Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കുടിയേറ്റം കുറയ്ക്കുന്നതിനൊപ്പം കൂടുതൽ തൊഴിലവസരങ്ങളിൽ തദ്ദേശീയരെ നിയമിക്കുന്നതിനായാണ് പുതിയ കുടിയേറ്റ നയം നടപ്പിലാക്കിയതെന്നുള്ള വിവരങ്ങൾ പുറത്തുവന്നു. യുകെ ഗവൺമെൻറിൻറെ ഔദ്യോഗിക വെബ്സൈറ്റായ www.gov.uk യിലാണ് ഇതിൻറെ വിവരങ്ങൾ ഉൾപ്പെടുത്തിയ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിദഗ്ധ തൊഴിലാളികളായി യുകെയിൽ എത്തുന്നവരുടെ ശമ്പള പരുധി സർക്കാർ 26, 200 പൗണ്ടില്‍ നിന്ന് 38,700 പൗണ്ട് ആയി ഉയർത്തിയത് ഈ ലക്ഷ്യം വെച്ചാണ് . കഴിഞ്ഞവർഷം 3 ലക്ഷം പേരാണ് ഈ വിഭാഗത്തിൽ യുകെയിൽ എത്തിയത്. ഈ വർഷം യുകെയിലെത്തുന്ന തൊഴിലാളികളുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.

പല കമ്പനികളും വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നതിന്റെ പ്രധാന കാരണം അവർക്ക് ശമ്പളം കുറച്ചു കൊടുത്താൽ മതി എന്നതായിരുന്നു . എന്നാൽ അടിസ്ഥാന ശമ്പള പരുധി ഉയർത്തിയതിലൂടെ വിദേശ തൊഴിലാളികൾക്ക് കുറച്ചു ശമ്പളം കൊടുത്ത് കൂടുതൽ ലാഭം കൊയ്യാം എന്ന കമ്പനികളുടെ പഴയകാല സമീപനം തുടരാനാവില്ല. തത്ഫലമായി കമ്പനികൾ തദേശീയരായ ബ്രിട്ടീഷുകാർക്ക് ജോലി കൊടുക്കാൻ നിർബന്ധിതരാകും എന്നാണ് ഗവൺമെൻറ് കണക്കു കൂട്ടുന്നത്. ചുരുക്കം പറഞ്ഞാൽ ഇനി തദേശീയരായ തൊഴിലാളികൾ ഇല്ലെങ്കിൽ മാത്രമേ വിദേശികൾക്ക് യുകെയിൽ ജോലി ലഭിക്കുകയുള്ളൂ.

ബ്രിട്ടനിലേയ്ക്കുള്ള കുടിയേറ്റം കുറയ്ക്കാൻ ഒട്ടേറെ നടപടികളാണ് കഴിഞ്ഞവർഷം സർക്കാർ നിലവിൽ കൊണ്ടുവന്നത്. കുതിച്ചുയരുന്ന കുടിയേറ്റത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഭരണപക്ഷത്തു നിന്നും പ്രതിപക്ഷത്തു നിന്നും ഉയർന്നു വന്നിരുന്നത്. കുടിയേറ്റം കുറയ്ക്കാനുള്ള നടപടികൾ ഏറ്റവും കൂടുതൽ ബാധിച്ചത് മലയാളികളെയാണ്. പുതിയ നയങ്ങൾ നടപ്പിലാക്കി തുടങ്ങിയതോടെ കെയർ വിസയിലും സ്റ്റുഡൻറ് വിസയിലും യുകെയിൽ എത്തുന്ന മലയാളികളുടെ എണ്ണത്തിൽ വൻ കുറവാണ് ഉണ്ടായിരിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആത്മഹത്യ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ദൃക്സാക്ഷിയാകേണ്ടതായി വരുന്നത് മൂലം മാനസികാരോഗ്യ ചികിത്സാ മേഖലയിൽ ജോലി ചെയ്യുന്ന നേഴ്സുമാർ പലപ്പോഴും കടുത്ത മാനസിക സമ്മർദ്ദത്തെ നേരിടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കടുത്ത സമ്മർദ്ദം ഈ മേഖലയിൽ ജോലി ചെയ്യുന്ന നേഴ്സുമാരുടെ മനസ്സിൻറെ താളം തെറ്റുന്ന നിലയിലേയ്ക്ക് കാര്യങ്ങൾ കൊണ്ട് എത്തിക്കുകയാണ്. പല നേഴ്സുമാരും കടുത്ത മാനസികാഘാതം ഏൽക്കുന്നതിന്റെ മുഖ്യകാരണം തങ്ങളുടെ കൺമുന്നിൽ രോഗികൾ ആത്മഹത്യ ചെയ്യുന്നത് കാണാനിടയാകുന്നതാണ്.

