപിച്ചാണ് ഐറിഷ് സർക്കാർ ഈ നിയമത്തിനെതിരെ നീങ്ങിയിരിക്കുന്നത്.

30 വർഷം നോർത്തേൺ അയർലൻഡിൽ നീണ്ടുനിന്ന ഈ പോരാട്ടത്തിൽ 3,500-ലധികം ജീവൻ നഷ്ടപ്പെടുകയും ആയിരക്കണക്കിന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഘട്ടനവുമായി ബന്ധപ്പെട്ട എല്ലാ പുതിയ അന്വേഷണങ്ങളും സിവിൽ നടപടികളും പുതിയ നിയമനിർമ്മാണത്തോടെ അവസാനിപ്പിക്കാനാണ് യുകെ സർക്കാർ തീരുമാനിച്ചത്. ഐറിഷ് ഗവൺമെന്റിന്റെയും മറ്റുള്ളവരുടെയും ആശങ്കകൾക്കിടയിലും യുകെ ഗവൺമെന്റ് ഏകപക്ഷീയമായി നിയമനിർമ്മാണം പിന്തുടരുകയായിരുന്നുവെന്ന് ഐറിഷ് ഡെപ്യൂട്ടി പ്രധാനമന്ത്രി മൈക്കൽ മാർട്ടിൻ പറഞ്ഞു. കൗൺസിൽ ഓഫ് യൂറോപ്പിന്റെ മനുഷ്യാവകാശ കമ്മീഷണർ, യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ എന്നിവരുൾപ്പെടെ നിരവധി അന്താരാഷ്ട്ര നിരീക്ഷകരും ഈ നിയമനിർമ്മാണത്തെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പ്രശ്നത്തിൽ അകപ്പെട്ട ഇരകളുടെ കുടുംബാംഗങ്ങളും പുതിയ നിയമനിർമ്മാണത്തിനെതിരെ നിയമ യുദ്ധത്തിന് നീങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ യുകെ സർക്കാരിന് ഏറ്റ കനത്ത തിരിച്ചടിയാണ് പുതിയ നിയമനിർമ്മാണം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ചെക് റിപ്പബ്ലിക്കിലെ പ്രാഗ് യൂണിവേഴ്സിറ്റിയിലുണ്ടായ വെടിവയ്പ്പിൽ 14 പേർ കൊല്ലപ്പെട്ടതായും 25 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ചാൾസ് സർവകലാശാലയിലുണ്ടായ വെടിവയ്പ്പിന് പിന്നാലെ 24 കാരനായ തോക്കുധാരിയെ ഏറ്റുമുട്ടലിൽ വധിച്ചതായി പോലീസ് അറിയിച്ചു. ജാൻ പാലച്ച് സ്ക്വയറിലെ യൂണിവേഴ്സിറ്റിയുടെ ഫാക്കൽറ്റി ഓഫ് ആർട്സ് കെട്ടിടത്തിൽ പ്രാദേശിക സമയം ഏകദേശം വൈകിട്ട് 3:00നാണ് വെടിവയ്പ്പ് നടന്നത്.

സോഷ്യൽ മീഡിയയിൽ പ്രചരിച്ച നാടകീയമായ ദൃശ്യങ്ങളിൽ കെട്ടിടത്തിന്റെ പല നിലകളിൽ നിന്നും ആളുകൾ സുരക്ഷിത സ്ഥാനത്തേയ്ക്ക് ചാടുന്നത് കാണാം. വിഡിയോയിൽ വെടിയൊച്ചകളും കേൾക്കാം. വ്യാഴാഴ്ച വൈകുന്നേരം മാധ്യമങ്ങളുമായി പോലീസ് നടത്തിയ കൂടിക്കാഴ്ചയിൽ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി തന്നെയാണ് വെടിവയ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

പ്രാഗിന് പുറത്ത് 21 കിലോമീറ്റർ (13 മൈൽ) അകലെയുള്ള ഒരു ഗ്രാമത്തിലാണ് അക്രമി താമസിച്ചിരുന്നത്. അക്രമിയുടെ പിതാവിനെ വ്യാഴാഴ്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആക്രമണത്തിന് പിന്നിൽ ഉണ്ടായിരുന്ന ഉദ്ദേശം ഇതുവരെയും വ്യക്തമല്ല. ആക്രമണത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. പ്രാഗിനടുത്തുള്ള വനത്തിൽ കഴിഞ്ഞയാഴ്ച രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നിൽ തോക്കുധാരി ആയിരിക്കാമെന്നും പോലീസ് കൂട്ടിച്ചേർത്തു.

