Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഉഷ്‌ണ തരംഗത്തിന് സാധ്യത ഉള്ളതിനാൽ രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പല സ്ഥലങ്ങളിലേയും താപനില 30 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് മുന്നറിയിപ്പ്. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയും (യുകെഎച്ച്എസ്എ) മെറ്റ് ഓഫീസും സംയുക്തമായി പ്രഖ്യാപിച്ച യെല്ലോ ഹീറ്റ് ഹെൽത്ത് അലർട്ട് തിങ്കളാഴ്ച രാവിലെ മുതൽ വ്യാഴാഴ്ച വരെയാണ് പ്രാബല്യത്തിൽ ഉള്ളത്. ഈ കാലയളവിൽ ചർമ്മ സംരക്ഷണത്തിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.

യുകെയിലെ ഏറ്റവും ജനപ്രിയമായ സൺസ്‌ക്രീനുകളിൽ പലതും സുരക്ഷാ പരിശോധനകളിൽ പരാജയപ്പെട്ടു. പരിശോധനയിൽ വാഗ്ദാനം ചെയ്തതിനേക്കാൾ കുറഞ്ഞ പരിരക്ഷയാണ് ഇവ നൽകുന്നതെന്ന് കണ്ടെത്തി. ഈ സന്ദർഭത്തിൽ സൺസ്‌ക്രീൻ പാക്കേജുകളിലെ ചുരുക്കെഴുത്ത് മനസ്സിലാക്കുന്നത് ഫലപ്രദമായ ചർമ്മ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണ്.

1. UVA (അൾട്രാവയലറ്റ് എ): ഈ കിരണങ്ങൾ ചർമ്മത്തിലേക്ക് ആഴത്തിൽ തുളച്ചുകയറുകയും വാർദ്ധക്യത്തിനും ദീർഘകാല ചർമ്മത്തിന്റെ കേടുപാടുകൾക്കും കാരണമാവും.
2. UVB (അൾട്രാവയലറ്റ് ബി): ഈ രശ്മികൾ ചർമ്മത്തിൻ്റെ ഉപരിതലത്തെ ബാധിക്കുന്നു. സൂര്യതാപത്തിൻ്റെ പ്രധാന കാരണവുമാണ്.
3. SPF (സൺ പ്രൊട്ടക്ഷൻ ഫാക്ടർ): UVB കിരണങ്ങളിൽ നിന്ന് സൺസ്‌ക്രീൻ എത്ര നന്നായി സംരക്ഷിക്കുന്നു എന്ന് ഇത് അളക്കുന്നു. ഉയർന്ന സംഖ്യകൾ കൂടുതൽ സംരക്ഷണത്തെ സൂചിപ്പിക്കുന്നു.

UVA, UVB സംരക്ഷണം നൽകുന്ന ഒരു സൺസ്ക്രീൻ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്.

SPF 15 93% UVB രശ്മികളെ തടയുമ്പോൾ, SPF 30 96.7% UVB രശ്മികളെ തടയുന്നു. SPF 50 98% UVB രശ്മികളെ തടയുന്നു. UVB സംരക്ഷണത്തെ സൂചിപ്പിക്കുന്ന SPF റേറ്റിംഗിന് പുറമേ, സൺസ്ക്രീൻ ബോട്ടിലുകളിലെ സ്റ്റാർ റേറ്റിംഗ് സൺസ്‌ക്രീൻ UVA രശ്മികളിൽ നിന്ന് എത്രത്തോളം സംരക്ഷിക്കുന്നു എന്നതിനെ കാണിക്കുന്നു. നാലോ അഞ്ചോ സ്റ്റാറുകൾ ഉള്ള സൺസ്‌ക്രീൻ ഉപയോഗിക്കണമെന്ന് ക്യാൻസർ റിസർച്ച് യുകെ ശുപാർശ ചെയ്യുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെറും ആറുമാസം മുമ്പ് മാത്രം യുകെയിലെത്തിയ മലയാളി യുവാവ് മരണമടഞ്ഞു. യുകെയിലെ കുംബ്രിയയിലെ വൈറ്റ്ഹാവനിൽ കുടുംബവുമായി താമസിച്ചിരുന്ന നോബിൾ ജോസാണ് 42 -ാം മത്തെ വയസ്സിൽ അകാലത്തിൽ നിര്യാതനായത്. കോഴിക്കോട് മറുതോക്കര വള്ളിക്കുന്നേൽ കുടുംബാംഗമാണ് നോബിൾ ജോസ്.

ഉറക്കത്തിൽ ഹൃദയസ്തംഭനം മൂലം നോബിൾ മരിക്കുകയായിരുന്നു. രാവിലെ ഭാര്യ അജിന വിളിച്ചിട്ടും ഉണരാതെ കിടന്നതിനെ തുടർന്ന് എമർജൻസി സർവീസുകളെ വരുത്തിയിരുന്നു. തുടർന്നുള്ള പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു.

നോബിളിന് രണ്ട് വർഷം മുമ്പ് വൃക്ക മാറ്റി വയ്ക്കൽ നടത്തിയിരുന്നു. അതുൾപ്പെടെയുള്ള കടബാധ്യതകൾ തീർക്കുന്നതിനായാണ് നോബിളും ഭാര്യ അജിനയും യുകെയിലെത്തിയത്. മറ്റ് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെയില്ലായിരുന്നു എന്നാണ് അറിയാൻ സാധിച്ചത്. കഴിഞ്ഞദിവസം പതിവായുള്ള ആരോഗ്യ പരിശോധനയ്ക്കായി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മറ്റ് പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നതിനാൽ ഡിസ്ചാർജ് ചെയ്യുകയായിരുന്നു.

മാനന്തവാടി തുടിയൻ പറമ്പിൽ കുടുംബാംഗമായ ഭാര്യ അജിന ജോസ് വെസ്റ്റ് കുംബ്രിയ ലാൻഡിലെ ഹോസ്പിറ്റലിൽ നേഴ്സാണ്. ജോഹാൻ ( 12 ) അലിഷ (10) എന്നിവരാണ് മക്കൾ. വൈറ്റ് ഹാവാനിൽ ചർച്ച് വ്യൂ നേഴ്സിംഗ് ഹോസ്പിറ്റലിൽ ആയിരുന്നു നോബിൾ ജോലി ചെയ്തിരുന്നത്. 8 മാസം മുമ്പാണ് അജിന യുകെയിലെത്തിയത്. തുടർന്നാണ് നോബിളും മക്കളും യുകെയിലെത്തിയത്.

യുകെയിലെത്തി ചുരുങ്ങിയ കാലയളവിൽ തന്നെ ഇവിടുത്തെ മലയാളി സമൂഹത്തിൽ നോബിൾ ചിരപരിചിതനായിരുന്നു. വൈറ്റ് ഹാവനിലെ കെൻസ് സെന്റ് മേരീസ് സീറോ മലബാർ കമ്മ്യൂണിറ്റിയിൽ സജീവമായി പ്രവർത്തിച്ചിരുന്ന നോബിൾ സൺഡേ സ്കൂളിൽ പഠിപ്പിക്കുന്നതിനും പ്രാർത്ഥനാ കൂട്ടായ്മകളിലും സജീവമായി പ്രവർത്തിക്കുന്നതിനും സമയം കണ്ടെത്തിയിരുന്നു. സിറോ മലബാർ മിഷൻ വൈദികനായ ഫാ. അജീഷ് കുമ്പുക്കൽ ഇന്ന് നോബിളിന്‍റെ ഭവനത്തിൽ ഒപ്പീസ് ചൊല്ലുകയും പ്രാർഥനകൾക്കു നേതൃത്വം നല്കുകയും ചെയ്യും. കേരളത്തിൽ തന്റെ മാതൃ ഇടവകയായ മരുതോക്കര സെന്റ് മേരീസ് ഫൊറോന പള്ളിയുടെ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുത്തിരുന്ന നോബിളിനെ കുറിച്ച് എല്ലാവർക്കും നല്ലതു മാത്രമേ പറയാനുള്ളൂ.

നോബിൾ ജോസിന്റെ അകാല നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഓരോ വർഷവും നിരവധി പേർക്കാണ് യുകെയിൽ ഗർഭാശയമുഖ ക്യാൻസർ തിരിച്ചറിയുന്നത്. അതുകൊണ്ട് തന്നെ 50 വയസ്സിൽ താഴെയുള്ളവർക്ക് ഗർഭാശയ ക്യാൻസർ തിരിച്ചറിയുന്നതിനുള്ള പരിശോധനകൾ നടത്തുന്നത് പ്രാരംഭഘട്ടത്തിൽ തന്നെ രോഗം തിരിച്ചറിയുന്നതിനും ചികിത്സ ആരംഭിക്കുന്നതിനും സഹായിക്കും. എന്നാൽ എൻഎച്ച്എസ് തുടർച്ചയായി നടത്തുന്ന ഇത്തരം പരിശോധനകളോട് സ്ത്രീകൾ മുഖം തിരിഞ്ഞു നിൽക്കുന്നതായുള്ള വിവരങ്ങൾ കടുത്ത ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്.

50 വയസ്സിൽ താഴെ പ്രായമുള്ള മൂന്നിലൊന്നു പേരും സെർവിക്കൽ ക്യാൻസർ പരിശോധനകളിൽ പങ്കെടുത്തിട്ടില്ലെന്നാണ് എൻഎച്ച്എസ് അറിയിച്ചിരിക്കുന്നത്. ഓരോ വർഷവും 3200 സ്ത്രീകൾക്കാണ് സെർവിക്കൽ ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തുന്നത്. രോഗം സ്ഥിരീകരിക്കുന്നവരിൽ 850 പേരെങ്കിലും പ്രതിവർഷം മരണത്തിന് കീഴടങ്ങുന്ന ഗുരുതര സാഹചര്യവും രാജ്യത്തുണ്ട്. ബ്രിട്ടനിലെ സ്ത്രീകളെ ബാധിക്കുന്ന ക്യാൻസർ രോഗങ്ങളിൽ 14 -ാം മത്തെ സ്ഥാനമാണ് സെർവിക്കൽ ക്യാൻസറിനുള്ളത്. 30 നും 34 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ഇത് വരാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

ഗർഭാശയമുഖത്ത് അർബുദ കോശങ്ങൾ ഉണ്ടാകുകയും വളരുകയും ചെയ്യുന്നതിലൂടെയാണ് സെർവിക്കൽ ക്യാൻസർ അപകടകരമായി മാറുന്നത്. അർബുദ കോശങ്ങളെ നേരത്തെ കണ്ടെത്തിയില്ലെങ്കിൽ ഇത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് വ്യാപിക്കും. 25നും 49 നും ഇടയിൽ പ്രായമുള്ള 11 ദശലക്ഷം സ്ത്രീകളിൽ 65.8 ശതമാനം പേരും എൻഎച്ച്എസ്സിന്റെ പരിശോധനകളിൽ പങ്കെടുത്തിരുന്നു. 50 മുതൽ 64 വയസ്സ് വരെ പ്രായമുള്ളവരിൽ 74.1 ശതമാനം പേരാണ് പരിശോധനകളിൽ പങ്കെടുത്തത്. പ്രായമായവരുമായി താരതമ്യം ചെയ്യുമ്പോൾ പരിശോധനയിൽ പങ്കെടുക്കാത്തവരുടെ എണ്ണത്തിൽ കുറവുള്ളത് 50 വയസ്സിൽ താഴെയുള്ളവരിലാണെന്നത് ഗുരുതരമായി കാണണമെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്. കാരണം ഈ പ്രായത്തിലുള്ളവരിലാണ് രോഗം വരാൻ സാധ്യത കൂടുതലുള്ളത്. 2040-ഓടെ ഗർഭാശയ അർബുദം തുടച്ചുനീക്കുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ടിൻ്റെ മേധാവി അമൻഡ പ്രിച്ചാർഡ് കഴിഞ്ഞ വർഷം പറഞ്ഞിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ വരും ദിവസങ്ങളിൽ അന്തരീക്ഷത്തിൽ ഉയർന്ന നിലയിൽ പൂമ്പൊടിയുടെ സാന്നിധ്യം ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത അഞ്ചുദിവസത്തേക്ക് ഇത് ഉണ്ടാകുമെന്നാണ് മെറ്റ് ഓഫീസിന്റെ പ്രവചനം. ശനിയാഴ്ചയോടെ ഇത് വെയിൽസിലേക്കും നോർത്തേൺ അയർലണ്ടിലേക്കും വ്യാപിക്കും എന്നും അധികൃതർ പറയുന്നു. ഇതിനുപുറമെ അടുത്ത ആഴ്ചയിൽ ഉയർന്ന ഉഷ്ണ തരംഗത്തിന് സാധ്യതയുള്ളതായും മെറ്റ് ഓഫീസ് പറഞ്ഞു.


ഈ കാലാവസ്ഥയിൽ ശ്വാസകോശ സംബന്ധമായ രോഗമുള്ളവർ വരും ദിവസങ്ങളിൽ മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. ആസ്മ, ക്രോണിക് ഒബ്സ്ട്രാക്ടറി പൾമനറി ഡിസീസ് തുടങ്ങിയ രോഗമുള്ളവർ പൂമ്പൊടി ശ്വസിച്ചാൽ രോഗാവസ്ഥ മോശമാകാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് ഇതിൻറെ രോഗലക്ഷണങ്ങൾ. വരും ദിവസങ്ങളിൽ ആസ്മാബാധിതർ നിർദ്ദേശിച്ച പ്രകാരം എല്ലാദിവസവും പ്രിവന്റ്റെർ ഇൻഹെയിലർ എടുക്കണം കൂടാതെ തങ്ങളുടെ പക്കൽ എപ്പോഴും ഒരു റിലീവർ ഇൻഹെയിലർ കൊണ്ടുനടക്കാനും ശ്രദ്ധിക്കണമെന്ന് അധികൃതർ പറയുന്നു.


ഹേ ഫീവർ ബാധിച്ചവർക്ക് ആൻറി ഹിസ്റ്റമിനുകൾ എടുക്കാം. കൂടാതെ സ്റ്റിറോയ്ഡ് നേസൽ സ്പ്രേ ഉപയോഗിക്കുന്നതിനെപ്പറ്റി അവരുടെ ജിപിയോട് നിർദ്ദേശം തേടാം. ഇത്തരം ആളുകൾ ഉയർന്ന പൂമ്പൊടിയുള്ള സമയത്ത് പുറത്തിറങ്ങാത്തതായിരിക്കും നല്ലത്. അലർജി ഉള്ളവർ വരും ദിവസങ്ങളിൽ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:

1. അലക്കിയ തുണികൾ പുറത്ത് വിരിച്ച് ഇടാതെ ഇരിക്കുക – പൂമ്പൊടി വസ്ത്രങ്ങളിൽ പറ്റിപ്പിടിക്കാം
2. പുറത്തിറങ്ങിയാൽ വീട്ടിൽ വന്നതിനുശേഷം ഉടനെ തന്നെ കുളിക്കുക – ഇത് മുടിയിൽ നിന്നും ചർമ്മത്തിൽ നിന്നും പൂമ്പൊടിയെ നീക്കം ചെയ്യുന്നു.
3. ജനലുകളും വാതിലുകളും അടച്ചിടാൻ ശ്രദ്ധിക്കുക.
4. ആന്റി ഹിസ്റ്റാമിനുകൾ നേരത്തെ തന്നെ കഴിക്കാൻ ശ്രദ്ധിക്കുക.
5. ഫെയ്സ് മാസ്കുകൾ ഉപയോഗിക്കുക.
6. ആപ്പിളും സവാളയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്ത ഈ കാര്യങ്ങൾ റിയാക്ഷനുകൾ ഒരു പരിധിവരെ നിയന്ത്രിക്കാൻ സഹായിക്കും. അതേസമയം അടുത്ത ആഴ്ച രാജ്യത്തെ പല സ്ഥലങ്ങളിലും താപനില 30 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത ഉണ്ടെന്ന് മെറ്റ് ഓഫീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

തൊഴിലാളികളെ പിരിച്ചുവിടാനുള്ള ടാറ്റാ സ്റ്റീൽ കമ്പനിയുടെ നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി തൊഴിലാളി യൂണിയനുകൾ രംഗത്തു വന്നു. അടുത്തമാസം 1500 തൊഴിലാളികൾ പണിമുടക്കുമെന്ന് ട്രേഡ് യൂണിയനുകൾ അറിയിച്ചു. 40 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് യുകെയിലെ ടാറ്റാ സ്റ്റീൽ തൊഴിലാളികൾ പണിമുടക്കുന്നത്.

സെപ്റ്റംബർ അവസാനത്തോടെ പോർട്ട് ടാൽബോട്ടിലെ രണ്ട് ചൂളകൾ പ്രവർത്തനം നിർത്തുമ്പോൾ ഏകദേശം 2,800 ടാറ്റ സ്റ്റീൽ തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടും. എന്നാൽ തൊഴിലാളികൾ നടത്തുന്ന പണിമുടക്ക് കമ്പനിയുടെ പ്രവർത്തനത്തെ ബാധിച്ചാൽ അടച്ചുപൂട്ടൽ നടപടികൾ വേഗത്തിലാക്കുമെന്ന ഭീഷണിയുടെ സ്വരമാണ് കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. എങ്ങനെയൊക്കെയായാലും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജൂലൈ 8 – ന് സമരവുമായി മുന്നോട്ടു പോകുമെന്ന നിലപാടിലാണ് തൊഴിലാളി യൂണിയനുകൾ.


വളരെ നാളുകളായി ടാറ്റാ സ്റ്റീലിന്റെ പോർട്ട് ടാൽബോട്ടിലെ ഉരുക്ക് നിർമ്മാണശാലയിൽ പ്രതിസന്ധി കനക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ് . ആധുനികവൽക്കരണത്തിന്റെ ഭാഗമായാണ് തൊഴിലാളികൾക്ക് ഇവിടെ ജോലി നഷ്ടമാകുന്നത്. സമരത്തിൽ തൊഴിലാളികൾ പങ്കെടുത്ത് കമ്പനിയുടെ പ്രവർത്തനങ്ങൾ തടസ്സം നേരിട്ടാൽ നിലവിൽ വാഗ്ദാനം ചെയ്തിരിക്കുന്ന വിരമിക്കൽ പാക്കേജിൽ നിന്ന് ടാറ്റാ സ്റ്റീൽ പുറകോട്ട് പോകുമെന്ന്‌ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് രാജേഷ് നായർ പറഞ്ഞത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

സൗത്ത് വെയിൽസിലെ ടാറ്റാ സ്റ്റീൽ ബ്രിട്ടനിലെ ഏറ്റവും വലിയ സ്റ്റീൽ ഉല്പാദകരാണ് ടിൻ ക്യാനുകൾ മുതൽ കാറുകൾ വരെ ഉപയോഗിക്കുന്ന ഉരുക്ക് ഉൽപ്പാദിപ്പിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ട് ബ്ലാസ്റ്റ് ഫർണസുകൾ ഈ സ്റ്റീൽ വർക്കിന്റെ സവിശേഷതയാണ്. എന്നാൽ യുകെയിൽ ഏറ്റവും കൂടുതൽ മലിനീകരണം സൃഷ്ടിക്കുന്നതും ഈ സ്റ്റീൽ കമ്പനിയാണ്. ഇതിന് പിന്നാലെയാണ് സ്റ്റീൽ നിർമ്മാണത്തിനായി പുതിയ ഇലക്ട്രിക് ആർക്ക് ഫർണസുകൾ സ്ഥാപിക്കുന്നതിന് ഫണ്ട് നൽകാൻ യുകെ സർക്കാർ തീരുമാനിച്ചത്. എന്നാൽ കമ്പനി പുതിയ ഫർണസുകൾ ഉപയോഗിക്കാൻ തുടങ്ങുമ്പോൾ ആയിരക്കണക്കിന് ജീവനക്കാർക്ക് തങ്ങളുടെ തൊഴിൽ നഷ്ടമാകുമെന്നതാണ് സമരത്തിന് കാരണമായിരിക്കുന്നത്. പുതിയ ഫർണസുകൾ ഉപയോഗിക്കുമ്പോൾ യുകെയുടെ മുഴുവൻ ബിസിനസ്, വ്യാവസായിക കാർബൺ ഉദ്‌വമനം 7% കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

കളിചിരിയുമായി എല്ലാവരുടെയും പൊന്നോമനയായ  ടിയാന പറന്നകന്നു. റെഡിച്ചിൽ താമസിക്കുന്ന യുകെ മലയാളികളായ ജോസഫ് തോമസ് ( ടിജോ) തെക്കേടത്തിന്റെയും അഞ്ചുവിന്റെയും മകളായ ടിയാനയുടെ മരണം ഉൾക്കൊള്ളാൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല . നാല് വയസ്സ് മാത്രം പ്രായമുള്ള ടിയാന ഇനി മറ്റ് പലരിലൂടെയും ഈ ലോകത്ത് ജീവിക്കും. മരണമടഞ്ഞ ടിയാനയുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള സമ്മതപത്രം മാതാപിതാക്കൾ നൽകി.

ടിയാനയുടെ മാതാപിതാക്കളായ ടിജോയും അഞ്ചുവും ചങ്ങനാശ്ശേരി സ്വദേശികളാണ്. കുട്ടിയ്ക്ക് ചർദ്ദിയായിട്ടായിരുന്നു അസുഖം ആരംഭിച്ചത്. റെഡിച്ചിൽ തന്നെ സെൻട്രൽ ഹോസ്പിറ്റലിൽ ആണ് ആദ്യം ചികിത്സ തേടിയത്.  സ്ഥിതി മോശമായിരുന്നതിനെ തുടർന്ന് ഉസ്റ്റർ ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഇവിടെവച്ച് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് അടിയന്തിരമായി ബർമിംഗ്‌ഹാം ചിൽഡ്രൻ ഹോസ്പിറ്റലിലേയ്ക്ക് മാറ്റുകയായിരുന്നു. അവിടെ ചികിത്സയിൽ ഇരിക്കയാണ് മരണം സംഭവിച്ചത്.

ടിയാനയുടെ മൂത്ത സഹോദരൻ എഡ്വിൻ ഒന്നാം ക്ലാസിലാണ് പഠിക്കുന്നത്. റെഡിച്ച് തന്നെയുള്ള ടിജോയുടെ സഹോദരി ടിഷയും ഭർത്താവ് ഷിബിനും മറ്റ് സുഹൃത്തുക്കളും കുടുംബത്തിന് താങ്ങായി ഒപ്പമുണ്ട്.

കുഞ്ഞ് ടിയാനയുടെ പൊതു ദർശനവും മൃത സംസ്കാരവും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

ടിയാനയുടെ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിലെ ഹോസ്പിറ്റലുകളിൽ സൈബർ ആക്രമണം നടത്തിയ കുറ്റവാളികൾ അതീവ പ്രാധാന്യമുള്ള ചില വിവരങ്ങൾ പുറത്തു വിട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇന്നലെ രാത്രിയിൽ ടെലിഗ്രാം ചാനലിലും ഡാർക്ക് വെബ്ബിലുമാണ് വിവരങ്ങൾ പുറത്തു വിട്ടത്. ഏകദേശം 400 ജി ബി സ്വകാര്യ വിവരങ്ങൾ ഈ രീതിയിൽ ഇൻറർനെറ്റിൽ പ്രസിദ്ധീകരിച്ചതായാണ് അറിയാൻ സാധിച്ചത്. അതീവ പ്രാധാന്യമുള്ള രക്ത പരിശോധനാ വിവരങ്ങൾ ആണ് പരസ്യമാക്കിയത് .

ജൂൺ മൂന്നാം തീയതി ലണ്ടനിലെ പ്രധാനപ്പെട്ട ഹോസ്പിറ്റലുകളുടെ സർവറുകളിൽ സൈബർ ആക്രമണം നടത്തി വിവരങ്ങൾ ചോർത്തിയത് ശേഷം സൈബർ കുറ്റവാളികൾ പണം തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു . പണം ലഭിച്ചില്ലെങ്കിൽ തട്ടിയെടുത്ത വിവരങ്ങൾ പ്രസിദ്ധീകരിക്കുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയാണ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്. ഡാറ്റയിൽ രോഗികളുടെ പേരുകൾ, ജനന തീയതി, എൻഎച്ച്എസ് നമ്പറുകൾ, രക്തപരിശോധനകളുടെ വിവരണങ്ങൾ എന്നിവ ഉൾപ്പെടുന്നു. പരിശോധനാ ഫലങ്ങളും ഡാറ്റയിൽ ഉണ്ടോ എന്ന് അറിയില്ല.

ലണ്ടനിലെ ആശുപത്രികളുടെ കമ്പ്യൂട്ടർ സർവറിൽ സൈബർ ആക്രമണം നടന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പ്രധാന ആശുപത്രികളായ റോയൽ ബ്രോംപ്ടൺ, എവലിന ലണ്ടൻ ചിൽഡ്രൻസ് ഹോസ്പിറ്റൽ, സെൻ്റ് തോമസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് സൈബർ ആക്രമണം നടന്നത് . ഇതിനെ തുടർന്ന് ശസ്ത്രക്രിയകൾ വരെ മുടങ്ങുകയും അത്യാഹിത വിഭാഗത്തിലേയ്ക്ക് വന്ന പല രോഗികളെയും മറ്റ് ആശുപത്രികളിലേയ്ക്ക് മാറ്റേണ്ട ഗുരുതരമായ സ്ഥിതി സംജാതമായിരുന്നു .

റോയൽ ബ്രോംപ്ടൺ, എവലിന ലണ്ടൻ ചിൽഡ്രൻസ് ഹോസ്പിറ്റൽ , കിംഗ്സ് കോളേജ് ഹോസ്പിറ്റൽ, ഗൈസ്, സെൻ്റ് തോമസ് എന്നിവയുടെ പ്രാഥമിക പരിചരണ സേവനങ്ങളെയും സൈബർ ആക്രമണം ബാധിച്ചു . രോഗികൾക്ക് വിവിധ സേവനങ്ങൾ നൽകുന്നതിനെയും വിവിധ പരിശോധന ഫലങ്ങൾ നൽകുന്നതിനെയും സൈബർ അറ്റാക്ക് ബാധിച്ചു. ആശുപത്രികളിലെ വിവിധ വിഭാഗങ്ങൾക്ക് സുപ്രധാന സൈബർ സർവീസുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.

കമ്പ്യൂട്ടർ നെറ്റ്‌വർക്കുകൾ തകരാറിലായതിനെ തുടർന്ന് സർവറുകൾ പണിമുടക്കിയതിനാൽ പഴയ രീതിയായ പേപ്പർ റെക്കോർഡിലേയ്ക്ക് പല ആശുപത്രികളും മടങ്ങിപോയത് വലിയ വാർത്തയായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പലിശ നിരക്ക് കുറയ്ക്കുന്നതിന് അനുകൂല സാഹചര്യമുണ്ടായിരുന്നിട്ടും ബാങ്ക് ഓഫ് ഇംഗ്ലണ്ട് അതിന് തയ്യാറായില്ല. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്ക് കുറയ്ക്കാനുള്ള അവലോകനയോഗം തുടർച്ചയായ ഏഴാം പ്രാവശ്യവും പലിശ നിരക്ക് അതേ പടി നിലനിർത്താനുള്ള തീരുമാനം ആണ് കൈകൊണ്ടത്. ഇതോടെ 16 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 5.25 ശതമാനം പലിശ നിരക്ക് ഉടനെ കുറയുമെന്ന പ്രതീക്ഷകൾ അസ്തമിച്ചു.

ഓഗസ്റ്റിൽ ചേരുന്ന ബാങ്കിൻറെ അവലോകന യോഗത്തിൽ പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനം കൈക്കൊണ്ടേക്കാം എന്നാണ് സാമ്പത്തിക വിദഗ്ധർ അനുമാനിക്കുന്നത്. പണപ്പെരുപ്പം കുറഞ്ഞതാണ് ഇതിന് പ്രധാന കാരണമായി അവർ ചൂണ്ടി കാണിക്കുന്നത്. ബ്രിട്ടനിൽ 11 ശതമാനത്തിന് മുകളിലായിരുന്ന പണപ്പെരുപ്പത്തിൽ നിന്ന് ഈ മാസം രണ്ടു ശതമാനത്തിൽ എത്തിയത് ആദ്യമായാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത ലക്ഷ്യമായി പറഞ്ഞിരുന്ന രണ്ട് ശതമാനത്തിൽ പണപ്പെരുപ്പ നിരക്ക് എത്തിയതോടെ പലിശ നിരക്കുകൾ കുറയുമെന്ന് പരക്കെ വിശ്വസിക്കപ്പെട്ടിരുന്നു.

പലിശ നിരക്ക് കുറച്ചിരുന്നെങ്കിൽ അത് പൊതു തിരഞ്ഞെടുപ്പിൽ ഋഷി സുനക് സർക്കാരിന് അനുകൂല ഘടകമായി തീർന്നേനെ. ജീവിത ചിലവ് വർദ്ധനവും പണപ്പെരുപ്പവും കുറയ്ക്കുമെന്ന് ഋഷി സുനകിൻ്റെ പ്രധാന വാഗ്ദാനങ്ങളിൽ പെട്ടതായിരുന്നു. ബോറിസ് ജോൺസൺ പ്രധാനമന്ത്രിയായിരുന്നപ്പോൾ ചാൻസിലർ ആയിരുന്ന ഋഷി സുനകിന്റെ സാമ്പത്തിക നയങ്ങൾ മൂലമാണ് അദ്ദേഹത്തിന് പിന്നീട് പ്രധാനമന്ത്രി പദത്തിലേയ്ക്ക് വാതിലുകൾ തുറന്നത്. പലിശ നിരക്ക് കുറച്ചിരുന്നെങ്കിൽ ബ്രിട്ടനിൽ വീടുകൾ വാങ്ങാൻ കാത്തിരുന്ന മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് ജനങ്ങൾക്ക് ഉപകാരപ്രദമായിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് നിലവിലെ സർക്കാരിനും അനുകൂല ഘടകമായിരുന്ന ഒരു നടപടിയിൽ നിന്ന് മനഃപൂർവ്വം ബാങ്ക് ഓഫ് ഇംഗ്ലണ്ട് പിൻവലിഞ്ഞതാണെന്ന അഭിപ്രായം ഉള്ളവരും ഒട്ടേറെയാണ്. ലേബർ പാർട്ടി അധികാരത്തിൽ എത്തുമെന്ന് അഭിപ്രായ സർവേയിൽ ഒന്നടങ്കം പറയുന്ന സാഹചര്യത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഋഷി സുനക് സർക്കാരിനോട് ചിറ്റമ്മ നയം സ്വീകരിച്ചു എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ബെന്നി അഗസ്റ്റിൻ

കാർഡിഫ് : മേയ് 3 ന് കാർഡിഫിന് അടുത്ത് വച്ച് നടന്ന കാർ അപകടത്തിൽ കാറിലുണ്ടായിരുന്ന നാല് പേരിൽ മൂന്ന് പേർക്ക് സാരമായ പരിക്ക് പറ്റുകയും അവരിൽ ഗുരുതരാവസ്ഥയിൽ കാർഡിഫ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ പരിചരണത്തിലായിരുന്ന ഹെൽന മരിയ ഇന്നലെ വൈകുന്നേരം, ജൂൺ 20 ന് മരണത്തിന് കീഴടങ്ങിയ വാർത്ത അതീവ ദുഃഖത്തോടെയാണ് യുകെയിലെ ജനങ്ങൾ കേൾക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ഹെൽന വെൻ്റിലേറ്ററിൽ ജീവനുവേണ്ടി പോരാടുകയായിരുന്നു. ക്രിട്ടിക്കൽ സ്റ്റേജിൽ ആയിരിക്കുമ്പോൾ തന്നെ അവൾക്ക് എല്ലാ മതപരമായ ചടങ്ങുകളും നൽകി.

2024 ഏപ്രിലിൽ കാർഡിഫിനടുത്തുള്ള സൗത്ത് വെയിൽസ് സർവ്വകലാശാലയിൽ നേഴ്സിംഗ് പഠിക്കാനാണ് ഹെൽന യുകെയിലെത്തിയത്. യുകെയിൽ വന്ന് ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ അപകടം നടന്നു. ഇവർ സഞ്ചരിച്ചിരുന്ന കാർ ബ്രേക്ക് ഡൗൺ ആയി നിയന്ത്രണം നഷ്ടപ്പെടുകയും ഭിത്തിയിൽ ഇടിക്കുകയുമാണുണ്ടായത്. മകളുടെ അപകട വാർത്ത അറിഞ്ഞ ഉടനെ തന്നെ ഒരാഴ്ചക്കുള്ളിൽ മാതാപിതാക്കൾ കേരളത്തിൽ നിന്നും യുകെയിൽ എത്തി. കഴിഞ്ഞ ഒന്നര മാസം മകളുടെ ആരോഗ്യസ്ഥിതി നന്നാകുവാനും ജീവിതത്തിലേക്ക് തിരിച്ചുവരുവാനും വേണ്ടി മാതാപിതാക്കൾ ഉപവാസവും പ്രാർത്ഥനയുമായി കഴിയുകയായിരുന്നു. മാതാപിതാക്കളോടും സഹോദരങ്ങളായ ദീപു, ദിനു എന്നിവരോടൊപ്പം കാർഡിഫിലെ കുറെ സുമനസുകൾ എപ്പോഴും കൂടെയുണ്ടായിരുന്നു.

ശ്രീ. സിബിച്ചൻ പാറത്താനത്തിൻ്റെയും (റിട്ടയേർഡ് എസ്ഐ, കേരള പോലീസ്) സിന്ധുവിൻ്റെയും മൂത്ത മകളായിരുന്നു ഹെൽന. അവർ മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ പാലാങ്കര പള്ളി ഇടവകയിൽ പെട്ടവരാണ്. യുകെയിലെ എല്ലാ നിയമ നടപടികളും പൂർത്തിയാക്കിയ ശേഷം ഹെൽനയുടെ മൃതദേഹം അവളുടെ നാട്ടിലേക്ക് കൊണ്ടുപോകും. സൗത്ത് വെയിൽസിലെ മലയാളി സമൂഹം പ്രത്യേകിച്ച് കാർഡിഫ് മലയാളി അസോസിയേഷനും ബാരി മലയാളി വെൽഫെയർ അസോസിയേഷനെയും കഴിഞ്ഞ ഒന്നര മാസക്കാലം വളരെ ക്രിട്ടിക്കൽ അവസ്ഥയിൽ ആശുപത്രിയിൽ ആയിരുന്ന ഹെൽനയെ പരിചരിച്ച എല്ലാ ഹോസ്പിറ്റൽ സ്റ്റാഫിനെയും പ്രത്യേകിച്ച് എല്ലാ മലയാളി സ്റ്റാഫിനെയും നന്ദിയും സ്നേഹവും കുടുംബങ്ങൾ അറിയിച്ചിരുന്നു.

ഹെൽന മരിയയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ചീര അടങ്ങിയ പ്രീ പായ്ക്കഡ് സാൻഡ് വിച്ചിൽ ഇ-കോളി ബാക്ടീരിയ കണ്ടെത്തിയ സംഭവത്തിൽ 86 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ റിപ്പോർട്ടുകൾ പ്രകാരം ഇൻഫെക്ഷൻ ബാധിച്ചതായി സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 256 ആയിരിക്കുകയാണ്. മുൻകരുതലെന്ന നിലയിൽ സൂപ്പർമാർക്കറ്റുകളിൽ നിന്ന് ഇത്തരത്തിലുള്ള 60 ഓളം ഉത്പന്നങ്ങൾ അധികൃതർ എടുത്തു മാറ്റിയിട്ടുണ്ട്. ഇതുവരെ രോഗം സ്ഥിരീകരിച്ച എല്ലാവരും മെയ് 31ന് മുമ്പ് ലക്ഷണങ്ങൾ കണ്ടവരാണ്.


ചില രോഗികളുടെ സാമ്പിളുകൾ ഇനിയും പരിശോധിക്കേണ്ടതിനാൽ നിലവിലുള്ള രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുവാൻ സാധ്യത ഉണ്ട്. ഈ പ്രശ്നത്തിന്റെ മൂലകാരണം തിരിച്ചറിയാനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്ന് യുകെ എച്ച് എസ് എയുമായി ചേർന്ന് വിഷയത്തിൽ അന്വേഷണം നടത്തുന്ന ഫുഡ് സ്റ്റാൻഡേർഡ്സ് ഏജൻസിയിൽ നിന്നുള്ള ഡാരൻ വിൽബി പറഞ്ഞു. ഉപഭോക്താക്കളിൽ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പ്രധാന സൂപ്പർമാർക്കറ്റുകളിലും റീറ്റെയിൽ ചെയിനുകളിലും വിൽക്കുന്ന സാൻഡ് വിച്ചുകളിലും റാപ്പുകളും സാലഡുകളും നിർമ്മാതാക്കൾ തിരിച്ചെടുത്തു.


ചൊവ്വാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിൽ 168, സ്കോട്ട് ലൻഡിൽ 56, വെയിൽസിൽ 29, നോർത്തേൺ അയർലണ്ടിൽ 3 കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മനുഷ്യരുടെയും മൃഗങ്ങളുടെയും കുടലുകളിൽ സാധാരണയായി കാണുന്ന ബാക്ടീരിയ ഗ്രൂപ്പാണ് ഇ- കോളി. ഇവയിലെ ചില തരങ്ങൾ നിരുപദ്രവകാരികളാണെങ്കിലും മറ്റുള്ളവ ഗുരുതര രോഗങ്ങൾക്ക് കാരണമാകും. നിലവിൽ ശിഖ ടോക്സിൻ ഉത്പാദിപ്പിക്കുന്ന ഇ- കോളി ബാക്ടീരിയ ഗ്രൂപ്പാണ് ജനങ്ങളിൽ കണ്ടെത്തിയിരിക്കുന്നത്. ഇവ കുടലിനെ ദോഷകരമായി ബാധിക്കും. വയറുവേദന, പനി, ഛർദ്ദി തുടങ്ങിയവയാണ് സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങൾ. നിലവിൽ രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗം ആളുകളും സുഖം പ്രാപിക്കുന്നുണ്ടെങ്കിലും കൊച്ചു കുട്ടികളെ ഇവ വളരെ മോശമായി ബാധിച്ചിട്ടുണ്ട്. ഇ- കോളി ബാക്ടീരിയ മൂലമുള്ള അണുബാധയ്ക്ക് പ്രത്യേക ചികിത്സ ഒന്നും തന്നെയില്ല. മിക്കവരും വൈദ്യസഹായം ഇല്ലാതെ തന്നെ സുഖം പ്രാപിക്കാറുണ്ട്. ഈ സമയങ്ങളിൽ ദ്രാവക രൂപത്തിൽ ഭക്ഷണങ്ങൾ കഴിക്കാൻ രോഗികൾ ശ്രദ്ധിക്കേണ്ടതുണ്ട്. അണുബാധ തടയാൻ ചൂടുള്ള വെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ കഴുകാൻ ശ്രദ്ധിക്കുക. പഴങ്ങളും പച്ചക്കറികളും കഴുകി മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

Copyright © . All rights reserved