ന്യൂസ് ഡെസ്ക്, മലയാളം യുകെ
ആശുപത്രിയിൽ നിന്ന് വിട്ടയച്ചയാൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ കടുത്ത വിമർശനങ്ങളാണ് എൻഎച്ച് എസിന് നേരെ ഉയരുന്നത്. ജെയ്ൻ ഒസുള്ളിവൻ്റെ 39-കാരനായ മകൻ ഡാൻ വെസ്റ്റ് ലണ്ടൻ മാനസികാരോഗ്യ വിഭാഗത്തിലെ ഒരു സൈക്യാട്രിസ്റ്റിനോട് ആത്മഹത്യ ചെയ്യാനുള്ള തൻ്റെ പദ്ധതിയെക്കുറിച്ച് പറഞ്ഞിട്ടും അദ്ദേഹത്തെ പോകാൻ അനുവദിക്കുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തതാണ് വിവാദമായിരിക്കുന്നത്.

എന്തുകൊണ്ടാണ് തൻ്റെ മകനെ മാനസികാരോഗ്യ വിഭാഗത്തിൽ നിന്ന് വിട്ടയച്ചതെന്നതിന് തനിക്ക് ഇപ്പോഴും ഉത്തരമില്ലെന്ന് ജെയ്ൻ ഒ സുള്ളിവൻ പറഞ്ഞു. ഡാനിൻറെ മരണത്തിന് പ്രധാന ഉത്തരവാദി സെൻട്രൽ നോർത്ത് ബെസ്റ്റ് എൻഎച്ച് എസ് ട്രസ്റ്റ് ആണെന്നാണ് മരണത്തെക്കുറിച്ച് അന്വേഷിച്ച അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഡാനിയേലിന്റെ മരണത്തിൽ അഗാധമായ ഖേദമുണ്ടെന്നും ഉചിതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നുമാണ് സംഭവത്തെക്കുറിച്ച് എൻഎച്ച് ട്രസ്റ്റ് പ്രതികരിച്ചത്. മറിച്ച് ഡാനിയേലിന്റെ അമ്മയ്ക്ക് എൻഎച്ച്എസ്സിന്റെ ഭാഗത്തുനിന്നും നഷ്ടപരിഹാരം നൽകേണ്ടതായി വന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ നഷ്ടപരിഹാരത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

കടുത്ത മാനസികാസ്വാസ്ഥ്യമുണ്ടായിരുന്ന ഡാൻ തനിക്ക് ആത്മഹത്യ ചെയ്യാനുള്ള പദ്ധതിയുണ്ടെന്ന് പല പ്രാവശ്യം തന്നെ ചികിത്സിച്ച ഡോക്ടർമാരോട് പറഞ്ഞിരുന്നു. ഡാൻ മരിക്കുന്നതിന് ഒരു മാസം മുമ്പ് അയാൾക്ക് കടുത്ത മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതായാണ് കണ്ടെത്തിയിരിക്കുന്നത്. തനിക്ക് മരിക്കാൻ പദ്ധതി ഉണ്ടെന്ന് പലരോടും പറഞ്ഞ ഡാനിനെ ഒരു മുൻകരുതലുമില്ലാതെ ആശുപത്രിയിൽ നിന്ന് പുറത്തു പോകാൻ അനുവദിച്ചതാണ് അവൻറെ ജീവനെടുക്കാൻ കാരണമായത്. കടുത്ത മാനസിക വിഭ്രാന്തിയുള്ള അവനെ സിഗരറ്റ് വാങ്ങാൻ പുറത്തേക്ക് പോകാനായി ഹോസ്പിറ്റൽ ജീവനക്കാരൻ അനുവദിച്ചതാണ് ദുരന്തമായത്. ഇതിനെ തുടർന്ന് ഡാൻ ഒരിക്കലും തിരിച്ചെത്തിയില്ല. അർദ്ധരാത്രിയാണ് അവനെ കാണാനില്ലെന്ന് കാണിച്ച് പോലീസിൽ റിപ്പോർട്ട് ചെയ്തത് . മകൻറെ മരണത്തിന് ഉത്തരവാദികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുവാൻ കടുത്ത നിയമ പോരാട്ടമാണ് ഡാനിൻറെ അമ്മ നടത്തിയത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഒക്ടോബർ 7 – ന് ഹമാസ് അനുകൂലികൾ ഇസ്രയേലിൽ നുഴഞ്ഞു കയറിയത് ഇസ്രയേലിലും ഗാസയിലും മാത്രമല്ല പ്രശ്നങ്ങൾ സൃഷ്ടിച്ചത്. ഇസ്രയേൽ ഹമാസ് സംഘർഷത്തിന്റെ അനുരണനങ്ങൾ ലോകമെങ്ങും പ്രതിഫലിച്ചു. സംഘർഷത്തിന്റെ ആരംഭത്തിൽ ഹമാസ് തീവ്രവാദികൾ തെക്കൻ ഇസ്രയേലിൽ നുഴഞ്ഞുകയറി 1200 പേരെ കൊല്ലുകയും 253 പേരെ വധിക്കുകയും ചെയ്തതിനെ തുടർന്ന് ഇസ്രയേൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ ആയിരക്കണക്കിന് പാലസ്തീൻകാർക്കാണ് ജീവൻ നഷ്ടമായത്.