യു കെ :- ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ തിരഞ്ഞെടുപ്പുകളെ തടസ്സപ്പെടുത്തുവാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിത ബുദ്ധി ഇതിനോടകം തന്നെ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ഇനി അടുത്ത ഊഴം ബ്രിട്ടനിലെ ഇലക്ഷനുകൾ ആയിരിക്കുമെന്ന ഭയമാണ് ഇപ്പോൾ മുതിർന്ന രാഷ്ട്രീയക്കാർക്കിടയിലും സുരക്ഷാ ജീവനക്കാർക്ക് ഇടയിലും നിലനിൽക്കുന്നത്. യുകെ ജനാധിപത്യത്തിന് മുകളിലുള്ള വ്യക്തമായ അപകടമായി നിലനിൽക്കുന്ന എ ഐ ഡീപ്ഫെയ്ക്കുകൾ നേരിടാൻ കൂടുതൽ നടപടികൾ ഉണ്ടാകണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്നതായി മുൻ ജസ്റ്റിസ് സെക്രട്ടറി സർ റോബർട്ട് ബക്ക്‌ലാൻഡ് പറഞ്ഞു. നിലവിൽ നോർത്തേൺ അയർലൻഡ് സെലക്ട് കമ്മിറ്റിയുടെ അധ്യക്ഷനായ അദ്ദേഹം രാഷ്ട്രീയക്കാരുടെ ഡീപ്ഫെയ്ക്ക് ഓഡിയോ വീഡിയോ ക്ലിപ്പുകളെ സംബന്ധിച്ച് തനിക്ക് ആശങ്കയുണ്ടെന്ന് വ്യക്തമാക്കി കഴിഞ്ഞു. പലപ്പോഴും പറയാത്ത കാര്യങ്ങൾ പറഞ്ഞു എന്ന തരത്തിലുള്ള വീഡിയോകളാണ് രാഷ്ട്രീയക്കാരെ സംബന്ധിച്ച് ഇപ്പോൾ പുറത്തിറങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് നിർമ്മിക്കുന്ന വിവരങ്ങൾ ജനാധിപത്യത്തെ തകർക്കുന്ന രീതിയിലുള്ളവയാണെന്നും, അത് ഇനി ഒരു ഭാവിയിൽ അല്ല മറിച്ച് ഇപ്പോൾ തന്നെ സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 2025 ജനുവരിയിൽ നടക്കേണ്ട ബ്രിട്ടനിലെ ജനറൽ ഇലക്ഷനുകളിൽ 2017 ൽ നടന്നപോലെ പല തടസ്സങ്ങളും ഉണ്ടാകാമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മാഞ്ചസ്റ്റർ അരീനയിൽ നടന്ന ബോംബാക്രമണത്തെ തുടർന്ന് പോളിംഗ് ദിവസത്തിന് ഒരാഴ്ച മുമ്പ് പ്രചാരണം നിർത്തിവയ്ക്കേണ്ട സാഹചര്യമായിരുന്നു 2017 -ൽ ഉണ്ടായിരുന്നത്. വിദേശ ഇടപെടലുകളിൽ നിന്ന് തിരഞ്ഞെടുപ്പിനെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ ഇതിനോടകം തന്നെ സ്വീകരിച്ചു കഴിഞ്ഞതായി യുകെ സർക്കാർ വ്യക്തമാക്കുന്നുണ്ട്. ഇതിനായി ആഭ്യന്തര കാര്യാലയ സുരക്ഷാ മന്ത്രി ടോം തുഗെന്ധത്തിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ വർഷം ആരംഭിച്ച ഡിഫൻഡിംഗ് ഡെമോക്രസി ടാസ്‌ക്‌ഫോഴ്‌സ് ആരംഭിച്ചതായും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.


ഇത്തരത്തിൽ തിരഞ്ഞെടുപ്പുകളെ തകർക്കാനൊരുങ്ങുന്നവർ ലക്ഷ്യമിടുന്ന പല ഭീഷണികളും പുതിയതല്ല.ശക്തമായ, ജനറേറ്റീവ് എ ഐ ടൂളുകളുടെ എളുപ്പത്തിലുള്ള ലഭ്യതയാണ് ഇപ്പോഴത്തെ ഭീഷണിക്ക് ആക്കം കൂട്ടുന്നതെന്ന് നാഷണൽ സൈബർ സെക്യൂരിറ്റി സെന്ററിന്റെ ഒരു വിഭാഗമായ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഹെഡ് ക്വാർട്ടേഴ്സ് തങ്ങളുടെ വാർഷിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ചാറ്റ്ജി പി റ്റി, ടെക്‌സ്‌റ്റ്-ടു-സ്പീച്ച്, അല്ലെങ്കിൽ ടെക്‌സ്‌റ്റ്-ടു-വീഡിയോ, സോഫ്‌റ്റ്‌വെയർ പോലുള്ള വലിയ ഭാഷാ മോഡലുകളുടെ കുതിപ്പ് എന്നിവയെല്ലാം തന്നെ തിരഞ്ഞെടുപ്പുകൾ തടസ്സപ്പെടുത്താനുള്ള മാർഗങ്ങളായി പലരും ഉപയോഗിക്കുന്നതാണ് പ്രശ്നമെന്ന് പല വിദഗ്ധരും ചൂണ്ടിക്കാട്ടുന്നുണ്ട്. നവംബറിൽ, ലണ്ടൻ മേയർ സാദിഖ് ഖാന്റെ ഒരു വ്യാജ ഓഡിയോ ക്ലിപ്പ് ഫലസ്തീൻ അനുകൂല മാർച്ചിനെത്തുടർന്ന് യുദ്ധവിരാമ ദിനം വീണ്ടും ഷെഡ്യൂൾ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ കൂടുതൽ ശക്തമായ നടപടികൾ ഉണ്ടാകണമെന്ന ആവശ്യമാണ് മുതിർന്ന രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ മുന്നോട്ടുവയ്ക്കുന്നത്.

Copyright © . All rights reserved