മാനസികാരോഗ്യ മേഖലയിൽ ജോലിചെയ്യുന്ന നേഴ്സുമാർ തങ്ങളുടെ ജോലിയുടെ കാലയളവിൽ നാല് ആത്മഹത്യയ്ക്ക് വരെ ദൃക്സാക്ഷിയാകേണ്ടതായി വരുന്നതായാണ് റോയൽ കോളേജ് ഓഫ് സൈക്കാട്രിസ്റ്റിന്റെ ഗവേഷണത്തിൽ കണ്ടെത്തിയത് . ഇത്തരം സംഭവങ്ങളോടെ മാനസികരോഗികളെ പരിപാലിക്കേണ്ട നേഴ്സുമാരുടെ മാനസികാരോഗ്യം താളം തെറ്റുന്ന സംഭവങ്ങൾ നിരവധിയാണ് . ഇത്തരം സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.


നേഴ്സുമാർ നേരിടുന്ന വൈകാരികമായ ആഘാതം അവർക്കു മാത്രമല്ല ഭാവിയിൽ അവരുടെ രോഗി പരിചരണത്തെയും സാരമായി ബാധിക്കും. ഇത്തരം അവസ്ഥയിൽ കൂടി കടന്നു പോകുന്ന നേഴ്സുമാർക്ക് കൂടുതൽ വൈകാരിക പിന്തുണയും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ ജോലിചെയ്യുന്ന സ്ഥാപനത്തിൻ്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് റോയൽ കോളേജ് ഓഫ് സൈക്കാട്രിസ്റ്റ് ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ പ്രധാന എയർപോർട്ടുകളായ ഹീത്രു , ഗാറ്റ് വിക്ക്, മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് ഉടനെയൊന്നും തങ്ങളുടെ ഹാൻഡ് ലഗേജിൽ 100 മില്ലി ദ്രാവകത്തിൽ കൂടുതൽ കൊണ്ടുപോകാൻ സാധിക്കില്ല. നിലവിൽ അനുവദിച്ചിരിക്കുന്ന പരുധി 100 മില്ലി മാത്രമാണ്. ജൂൺ 1 മുതൽ ഈ നിയന്ത്രണം മാറ്റുന്നതിനുള്ള അനുമതി നൽകിയിരുന്നു. പുതിയ സ്കാനറുകൾ സ്ഥാപിച്ചിട്ടില്ലാത്തതിനാൽ സുരക്ഷാകാരണങ്ങളാൽ ഇത് ഉടനെ നടപ്പിലാക്കാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.

യുകെയിലെ എയർപോർട്ടുകളിൽ നിയന്ത്രണം എടുത്തുകളയുന്നതിനുള്ള കാലതാമസം ഒരു വർഷം വരെ നീണ്ടേക്കാം എന്നാണ് വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ 2025 ജൂൺ വരെ യാത്രക്കാർക്ക് ഹാൻഡ് ലഗേജിൽ നിന്ന് ദ്രാവകങ്ങളും മറ്റും നീക്കം ചെയ്യുന്നത് തുടരേണ്ടിവരും. യുകെയിൽ അനുവദിച്ച സമയപരിധിക്കുള്ളിൽ സാങ്കേതികവിദ്യ ഉൾപ്പെടുത്താത്ത വിമാനത്താവളങ്ങൾക്ക് സിവിൽ എവിയേഷൻ അതോറിറ്റി സാമ്പത്തിക പിഴ ചുമത്തുമെന്ന് ഡി എഫ് ടി അറിയിച്ചിട്ടുണ്ട്. 2006 -ൽ വിമാനത്തിൽ ബോംബ് വയ്ക്കാനുള്ള ഒരു ഗൂഢാലോചന പുറത്തുവന്നതിനെ തുടർന്നാണ് 100 മില്ലി ദ്രാവക പരുധി നിശ്ചയിച്ചിരിക്കുന്നതും അനുബന്ധ നിയന്ത്രണങ്ങൾ നിലവിൽ വരുകയും ചെയ്തത്.

പുതിയ സ്കാനറുകൾ സ്ഥാപിക്കുന്നതോടെ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ലഗേജുകളിൽ ഉള്ള സാധനങ്ങളുടെ ത്രീഡി ഇമേജുകൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ നിരോധിത സാധനങ്ങൾ ലഗേജിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് മനസ്സിലാക്കാൻ സാധിക്കും . ഇതിലൂടെ വലിയ അളവിൽ ദ്രാവകങ്ങൾ അനുവദിക്കുന്നതിനും ലാപ്ടോപ്പുകൾ പോലുള്ള ഇലക്ട്രോണിക് സാധനങ്ങൾ ബാഗിൽ നിന്ന് പുറത്തുവച്ച് പരിശോധിക്കേണ്ടതിന്റെ ആവശ്യകത ഒഴിവാക്കാനും സാധിക്കും.നിലവിൽ ടീസൈഡ്, ലണ്ടൻ സിറ്റി, ബർമിംഗ്ഹാം തുടങ്ങിയ ചെറിയ വിമാനത്താവളങ്ങളിൽ പുതിയ സുരക്ഷാ സ്ക്രീനിംഗ് സാങ്കേതികവിദ്യയുണ്ട്

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽനിന്ന് ഭക്ഷ്യ ഇറക്കുമതിക്കുള്ള ഫീസ് സർക്കാർ പുറത്തു വിട്ടു. ഇതോടെ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വിലയിൽ വൻവർദ്ധനവ് ഉണ്ടാകുമെന്ന് ഉറപ്പായി. ഏപ്രിൽ 30 മുതലാണ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്ന് ഇറക്കമതി ചെയ്യുന്ന ഭക്ഷ്യ ഉത്പന്നങ്ങൾക്ക് ഫീസ് നിലവിൽ വരുന്നത്. മത്സ്യം, മീറ്റ്, സോസേജ്, ചീസ്, തൈര് തുടങ്ങിയ ഭക്ഷ്യ ഉത്പന്നങ്ങളുടെ ചെറുകിട ഇറക്കുമതിക്ക് ഫീസ് ബാധകമാവും.

ഡിപ്പാർട്ട്‌മെൻ്റ് ഫോർ എൻവയോൺമെൻ്റ്, ഫുഡ് ആൻഡ് റൂറൽ അഫയേഴ്‌സ് (DEFRA) പ്രഖ്യാപിച്ചത് അനുസരിച്ച് £145 വരെയാണ് ചെറുകിട ഭഷ്യ ഇറക്കുമതിക്ക് ഈടാക്കുന്നത് . ഈ നടപടി സാധാരണക്കാർക്ക് ഇരുട്ടടിയാകുമെന്ന വിമർശനം ശക്തമാണ്. ഈ തീരുമാനം ഭക്ഷ്യവിലയിൽ വർദ്ധനവ് ഉണ്ടാക്കുമെന്നു മാത്രമല്ല സൂപ്പർമാർക്കറ്റ് ഷെൽഫുകളിൽ തിരഞ്ഞെടുക്കാനുള്ള സാധനങ്ങളുടെ എണ്ണത്തിലും വൻ കുറവ് വരുത്തിയേക്കും . പുതിയ നിരക്കുകൾ ഭക്ഷ്യവിലയെ കാര്യമായി ബാധിക്കുമെന്ന് കോൾഡ് ചെയിൻ ഫെഡറേഷൻ ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭക്ഷ്യ വിതരണ ശൃംഖലയിലെ വർധിച്ചുവരുന്ന ചിലവുകൾ സാധാരണക്കാർക്ക് കൈമാറാനുള്ള സാധ്യതയുണ്ടെന്നാണ് കോൾഡ് ചെയിൻ ഫെഡറേഷൻ ചീഫ് എക്സിക്യൂഷൻ ഫീൽ പ്ലക്ക് പറഞ്ഞത്.

ഫീസിന്റെ പെട്ടെന്നുള്ള പ്രഖ്യാപനവുമായി കമ്പനികൾക്ക് പൊരുത്തപ്പെടാൻ കുറച്ച് സമയം എടുക്കുമെന്നും ഇത് ബ്രെക്സിറ്റിന് ശേഷമുള്ള വ്യാപാര നിയന്ത്രണങ്ങളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വങ്ങൾ വർധിപ്പിക്കാനും ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയിൽ കുറവുണ്ടാക്കുമെന്നുമാണ് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്. എന്നാൽ രാജ്യത്തിൻറെ ബയോ സെക്യൂരിറ്റി കാത്തുസൂക്ഷിക്കാനും ഭക്ഷ്യ ഇറക്കുമതിയുടെ പശ്ചാത്തലത്തിൽ പൊതുജനാരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനും പരിശോധനകളും ജൈവ സുരക്ഷാ നടപടികളും ശക്തമാക്കുന്നതിനായി ഫീസ് അനിവാര്യമാണെന്നാണ് സർക്കാർ നിലപാട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടീഷ് പാർലമെൻറ് അംഗങ്ങളെയും അവരുടെ സ്റ്റാഫിനെയും ലക്ഷ്യം വെച്ച് സൈബർ ഹണി ട്രാപ്പ് ആക്രമണം നടന്നതായുള്ള വിവരങ്ങൾ പുറത്തുവന്നു. 12 ഓളം എംപിമാരും മുതിർന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ പത്രപ്രവർത്തകരുമാണ് ഹണി ട്രാപ്പിന് ഇരയായതെന്നാണ് റിപ്പോർട്ടുകൾ . നിലവിലെ ഒരു മന്ത്രിയും സൈബർ ഹണി ട്രാപ്പ് ആക്രമണത്തിൽ അകപ്പെട്ടന്നാണ് റിപ്പോർട്ടുകൾ.