ഇസ്രയേൽ ഗാസ സംഘർഷത്തിന്റെ തുടർച്ചയായി യുകെയിലും ഒട്ടേറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന്റെ വാർത്തകൾ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. ഹമാസ് ആക്രമണത്തിന് ശേഷം യുകെയിൽ മുസ്ലിം വിരുദ്ധ കേസുകൾ വളരെയധികം വർദ്ധിക്കുന്നതായി ടെൽ മാമ എന്ന ചാരിറ്റി കണ്ടെത്തി . കഴിഞ്ഞ കുറച്ച് മാസങ്ങളിലായി ഇസ്ലാമോഫോബിക്ക് സംഭവങ്ങൾ കൂടിയതായാണ് കണ്ടെത്തലിൽ പ്രധാനമായും ഉള്ളത്. ഹമാസിൻ്റെ ആക്രമണത്തിന് ശേഷം 4 മാസത്തിനുള്ളിൽ യുകെയിലെ മുസ്ലിം വിരുദ്ധ വിദ്വേഷം മൂന്നിരട്ടി വർധിച്ചതായാണ് ചാരിറ്റിയുടെ കണ്ടെത്തൽ.

ഒക്ടോബർ 7- നും ഫെബ്രുവരി 7- നും ഇടയിൽ 2 ,010 ഇസ്ലാമോഫോബിക് സംഭവങ്ങൾ ഉണ്ടായതായാണ് രേഖപ്പെടുത്തിയിരിക്കുന്നത് . എന്നാൽ മുൻവർഷം ഇതേ കാലയളവിൽ 600 സംഭവങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. അതായത് ഈ വർഷം ഹമാസ് ഇസ്രയേൽ സംഘർഷത്തിനുശേഷം മുസ്ലീങ്ങൾക്കെതിരെ നടന്ന സംഭവങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2011- ടെൽ മാമ എന്ന ചാരിറ്റി ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും കൂടിയ കണക്കുകളാണ് ഇത്. മുസ്ലീം വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്നതിനുള്ള മുൻനിര ഏജൻസിയായാണ് ടെൽ മാമ അറിയപ്പെടുന്നത്.
ഇതേസമയം യുകെയിൽ യഹൂദ വിരുദ്ധ സംഭവങ്ങൾ അടിക്കടിയുണ്ടാകുന്നതായി ഇത്തരം സംഭവങ്ങളെ നിരീക്ഷിക്കുന്ന കമ്മ്യൂണിറ്റി സെക്യൂരിറ്റി ട്രസ്റ്റ് (സി എസ് ടി) അഭിപ്രായപ്പെട്ടു. അവരുടെ കണക്കുകളിൽ 2023 -ൽ ഈ സമുദായത്തിലെ അംഗങ്ങൾക്കെതിരെ 4103 ആക്രമണങ്ങൾ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവയിൽ മൂന്നിൽ രണ്ട് ഭാഗവും ഒക്ടോബർ 7 – നോ അതിനുശേഷമോ സംഭവിച്ചതാണ്. 2022 – ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ മതവിഭാഗത്തിനെതിരെയുള്ള കേസുകളുടെ എണ്ണത്തിൽ 6 ഇരട്ടി വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അനധികൃത വിസാ ഫീസ് ആവശ്യപ്പെട്ടതിന് പിന്നാലെ കടക്കെണിയിൽ ആയ തൻെറ ദുരനുഭവം പങ്കുവച്ച് പാകിസ്ഥാനിൽ നിന്നുള്ള കെയർ മേഖല ജീവനക്കാരൻ. കോൺവാളിൻ്റെ കെയർ സെക്ടറിൽ ജോലി ചെയ്യാനായി പാകിസ്ഥാൻ സ്വദേശിയായ ഹംസ മുഹമ്മദിനോട് ഒരു റിക്രൂട്ട്‌മെൻ്റ് ഏജൻ്റ് അനധികൃത ഫീസ് ഈടാക്കുകയായിരുന്നു. ഇത്തരം തട്ടിപ്പിൽ വീഴുന്ന ലക്ഷങ്ങളിൽ ഒരാൾ മാത്രമാണ് ഹംസ. മൂന്ന് വർഷം വരെയുള്ള ആരോഗ്യ, പരിചരണ തൊഴിലാളി വിസയ്ക്ക് ഒരാൾ £284 നൽകണം.

യുകെ ആസ്ഥാനമായുള്ള ഏജൻസികൾ അവരുടെ സേവനങ്ങൾക്കുള്ള റിക്രൂട്ട്‌മെൻ്റ് ഫീസ് ഉദ്യോഗാർഥികളുടെ കൈയിൽ നിന്ന് നേരിട്ട് ഈടാക്കുന്നത് നിയമവിരുദ്ധമാണ്. ഡൊമിസിലിയറി കെയർ പ്രൊവൈഡർ മിറാക്കിൾ കെയർ സെൻ്ററിൽ ജോലി ചെയ്തിരുന്ന അറുപതോളം വരുന്ന വിദേശ ജോലിക്കാരിൽ ഒരാളായിരുന്നു 27 കാരനായ മുഹമ്മദ്. 2022 ഒക്ടോബറിൽ യുകെയിൽ എത്തിയ ഹംസയെ മറ്റു ജോലിക്കാരോടൊപ്പം 2023 ഒക്ടോബറിൽ പിരിച്ച് വിടുകയിരുന്നു.

കേരളത്തിലും യുകെയിലുമായി ഇത്തരം വ്യാജ റിക്രൂട്ട്മെന്റ് കമ്പനികളുടെ എണ്ണത്തിലും കുറവില്ല. അടുത്തിടെ മാത്രമാണ് യുകെയിലേയ്ക്ക് എത്താനുള്ള വിസ റൂട്ട് വ്യാപകമായി മലയാളികള്‍ ദുരുപയോഗം ചെയ്യുന്നു എന്ന പരാതി വന്നതോടെ ബ്രിട്ടീഷ് സര്‍ക്കാര്‍ കര്‍ശന നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ചത്. ഇതോടെ വിദ്യാര്‍ത്ഥി വിസയിലും വര്‍ക്ക് വിസയിലും എത്തുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അഫ്ഗാനിസ്ഥാനിൽ താലിബാന്റെ ക്രൂരത തുടരുന്നു. കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട രണ്ടുപേർക്ക് താലിബാൻ പരസ്യമായ വധശിക്ഷ നടപ്പിലാക്കിയതായുള്ള റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഗസ്നി നഗരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയത്തിലാണ് ലോക മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.

താലിബാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ ഒപ്പുവെച്ച മരണവാറൻ്റ് വായിച്ച് കേൾപ്പിച്ച ശേഷം ഇരുവരെയും ജനങ്ങൾക്ക് അഭിമുഖമായി നിർത്തി പിൻവശത്തു നിന്ന് യന്ത്ര തോക്കുകൾ കൊണ്ട് നിരവധി തവണ വെടി വയ്ക്കുകയായിരുന്നു .
കൊലപാതക കുറ്റത്തിനാണ് ഇവർ ശിക്ഷിക്കപ്പെട്ടതെന്നും ഇരുവർക്കുമെതിരെ രാജ്യത്തെ കോടതിയിൽ രണ്ടുവർഷം വിചാരണ നടന്നിരുന്നുവെന്നും അഫ്ഗാനിസ്ഥാൻ സുപ്രീംകോടതി ഉദ്യോഗസ്ഥനായ അതിഖുള്ള ദാർവിഷ് പറഞ്ഞു . ഇയാളാണ് മരണവാറൻ്റ് പൊതുജനങ്ങളുടെ മുന്നിൽ വച്ച് വായിച്ചത്. പരസ്യ വധശിക്ഷ നടപ്പിലാക്കുന്നതിന് സാക്ഷ്യം വഹിക്കാൻ ആയിരക്കണക്കിന് പുരുഷന്മാരാണ് സ്റ്റേഡിയത്തിൽ എത്തി ചേർന്നിരുന്നത് . കൂടാതെ ശിക്ഷ വിധിക്കപ്പെട്ടിരുന്നവരുടെ കുടുംബാംഗങ്ങളും എത്തിച്ചേർന്നിരുന്നു. ശിക്ഷയിൽ എന്തെങ്കിലും ഇളവ് വേണോ എന്ന ചോദ്യത്തിന് വേണ്ടെന്ന് ജനക്കൂട്ടം പ്രതികരിച്ചതായാണ് റിപ്പോർട്ടുകൾ.

1996 മുതൽ 2001 വരെയുള്ള താലിബാൻ്റെ ആദ്യ ഭരണകാലത്ത് പരസ്യമായ വധശിക്ഷകൾ സാധാരണമായിരുന്നു. അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈന്യത്തിന്റെ പിന്മാറ്റത്തെ തുടർന്ന് 2021 – ലാണ് താലിബാൻ വീണ്ടും അഫ്ഗാനിസ്ഥാന്റെ ഭരണം കൈയ്യാളാൻ തുടങ്ങിയത്. രണ്ടാമത് അധികാരത്തിൽ എത്തി ചേർന്നതിനുശേഷം നടപ്പിലാക്കുന്ന നാലാമത്തെ വധശിക്ഷയാണ് കഴിഞ്ഞ ദിവസം നടന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- എനർജി റെഗുലേറ്റർ ഓഫ്‌ജെം തങ്ങളുടെ പുതിയ പ്രൈസ് കാപ്പുകൾ പ്രഖ്യാപിക്കുന്നതോടെ ഊർജ്ജ നിരക്കുകളിൽ ക്രമാതീതമായ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബ്രിട്ടനിലെ ജനങ്ങൾ. ഒരു വർഷം 293 പൗണ്ട് കുറയുന്ന തരത്തിലുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബ്രിട്ടീഷ് ഗ്യാസ്, ഓവോ, ഇ ഡബ്യു എഫ്, ഒക്ടോപ്പസ് തുടങ്ങിയ കമ്പനികളിലെ ഉപഭോക്താക്കൾക്ക് ഊർജ്ജ ബില്ലുകൾ ഒരു വർഷം 1928 പൗണ്ട് എന്നതിൽ നിന്നും 1635 പൗണ്ടായി ഏപ്രിൽ 1 മുതൽ കുറയുമെന്നാണ് പ്രവചനങ്ങൾ വ്യക്തമാക്കുന്നത്.

കൺസൾട്ടൻസിയായ കോൺവാൾ ഇൻസൈറ്റ് 14% ഇടിവാണ് പ്രവചിച്ചിരിക്കുന്നത്. ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്‌ലൻഡ് എന്നിവിടങ്ങളിലെ 29 ദശലക്ഷം കുടുംബങ്ങളെ ഓഫ്ജെമിന്റെ വില പരിധി ബാധിക്കുന്നുണ്ട്. ഓരോ യൂണിറ്റ് ഗ്യാസിനും വൈദ്യുതിക്കും വിതരണക്കാർക്ക് ഈടാക്കാവുന്ന പരമാവധി തുകയാണ് ഓഫ്ജെം റെഗുലേറ്റർ ഇന്ന് പ്രഖ്യാപിക്കുക. അതിനാൽ തന്നെ ഒരാൾ കൂടുതൽ ഉപയോഗിക്കുന്നുണ്ടെങ്കിൽ, അതിനനുസരിച്ച് ബില്ലുകളിലും വർദ്ധനയുണ്ടാകും.

ബ്രിട്ടനിലെ ജനങ്ങൾക്ക് മേലുള്ള സമ്മർദ്ദത്തിന് ഊർജ്ജനിരക്കുകളിലെ കുറവ് കുറച്ചധികം ആശ്വാസം നൽകുമെന്ന് എനർജി സേവിങ് ട്രസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് മൈക്ക് തോൺറ്റൺ വ്യക്തമാക്കി. ബ്രിട്ടനെ കൂടുതൽ ഊർജ്ജ സുസ്ഥിരതയുള്ള രാജ്യം ആക്കി മാറ്റുക എന്നതാണ് ഇതിന്റെ ഏറ്റവും മികച്ച പരിഹാരമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ പാർട്ടികളും ഇത് തങ്ങളുടെ ഇലക്ഷൻ പ്രഖ്യാപനം ആക്കി മാറ്റുന്നുണ്ടെങ്കിലും വേണ്ടത്ര ശ്രദ്ധ ഈ മേഖലയ്ക്ക് ലഭിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പുതിയ മാറ്റങ്ങൾ ഏപ്രിൽ മാസം മുതലാണ് നിലവിൽ വരിക. ഊർജ്ജ ബില്ലുകളിൽ ഊർജ്ജ ചെലവ് കൃത്യമായി പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ 2019 ലാണ് സർക്കാർ ഈ റെഗുലേറ്ററി സംവിധാനം കൊണ്ടുവന്നത്. ഹോൾസെയിൽ ഊർജ്ജനിരക്കുകളെ ആശ്രയിച്ച് ആയിരിക്കും ഓഫ്ജെമിന്റെ പ്രഖ്യാപനവും. ഊർജ്ജം നിരക്കുകൾ കുറയുന്നത് ആശ്വാസകരമാണെങ്കിലും, 2019 ൽ ഇത് ആരംഭിച്ച സമയത്തെക്കാൾ 500 പൗണ്ട് കൂടുതലാണ് നിലവിലെ നിരക്കുകൾ എന്നത് ആശങ്കയുളവാക്കുന്നുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇപ്സ്വിച്ചിൽ കുടുംബസമേതം താമസിച്ചിരുന്ന ബിനുമോൻ മഠത്തിൽചിറയിൽ മരണമടഞ്ഞു. 2021 ജൂലൈ മുതൽ ക്യാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. ഒന്നര വർഷത്തിലേറെ കീമോതെറാപ്പി ചെയ്തിരുന്നെങ്കിലും രോഗത്തിന് ശമനം ഉണ്ടായില്ല.
2007 – ലാണ് ബിനുമോനും ഭാര്യ ജ്യോതിയും യുകെയിലെത്തിയത്. ഇവർക്ക് ഒരു മകനുണ്ട്. ഭാര്യ ജോതി യുകെയിൽ നേഴ്സിങ് പഠനം ആരംഭിച്ചിരുന്നെങ്കിലും ബിനുവിന്റെ അസുഖത്തെ തുടർന്ന് പഠനം പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. ഇപ്സ്വിച്ച് മലയാളി അസോസിയേഷന്റെ സജീവ പ്രവർത്തകനായിരുന്ന ബിനുമോന് യുകെയിൽ നല്ലൊരു സൗഹൃദ കൂട്ടായ്മ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ബിനുമോന്റെ വേർപാട് കടുത്ത വേദനയോടെയാണ് യുകെ മലയാളികൾ ഏറ്റുവാങ്ങിയിരിക്കുന്നത്.
സംസ്കാരം യുകെയിൽ തന്നെ നടത്താനാണ് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും തീരുമാനം. ഫെബ്രുവരി 29 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 -ന് ഇപ്സ്വിച് ക്രിമിറ്റോറിയത്തിൽ സംസ്കാരം നടത്തും.
ബിനുമോൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
റൊമാനിയൻ എൻഎച്ച്എസ് ഡോക്ടർ സ്വന്തം ലൈംഗിക സംതൃപ്തിക്കായി കുട്ടികളിൽ മെഡിക്കൽ നടപടിക്രമങ്ങൾ നടത്തിയതായി കണ്ടെത്തിയതിന് പിന്നാലെ പുറത്താക്കി. റോയൽ കോൺവാൾ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിലെ രോഗികളെ അനാവശ്യ പരിശോധനയ്ക്ക് ഇരയാക്കിയ ഡോ. യൂലിയു സ്റ്റാൻ അവരുടെ മലാശയത്തിൽ മരുന്നുകൾ കയറ്റുകയായിരുന്നു. ഇവരിൽ പലരിലും നടപടി ക്രമങ്ങൾ നടത്തുന്നതിന് മുൻപായി അനുവാദം വാങ്ങിച്ചിരുന്നില്ല.

ചില രോഗികളുടെ മലാശയത്തിൽ എട്ടു തവണ വരെ മരുന്നുകൾ ഉപയോഗിച്ചതായി കണ്ടെത്തി. അഞ്ച് വർഷത്തിനിടെ ഇരുപത്തിയൊന്ന് രോഗികളെ ഇത്തരത്തിൽ ദുരുപയോഗം ചെയ്‌തതായി ട്രൈബ്യുണൽ കണ്ടെത്തി. ഡോക്ടറുടെ അപമര്യാദയോടെയുള്ള പെരുമാറ്റത്തെ തുടർന്ന് ആൻറിബയോട്ടിക്കുകൾ സ്വീകരിക്കുന്നതിന് മുമ്പ് തന്നെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ ഒരു രോഗി ശ്രമിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.

തൻ്റെ ലൈംഗിക സംതൃപ്തിക്ക് വേണ്ടി അനാവശ്യവും ആക്രമണാത്മകവും ആയ നടപടിക്രമകൾക്ക് പ്രതി രോഗികളെ വിധേയമാക്കിയതായി കണ്ടെത്തി. പല രോഗികളെയും ഒന്നിലധികം തവണ ഇയാൾ ഉപദ്രവിച്ചതായി സമ്മതിച്ചു. 2007-ൽ റൊമാനിയയിൽ ബിരുദം നേടിയ ഡോ. സ്റ്റാൻ, മസ്കുലോസ്കെലെറ്റൽ പ്രശ്‌നങ്ങളെക്കുറിച്ചുള്ള വൈദ്യശാസ്‌ത്ര ശാഖയായ ട്രോമ, ഓർത്തോപീഡിക്‌സ് മേഖലയിൽ വൈദഗ്ധ്യം നേടുന്നതിന് മുമ്പ് യുകെയിൽ ജോലി ചെയ്‌തിരുന്നു. 2015 ലാണ് അദ്ദേഹം തൻ്റെ ഏറ്റവും ഒടുവിലെ എൻഎച്ച്എസ് പോസ്റ്റ് ആരംഭിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രെസ്റ്റൺ മലയാളി ഡോ.എ.ജെ.ജേക്കബ് (64) നിര്യാതനായി. പ്രെസ്റ്റൺ കത്തീഡ്രൽ ഇടവകാംഗമാണ് ഡോ.എ.ജെ.ജേക്കബ്. സംസ്കാരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
ഡോ.എ.ജെ.ജേക്കബിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മിസൈൽ പരീക്ഷണങ്ങളിൽ ബ്രിട്ടന് കനത്ത തിരിച്ചടി. മിസൈൽ പരീക്ഷണം തുടർച്ചയായ രണ്ടാം വട്ടവും പരാജയപ്പെട്ടതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇതിനു മുമ്പ് 2016 ലെ പരീക്ഷണവും പരാജയമടഞ്ഞിരുന്നു. ഏകദേശം 17 മില്യൺ പൗണ്ടാണ് ഒരു മിസൈൽ നിർമ്മാണത്തിന്റെ ചിലവ്.

2012 -ലാണ് ഈ ഇനത്തിൽപ്പെട്ട മിസൈലിൻ്റെ വിജയകരമായ പരീക്ഷണം യുകെ അവസാനമായി നടത്തിയത്. പ്രധാനമായും ആണവായുധങ്ങൾ വഹിക്കാനായി രൂപകൽപ്പന ചെയ്യപ്പെട്ടിട്ടുള്ള മിസൈലാണ് ട്രൈസന്റ്’ അതുകൊണ്ട് തന്നെ പരീക്ഷണം പരാജയമായത് യുകെയുടെ പ്രതിരോധ സംവിധാനത്തെ സംബന്ധിച്ച് വളരെ നിർണായകമാണെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

മിസൈലിന്റെ ബൂസ്റ്റർ റോക്കറ്റുകൾ തകരാറിലാവുകയും വിക്ഷേപണ സ്ഥലത്തിന് സമീപമുള്ള കടലിൽ പതിക്കുകയും ചെയ്തതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ട്രൈസന്റ് മിസൈൽ പരീക്ഷണത്തിലെ പരാജയം യു കെയ്ക്ക് ഒപ്പം യുഎസിനും നാണക്കേട് ഉണ്ടാക്കുന്ന സംഭവമായാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ട്രൈസന്റ് അന്തർവാഹിനികളിലും മിസൈലുകളിലും തനിക്ക് തികച്ചും ആത്മവിശ്വാസമുണ്ടെന്ന് പ്രതിരോധ സെക്രട്ടറി ഗ്രാൻറ് ഷാപ്സ് പറഞ്ഞു
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് ഉള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവന്നു. 2024ലെ ഹെൻലി പാസ്പോർട്ട് സൂചിക അനുസരിച്ചുള്ള പട്ടിക പുറത്തു വന്നപ്പോൾ യുകെ 6-ാം സ്ഥാനത്തു നിന്നും 3 -ാം സ്ഥാനത്തേയ്ക്ക് എത്തി നില മെച്ചപ്പെടുത്തി. എന്നാൽ ഇന്ത്യൻ പാസ്പോർട്ടിന്റെ സ്ഥാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പുറകിലേയ്ക്ക് പോയി.

കഴിഞ്ഞവർഷം 84-ാം സ്ഥാനത്ത് ഉണ്ടായിരുന്ന ഇന്ത്യയുടെ സ്ഥാനം 85 -ലേക്ക് താഴ്ന്നു. എത്ര വിദേശ രാജ്യങ്ങളിലേയ്ക്ക് വിസയില്ലാതെ സഞ്ചരിക്കാം എന്നതിൻറെ അടിസ്ഥാനത്തിലാണ് ശക്തമായ പാസ്പോർട്ടുകളുടെ പട്ടിക തയ്യാറാക്കുന്നത്. പട്ടികയിൽ ഫ്രാൻസ് ആണ് ഒന്നാമതുള്ളത്. ഫ്രാൻസിന് പുറമെ ഇപ്പോൾ സിംഗപ്പൂർ, ജർമ്മനി, ഇറ്റലി, സ്പെയിൻ എന്നിവയും ഒന്നാം സ്ഥാനം പങ്കിടുന്നുണ്ട്.

അമേരിക്കയും കാനഡയും ആണ് 6-ാം സ്ഥാനം പങ്കിടുന്നത് . ബ്രിട്ടീഷ് പൗരന്മാർക്ക് കഴിഞ്ഞവർഷം 187 രാജ്യങ്ങളിലേയ്ക്ക് ആയിരുന്നു വിസയില്ലാതെ യാത്ര ചെയ്യാൻ സാധിച്ചിരുന്നത്. എന്നാൽ ഈ വർഷം 192 രാജ്യങ്ങളിലേയ്ക്ക് വിസയില്ലാതെ യാത്ര ചെയ്യാനാകും. യുകെ യ്ക്ക് പുറമെ ലക്സംബര്‍ഗ്, അയര്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക്, ഓസ്ട്രിയ എന്നിവരും മൂന്നാം സ്ഥാനം പങ്കിടുന്നു