Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: രാജ്ഞിയുടെ ശവസംസ്കാരത്തിൽ നിയമം ലംഘിച്ചതിന് അറസ്റ്റിലായ യുവാവ് വിശദീകരണവുമായി രംഗത്ത്. രാജ്ഞി മരിച്ചുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അതുകൊണ്ടാണ് താൻ അങ്ങനെ ചെയ്തതെന്നുമാണ് ഇരുപത്തെട്ടുകാരനായ മുഹമ്മദ് ഖാനിന്റെ വാദം. എന്നാൽ ഇയാൾ കൊട്ടാരത്തിൽ ഉൾപ്പെടെ അതിക്രമിച്ചു കയറാൻ പദ്ധതി ഇട്ടിരുന്നതായും, രാജകുടുംബത്തെ നേരിട്ട് കാണാൻ ശ്രമം നടത്തിയിരുന്നതായും കോടതി ചൂണ്ടിക്കാട്ടി.

ഈ കാര്യത്തിൽ താങ്കൾ വിജയിച്ചില്ലെങ്കിൽ എന്ത് ചെയ്യുമെന്ന കോടതിയുടെ ചോദ്യത്തിന് ജീവിക്കുന്നിടത്തോളം അതിക്രമിച്ചു കടക്കാൻ ശ്രമം തുടരുമെന്നും ഖാൻ പറഞ്ഞു. ഇയാളെ ഇന്നലെയാണ് കോടതിയിൽ ഹാജരാക്കിയത്. കേസിനാസ്പദമായ സംഭവം അരങ്ങേറിയത് കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ്. രാജ്ഞിയെ കാണാൻ എത്തിയ ഇയാൾ പിന്നീട് നിയമം തെറ്റിച്ചു അതിക്രമിച്ചു കയറുകയായായിരുന്നു.

രാഞ്ജിയുടെ മരണത്തിൽ സംശയമുണ്ടെന്നതുൾപ്പടെ നിരവധി കാര്യങ്ങൾ ഇയാൾ കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമം നടത്തി. എന്നാൽ വാക്കുകളിൽ സംശയം പ്രകടിപ്പിച്ച കോടതി വാദങ്ങൾ മുഖവിലയ് ക്കെടുത്തില്ല. പബ്ലിക് സെക്ടർ വകുപ്പ് നാല് പ്രകാരമാണ് മുഹമ്മദ്‌ ഖാനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- മൂന്ന് പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത ബർമിങ്ഹാമിൽ നിന്നുള്ള സെക്കൻഡറി സ്കൂൾ അധ്യാപകന് മൂന്ന് വർഷം ജയിൽ ശിക്ഷ കോടതി വിധിച്ചിരിക്കുകയാണ്. മുപ്പതുകാരനായ മുഹമ്മദ്‌ തയ് മൂർ ആണ് ഇത്തരത്തിൽ പെൺകുട്ടികളെ ക്ലാസ്സിൽ കയറുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയും, പിന്നീട് ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്തത്. മാത് സ് ടീച്ചറായ ഇയാൾ ക്ലാസിൽ ഇരുന്ന പെൺകുട്ടികൾക്ക് ഫോൺ ഉപയോഗിക്കാനുള്ള അനുമതി നൽകുകയും, സമ്മാനമായി ചോക്ലേറ്റുകളും മറ്റ് മധുരപലഹാരങ്ങളും നൽകുകയും ചെയ്തിരുന്നു. ഇതോടൊപ്പം തന്നെ കുട്ടികളുമായി ലൈംഗികപരമായ സന്ദേശങ്ങൾ കൈമാറുന്നതിന് സ്നാപ് ചാറ്റ് ഗ്രൂപ്പും ഇദ്ദേഹം ഉണ്ടാക്കിയിരുന്നതായി പോലീസ് കണ്ടെത്തി. എന്നാൽ ഇദ്ദേഹത്തോട് ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടികൾ മറ്റൊരു ടീച്ചറോട് ഇത് സംബന്ധിച്ച് പറഞ്ഞതിനെ തുടർന്നാണ് പിന്നീട് പോലീസ് കേസായി മാറിയത്. അറസ്റ്റ് ചെയ്യുന്നതിന് മുൻപ് ഇദ്ദേഹത്തെ വെസ്റ്റ് മിഡ്‌ലാൻഡ്സ് പോലീസിലെ പബ്ലിക് പ്രൊട്ടക്ഷൻ യൂണിറ്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. ഇതോടൊപ്പം തന്നെ കഴിഞ്ഞമാസം ബിർമിങ്ഹാം ക്രൗൺ കോടതിയിൽ മുഹമ്മദ്‌ തനിക്കെതിരെ ആരോപിക്കപ്പെട്ട 11 ലൈംഗിക ദുരുപയോഗ കുറ്റങ്ങളും സമ്മതിച്ചിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോടതി ഇയാൾക്ക് മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. സ്കൂൾ പരിസരങ്ങളിലും അല്ലാതെയുമായി ഇയാൾ നിരവധി പെൺകുട്ടികളെ ഇത്തരത്തിൽ ചൂഷണം ചെയ്തിട്ടുണ്ട് എന്നാണ് അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയത്. ഇതോടൊപ്പം തന്നെ സ്കൂളിൽ വച്ച് തന്നെ സിസിടിവി ക്യാമറ ഇല്ലാത്ത സ്ഥലങ്ങളിൽ ഇയാൾ പെൺകുട്ടികളെ ചുംബിക്കുകയും മറ്റും ചെയ്യുമായിരുന്നു എന്ന് പെൺകുട്ടികൾ പോലീസിനോട് മൊഴി നൽകിയിട്ടുണ്ട്. ഇത്തരത്തിൽ നിരവധി കുറ്റങ്ങളാണ് അധ്യാപകന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്ന് കോടതി വിലയിരുത്തിയതിനാലാണ് ഇത്തരത്തിലുള്ള ശിക്ഷ ലഭിച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ദിനംപ്രതി മലയാളികൾ ഉൾപ്പെടെയുള്ള ഒട്ടേറെ വിദ്യാർത്ഥികളാണ് യുകെയിലെ വിവിധ സർവകലാശാലയിൽ ഉന്നത പഠനത്തിനായി എത്തുന്നത്. എന്നാൽ പലരും പഠനത്തോടൊപ്പം ജോലി ചെയ്‌ത്‌ മുന്നോട്ടു പോകാം എന്ന് പ്രതീക്ഷയിലാണ് യുകെയിൽ എത്തുന്നത്. യുകെയിലെ വിദ്യാർത്ഥികളുടെ ഇടയിൽ നടത്തിയ ഒരു പഠനത്തിൽ പുറത്തുവന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. കടുത്ത ജീവിതച്ചിലവ് താങ്ങാനാവാതെ പല വിദ്യാർത്ഥികളും മാനസിക പ്രയാസം നേരിടുന്നതായും അവർക്ക് ശരിയായ വിധത്തിൽ തങ്ങളുടെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല എന്നുമാണ് പഠനത്തിൽ കണ്ടെത്തിയത്.

ജീവിത ചിലവിലെ വർദ്ധനവ് മൂലം രണ്ടറ്റം കൂട്ടിമുട്ടിക്കാൻ തങ്ങൾ കഷ്ടപ്പെടുകയാണെന്ന് പഠനത്തിൽ പങ്കെടുത്ത പത്തിൽ എട്ടുപേരും പറഞ്ഞു. സേവ് ദി സ്റ്റുഡന്റ് എന്ന വെബ്സൈറ്റിൽ നടത്തിയ സർവ്വേയിൽ അഞ്ചിൽ നാലുപേരും സാമ്പത്തിക ബുദ്ധിമുട്ടും കടുത്ത മാനസിക സമ്മർദ്ദവും മൂലവും തങ്ങളുടെ പഠനം ഇടയ്ക്ക് വച്ച് അവസാനിപ്പിക്കുന്നതിനെ കുറിച്ച് പോലും ചിന്തിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വിദ്യാർത്ഥികളെ ഏറ്റവും കൂടുതൽ സമ്മർദ്ദത്തിൽ ആക്കിയിരിക്കുന്നത് അവർ നൽകേണ്ടിവരുന്ന വാടകയാണ്. അതോടൊപ്പം സാധനങ്ങളുടെ വിലവർധനവിൽ പിടിച്ചുനിൽക്കാൻ പലർക്കും സാധിക്കുന്നില്ല. കഴിഞ്ഞവർഷം മാത്രം യുകെയിൽ 14 ശതമാനമാണ് ജീവിത ചിലവിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. ഒരു ശരാശരി വിദ്യാർത്ഥിക്ക് ജീവിത ചിലവുകൾ നിയന്ത്രിച്ചാൽ പോലും 924 പൗണ്ട് പ്രതിമാസം ചിലവഴിക്കേണ്ടതായി വരുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- എലിസബത്ത് രാജ്ഞിയുടെ മരണത്തോട് അനുബന്ധിച്ച് ബ്രിട്ടനിൽ ഉടനീളം ഉണ്ടായിരുന്ന ദുഃഖാചരണം അവസാനിപ്പിച്ച് എല്ലാ ഗവൺമെന്റ് കെട്ടിടങ്ങളിലും ദേശീയ പതാക ഉയർത്തിക്കെട്ടി. തിങ്കളാഴ്ച പകൽ മുഴുവൻ നീണ്ടുനിന്ന പൊതുപ്രദർശന ചടങ്ങുകൾക്ക് ശേഷം, വൈകുന്നേരത്തോടെ വിൻഡ്സർ കാസ്റ്റിലിൽ നടന്ന സ്വകാര്യ ചടങ്ങിലാണ് ശവസംസ്കാര ചടങ്ങ് നടന്നത്. എന്നാൽ രാജകുടുംബം മുഴുവനും അടുത്ത ഒരാഴ്ച കൂടി ദുഃഖാചരണം ആചരിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. സെപ്റ്റംബർ 27 വരെ രാജകുടുംബം ദുഃഖം ആചരിക്കുന്ന സാഹചര്യത്തിൽ, ഔദ്യോഗിക വസതികളിൽ മാത്രം പതാക താഴ്ത്തി കെട്ടിയിരിക്കുകയാണ്. രാജ കുടുംബവുമായി ബന്ധപ്പെട്ട എല്ലാ ജീവനക്കാരും ഈ ദുഃഖത്തിൽ പങ്കുചേരുമെന്ന് രാജകുടുംബം ഔദ്യോഗികമായി അറിയിച്ചു. ശവസംസ്കാര ചടങ്ങുകളോട് അനുബന്ധിച്ച് നിരവധി ആളുകൾ ലണ്ടനിലും സമീപപ്രദേശങ്ങളിലും എത്തിയതിനാൽ ക്ലീനിങ് ജീവനക്കാർ പരിസരങ്ങൾ വൃത്തിയാക്കുവാൻ കഠിനപ്രയത്നത്തിലാണ്.

തിങ്കളാഴ്ച നടന്ന ശവസംസ്കാര ചടങ്ങിൽ നിരവധി ലോക നേതാക്കളാണ് പങ്കെടുത്തത്. രാജ്ഞിയുടെ അത്ഭുതമാർന്ന സ്നേഹകാരുണ്യത്തെപ്പറ്റി ചടങ്ങിൽ കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി വാചാലനായി. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉൾപ്പെടെ നൂറോളം പ്രസിഡന്റുമാരും ലോക നേതാക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. തങ്ങളുടെ നേതാവിന് അവസാനമായി യാത്രയയപ്പ് നൽകുവാനായി മൃതദേഹം വഹിച്ചുകൊണ്ടുള്ള യാത്ര നടന്ന സ്ഥലങ്ങളിൽ നിരവധി ആളുകളാണ് തടിച്ചു കൂടിയത്. രാജ്ഞി തന്റെ അവസാന നാളുകളിൽ പ്രധാനമന്ത്രി പദത്തിലേക്ക് തന്നെ ക്ഷണിച്ചത് തനിക്ക് സന്തോഷം ഉണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യൂകെ: ലെസ്റ്റർ നഗരത്തിൽ ഹിന്ദുക്കൾക്ക് നേരെ വീണ്ടും ആക്രമണം. നേരത്തെ നടന്ന അക്രമത്തിന്റെ തുടർച്ചയാണിതെന്നാണ് സംഭവത്തിൽ അധികൃതർ പറയുന്നത്. ആഗസ്റ്റ് 28ന് നടന്ന ഏഷ്യാ കപ്പ് മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ തോൽപ്പിച്ചതിന് പിന്നാലെ ലെസ്റ്റർ സിറ്റിയിലാണ് ആദ്യം അക്രമം പൊട്ടിപ്പുറപ്പെട്ടത്.

നഗരത്തിന്റെ കിഴക്കൻ ഭാഗത്തെ തെരുവുകളിൽ നൂറുകണക്കിന് ആളുകൾ തിങ്ങിനിറഞ്ഞതിന് ശേഷമാണ് രാത്രിയിൽ അക്രമ ശ്രമം അരങ്ങേറിയത്. ഏഷ്യ കപ്പിന് ശേഷം ഇത്തരത്തിലുള്ള ആക്രമണങ്ങൾ വർധിക്കുന്നതായും അധികൃതർ ചൂണ്ടികാട്ടുന്നുണ്ട്.

ഇസ്ലാമിസ്റ്റുകളുടെ അക്രമത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുക്കൾ നടത്തിയ പ്രതിഷേധത്തെത്തുടർന്ന് തെരുവിൽ പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടു. ഇതിനെ തുടർന്ന് പോലീസ് സംഭവ സ്ഥലത്ത് എത്തുകയും പ്രതിഷേധക്കാരെ തിരിച്ചയയ്ക്കുകയും ചെയ്യുകയായിരുന്നു.

പ്രതിഷേധക്കാർക്ക് നേരെ ഗ്ലാസ് കുപ്പികൾ എറിഞ്ഞ് ഇസ്ലാമിസ്റ്റുകൾ പ്രതിഷേധം അലങ്കോലപ്പെടുത്താനും ശ്രമം നടത്തി. ഒരു കാവി പതാകയും ഇസ്ലാമിസ്റ്റുകൾ പോലീസിന് മുന്നിലിട്ട് അവഹേളിക്കാൻ ശ്രമം നടത്തിയതായും ആരോപിക്കുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : രാജ്യം എലിസബത്ത് രാജ്ഞിയെ യാത്രയാക്കി. ലോക നേതാക്കളും രാഷ്ട്ര തലവന്മാരും പങ്കെടുത്ത ശവസംസ്കാരം എല്ലാവിധ ആദരവുകളോടും കൂടെയാണ് നടത്തിയത്. സൈനീക അകമ്പടിയിൽ നടന്ന ചടങ്ങിന് ലോകനേതാക്കൾ ഉൾപ്പെടെ പതിനായിരക്കണക്കിന് ആളുകൾ സാക്ഷ്യം വഹിച്ചു.

വെസ്റ്റ്മിൻസ്റ്റർ ആബിയിലെ ശുശ്രൂഷകൾക്കുശേഷം ബക്കിംഗ്ഹാം കൊട്ടാരവും പിന്നിട്ടു ഹൈഡ് പാർക്കിലെ വെല്ലിങ്ടൻ ആർച്ച് വരെയുള്ള യാത്രയിൽ ചാൾസ് രാജാവും മക്കളായ വില്യമും ഹാരിയും ഉന്നത രാജകുടുംബാംഗങ്ങളും മൃതദേഹ പേടകത്തെ അനുഗമിച്ചു. സെന്റ് ജോർജ് ചാപ്പലിലെ ശുശ്രൂഷയ്ക്കായി വിൻഡ്സർ കൊട്ടാരത്തിലേക്കുള്ള പാതയായ ലോങ് വോക്കിൽ 3,000 സായുധസേനാംഗങ്ങൾ അകമ്പടി നൽകി. പള്ളിമണികൾ മുഴങ്ങി. ആചാരവെടികൾ ഉയർന്നു.

ശവസംസ്കാര ചടങ്ങിൽ, വെസ്റ്റ്മിൻസ്റ്റർ ഡീൻ രാജ്ഞിയുടെ സേവനത്തിനു ആദരാഞ്ജലി അർപ്പിച്ചു. കോമൺ‌വെൽത്ത് രാജ്ഞിയും തലവനും എന്ന നിലയിൽ നിരവധി വർഷങ്ങളായി രാജ്യത്തെ നയിച്ച രാജ്ഞിയെക്കുറിച്ച് റവ. ഡേവിഡ് ഹോയിൽ സംസാരിച്ചു.

സെന്റ് ജോർജ് ചാപ്പലിൽ വച്ചാണു രാജാധികാരചിഹ്നങ്ങൾ മൃതദേഹത്തിൽനിന്നു നീക്കം ചെയ്തത്. കഴിഞ്ഞ വർഷം അന്തരിച്ച ഭർത്താവ് ഫിലിപ്പ് രാജകുമാരനു സമീപം കിങ് ജോർജ് ആറാമൻ മെമ്മോറിയൽ ചാപ്പലിലാണ് അന്ത്യവിശ്രമം. ഇവിടെയാണു രാജ്ഞിയുടെ മാതാപിതാക്കളെയും അടക്കം ചെയ്തിട്ടുള്ളത്. യുഎസ് പ്രസിഡന്റ്‌ ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോ, ഇന്ത്യയുടെ രാഷ്ട്രപതി ദ്രൗപതി മുർമു തുടങ്ങിയവരും സംസ്കാര ചടങ്ങിൽ പങ്കെടുത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- യുഎസിൽ അതിവേഗം വ്യാപിച്ചുകൊണ്ടിരുന്ന ഒമിക്രോണിന്റെ മറ്റൊരു വകഭേദമായ ബി എ 4.6 ബ്രിട്ടനിലും പടരുന്നതായി സ്ഥിരീകരിച്ചിരിക്കുകയാണ്. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ഓഗസ്റ്റ് 14ന് ആരംഭിച്ച ആഴ്ചയിൽ, ഏകദേശം 3.3% സാമ്പിളുകളാണ് ബി എ 4.6 ആണെന്ന് സ്ഥിരീകരിച്ചത്. ഇത് ഏകദേശം സ്ഥിരീകരിക്കപ്പെടുന്ന കേസുകളിൽ 9% ത്തോളം ആണ് . ഇതേ അവസ്ഥ തന്നെയാണ് യുഎസ്സിലും. സെന്റർ ഫോർ ഡിസീസസ്, കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം യുഎസ്സിൽ സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ 9% ത്തോളം പുതിയ വകഭേദം മൂലമാണെന്ന് വ്യക്തമാക്കുന്നു. ലോകമെമ്പാടുമുള്ള മറ്റ് പല രാജ്യങ്ങളിലും ഈ വേരിയന്റ് തിരിച്ചറിഞ്ഞിട്ടുണ്ട്. കോവിഡ് വൈറസിന്റെ വകഭേദമായി മുൻപ് തിരിച്ചറിയപ്പെട്ട ഒമിക്രോണിന്റെ ബി എ 4 വേരിയന്റിന്റെ പിൻഗാമിയാണ് ബി എ 4.6. ബി എ 4 ആദ്യമായി 2022 ജനുവരിയിൽ ദക്ഷിണാഫ്രിക്കയിലാണ് കണ്ടെത്തിയത്. ബി എ 4.6 എങ്ങനെയാണ് ഉയർന്നുവന്നതെന്ന് പൂർണ്ണമായും വ്യക്തമല്ല. പക്ഷേ ഇത് ഒരു പുനഃസംയോജന വേരിയന്റാകാനുള്ള സാധ്യതയാണ് ശാസ്ത്രജ്ഞർ മുന്നോട്ടുവയ്ക്കുന്നത്. കോവിഡിന്റെ രണ്ട് വേരിയന്റുകൾ ഒരുമിച്ച് ഒരു വ്യക്തിയെ ബാധിക്കുമ്പോഴാണ് ഇത്തരത്തിലുള്ള പുനസംയോജനങ്ങൾ സംഭവിക്കുന്നത്.
പുതുതായി കണ്ടെത്തിയിരിക്കുന്ന ഉപവകഭേദം ബി എ 4.6 നോട് സാമ്യങ്ങൾ ഏറെയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ സാധാരണയായി വൈറസിന്റെ ഏറ്റവും പുറഭാഗത്ത് കാണുന്ന സ്പൈക്ക് പ്രോട്ടീനിൽ മാത്രമാണ് വ്യത്യാസം ഉള്ളതായി കണ്ടെത്തിയിരിക്കുന്നത്.

ഒമിക്രോൺ അതി തീവ്ര രോഗാവസ്ഥകൾ മുൻപ് ഉണ്ടാക്കാത്തത് ആശ്വാസകരമാണ്. ബി എ 4.6 വകഭേദം കൂടുതൽ ​ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെങ്കിലും ഇതിന്റെ വ്യാപന ശേഷി മറ്റ് വകഭേദങ്ങളേക്കാൾ കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കോവിഡ് വാക്സിൻ ഡോസുകൾ കൃത്യമായി സ്വീകരിച്ചവർ ബൂസ്റ്റർ ഡോസ് കൂടി സ്വീകരിക്കുന്നതാണ് അഭികാമ്യമെന്നാണ് ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദ്ദേശം. കോവിഡിന്റെ പുതിയ വകഭേദങ്ങൾ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങൾ വീണ്ടും കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ കർശനമാക്കിയിട്ടുണ്ട്. പുതിയ വകഭേദങ്ങൾക്ക് ഇതുവരെ സ്വീകരിച്ച വാക്സിനുകൾ ഫലപ്രദമാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഇത് സംബന്ധിച്ച പഠനങ്ങൾ നടന്നു വരികയാണ് . പുതിയ വകഭേദങ്ങൾ വീണ്ടും ഉണ്ടാകുന്ന സാഹചര്യത്തിൽ കോവിഡ് പൂർണമായും നീങ്ങിയിട്ടില്ല എന്നു തന്നെയാണ് സൂചനകൾ നൽകുന്നത്. അതിനാൽ തന്നെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശം ആരോഗ്യപ്രവർത്തകർ നൽകുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- യുകെയിൽ നിന്നും വിദേശത്തു നിന്നുമുള്ള ആയിരക്കണക്കിന് സായുധ സേനാംഗങ്ങൾ എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തു. സൈന്യവും രാജകുടുംബവും രാജ്ഞിയുടെ സേവനത്തിനായി ജീവിതം സമർപ്പിച്ചവരും ഉൾപ്പെട്ട ഒരു യാത്ര, വിൻഡ്‌സറിൽ ശവസംസ്‌കാരത്തിന് മുന്നോടിയായി അന്തരിച്ച രാജ്ഞിക്ക് ആഡംബരവും ആർഭാടവും നിറഞ്ഞ അന്തിമ വിടവാങ്ങൽ നൽകി. യുകെയിൽ നിന്നും കോമൺ‌വെൽത്ത് രാജ്യങ്ങളിൽ നിന്നുമുള്ള സൈനിക ഉദ്യോഗസ്ഥർ ലണ്ടനിലൂടെ മാർച്ച് നടത്തി. മറ്റുള്ളവർ വഴിയിൽ അണിനിരക്കുകയും, ഗാർഡ് ഓഫ് ഓണർ, മറ്റ് ആചാരപരമായ ചുമതലകൾ എന്നിവ ഏറ്റെടുത്തു നടത്തുകയും ചെയ്തു. സായുധ സേനയുടെ തലവനും അവരുടെ കമാൻഡർ-ഇൻ-ചീഫുമായി സേവനമനുഷ്ഠിച്ച രാജ്ഞിക്ക് സൈന്യവുമായി അടുത്ത വ്യക്തിപരമായ ബന്ധമായിരുന്നു ഉണ്ടായിരുന്നത്. അതിനാൽ തന്നെ രാജ്ഞിയുടെ മൃതദേഹം അന്തിമ വിശ്രമസ്ഥലമായ വിൻഡ്സർ കാസ്റ്റിലിൽ എത്തുമ്പോഴും സേനാംഗങ്ങൾ അനുഗമിച്ചു. തിങ്കളാഴ്ച നടന്ന ആദ്യത്തേ യാത്രയിൽ ശവസംസ്കാര ശുശ്രൂഷയ്ക്കായി രാജ്ഞിയുടെ മൃതദേഹം വെസ്റ്റ്മിൻസ്റ്റർ ആബിയിലേക്ക് കൊണ്ടുപോയി. അതിനുശേഷം രണ്ടാമത്തെ യാത്രയിൽ വെസ്റ്റ് മിനിസ്റ്റർ ആബിയിൽ നിന്നും മൃതദേഹം വെല്ലിങ്ടൺ ആർച്ചിലേക്ക് എത്തിച്ചു. അതിനുശേഷം പിന്നീട് മൃതദേഹം അന്തിമ വിശ്രമസ്ഥലമായ വിൻഡ്സർ കാസ്റ്റിലിലേക്ക് കൊണ്ടുപോകാനായി ഔദ്യോഗിക വാഹനത്തിലേക്ക് മാറ്റുകയും ചെയ്തു.

മൃതദേഹം വഹിച്ചുകൊണ്ടുള്ള സെൻട്രൽ ലണ്ടനിലൂടെയുള്ള യാത്രയായിരുന്നു ഏറ്റവും ശ്രദ്ധേയം. റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിന്റെ നേതൃത്വത്തിലുള്ള ഏഴ് ഗ്രൂപ്പുകളാണ് യാത്രയ്ക്ക് നേതൃത്വം നൽകിയത്. ഓരോരുത്തർക്കും അവരുടേതായ ബാൻഡും ഉണ്ടായിരുന്നു. അവരോടൊപ്പം തന്നെ യുകെ, കോമൺവെൽത്ത് എന്നിവിടങ്ങളിൽ നിന്നുള്ള സായുധ സൈനികരും , പോലീസും, എൻ എച്ച് എസും യാത്രയിൽ ഉൾപ്പെട്ടിരുന്നു. രാജ്ഞിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള പെട്ടിക്ക് മേലെ റോയൽ സ്റ്റാൻഡേർഡ്, ഇംപീരിയൽ സ്റ്റേറ്റ് ക്രൗൺ, രാജ്ഞിയുടെ കിരീടം പോലുള്ള ഔദ്യോഗിക ബഹുമതികൾ വെച്ചിരുന്നു. റോയൽ നേവിയുടെ ക്യാരേജിൽ ആയിരുന്നു മൃതദേഹം വഹിച്ചുകൊണ്ടുള്ള പെട്ടി ഉണ്ടായിരുന്നത്.

ഫിലിപ്പ് രാജകുമാരന്റെ അമ്മയുടെ സഹോദരനായ മൗണ്ട് ബാറ്റൺ പ്രഭുവിന്റെ ശവസംസ്കാര ചടങ്ങുകൾക്കായി 1979-ലാണ് ഈ ക്യാരിയെജ് അവസാനമായി ഉപയോഗിച്ചത്. രാജ്ഞിയുടെ മൃതദേഹത്തെ ഗ്രനേഡിയർ ഗാർഡ്‌സ്, യോമെൻ ഓഫ് ദി ഗാർഡ്, റോയൽ കമ്പനി ഓഫ് ആർച്ചേഴ്‌സ് എന്നിവരെല്ലാം തന്നെ അനുഗമിച്ചു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട രാജാവും മക്കളായ വില്യം രാജകുമാരനും ഹാരി രാജകുമാരനും ഉൾപ്പെടെ രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങളും പിന്നാലെയെത്തി. രാജകുടുംബത്തിലെ മറ്റു അംഗങ്ങളും അവർക്കൊപ്പം ചേർന്നു. കാമില രാജ്ഞി, വെയിൽസ് രാജകുമാരി, വെസെക്‌സിലെ കൗണ്ടസ്, ഡച്ചസ് ഓഫ് സസെക്‌സ് എന്നിവർ കാറുകളിൽ ഘോഷയാത്രയെ അനുഗമിച്ചു. അവരുടെ പിന്നിൽ ആൻഡ്രൂ രാജകുമാരന്റെ പുത്രിമാരായ ബിയാട്രീസും യൂജെനിയും ഉണ്ടായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: എലിസബത്ത് ​രാജ്ഞിയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ എത്തി. വെസ്റ്റ് മിനിസ്റ്റർ ഹാളിലൂടെ മുന്നോട്ട് പോകുന്നതിന് മുമ്പ് ബൈഡൻ നെഞ്ചിൽ കൈ തൊടുകയും രാജ്ഞിയ്ക്ക് ബഹുമാന സൂചകമായി സല്യൂട്ട് നൽകുകയും ചെയ്തു. യുകെയിലെ യുഎസ് അംബാസഡർ ജെയ്ൻ ഹാർട്ട്‌ലിയും ബൈഡനൊപ്പമുണ്ടായിരുന്നു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഭാര്യ ബ്രിജിറ്റും വെസ്റ്റ്മിൻസ്റ്റർ കൊട്ടാരത്തിലേക്ക് എത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ബൈഡന്റെ സന്ദർശനം. സഹായികളും സെക്യൂരിറ്റി ഗാർഡുകളും ഉള്ള സെൻട്രൽ ലണ്ടനിലൂടെ നടക്കുമ്പോൾ ഇരുവരും സൺഗ്ലാസ് ധരിച്ചിരുന്നു. രാജ്ഞിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച ശേഷം ബൈഡനും മാക്രോണും ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തി ചാൾസ് രാജാവിനും മറ്റ് നിരവധി ലോക നേതാക്കന്മാർക്കുമൊപ്പം സൗഹൃദം പങ്കിടുകയും ചെയ്തു.

ബുധനാഴ്ച മുതലേ‍ രാജ്ഞിയുടെ മൃതദേഹം വെസ്റ്റ്മിൻസ്റ്റർ ഹാളിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ധാരാളം പേരാണ് ദിനംതോറും എത്തുന്നത്. പല ദിവസങ്ങളിലും തിരക്ക് നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല എന്നും അധികൃതർ വ്യക്തമാക്കുന്നു. സ്കോട്ട്‍ലൻഡിലെ വേനൽക്കാലവസതിയായ ബാൽമോറിലായിരുന്നു രാജ്ഞിയുടെ അന്ത്യം. ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും അധികം കാലം അധികാരത്തിലിരുന്ന ഭരണാധികാരിയായിരുന്ന രാജ്ഞി ഇനി മണ്ണിലേക്ക് മടങ്ങുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- എലിസബത്ത് രാജ്ഞിയുടെ മരണം രാജ്യത്തുടനീളമുള്ള ജനങ്ങളിൽ വിവിധ തരത്തിലുള്ള ആഘാതങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഭൂരിഭാഗം ജനങ്ങളും തങ്ങളുടെ നേതാവിനെ നഷ്ടപ്പെട്ട ദുഃഖത്തിലും വേദനയിലുമാണ്. റോയൽ കുടുംബത്തെ പിന്തുണയ്ക്കുന്നവർക്ക് ഈ മരണം നിരവധി പതിറ്റാണ്ടുകൾ നീണ്ട നീതിയുക്തമായ ഭരണത്തിന്റെ അവസാനമാണ്. എന്നാൽ മറ്റനേകം പേർക്ക് സ്വന്തം കുടുംബത്തിലെ തന്നെ ഒരു മുത്തശ്ശി മരിച്ച ദുഃഖമാണ് രാജ്ഞിയുടെ മരണം ഉളവാക്കുന്നത്. ഇത്തരത്തിലുള്ള വിവിധ മാനസികാവസ്ഥകളിലൂടെയാണ് ജനങ്ങൾ കടന്നുപോകുന്നത് എന്നതിന്റെ സാഹചര്യത്തിൽ, സൈക്കോളജിസ്റ്റായ ഡോക്ടർ എലിസബത്ത് പാഡോക്ക് ഈ സാഹചര്യങ്ങളെ നേരിടുന്നതിന് ജനങ്ങളെ പ്രാപ്തരാക്കുവാൻ തന്റെ ഉപദേശങ്ങളുമായി മുന്നോട്ടു വന്നിരിക്കുകയാണ്. മിറർ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ തന്റെ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞത്. നിലവിലെ സാഹചര്യങ്ങളിൽ ഒരിക്കലും കാണാത്തയാൾക്ക് വേണ്ടി പോലും അവരുടെ മരണത്തിൽ ഒരാളുടെ ഹൃദയത്തിൽ ദുഃഖം ഉണ്ടാകാമെന്ന് അവർ വ്യക്തമാക്കി. ഇത്തരമൊരു അവസ്ഥയെയാണ് കളക്ടീവ് ഗ്രീഫ് എന്ന് വിളിക്കുന്നതെന്നും അവർ പറഞ്ഞു. ഇത്തരമൊരു സാഹചര്യം തികച്ചും സാധാരണമാണ്.

രാജ്ഞിയുടെ മരണം ബ്രിട്ടനിലെ ജനങ്ങളെ കൂടുതൽ ആഘാതത്തിൽ ആക്കിയിട്ടുണ്ട്. അതിനു കാരണം നീണ്ടകാലം രാജ്യത്തിന്റെ എല്ലാ പ്രമുഖ പരിപാടികളിലും രാജ്ഞിയുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്നത് തന്നെയാണ്. അതോടൊപ്പം തന്നെ ഇനിയൊരു പുതിയ ഭരണാധികാരി എങ്ങനെയാകും എന്ന് ആശങ്കയും ജനങ്ങളുടെ മനസ്സിൽ ഉണ്ടെന്ന് പാഡോക്ക് വ്യക്തമാക്കി. അതോടൊപ്പം തന്നെ കോവിഡ് കാലത്തിന്റെ പ്രതിസന്ധികൾ ഒക്കെ ജനങ്ങളുടെ മനസ്സിൽ ചിലപ്പോഴെങ്കിലും ഉണ്ടാക്കിയ പ്രത്യാഘാതങ്ങളും ഇപ്പോഴത്തെ ദുഃഖത്തിന് ആക്കം കൂട്ടുന്നു. രാജ്യത്തുടനീളമുള്ള ഈ ദുഖാചരണം ജനങ്ങൾക്ക് തങ്ങളുടെ ദുഃഖങ്ങളെ തുറന്നുപറയുവാൻ സഹായിക്കുമെന്നും അവർ വ്യക്തമാക്കി. അതിനാൽ തന്നെ ജനങ്ങൾ അത്തരമൊരു അവസരം പ്രയോജനപ്പെടുത്തണമെന്നും അവർ ഓർമ്മിപ്പിച്ചു.

Copyright © . All rights reserved