ഇരകൾക്ക് നഗ്ന ദൃശ്യങ്ങളും സന്ദേശങ്ങളും അയക്കുകയും രഹസ്യ വിവരങ്ങൾ ഹണി ട്രാപ്പിലൂടെ കൈക്കലാക്കാനുമാണ് ശ്രമം നടന്നത്. ആക്രമണം നടത്തിയവർ ഇരകളായവരെ കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു . ആക്രമണത്തിന് പിന്നിൽ ശക്തമായ ആസൂത്രണം നടന്നിട്ടുണ്ട്. ഇതിനു പിന്നിൽ ഒരു വിദേശ രാജ്യം ഉൾപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഹണി ട്രാപ്പ് നടത്തി രഹസ്യ വിവരങ്ങൾ വെളിപ്പെടുത്താൻ പ്രേരിപ്പിക്കുകയായിരുന്നു സൈബർ അറ്റാക്കിന്റെ ലക്ഷ്യമെന്നാണ് കരുതപ്പെടുന്നത്. അബി , ചാർലി എന്നീ അപരനാമങ്ങളിൽ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നത് .

സൈബർ സുരക്ഷയെക്കുറിച്ച് മുന്നറിയിപ്പ് സഹിതം ഹൗസ് ഓഫ് കോമൺസ് എല്ലാ എംപിമാർക്കും ഇമെയിൽ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത് . കഴിഞ്ഞ വേനൽക്കാലത്ത് സമാനമായ ആക്രമണത്തെ കുറിച്ച് ടോറി എംപിമാർക്ക് ജാഗ്രത പാലിക്കാൻ പാർട്ടി തലത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നതായി മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു . തീരെ പരിമിതമായ ഓൺലൈൻ പ്രൊഫൈൽ ഉള്ള വ്യക്തികളെ കുറിച്ചുള്ള വിശദാംശങ്ങൾ ഇതിന് പിന്നിൽ പ്രവർത്തിച്ചവർ കണ്ടെത്തിയിരുന്നു. ഉന്നതസ്ഥാനത്ത് ഇരിക്കുന്നവരെ ഹണി ട്രാപ്പിൽ വീഴ്ത്തി ബ്ലാക്ക് മെയിൽ ചെയ്ത് രാജ്യ സുരക്ഷയെ ബാധിക്കുന്ന രഹസ്യങ്ങൾ ചോർത്തുകയാണ് ഇതിന് പിന്നിലെന്നാണ് പൊതുവെ കരുതുന്നത് . കൺസർവേറ്റീവ് നേതാവ് സർ ഇയൻ ഡങ്കൻ സ്മിത്ത് സംഭവത്തെ ജനാധിപത്യത്തിനെതിരായ ആക്രമണമാണെന്നാണ് അപലപിച്ചത്.

രാഷ്ട്രീയകാര്യ ലേഖകൻ , മലയാളം യുകെ

2019 ലെ ലോക്സഭാ ഇലക്ഷനിൽ കോൺഗ്രസ് നയിച്ച യുഡിഎഫ് കേരളത്തിലെ 20 സീറ്റിൽ 19 ഉം തൂത്തുവാരി .  ഇതിനു മുമ്പ് 200 9-ൽ 16 സീറ്റ് നേടിയതൊഴിച്ചാൽ ഇത്രയും ശക്തമായ വിജയചരിത്രം യുഡിഎഫിന് ഉണ്ടായിട്ടില്ല. അവർ പോലും പ്രതീക്ഷിക്കാത്ത വിജയം ആണ് വലതുമുന്നണിക്ക്  ജനം നൽകിയത് .

വയനാട് നിയോജക മണ്ഡലത്തിൽ രാഹുൽഗാന്ധിയുടെ സ്ഥാനാർഥിത്വം മാത്രമാണോ യുഡിഎഫ് വിജയത്തിന് കാരണമായി ചൂണ്ടിക്കാണിക്കാനുള്ളത്? കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ എത്തുമെന്നും രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും ഉറച്ച വിശ്വാസത്തിലായിരുന്നു കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും. അനുഭാവികളുടെയും നിക്ഷ്പക്ഷമതികളുടെയും മാത്രമല്ല എതിർ പക്ഷത്തിന്റെയും വോട്ടുകളും തങ്ങളുടെ പെട്ടിയിലാക്കാൻ അതുകൊണ്ടുതന്നെ യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി . തിരഞ്ഞെടുപ്പ് കാലത്ത് മധ്യ തിരുവിതാംകൂർ ഉൾപ്പെടെയുള്ള മിക്ക സ്ഥലങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ അടിയുറച്ച കോൺഗ്രസുകാരനായ ഒരു ബർമിങ്ഹാം മലയാളി മലയാളം യുകെയോട് പറഞ്ഞത് ഇങ്ങനെയാണ്.

2019 -ൽ യുഡിഎഫ് തങ്ങളുടെ മുൻനിര സ്ഥാനാർത്ഥികളെയാണ് അണിനിരത്തിയത്. രാഹുൽഗാന്ധിയും കൂടി ഒപ്പം ചേർന്നപ്പോൾ ആത്മവിശ്വാസത്തിന്റെ തേരോട്ടമാണ് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഉടനീളം യുഡിഎഫ് സ്ഥാനാർത്ഥികൾ നടത്തിയത് . പലരും നാളുകളായി ജയിച്ചു വന്ന നിയമസഭാ മണ്ഡലങ്ങളെ ഉപേക്ഷിച്ച് ലോക്സഭാ ഇലക്ഷനിറങ്ങി. തങ്ങളുടെ സർക്കാർ അധികാരത്തിൽ വരുമെന്നും ഭരണത്തിന്റെ സിരാകേന്ദ്രമായ ഡൽഹിയിൽ തിളങ്ങാമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു സ്‌ഥാനാർത്ഥികൾ . കോൺഗ്രസ് അധികാരത്തിലെത്തിയാൽ മന്ത്രിയാകാമെന്ന് യുഡിഎഫ് സ്ഥാനാർത്ഥികളിൽ പലരും കരുതിയിരുന്നു . ഒത്തുപിടിച്ചാൽ ആനയും പോരും. യുഡിഎഫ് ഒത്തുപിടിച്ചു . ജനം വോട്ട് ചെയ്തു. 20-ൽ 19 സീറ്റും യുഡിഎഫ് നേടി. 77.68 % ആയിരുന്നു കേരളത്തിലെ പോളിംഗ് ശതമാനം. യുഡിഎഫ് 47.5 % വോട്ട് നേടിയപ്പോൾ 41.3 % വോട്ടാണ് എൽഡിഎഫിന് ലഭിച്ചത്. 10 -നും 15 ശതമാനത്തിനും ഇടയിൽ വോട്ടുകളാണ് ബിജെപി ഓരോ മണ്ഡലത്തിലും നേടിയത്.

2024 ലെ സ്ഥിതി വ്യത്യസ്തമാണ്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താല്പര്യമില്ലെന്ന് വ്യക്തമാക്കിയവരാണ് പല സ്ഥാനാർത്ഥികളും. അതിൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കെട്ടുറപ്പില്ലാത്ത ഇന്ത്യാ മുന്നണിയും ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളും അനുദിനം കോൺഗ്രസിന്റെ സാധ്യതകളെ ദുർബലമാക്കി കൊണ്ടിരിക്കുന്നു . അതു മാത്രമല്ല അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അധികാരത്തിൽ വരികയാണെങ്കിൽ മന്ത്രി ആകാനും മുഖ്യമന്ത്രി ആകാനും വരെ അവകാശവാദമുന്നയിക്കാൻ ശക്തരാണ് പല യുഡിഎഫ് സ്ഥാനാർത്ഥികളും. ആ ഒരു ഇച്ഛാഭംഗം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പല കോൺഗ്രസ് സ്ഥാനാർത്ഥികൾക്കും ഉണ്ടോ?

ഇപ്പോഴും ജനം ചോദിക്കുന്ന ചോദ്യമുണ്ട്? എന്തുകൊണ്ട് കോൺഗ്രസിന് പുതിയ രണ്ടാം നിര നേതാക്കളെ വളർത്തി കൊണ്ടുവരാൻ സാധിക്കുന്നില്ല? അല്ലെങ്കിൽ പുതിയ നേതാക്കൾക്ക് തിരെഞ്ഞെടുപ്പിൽ അവസരം കൊടുക്കുന്നില്ല?

ചുവരെഴുത്ത്

കഴിഞ്ഞ രണ്ടാഴ്ചയായി നാട്ടിൽ ഉണ്ടായിരുന്ന ഓവർസീസ് കോൺഗ്രസിൻ്റെ പ്രവർത്തകനും ലണ്ടൻ മലയാളിയുമായ ടോണി ചെറിയാന്റെ അഭിപ്രായത്തിൽ 20 സീറ്റിലും കോൺഗ്രസിന് ശുഭപ്രതീക്ഷയാണ് ഉള്ളത്. അതിന് അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന പ്രധാനകാരണം ശക്തമായ ഭരണവിരുദ്ധ വികാരമാണ്. പക്ഷേ ഒരു പ്രതിപക്ഷ പാർട്ടി എന്ന നിലയിൽ കേന്ദ്രത്തിലെയും കേരളത്തിലെയും സർക്കാരുകൾക്കെതിരെ ഭരണവിരുദ്ധ വികാരം ഫലപ്രദമായി പ്രയോജനപ്പെടുത്തുവാൻ    യുഡിഎഫിന് സാധിച്ചോ എന്ന ചോദ്യത്തിന് ഉത്തരം നൽകുന്നത് വരാൻ പോകുന്ന തിരഞ്ഞെടുപ്പ് ഫലമായിരിക്കും

വിറാലിലെ മലയാളികളുടെ കൂട്ടായ്മയായ കേരള കമ്മ്യൂണിറ്റി വിറാൽ ഈ ശനിയാഴ്ച ആറാം തീയതി വൈകുന്നേരം അഞ്ചുമണി മുതൽ പോർട്ട് സൺലൈറ്റ് ഹ്യൂമഹാളിൽ വച്ച് അണിയിച്ചൊരുക്കുന്ന EVE 24 ഈസ്റ്റർ,വിഷു, ഈദ് പ്രോഗ്രാം.  വിറാലിൻ്റെ  പാചക നൈപുണ്യം ആൻ്റോ  ജോസ്  ഒരുക്കുന്ന നാടൻ     വിഭവങ്ങളുടെയും വിറാലിൻ്റെ സ്വന്തം ഗായകരുടെ  ഗാനമേളയുടെയും  അകമ്പടിയോടെ നടക്കുന്നു.

യുകെയിലെ തന്നെ പ്രശസ്തരായ വൈസ് ഫൈനാൻഷ്യൽ സർവീസിന്റെ സ്പോൺസർഷിപ്പിൽ അണിയറ പ്രവർത്തനങ്ങൾ വിജയകരമായി നടക്കുന്ന കാര്യം ഓർഗനൈസിംഗ് കമ്മറ്റി  ചെയർമാൻ ഷിബു മാത്യു  അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്ക്.

സിൻഷോ മാത്യു 07859033403.
ഷിബു മാത്യു 07473882988

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- പ്രാഥമിക ജോലിക്ക് പുറമേ തൊഴിലുടമയെ അറിയിക്കാതെ ഒരാൾ ഇതര ജോലികളിൽ ഏർപ്പെടുന്നതിനാണ് ‘മൂൺലൈറ്റിങ്ങ് ‘ എന്ന പദപ്രയോഗം ഉപയോഗിക്കുന്നത്. ഇത്തരത്തിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും വിദ്യാഭ്യാസം നേടിയ ഒരു ജൂനിയർ ഡോക്ടർ എൻഎച്ച്എസിൽ നിന്നും സിക്ക് ലീവ് നേടി ഒരു സ്വകാര്യ കോസ്‌മെറ്റിക് സർജറി ക്ലിനിക്കിൽ ജോലി ചെയ്തതിനെ തുടർന്ന് അദ്ദേഹത്തെ എൻഎച്ച്എസ് സസ്പെൻഡ് ചെയ്തിരുന്നു. മുപ്പത്തിനാലുകാരനായ ഡോക്ടർ ഡാനിയൽ കവെൻട്രിയാണ് ഇത്തരത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ടത്. എന്നാൽ ഇപ്പോൾ അദ്ദേഹത്തെ വീണ്ടും എൻഎച്ച്എസ് തിരിച്ചെടുത്തിരിക്കുകയാണ് എന്ന വാർത്തയാണ് പുറത്ത് വരുന്നത്. പ്രതിവർഷം 35,000 പൗണ്ട് ലഭിക്കുന്ന എൻഎച്ച്എസ് ജോലിയിൽ നിന്നാണ് സിക്ക് ലീവ് നേടി അദ്ദേഹം മറ്റൊരു സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്തത്. തന്റെ അഹങ്കാരത്തിനും ബോധപൂർവ്വമല്ലാത്ത പെരുമാറ്റത്തിനുമെല്ലാം കവെൻട്രി മാപ്പ് പറഞ്ഞതിനെ തുടർന്നാണ് ഇത്തരം ഒരു തിരിച്ചെടുക്കൽ എന്നാണ് വ്യക്തമാകുന്നത്. എന്നിരുന്നാലും, കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, ഗുരുതരമായ പ്രൊഫഷണൽ വീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് കവൻട്രിയെ ആറ് മാസത്തേക്ക് മെഡിക്കൽ പ്രാക്ടീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ മാസം മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് ട്രിബ്യൂണൽ സർവീസ് അദ്ദേഹത്തിന്റെ സസ്പെൻഷൻ റദ്ദാക്കുകയും, മെഡിക്കൽ പ്രാക്ടീസിലേക്ക് തിരിച്ചു മടങ്ങാൻ അനുവദിക്കുകയും ചെയ്തു.

താൻ മനഃപൂർവം ആരെയും വഞ്ചിക്കാൻ ശ്രമിച്ചിട്ടില്ലെന്നും, എന്നാൽ 2023 ട്രൈബ്യൂണലിന് മുന്നിലുള്ള തന്റെ പെരുമാറ്റം തെറ്റായിരുന്നുവെന്നും കവൻട്രി പറഞ്ഞു. ഇത്തരം ഒരു സസ്പെൻഷൻ തന്റെ വ്യക്തിത്വ വളർച്ചയ്ക്ക് കൂടുതൽ സഹായകരമായതായും കവൻട്രി വ്യക്തമാക്കി. വെസ്‌റ്റേൺ സസെക്‌സ് എൻഎച്ച്എസ് ട്രസ്റ്റിൽ കവൻട്രി ചേർന്ന് ഒരു വർഷത്തിനുശേഷം 2018 ഏപ്രിലിനും ഒക്‌ടോബറിനുമിടയിൽ ആറ് മാസകാലയളവിലാണ് അദ്ദേഹം സ്വകാര്യ ക്ലിനിക്കൽ പ്രാക്ടീസ് നടത്തിയത്. തന്റെ തെറ്റായ പെരുമാറ്റം കവൻട്രി അംഗീകരിക്കുകയും അവ തിരുത്തുവാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കിയതിനെത്തുടർന്നാണ് ഈ തിരിച്ചെടുക്കൽ എന്ന് എൻഎച്ച്എസ് വക്താവ് വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മൂന്ന് ബ്രിട്ടീഷ് പൗരന്മാർ കൊല്ലപ്പെട്ടു. ഇവരെ കൂടാതെ യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ 4 സന്നദ്ധ പ്രവർത്തകർ കൂടി ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. യുദ്ധ മേഖലയിൽ സന്നദ്ധ പ്രവർത്തനം നടത്തിയിരുന്നവരാണ് കൊല്ലപ്പെട്ട ഏഴ് പേരും . ഇസ്രയേൽ ആക്രമണത്തിൽ സന്നദ്ധ പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ അന്താരാഷ്ട്ര തലത്തിൽ വൻ പ്രതിഷേധമാണ് ഉയർന്നു വന്നിരിക്കുന്നത്. സന്നദ്ധ പ്രവർത്തകരുടെ മരണങ്ങൾ തന്നെ ആകുലപ്പെടുത്തിയെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.

തിങ്കളാഴ്ചത്തെ ആക്രമണത്തിൽ യുകെയിൽ നിന്നുള്ള ജോൺ ചാപ്മാൻ, ജെയിംസ് ഹെൻഡേഴ്സൺ, ജെയിംസ് കിർബി എന്നിവരാണ് മരണമടഞ്ഞത്. ഓസ്‌ട്രേലിയൻ പൗരനായ ലാൽസാവോമി ഫ്രാങ്കോം, പോളിഷ് പൗരനായ ഡാമിയൻ സോബോൾ, ഫലസ്തീനിയൻ സെയ്ഫ് അബു താഹ, യുഎസ്-കനേഡിയൻ പൗരനായ ജേക്കബ് ഫ്ലിക്കിംഗർ എന്നിവരാണ് ഇസ്രായേൽ ആക്രമണത്തിൽ മരണമടഞ്ഞ മറ്റുള്ളവർ. സംഭവത്തെ തുടർന്ന് യുദ്ധ മേഖലയിൽ പ്രവർത്തിച്ചു വരികയായിരുന്ന ചാരിറ്റിയുടെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

ആസൂത്രിതമല്ലാത്ത ഒരു ആക്രമണത്തിലാണ് സന്നദ്ധ പ്രവർത്തകർ കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേൽ പ്രതികരിച്ചത്. 3 ബ്രിട്ടീഷ് പൗരന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ യുകെ ഇസ്രയേലി അംബാസിഡറെ വിളിച്ചു വരുത്തി. സൗഹൃദ രാജ്യമായ ഇസ്രായേലിന്റെ അംബാസിഡറെ അതൃപ്തി രേഖപ്പെടുത്താൻ 12 വർഷത്തിനിടെ ആദ്യമായാണ് യുകെ വിളിച്ചുവരുത്തുന്നത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് പ്രധാനമന്ത്രി ഋഷി സുനക് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെത്യാനുമായുള്ള ഫോൺ സംഭാഷണത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- യുകെയുടെ പല ഭാഗത്തും ഏപ്രിൽ 1 മുതൽ നിലവിൽ വന്ന പുതിയ പാർക്കിംഗ് നിയമങ്ങൾ വാഹനങ്ങൾ ഓടിക്കുന്നവർ തികച്ചും ശ്രദ്ധയോടെ കാണേണ്ടുന്നവയാണ്. സ്‌കോട്ട്‌ ലൻഡിലെ മിഡ്‌ലോത്തിയൻ കൗൺസിൽ വാഹനമോടിക്കുന്നവർ നടപ്പാതകളിൽ അഥവാ പേവ്മെന്റുകളിൽ പാർക്ക് ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തി കഴിഞ്ഞു. ഇത്തരത്തിൽ നടപ്പാതകളിൽ പാർക്ക് ചെയ്യുന്നത് വീൽചെയർ ഉപയോഗിക്കുന്നവർക്കും വഴി നടക്കുന്നവർക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെ തുടർന്നാണ് പുതിയ നിയമങ്ങളിൽൽ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. പേവ്മെന്റ് പാർക്കിംഗ് നിരോധിക്കാനായി തങ്ങൾക്ക് കൂടുതൽ അധികാരം വേണമെന്ന ലോക്കൽ കൗൺസിലുകളുടെ ആവശ്യത്തെ സർക്കാർ മാനിക്കുകയായിരുന്നു. ലണ്ടനിൽ മാത്രമായിരുന്നു മുൻപ് പേവ്മെന്റ് പാർക്കിങ്ങുകൾ നിരോധിച്ചിരുന്നത്. എന്നാൽ യു കെയുടെ പല ഭാഗങ്ങളിലും പുതിയ നിയമങ്ങൾ ഈ മാസത്തോടെ നിലവിൽ വരും. എന്നാൽ നിയമങ്ങൾ നടപ്പിലാക്കണോ വേണ്ടയൊ എന്ന തീരുമാനം ലോക്കൽ കൗൺസിലുകളുടെ ഭാഗത്തുനിന്നാണ് ഉണ്ടാകേണ്ടത്. ഇത്തരത്തിൽ ഒരു ശക്തമായ തീരുമാനമാണ് സ്കോട്ട് ലൻഡിലെ മിഡ്‌ലോത്തിയൻ കൗൺസിലിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

പുതിയ നിയമങ്ങൾ കാൽനടയാത്രക്കാർക്കും എളുപ്പം സഞ്ചരിക്കാൻ സഹായിക്കുമെന്ന് കൗൺസിൽ മേധാവികൾ അവകാശപ്പെടുന്നു. എന്നാൽ ഇതിൽ നിന്നും വിഭിന്ന അഭിപ്രായങ്ങൾ ഉന്നയിക്കുന്ന കൗൺസിൽ അംഗങ്ങളും ഉണ്ട്. ഈ നിയമങ്ങൾ നടപ്പിലാക്കുവാൻ പ്രയാസകരമാണെന്ന് മറ്റൊരു കൗൺസിലറായ ഡെറക് മില്ലിഗൻ പറഞ്ഞു. ചിലയിടങ്ങളിൽ പാർക്കിംഗ് സ്ഥലങ്ങൾ ഇല്ലാത്തത് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അതോടൊപ്പം തന്നെ ഇത് നടപ്പിലാക്കാൻ ആവശ്യമായ ട്രാഫിക് വാർഡൻമാരുടെ അഭാവവും സംഗതികൾ പ്രശ്നത്തിലാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലനിൽക്കുന്ന ആശങ്കകൾക്കിടയിലും മിഡ്‌ലോത്തിയൻ ലോക്കൽ കൗൺസിൽ കഴിഞ്ഞയാഴ്ച ചേർന്ന യോഗത്തിൽ പുതിയ നിയമങ്ങൾ അംഗീകരിച്ചു. നിയമങ്ങൾ ലംഘിക്കുന്ന ഡ്രൈവർമാർക്ക് 100 പൗണ്ട് ഫൈൻ ഈടാക്കാനാണ് തീരുമാനം. എന്നാൽ 14 ദിവസത്തിനുള്ളിൽ ഫൈൻ അടയ്ക്കുവാൻ തയ്യാറായാൽ ഇത് 50 പൗണ്ട് ആയി കുറച്ചു നൽകാനും കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തിൽ യു കെ യുടെ പല ഭാഗങ്ങളിലും ഈ നിയമങ്ങൾ നടപ്പിലാക്കുവാൻ കൗൺസിൽ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved