Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഒൻപത് വയസ്സുകാരി സ്വന്തം വീട്ടിൽ വെടിയേറ്റ് മരിച്ച സംഭവത്തിൽ കൊലപാതക കുറ്റം ആരോപിച്ച് ഒരാൾ അറസ്റ്റിൽ. ഒലീവിയയുടെ അമ്മ ചെറിൽ തോക്കുധാരിയെ വീടിൻെറ അകത്തേക്ക് കടക്കുന്നത് തടയാൻ ശ്രമിക്കുന്നതിൻെറ ഇടയിൽ ലക്ഷ്യം തെറ്റി വെടിയുതിർക്കുകയായിരുന്നു. ഒരു ബുള്ളറ്റ് ചെറിലിന്റെ കൈത്തണ്ടയിലും മറ്റൊന്ന് മകളുടെ നെഞ്ചിലും പതിക്കുകയായിരുന്നു. മെർസിസൈഡിൽ ഒരു ഏറ്റുമുട്ടലിനു ശേഷം പോലീസ് മുപ്പത്താറുകാരനായ പ്രതിയെ അറസ്റ്റു ചെയ്തതായി വ്യക്തമാക്കി. ഇയാൾക്കെതിരെ രണ്ടു കൊലപാതകശ്രമ ആരോപണങ്ങളും നിലവിൽ ഉണ്ട്. കൊലയാളിയെ കണ്ടെത്താനുള്ള അന്വേഷണം ഉർജ്ജിതമാക്കിയ വിവരം പോലീസ് ഇന്നലെ അറിയിച്ചിരുന്നു.

തോക്കുധാരികളുടെ യഥാർത്ഥ ലക്‌ഷ്യം ജോസഫ് നീ എന്ന മുപ്പത്തഞ്ചുകാരനായിരുന്നു. പുറത്തുള്ള ബഹളം കേട്ട് ചെറിൽ കതക് തുറന്നതിന് പിന്നാലെ തോക്കുധാരി അകത്തേക്ക് കയറാൻ ശ്രമിച്ചു. ഇത് തടയുന്നതിനിടയിലാണ് ഒലിവിയയ്ക്ക് വെടിയേറ്റത്. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പരിക്കേറ്റ ചെറിൽ ആശുപത്രി വിട്ടു. സംഭവ സ്ഥലത്തിനടുത്ത് നിന്ന് ശരീരത്തിൻെറ മുകൾ ഭാഗത്ത് പരുക്കേറ്റ നിലയിൽ നീയേ കണ്ടെത്തിയിരുന്നു. ഇയാളുടെ ചികിത്സ പൂർത്തിയാക്കിയാൽ ഉടൻ തന്നെ ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ചതിന് ജയിലിലേക്ക് തിരികെവിളിക്കും. ഇയാൾക്ക് 2018 -ൽ മോഷണശ്രമത്തിനും മയക്കുമരുന്ന് വ്യാപാരത്തിനും മൂന്ന് വർഷവും ഒമ്പത് മാസവും തടവ് ശിക്ഷ ലഭിച്ചിരുന്നു. ഇതിനും മുൻപും പല കുറ്റകൃത്യങ്ങൾ ആരോപിച്ച് ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : റോയൽ മെയിൽ ജീവനക്കാർ വേതന വർദ്ധനവ് ആവശ്യപ്പെട്ട് നടത്തുന്ന സമരം കൂടുതൽ കരുത്താർജ്ജിക്കുന്നതായി റിപ്പോർട്ടുകൾ. ഇതിന്റെ ഭാ​ഗമായി 115,000 തപാൽ ജീവനക്കാർ ഇന്ന് പണിമുടക്കുകയാണ്. ഓഗസ്റ്റ് 31, സെപ്തംബർ 8, 9 തീയതികളിലും പണിമുടക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

അതേസമയം തൊഴിലാളികൾ സമരം ചെയ്യുന്ന ദിവസങ്ങളിൽ കത്തുകൾ നൽകില്ലെന്നും ചില പാഴ്സലുകൾ വൈകുമെന്നും റോയൽ മെയിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വേതനം വർദ്ധിപ്പിക്കണമെന്നുള്ളതാണ് തൊഴിലാളി യൂണിയനുകൾ ഉന്നയിക്കുന്ന പ്രധാന ആവശ്യം. സാധനങ്ങൾ വൈകി ലഭിക്കുന്നതിൽ ഉപഭോക്താക്കളോട് ക്ഷമാപണം നടത്തിയിരിക്കുകയാണ് കമ്പനി. തടസ്സങ്ങൾ കുറയ്ക്കാൻ പരമാവധി ശ്രമിക്കാമെന്നും ഇത് മറികടക്കാൻ പുതിയ പദ്ധതികൾ നടപ്പിലാക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു. പണിമുടക്ക് ദിവസങ്ങളിൽ കഴിയുന്നത്ര സ്‌പെഷ്യൽ ഡെലിവറികളും ട്രാക്ക് ചെയ്‌ത പാഴ്‌സലുകളും വിതരണം ചെയ്യുമെന്നും, മെഡിക്കൽ ആവശ്യങ്ങൾക്ക് മുൻഗണന നൽകുമെന്നും അവർ പറയുന്നു.

സമരക്കാരെ പ്രതിനിധീകരിക്കുന്ന കമ്മ്യൂണിക്കേഷൻ വർക്കേഴ്‌സ് യൂണിയനുമായി മൂന്ന് മാസം ചർച്ചകൾ നടത്തിയെന്നും നിലവിൽ ശമ്പളം പുതുക്കി നൽകാനുള്ള കമ്പനിയുടെ തീരുമാനം യൂണിയൻ നിരസിച്ചതായും റോയൽ മെയിൽ പറഞ്ഞു. നിലവിലെ ജീവിതച്ചെലവ് ഉൾക്കൊള്ളുന്ന തുകയിലേക്ക് വേതനം വർദ്ധിപ്പിക്കണമെന്നാണ് യൂണിയൻ ആവശ്യപ്പെടുന്നത്.

തപാൽ ജീവനക്കാർ അർഹിക്കുന്ന മാന്യമായ വേതന വർദ്ധനവ് ഉറപ്പാക്കാണമെന്ന് ജനറൽ സെക്രട്ടറി ഡേവ് വാർഡ് പറഞ്ഞു. “മുതലാളിമാർ കോടിക്കണക്കിന് ലാഭം കൊയ്യുന്ന ഒരു രാജ്യത്ത് ഞങ്ങൾക്ക് ജീവിക്കാൻ കഴിയുന്നില്ല. ജീവനക്കാർ ബാങ്കുകൾ ഉപയോഗിക്കാൻ നിർബന്ധിതരാകുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ പണിമുടക്ക് ഒഴിവാക്കാൻ കൂടുതൽ ചർച്ചകൾക്ക് തയ്യാറാണെന്ന് കമ്പനി വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്ക് എത്തുമ്പോൾ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെതിരെ ലിസ് ട്രസ്. ടോറി നേതൃയോഗത്തിൽ മാക്രോൺ യുകെയുടെ “സുഹൃത്താണോ ശത്രുവോ” എന്ന ചോദ്യത്തെ തുടർന്നായിരുന്നു പരാമർശം. പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ, “വാക്കുകളിലൂടെയല്ല, പ്രവൃത്തിയുടെ അടിസ്ഥാനത്തിലാണ് താൻ അദ്ദേഹത്തെ വിലയിരുത്തുകയെന്നും അവർ കൂട്ടിച്ചേർത്തു.

അടുത്ത കൺസർവേറ്റീവ് നേതാവും പ്രധാനമന്ത്രിയും ആകാൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്ന ട്രസ്, നോർവിച്ചിലെ അവസാനത്തെ നേതൃയോഗത്തിൽ നടത്തിയ പരാമർശത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. പുതിയ മാധ്യമ സ്ഥാപനമായ ടോക്ക്‌ടിവിയുടെ ക്വിക്ക്‌ഫയർ എന്ന പ്രോഗ്രാമിനിടയിലായിരുന്നു അഭിപ്രായം പ്രകടനം. എന്നാൽ ഇതേ ചോദ്യം ഋഷി സുനകിനോട് ചോദിച്ചപ്പോൾ മിസ്റ്റർ മാക്രോൺ ഒരു സുഹൃത്താണെന്നായിരുന്നു മറുപടി.

അതേസമയം, ഇന്ന് നടത്തുന്ന പ്രഖ്യാപനത്തില്‍ എനെര്‍ജി പ്രൈസ് ക്യാപ് 3500 പൗണ്ടിന് മുകളിൽ എത്തുമെന്നാണ് പ്രതീക്ഷ. ഈ സാഹചര്യത്തിൽ താന്‍ പ്രധാനമന്ത്രി ആയാല്‍, ഊര്‍ജ്ജ ബില്ലുമായി ബന്ധപ്പെട്ട പ്രതിസന്ധി മറികടക്കുന്നതിനുള്ള അടിയന്തര സഹായ നടപടികള്‍ കൈക്കൊള്ളുമെന്ന് ലിസ് വ്യക്തമാക്കി. ഒരു അടിയന്തര എനര്‍ജി ബജറ്റ് കൊണ്ടുവരുമെന്നും അവര്‍ പറഞ്ഞു. അടുത്തിടെ ലിവർപൂളിൽ ഒമ്പതു വയസ്സുകാരി ഒലിവിയ പ്രാറ്റ്-കോർബെൽ വെടിയേറ്റു മരിച്ചതിനെ കുറിച്ചും കുറ്റകൃത്യങ്ങളെ എങ്ങനെ നേരിടും എന്നതിനെ കുറിച്ചും ചോദ്യം ഉയർന്നു. വിഷയത്തിൽ പലതരത്തിലുള്ള അഭിപ്രായങ്ങളും നിലപാടുകളുമാണ് ഉയർന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഓഫീസ് ഓഫ് ഗ്യാസ് ആൻഡ് ഇലക്ട്രിസിറ്റി മാർക്കറ്റ് ഊർജ്ജ ഉപയാഗങ്ങൾക്കൊള്ള പുതിയ വിലപരിധി പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ ഒക്ടോബറിൽ തങ്ങളുടെ ഊർജ്ജ ബില്ലുകൾ എത്രമാത്രം ഉയരും എന്ന് കുടുംബങ്ങൾക്ക് ഉടൻ അറിയാം. ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്‌ലൻഡ് എന്നിവിടങ്ങളിൽ സാധാരണ അളവിൽ ഗ്യാസും വൈദ്യുതിയും ഉപയോഗിക്കുന്ന ഒരു കുടുംബത്തിന് നിലവിൽ പ്രതിവർഷം 2000 പൗണ്ട് ആണ് നൽകേണ്ടി വരുന്നത്. ഈ വാർഷിക ബിൽ 3,500 പൗണ്ടിനും അധികമായി ഉയരും എന്നാണ് ഈപ്പോഴത്തെ പ്രവചനം. ഇത് പലർക്കും വൻ തിരിച്ചടി ആകുമെന്നും ഗവേഷകർ പറഞ്ഞു.

വെള്ളിയാഴ്ച പുലർച്ചെ ഏഴിന് ഓഫീസ് ഓഫ് ഗ്യാസ് ആൻഡ് ഇലക്ട്രിസിറ്റി മാർക്കറ്റിൽ നിന്ന് പുതിയ വില വർദ്ധനവിനെ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടാകും. അതേസമയം, കുടുംബങ്ങൾക്ക് സർക്കാർ നൽകേണ്ട പിന്തുണ നടപടികൾ മെച്ചപ്പെടുത്താൻ ചാരിറ്റികൾ മന്ത്രിമാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. നിലവിൽ എല്ലാ വീടുകൾക്കും 400 പൗണ്ട് ഇളവ് ഈ പദ്ധതിയുടെ ഭാഗമായി ഉണ്ട്. ഭക്ഷണത്തിന്റെയും മറ്റ് ആവശ്യവസ്തുക്കളുടെയും വർദ്ധിച്ചു വരുന്ന വിലയോടൊപ്പം തന്നെ ഊർജ്ജ ബില്ലിൽ ഉണ്ടാകുന്ന വർദ്ധനവ് ഈ ശൈത്യകാലത്ത് പല കുടുംബങ്ങൾക്കും വൻ തിരിച്ചടിയാകും. ജനുവരിയിൽ നിലവിലുള്ളതിനേക്കാൾ കൂടുതൽ വർദ്ധനവ് ബില്ലുകളിൽ കാണുമെന്നും റിപ്പോർട്ടുണ്ട്. അടുത്തവർഷം അവസാനത്തോടെ ഒരു സാധാരണ പ്രതിവർഷ ബില്ല് 5,000 പൗണ്ടിൽ എത്തുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. യൂറോപ്യൻ, റഷ്യൻ ഊർജ്ജ വിതരണത്തെ തുടർന്നുള്ള അനിശ്ചിതത്വത്തിനിടയിൽ വ്യാഴാഴ്ച യുകെയിൽ ഹോൾസെയിൽ ഗ്യാസ് വിലയിൽ വൻവർദ്ധനവാണ് ഉണ്ടായത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

“ഞങ്ങൾ നിന്നെ കണ്ടെത്തുന്ന വരെ വിശ്രമിക്കുകയില്ല” ഒലിവിയ പ്രാറ്റ്-കോർബെലിന്റെ കൊലയാളിയെ കണ്ടെത്താനുള്ള പ്രതിജ്ഞ എടുത്ത് പോലീസ്. തിങ്കളാഴ്ച രാത്രി ലിവർപൂളിൽ കുട്ടിയുടെ മാതാവിനെ ആക്രമിക്കുന്നതിന് ഇടയിലാണ് ഒമ്പത് വയസുകാരി ഒലീവിയയ്ക്ക് വെടിയേറ്റത്. തോക്കുധാരി ഇപ്പോഴും ഒളിവിലാണെന്നും ഇയാൾ വിദേശത്തേക്ക് കടന്നതാണോയെന്ന് വ്യക്തമല്ലെന്നും മെർസിസൈഡ് പോലീസ് പറഞ്ഞു. അതേസമയം അന്വേഷണം നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ടെന്ന് ഡെറ്റ് സിഎച്ച് സൂപ്റ്റ് മാർക്ക് കമീൻ പറഞ്ഞു. കുറ്റവാളി എവിടെ പോയാലും തങ്ങൾ കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒലീവിയയുടെ അമ്മ ചെറിൽ തോക്കുധാരിയെ അകത്തേക്ക് കടക്കുന്നത് തടയാൻ ശ്രമിച്ചുവെങ്കിലും ലക്ഷ്യം തെറ്റി വെടിയുതിർക്കുകയായിരുന്നു. ഒരു ബുള്ളറ്റ് ചെറിലിന്റെ കൈത്തണ്ടയിലും മറ്റൊന്ന് മകളുടെ നെഞ്ചിലും പതിക്കുകയായിരുന്നു. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വെടിവെയ്പ്പിൽ ഒലീവിയയുടെ അമ്മയ്ക്കും പരുക്കേറ്റിട്ടുണ്ട്. കൊലയാളിയെ കണ്ടെത്തുന്നതുവരെ തങ്ങൾ വിശ്രമിക്കുകയില്ലാ എന്ന് ഡിറ്റക്റ്റീവ് ചീഫ് സുപ്രട്ടണ്ട് സുപ്ത് കമീൻ പറഞ്ഞു. ഒരാഴ്ചയ്ക്കിടെ ലിവർപൂളിൽ നടന്ന മൂന്നാമത്തെ വെടിവയ്പ്പാണിത്. 48 മണിക്കൂർ മുമ്പ് ഒരു കൗൺസിൽ പ്രവർത്തകൻ കൊല്ലപ്പെട്ടതിന് ശേഷമാണ് ഈ ദാരുണ സംഭവം. ക്രോക്‌സ്‌റ്റെത്തിൽ വച്ച് 11 വയസുകാരൻ റൈസ് ജോൺസ് വെടിയേറ്റ് മരിച്ചതിന് 15 വർഷത്തിന് ശേഷമാണ് ഒലിവിയ കൊല്ലപ്പെട്ടത്. സെന്റ് മാർഗരറ്റ് മേരീസ് കാത്തലിക് ജൂനിയർ സ്‌കൂളിലാണ് ഒലിവിയ പഠിച്ചിരുന്നത്. സ്‌കൂളിലെ വിദ്യാർത്ഥികൾ എല്ലാം പ്രിയ കൂട്ടുകാരിയുടെ വേർപാടിൻെറ ദുഃഖത്തിലാണ്. കൊല നടന്ന സ്ഥലത്ത് കുട്ടികളുടെ നേതൃത്വത്തിൽ കൈപ്പടയിൽ എഴുതിയ സന്ദേശങ്ങളുള്ള പൂക്കൾ സമർപ്പിച്ചു. അതിലെ വാക്കുകൾ ഇങ്ങനെയായിരുന്നു; ഞാൻ നിന്നെ മിസ്സ് ചെയ്യും, നീ പോയതിൽ ഞാൻ ഖേദിക്കുന്നു. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു.’

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : 23 വയസ്സുള്ള താൻ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ഉണ്ടായ അനുഭവം ഓർത്തെടുക്കുകയാണ് എമിലി പ്രൈസ്. ഗർഭിണിയാണെന്നറിഞ്ഞപ്പോൾ അമ്മയാകാൻ തയ്യാറല്ലെന്ന് പെട്ടന്ന് തന്നെ എമിലി പ്രൈസ് തീരുമാനിച്ചു. തുടർന്ന് ബ്രിട്ടീഷ് പ്രെഗ്നൻസി അഡൈ്വസറി സർവീസിലെ (BPAS) ഒരു നേഴ്‌സുമായി ബന്ധപ്പെടുകയും ടെലിഫോൺ കൺസൾട്ടേഷൻ ബുക്ക് ചെയുകയും ചെയ്തു. ഇതിനെ തുടർന്നാണ് ഗുളികകൾ കഴിച്ച് ​ഗർഭം അലസിപ്പിച്ചത്. ‘ഇത് വളരെ സ്വകാര്യമായതിനാൽ എന്റെ സ്വന്തം വീടിന്റെ സൗകര്യങ്ങളിൽ ആയിരിക്കാൻ ഞാൻ ആഗ്രഹിച്ചു,’ വിൽറ്റ്സിലെ സ്വിൻഡനിൽ നിന്നുള്ള പിആർ എക്സിക്യൂട്ടീവായ എമിലി പറയുന്നു. ഒരു സ്കാനിന്റെയും കൗൺസിലിംഗിന്റെയും ഓഫർ നിരസിച്ചതിനാൽ തപാൽ വഴിയാണ് അബോർഷൻ ഗുളികകൾ ലഭിച്ചതെന്നും അവൾ പറയുന്നു.

കവറിനുള്ളിൽ 24 മുതൽ 48 മണിക്കൂർ ഇടവിട്ട് കഴിക്കേണ്ട രണ്ട് സെറ്റ് മരുന്നുകൾ ഉണ്ടായിരുന്നു ഗർഭധാരണം അവസാനിപ്പിക്കുന്ന മൈഫെപ്രിസ്റ്റോൺ അടങ്ങിയ ഒരു ടാബ്‌ലെറ്റ്, തുടർന്ന് ഗർഭാശയ പാളിയെ തകർക്കുന്ന മിസോപ്രോസ്റ്റോൾ അടങ്ങിയ ഗുളികകൾ. ‘എനിക്ക് അൽപ്പം വേദന അനുഭവപ്പെടുമെന്ന് നേഴ്‌സ് പറഞ്ഞിരുന്നു, എന്നാൽ ചില സ്ത്രീകൾക്ക് ഇത് മറ്റുള്ളവരെ അപേക്ഷിച്ച് വളരെ ബുദ്ധിമുട്ടാണ്.” അമ്മയ്‌ക്കൊപ്പം താമസിക്കുന്ന എമിലി പറയുന്നു. എന്നിരുന്നാലും, രണ്ടാമത്തെ ഡോസ് കഴിച്ച് മണിക്കൂറുകൾക്കുള്ളിൽ അവൾ ടോയ്‌ലറ്റിലേക്കാടി, വേദനയോടെ നിലവിളിച്ചു.

2021ൽ നടന്ന ഗർഭഛിദ്രങ്ങളിൽ 52 ശതമാനവും മേൽനോട്ടമില്ലാതെ ഈ ഗുളികകൾ കഴിക്കുന്നതിലൂടെയായിരുന്നെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കി. ഈ മാറ്റങ്ങൾ ശാശ്വതമാക്കാൻ എംപിമാർ ഈ വർഷം മാർച്ചിൽ വോട്ട് ചെയ്തു. ഗർഭച്ഛിദ്ര പ്രോട്ടോക്കോളിലെ ഏറ്റവും നിർണായകമായ മാറ്റം ഉൾപ്പെടുത്തികൊണ്ട് അടുത്ത ആഴ്ച നിയമമാക്കുമെന്ന് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. 2018 ൽ, മിസോപ്രോസ്റ്റോൾ വീട്ടിൽ നൽകുന്നതിന് നിയമം അംഗീകരിച്ചപ്പോൾ, ശസ്ത്രക്രിയ ഗർഭഛിദ്രം 33 ശതമാനമായി കുറഞ്ഞു. ഇപ്പോൾ ഇവ മൊത്തം കണക്കിന്റെ 13 ശതമാനം മാത്രമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ഡ്രൈവിം​ഗ് ടെസ്റ്റുകൾക്കുള്ള തിരക്ക് കാരണം ലേണേഴ്സ് ഡ്രൈവർമാർ ടെസ്റ്റിനായി കാർലിസ് തിരഞ്ഞെടുക്കുന്നു. കോവിഡിനു ശേഷം ഡ്രൈവിംഗ് ടെസ്റ്റുകൾ കുറഞ്ഞു. എന്നാൽ പിന്നീട് ടെസ്റ്റുകളുടെ ആവശ്യം കുതിച്ചുയരുകയാണ്. ടെസ്റ്റിനായുള്ള കാത്തിരിപ്പ് സമയം മറ്റ് സ്ഥലങ്ങളേക്കാൾ കുറവാണെന്നതിനാൽ തന്നെ കാർലിസ് ഒരു ജനപ്രിയ ഓപ്ഷനാണെന്ന് ഇൻസ്ട്രക്ടർ ആയ സ്റ്റീഫൻ ഫിലിപ്പ്സൺ പറയുന്നു.

“ഞങ്ങൾക്ക് അടുത്തിടെ ഫ്രാൻസിൽ നിന്നും സ്വിറ്റ്സർലൻഡിൽ നിന്നും അന്വേഷണം ഉണ്ടായിരുന്നു.” അദ്ദേഹം പറയുന്നു. ലണ്ടൻ, ബർമിംഗ്ഹാം, കാർഡിഫ് തുടങ്ങിയ സ്ഥലങ്ങളിൽ ഡ്രൈവിംഗ് ടെസ്റ്റുകൾ ആറ് മാസം വരെ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയില്ല. ഇതിനു വിപരീതമായി, കാർലിസിൽ വെറും
മൂന്നോ നാലോ മാസം മുമ്പേ ടെസ്റ്റ് ബുക്കിംഗ് നടത്താം. ലേണെഴ്സ് ഡ്രൈവർമാരോട് ടെസ്റ്റ് തീയതി തയ്യാറാക്കുന്നത് വരെ ബുക്ക് ചെയ്യരുതെന്നും, ഡ്രൈവർ ആൻഡ് വെഹിക്കിൾ സ്റ്റാൻഡേർഡ് ഏജൻസി (ഡിവിഎസ്എ) ജനുവരി മുതൽ മാർച്ച് വരെ നടത്തിയ ഓരോ 100 ഡ്രൈവിംഗ് ടെസ്റ്റുകളിൽ 53 എണ്ണവും പരാജയപ്പെട്ടുവെന്നും വ്യക്തമാക്കുന്നു.

2022 ജനുവരി 1 നും മാർച്ച് 31 നും ഇടയിൽ 425,887 കാർ ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തിയതായി ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു – 2020 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 14% വർദ്ധനവ് ഇതിൽ ഉണ്ടായിട്ടുണ്ട്. കോവിഡിന് മുമ്പ് ഓരോ വർഷവും 16 ലക്ഷം പേർ ടെസ്റ്റിനായി എത്തിയിരുന്നു. എന്നാൽ 2020-21 ൽ എണ്ണം 436,000 ആയി കുറഞ്ഞു

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും അതിർവരമ്പുകളില്ല . എന്നാൽ തൻറെ ചെറുപ്രായത്തിൽ അസാധ്യമെന്ന് തോന്നാവുന്ന സ്വപ്നതുല്യമായ നേട്ടം കൈവരിച്ചിരിക്കുകയാണ് ഈ ബ്രിട്ടീഷുകാരൻ . വെറും 17 വയസ്സ് മാത്രമുള്ള മാക്ക് റഥർഫോർഡ് 52 രാജ്യങ്ങളിലൂടെ 5 മാസം സമയമെടുത്താണ് ലോകം ചുറ്റി ബള്‍ഗേറിയയിലെ സോഫിയയിൽ ഇറങ്ങിയത്. മാതാപിതാക്കൾ ബ്രിട്ടീഷുകാരാണെങ്കിലും ജനിച്ചതും വളർന്നതും ബെൽജിയത്തിലാണ്. യാത്രയുടെ ഭാഗമായി സുഡാനിൽ വച്ച് മണൽക്കാറ്റുകളെ അതിജീവിക്കുകയും ജനവാസമില്ലാത്ത ഒരു പസഫിക് ദ്വീപിൽ രാത്രി തങ്ങാനായതും വേറിട്ട അനുഭവമായതായി മാക്ക് പറഞ്ഞു.

ചെറുപ്രായത്തിൽ ഒറ്റയ്ക്ക് ലോകം ചുറ്റിയതിന്റെ റെക്കോർഡ് ഉടമ നേരത്തെ ബ്രിട്ടീഷ് വംശജനായ ട്രാവിസ് ലുഡ്ലോയ്ക്കായിരുന്നു. കഴിഞ്ഞവർഷം തന്റെ പതിനെട്ടാമത്തെ വയസ്സിലാണ് ട്രാവിസ് ലോകം ചുറ്റിയത്. എന്നാൽ ബ്രിട്ടന്റെയും ബെൽജിയത്തിന്റെയും പൗരത്വമുള്ള മാക്ക് തന്റെ പതിനേഴാം വയസ്സിൽ 2 ലോക റെക്കോർഡുകളാണ് സ്വന്തമാക്കിയത് . ലോകം ചുറ്റി ഒറ്റയ്ക്ക് പറക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായും മൈക്രോലൈറ്റ് വിമാനത്തിൽ ലോകം ചുറ്റുന്ന ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റുമായി മാക്ക് ചരിത്രത്തിൽ ഇടംപിടിച്ചു.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ : രോഗികളുടെ പരിചരണത്തിന് കൂടുതൽ പണം ആവശ്യമാണെന്ന സാഹചര്യമിരിക്കെ, സമൂഹത്തിലുള്ള പ്രതിസന്ധികളെ സംബന്ധിച്ച് എൻ എച്ച് എസ് സ്റ്റാഫുകളെ ബോധവാന്മാരാക്കുവാൻ ഒരു മില്യൻ പൗണ്ടോളം തുക ചെലവിട്ട് 500 ഓളം ‘വോക്ക്’ (ഉണർവ്വ് ) ഗ്രൂപ്പുകൾ രൂപീകരിക്കുവാൻ എൻഎച്ച്എസ് തീരുമാനമായിരിക്കുകയാണ്. ഇത്തരം ഗ്രൂപ്പുകളുടെ പ്രവർത്തനത്തിനായി സ്റ്റാഫുകളുടെ ഏകദേശം 36,000 മണിക്കൂറോളം ചെലവാകുമെന്നാണ് പ്രാഥമിക നിഗമനം. ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ പ്രശ്നങ്ങൾ, ലൈംഗികപരമായ ചൂഷണങ്ങൾ, വംശീയത തുടങ്ങിയ എല്ലാ പ്രശ്നങ്ങളെയും സംബന്ധിച്ച് അവബോധം ഉണർത്തുവാനാണ് ഇത്തരം ഗ്രൂപ്പുകൾ രൂപീകരിക്കുന്നത്. എന്നാൽ രോഗികളുടെ ചികിത്സയ്ക്കായി പോലും പണം ചിലവഴിക്കാത്ത സാഹചര്യത്തിൽ ഇത്തരം ചെലവുകൾ അനാവശ്യമാണെന്ന കുറ്റപ്പെടുത്തലുകൾ നിരവധി ഭാഗത്ത് നിന്നും ഉയർന്നിട്ടുണ്ട്. ട്രാൻസ്ജെൻഡേഴ്സിനെ പിന്തുണയ്ക്കുന്നതിനായി റെയിൻബോ കേക്കും, സമൂഹത്തിലെ വിവിധതരത്തിലുള്ള ആളുകളെ പരിഗണിക്കുന്നതിനുള്ള സർവ്വനാമങ്ങളെ കുറിച്ചുള്ള ക്ലാസുകളും, ആയോധനകലയുടെ പ്രകടനങ്ങളും മറ്റും ഈ ഗ്രൂപ്പുകളുടെ പരിപാടികളിൽ ഉൾപ്പെട്ടിരുന്നു. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ സ്റ്റാഫുകളുടെ പ്രവർത്തനസമയത്തിൽ 108, 807 മണിക്കൂറുകളാണ് ഇതിനുവേണ്ടി ചെലവായത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.


കോവിഡിന് ശേഷം കുറച്ച് അധികം മാസങ്ങളായി എൻഎച്ച്എസ് പ്രതിസന്ധിഘട്ടത്തിലൂടെയാണ് നീങ്ങുന്നത്. എന്നാൽ ഇത്തരം ചെലവുകൾക്കായി കൂടുതൽ തുക ചെലവാക്കുന്നത് ജനങ്ങൾക്കിടയിൽ തന്നെ രോഷത്തിന് കാരണമായിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രോഗികൾക്ക് ഓപ്പറേഷൻ നിഷേധിക്കപ്പെടുകയും പരിചരണത്തിനായി ദീർഘനേരം കാത്തിരിക്കേണ്ടി വരികയും ചെയ്യുമ്പോൾ, നികുതിദായകരുടെ പണം ഇതുപോലുള്ള നെറ്റ്‌വർക്കുകളിൽ ചെലവഴിക്കുന്നത് തെറ്റാണെന്ന് കൺസർവേറ്റിവ് എംപി ഡേവിഡ് ജോൺസ് വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ബ്രി‌ട്ടീഷ് കാബിനറ്റ് ഓഫീസിൽ ഭീഷണിപ്പെടുത്തലും വംശീയ വിദ്വേഷവും നിലനിൽക്കുന്നതായി പരാതി. ഇതിനെ പറ്റിയുള്ള റിപ്പോർട്ട് ഇപ്പോൾ ചോർന്നിരിക്കുകയാണ്. സ്റ്റാഫിലെ പത്തിൽ ഒരാൾക്ക് ഭീഷണിപ്പെടുത്തലോ ഉപദ്രവമോ അനുഭവപ്പെട്ടിട്ടുണ്ടെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മോശം പെരുമാറ്റം ആരോപിക്കപ്പെടുന്നവർ അച്ചടക്കം പാലിക്കുന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. അതേസമയം സർക്കാരിന്റെ ഭാഗത്തുള്ളതും പ്രധാന പോളിസികൾ വിതരണം ചെയ്യുന്നതിനുള്ള ചുമതലയുള്ളതുമായ വകുപ്പിൽ “പോഷ്” ലണ്ടൻ ആളുകളാണ് ആധിപത്യം പുലർത്തുന്നതെന്നാണ് ജീവനക്കാർ പറയുന്നത്.

വിവേചനത്തിന് ഏറ്റവും കൂടുതൽ ഉദ്ധരിച്ച രണ്ടാമത്തെ കാരണം ലിംഗഭേദമാണെന്ന് റിപ്പോർട്ട് പറയുന്നു, സ്ത്രീ പങ്കാളികൾ വിവരിക്കുന്നത് തങ്ങളുടെ ആശയങ്ങൾ ബഹുമാനിക്കപ്പെടാത്ത സമയങ്ങളാണ് ഓഫീസിൽ കൂടുതലുമെന്നാണ്. സർവേയിൽ പങ്കെടുത്ത വനിതാ സ്റ്റാഫ് അംഗങ്ങൾ പറയുന്നത് “ഓർഗനൈസേഷന്റെ മുകളിൽ ഒരു ശക്തി നിലനിൽക്കുന്നുണ്ടെന്നാണ്.” ജീവനക്കാരുടെ 2021-ലെ ഒരു സർവേയിൽ, ഏകദേശം 10,000 ആളുകൾ ജോലി ചെയ്യുന്ന കാബിനറ്റ് ഓഫീസ്, എല്ലാ സർക്കാർ വകുപ്പുകളുടേയും ഏറ്റവും ഉയർന്ന ഭീഷണിയും ഉപദ്രവവും ഉള്ളതായി കണ്ടെത്തി. ചോർന്ന അവലോകന രേഖയിൽ ആ സർവേയിൽ നിന്നുള്ള വിശദാംശങ്ങളും മറ്റ് സ്രോതസ്സുകൾക്കൊപ്പം 145 അംഗങ്ങളുടെ അഭിമുഖങ്ങളുടെയും ഫോക്കസ് ഗ്രൂപ്പുകളുടെയും ഫലങ്ങളും ഉൾപ്പെടുന്നു. സിവിൽ സർവീസുകാരെ പ്രതിനിധീകരിക്കുന്ന പബ്ലിക് ആൻഡ് കൊമേഴ്‌സ്യൽ സർവീസസ് യൂണിയന്റെ (പിസിഎസ്) സമ്മർദ്ദത്തെത്തുടർന്ന് കഴിഞ്ഞ ഒക്ടോബറിലാണ് ഇത് കമ്മീഷൻ ചെയ്തത്. 2021 ലെ സ്റ്റാഫ് സർവേ കാണിക്കുന്നത് കഴിഞ്ഞ 12 മാസങ്ങളിൽ ഭീഷണിപ്പെടുത്തലോ ഉപദ്രവമോ അനുഭവിച്ചവരിൽ 37% ഈ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തങ്ങളുടെ 80-ലധികം അംഗങ്ങളെ വംശീയമായി ഭീഷണിപ്പെടുത്തുകയോ പ്രൊഫൈൽ ചെയ്യുകയോ ചെയ്തതായി ഔദ്യോഗികമായി പരാതിപ്പെട്ടിട്ടുണ്ടെന്ന് പിസിഎസ് പറഞ്ഞു.

സംഭവത്തിൽ കാബിനറ്റ് ഓഫീസിനുള്ളിലെ വംശീയ വിവേചനത്തെക്കുറിച്ച് അന്വേഷണം നടത്താൻ പൊതുഭരണ, ഭരണഘടനാ സമിതിയോട് പിസിഎസ് കത്തിലൂടെ ആവശ്യപ്പെട്ടി‌ട്ടുണ്ട്. “സിവിൽ സർവീസിൽ ഉടനീളം ഈ പ്രശ്നം എത്രത്തോളം ആഴത്തിലുള്ളതാണെന്ന് അറിയാൻ പൊതുജനങ്ങൾക്കും അർഹതയുണ്ട്,” ലേബറിന്റെ ഷാഡോ വുമൺ ആൻഡ് ഇക്വിലിറ്റി സെക്രട്ടറി ആനെലീസ് ഡോഡ് സ് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved